സ്പെയിനിലെ മുസ്‌ലിം ഭരണകൂടം-  അമവികള്‍

സ്പെയിനിലെ അമവികള്‍

അമവികളുടെ തലസ്ഥാനമായ ദമാസ്കസ് അധീനപ്പെടുത്തിയ അബ്ബാസികള്‍ അമവി കുടുംബാംഗങ്ങളെ കൂട്ടക്കൊല ചെയ്യാന്‍ തുടങ്ങി. അമവി കുടുംബത്തില്‍ പെട്ട അബ്ദുര്‍റഹ്മാന്‍ അന്ന് 19 വയസ്സായിരുന്നു. യൂഫ്രട്ടീസ് നദിയുടെ തീരത്ത് ഒരു വനത്തിനു നടുവിലുള്ള വീട്ടില്‍ അദ്ദേഹം കുടുംബത്തോടൊപ്പം ഒളിച്ചിരുന്നു. അബ്ബാസി സൈന്യം അവിടെയെത്തിയതോടെ പിന്നെ അബ്ദുറഹ്മാന്‍ പിന്‍വാതിലിലൂടെ ഒളിച്ചു രക്ഷപ്പെടുകയായിരുന്നു. നദി മുറിച്ചു കടന്ന അബ്ദുറഹ്മാന്‍ മറുകര പറ്റി ഈജിപ്തിലും അവിടെ നിന്ന് ആഫ്രക്കയിലും എത്തി. ഇക്കാലത്ത് സ്പെയിനിലെ ചിലരുമായി ബന്ധപ്പെട്ടു. അവരുടെ സഹായത്തോടെ സ്പെയിനിലെത്തുകയും അവിടെ ഒരു സ്വതന്ത്രഭരണകൂടം സ്ഥാപിക്കുകയും ചെയ്തു.

അബ്ദുറഹ്മാന്‍ ദാഖില്‍

സ്പെയിനിലെ ഈ അമവി ഭരണകൂടം രണ്ടര നൂറ്റാണ്ട് നിലനിന്നു. മറ്റൊരു നാട്ടില്‍ നിന്ന് കടന്നുവന്നാണല്ലോ അബ്ദുറഹ്മാന്‍ ഭരണകൂടം സ്ഥാപിച്ചത്. ആ അര്‍ഥത്തില്‍ ചരിത്രം അദ്ദേഹത്തെ അബ്ദുറഹ്മാന്‍ ദാഖില്‍ എന്നു വിളിക്കുന്നു.

അബ്ദുറഹ്മാന്‍ തന്‍റെ ആസ്ഥാനമായി കൊര്‍ദോവ നഗരത്തെയാണ് തെരഞ്ഞെടുത്തത്. അവിടെ അദ്ദേഹം സ്ഥാപിച്ച പള്ളിയാണ് ജാമിഅ് ഖുര്‍ത്തുബ. 33 വര്‍ഷമാണ് അദ്ദേഹം ഭരണം നടത്തിയത്.

ഹിശാം ഒന്നാമന്‍

അബ്ദുറഹ്മാന്‍ ദാഖിലിന്‍റെ മരണശേഷം അദ്ദേഹത്തിന്‍റെ പുത്രന്‍ ഹിശാം ഒന്നാമന്‍ ഭരണത്തിലേറി. ഹിജ്റ 171 മുതല്‍ 180 വരെയാണ് അദ്ദേഹം ഭരണം നടത്തിയത്. ഉമറുബ്നു അബ്ദില്‍ അസീസിനെ അനുസ്മരിപ്പിക്കുന്ന രീതിയില്‍ നീതിയും സമാധാനവും കളിയാടുന്ന ഭരണമായിരുന്നു അദ്ദേഹത്തിന്‍റെത്.

അബ്ദുറഹ്മാന്‍റെ കാലത്ത് തുടങ്ങിയ കൊര്‍ദോവ പള്ളിയുടെ നിര്‍മാണം ഹിശാമാണ് പൂര്‍ത്തിയാക്കിയത്. കൊര്‍ദോവ നദിക്ക് മുകളില്‍ അദ്ദേഹം ഒരു പാലം പണിതു. അദ്ദേഹം വേട്ടക്കും സവാരിക്കും വേണ്ടിയാണ് പ്രസ്തുത പാലം പണിതതെന്ന് ഒരു ആരോപണമുണ്ടായി. അതോടെ പിന്നെ താനാ ആ പാലത്തിലൂടെ യാത്ര ചെയ്യിലെന്ന് അദ്ദേഹം ശപഥം ചെയ്യുകയും മരണം വരെ ആ ശപഥം പാലിക്കുകയും ചെയ്തു. ഹിശാം ഏറെ ജനകീയനായ ഒരു ഭരണാധികാരി ആയിരുന്നു.

ഹിശാമിന് ശേഷം ഹകമാണ് ഭരണം നടത്തിയത്. ഹിജ്റ 180 മുതല്‍ 206 വരെയാണ് അദ്ദേഹം ഭരണം നടത്തിയത്. അദ്ദേഹത്തിന്‍റെ ചില ദുശ്ചൈതികള് കാരണം പൊതുജനങ്ങളും പണ്ഡിതരും അദ്ദേഹത്തെ വെറുത്തുവെന്ന് ചരിത്രം വിശദീകരിക്കുന്നു.

അബ്ദുറഹ്മാന്‍ രണ്ടാമന്‍

ഇദ്ദേഹം ഏറെ യോഗ്യനായ ഭരണാധികാരിയായിരുന്നു. ഇദ്ദേഹമാണ് ആദ്യമായി സ്പെയിനിന് ഒരു നാവികസേനയുണ്ടാക്കുന്നത്. വാദികബീര്‍ നദിയുടെ തീരത്ത് സെവില്ലയില്‍ ഒരു കപ്പല്‍ നിര്‍മാണ ഫാക്ടറിയും ഇദ്ദേഹത്തിന്‍റെ കാലത്ത് നിര്‍മിക്കപ്പെടുന്നുണ്ട്. അബ്ബാസി ഭരണാധികാരികളായിരുന്ന മഅ്തസിം, മഅ്മൂന് എന്നിവരുടെ സമകാലികനായിരുന്നു അബ്ദുറഹ്മാന്‍ രണ്ടാമന്‍.

അബ്ദുറഹ്മാന് രണ്ടാമന് ശേഷം മൂന്ന് പേര്‍ കൂടെ കൊര്‍ദോവയില്‍ ഭരണത്തിലിരിക്കുകയുണ്ടായി. പക്ഷേ അവരുടെ കാലത്ത് ഭരണം മോശമാകുകയും ഭരണകൂടം ദുര്‍ബലപ്പെടുകയുമാണുണ്ടായത്.

അവര്‍ക്ക് ശേഷം അബ്ദുറഹ്മാന്‍ നാസിര്‍ ഭരണമേറ്റെടുത്തു.

അബ്ദുറഹ്മാന്‍ നാസിര്‍

സ്പെയിനിലെ അമവി ഭരണകര്‍ത്താക്കളില്‍ ഏറ്റവും കൂടുതല്‍ പ്രശസ്തി നേടിയത് അബ്ദുറഹ്മാന്‍ നാസിറാണെന്ന് പറയാം. അബ്ദുറഹ്മാന്‍ എന്ന പേരില്‍ ഈ ഭരണകൂടത്തില് വരുന്ന മൂന്നാമത്തെ ഭരണാധികാരിയാണ് ഇദ്ദേഹം. അതുകൊണ്ട് തന്നെ അബ്ദുറഹ്മാന്‍ മൂന്നാമന് എന്ന പേരിലും ഇദ്ദേഹം അറിയപ്പെടുന്നു.

അക്കാലത്ത് രാജ്യം വലിയ പ്രതിസന്ധിയിലായിരുന്നു. എങ്ങും കലാപങ്ങള്‍ പടര്‍ന്നുപിടിച്ചിരുന്നു. അദ്ദേഹം എല്ലാം തന്‍റെ നിയന്ത്രണ വിധേയമാക്കി.

സൈന്യത്തെ അദ്ദേഹം ശക്തിപ്പെടുത്തി. അക്കാലത്ത് ഒരു ലക്ഷം പടയാളികളുണ്ടായിരുന്നു സൈന്യത്തില്‍. സ്പെയിനിന്‍റെ നാവികപ്പടക്ക് അക്കാലത്ത് ഇരുനൂറിലേറെ കപ്പലുകളുണ്ടായിരുന്നുവെന്ന് ചരിത്രം.

അക്കലാത്തെ സ്പെയിനിന്റെ പ്രതാപവും ശക്തിയും കണ്ട് യൂറോപ്യന് ‍രാജ്യങ്ങള്‍ അബ്ദുറഹ്മാനുമായി ബന്ധം സ്ഥാപിക്കാന്‍ ഉദ്ദേശിച്ചിരുന്നു. റോം, ഫ്രഞ്ച്, ജര്‍മന്‍ ഭരണകൂടങ്ങള്‍ തങ്ങളുടെ പ്രതിനിധികളെ പ്രസ്തുത ലക്ഷ്യത്തോടെ സ്പെയിനിലേക്ക് അയക്കുക വരെ ചെയ്തു.

ഭരണരംഗത്ത് ഏറെ നന്മ വരുത്താനായെങ്കിലും വ്യക്തിപരമായി അബ്ദുറഹ്മാന്‍റെ ജീവിതം രാജകീയമായിരുന്നു.

അബ്ദുറഹ്മാന് ശേഷം പുത്രന്‍ ഹകം രണ്ടാമനാണ് അധികാരത്തിലേറിയത്. ഹിജ്റ 350 മുതല്‍ 366 വരെയാണ് അദ്ദേഹം ഭരിച്ചത്. എഴുത്തിലും വായനയിലും ഏറെ താത്പരനായിരുന്ന അദ്ദേഹം ലക്ഷത്തില്‍ പരം ഗ്രന്ഥങ്ങള്‍ രാജകീയ ലൈബ്രറിയില്‍ ശേഖരിച്ചിരുന്നു. ഗ്രന്ഥങ്ങള് പകര്‍ത്തിയെഴുതുന്നതിന് വേണ്ടി പതിനായിരത്തോളം എഴുത്തുകാരെയും അദ്ദേഹം നിയമിച്ചിരുന്നുവെന്ന് ചരിത്രം വ്യക്തമാക്കുന്നു.

ഹകമിന് ശേഷം പുത്രന്‍ ഹിശാം രണ്ടാമന്‍ ഭരണത്തിലേറി. അദ്ദേഹത്തിന്റെ ഭരണകാലത്ത് അധികാരത്തിന് വേണ്ടിയുള്ള വടം വലി നടന്നു. തുടര്‍ന്നുള്ള 20 വര്‍ഷത്തിനുള്ളില്‍ 10 പേര്‍ അധികാരത്തില്‍ കയറിയിറങ്ങി. അവസാനം ഹിജ്റ 422 ല്‍ സ്പെയിനിലെ അമവീ ഭരണകൂടം നിലംപൊത്തി. അതെതുടര്‍ന്ന് പിന്നെ സ്പെയിനില്‍ നിരവധി സ്വതന്ത്രഭരണകൂടങ്ങള് ‍ഉടലെടുത്തു.

ഭരണകൂട നേട്ടങ്ങള്‍

ഈ ഭരണകൂടം സ്പെയിനില് ‍284 കൊല്ലമാണ് ഭരണം നടത്തിയത്. സ്പെയിനിന്റെ തലസ്ഥാനമായിരുന്ന കൊര്‍ദോവ അക്കാലത്ത് ബഗ്ദാദ് കഴിഞ്ഞാല് ‍ഏറ്റവും വലിയ നഗരമായിരുന്നു. കൃഷി, വ്യവസായം, കൈത്തൊഴില്‍, വാണിജ്യം തുടങ്ങിയ രംഗങ്ങള്‍ ഏറെ അഭിവൃദ്ധിപ്പെട്ടു. സ്പെയിനിലെ ഭരണാധികാരികളും ശാസ്ത്രത്തിനും സാഹിത്യത്തിനുമെല്ലാം ഏറെ പ്രാധാന്യം നല്‍കിയിരുന്നു. ഏറെ വൈകിയാണ് സ്പെയിനില്‍ ഇസ്‌ലാമെത്തിയത്. അബ്ബാസികാലത്തെ ഉന്നതരായ പണ്ഡിതശ്രേഷ്ഠരെ അതുകൊണ്ട് തന്നെ സ്പെയിനില്‍ കാണാനാകുന്നില്ല.

ഇക്കാലത്തെ പ്രധാനപ്പെട്ട ഒരു പണ്ഡിതനായിരുന്നു സഹ്റാവി. അബ്ദുറഹ്മാന്‍റെയും ഹകമിന്‍റെയും കൊട്ടാരവൈദ്യനായിരുന്ന അദ്ദേഹം ശസ്ത്രക്രിയാ വിദഗ്ധനായിരുന്നു. അത്തസരീഫ് എന്ന പേരില്‍ അദ്ദേഹം ഒരു ഗ്രന്ഥവും രചിച്ചിട്ടുണ്ട്. പില്‍ക്കാലത്ത് യൂറോപ്പില്‍ ശാസ്ത്രക്രിയ വിദ്യ ആരംഭിക്കുന്നത് ഈ പുസ്തകത്തിലൂടെയാണ്.

ഇബ്നു അബദിറബ്ബ് ഇക്കാലത്തെ പ്രധാന കവികളിലൊരാളാണ്. മതപണ്ഡിതരില്‍ യഹയബ്നു യഹയ ഏറെ പ്രശസ്തനാണ്. ഹസ്റത്ത് ഇമാം മാലികിന്റെ ശിഷ്യനാണത്രെ അദ്ദേഹം. അബ്ദുറഹ്മാന്‍ രണ്ടാമന്‍റെ കാലത്തെ സ്പെയിനിലെ ഖാദിയായിരുന്ന അദ്ദേഹം.

പട്ടണങ്ങള്‍

തലസ്ഥാന നഗരിയായ കൊര്‍ദോവക്ക്പുറമെ നിരവധി പട്ടണങ്ങളുണ്ടായിരുന്നു സ്പെയിനില്‍.

സെവില്ല:

സ്പെയിനിലെ രണ്ടാം നഗരം. വ്യവസായം, കൈത്തൊഴില്‍ , കപ്പല്‍നിര്‍മാണം എന്നിവയുടെ കേന്ദ്രം. യുദ്ധോപകരണ നിര്‍മാണ രംഗത്തു സെവില്ല കേളികേട്ടിരുന്നു. വാസ്തുവിദ്യ, തോട്ടനിര്‍മാണം തുടങ്ങിയ കാര്യങ്ങള്‍ക്കും കേളികേട്ട ഇടമായിരുന്നു സെവില്ല.

ടോളിഡോ:

ആധുനിക സ്പെയിനിന്റെ തലസ്ഥാനമായ മാഡ്രിഡിന് അടുത്തായിരുന്നു ഈ നഗരം സ്ഥിതിചെയ്തിരുന്നത്. വാളുകള്‍ക്ക് ഏറെ പ്രശസ്തി കേട്ട ഇടമായിരുന്നു ടോളിഡോ.

വലന്‍സിയ:

തോട്ടങ്ങളുടെ സമൃദ്ധിക്കും വന്‍തോതിലുള്ള കുങ്കുമകൃഷിക്കും പേരുകേട്ട നഗരം. ഇവിടത്തെ ഇഷ്ടികകളും രോമവസ്ത്രങ്ങളും ഏറെ പ്രശസ്തമായിരുന്നു.

മുര്‍സിയ:

ജലസേചന പദ്ധതിയുടെ കേന്ദ്രം. ചിത്രപ്പണി ചെയ്ത തുണികളുടെ നിര്‍മാണത്തിന് പ്രസിദ്ധമായിരുന്നു ഈ നഗരം.

മരിയ്യ:

രോമവസ്ത്രങ്ങളുടെ ഏറ്റവും വലിയ കേന്ദ്രം. 800ലേറെ രോമസംസ്കരണ ശാലകള്‍ ഇവിടെയുണ്ടായിരുന്നു. ആയുധങ്ങളും കപ്പലുകളും ഇവിടെ നിര്‍മിക്കപ്പെട്ടിരുന്നു.

മലാഗ:

വലിയ തുറമുഖം. ഇവിടത്തെ മുന്തിരി ലോകപ്രസിദ്ധമായിരുന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter