ലോസ് ടർക്കോസ്: ലാറ്റിനമേരിക്കയിലെ ഓട്ടോമൻ ജനത

ജന്മനാട്ടിലെ അരക്ഷിതാവസ്ഥ കാരണം ജനജീവിതം ദുസ്സഹമായപ്പോഴാണ് മികച്ച ഒരു ജീവിതം തേടി 19-ാം നൂറ്റാണ്ടിൽ ഓട്ടോമൻ സാമ്രാജ്യത്തിൽ നിന്ന് ലാറ്റിനമേരിക്കൻ രാജ്യങ്ങളിലേക്ക് ജനങ്ങൾ കുടിയേറിപ്പാർക്കുന്നത്. "ലോസ് ടർക്കോസ്" എന്ന പേരിൽ പ്രശസ്തരായ ഇവർ ഇന്ന് ലാറ്റിനമേരിക്കൻ രാഷ്ട്രീയം മുതൽ ബിസിനസ്സ്, കല, സാഹിത്യം എന്നു തുടങ്ങി വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചു കഴിഞ്ഞു.

1860 മുതൽ ഒന്നാം ലോക മഹായുദ്ധം വരെ ഓട്ടോമൻ സാമ്രാജ്യത്തിൽ നിന്ന് ലാറ്റിനമേരിക്കയിലേക്ക് അനവധി കുടിയേറ്റങ്ങൾ നടന്നിട്ടുണ്ടെങ്കിലും രണ്ടാം ലോക മഹായുദ്ധത്തോടെ പാലായനം അനിവാര്യമായിത്തീർന്നു.  ആദ്യമായി കുടിയേറിയവർ ബ്രസീലിലെ റിയോ ഡി ജനീറോയിലെ ക്രൈസ്റ്റ് ദി റിഡീമർ പ്രതിമയിൽ ആകൃഷ്ടരായി ലാറ്റിനമേരിക്കയിൽ താമസിക്കാൻ ഇഷ്ടപ്പെടുകയായിരുന്നു. പിൽക്കാലത്ത് അവരിൽ പലരും സ്റ്റാച്യു ഓഫ് ലിബർട്ടി കാണാൻ തത്പരരായി യുഎസിലേക്ക് പുറപ്പെട്ടു.

സുഭിക്ഷവും സുതാര്യവുമായ ഭാവി ലക്ഷ്യമാക്കി ഓട്ടോമൻ സാമ്രാജ്യത്തിൽ നിന്ന് അമേരിക്കയിൽ എത്തിയ ഓട്ടോമൻകാരെ പ്രദേശവാസികൾ "ലോസ് ടർക്കോസ്" എന്നാണ് വിളിച്ചിരുന്നത്. എന്നാൽ പല അറബികളും ജൂതന്മാരും അർമേനിയക്കാരും "ലോസ് ടർക്കോസ്" എന്ന് വിശേഷിപ്പിക്കപ്പെടുന്നതിനെ എതിർത്ത് രംഗത്ത് വന്നെങ്കിലും ലാറ്റിൻ അമേരിക്കക്കാർ ഇപ്പോഴും അവരെ "ലോസ് ടർക്കോസ് " എന്ന് തന്നെയാണ് അഭിസംബോധന ചെയ്യുന്നത്.

ഓട്ടോമൻ സാമ്രാജ്യവും ലാറ്റിനമേരിക്കൻ രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധവും കോൺസുലർ ബന്ധങ്ങളും ഇതേ കാലയളവിൽ വികസിച്ചു. ഔദ്യോഗിക കണക്ക് പ്രകാരം 30 ദശലക്ഷം ഓട്ടോമൻ നിവാസികളാണ് ലാറ്റിനമേരിക്കയില്‍ അധിവസിക്കുന്നത്.

ലാറ്റിനമേരിക്കയിലേക്ക് കുടിയേറാൻ പ്രേരിപ്പിച്ച ഘടകം

യുദ്ധാനന്തരമുണ്ടായ സാമ്പത്തിക ബുദ്ധിമുട്ടുകൾ, ജനസംഖ്യാ വ്യതിയാനം, ആഭ്യന്തര അനൈക്യം തുടങ്ങിയവയാണ് ലാറ്റിനമേരിക്കയിലേക്ക് കുടിയേറാനുള്ള പ്രധാന കാരണങ്ങൾ. ഭൂരിഭാഗം ജനങ്ങളും ബ്രസീൽ, അർജന്റീന, ചിലി എന്നീ രാജ്യങ്ങളിൽ തങ്ങളുടെ വ്യക്തിമുദ്ര പതിപ്പിച്ചപ്പോൾ  ചിലർ ഹോണ്ടുറാസ്, എൽ സാൽവഡോർ, കൊളംബിയ എന്നിവിടങ്ങളിൽ തങ്ങളുടെതായ അടയാളപ്പെടുത്തലുകൾ നടത്തി.

1920 നുള്ളിൽ ഓട്ടോമൻ രാജ്യങ്ങളിൽ നിന്ന് ഏകദേശം 103,000 ആളുകൾ അർജന്റീനയിലേക്ക് പാലായനം ചെയ്തിരുന്നു. ഇറ്റലിക്കാർക്കും സ്പെയിൻകാർക്കും റഷ്യക്കാർക്കും ശേഷം ഈ രാജ്യത്തേക്ക് കുടിയേറിയ നാലാമത്തെ വിഭാഗമാണ് ഓട്ടോമൻമാർ. ലാറ്റിനമേരിക്കയിലെ രാഷ്ട്രീയ, സാമൂഹിക, സാമ്പത്തിക സംഭവവികാസങ്ങളും ഈ മേഖലയിലേക്കുള്ള കുടിയേറ്റത്തിന്റെ കാരണമായി പറയപ്പെടുന്നുണ്ട്. 

വ്യാവസായിക വികസനത്തിലൂടെ ഈ മേഖല സാമ്പത്തിക അഭിവൃദ്ധി കൈവരിച്ചപ്പോൾ മിഡിൽ ഈസ്റ്റ്കാർക്ക് അവരുടെ താൽപ്പര്യങ്ങൾക്കനുസരിച്ച് വാണിജ്യ പ്രവർത്തനങ്ങൾ നടത്താൻ പര്യാപ്തമായ ഒരു വിപണിയായി ലാറ്റിൻ അമേരിക്ക മാറി. അതേസമയം ലാറ്റിനമേരിക്കയുടെ കൊളോണിയൽ ഭൂതകാലം കാരണം കുടിയേറ്റക്കാരുടെ വരവ് യൂറോപ്യൻ വംശജരായ ലാറ്റിനമേരിക്കക്കാർ അവരുടെ രാജ്യത്തിന്റെ സ്വത്വത്തിന് ഭീഷണിയായാണ് കണ്ടത്.

"ലോസ് ടർക്കോസ്" ലാറ്റിൻ സമൂഹത്തിൽ നിലനിന്നിരുന്ന സാംസ്കാരികവും മതപരവുമായ സംവിധാനങ്ങളോട് വിരുദ്ധമായ രീതിശാസ്ത്രം മുറുകെപിടിച്ചവരായിരുന്നു. അക്കാരണത്താൽ1927-ൽ മെക്സിക്കൻ ഗവൺമെന്റ് സിറിയക്കാർ, ലെബനീസ്, അർമേനിയക്കാർ, ഫലസ്തീനികൾ, അറബികൾ, തുർക്കികൾ എന്നിവരോട് വിവേചനപരമായ കുടിയേറ്റ നിയമം പാസാക്കി.

നിലവിൽ ലാറ്റിനമേരിക്കയിലെ 3 രാജ്യങ്ങളുടെ തലവന്മാർ ഓട്ടോമൻ വംശജരാണ്. "ലോസ് ടർക്കോസിന്റെ" പിൻഗാമികളായ ഈ ജനത ലാറ്റിൻ മേഖലയിലെ രാഷ്ട്രീയം, ബ്യൂറോക്രസി, ബിസിനസ്സ്, വ്യാപാരം എന്നി മേഖലയിലെല്ലാം വിശേഷാധികാരം ഉള്ളവരാണ്. അർജന്റീന, ബ്രസീൽ, എൽ സാൽവഡോർ, ഡൊമിനിക്കൻ റിപ്പബ്ലിക്, ഇക്വഡോർ, പരാഗ്വേ, എന്നിവിടങ്ങളിൽ ഒട്ടോമൻ ജനതയ്ക്കും രാഷ്ട്രീയത്തിൽ പങ്കാളിത്തമുണ്ടായിരുന്നു. എൽ സാൽവഡോറിന്റെ പ്രസിഡന്റ് നയിബ് ബുകെലെയുടെ പിതാവ് ഫലസ്തീൻ വംശജനാണ്. ഡൊമിനിക്കൻ റിപ്പബ്ലിക്കൻ പ്രസിഡന്റായ ലൂയിസ് അബിനാദറുടെ പിതാവ് ലെബനീസ് വംശജനാണ്. ബ്രസീലിന്റെ മുൻ പ്രസിഡന്റായ മൈക്കൽ ടെമറും ഇക്വഡോറിന്റെ 41-ാമത് പ്രസിഡന്റായ ജാമിൽ മഹുദും ലെബനീസ് വംശജരായിരുന്നു. 1989-1999 കാലഘട്ടത്തിൽ അർജന്റീനയുടെ പ്രസിഡന്റായിരുന്ന കാർലോസ് മെനെം സിറിയൻ വംശജനും അദ്ദേഹത്തിന്റെ കുടുംബം ഓട്ടോമൻ സാമ്രാജ്യത്തിൽ നിന്ന് കുടിയേറിയവരുമാണ്.

വ്യാപാര രാഷ്ട്രീയ മേഖലകൾക്ക് പുറമേ നിരവധി ഓട്ടോമൻ വംശജരായ ലാറ്റിൻ അമേരിക്കക്കാർ സംസ്കാരം, ശാസ്ത്രം, കായികം, സാമൂഹികം, കലാ തുടങ്ങിയ മേഖലകളിലെ അത്യുന്നത പ്രവർത്തങ്ങളുടെ ഫലമായി അന്താരാഷ്ട്ര അംഗീകാരം നേടിയവരാണ്. കൊളംബിയൻ ഗായികയും ഗ്രാമി അവാർഡ് ജേതാവുമായ ഷക്കീറ, നടിയും സംവിധായികയും നിർമ്മാതാവുമായ സൽമ ഹയക്ക് എന്നിവരെല്ലാം ഓട്ടോമൻ പാരമ്പര്യമുള്ളവരാണ്. ഫോർബ്സ് മാസികയുടെ കണക്ക് പ്രകാരം ലോകത്തിലെ എട്ടാമത്തെ ധനികനായ കാർലോസ് സ്ലിം, ബ്രസീലിയൻ എഴുത്തുകാരായ റഡുവാൻ നാസർ, മിൽട്ടൺ ഹാറ്റൂം, അർജന്റീനിയൻ നടൻ റിക്കാർഡോ ഡാരിനും തുർക്കി വംശജരാണ്.


ലാറ്റിനമേരിക്കയിലെ മിക്ക  രാജ്യങ്ങളിലും ഓട്ടോമൻ കമ്മ്യൂണിറ്റികൾ നടത്തുന്ന സാംസ്കാരിക, സാമൂഹിക സംഘടനകൾ ഉണ്ട്. ചിലിയിലെ പലസ്തീനിയൻ-ചിലിയൻ കമ്മ്യൂണിറ്റി രൂപീകരിച്ച "പലസ്തീനോ" എന്ന പേരിൽ പ്രശസ്തമായ പ്രൊഫഷണൽ ഫുട്ബോൾ ടീമുണ്ട്.  ഏതാണ്ട് അരലക്ഷത്തോളം പലസ്തീനിയൻ വംശജരാണ് അവിടെയുള്ളത്. ചിലിയിലെ പലസ്തീൻ ജനതയ്ക്കും നിയമനിർമ്മാതാക്കൾക്കും സാഹായികളായി രാഷ്ട്രീയക്കാർ സന്നദ്ധരാണ്. അവർ വിവിധ പാർട്ടി അനുഭാവികളാണെങ്കിലും പലസ്തീൻ ആവശ്യത്തിന് ഒന്നായി നിലകൊള്ളുന്നവരാണ്.

അവലംബം : https://www.middleeastmonitor.com/20230424-descendants-of-ottomans-in-latin-america-los-turcos/

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter