സമ്പര്‍ക്കം പ്രമാണങ്ങളിലൂടെ
വിശുദ്ധ ഖുര്‍ആന്‍ പറയുന്നു: സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുകയും സത്യസന്ധരോടൊന്നിച്ച് ആവുകയും ചെയ്യുക. സത്യസന്ധന്മാരെന്നു വെച്ചാല്‍ മുഅ്മിനുകളില്‍ നിന്നുള്ള ശുദ്ധന്മാരാകുന്നു. താഴെ പറയുന്ന സൂക്തത്തിലെ വിവക്ഷ അവരത്രേ-ഖുര്‍ആന്‍ വ്യക്തമാക്കുന്നു: അല്ലാഹുവിനോട് ചെയ്ത കരാര്‍ സത്യസന്ധമായി പാലിച്ച ഒരു വിഭാഗമാളുകള്‍ സത്യവിശ്വാസികൡലുണ്ട്.
മറ്റൊരിടത്ത് ഇങ്ങനെ കാണാം: പ്രഭാതങ്ങളിലും പ്രദോഷങ്ങളിലും (എല്ലായ്‌പോഴും) അല്ലാഹുവിന്റെ പ്രീതി കാംക്ഷിച്ച് തങ്ങളുടെ നാഥനെ ആരാധിച്ചുകൊണ്ടിരിക്കുന്നവരോടൊന്നിച്ച് താങ്കളും ക്ഷമിച്ചിരിക്കുക; ഭൗതികതയുടെ അലങ്കാരാര്‍ഭാടങ്ങള്‍ ലക്ഷ്യം വെച്ചുകൊണ്ട് താങ്കളുടെ ദൃഷ്ടികള്‍ അവരില്‍ നിന്ന് വ്യതിചലിക്കാതിരിക്കട്ടെ. ദേഹേച്ഛയെ പിന്‍പറ്റുകയും നമ്മുടെ സ്മരണയില്‍ നിന്ന് ഹൃദയം തിരിച്ചുകളയുകയും ചെയ്തവനെ താങ്കള്‍ അനുസരിച്ചുപോകരുത്. അവന്റെ കാര്യങ്ങള്‍ അതിരുവിട്ടതുതന്നെയാണ്. താങ്കള്‍ ക്ഷമിച്ചിരിക്കുക എന്ന അഭിസംബോധന ഇവിടെ നബിയോടു തന്നെയാണ്; എങ്കിലും ഉമ്മത്തിനെ പഠിപ്പിക്കാനും അവരെ മാര്‍ഗദര്‍ശനം ചെയ്യാനുമുദ്ദേശിച്ചുള്ള അനുശാസനകളുടെ കൂട്ടത്തില്‍ പെട്ടതാണിത്.
വേറൊരു ഖുര്‍ആന്‍ സൂക്തം കാണുക: എന്നിലേക്ക് മടങ്ങിയവരുടെ വഴി താങ്കള്‍ അനുധാവനം ചെയ്യുക.(5) വീണ്ടും നോക്കുക: സത്യനിഷേധി നെടുംഖേദത്തിലാകുന്ന ദിവസം സ്മരണീയമത്രേ. റസൂലിനോടൊപ്പം ഞാനൊരു വഴി സ്വീകരിച്ചിരുന്നെങ്കില്‍ എത്ര നന്നായിരുന്നു… മഹാകഷ്ടം, ഇന്നവനെ ഞാന്‍ കൂട്ടുകാരനാക്കിയിരുന്നില്ലെങ്കില്‍ എത്ര നന്നായേനെ എന്നവന്‍ വിലപിക്കും. സത്യത്തിന്റെ സന്ദേശം-ഖുര്‍ആന്‍-വന്നുകിട്ടിയ ശേഷം അവനാണ് എന്നെ അതില്‍ നിന്ന് വഴി തെറ്റിച്ചത്. പിശാച് മനുഷ്യനെ ഹീനനാക്കുന്നതാണ്!
മറ്റൊരധ്യായത്തില്‍ പറയുന്നു: അന്ന്-പരലോകത്ത്-സ്‌നേഹിതന്മാര്‍ പരസ്പരം ശത്രുക്കളായിരിക്കും-എന്നാല്‍ ദൈവഭക്തിയുള്ളവര്‍ അങ്ങനെയല്ല. മറ്റൊരിടത്ത് ഇങ്ങനെയാണുള്ളത്: …..കരുണാവാരിധിയായ റബ്ബിനെ സംബന്ധിച്ച് വിവരമുള്ളവരോട് ചോദിക്കണം. പ്രയാസപൂര്‍ണമായ യാത്രക്കും നീണ്ട അധ്വാനത്തിനും ശേഷം ദൃഢമായ മനക്കരുത്തോടെ ഖളിര്‍(അ)നോട് മൂസാനബി(അ) ഇങ്ങനെ അപേക്ഷിച്ചതായി ഖുര്‍ആന്‍ ഉദ്ധരിക്കുന്നുണ്ട്-നിങ്ങള്‍ക്കല്ലാഹു പഠിപ്പിച്ചുതന്ന സന്മാര്‍ഗകാര്യങ്ങള്‍ എനിക്ക് പഠിപ്പിച്ചുതരേണ്ടതിനായി ഞാന്‍ താങ്കളോടൊപ്പം കൂടട്ടെയോ?
ഇനി, സമ്പര്‍ക്കത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ചില ഹദീസുകളില്‍ വന്ന കാര്യങ്ങള്‍ നോക്കാം. നബിതിരുമേനി(സ്വ) പ്രസ്താവിച്ചു: നല്ല കൂട്ടുകാരുടെയും ചീത്ത കൂട്ടുകാരുടെയും ഉപമ കസ്തൂരിവാഹകന്റെയും ഓലോക്ക് ഊതുന്നവന്റേതുമാണ്. കസ്തൂരി കൈവശമുള്ളയാള്‍ ഒരുപക്ഷേ നിനക്കത് തരും; അവനില്‍ നിന്ന് കസ്തൂരി നിനക്ക് വില കൊടുത്തുവാങ്ങുകയുമാകാം; അല്ലെങ്കില്‍ നല്ല നറുമണമാസ്വദിക്കാം. ഓലോക്ക് ഈതുന്ന കൊല്ലപ്പണിക്കാരനാകട്ടെ, ഒന്നുകില്‍ തീപ്പൊരി പറത്തി നിന്റെ വസ്ത്രം കരിക്കും, അതല്ലെങ്കില്‍ അവന്റെ ദുര്‍ഗന്ധം നിനക്കനുഭവിക്കേണ്ടവരും.
ഇബ്‌നുഅബ്ബാസ്(റ)യില്‍ നിന്ന്-നബി(സ്വ)യോട് ഒരാള്‍ ചോദിച്ചു: തിരുദൂതരേ, ഞങ്ങളുടെ കൂട്ടുകാരില്‍ ആരാണ് ഉത്തമന്മാര്‍? അവിടന്ന് മറുപടി നല്‍കി: ആരൊരാളെ കാണല്‍ നിങ്ങള്‍ക്ക് അല്ലാഹുവിനെ ഓര്‍മിപ്പിക്കുകയും, അയാളുടെ സംസാരം നിങ്ങളുടെ സല്‍കര്‍മങ്ങള്‍ വര്‍ധിപ്പിക്കുകയും, അയാളുടെ കര്‍മങ്ങള്‍ നിങ്ങളെ പരലോകചിന്തയിലാഴ്ത്തുകയും ചെയ്യുന്നുവോ അത്തരമൊരു വ്യക്തി. അബൂഹുറൈറയില്‍ നിന്നുദ്ധരിക്കപ്പെട്ട ഒരു ഹദീസില്‍, മനുഷ്യന്‍ അയാളുടെ കൂട്ടുകാരന്റെ മതാവസ്ഥയിലായിരിക്കും; അതുകൊണ്ട് നിങ്ങളോരോരുത്തരും ആരോടാണ് കൂട്ടു കൂടേണ്ടത് എന്ന് നന്നായി ചിന്തിക്കണം എന്നു കാണാം.
ഉമറുബ്‌നുല്‍ ഖത്ത്വാബി(റ)ല്‍ നിന്നുദ്ധരിക്കപ്പെടുന്ന ഒരു ഹദീസില്‍ ഇങ്ങനെയുണ്ട്-തിരുമേനി(സ്വ) പറഞ്ഞു: അല്ലാഹുവിന്റെ അടിമകളില്‍ ചിലയാളുകളുണ്ട്; അവര്‍ പ്രവാചകന്മാരോ രക്തസാക്ഷികളോ അല്ല; അതേസമയം, ‘തങ്ങളും ഇവരെപ്പോലെയായിരുന്നെങ്കില്‍’ എന്ന് പ്രവാചകരും രക്തസാക്ഷികളും പരലോകത്ത് അഭിലഷിച്ചുപോകും. അല്ലാഹുവിങ്കല്‍ ഇവര്‍ക്കുള്ള പദവി കാണുന്നതുകൊണ്ടാണത്. സ്വഹാബികള്‍ ചോദിച്ചു: തിരുദൂതരേ, അവര്‍ ആരായിരിക്കും? ഞങ്ങള്‍ക്ക് പറഞ്ഞുതന്നാലും! അവിടന്ന് മറുപടി നല്‍കി: പരസ്പരം കുടുംബബന്ധങ്ങളോ അങ്ങുമിങ്ങും കൈമാറുന്ന പണമിടപാടുകളോ ഇല്ലാതെ അല്ലാഹുവിന്റെ സംതൃപ്തി മാത്രം കാംക്ഷിച്ച് അന്യോന്യം സ്‌നേഹബന്ധം പുലര്‍ത്തിയിരുന്ന ഒരു വിഭാഗമാളുകളാണവര്‍. അല്ലാഹു തന്നെ സത്യം, നിശ്ചയം അവരുടെ മുഖങ്ങള്‍ പ്രകാശപൂര്‍ണമായിരിക്കും; അവര്‍ തന്നെ പ്രകാശത്തിന്റെ മുകളിലാണുണ്ടാവുക. ജനങ്ങള്‍ മുഴുവന്‍ ഭയപ്പെടുമ്പോഴും അവര്‍ ഭയപ്പെടുകയില്ല. മനുഷ്യരൊക്കെ ദുഃഖിച്ചാലും അവര്‍ ദുഃഖിക്കുകയില്ല-ഇത്രയും പറഞ്ഞ് നബി(സ്വ) ഈ ആയത്ത്(1) ഓതി: അറിയുക, നിശ്ചയം അല്ലാഹുവിന്റെ ഔലിയാക്കള്‍ ഭയപ്പെടുകയോ ദുഃഖിക്കുകയോ ചെയ്യുന്നതല്ല.
അബൂദര്‍രില്‍ ഗിഫാരി(റ) പറയുന്നു. തിരുമേനി(സ്വ)യോട് ഞാന്‍ ചോദിച്ചു: നബിയേ, ഒരാള്‍ ഒരു വിഭാഗമാളുകളെ സ്‌നേഹിക്കുന്നുണ്ട്; പക്ഷേ, അവരുടെ കര്‍മങ്ങള്‍ ഇയാള്‍ക്ക് അനുഷ്ഠിക്കാന്‍ സാധിക്കുന്നില്ല-എങ്കില്‍ ഇയാളുടെ സ്ഥിതി എന്തായിരിക്കും? നബി(സ്വ) മറുപടി കൊടുത്തു: അബൂദര്‍റേ, ആരെ സ്‌നേഹിച്ചുവോ, അവരോടൊപ്പമായിരിക്കും നിങ്ങള്‍.
ഹസ്രത്ത് ഹന്‍ളല(റ) പറയുന്നു: അബൂബക്ര്‍ സ്വിദ്ദീഖ്(റ) എന്നെ കണ്ടുമുട്ടുകയും എന്തൊക്കെയുണ്ട് സുഖവിവരങ്ങള്‍ എന്നന്വേഷിക്കുകയും ചെയ്തു. ഞാന്‍ പറഞ്ഞു: ഹന്‍ളല മുനാഫിഖായിരിക്കുന്നു! അദ്ദേഹം: സുബ്ഹാനല്ലാഹ്, എന്താണ് താങ്കള്‍ ഇപ്പറയുന്നത്?! ഞാന്‍ പ്രതികരിച്ചു: നാം പ്രവാചകസന്നിധിയില്‍ സന്നിഹിതരാകാറുണ്ടല്ലോ. അവിടന്ന് നരകത്തെയും സ്വര്‍ഗത്തെയും കുറിച്ചൊക്കെ ഉദ്‌ബോധിപ്പിക്കും. തത്സമയം ആ രംഗങ്ങളൊക്കെ നാം കണ്ണുകൊണ്ട് കാണുന്നതുപോലെയുണ്ടാകും. എന്നാല്‍ അവിടന്ന് പുറത്തിറങ്ങിയാലോ? മിക്കതും നാം വിസ്മരിക്കുകയും ഭാര്യാസന്താനങ്ങളോടും സ്വത്തുസമ്പാദ്യങ്ങളോടും ഇടപഴകി ജീവിക്കുകയും ചെയ്യുന്നു. സ്വിദ്ദീഖ്(റ) പറഞ്ഞു: ശരിതന്നെ, ഈ നിലപാടുതന്നെയാണ് നമ്മുടേത്…
അങ്ങനെ ഞാനും അബൂബക്ര്‍ സ്വിദ്ദീഖും(റ) പോയി നബി(സ്വ)യുടെയടുത്ത് കടന്നുചെന്നു. ഞാന്‍ പറഞ്ഞു: നബിയേ, ഹന്‍ളല മുനാഫിഖായിരിക്കുന്നു! എന്താണ് വിഷയം? നബി(സ്വ) തിരക്കി. ഞാന്‍ മറുപടി നല്‍കി: അല്ലാഹുവിന്റെ ദൂതരേ, ഞങ്ങള്‍ അങ്ങയുടെ സന്നിധിയിലായിരിക്കുകയും അങ്ങ് സ്വര്‍ഗ-നരകങ്ങളെക്കുറിച്ച് ഞങ്ങളെ ഉദ്‌ബോധിപ്പിക്കുകയും ദൃക്‌സാക്ഷിത്വമെന്നപോലെ ഞങ്ങള്‍ക്കതനുഭവപ്പെടുകയും ചെയ്യാറുണ്ട്. എന്നാല്‍ ഇവിടന്ന് പിരിഞ്ഞുപോയാല്‍ ഭാര്യമാരും സ്വത്തുസമ്പാദ്യങ്ങളുമായി ഇടപഴകിക്കഴിയുകയും മിക്കവയും മറക്കുകയും ചെയ്യുന്നു.
നബി(സ്വ) പ്രസ്താവിച്ചു: എന്റെ ആത്മാവ് ഏതൊരു നാഥന്റെ കൈയിലാണോ അവന്‍ തന്നെ സത്യം, എന്റെ മുമ്പിലുണ്ടാകുന്ന അതേ അവസ്ഥയിലും ദിക്‌റിലുമായി നിങ്ങള്‍ നിലകൊള്ളുന്നുവെങ്കില്‍ നിങ്ങളുടെ കിടപ്പിടങ്ങളിലും വഴികളിലുമൊക്കെ വെച്ച് മലക്കുകള്‍ നിങ്ങള്‍ക്ക് ഹസ്തദാനം ചെയ്യുമായിരുന്നേനെ. എന്നാലും ഹന്‍ളല, ഇടക്കിടെയെങ്കിലും നിങ്ങള്‍ ആ അവസ്ഥയില്‍തന്നെ ആയിരിക്കേണ്ടതുണ്ട്-ഇത് നബി(സ്വ) മൂന്ന് പ്രാവശ്യം ആവര്‍ത്തിച്ചു.
മുകളില്‍ പറഞ്ഞ ഹദീസുകളും അതുപോലുള്ള മറ്റു നിരവധി നബിവചനങ്ങളും മൊത്തത്തില്‍ സമ്പര്‍ക്കത്തിന്റെ പ്രാധാന്യവും മനുഷ്യമനസ്സുകളില്‍ അത് വരുത്തുന്ന സ്വാധീനവും വ്യക്തമാക്കുന്നുണ്ട്. സ്വഭാവസംസ്‌കരണത്തിനും തര്‍ബിയത്തിനുമുള്ള പ്രായോഗികമാര്‍ഗമാണതെന്നും ആ ഹദീസുകളില്‍ സ്പഷ്ടമായിക്കാണാം. വിശിഷ്യ ഹന്‍ളല(റ)യുടെ ഹദീസില്‍ നബിതിരുമേനി(സ്വ)യുമായുള്ള സമ്പര്‍ക്കം വിശ്വാസദാര്‍ഢ്യത്തിന്റെ പ്രകാശങ്ങള്‍ എങ്ങനെ പ്രസരിപ്പിച്ചിരുന്നുവെന്നും ഈമാനിന്റെ ജ്വാലകള്‍ മനസ്സുകളെ എങ്ങനെ ജാജ്ജ്വല്യമാനമാക്കിയിരുന്നുവെന്നും വിവരിച്ചിട്ടുണ്ട്. അത്തരം സമ്പര്‍ക്കം ആത്മാക്കളെ വിശുദ്ധരായ മലക്കുകളുടെ പദവിയിലേക്ക് എത്തിക്കുകയും, ഹൃദയങ്ങളെ ഭൗതികതയുടെ മാലിന്യങ്ങളില്‍ നിന്ന് ശുദ്ധീകരിക്കുകയും, വിശ്വാസത്തെ ദൈവികനിരീക്ഷണത്തിന്റെയും ദിവ്യസാക്ഷ്യത്തിന്റെയും തലത്തിലേക്കുയര്‍ത്തുകയും ചെയ്യുമെന്നും നിസ്സന്ദേഹം വ്യക്തമാക്കിയിരിക്കയാണത്.
അതെ, നബിതിരുമേനി(സ്വ)യുടെ അനന്തരാവകാശികളുമായുള്ള സമ്പര്‍ക്കവും സഹവാസവും ഇങ്ങനെയാണ്. അത് മനസ്സുകളെ സംസ്‌കരിക്കുകയും സത്യവിശ്വാസം വര്‍ധിപ്പിക്കുകയും ഹൃദയങ്ങളെ തട്ടിയുണര്‍ത്തുകയും അല്ലാഹുവിനെ അനുസ്മരിപ്പിക്കുകയും ചെയ്യുന്നതാണ്. അവരില്‍ നിന്നുള്ള അകല്‍ച്ചയാകട്ടെ, പ്രതികൂലഫലമാണുണ്ടാക്കുക-അത് സത്യത്തെക്കുറിച്ച അശ്രദ്ധയും ഹൃദയത്തെ ദുന്‍യാവില്‍ വ്യാപൃതമാക്കലും ഉണ്ടാക്കിത്തീര്‍ക്കും. നശ്വരമായ ഭൗതിക ജീവിതസുഖങ്ങളിലേക്കുള്ള ചായ്‌വും തല്‍പരതയും അതുമൂലം ഉടലെടുക്കുന്നതാണ്.
Leave A Comment