നഹ്‌വുൽ ഖുലൂബ്: വ്യാകരണത്തിന്റെ ആദ്ധ്യാത്മിക മുഖം

അറബി വ്യാകരണ ശാസ്ത്രത്തിലെ ഭാഷാ നിയമങ്ങളും സാങ്കേതിക പദങ്ങളും തസ്വവ്വുഫിന്റെ തത്വങ്ങൾ അടിസ്ഥാനമാക്കി വ്യാഖ്യാനിക്കുന്ന ഒരു ശാസ്ത്ര ശാഖയാണ് നഹ് വുൽ ഖുലൂബ്. നഹ്‌വുൽ ഇശാറാത്ത്, നഹ്‌വുസൂഫി എന്നീ പേരുകളിലും ഇത് അറിയപ്പെടുന്നു.

അറബി വ്യാകരണ നിയമത്തിലെ ഇഴകീറിയ ചർച്ചകൾ വരെ ആത്മ സംസ്കരണ തലത്തിൽ വ്യാഖ്യാനിക്കുന്ന ഈ വേറിട്ട വ്യാഖ്യാന രീതി അതിശയകരമാണ്. സൃഷ്ടികളിലൂടെ സ്രഷ്ടാവിലേക്ക് എത്തിച്ചേരുന്ന ആത്മജ്ഞാനികൾ പ്രപഞ്ചത്തിലെ ഓരോ സൃഷ്ടികളെയും അവരുടെ അകക്കണ്ണ് കൊണ്ട് നോക്കിക്കാണുന്നവരാണ്. പ്രപഞ്ചത്തിലെ ഓരോ മൺതരിയിൽ നിന്നും സ്രഷ്ടാവിന്റെ അനിവാര്യതയും അവന്റെ അപാരമായ കഴിവിനെയും അവർ തിരിച്ചറിയുന്നു. കാണുന്നതും കേൾക്കുന്നതും അനുഭവിക്കുന്നതും  അദ്ധ്യാത്മികതയുടെ ഉയരങ്ങളിലേക്ക് ഉയരാനും ഉണരാനുമുള്ള മാധ്യമങ്ങളാക്കി മാറ്റുന്നു അവര്‍.

പരിശുദ്ധ ഖുർആനും തിരുസുന്നത്തും ഗ്രാഹ്യമാവാൻ അത്യന്തപേക്ഷിതമായ അറബി വ്യാകരണ നിയമങ്ങളെയും ദിവ്യജ്ഞാനികൾ അവരുടെ ഉൾക്കാഴ്ച കൊണ്ട് വീക്ഷിച്ചപ്പോൾ അതിലും അവർക്ക് കാണാൻ കഴിഞ്ഞത് ആത്മജ്ഞാനങ്ങളും അദ്ധ്യാത്മിക തത്വങ്ങളുമാണ്. അങ്ങനെ അവർ വ്യാകരണത്തെ രണ്ടായി തരംതിരിച്ചു. ഒന്ന്,  നഹ്‌വു  ലിസാൻ അഥവാ ഭാഷ വ്യാകരണം. ഇത് ഭാഷയെയും സംസാരത്തെയും ശരിപ്പെടുത്താനും കുറ്റമുക്തമാക്കാനും സഹായിക്കുന്നു .രണ്ട്, നഹ്‌വുൽ ഖുലൂബ്  അഥവാ ഹൃദയ വ്യാകരണം. ആത്മ സംസ്കരണത്തിനും വ്യക്തിവിശുദ്ധിക്കും അടിമയെ ഉടമയിലേക്ക് അടുപ്പിക്കുന്നതിനും ഉള്ളതാണ് നഹ്‌വുൽ ഖുലൂബ്. നഹ്‌വുൽ ലിസാനിനെക്കാൾ പ്രാമുഖ്യവും പ്രാധാന്യവും നൽകേണ്ടത് നഹ്‌വുൽ ഖുലൂബിനാണ്. കാരണം നഹ്‌വുൽ ഖുലൂബ് ലക്ഷ്യം വെക്കുന്നത് സ്രഷ്ടാവിന്റെ നോട്ട സ്ഥലമായ ഹൃദയ വിശുദ്ധിയെയാണ്.

നിരവധി തത്വജ്ഞാനികൾ ഈ ശാസ്ത്ര ശാഖയിൽ ഗ്രന്ഥരചന നിർവഹിച്ചിട്ടുണ്ട്. സ്വതന്ത്രമായ രചനകളും അറബി നഹ്‌വ് കിതാബുകളെ വിശദീകരിച്ചുള്ള വ്യാഖ്യാന രചനകളും നഹ്‌വുൽഖുലൂബിനെ സമ്പന്നമാക്കിയിട്ടുണ്ട്. ഇമാം ഗസ്സാലി(റ) അടക്കമുള്ള പണ്ഡിത മഹത്തുക്കളുടെ സൂചനകളും ഉദ്ധരണികളുമാണ് നഹ്‌വുൽഖുലൂബിന്റെ ആധാരശിലയായി നിലകൊള്ളുന്നത്.

ആദ്യമായി ഈ മേഖലയിൽ ക്രോഡീകരണവും ഗ്രന്ഥരചനയും നടത്തിയതായി അറിയപ്പെടുന്നത് ലോകപ്രശസ്ത ആത്മീയ ഗുരുവര്യരായ ഇമാം അബ്ദുൽകരീം ഖുശൈരി(റ) എന്നവരാണ്. തസ്വവ്വുഫിലും ആത്മജ്ഞാനികൾക്കിടയിലും വ്യാപകമായി ഉപയോഗിക്കുന്ന സാങ്കേതിക പദങ്ങളെ സവിസ്തരം പ്രതിപാദിക്കുന്ന ലോകതലത്തിൽ പ്രചുര പ്രചാരം നേടിയ രിസാലത്തുൽ ഖുശൈരിയുടെ രചയിതാവാണ് ഇദ്ദേഹം. ഹിജ്റ 465ല്‍ വഫാത്തായ മഹാനവര്‍കൾ ഈ മേഖലയിൽ അമൂല്യമായ സംഭാവനകൾ സമർപ്പിച്ചിട്ടുണ്ട്. അറബി വ്യാകരണ ശാസ്ത്രത്തിലെ അറുപതിൽപരം അധ്യായങ്ങളെ പ്രതിപാദിച്ച്  അവകൾക്ക് ആധ്യാത്മിക സരണിയിൽ വ്യാഖ്യാനവും വിശദീകരണവും നൽകി  'നഹ്‌വുൽ ഖുലൂബ് ' എന്ന പേരിൽ പ്രഥമമായി ഈ മേഖലയിൽ ഗ്രന്ഥരചന നടത്തിയത് അദ്ദേഹമാണ്.

തുടർന്ന് കൂടുതൽ കുറിപ്പടികളും വ്യാഖ്യാനങ്ങളും ഉൾപ്പെടുത്തി 'നഹ്‌വുൽ ഖുലൂബ് കബീർ' എന്ന ബൃഹത്തായ ഗ്രന്ഥവും ലോകത്തിന് സമർപ്പിച്ചു. പിൽക്കാലത്ത് ഈ വിജ്ഞാന ശാഖയിലെ പഠിതാക്കൾക്കും അന്വേഷകർക്കും ഇമാം ഖുശൈരിയുടെ ഈ രചനകൾ നിസ്തുലമായ അവലംബമായി തീർന്നിട്ടുണ്ട്. 

സുൽത്വാനുൽ ഉലമ എന്ന അപരനാമത്തിൽ മുസ്‍ലിം ലോകത്ത് സുപരിചിതനും ശാഫിഈ കർമശാസ്ത്ര സരണിയിലെ പ്രതിഭാശാലിയും ലോകപ്രശസ്ത സൂഫിവര്യനുമായ ഇസ്സുദ്ധീൻ ബ്നുഅബ്ദിസലാം(റ) എന്നിവരാണ് പിന്നീട് ഈ മേഖലയിൽ ഗ്രന്ഥരചന നിർവഹിച്ചത്. അറബി വ്യാകരണ നിയമത്തിലെ ഇരുപതിൽപരം അദ്ധ്യായങ്ങളെ ആത്മീയോപദേശങ്ങളായും തസ്വവ്വുഫിലെ അടിസ്ഥാന തത്വങ്ങളായും വ്യാഖ്യാനിച്ച് "തൽഖീസുൽ ഇബാറ ഫീ നഹ്‌വി അഹ്‍ലിൽ ഇശാറ" എന്ന ഗ്രന്ഥം അദ്ദേഹം രചിച്ചു. ഓരോ വ്യാഖ്യാനങ്ങളും പരിശുദ്ധ ഖുർആൻ വാക്യങ്ങൾ തെളിവായി ഉദ്ധരിച്ചുകൊണ്ടുള്ള അദ്ദേഹത്തിന്റെ സമർത്ഥനപാടവം നഹ്‍വുൽഖുലൂബിലെ ആഴത്തിലേക്കുള്ള അർത്ഥ തലങ്ങളിലേക്ക് വിരൽ ചൂണ്ടുന്നതാണ്.

നഹ്‍വുൽഖുലൂബിലെ രചനകളുടെ മറ്റൊരു ഇനം അറബി നഹ്‍വ് കിതാബുകൾക്ക് എഴുതപ്പെട്ട വിശദീകരണ ഗ്രന്ഥങ്ങളാണ്. അറബി ഭാഷാ പഠിതാക്കൾ പ്രാഥമികമായി അവലംബിക്കുന്നതും ലോകതലത്തിൽ വ്യാപകമായി പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യപ്പെടുന്നതുമായ വിശ്വവിഖ്യാതമായ അറബി വ്യാകരണ കൃതിയാണ് ആജുറൂമിയ്യ. ഇതിന്റെ നൂറുകണക്കിന്  വിശദീകരണ ഗ്രന്ഥങ്ങളിൽ  നഹ്‍വുൽഖുലൂബിൽ എഴുതപെട്ട ചില വിശദീകരണ ഗ്രന്ഥങ്ങളും നമുക്ക് കാണാം. ഹിജ്റ 899ല്‍ വഫാത്തായ അഹമ്മദ് സറൂഖ്(റ) എന്നിവരാണ് ആജുറൂമിയ്യയിലെ വ്യാകരണ നിയമങ്ങളെ അദ്ധ്യാത്മിക  സാരോപദേശങ്ങളായി വിശദീകരിച്ച് ആദ്യമായി ഗ്രന്ഥരചന നിർവഹിച്ചത്. അപ്രകാരം, രിസാലത്തുൽ മൈമൂനിയ്യ ഫീ തൗഹീദിൽ ആജു റുമിയ്യ  എന്ന പേരിൽ ഇബ്നുമൈമൂൻ(റ)വും തസ്വവ്വുഫിലെ ആഴത്തിലുള്ള അർത്ഥതലങ്ങളിലേക്ക് വെളിച്ചം വീശും വിധം ആജുറൂമിയക്ക് വിശദീകരണഗ്രന്ഥം രചിച്ചിട്ടുണ്ട്. 

1224ൽ വഫാത്തായ ഇമാം അഹമ്മദുബ്നുഅജീബ(റ) അൽഫുതൂഹാതുൽ ഖുദ്സിയ്യ ഫീ ശർഹിൽമുഖദ്ദിമതുൽ ആജുറുമിയ്യ' എന്ന പേരിൽ ആജുറൂമിയ്യക്ക്  സൂഫീ വ്യാകരണത്തിൽ മറ്റൊരു വിശദീകരണ ഗ്രന്ഥവും രചിച്ചതായി കാണാം. അറബി വ്യാകരണശാസ്ത്രത്തിലെ മാസ്റ്റർ പീസായ ഇബ്നു മാലിക്(റ)ന്റെ  അൽഫിയക്കും തസ്വവ്വുഫിൽ വിശദീകരണ ഗ്രന്ഥങ്ങൾ രചിക്കപ്പെട്ടിട്ടുണ്ട്. ഹിജ്റ 1284 ൽ വഫാതായ  അബൂബക്കറുൽ ബന്നാനി  അൽഫിയ്യയുടെ മുഴുവൻ വരികൾകൾക്കും അദ്ധ്യാത്മിക  സരണിയിൽ ദ്വയാർത്ഥങ്ങൾ നൽകി തുഹ്ഫതുൽ മുലൂകി വൽ മമാലീക് ബി ശറഹി അൽ ഫിയ്യതി ബ്നി മാലിക് എന്ന പേരിൽ  വിശദീകരണം ഗ്രന്ഥം രചിച്ചിട്ടുണ്ട്. ആജുറിമിയ്യക്ക് എഴുതപ്പെട്ട ഗ്രന്ഥങ്ങൾ ഇന്ന് വിപണിയിൽ ലഭ്യമാണെങ്കിലും അൽഫിയുടെ സൂഫി വ്യാകരണ ഗ്രന്ഥങ്ങൾ ലഭ്യമായതായി അറിയില്ല.

ഈ ഗ്രന്ഥങ്ങളെയെല്ലാം അടിസ്ഥാനപ്പെടുത്തി ഇന്ന് അന്താരാഷ്ട്രതലത്തിൽ യൂണിവേഴ്സിറ്റികളിലും ഉന്നത കലാലയങ്ങളിലും നഹ്വുൽഖുലൂബിനെ  കുറിച്ച് ചർച്ചകളും സംവാദങ്ങളും  പഠനങ്ങളും  നടക്കുന്നു എന്നത് എന്നത് ശ്രദ്ധേയമായ കാര്യമാണ്. ഈ രംഗത്ത് കൂടുതല്‍ മുന്നേറ്റങ്ങള്‍ വരുമെന്ന് തന്നെ നമുക്ക് പ്രതീക്ഷിക്കാം.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter