അധ്യാത്മവിജ്ഞാനത്തിന്റെ തുടക്കം

ഡോക്ടര്‍ അഹ്മദ് അല്‍വശ് എഴുതുന്നു: ഇസ്‌ലാമിന്റെ പ്രാരംഭകാലത്ത് മതപ്രബോധകന്മാര്‍ തസ്വവ്വുഫിലേക്ക് ക്ഷണിക്കാതിരുന്നത് എന്തുകൊണ്ടായിരുന്നു എന്ന് ചിലര്‍ ചോദിച്ചേക്കാം. സ്വഹാബത്തിന്റെയും താബിഉകളുടെയും ശേഷമേ അത് പ്രത്യക്ഷപ്പെട്ടിട്ടുള്ളുവല്ലോ എന്നുമവര്‍ സംശയിക്കാനിടയുണ്ട്. ഈ സന്ദേഹങ്ങളുടെ മറുപടി ഇങ്ങനെയാണ്:

ഇസ്‌ലാമിന്റെ ആരംഭദശയില്‍ ഇത്തരമൊരു പ്രത്യേക വിജ്ഞാനശാഖയുടെ ആവശ്യകതയുണ്ടായിരുന്നില്ല. കാരണം, അന്നുണ്ടായിരുന്നവര്‍ ദൈവഭയവും സൂക്ഷ്മതയും ഉള്ളവരും നബി(സ്വ)യോടുള്ള സമീപനബന്ധത്താലും സ്വമേധയാതന്നെയും ആരാധനകളില്‍ അതീവതല്‍പരരും ദൈവസാമീപ്യം നേടുന്നതില്‍ സ്ഥിരപരിശ്രമികളും ആയിരുന്നു. മേല്‍പറഞ്ഞ കാരണങ്ങളാല്‍തന്നെ പ്രവാചകരെ കൃത്യമായി അനുധാവനം ചെയ്യുന്നതില്‍ അഹമഹമികയാ മുന്നേറുന്നവരും പരസ്പരം മത്സരിക്കുന്നവരുമായിരുന്നു അവര്‍. സ്വന്തമായിത്തന്നെ അനുഷ്ഠിച്ചുപോന്നിരുന്ന കാര്യങ്ങള്‍, ഒരു വിജ്ഞാനവും സിദ്ധാന്തവുമെന്ന നിലക്ക് അവരെ ചൊല്ലിപ്പഠിപ്പിക്കേണ്ട യാതൊരാവശ്യവുമുണ്ടായിരുന്നില്ല.

സ്വച്ഛമായ അറബിഭാഷ വശമുള്ള ഒരു അറബിയെപ്പോലെയായിരുന്നു അവരുടെ ഉപമ. പൂര്‍വികരിലൂടെ കൈമാറ്റം ചെയ്യപ്പെട്ടുവന്ന ശുദ്ധഭാഷയില്‍ അയാള്‍ സാഹിത്യപൂര്‍ണവും അര്‍ഥനിര്‍ഭരവുമായ കവിതകള്‍ രചിക്കുന്നു-സര്‍ഗശേഷി മാത്രമാണയാള്‍ക്കുള്ളത്; ഭാഷയുടെ സിദ്ധാന്തങ്ങളോ വ്യാകരണനിയമങ്ങളോ കവനത്തിന്റെയോ കാവ്യാലാപനത്തിന്റെയോ വ്യവസ്ഥകളോ അയാള്‍ക്കറിയില്ല. ഇത്തരമൊരാള്‍ക്ക് വ്യാകരണനിയമങ്ങളോ അലങ്കാര ശാസ്ത്രപാഠങ്ങളോ പഠിക്കേണ്ടതുമില്ല.

ഭാഷയില്‍ തെറ്റുകള്‍ വ്യാപിക്കുകയോ അവതരണശൈലി ദുര്‍ബലമാവുകയോ അന്യഭാഷക്കാരന്‍ ഈ ഭാഷ പഠിക്കാനും സ്വായത്തമാക്കാനും ശ്രമിക്കുകയോ ചെയ്യുമ്പോഴാണ് വ്യാകരണ ശാസ്ത്രവും ഭാഷാനിയമങ്ങളും കവനസിദ്ധാന്തങ്ങളും അനിവാര്യമായിത്തീരുന്നത്. വിജ്ഞാനശാഖകളുടെ ക്രോഡീകരണം സാമൂഹികവ്യവസ്ഥിതിയുടെ ഒരനിവാര്യതയെന്നോണം ആയിത്തീരുമ്പോഴും ഇങ്ങനെത്തന്നെ. മറ്റു വിജ്ഞാനശാഖകളത്രയും കാലാനുസൃതമായി ഉചിതമായ സന്ദര്‍ഭങ്ങളില്‍ ഉടലെടുക്കുകയായിരുന്നുവല്ലോ.

ചുരുക്കത്തില്‍, സ്വഹാബികള്‍ക്കും താബിഉകള്‍ക്കും തസ്വവ്വുഫിന്റെയാളുകള്‍ എന്ന പേരുണ്ടായിരുന്നില്ലെങ്കിലും യഥാര്‍ഥത്തില്‍ അവര്‍ സ്വൂഫികള്‍ ആയിരുന്നു. പേരില്‍ അങ്ങനെയായിരുന്നില്ലെന്നുമാത്രം.(1) മനുഷ്യന്‍ സ്വന്തത്തിനു വേണ്ടിയല്ലാതെ അല്ലാഹുവിനു വേണ്ടി ജീവിക്കുക, ഭൗതികപരിത്യാഗവും അടിമത്തവും മുറുകെപ്പിടിക്കുക വഴി ഉദാത്തശീലനാവുക, എല്ലായ്‌പോഴും ആത്മാവും മനസ്സുമൊക്കെയായി അല്ലാഹുവെ അഭിമുഖീകരിക്കുക, മറ്റു പൂര്‍ണതയുടെ വിശേഷണങ്ങളുണ്ടായിരിക്കുക-ഇതിലപ്പുറം മറ്റെന്താണ് തസ്വവ്വുഫ്? ആത്മികമായ ഔന്നത്യം കരഗതമാക്കി അത്യുന്നതപദവികളിലേക്കുയര്‍ന്നവരായിരുന്നു സ്വഹാബത്തും താബിഉകളും. വിശ്വാസകാര്യങ്ങള്‍ അംഗീകരിക്കുകയും ഇസ്‌ലാം കാര്യങ്ങള്‍ അനുഷ്ഠിക്കുകയും ചെയ്ത് മതിയാക്കുകയായിരുന്നില്ല അവര്‍; പ്രത്യുത, ആ അംഗീകാരം അനുഭവവേദ്യമാക്കി ആസ്വദിക്കുകയായിരുന്നു. നിര്‍ബന്ധകര്‍മങ്ങള്‍ കൃത്യമായനുഷ്ഠിച്ചതിനുപുറമെ, തിരുനബി(സ്വ) സുന്നത്തായി പഠിപ്പിച്ച മുഴുവന്‍ കാര്യങ്ങളും കൂടുതലായനുവര്‍ത്തിക്കുകയും, ഹറാമുകളിരിക്കട്ടെ, കറാഹത്തായ കാര്യങ്ങളില്‍ നിന്നുവരെ അവര്‍ നിശ്ശേഷം അകന്നുനില്‍ക്കുകയുമുണ്ടായി.

അങ്ങനെ അവരുടെ ഉള്‍ക്കാഴ്ചകള്‍ ജാജ്ജ്വല്യമാനമായിത്തീരുകയായിരുന്നു. തത്ത്വജ്ഞാനത്തിന്റെ ഉറവകള്‍ അവരുടെ ഹൃദയങ്ങളില്‍ നിന്ന് നിര്‍ഗളിക്കുകയും ദൈവികരഹസ്യങ്ങള്‍ അവരുടെ അന്തരംഗങ്ങളിലൂടെ പ്രവഹിക്കുകയുമുണ്ടായി. താബിഉകളുടെയും തബഉത്താബിഉകളുടെയും സ്ഥിതിയും മറിച്ചായിരുന്നില്ല. ഈ മൂന്ന് (സ്വഹാബികള്‍, താബിഉകള്‍, തബഉത്താബിഉകള്‍) കാലഘട്ടങ്ങളാണ് ഇസ്‌ലാമിക കാലഘട്ടങ്ങളില്‍ പൊതുവെ സുശോഭിതവും ഉത്തമവുമായിട്ടുള്ളത്. ‘നൂറ്റാണ്ടുകളില്‍ മെച്ചപ്പെട്ടത് എന്റെ ഈ ശതകവും പിന്നീട് അതിനോടടുത്തതും പിന്നീട് അതിന്റെ ശേഷമുള്ളതുമാകുന്നു’ എന്ന് തിരുനബി(സ്വ)(2) പ്രസ്താവിച്ചിട്ടുണ്ട്.

കാലചക്രം മുന്നോട്ടു നീങ്ങുകയും ഇസ്‌ലാമിന്റെ കൊടിക്കൂറക്കു കീഴില്‍ വ്യത്യസ്ത ജനവിഭാഗങ്ങളും എണ്ണമറ്റ സമൂഹങ്ങളും അണിനിരക്കുകയും വൈജ്ഞാനികവൃത്തം വിപുലീകൃതമായി ഓരോ ശാഖയിലും കുറേപ്പേര്‍ പ്രവീണരാവുകയും അവ വികേന്ദ്രീകൃതമാവുകയും ചെയ്തപ്പോള്‍, ഓരോ വിഭാഗവും തങ്ങള്‍ക്ക് കൂടുതല്‍ വശമുള്ളതും ഏറെ പ്രാവീണ്യമുള്ളതുമായ വിഷയങ്ങള്‍ ക്രോഡീകരിക്കാനാരംഭിച്ചു. അങ്ങനെ ആദ്യനൂറ്റാണ്ടില്‍ നഹ്‌വ് (അറബി വ്യാകരണ ശാസ്ത്രം) ക്രോഡീകരിക്കപ്പെട്ടു. തുടര്‍ന്ന് ഫിഖ്ഹ്, ഇല്‍മുത്തൗഹീദ്, ഉലൂമുല്‍ ഹദീസ്, ഉസ്വൂലുദ്ദീന്‍, തഫ്‌സീര്‍, മന്‍ഥിഖ്, മുസ്ഥലഹുല്‍ ഹദീസ്, ഇല്‍മുല്‍ ഉസ്വൂല്‍, ഫറാഇള് (മീറാസ്) മുതലായവ ക്രോഡീകരിക്കപ്പെടുകയുണ്ടായി.

ഇതിനിടെ സമുദായത്തിന്റെ ധാര്‍മിക ശേഷി അല്‍പാല്‍പമായി ശോഷിച്ചുവരാന്‍ തുടങ്ങി. മനക്കരുത്തും ഹൃദയസാന്നിധ്യവും അടിമത്തചിന്താഗതിയുമായി അല്ലാഹുവിന്റെ തിരുസന്നിധിയില്‍ സ്വയം സമര്‍പ്പിതരാകേണ്ടതിന്റെ അനിവാര്യത ജനം വിസ്മരിച്ചുകൊണ്ടിരുന്നു. ഇതിന്റെ ഫലമായി പരിത്യാഗത്തിന്റെയും ആധ്യാത്മികപരിശീലനങ്ങളുടെയും വക്താക്കളും രംഗത്തിറങ്ങി. തസ്വവ്വുഫ് എന്ന വിജ്ഞാനശാഖ ക്രോഡീകരിക്കാന്‍ അവരും തയ്യാറെടുത്തു. മറ്റു വിജ്ഞാന ശാഖകളെക്കാള്‍ തസ്വവ്വുഫിനുള്ള മഹത്ത്വവും ശ്രേഷ്ഠതയും അവര്‍ സ്ഥിരീകരിച്ചു.

ചില ഓറിയന്റലിസ്റ്റുകള്‍ തെറ്റിദ്ധരിച്ചതുപോലെ, മറ്റു വിഭാഗങ്ങള്‍ ഇതരവിജ്ഞാനശാഖകള്‍ ക്രോഡീകരിക്കാനായി ഇറങ്ങിത്തിരിച്ചതിനോടുള്ള ഒരു പ്രതിഷേധപ്രകടനമായിരുന്നില്ല ഇത്; പ്രത്യുത, ഒരു ന്യൂനത നികത്തുവാനുള്ള നിര്‍ബന്ധിതശ്രമമായിരുന്നു. സമസ്ത മേഖലകളിലുമുള്ള മതപരമായ ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിനും അതനിവാര്യമായി ഭവിച്ചു. ദൈവഭക്തിയുടെയും പുണ്യകര്‍മങ്ങളുടെയും വഴികള്‍ക്ക് അസ്തിവാരം പണിയുന്നതിലുള്ള പരസ്പരസഹകരണത്തിന് ഒഴിച്ചുകൂടാനാകാത്തതായിരുന്നു അത്.

തസ്വവ്വുഫിന്റെ ആദ്യകാല ഇമാമുകള്‍ തങ്ങളുടെ ഥരീഖത്തിന്റെ അടിസ്ഥാനസിദ്ധാന്തങ്ങള്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. സമുന്നതരും വിശ്വസ്തരുമായ പണ്ഡിതരില്‍ നിന്ന് ഉദ്ധരിക്കപ്പെട്ടതായി ഇക്കാര്യം ഇസ്‌ലാമിക ചരിത്രത്തില്‍ സ്ഥിരീകൃതമായിട്ടുണ്ട്. ഇമാം ഹാഫിള് സയ്യിദ് മുഹമ്മദ് സ്വിദ്ദീഖ് അല്‍ഗിമാരിയുടെ ഒരു ഫത്‌വായില്‍ നിന്ന് തസ്വവ്വുഫിന്റെ ചരിത്രം സ്പഷ്ടമായി ഗ്രഹിക്കാന്‍ കഴിയും. ആരാണ് തസ്വവ്വുഫിന്റെ ആദ്യസ്ഥാപകന്‍? അല്ലാഹുവിങ്കല്‍ നിന്നുള്ള വഹ്‌യിന്റെ അടിസ്ഥാനത്തിലായിരുന്നോ അത് എന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. സയ്യിദ് ഗിമാരി എഴുതുന്നു:

ഥരീഖത്തിന്റെ ആദ്യസ്ഥാപകന്‍ ആരാണെന്നോ? മുഹമ്മദ്(സ്വ)യുടെ ഇസ്‌ലാം മതത്തിന്റെ നിയമങ്ങളൊക്കെ വഹ്‌യ് വഴി അല്ലാഹു ആവിഷ്‌കരിച്ച കൂട്ടത്തില്‍ തന്നെയാണ് ഥരീഖത്തും സ്ഥാപിതമായത്. കാരണം, ഇഹ്‌സാനിന്റെ പദവിയാണത് എന്നതില്‍ സംശയം ഒട്ടുമേ ഇല്ല. തിരുനബി നിര്‍ണയിച്ചുതന്ന ദീനിന്റെ മൂന്ന് സ്തംഭങ്ങളിലൊന്നാണ് ഇഹ്‌സാന്‍. ജിബ്‌രീലി(അ)ന്റെ ഹദീസില്‍ നബി(സ്വ) ഓരോന്നായി അവ വിവരിക്കുകയുണ്ടായി. ഈമാന്‍, ഇസ്‌ലാം, ഇഹ്‌സാന്‍ എന്നിവയാണ് അവ. എന്നിട്ട് അവിടന്ന് പറഞ്ഞു: ഈ വന്നത് ജിബ്‌രീല്‍(അ) ആയിരുന്നു. നിങ്ങളുടെ ദീന്‍ നിങ്ങള്‍ക്ക് പഠിപ്പിച്ചുതരാനാണദ്ദേഹം സമാഗതനായത്.

ഇസ്‌ലാം എന്നത് ആരാധനയും വഴിപ്പെടലുമാകുന്നു. ഈമാനാകട്ടെ വിശ്വാസവും പ്രകാശവും. ഇഹ്‌സാന്‍ എന്നത് ദൈവികനിരീക്ഷണത്തിന്റെയും ദൃക്‌സാക്ഷ്യത്തിന്റെയും പദവിയാണ്-അതായത്, നീ അല്ലാഹുവിനെ കാണുന്നുണ്ട് എന്നതുപോലെ അവനെ ആരാധിക്കുക; നീ അവനെ അങ്ങോട്ട് ദര്‍ശിക്കുന്നില്ല എങ്കിലും അവന്‍ നിന്നെ കാണുന്നുണ്ട്.

സയ്യിദ് ഗിമാരി തുടരുന്നു: മേല്‍ഹദീസില്‍ കണ്ടതുപോലെ, ഇസ്‌ലാം എന്നത് പ്രസ്തുത മൂന്ന് കാര്യങ്ങളുടെയും ആകെത്തുകയാണ്. അപ്പോള്‍, ഇഹ്‌സാനിന്റെ സ്ഥാനത്തുള്ള ഥരീഖത്തില്‍ ആരെങ്കിലും വീഴ്ച വരുത്തുകയാണെങ്കില്‍ അവന്റെ ദീന്‍ അപൂര്‍ണമാണെന്നതില്‍ സംശയമില്ല. കാരണം, ദീനിന്റെ സ്തംഭങ്ങളിലൊന്ന് അവന്‍ കൈവെടിഞ്ഞുവല്ലോ. അപ്പോള്‍ ഈമാന്‍ കാര്യങ്ങളും ഇസ്‌ലാം കാര്യങ്ങളും ശരിയാക്കിയ ശേഷം, ഇഹ്‌സാനിന്റെ പദവി കൈവരിക്കണം എന്നാണ് ഥരീഖത്ത് ആവശ്യപ്പെടുന്നത്.

തസ്വവ്വുഫ് എന്ന വിജ്ഞാനശാഖയെക്കുറിച്ച് ഇബ്‌നുഖല്‍ദൂന്‍ തന്റെ മുഖദ്ദിമയില്‍ എഴുതുന്നു: ഇസ്‌ലാമില്‍ വഴിയെ ഉണ്ടായ മതവിജ്ഞാന ശാഖകളില്‍ പെട്ടതാണ് ഇത്. സ്വൂഫികളായ ആളുകളുടെ ഥരീഖത്ത്, മുസ്‌ലിം  ഉമ്മത്തിലെ ആദ്യഗാമികളും സമുന്നതരുമായ സ്വഹാബത്തിന്റെയും താബിഉകളുടെയും പിന്നീടുള്ളവരുടെയും നേര്‍മാര്‍ഗത്തിന്റെയും സത്യത്തിന്റെയും ഥരീഖത്ത് തന്നെയാകുന്നു എന്നതാണതിന്റെ അടിത്തറ. ആരാധനയില്‍ നിമഗ്നമാവുക, അല്ലാഹുവിങ്കലേക്കുള്ള പൂര്‍ണമായ ആഭിമുഖ്യം, ഭൗതികതയുടെ അലങ്കാരാര്‍ഭാടങ്ങളില്‍ നിന്ന് പിന്തിരിയല്‍, മിക്കവരും സ്വാഗതം ചെയ്യുന്ന സമ്പത്ത്, സ്ഥാനമാനങ്ങള്‍, ആസ്വാദനങ്ങള്‍ എന്നിവയോടുള്ള പരിത്യാഗമനഃസ്ഥിതി, സൃഷ്ടികളില്‍ നിന്നുള്ള നിരാശ്രയത്വം, ആരാധനകള്‍ക്കായി ഒഴിഞ്ഞിരിക്കല്‍ എന്നിവയാണ് ഥരീഖത്തിന്റെ കാതല്‍. ഇപ്പറഞ്ഞ ലക്ഷണങ്ങളൊക്കെ സ്വഹാബത്തിലും സലഫിലും സര്‍വവ്യാപകമായിരുന്നു. രണ്ടാം നൂറ്റാണ്ടിലും അതിനു ശേഷവുമായി ഭൗതികതയോടുള്ള ആഭിമുഖ്യം സാര്‍വത്രികമാവുകയും ജനങ്ങള്‍ ദുന്‍യാവിനോട് ഇഴുകിച്ചേരുകയുമുണ്ടായി. ഈ പശ്ചാത്തലത്തിലാണ് ആരാധനാനിമഗ്നരായ ആളുകള്‍ക്ക് സ്വൂഫികള്‍ എന്ന സവിശേഷ നാമം ലഭിച്ചത്.

ഇബ്‌നുഖല്‍ദൂന്റെ ഉപര്യുദ്ധൃത പരാമര്‍ശത്തിലെ അവസാനഭാഗങ്ങള്‍ നമ്മുടെ സവിശേഷശ്രദ്ധ ക്ഷണിക്കുന്നുണ്ട്. തസ്വവ്വുഫിന്റെയും സ്വൂഫികളുടെയും ജന്മപശ്ചാത്തലം സ്ഥിരീകരിക്കയാണദ്ദേഹം. ഹിജ്‌റ രണ്ടാം നൂറ്റാണ്ടില്‍ ഭൗതികതയോടും ദുന്‍യാവിന്റെ ആളുകളോടുമുള്ള ജനങ്ങളുടെ സമ്പര്‍ക്കവും ചായ്‌വും ബന്ധവും വ്യാപകമായ സാഹചര്യത്തിലാണതുണ്ടായത് എന്നദ്ദേഹം വ്യക്തമാക്കുന്നു. അത്തരമൊരു ചുറ്റുപാടില്‍, ആരാധനാനിമഗ്നരായിക്കഴിയുന്ന ആളുകളെ, ക്ഷണികമായ ഭൗതികതാല്‍പര്യങ്ങളില്‍ വിഹരിക്കുന്ന സാധാരണക്കാരില്‍ നിന്ന് വേര്‍തിരിക്കുന്ന ഒരു സവിശേഷനാമമുണ്ടായിത്തീരുകയെന്നത് സ്വാഭാവികം മാത്രമാണ്.

അബൂഅബ്ദില്ലാ മുഹമ്മദ് സ്വിദ്ദീഖ് ഗിമാരി എഴുതുന്നു: തസ്വവ്വുഫ് എന്ന നാമത്തിന്റെ പിറവിയെപ്പറ്റി ഇബ്‌നുഖല്‍ദൂന്‍ പറഞ്ഞതിന് ഉപോല്‍ബലകമാണ് കിന്‍ദിയുടെ പ്രസ്താവം. നാലാം നൂറ്റാണ്ടുകാരനായ അദ്ദേഹത്തിന് വുലാത്തു മിസ്വ്‌റ് (ഈജിപ്ഷ്യന്‍ ഭരണാധികാരികള്‍) എന്ന ഒരു ഗ്രന്ഥമുണ്ട്. അതില്‍ ഇരുനൂറാം വര്‍ഷത്തെ സംഭവപരമ്പരകളില്‍, അലക്‌സാന്‍ഡ്രിയയില്‍ സ്വൂഫികള്‍ എന്ന ഒരു വിഭാഗം പ്രത്യക്ഷപ്പെട്ടുവെന്നും അവര്‍ നന്മ കല്‍പിക്കുന്നവരായിരുന്നു എന്നും രേഖപ്പെടുത്തിയിട്ടുണ്ട്. യഹ്‌യബ്‌നു അക്‌സമിനെ ഉദ്ധരിച്ച് ചരിത്രകാരനായ അല്‍മസ്ഊദി തന്റെ മുറൂജുദ്ദഹബിലെഴുതിയതും ഇബ്‌നുഖല്‍ദൂന്‍ പറഞ്ഞതിന് പിന്‍ബലം നല്‍കുന്നു. അദ്ദേഹം ഉദ്ധരിക്കുന്നു:

ഖലീഫ മഅ്മൂന്‍ ഒരു ദിവസം ദര്‍ബാറിലിരിക്കവെ പാറാവുകാരന്‍ അലിയ്യുബ്‌നു സ്വാലിഹ് വന്ന് ബോധിപ്പിച്ചു: ‘അമീറുല്‍ മുഅ്മിനീന്‍, കൊട്ടാരവാതില്‍ക്കല്‍ ഒരാള്‍ നില്‍പുണ്ട്. പരുത്ത വെള്ളവസ്ത്രങ്ങളാണ് വേഷം. സംവാദമാണ് തന്റെ ആഗമനോദ്ദേശ്യം.’ അതൊരു സ്വൂഫിയായിരിക്കും എന്ന് തത്സമയം ഞാന്‍ മനസ്സിലാക്കി-ഈ രണ്ടു സംഭവങ്ങളും തസ്വവ്വുഫിന്റെ പ്രഭവചരിത്രം പറഞ്ഞ ഇബ്‌നുഖല്‍ദൂന്റെ പ്രസ്താവത്തെ ശരിവെക്കുന്നുണ്ട്. കശ്ഫുള്ളുനൂനില്‍ ഇങ്ങനെ കാണാം: സ്വൂഫി എന്ന പേര് ഒന്നാമതായി വിളിക്കപ്പെട്ടത് അബൂഹാശിമിസ്സ്വൂഫിയെയായിരുന്നു. ഹിജ്‌റ നൂറ്റി അമ്പതിലായിരുന്നു അദ്ദേഹത്തിന്റെ മരണം.

അല്ലാമാ ഹാജി ഖലീഫ തസ്വവ്വുഫ് വിജ്ഞാനം സംബന്ധിച്ച് സംസാരിക്കവെ ഇമാം ഖുശൈരി(റ)യുടെ പരാമര്‍ശങ്ങള്‍ ഉദ്ധരിച്ചിട്ടുണ്ട്. അദ്ദേഹം പറയുന്നു: നബിതിരുമേനി(സ്വ)യുടെ വഫാത്തിനു ശേഷം മുസ്‌ലിംകള്‍ തങ്ങളുടെ കൂട്ടത്തിലെ സമുന്നതരായ വ്യക്തികള്‍ക്ക് പ്രത്യേക വൈജ്ഞാനിക നാമങ്ങളൊന്നുമുപയോഗിച്ചിട്ടുണ്ടായിരുന്നില്ല. നബി(സ്വ)യോടുള്ള സമ്പര്‍ക്കം സൂചിപ്പിക്കുന്ന വിശേഷണം മാത്രമാണവര്‍ക്കുണ്ടായിരുന്നത്-അതിനേക്കാള്‍ ശ്രേഷ്ഠതരമായ മറ്റൊന്നുമില്ലല്ലോ-അങ്ങനെ അവര്‍ക്ക് ‘സ്വഹാബികള്‍’ എന്ന് പറഞ്ഞുവന്നു. വഴിയെ ആളുകള്‍ ഭിന്നവിഭാഗങ്ങളാവുകയും പദവികള്‍ വ്യത്യസ്തമാവുകയുമുണ്ടായി. അപ്പോള്‍ ശക്തമായ മതനിഷ്ഠയുള്ള സവിശേഷ വ്യക്തികള്‍ക്ക് പരിത്യാഗികള്‍, ആരാധകര്‍ (സുഹ്ഹാദ്, ഉബ്ബാദ്) എന്നിങ്ങനെയുള്ള സംജ്ഞകള്‍ പ്രയോഗത്തില്‍ വന്നു.


Also Read:തസ്വവ്വുഫിന്റെ പ്രാധാന്യം


പിന്നീട് പുത്തന്‍ ചിന്താഗതികള്‍ക്ക് മുളപൊട്ടാന്‍ തുടങ്ങി. ഭിന്നവിഭാഗങ്ങള്‍ക്കിടയില്‍ പിടിവലികള്‍ നടന്നു. ഓരോ വിഭാഗവും തങ്ങളുടെ കൂടെ പരിത്യാഗികളുണ്ടെന്ന് അവകാശവാദമുന്നയിച്ചു. തത്സമയം, അല്ലാഹുവുമായുള്ള സന്തതസമ്പര്‍ക്കം നിലനിറുത്തുകയും, സത്യത്തിന്റെ പന്ഥാവില്‍ നിന്ന് അശ്രദ്ധ മൂലം കൊച്ചുവീഴ്ചയെങ്കിലും വന്നുപോകുന്നതിനെക്കുറിച്ച് നിതാന്തജാഗ്രത പുലര്‍ത്തുകയും ചെയ്യുന്ന, അഹ്‌ലുസ്സുന്നത്തിലെ സവിശേഷവ്യക്തിത്വങ്ങള്‍ തനിമയുറ്റ പന്ഥാവില്‍ നിലയുറപ്പിച്ചു. തസ്വവ്വുഫിന്റെ പേരിലാണവര്‍ അറിയപ്പെട്ടത്. ഹിജ്‌റ ഇരുനൂറാം ആണ്ടിനു മുമ്പായിത്തന്നെ ഈ മഹോന്നതന്മാര്‍ പ്രസ്തുത നാമത്തില്‍ പ്രസിദ്ധരായിക്കഴിഞ്ഞിരുന്നു.

മേല്‍പറഞ്ഞ ഉദ്ധരണികളില്‍ നിന്നെല്ലാം തസ്വവ്വുഫ് ഒരു നവീനപ്രസ്ഥാനമല്ലെന്ന് വ്യക്തമായി ഗ്രഹിക്കാന്‍ കഴിയും. പ്രത്യുത, തിരുനബി(സ്വ)യുടെ ചര്യയിലും സമാദരണീയരായ സ്വഹാബത്തിന്റെ ജീവിതത്തിലും നിന്ന് സ്വാംശീകരിച്ചതാണത്. ഇസ്‌ലാമിന്റെ ശത്രുക്കളായ ഓറിയന്റലിസ്റ്റുകളും അവരുടെ ശിഷ്യന്മാരും ജല്‍പിക്കുന്നതുപോലെ മതവുമായി ഒരു ബന്ധവുമില്ലാത്ത ഉറവിടങ്ങളില്‍ നിന്ന് ആവിഷ്‌കരിക്കപ്പെട്ടതല്ല തസ്വവ്വുഫ്. അക്കൂട്ടര്‍ സ്വന്തമായി മെനഞ്ഞെടുത്ത പേരുകളാണതിനുപയോഗിക്കുന്നത്. ബുദ്ധമതത്തിലെ ഗാഢസന്യാസവും ക്രിസ്തുമതത്തിലെ ജ്യോത്സ്യവും ഹൈന്ദവതയിലെ കണ്‍കെട്ടുമൊക്കെ അക്കൂര്‍ട്ടര്‍ക്ക് തസ്വവ്വുഫ് തന്നെ! ബുദ്ധസ്വൂഫിസം, ഹൈന്ദവസ്വൂഫിസം, ക്രൈസ്തവസ്വൂഫിസം, പാഴ്‌സിസ്വൂഫിസം… ഇങ്ങനെ പോകുന്നു അവരുടെ ജല്‍പനങ്ങള്‍.

ഇത്തരം വിതണ്ഡവാദങ്ങളിലൂടെ ഒരു വെടിക്ക് രണ്ടു പക്ഷിയെന്ന ലക്ഷ്യമാണ് ഇസ്‌ലാം വിരോധികള്‍ക്കുള്ളത്. ഒരു വശത്തു കൂടി, തസ്വവ്വുഫ് എന്ന പേര് വികലമാക്കുകയാണവര്‍. വരണ്ട പഴഞ്ചന്‍ സിദ്ധാന്തങ്ങളിലും വഴികെട്ട തത്ത്വശാസ്ത്രങ്ങളിലും നിന്നാണ് തസ്വവ്വുഫ് പിറവിയെടുത്തിട്ടുള്ളതെന്ന തെറ്റിദ്ധാരണ പരത്താന്‍ മറുവശത്തുകൂടി അവര്‍ ലക്ഷ്യം വെക്കുന്നു.

എന്നാല്‍, ശരിയായ സത്യവിശ്വാസി അവരുടെ ചിന്താപ്രവാഹങ്ങളില്‍ ഒലിച്ചുപോകയില്ല. അവരുടെ വഞ്ചനാപരമായ കെണിവലകളിലകപ്പെടുന്നവനുമല്ല അവന്‍. വിഷയങ്ങള്‍ വസ്തുതാപരമായി മനസ്സിലാക്കുകയും യാഥാര്‍ഥ്യത്തെക്കുറിച്ച അന്വേഷണത്തില്‍ സുദൃഢാവസ്ഥ കൈക്കൊള്ളുകയുമാണവന്‍ ചെയ്യുക. ഇസ്‌ലാമികാനുഷ്ഠാനങ്ങളുടെ പ്രായോഗികശൈലിയാണ് തസ്വവ്വുഫ് എന്നും ഇസ്‌ലാമിക തസ്വവ്വുഫ് എന്ന ഒന്നല്ലാതെ മറ്റൊരു സ്വൂഫിസവും നിലവിലില്ലെന്നും തത്സമയം അവന് മനസ്സിലാക്കാന്‍ കഴിയും.
 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter