പാശ്ചാത്യർ വായിച്ച റൂമി

മനുഷ്യ ജീവിതം ആവശ്യപ്പെടുന്നത് മാനസികാശ്വാസത്തെയാണ്. ബാഹ്യമായ ആനന്ദങ്ങള്‍ക്കും സുഖത്തിനും പുറമേ മനസ്സിനെയും ഹൃദയത്തെയും സന്തോഷിപ്പിക്കാനും ആനന്ദിപ്പിക്കാനുമാണ് മനുഷ്യന്‍ ശ്രമിക്കുന്നത്. അത് കൊണ്ടു തന്നെ, നവയുഗത്തില്‍ മിസ്റ്റിസിസത്തിന് ലോകം നല്‍കുന്ന സ്ഥാനം ചെറുതൊന്നുമല്ല. പക്ഷേ, ഈയൊരു ഇസത്തെ പലരും ദുരുപയോഗം ചെയ്യുന്നുണ്ടെന്നതാണ് സത്യം. വ്യാജത്വരീഖത്തുകളും അനര്‍ഹരായ ശൈഖുമാരും ജനിക്കുന്നത് ഇവിടെയാണ്. അതേസമയം, ഇസ്‍ലാമിന്റെ യഥാര്‍ത്ഥ സരണിയായ സ്വൂഫിസം പലയിടങ്ങളിലും മതത്തിന് അതീതമായി വായിക്കപ്പെടുന്നു എന്നത് ഈ മേഖലയിലെ മറ്റൊരു സങ്കടമാണ്. ഇത്തരം വായനയുടെ ഒരു ഇരയാണ് ജലാലുദ്ദീന്‍ റൂമി.

ഈ അടുത്ത കാലത്താണ്, പടിഞ്ഞാറന്‍ നാടുകളില്‍ മഹാനായ റൂമി ജനപ്രിയനായത്. യു എസി ലെ വിവാഹവേദികളില്‍ റൂമി കവിതകള്‍ ആലപിക്കാറുണ്ടെന്നുള്ളതും, ഒരു യു എസ് പോപ് ഗായിക തന്റെ കുഞ്ഞിന് റൂമി എന്ന് പേരിട്ടതും റൂമിയെ ജനം സ്വീകരിച്ചതിന്റെ മകുടോദാഹരണങ്ങളാണ്. ബന്ധവിച്ഛേദനത്തിന്റെ മൂര്‍ദ്ദന്യാവസ്ഥയിലെത്തിയ ബ്രിട്ടീഷ് റോക് ബാന്‍ഡ് കോള്‍ഡ്‌പ്ലേ ആര്‍ട്ടിസ്റ്റ് ക്രിസ് മാര്‍ട്ടിനും ഹോളിവുഡ് നടി ഗ്വനിത്ത് പാള്‍ട്രോയും സ്‌നേഹ ദാമ്പത്യ ജീവിതത്തിലേക്ക് വീണ്ടും തിരിച്ചുവരാന്‍ ഹേതുവായത് റൂമിയുടെ മസ്‌നവിയായിരുന്നു. ഇതെല്ലാം ആവിഷ്കരിക്കുന്നത് ലോക ജനസമൂഹത്തില്‍ റൂമി മൊഴികള്‍ക്കുള്ള പ്രസക്തിയെയാണ്. ഇസ്‍ലാമിക് മിസ്റ്റിസിസത്തിന്റെ നേര്‍വഴിയില്‍ ജീവിച്ചുപോയ മഹാനായ മുഹമ്മദ് എന്ന ജലാലുദ്ധീന്‍ റൂമിയെ ആധുനിക ലോകവും ബാര്‍ക്‌സിന്റെ മൊഴിമാറ്റങ്ങളും മതത്തിനതീതമായി ചിത്രീകരിക്കുന്നത് ഖേദകരം തന്നെ. ബ്രാഡ് ക്രൂച്ചിയുടെ റൂമീസ് സീക്രട്ട് എന്ന ഗ്രന്ഥത്തിലും ചെയ്യുന്നത് ഇത് തന്നെയാണ്.
ചുരുക്കത്തില്‍, ഇംഗ്ലീഷില്‍ ആവിഷ്‌കരിക്കപ്പെട്ട റൂമി ഗംഭീരമാണ്. പക്ഷേ, അതില്‍ മതവും സംസ്‌കാരവും തിരഞ്ഞാല്‍ കിട്ടില്ല. മിസ്റ്റിക്കല്‍ പോയട്രിയുടെ ഇസ്‍ലാമിക വേരുകള്‍ അറുത്തുനീക്കാനുള്ള ശ്രമങ്ങള്‍ വിക്ടോറിയന്‍ കാലഘട്ടത്തില്‍ നിന്നും കണ്ടെടുക്കുന്നുണ്ട്. റൂമിയും ഹാഫിസും മിസ്റ്റിക്കലായത് ഇസ്‍ലാമിനതീതമായ എന്തോ ഒന്നുകൊണ്ടാണെന്ന് അവര്‍ പറയുന്നു. ആര്‍ എ നിക്കോള്‍സണ്‍, എ ജെ ആര്‍ബറി, ആന്മേരി ഷിമ്മേല്‍ തുടങ്ങിയ പ്രശസ്തരായ വിവര്‍ത്തകരാണ് ഇരുപതാം നൂറ്റാണ്ടില്‍ റൂമി  സാനിധ്യം സമ്പന്നമാക്കിയത്. എങ്കിലും റൂമിമൊഴികളെ കൂടുതല്‍ വിപുലമാക്കിയത് കോള്‍മന്‍ ബാര്‍ക്‌സിന്റെ വിവര്‍ത്തനങ്ങളാണ്. 
പക്ഷേ, ഖേദകരം എന്നുപറയട്ടേ ബാര്‍ക്‌സിന്റെ വിവര്‍ത്തനങ്ങളില്‍ റൂമിയുടെ കവിതാശകലത്തിന്റെ മതപരമായ പശ്ചാത്തലവും അര്‍ത്ഥ തലങ്ങളും തന്ത്രപരമായി ഒഴിവാക്കപ്പെടുന്നു. എന്നാല്‍ പ്രസ്തുത രചനയില്‍ ചിലയിടങ്ങളില്‍ റൂയേശുവിനേയും ജോസഫിനേയും സൂചിപ്പിക്കുന്നുണ്ട്.
ജീവിത പശ്ചാത്തലം
ഇന്നത്തെ അഫ്ഗാനിസ്ഥാനിലെ ബല്‍ഖില്‍ ഒരു പണ്ഡിത കുടുംബത്തില്‍ ക്രിസ്തുവര്‍ഷം 1207 ലാണ് മഹാനായ മൗലാനാ മുഹമ്മദ് ജലാലുദ്ധീന്‍ (റ) ജനിക്കുന്നത്. പിതാവായിരുന്ന ബഹാഉദ്ധീന്‍ വലിയ ജ്ഞാനിയും സൂഫിയുമായിരുന്നു. 1228 മെയ് ഒന്നിന് അന്നത്തെ സുല്‍ത്തന്‍ അലാഉദ്ധീന്‍ ഖയ്കൂബാദിന്റെ ക്ഷണ പ്രകാരം, ബഹാഉദ്ധീന്‍ തുര്‍ക്കിയിലെ അനത്തോലിയയുടെ ഭാഗമായ കോനിയയിലേക്ക് താമസം മാറി. ജനനം കൊണ്ട് ഇറാനിയും ജീവിതം കൊണ്ട് തുര്‍ക്കികാരനുമായിരുന്ന റൂമി തന്റെ മരണം വരെ കൊന്‍യയില്‍ തന്നെയായിരുന്നു താമസിച്ചിരുന്നത്. തുര്‍ക്കി ഇസ്‍ലാമിക ചരിത്രത്തില്‍ കിഴക്കന്‍ റോമായി അറിയപ്പെട്ടതിനാലാണ് ജലീലുദ്ധീന്‍ റൂമി എന്ന് വിളിക്കപ്പെടാന്‍ കാരണം.
ഹിജ്‌റ 624- ല്‍ 38-ാം വയസ്സിലാണ് റൂമി തന്റെ ജീവിത മാറ്റങ്ങള്‍ക്ക് ഹേതുവായ മഹാനായ ശൈഖ് ശംസെ തിബ്രീസുമായി കണ്ടുമുട്ടുന്നത്. പ്രഥമ സമാഗമത്തെ കുറിച്ച് പല കഥകളുമുണ്ട്. ഒരിക്കല്‍ റൂമി ക്ലാസ് എടുത്തുകൊണ്ടിരിക്കെ ശംസെ തിബ്രീസ് ഒരു വഴിപ്പോക്കനെ പോലെ കടന്നുവന്നു. ഗ്രന്ഥങ്ങളെ ചൂണ്ടി 'ഇവയിലൊക്കെ എന്താണുള്ളത്' എന്ന് ചോദിച്ചു. അപ്പോള്‍ റൂമി പ്രതിവചിച്ചു, 'അത് ഒന്നും നിങ്ങള്‍ക്ക് മനസ്സിലാവില്ല'.  തല്‍സമയം, ശംസ് ആ ഗ്രന്ഥങ്ങള്‍ കുളത്തിലേക്ക് വലിച്ചെറിഞ്ഞു. ഇത് കണ്ട് റൂമി ക്ഷുഭിതനായി. അങ്ങനെ ശംസ് കുളത്തില്‍ മുങ്ങി ഗ്രന്ഥങ്ങള്‍ എടുത്ത് കൊണ്ട് വന്നു. അല്‍ഭുതം എന്ന് പറയട്ടെ ഗ്രന്ഥങ്ങളൊന്നും നനഞ്ഞിട്ടില്ലായിരുന്നു. ആശ്ചര്യം തോന്നിയ റുമി ചോദിച്ചു: “എന്താണ് ഈ അല്‍ഭുതത്തിന്റെ അര്‍ത്ഥം?'. ശംസ് പറഞ്ഞു: 'അത് നിങ്ങള്‍ക്ക് മനസ്സിലാവില്ല'. (ഫീഹി മാ ഫീഹി).
അലാഉദ്ദീന്റെ മകന്‍ ശംസുദ്ദീന്‍ മുഹമ്മദ് എന്ന ശംസെ തബ്രീസ്(1185-1248) അരപ്പട്ടകള്‍ വില്‍പന നടത്തി ഊര് ചുറ്റുന്ന ഒരു ദര്‍വേശായിരുന്നു. ശംസുമായിട്ടുള്ള റൂമിയുടെ ബന്ധം മൂര്‍ച്ഛിച്ചപ്പോള്‍ കുടുംബാംഗങ്ങള്‍ക്കും ശിഷ്യന്മാര്‍ക്കും അസ്വസ്ഥതയുണ്ടാക്കി. തന്‍ മൂലം അവര്‍ ശംസിനെ റൂമിയില്‍ നിന്നകറ്റി. ഈ വിയോഗത്തെ തുടര്‍ന്നാണ് റൂമി കവിതാ ലോകത്തേക്ക് പ്രവേശിക്കുന്നതും 'ദീവാനെ ശംസെ തബ്രീസ്' എന്ന പ്രശസ്ത ഗ്രന്ഥം രചിക്കുന്നതും. 1273 ല്‍(ഹി 672) തുര്‍ക്കിയിലെ കൊന്‍യയില്‍ വെച്ച് തന്നെയാണ് റൂമി മരണപ്പെടുന്നതും.
റൂമി രചനകള്‍ തെറ്റിദ്ധരിക്കപ്പെടുന്നു
മഹാനായ മുഹമ്മദ് ജലാലുദ്ധീന്‍ റൂമിയെ പോലെ കിഴക്കിലും പടിഞ്ഞാറിലും ഒരേ പോലെ ആരാധകരുള്ള മറ്റൊരു സൂഫി ഗുരു ചരിത്രത്തില്‍ ഇന്നേ വരെയില്ല. മത വേദികളിലും മതേതര വേദികളിലും മത വിരുദ്ധ വേദികളിലും റൂമി ഒരു പോലെ ആഘോഷിക്കപ്പെടുന്നു. മഹാനായ ഈ സൂഫി ദാര്‍ശനികന്റെ പാശ്ചാത്ത്യ ലോകത്തെ സ്വീകാര്യതക്ക് ഉദാഹരണമാണ് 2007 ല്‍ അമേരിക്കയില്‍ ഏറ്റവും കൂടുതല്‍ ജന പ്രീതിയുള്ള കവിയായി റൂമിയെ തിരഞ്ഞെടുത്തത്.
പക്ഷെ, പേര്‍ഷ്യന്‍ ഭാഷയിലുള്ള റൂമി മൊഴികള്‍ക്ക് യൂറോപ്യര്‍ പരിഭാഷ നല്‍കിയപ്പോള്‍, അടിസ്ഥാനാര്‍ത്ഥത്തില്‍ നിന്ന് വ്യതിചലിക്കുന്ന പല കൂട്ടിച്ചേര്‍ക്കലുകളും അതില്‍ നടത്തിയെന്നുള്ളത് വാസ്തവമാണ്. ഈയൊരു യാഥാര്‍ത്ഥ്യത്തെ മനസ്സിലാക്കാതെയാണ് പലരും റൂമിയെ വിമര്‍ശിക്കുന്നത്. പൗരസ്ത്യ വാദികള്‍ റൂമിയെ മതമില്ലാത്തവനായി ചിത്രീകരിച്ചപ്പോള്‍ അതിനെ അക്ഷരം പ്രതി അംഗീകരിക്കുകയാണ് പല എഴുത്തുകാരും.
പേര്‍ഷ്യന്‍ ഖുര്‍ആന്‍ എന്നറിയപ്പെടുന്ന 'മസ്‌നവി എ മഅ്‌നവി'യാണ് റൂമി കൃതികളില്‍ ഏറ്റവും വിഖ്യാതം. ഖുര്‍ആന്‍, ഹദീസ്, ബൈബിള്‍, ഇസോപ്പ് കഥകള്‍, പഞ്ചതന്ത്രം തുടങ്ങിയ വൈവിധ്യമാര്‍ന്ന സ്രോതസ്സുകളില്‍ നിന്നുമുള്ള കഥകളും സംഭവങ്ങളും സാരോപദേശങ്ങളും ഉള്‍കൊള്ളിച്ച് കൊണ്ടുള്ള ഒരപൂര്‍വ്വ കൃതിയാണ് മസ്‌നവി. 54-ാം വയസ്സില്‍ തുടങ്ങിയ ഇതിന്റെ രചന മരണം വരേയും തുടര്‍ന്നു. ആയതിനാല്‍ തന്നെ അവസാന ഭാഗം അപൂര്‍ണ്ണമാണ്. 6 ഭാഗങ്ങളിലായി 50,000 വരികളുള്ള മസ്‌നവിയുടെ ഏറ്റവും വലിയ സവിശേഷത ലളിതമായി പറഞ്ഞാല്‍ ഖുര്‍ആന്‍ ദര്‍ശനങ്ങളുടെ കാവ്യാത്മകമായ വ്യാഖ്യാനമാണെന്നാണ്. ഇതിലെ 424 കഥകളും ദൈവവുമായുള്ള ഐക്യത്തിനു വേണ്ടിയുള്ള മനുഷ്യന്റെ നിരന്തരമായ അന്വേഷണത്തെ വരച്ച് കാട്ടുന്നു. പേര്‍ഷ്യന്‍ സാഹിത്ത്യത്തിലും സൂഫി സാഹിത്ത്യത്തിലും ഏറ്റവും മികച്ചതും സ്വാധീനിക്കപ്പെട്ടതുമായ കാവ്യങ്ങളില്‍ ഒന്നാമതായാണ് മസ്‌നവിയെ കണക്കാക്കപ്പെടുന്നത്.
സുന്നി ഇസ്‍ലാമിക പാരമ്പര്യത്തില്‍ ' ശരീഫ് ' എന്ന വിശേഷണം മൂന്ന് ഗ്രന്ഥങ്ങള്‍ക്കാണ് പൊതുവെ നല്‍കപ്പെടാറുള്ളത്, ബുഖാരി ശരീഫ്, ശിഫാ ശരീഫ്, മസ്‌നവി ശരീഫ്. ഒട്ടോമന്‍ സുല്‍ത്താന്‍ സലീം ഒന്നാമന്റെ കാലം അന്നത്തെ ശൈഖുല്‍ ഇസ്‍ലാം ഇബ്‌നു കമാല്‍ ഒരു രാത്രി പ്രവാചകരെ ദര്‍ശിച്ചു. മസ്‌നവിയുടെ ഒരു കോപ്പി കൈയ്യില്‍ പിടിച്ചിട്ടുണ്ടായിരുന്നു നബി, നബി പറഞ്ഞു: 'ബാഹ്യ ജ്ഞാനത്തെ ആന്തരിക ജ്ഞാനമായി പരിവര്‍ത്തിപ്പിക്കേണ്ടത് ഇങ്ങനെയാണ്, ഞാനിത് ഇഷ്ടപ്പെടുന്നു' (മസ്‌നവി പരിഭാഷ -സി ഹംസ സാഹിബ്).
ഇത്രയും അഗാഥ ജ്ഞാനമുള്ള സൂഫിയെയും അദ്ധേഹത്തിന്റെ അപൂര്‍വ്വ രചനകളെയും യാഥാര്‍ത്ഥ്യം മനസ്സിലാക്കാതെ പലരും വിമര്‍ശിക്കുകയും ഇകഴ്ത്തുകയും ചെയ്യുന്നത് ലജ്ജാകരം തന്നെ. മഹാനായ റൂമിയുടെ ജീവിത പശ്ചാതലം മനസ്സിലാക്കിയ ഏതൊരാള്‍ക്കും റൂമിയെ വിമര്‍ശിക്കാനാവില്ല. മഹാ പണ്ഡിതനും സൂഫിയുമായിരുന്ന  സ്വപിതാവിനെ കൂടാതെ അദ്ധേഹത്തിന് സ്വാധീനിച്ചവര്‍ ശൈഖ് ഫരീദുദ്ധീന്‍ അത്താര്‍ (റ), സനാഈ(റ), അബൂ സഊദ് അബുല്‍ ഖൈര്‍(റ), അബൂ യസീദുല്‍ ബിസ്താമി(റ), ശംസെ തിബ്രീസ്(റ) തുടങ്ങിയ മഹാന്മാരാണ്. ഇത്തരത്തില്‍ സൂഫി ലോകത്തിലെ അത്ത്യുന്നത പദവിയായ 'സാമ' യിലെത്തിയ ഈ പ്രഗല്‍ഭരുടെ ശിഷ്യന്‍ ഇസ്‍ലാമില്‍ നിന്ന് വ്യതിചലിച്ച് പോകാന്‍ സാധ്യത കാണുന്നില്ലല്ലോ.
റൂമിസം നേരിടുന്ന മറ്റൊരു വെല്ലുവിളി സൂഫി ഡാന്‍സിനെ കുറിച്ചുള്ള ആക്ഷേപങ്ങളാണ്. പാശ്ചാത്ത്യര്‍ പറയുന്നു; സൂഫി ഡാന്‍സ് യൂറോപ്പില്‍ അരങ്ങേറുന്ന ഒരു ഫോള്‍ക്ക് ഡാന്‍സ് ആണ്. ആണും പെണ്ണും കൈപിടിച്ച് വൃത്താകൃതിയില്‍ നൃത്തമാടുന്നതാണ് ഫോള്‍ക്ക് ഡാന്‍സ്. ഒരിക്കല്‍ അസ്റ് നിസ്‌ക്കാരം കഴിഞ്ഞ് മടങ്ങിവരികയായിരുന്ന മൗലാന കൊന്‍യയിലെ തെരുവുകളിലൂടെ നടന്ന് വരുമ്പോള്‍ സ്വര്‍ണ്ണ പണിക്കാരുടെ ചുറ്റികയുടെ ശബ്ദം കേള്‍ക്കാനിടയായി. താളാത്മകതമായ ആ ശബ്ദം കേട്ടമാത്രയില്‍ മൗലാന ആനന്ദ നൃത്തം ചവിട്ടുകയും ചുഴികണക്കെ കറങ്ങിയാടുകയും ചെയ്തു. കറങ്ങുന്ന ദര്‍വീശുകളുടെ പാരമ്പര്യം ഈ സംഭവത്തോടെയാണ് ആരംഭിക്കുന്നത്.
'കറങ്ങുന്ന നൃത്തം ആത്മീയ യാത്രയെ പ്രതിവത്കരിക്കുന്നു. എല്ലാ ഉണ്മകളും ബ്രമണം ചെയ്തു കൊണ്ടിരിക്കുന്നു എന്ന സത്ത്യത്തെയാണ് നൃത്തത്തിലെ മന്ദഗതിയില്‍ ആരംഭിച്ച് വേഗത കൈവരിക്കുന്ന വട്ടം ചുറ്റല്‍ ഓര്‍മിപ്പിക്കുന്നത്. ദര്‍വീശ് ധരിക്കുന്ന വെള്ള വസ്ത്രം അഹംഭാവത്തിന്റെ ശവകുടീരം. അല്‍പം ചെരിഞ്ഞ് വാനിലേക്ക് ഉയര്‍ന്ന് നില്‍ക്കുന്ന കൈ ദൈവാനുഗ്രഹങ്ങളെ സ്വീകരിക്കുന്നു. ഹൃദയത്തോട് ചേര്‍ത്തുവെച്ച ഇടതു കയ്യിലൂടെ ആ അനുഗ്രഹങ്ങള്‍ ഭൂമിക്ക് ദാനം ചെയ്യുന്നു. വലത്ത് നിന്ന് ഇടത്തോട് ഹൃദയത്തിന് ചുറ്റുമായി  ദര്‍വീശിന്റെ പരിക്രമണം. എല്ലാ ജീവജാലങ്ങളോടുമുള്ള സ്‌നേഹമാണത്. അവസാനം ദര്‍വീശ് ആത്മീയ നിര്‍വൃതിയില്‍ നിലം പതിക്കുന്നു'. (ഫീഹി മാ ഫീഹി)

സൂഫിസം നേരിടുന്നത്
ഇസ്‍ലാമിക സൂഫിസത്തിന്റെ കാതല്‍ അത് ഇഹ്‌സാന്‍ ആണ്. നീ ദൈവത്തെ കാണുന്നില്ല ദൈവം നിന്നെ കാണുന്നുണ്ടെന്ന രൂപേണ നീ ദൈവത്തെ ആരാധിക്കുക. ഇതാണ് ഇഹ്‌സാന്‍.
എന്നിരുന്നാലും പൗരസ്ത്യ വാസികള്‍ പറയുന്നത് സൂഫിസം ഖുര്‍ആനില്‍ നിന്നോ ഹദീസ് പ്രമാണങ്ങളില്‍ നിന്നോ ഉള്‍തിരിഞ്ഞ് വന്നതല്ല, മറിച്ച് ക്രിസ്തുമതം, ജൂത മതം നിപ്ലാനോട്ടിസം, ഗ്‌നോസ്റ്റിസം, ഹെര്‍മിട്ടിസം, സുറാസ്റ്റിസം, ഹിന്ദൂയിസം, ബുദ്ധിസം തുടങ്ങി ഇനങ്ങളില്‍ നിന്നാണ് സൂഫിസം രൂപപ്പെട്ടു വന്നത്. അവരുടെ വിമര്‍ശനം,  ഇസ്‍ലാം ഒരു കൂട്ടം ബാഹ്യാചാരങ്ങളുടെ സംഘാതം മാത്രമാണെന്നും അതിന് ഗൗരവമുള്ള ആത്മീയമായ ഉള്ളടക്കമില്ല' എന്നതാണ്.
ഇസ്‍ലാമിക സൂഫിസത്തെ എതിര്‍ക്കപ്പെടാന്‍ പൊതുവേ  അഞ്ച് കാരണങ്ങളുണ്ടെന്ന് സയ്യിദ് അഹമ്മദ് സറൂഖ് പറയുന്നു : 
1) സൂഫികളുടെ പന്ഥാവ് സമ്പൂര്‍ണ്ണമാണ്. അതിനാല്‍ തന്നെ വല്ല തെറ്റും പറ്റിയാല്‍ വേഗം ആക്ഷേപിക്കപ്പെടും. 2) സൂഫികളുടെ ഒരു സ്വഭാവമുണ്ട് സ്വന്തത്തോട് കാര്‍ക്കശ്യം മറ്റുള്ളവരോട് വിട്ടുവീഴ്ച്ച. പക്ഷേ സമകാലിക ജനങ്ങളുടെ പ്രകൃതം സ്വന്തം കാര്യങ്ങളില്‍ അലംഭാവവും മറ്റുള്ളവരില്‍ സൂക്ഷ്മ നിരീക്ഷണവുമാണ്. ചുരുക്കത്തില്‍ നിരീക്ഷകര്‍ക്ക് അജ്ഞാതമായി എന്തെങ്കിലും മറ്റുള്ളവര്‍ ചെയ്യുന്നത് കണ്ടാല്‍ അത് അവര്‍ പ്രശ്‌നമാക്കും.3) ചിലര്‍ സൂഫികളുടെ വേഷം ധരിച്ച് ഐഹിക നേട്ടങ്ങള്‍ക്ക് വേണ്ടി ശ്രമം നടത്തുന്നു. 4) സൂഫി ചിന്തകള്‍ വിനാശകരമായ ദുര്‍മാര്‍ഗത്തിലേക്ക് എത്തിക്കുന്നുവെന്ന സാമാന്യവല്‍ക്കരണം. സൂഫി വചനങ്ങള്‍ പൊരുള്‍ മനസ്സിലാക്കാതെ ദുര്‍വ്യഖാനം ചെയ്യപ്പെടുന്നു. 5) സൂഫികള്‍ അലങ്കരിച്ച ഉന്നത സ്ഥാനങ്ങള്‍. മഹാനായ ശൈഖ് ഹുജ്‌വീരി (റ) തന്റെ വിശ്വ വിഖ്യാതമായ ഗ്രന്ഥം കശ്ഫുല്‍ മഹ്ജൂബില്‍ പറയുന്നു,  'സൂഫിസം മുമ്പ് പേരില്ലാത്ത നേരായിരുന്നു. ഇന്നത് നേരില്ലാത്തോരു പേരാണ്'.
സൂഫിസം തെറ്റിദ്ധെരിക്കപ്പെടാനും അതിനെ ഇസ്‍ലാമിനതീതമായി  ചിത്രീകരിക്കപ്പെടാനും കാരണമായത് പാശ്ചാത്ത്യരുടെയും പൗരസ്ത്യ വാദികളുടെയും പരിഭാഷകളും രചനകളുമാണ്. 1889 ആര്‍. എ നിക്കോള്‍സണ്‍ റൂമിയുടെ ദീവാനെ കബീറില്‍ നിന്ന് 48 ഗസലുകളെ പരിഭാഷപ്പെടുത്തിയിരുന്നു. പക്ഷെ അതില്‍ നിന്നുള്ള 7 ഗസലുകള്‍ ആധികാരികമായിരുന്നില്ല. ഈ ഏഴണ്ണത്തില്‍ പെട്ടവയാണ് പില്‍കാലത്ത് പാശ്ചാത്ത്യര്‍ക്കിടയില്‍ പ്രസിദ്ധമായത്. ആയതിനാല്‍ തന്നെ നിക്കോള്‍സണിന്റെ കൈകടത്തലുകള്‍ വിശ്വസിച്ച് അവര്‍ റൂമിയെ ജനകീയമാക്കുകയും മതവിരുദ്ധനാക്കുകയും ചെയ്തുവെന്നാണ് മനസ്സിലാവുന്നത്. 
ചുരുക്കത്തില്‍, റൂമീ ഗ്രന്ഥങ്ങളെ പരിഭാഷ ചെയ്തവരില്‍ അധികവും പേര്‍ഷ്യന്‍ ഭാഷ അറിയാത്തവര്‍ ആയിരുന്നു. അവര്‍ ഇറാനില്‍ നിന്ന് അമേരിക്കയിലേക്ക് കുടിയേറിയവരില്‍ നിന്ന് പേര്‍ഷ്യന്‍ ഭാഷ മനസ്സിലാക്കിയിട്ടാണ് റൂമി ഗ്രന്ഥങ്ങളെ പരിഭാഷപ്പെടുത്തിയത്. അധിക ഗ്രന്ഥങ്ങളിലും പല വക്രീകരണങ്ങളും നടത്തി. ബാര്‍ക്ക്‌സിന്റെ മൊഴിമാറ്റങ്ങള്‍ തീര്‍ത്തും അടിസ്ഥാനരഹിതമായിരുന്നു. തന്ത്രപൂര്‍വ്വം റൂമി ഗ്രന്ഥങ്ങളില്‍ നിന്ന് 'ദൈവം' എന്ന പദത്തെ ഒഴിവാക്കുക വരെ ബാര്‍ക്‌സ് ചെയ്തതായി കാണാം.

Related Posts

Leave A Comment

Voting Poll

Get Newsletter