ഒരു ദർവീശിന്റെ ഡയറിക്കുറിപ്പുകൾ-21 ബിസിലി ബാബ- പൂച്ചകളെ സ്നേഹിച്ച ശൈഖിന്റെ നാട്ടിലൂടെ

സഞ്ചാരങ്ങള്‍ ദര്‍വീശുമാരുടെ രക്തത്തില്‍ അലിഞ്ഞു ചേര്‍ന്നതാണെന്ന് പറയാം. ഓരോ യാത്രയും പുതിയ സുജൂദുകൾക്കുള്ള ഇടം കണ്ടെത്തി തരുന്നു എന്നതാണ് അതിന് അവരെ പ്രേരിപ്പിക്കുന്ന ഒരു ഘടകം. എന്നാല്‍, അതോടൊപ്പം യാത്രകളാണ് പുതിയ ചരിത്രങ്ങള്‍ സൃഷ്ടിക്കുന്നത് തന്നെ. മുസ്‍ലിം ലോക ചരിത്രത്തെ മാറ്റി മാറിച്ച ഉസ്മാനിയാ ഖിലാഫതിന് തന്നെ കാരണമായത്, യാത്രകളാണല്ലോ. സുലൈമാന്‍ ഷാഹ് തുടങ്ങിവെക്കുകയും ശേഷം മകന്‍ എര്‍തുഗ്രുല്‍ പൂര്‍ത്തിയാക്കുകയും ചെയ്ത യാത്രകളായിരുന്നു ആ ഇതിഹാസത്തിന് ജന്മം നല്കിയത്. അത് കൊണ്ട് തന്നെ ഞാനും യാത്രകള്‍ തുടരുക തന്നെയാണ്. 
കൊന്‍യയിലൂടെയാണ് ഞാനിപ്പോഴും സഞ്ചരിക്കുന്നത്. എത്ര തന്നെ നടന്നാലും മതി വരാത്തതാണ് ആ ഭൂമിക. ജലാലുദ്ദീന്‍ റൂമിയെ തേടിയെത്തുന്ന അനേകം പേരെ നമുക്കവിടെ കാണാനാവും. ഈ യാത്രയില്‍, അവിടത്തെ തിക്കും തിരക്കും അല്‍പം കൂടുതലാണ്, കാരണം, ഇനി വരുന്നത് റൂമിയുടെ ഉറൂസ് ദിനങ്ങളാണ്. ലോകത്തിന്റെ പല ഭാഗത്ത് നിന്നും സന്ദര്‍ശകര്‍ പ്രത്യേകമായെത്തുന്ന ദിനങ്ങളാണ് അവ. പലരും പലഭാഗത്ത് നിന്നാണ് വരുന്നതെങ്കിലും എല്ലാവരുടെയും ലക്ഷ്യസ്ഥാനം ഒന്നാണ്, റൂമിയുടെ ഖബ്റിടം. പലരും അദ്ദേഹത്തെയും ആ ചിന്തകളെയും കൂടുതലറിയാനാണ് അവിടെ എത്തുന്നത്. മനസ്സമാധാനം കൈവരിക്കാനായി അദ്ദേഹത്തിന്റെ സമീപമെത്തുന്നവരും ധാരാളമാണ്.

കൊൻയ ദര്‍ഗ്ഗകളുടെ കേദാരമാണെന്ന് പറയാം. അതിന്റേതായ ശാന്തിയും സമാധാനവും ആ തുര്‍ക്കി പട്ടണത്തെ സദാ പൊതിയുന്നതായി നമുക്ക് തന്നെ അനുഭവപ്പെടുകയും ചെയ്യും. സഞ്ചാരികളെ പുഞ്ചിരിയോടെ സ്വീകരിക്കുകയും വിളിച്ചിരുത്തി സല്‍കരിക്കുകയും ചെയ്യുന്ന ദര്‍വീശുദമാര്‍ ഇന്നും കൊന്‍യയുടെ വേറിട്ട കാഴ്ചയാണ്. പരമ്പരാഗത ശിരോവസ്ത്രം ധരിച്ച് വളരെ വിനയത്തോടെ ആളുകളോട് സംസാരിക്കുന്ന സ്വൂഫി ശിഷ്യരെയും അവിടെ നമുക്ക് കാണാം.

വാരാന്ത്യ അവധി ദിവസങ്ങള്‍ കൊന്‍യയില്‍ ഏവര്‍ക്കും ആഘോഷമാണ്. ആ ദിനങ്ങളില്‍ വിവിധ ഭക്ഷണപദാര്‍ത്ഥങ്ങളുമായി ആളുകൾ കൊന്യയിലേക്ക് വരുന്നു. ശേഷം, ആവശ്യക്കാര്‍ക്കെല്ലാം അവ വിതരണം ചെയ്യുകയും എല്ലാവരും അത് ആസ്വദിക്കുകയും ചെയ്യുന്നു. ഭക്ഷണപ്രിയരുടെ ആഘോഷ ദിനങ്ങളാണ്, കൊന്‍യയിലെ വാരാന്ത്യദിനങ്ങളെന്ന് പറയാം. 

മനുഷ്യര്‍ മാത്രമല്ല, ജീവികള്‍ക്ക് പോലും തുര്‍ക്കിയില്‍ പൊതുവായും കൊന്‍യയില്‍ വിശേഷിച്ചും വല്ലാത്ത ആദരവും സ്ഥാനവുമാണ് ലഭിക്കുന്നത്. വിശിഷ്യാ പൂച്ചകള്‍ ഇവിടത്തുകാരുടെ ഇഷ്ടമൃഗമാണ്. തുർക്കിയിലെ പള്ളികളിലും യാത്ര സത്രങ്ങളിലും പൂച്ചകള്‍ക്ക് പ്രത്യേക പരിഗണ ഉള്ളതായി തോന്നും. ഹാഗിയ സോഫിയ പള്ളിയുടെ കാവൽകാരനായി നിലയുറപ്പിച്ചിരുന്ന ഗ്‍ലി എന്ന പെണ്‍ പൂച്ച അതിനുദാഹരണമാണ്. വളര്‍ത്തുമൃഗങ്ങളോട് സ്നേഹത്തോടെ പെരുമാറണമെന്ന ഇസ്‍ലാമികാധ്യാപനം ഒട്ടോമൻ സുൽത്താന്മാരെയും വല്ലാതെ സ്വാധീനിച്ചിരുന്നു. ടോപ്കാപ്പി കൊട്ടാരത്തിന് ചുറ്റും ഒരു കാലത്ത് പൂച്ചകളുടെ വിളയാട്ടമായിരുന്നുവെന്ന് വരെ ചരിത്രത്തില്‍ കാണാം.

Also Read:ഒരു ദർവീശിന്റെ ഡയറിക്കുറിപ്പുകൾ-20 ഈ നാടകങ്ങളും സ്വൂഫിസത്തിന്റെ ഭാഗമായിരുന്നു

ഈ ആഘോഷങ്ങളെല്ലാം കണ്ട് ഞാനെത്തിയത്, ഒരു ദര്‍ഗയിലാണ്. പൂച്ചയുടെ ശൈഖ് എന്നര്‍ത്ഥം വരുന്ന, പിസിലി ബാബ എന്നാണ് ആ ദര്‍ഗ്ഗയിലെ ശൈഖിന്റെ പേര് തന്നെ. ശൈഖ് പിർ ഇസാദ് സുൽത്താന്‍ ആണ് തുര്‍ക്കി ജനങ്ങള്‍ക്കിടയില്‍ ഈ പേരിലറിയപ്പെടുന്നത്. പതിമൂന്നാം നൂറ്റാണ്ടിന്റെ മധ്യത്തിൽ, കിലിജ് അർസലാൻ നാലാമന്റെ കാലത്ത് ജീവിച്ച ഒരു സ്വൂഫീ പണ്ഡിതനായിരുന്നു പിർ ഇസാദ് സുൽത്താൻ. അദ്ദേഹം പ്രവാചക കുടുംബത്തിൽ പെട്ട ഒരു സയ്യിദുക്കൂടിയായിരുന്നു.
 അദ്ദേഹം പണിത പള്ളിയും മതപാഠശാലയും ഉൾക്കൊള്ളുന്ന വലിയ സമുച്ചയം ഇന്നും ശേഷിപ്പുകളായി നില്ക്കുന്നുണ്ട്. അതിനോട് ചേര്‍ന്ന് തന്നെയാണ് അദ്ദേഹത്തിന്റെ മഖ്ബറയും നില കൊള്ളുന്നത്. ഏറെ സങ്കീർണ്ണമായി നിർമിക്കപ്പെട്ട മഖ്ബറ കാലഘട്ടങ്ങളെ അതിജീവിച്ച് ഇന്നും പ്രൌഢിയോടെ ശേഷിക്കുന്നു.

ശൈഖിന്റെ ഖബ്റിനോട് ചേര്‍ന്ന് ഒരു കൊച്ചു ഖബ്റ് കൂടി നമുക്കവിടെ കാണാനാവും. ശൈഖിന്റെ പുച്ചയുടേതാണത്രെ അത്. ആ ഖബ്റിന്റെ അരികിൽ ഭംഗിയുള്ള രണ്ടു പൂച്ചകൾ എപ്പോഴും റോന്തു ചുറ്റുന്നത് നമ്മെ അല്‍ഭുതപ്പെടുത്താതിരിക്കില്ല. മൃഗങ്ങളോടുള്ള സ്‌നേഹത്തിന് പേരുകേട്ട സൂഫി ആചാര്യനായിരുന്നുവത്രെ പിർ ഇസാദ് സുൽത്താൻ. ജീവന് തുല്യം സ്നേഹിച്ച പൂച്ച അദ്ദേഹത്തിന്റെ സന്തത സഹചാരിയായിരുന്നു. ശൈഖ് മരണപ്പെട്ടതോടെ, പൂച്ച 40 ദിവസത്തേക്ക് ഭക്ഷണം കഴിക്കാതിരിക്കുകയും തുടര്‍ന്ന് അത് മരണപ്പെടുകയും ചെയ്തുവെന്നാണ് പറയപ്പെടുന്നത്. ശേഷം, ശൈഖിനോട് ചേര്‍ന്ന് തന്നെ അതിനെ അടക്കം ചെയ്യപ്പെടുകയായിരുന്നുവത്രെ. 

സ്വൂഫികളുടെ കേദാരമായ കൊന്‍യ എല്ലാവര്‍ക്കും ആശ്രയമാണ്. അവിടെ ആര്‍ക്കും പട്ടിണി കിടക്കേണ്ടിവരില്ല. കൈയ്യില്‍ കാശുള്ളവരെയും ഇല്ലാത്തവരെയുമെല്ലാം ഒരുപോലെ സ്വീകരിച്ചിരുത്തുന്നവരാണ് അവിടത്തെ കച്ചവടക്കാര്‍ പോലും. തെരുവുകളിലൂടെ നടക്കുന്നതിനിടയില്‍ അവര്‍ നിങ്ങളെ സല്‍കരിച്ച് സ്വീകരിച്ചിരുത്തിയേക്കാം. സംസാരത്തിനിടയില്‍ അവര്‍ക്കും പറയാനുള്ളത് സ്വൂഫികളുടെ ചരിതങ്ങളാണ്, വിശിഷ്യാ പീർ ഇസാദിന് പൂച്ചകളോടുള്ള സ്നേഹത്തെക്കുറിച്ച് തന്നെ. 
പൂച്ചക്കുട്ടിയുടെ പിതാവ് എന്നറിയപ്പെട്ടിരുന്ന പ്രമുഖ സ്വഹാബിയായ അബൂഹുറൈറ(റ) വും പീര്‍ ഇസാദിന്റെ ചരിത്രത്തില്‍ കടന്നുവരുന്നതായി കാണാം. സ്വൂഫികളുടെ കഥകളും ചരിതങ്ങളും ഇനിയും അനേകം കേള്‍ക്കാനും അറിയാനുമുണ്ടെന്നാണ് ഓരോ കൊന്‍യ യാത്രയും നമ്മോട് പറയുന്നത്. പ്രത്യേക ലക്ഷ്യങ്ങളൊന്നുമില്ലെങ്കിലും, അവ തേടി വീണ്ടും ഞാന്‍ യാത്ര തുടരുകയാണ്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter