തസ്വവുഫ്‌ ഒരു ആമുഖം
 width=തസ്വവുഫിനു ഒരു ആമുഖമായി വായിക്കപ്പെടാവുന്നതാണ് ഇമാം ഗസാലി(റ) വിന്റെ തസ്വവുഫിനെ സംബന്ധിച്ച വിലയിരുത്തല്‍. അദ്ദേഹം കാലങ്ങളോളം തസ്വവുഫ്‌ ഉള്‍പെടെ വിവിധ തത്വ ശാസ്ത്രങ്ങളെ കുറിച്ച് ആഴത്തില്‍ പഠിക്കുകയും വിലയിരുത്തുകയും ചെയ്തു. ഒടുവില്‍ തസ്വവുഫിനെ സംബന്ധിച്ച് അദ്ദേഹം പറയുന്നത് കാണുക:- “പിന്നീട് ഈ വിജ്ഞാന ശാഖകളില്‍ നിന്നും വിരമിച്ചപ്പോള്‍  എന്റെ ശ്രദ്ധ സൂഫി വഴിയിലേക്ക് തിരിക്കുകയും അവരുടെ മാര്‍ഗം സംപൂര്‍ണമാവുന്നത് അറിവും കര്‍മവും കൊണ്ട് മാത്രമാണ് എന്ന് മനസ്സിലാക്കുകയും ചെയ്തു. അവരുടെ ജ്ഞാനത്തിന്റെ ആകെ തുക ദേഹേച്ചയുടെ കടമ്പകളെ വിട്ടുകടക്കുകയും മോശം സ്വഭാവങ്ങളില്‍ നിന്നും ദുഷിച്ച വിശേഷണങ്ങളില്‍ നിന്നും സംശുധമാവുകയും അത് മുഖേനെ അല്ലാഹുവല്ലാത്ത സര്‍വതില്‍ നിന്നും ഹ്രദയത്തെ മുക്തമാക്കുകയും അല്ലാഹുവിന്‍റെ സ്മരണയാല്‍ അതിനെ അലംകൃതമാക്കുകയും ചെയ്യുക എന്നതാണ്.”1- പിന്നീടദ്ദേഹം പ്രസിദ്ധരായ തസവുഫിന്റെ മശാഇഖുമാരുടെ ഗ്രന്ഥങ്ങള്‍ പാരായണം ചെയതും അവരെ ശ്രവിച്ചും തസവുഫുനെ ആഴത്തില്‍ പഠിച്ചു. എന്നട്ടദ്ദേഹം പറയുന്നു: -“അപ്പോഴെനിക്ക് മനസിലായി, അവരുടെ (സൂഫികളുടെ) ഉന്നതമായ  സവിശേഷതകളിലേക്ക്  എത്തിച്ചേരാന്‍ പഠനം കൊണ്ട് കഴിയില്ല, മറിച്ച് അനുഭവിച്ചു കൊണ്ടും (പ്രത്യേകമായ) അവസ്ഥ(യിലെത്തല്‍)കൊണ്ടും (ആത്മീയ) വിശേഷണങ്ങള്‍ക്ക്  മാറ്റം വരല്‍ കൊണ്ടും മാത്രെമേ സാധ്യമാവൂ.”2-ഒരാള്‍ രോഗവിമുക്തന്‍ ആകുന്നതിന്റെയും  വിശപ്പുമാറുന്നതിന്റെയും നിര്‍വചനങ്ങളും അവയുടെ നിബന്ധനകളും കാരണങ്ങളും പഠിച്ചു മനസ്സിലാക്കുന്നതും താന്‍ തന്നെ രോഗവിമുക്തനും വിശപ്പകന്നവനും ആകുന്നതിന്റെയും ഇടയില്‍ എത്ര അന്തരമുണ്ട്  എന്ന ഉദാഹരണവും അദ്ദേഹം നല്‍കുന്നുണ്ട് . അതായതു തസ്വവുഫെന്നത് ഒരു ഡോക്ടറേറ്റ് നേടിയാല്‍ പോലും നൈപുണ്യം നേടാവുന്ന വിഷയമല്ല മറിച്ച് അതിലുമപ്പുറം അനുഭവിച്ചറിഞ്ഞാല്‍  മാത്രം പൂര്‍ണമാവുന്ന കാര്യങ്ങള്‍ അതിലടങ്ങിയിട്ടുണ്ട്‌  എന്നതാണ് ആമുഖമായി നാം അറിയേണ്ട സുപ്രധാന കാര്യം. ഉല്പത്തി തസ്വവുഫ് (تصوف) എന്ന അറബി വാക്കിന്‍റെ  ഉല്പത്തി സംബന്ധിച്ച് ധാരാളം അഭിപ്രായങ്ങള്‍ ഉണ്ടെങ്കിലും തസവുഫ്‌ ഒരു ആത്മീയ സ്പര്‍ശം ഉള്ള വിഷയമെന്ന നിലക്ക്  സ്വഫാഅ്  (صفاء) സംശുദ്ധത എന്നതില്‍ നിന്നാണെന്ന അഭിപ്രായമാണ്  കൂടുതല്‍ സ്വീകാര്യതയുള്ളത് . തിരു നബീ സ്വല്ലല്ലാഹു അലൈഹി വ സല്ലമയുടെ കാലത്ത് ഇസ്ലാമിക ജ്ഞാനം നേടുവാന്‍ മുഴു സമയവും നീക്കിവച്ചിരുന്ന സഹാബി വര്യന്മാരെ സ്വുഫത്തിന്‍റെ (صفة) അഹുലുകാര്‍ എന്ന് വിളിക്കപ്പെട്ടിരുന്നു. സ്വുഫത്(صفة) എന്നാല്‍ മദീനയിലെ പരിശുദ്ധമായ മസ്ജിദുന്നബവിയുടെ പിന്‍വശത്തുള്ള ഒരു സ്ഥലമാണ്‌. അവിടെ കഴിഞ്ഞു കൂടിയ സഹാബി വര്യന്മാര്‍ക്ക് ഭൌതികമായ ഒരു കാര്യത്തിലും താല്പര്യമുണ്ടായിരുന്നില്ല മറിച്ചു തിരു നബീ സ്വല്ലല്ലാഹു അലൈഹി വ സല്ലമയില്‍ നിന്നും ലഭിക്കുന്ന ജ്ഞാന മുത്തുകള്‍ ശേഖരിക്കലായിരുന്നു അവരുടെ ലക്‌ഷ്യം. അത് പ്രകാരം ഈ സ്വുഫത്ത് (صفة) എന്ന വാക്കില്‍ നിന്നാണ് സൂഫി (صوفي) എന്ന വാക്ക് ഉത്ഭവിച്ചത് എന്ന് പറയുന്നവരും ഉണ്ട്. സൂഫികള്‍ ധരിക്കുന്ന ലാളിത്യത്തിന്‍റെ വസ്ത്രമായ കംബ്ലി വസ്ത്രം എന്നര്‍ത്ഥം വരുന്ന (صوف) എന്ന വാക്കില്‍ നിന്നുമാണ് എന്നും അഭിപ്രായവും കാണാം. ഇവയൊന്നും പരസ്പരം എതിരാവുന്നില്ല എന്നതിനാല്‍ തള്ളിക്കളയേണ്ടവയല്ല. നിര്‍വചനം: തസ്വവുഫിന് ഓരോ പണ്ഡിതന്മാരും ഓരോ നിര്‍വചനം എന്ന രീതിയില്‍ ധാരാളം നിര്‍വചനം കാണാം അവയില്‍ വളരെ സംക്ഷിപ്തവും ലളിതവുമായ ഒരു നിര്‍വചനം സകരിയ അല്‍ അന്‍സാരി (റ) പറയുന്നുണ്ട്  : ആത്മാവിനെ സംസ്കരിക്കുന്നതും സ്വഭാവ ശുദ്ധീകരണവും അകവും പുറവും സജീവമാക്കുന്നതും എങ്ങിനെയെന്നും അറിയാനുതകുന്ന വിജ്ഞാന ശാഖയാണ് തസ്വവുഫ്‌ "3 ഇബ്നു അജീബ (റ) പറയുന്ന മറൊരു നിര്‍വചനം ഒരു സൂഫിയുടെ മൂന്ന്‍ ഘട്ടങ്ങലിലേക്ക് സൂചിപ്പിക്കുന്നതാണ്: "തസ്വവുഫ്‌ എന്നത് രാജാധി രാജനായ അല്ലാഹുവിലേക്ക് എങ്ങിനെ സഞ്ചരിക്കുമെന്നും മ്ലേച്ചതകളില്‍ നിന്നും അകം എങ്ങിനെ സംശുധമാക്കുമെന്നും അകമെങ്ങിനെ സവിശേഷതകളാല്‍ ധന്യമാക്കാമെന്നും അറിയാനുതകുന്ന വിജ്ഞാന ശാഖയാണ്, (അതായതു) തസ്വവുഫിന്റെ പ്രാരംഭം അറിവും മധ്യ ഭാഗം കര്‍മവും പര്യവസാനം (അല്ലാഹുവില്‍ നിന്നും ലഭിക്കുന്ന) സമ്മാനവും ആകുന്നു"4 ചുരുക്കിയാല്‍ മിക്ക നിര്‍വചനങ്ങളില്‍ നിന്നും സംഗ്രഹ്ക്കാവുന്ന കാര്യം തസ്വവുഫ്‌ നിര്‍വഹിക്കുന്ന ധര്‍മം മനുഷ്യന്റെ മനസ്സിനെയും ആത്മാവിനെയും സംസ്കരിച്ച് അവനില്‍ ഉന്നതമായ ഗുണവിശേഷങ്ങള്‍ സന്നിവേശിപ്പിക്കാനുതകുന്ന ജ്ഞാനവും അതിലൂന്നിയ പരിശീലനവും നല്‍കി അതുവഴി അവനെ  ദൈവീകമായ പ്രത്യേക അനുഗ്രഹം സ്വീകരിക്കാന്‍ പ്രാപ്തനാക്കുക എന്നതാണ്. അവലംബം 1. അല്‍ മുന്‍ഖിദു മിനദലാല പേ. 29 2. അല്‍ മുന്‍ഖിദു മിനദലാല പേ. 29 3. അരിസാലതുല്‍ ഖുശൈരിയ. പേ. 7 4. മിഅ്റാജുതശവുഫി ഇലാ ഹഖാഇഖിത്തസ്വവുഫി. പേ.4    

Leave A Comment

1 Comments

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter