തസ്വവ്വുഫ്: അര്‍ത്ഥവും പ്രയോഗവും

തസ്വവ്വുഫ്, സൂഫിസം, ത്വരീഖത്ത് തുടങ്ങിയ പദങ്ങള്‍ വിവിധ ധ്രുവങ്ങളില്‍ വ്യാഖ്യാനിക്കപ്പെട്ടുകൊണ്ടിരിക്കുന്ന കാലമാണിത്. ഒരു വിഭാഗം എല്ലാം മറന്ന് ഇതിന്റെ പ്രചാരണത്തിന് ഇറങ്ങുമ്പോള്‍ മറ്റൊരു വിഭാഗം ഇത് തനി ജൂത സൃഷ്ടിയാണെന്നും മുസ്‌ലിംകളെ നിഷ്‌ക്രിയരാക്കാനുള്ള ഗൂഢ നീക്കമാണെന്നും വാദിക്കുന്നു.
നിസ്‌കാരമുപേക്ഷിച്ചും അന്യസ്ത്രീകളെ സ്പര്‍ശിച്ചും സൂഫീ ചമയുന്ന വ്യാജന്മാര്‍ ഇന്ന് സുലഭമാണ്. തസ്വവ്വുഫിന്റെ ശരിയായ വശം ഉള്‍കൊള്ളാത്തതുകൊണ്ടും സൂഫിസം ക്രിത്യമായി നിര്‍വ്വഹിക്കപ്പെടാത്തതുകൊണ്ടുമാണ് ഇതൊക്കെ സംഭവിക്കുന്നത്.
ഉമര്‍ (റ) വില്‍നിന്ന് ഇമാം മുസ്‌ലിം നിവേദനം ചെയ്യുന്ന ദീര്‍ഘമായ ഹദീസില്‍ ജിബ്‌രീല്‍ (അ) നബിയോട് ഈമാന്‍, ഇസ്‌ലാം, ഇഹ്‌സാന്‍ എന്നിവയെക്കുറിച്ച് ചോദിക്കുന്നുണ്ട്. അതില്‍ ഇഹ്‌സാനിനെ നബി ഇങ്ങനെ പരിചയപ്പെടുത്തുന്നു: ഇഹ്‌സാന്‍ എന്നാല്‍ അല്ലാഹുവിനെ നീ കാണുന്നുണ്ട് എന്ന ധാരണയോടെ ആരാധിക്കലാണ്. നീ അവനെ കാണുന്നില്ലെങ്കിലും അവന്‍ നിന്നെ കാണുന്നുണ്ട്.
ഹദീസില്‍ പ്രതിപാദിക്കപ്പെട്ട മൂന്നു ഘടകങ്ങളും മൂന്നു വിജ്ഞാന ശാഖകളിലായി പരന്നുകിടക്കുന്നു. ഫിഖ്ഹ് എന്ന പേരില്‍ ഇസ്‌ലാമും അഖീദ എന്ന പേരില്‍ ഈമാനും അറിയപ്പെടുന്നു. ഇഹ്‌സാന്‍ തസ്വവ്വുഫ് എന്ന എന്ന നിലക്കാണ് മനസ്സിലാക്കപ്പെടുന്നത്. ഇത് അനുഭവിച്ചവര്‍ സൂഫികള്‍ എന്ന പേരിലും അറിയപ്പെട്ടുതുടങ്ങി.
വായനക്കപ്പുറം അനുഭവമാണ് സൂഫിസം. എങ്കിലും, ആത്മിക സഞ്ചാരത്തിനിടയില്‍ ഒരു അടിമക്കുണ്ടാകുന്ന അനുഭവങ്ങള്‍ വിവരിക്കുന്ന നിരവധി ഗ്രന്ഥങ്ങള്‍ വിരചിതമായിട്ടുണ്ട്. അബൂഥാലിബ് അല്‍ മാലിക്കി (റ) യുടെ ഖൂത്തുല്‍ ഖുലൂബ്, ത്വൂസിയുടെ കിതാബുല്ലമഅ്്, ഇമാം ഖുശൈരിയുടെ അര്‍രിസാലത്തുല്‍ ഖുശൈരിയ്യ, ശൈഖ് ഹുജ്‌വിരിയുടെ കശ്ഫുല്‍ മഹ്ജൂബ്, ശൈഖ് ശറഫുദ്ദീന്‍ മനേരിയുടെ മക്തൂബാത്തെ സ്വാദി എന്നിവ അവയില്‍ ചിലതാണ്.
സൂഫി എന്ന പദത്തിന്റെ ഉല്‍പത്തിയെക്കുറിച്ച് ഭിന്ന വീക്ഷണങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. രോമ വസ്ത്രും എന്നര്‍ത്ഥമുള്ള സ്വൂഫ് എന്ന പദത്തില്‍നിന്നാണ് സ്വൂഫി, തസ്വവ്വുഫ് തുടങ്ങിയ പദങ്ങള്‍ ഉല്‍ഭവിച്ചതെന്ന് ചിലര്‍ പറയുന്നു. വരി, നിര എന്നര്‍ത്ഥമുള്ള സ്വഫ്ഫ് എന്ന പദത്തില്‍നിന്നാണ് അത് ഉണ്ടായതെന്ന് പറഞ്ഞവരുമുണ്ട്. സൂഫിവര്യന്മാര്‍ എപ്പോഴും അല്ലാഹുവിന്റെ അടുക്കല്‍ ഒന്നാം നിരയില്‍ ആയതിനാലാണ് ഈ പേര്‍ വന്നത്. അഹ്‌ലുസ്സുഫയുടെ പിന്‍മുറക്കാരായതിനാലാണ് ഈ പേര് ലഭിച്ചത് എന്നു പറഞ്ഞവരും ഉണ്ട്.

സ്വഫാഅ്് (ഹൃദയ സ്ഫുടത) ഉള്ളവനേ സൂഫിയാവാന്‍ കഴിയുന്നുള്ളൂ. ഈ ഹൃദയ സ്ഫുടത പൂര്‍ണമാവാന്‍ രണ്ടു നിബന്ധനകളുണ്ട്:
1. അല്ലാഹു അല്ലാത്ത മറ്റെല്ലാറ്റില്‍നിന്നും ബന്ധം വിച്ഛേദിക്കല്‍
2. ഭൗതിക ലോകത്തിന്റെ വലയില്‍നിന്നും രക്ഷപ്പെടല്‍

ഈ രണ്ടു ഗുണങ്ങള്‍ ഒത്തിണങ്ങിയ ഒരാളെ സംബന്ധിച്ചിടത്തോളം അല്ലാഹു അല്ലാത്തതെല്ലാം നശ്വരങ്ങളാണ്. അതില്‍ താല്‍പര്യം വെച്ച് ജീവിക്കാന്‍ അവന്‍ തയ്യാറാവുകയില്ല. ഹസ്രത്ത് ഹാരിസ് (റ) വിനോട് പ്രവാചകന്‍ ചോദിച്ചു: നിന്റെ അവസ്ഥ എങ്ങനെയുണ്ട്? ‘ഞാന്‍ സത്യമായും ഒരു മുഅ്്മിനായിരിക്കുന്നു’ അദ്ദേഹം പറഞ്ഞു.
നബി ചോദിച്ചു; ആലോചിച്ചു പറഞ്ഞാല്‍ മതി. ഏതൊരു വസ്തുവിനും ഒരു അന്തസത്തയുണ്ട്. നിന്റെ ഈമാനിന്റെ അന്തസത്ത എന്താണ്?
അദ്ദേഹം പറഞ്ഞു: ഭൗതിക ലോകത്തിന്റെ വലയില്‍നിന്ന് എന്റെ ശരീരത്തെ ഞാന്‍ മോചിപ്പിച്ചു. അപ്പോള്‍ ഇവിടെയുള്ള കല്ലും സ്വര്‍ണവും വെള്ളിയും മണ്‍കട്ടയും എല്ലാം സമമാണെന്ന് എനിക്ക് ബോധ്യപ്പെട്ടു. രാത്രി ഉറക്കൊഴിച്ചും പകല്‍ ദാഹം സഹിച്ചും ഞാന്‍ ആരാധനാ നിരതനായി. അല്ലാഹുവിന്റെ അര്‍ശ് നേരില്‍ കാണുന്നതുപോലെ എനിക്ക് അനുഭവപ്പെടുന്നു. സ്വര്‍ഗാവകാശികള്‍ സ്വര്‍ഗത്തിലും നരകാവകാശികള്‍ നരകത്തിലും വ്യാപരിക്കുന്നത് നേരില്‍ കാണുന്നതുപോലെ തോന്നുന്നു.


അബുല്‍ ഹുസൈന്‍ അന്നൂരി (റ) പറയുന്നു: ആത്മാവിന്റെ സ്ഫുടത കാരണം അല്ലാഹുവിന്റെ തിരുസന്നിധിയില്‍ ഒന്നാം നിരയില്‍ എത്തിയവരാണ് സൂഫികള്‍. കിത്താബിലും സുന്നത്തിലുമില്ലാത്ത ജൂത സൃഷ്ടിയായി തസ്വവ്വുഫ് മുദ്ര കുത്തപ്പെടുന്നുണ്ട്. കുറേ വ്യാജ സൂഫികളുടെ കടന്നുവരവാണ് ഇതിനു കാരണം.  കിത്താബും സുന്നത്തും അനുസരിച്ചുള്ള ജീവിതമാണ് യഥാര്‍ത്ഥ തസ്വവ്വുഫ്. ശൈഖ് സൈനുദ്ദീന്‍ മഖ്ദൂം (റ) അദ്കിയയില്‍ പറയുന്നു: എല്ലാ മശായിഖുമാരുടെയും ആത്മീയസരണി കിത്താബിലും സുന്നത്തിലും നിക്ഷിപ്തമാണ്.

 


Also Read:തസ്വവ്വുഫിന്റെ പ്രാധാന്യം


ഒരാള്‍ യഥാര്‍ത്ഥ സൂഫിയാണോ എന്നു പരിശോധിക്കാനുള്ള മാനദണ്ഡം കിത്താബും സുന്നത്തും തന്നെയാണ്. അവക്ക് വിരുദ്ധമാണ് അവന്റെ പ്രവര്‍ത്തനമെങ്കില്‍ വ്യാജനോ ദൈവിക യാത്രയില്‍ ഭ്രമം പിടിച്ചവനോ ആണെന്നു വിധി കല്‍പിക്കാം.
അബൂ യസീദ് അല്‍ ബിസ്താമി (റ) പറയുന്നു: വായുവില്‍ പറക്കാന്‍ മാത്രം കറാമത്തുകള്‍ ഒരാള്‍ കാണിച്ചാലും ശരീഅത്തിന്റെ വിധിവിലക്കുകള്‍ അവന്‍ അംഗീകരിക്കുന്നുണ്ടോ എന്നു നോക്കിമാത്രമേ അയാളെ അംഗീകരിക്കാന്‍ പറ്റൂ. അല്‍ഭുതങ്ങളില്‍ ആരും ചതിക്കപ്പെട്ടുകൂടാ.
നിമിഷ നേരം കൊണ്ട് കിഴക്കു മുതല്‍ പടിഞ്ഞാറുവരെ സഞ്ചരിക്കുന്ന ഒരാളെക്കുറിച്ച് ഒരൂ സൂഫിവര്യനോട് പറയപ്പെട്ടു. ‘ഇബ്‌ലീസും അങ്ങനെത്തന്നെയാണെല്ലോ എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. വായുവിലൂടെ പറക്കുന്ന ഒരാളെക്കുറിച്ച് പറയപ്പെട്ടപ്പോള്‍ ‘ഈച്ചയും അങ്ങനെ ചെയ്യാറുണ്ട്’ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. അല്‍ഭുതങ്ങളല്ല തസ്വവ്വുഫിന്റെ മാനദണ്ഡം എന്നു സാരം.
ഒരാള്‍ എത്രത്തോളം അല്ലാഹുവിന്റെ അടിമയായി ജീവിക്കുന്നുവോ അത്രയും അവന്‍ സൂഫിയായി എന്നു പറയാം. കാരണം, താന്‍ നുറു ശതമാനവും ഒരു അടമയാണ് എന്ന ബോധം ഒരാളില്‍ വളര്‍ത്തലാണ് തസ്വവ്വുഫിന്റെ ലക്ഷ്യം. ‘അല്ലാഹുവിന്റെ അബ്ദ്’ എന്നു വിളിക്കപ്പെടലായിരുന്നു നബിക്ക് ഏറ്റവും ഇഷ്ടം.  തസ്വവ്വുഫിലൂടെ ഒരാള്‍ എത്തിച്ചേരുന്നത് തോന്നിവാസത്തിലേക്കും അഹങ്കാരത്തിലേക്കുമാണെങ്കില്‍ അത് യഥാര്‍ത്ഥ തസ്വവ്വുഫല്ല; പൈശാചികതയാണ്. ഓരോ അനക്കത്തിലും അടക്കത്തിലും ‘അല്ലാഹു മഈ’ (അല്ലാഹു എന്റെ കൂടെ) എന്ന് അവന് തോന്നണം. അല്ലാഹു ഹാളിരീ അല്ലാഹു നാളിരീ അല്ലാഹു ശാഹിദീ അല്ലാഹു മഈ എന്നു ഗൗസുല്‍ അഅ്്‌ളം പറഞ്ഞത് ഈ പദവിയില്‍നിന്നാണ്.
സൂഫിയായ ഒരു മനുഷ്യന്റെ ഏക ലക്ഷ്യം അല്ലാഹുവിന്റെ തിരുദര്‍ശനമാണ്. അര്‍ശ് മുതല്‍ ഭൂമിവരെയുളള മുഴുവന്‍ വസ്തുക്കള്‍ ലഭിച്ചാലും ഒരു സൂഫി വിളിച്ചു പറയും: ‘അല്ലാഹുവെ, ഇതൊന്നുമല്ല എനിക്കു വേണ്ടത്, എനിക്ക് നിന്നെയാണ് ആവശ്യം’. ഇത്തരക്കാര്‍ക്ക് ആരാധന ഒരു ഹരമായി മാറുന്നു. വിഷമങ്ങള്‍ നേരിടുമ്പോള്‍ നബി ബിലാല്‍ (റ) വിനോടു പറയാറുണ്ടായിരുന്നു: നിസ്‌കാരത്തിലൂടെ എനിക്ക് ആശ്വാസം പകരൂ എന്ന്. നിസ്‌കാരം എനിക്ക് കണ്‍കുളുര്‍മയാണെന്ന തിരുവചനവും ഇവിടെ ശ്രദ്ധേയമാണ്.
എല്ലാറ്റിലും അല്ലാഹുവിന്റെ ശക്തിവിശേഷത്തെ ദര്‍ശിക്കാന്‍ നമുക്ക് കഴിയണം. ഇബ്‌റാഹീം ബിന്‍ അദ്ഹം പറയാറുണ്ടായിരുന്നു: അല്ലാഹുവേ, സ്വര്‍ഗത്തിന് ഞാനൊരു പുല്ലു വില കല്‍പിക്കുന്നില്ലെന്ന് നിനക്ക് അറിയാം. നിന്റെ സ്മരണ എനിക്ക് കൂട്ടിനുണ്ടാവുകയും നിന്റെ സ്‌നേഹം എനിക്ക് ലഭിക്കുകയും നിന്നെ വഴിപ്പെടാന്‍ എനിക്ക് സൗകര്യം ലഭിക്കുകയും ചെയ്താല്‍ പിന്നീട് സ്വാര്‍ഗം നീ അര്‍ക്കു കൊടുത്താലും എനിക്ക് പ്രശ്‌നമില്ല.
ശരീഅത്ത് ഒഴിവാക്കലാണ് തസ്വവ്വുഫെന്നും സൂഫികള്‍ക്ക് നിസ്‌കാരംപോലും നിര്‍ബന്ധമില്ലെന്നും  ധരിച്ചവരുണ്ട്. ശരീഅത്തും തസ്വവ്വുഫും രണ്ടു വസ്തുക്കളാണെന്ന ധാരണ അബദ്ധമാണ്. ശരീഅത്തില്ലാത്ത  ഥരീഖത്തിനോ ഹഖീഖത്തിനോ നിലനില്‍പില്ല. ശരീഅത്തിനു വിരുദ്ധമായ ഏതു രീതിയും വ്യാജവും അപകടം നിറഞ്ഞതുമാണ്.

ശരീഅത്ത് മൂന്നു ഘടകങ്ങള്‍ അടങ്ങിയതാണ്:
1. ഇല്‍മ് (ജ്ഞാനം)
2. അമല്‍ (കര്‍മം)
3. ഇഖ്‌ലാസ് (നിഷ്‌കളങ്കത)


ഇവ മൂന്നും ഒത്തിണങ്ങുമ്പോള്‍ മാത്രമാണ് ശരീഅത്തുണ്ടാകുന്നത്. അത് അനുസരിച്ച് ജീവിക്കുന്നവന്‍ വിജയിയാണ്. ഥരീഖത്തും ഹഖീഖത്തും ശരീഅത്തിന്റെ മൂന്നാം ഘടകമായ ഇഖ്‌ലാസ്വിനെ പൂര്‍ണതയിലെത്തിക്കുന്നു. സൈനുദ്ദീന്‍ മഖ്ദൂമിന്റെ ഭാഷയില്‍ ‘ശരീഅത്തിനെ നമുക്ക് കപ്പലിനോട് ഉപമിക്കാം. ഥരീഖത്ത് കടലും ഹഖീഖത്ത് മുത്തുമാണ്. കപ്പലില്ലാതെ കടലിലിറങ്ങല്‍ അപകടം വിളിച്ചുവരുത്തും. കടലിലിറക്കാതെ കപ്പല്‍ കൈവശം വെച്ചതുകൊണ്ട് ഉപകാരവുമില്ല.
അല്ലാഹുവിന്റെ അനുഗ്രഹത്തിലൂടെയാണ് ഒരാള്‍ സൂഫിയാകുന്നത്. നിമിഷനേരംകൊണ്ട് സൂഫിയായവര്‍ ഇസ്‌ലാമിക ചരിത്രത്തില്‍ കഴിഞ്ഞുപോയിട്ടുണ്ട്. മൂസാനബിയുടെ കാലത്തെ സാഹിരീങ്ങളും അസ്ഹാബുല്‍ കഹ്ഫും ഉദാഹരണം. വര്‍ഷങ്ങളോളം ആരാധിച്ചിട്ടും കാഫിറായി മരിച്ചുപോയവരുമുണ്ട്.  ബല്‍ആമുബിന്‍ ബാഊറാഅ്് ഉദാരഹരണം.


Also Read:തസ്വവ്വുഫ് പദത്തിന്റെ ഉല്‍പത്തി


തസ്വവ്വുഫും ഫിഖ്ഹും രണ്ട് വിപരീത വസ്തുക്കളാണെന്നും ഫിഖ്ഹ് വര്‍ജ്ജിക്കപ്പെടേണ്ടതാണെന്നും ചിലര്‍ തെറ്റിദ്ധരിച്ചിട്ടുണ്ട്. ശൈഖ് അഹ്മദ് സര്‍ഹിന്ദി തന്റെ മക്തൂബാത്തില്‍ ഇതേക്കുറിച്ച് കൗതുകകരമായ ചര്‍ച്ച നടത്തുന്നുണ്ട്. അദ്ദേഹം പറയുന്നു: സൂഫികളുടെ ജ്ഞാനം അനുഭവമാണ്. അനുഭവം കര്‍മത്തിലൂടെയാണ് ലഭിക്കുക. കര്‍മങ്ങള്‍ യഥാവിധി നടക്കാന്‍ ഫിഖ്ഹ് അനിവാര്യമാണ്. അമലുകള്‍ മുറപ്രകാരം നടക്കുമ്പോഴാണ് ഒരാള്‍ സൂഫിയാകുന്നത്. ഇതിന് ഫിഖ്ഹില്‍ അഗാധമായ ജ്ഞാനം ആവശ്യമാണ്. അപ്പോള്‍ ഫിഖ്ഹ് ഇല്‍മും തസ്വവ്വുഫ് അമലുമാണ്. ഫിഖ്ഹില്‍ പഠിച്ചത് പ്രാവര്‍ത്തികമാക്കുമ്പോഴാണ് ഒരാള്‍ സൂഫിയാകുന്നത്. ഇഹലോക ജീവിതത്തിനപ്പുറം അനന്തമായ ഒരു ജീവിതം വരാനുണ്ടെന്ന് വിശ്വസിക്കുന്നവരാണ് മുസ്‌ലിം.

അവലംബം:

സ്വഹീഹ് മുസ്‌ലിം- ഇമാം മുസ്‌ലിം
കശ്ഫുല്‍ മഹ്ജൂബ്- ഹുജ്‌വിരി
അര്‍രിസാലത്തുല്‍ ഖുശൈരിയ്യ-ഇമാം ഖുശൈരി
മക്തൂബാത്ത്- ശൈഖ് അഹ്മദ് സര്‍ഹിന്ദി
അദ്കിയാ- സൈനുദ്ദീന്‍ മഖ്ദൂം

(എ.പി. മുസ്ഥഫ ഹുദവി അരൂര്, തെളിച്ചം മാസിക, ഒക്‌ടോബര്‍ 2011, ദാറുല്‍ഹുദാ, ചെമ്മാട്)

 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter