ഏകാഗ്രതാവാസം

തസ്വവ്വുഫിന്റെ വഴിയില്‍ പ്രവേശിക്കുന്നവര്‍ ശൈഖിന്റെ മാര്‍ഗദര്‍ശനത്തോടെ ഏകാഗ്രതാവാസം (ഖല്‍വത്ത്) അനുവര്‍ത്തിക്കും. ശൈഖ് അഹ്മദ് സര്‍റൂഖ്(റ) പറയുന്നു: ഏകാന്തതാവാസ(ഉസ്‌ലത്ത്)ത്തെക്കാള്‍ വിശിഷ്ടമായതാണ് ഏകാഗ്രതാവാസം. ഖല്‍വത്ത് എന്നത് ശൈലിയിലും രൂപത്തിലും ഒരു തരം ഇഅ്തികാഫ് ആണ്; പള്ളിയില്‍ അല്ലെന്നു മാത്രം. എന്നാല്‍, ചിലപ്പോഴത് പള്ളിയില്‍ തന്നെയായിരിക്കും.

ഖല്‍വത്തിന്റെ വര്‍ധിച്ച സമയം എത്രയാണ് എന്ന് സ്വൂഫികള്‍ നിജപ്പെടുത്തിയിട്ടൊന്നുമില്ല. എങ്കിലും മൂസാനബി(അ) അല്ലാഹുവുമായുള്ള കൂടിക്കാഴ്ച ക്കായി പോയ നാല്‍പത് ദിവസമാണത് എന്ന് ഹദീസില്‍ സൂചനയുണ്ട്. എന്നാല്‍, മധ്യമസമയം മുപ്പത് നാളാകുന്നു. കാരണം, ഈ കരാറിന്റെ ശരിയായ സമയം അതാണ്. സ്വഹീഹു മുസ്‌ലിമിലുള്ളതുപോലെ ഹിറാ ഗുഹയില്‍ നബി(സ്വ) കഴിച്ചുകൂട്ടിയത് ഒരു മാസമാണല്ലോ. തിരുമേനി(സ്വ) സഹധര്‍മിണിമാരുമായി അകന്നുനിന്നതും ഒരു മാസമാണ്. നിര്‍ബന്ധമായി നാം നോമ്പനുഷ്ഠിക്കുന്ന കാലവും ഒരു മാസം ആണല്ലോ.

എന്നാല്‍ മധ്യമസന്ദര്‍ഭത്തെക്കാള്‍ കൂട്ടലും കുറക്കലുമൊക്കെ ഥരീഖത്തിലും അതിന്റെ പ്രവര്‍ത്തനങ്ങൡും വഴികളിലുമൊക്കെ മുരീദിനുള്ള താല്‍പര്യാനുസൃതമാകുന്നു. ഖല്‍വത്തിന്റെ ചുരുങ്ങിയ സമയം പത്തു ദിവസമാണ്. കാരണം, മസ്ജിദില്‍ തിരുമേനി(സ്വ) നിരന്തരമായി ഇഅ്തികാഫ് ഇരുന്നത്-റമളാനില്‍-പത്തു ദിവസമാകുന്നു. തസ്വവ്വുഫിന്റെ മാര്‍ഗത്തില്‍ പൂര്‍ണനായ വ്യക്തിയെ സംബന്ധിച്ചിടത്തോളം ഖല്‍വത്ത് അയാളുടെ സ്ഥിതിക്കുള്ള വര്‍ധനയാണ്, മറ്റുള്ളവര്‍ക്കാകട്ടെ നിലവിലുള്ള പദവിയില്‍ ഉയര്‍ച്ചയും. ഏതിനും അവലംബിക്കാവുന്ന ഒരടിസ്ഥാനമുണ്ടായേ പറ്റൂ.

ഭൗതികതകളുമായി ഇടപഴകുന്നതിനാലുണ്ടാകുന്ന മാലിന്യങ്ങളില്‍ നിന്ന് ഹൃദയത്തെ ശുദ്ധമാക്കുക, ഒറ്റ യാഥാര്‍ഥ്യത്തിലും ദിക്‌റിലുമായി ഹൃദയത്തെ ഏകാഗ്രമാക്കുക മുതലായവയാണ് ഖല്‍വത്തു കൊണ്ടുദ്ദേശിക്കപ്പെടുന്നത്. എന്നാല്‍, ഒരു ശൈഖിന്റെ നേതൃത്വത്തിലല്ലാതെ അത് നിര്‍വഹിക്കുന്നത് അപകടകരമാണ്. വമ്പിച്ച നേട്ടങ്ങള്‍ അതുമൂലമുണ്ടാകും. എന്നാല്‍ ചിലയാളുകള്‍ക്ക് അത് ഉചിതമായില്ലെന്നുവരാം. ഓരോരുത്തന്റെയും സ്ഥിതിയും അവസ്ഥയും പരിഗണിച്ചുവേണമത് ചെയ്യുന്നത്.

അപ്പോള്‍, നിശ്ചിതമായ ഒരു സമയത്തേക്ക് മനുഷ്യരില്‍ നിന്നൊക്കെ വിട്ടുനില്‍ക്കലും ഭൗതിക കര്‍മങ്ങളെല്ലാം ചെറിയ ഒരു സന്ദര്‍ഭത്തേക്ക് കൈവെടിഞ്ഞിരിക്കലുമാണ് ഏകാഗ്രതാവാസം (ഖല്‍വത്ത്). അനന്തമായ ജീവിത വിചാരങ്ങളില്‍ നിന്ന് ഹൃദയം വിമോചിതമായിരിക്കാനും, സീമയറ്റ ദൈനംദിനകൃത്യങ്ങളില്‍ നിന്ന് മനസ്സിനൊരു വിശ്രമം ലഭിക്കാനുമാണിത്. തുടര്‍ന്ന്, ഹൃദയസാന്നിധ്യത്തോടെയും ഭക്തിപൂര്‍വവുമുള്ള ദിക്‌റ്, രാപ്പകല്‍ ഭേദമില്ലാതെ അല്ലാഹുവിന്റെ അനുഗ്രഹങ്ങളെപ്പറ്റിയുള്ള ചിന്ത എന്നിവയുമുണ്ടാകണം. റബ്ബിനെക്കുറിച്ച് ജ്ഞാനമുള്ള ഒരു ശൈഖിന്റെ മാര്‍ഗദര്‍ശനത്തോടെയാകണം ഇത്. മുരീദില്‍ വിവരക്കേടുണ്ടാകുമ്പോള്‍ അവന് പഠിപ്പിക്കുകയും അശ്രദ്ധയുണ്ടാകുമ്പോള്‍ ഓര്‍മിപ്പിക്കുകയും ക്ഷീണമുണ്ടാകുമ്പോള്‍ ഉത്സാഹമുണ്ടാക്കുകയും ചെയ്യണം അദ്ദേഹം. മനസ്സിലുണ്ടാകുന്ന ദുര്‍വിചാരങ്ങളും പൈശാചിക ദുര്‍ബോധനങ്ങളും ഉപരോധിക്കുന്നതിന് ശൈഖ് മുരീദിനെ സഹായിക്കുകയും ചെയ്യണം.

ഏകാഗ്രതാവാസത്തിന്റെ രീതി, ഘട്ടങ്ങള്‍, അതുകൊണ്ട് നേടിയെടുക്കാവുന്ന പദവികള്‍ എന്നിവയെക്കുറിച്ചെല്ലാം ഇമാം ഗസ്സാലി(റ) പ്രതിപാദിച്ചിട്ടുണ്ട്. അദ്ദേഹം എഴുതുന്നു: ശൈഖ് മുരീദിന് ഒരു മൂല അനിവാര്യമാക്കി നിര്‍ണയിച്ചുകൊടുക്കണം.(2) അവിടെ അവന്‍ ഏകാന്തനായിരിക്കുകയാണ് വേണ്ടത്. ഹലാലായ ഭക്ഷണം കുറേശ്ശെ അവന് നല്‍കിക്കൊണ്ടിരിക്കാന്‍ ഒരാളെയും ശൈഖ് ഏല്‍പിക്കണം-കാരണം ദീനിയ്യായ വിജയത്തിന്റെ അടിത്തറ തന്നെ ഹലാലായ ഭക്ഷണം കഴിക്കലാണ്-എന്നിട്ട് ശൈഖ് അയാള്‍ക്ക് ഏതെങ്കിലും ദിക്‌റ് ചൊല്ലിക്കൊടുക്കുകയും അയാളുടെ നാക്കും ഹൃദയവും അതില്‍ വ്യാപൃതമാവുകയും ചെയ്യണം. അപ്പോള്‍, ഇരുന്നുകൊണ്ട് അല്ലാഹ് അല്ലാഹ്… എന്നോ, സുബ്ഹാനല്ലാഹ് സുബ്ഹാനല്ലാഹ്… എന്നോ അല്ലെങ്കില്‍ ശൈഖിന് നന്നായി തോന്നുന്ന മറ്റു പദങ്ങളോ പറഞ്ഞുകൊണ്ടേയിരിക്കുകയും നിരന്തരമാക്കുകയും വേണം.  ആവര്‍ത്തിച്ചാവര്‍ത്തിച്ചു പറഞ്ഞ് പിന്നെ നാക്കില്‍ നിന്ന് ആ പദമങ്ങ് അപ്രത്യക്ഷമാവുകയും ഹൃദയത്തില്‍ ആ വാക്കിന്റെ ചിത്രം അവശേഷിക്കുകയും അതങ്ങനെ നിരന്തരമായി നിലകൊള്ളുകയും ചെയ്യും.

പിന്നെയും കുറേ കഴിയുമ്പോള്‍ ഹൃദയത്തില്‍ നിന്ന് ആ അക്ഷരങ്ങളും പദത്തിന്റെ രൂപവും മായ്ക്കപ്പെടുകയും അതിന്റെ അര്‍ഥത്തിന്റെ യാഥാര്‍ഥ്യം ഹൃദയത്തിലുറച്ചുപോവുകയും ഹൃദയത്തോടൊപ്പം തന്നെ സന്നിഹിതമാവുകയും അതിന്മീതെ അതിജയിച്ചു നില്‍ക്കുകയും ചെയ്യും. അല്ലാഹു അല്ലാത്ത മറ്റെല്ലാറ്റില്‍ നിന്നും ഹൃദയം പൂര്‍ണമുക്തി നേടിയിരിക്കും. കാരണം, ഹൃദയം ഒരു വസ്തുവില്‍ വ്യാപൃതമായാല്‍ മറ്റെല്ലാറ്റില്‍ നിന്നും-അത് ഏന്തുതന്നെയാണെങ്കിലും ശരി-വിമോചനം നേടിക്കഴിഞ്ഞിരിക്കും. അല്ലാഹുവിന്റെ ദിക്‌റില്‍ അത് വ്യാപൃതമായാല്‍-അതാണല്ലോ പരമോദ്ദേശ്യം-മറ്റുള്ളതില്‍ നിന്നെല്ലാം നിസ്സംശയം അതൊഴിവായിരിക്കുന്നതാണ്.

ഈ ഘട്ടമെത്തിക്കഴിയുമ്പോള്‍ മനസ്സിന്റെ ദുര്‍ബോധനങ്ങളും ദുന്‍യാവുമായി ബന്ധപ്പെട്ട ചിന്തകളും നിര്‍ബന്ധമായി നിരീക്ഷിച്ചുകൊണ്ടിരിക്കണം. തന്റെയോ മറ്റുള്ളവരുടെയോ കഴിഞ്ഞുപോയ അവസ്ഥകളെപ്പറ്റി ഓര്‍ക്കുകയാണെങ്കിലും ഹൃദയത്തെ നിരീക്ഷണവിധേയമാക്കിയേ പറ്റൂ. കാരണം, ഒരല്‍പസമയമാണെങ്കിലും ശരി, മേല്‍പറഞ്ഞ തരത്തിലുള്ള ഏതെങ്കിലും കാര്യത്തില്‍ മനസ്സ് വ്യാപൃതമാവുകയാണെങ്കില്‍ അത്രയും സമയം ഹൃദയം ദിക്‌റില്‍ നിന്ന് ഒഴിവായിപ്പോകും. അതൊരു ന്യൂനതയായി ഭവിക്കുന്നതാണ്. അതുകൊണ്ട് പരമാവധി ശ്രമിച്ച് ഈയവസ്ഥയെ ഉപരോധിക്കേണ്ടതുണ്ട്.

ഇനി, മേല്‍സൂചിപ്പിച്ച ദുര്‍ബോധനങ്ങളെയെല്ലാം അവന്‍ തടഞ്ഞുനിറുത്തുകയും മനസ്സ് ഈ പദത്തിലേക്ക് തിരിച്ചുകൊണ്ടുവരികയും ചെയ്താല്‍ പിന്നെ ആ വഴിയാണ് വസ്‌വാസ് (പൈശാചിക ദുര്‍ബോധനം) വരിക. എന്താണ് ആ വാക്ക്? അല്ലാഹ് എന്ന് നാം പറയുമ്പോള്‍ എന്താണതിന്റെ പൊരുള്‍? എന്തര്‍ഥത്തിലാണ് അവന്‍ ഇലാഹും ആരാധ്യനും ആയത്?!.. ഇങ്ങനെ പോകും ദുഷ്ചിന്തകള്‍. തത്സമയം, ചിന്തയുടെ വാതായനങ്ങള്‍ തുറന്നിടാന്‍ പര്യാപ്തമായ വിചാരങ്ങള്‍ അവനെ പിടികൂടുന്നതാണ്. ഒരുവേള, ബിദ്അത്തും കുഫ്‌റുമൊക്കെയായ പൈശാചിക ദുര്‍ബോധനങ്ങള്‍ തന്നെ അവന്റെ മനസ്സിലുദയം ചെയ്യും. അത്തരം ദുര്‍വിചാരങ്ങള്‍ അവന്‍ വെറുക്കുകയും ഹൃദയത്തില്‍ നിന്ന് ഉന്മൂലനം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്യുന്നുവെങ്കില്‍ കുഴപ്പമില്ല.
ഇപ്പറഞ്ഞ ദുര്‍ബോധനങ്ങള്‍ രണ്ട് വിഭാഗമുണ്ട്. അല്ലാഹു അവയില്‍ നിന്ന് പരിശുദ്ധനാണെന്ന് ദൃഢമായി അറിയപ്പെട്ടതാണ് ഒന്ന്; എങ്കിലും പിശാച് ഹൃദയത്തില്‍ വസ്‌വാസ് ഉണ്ടാക്കിക്കൊണ്ടിരിക്കുകയും അതുതന്നെ തോന്നിപ്പിച്ചുകൊണ്ടേയിരിക്കുകയും ചെയ്യും. ഇവ നിശ്ശേഷം അവഗണിച്ച് തള്ളിക്കളയുകയാണ് വേണ്ടത്; യാതൊരു പരിഗണനയും അവയ്ക്ക് നല്‍കരുത്. അല്ലാഹുവിങ്കലേക്ക് ഭയപ്പാടോടെ മടങ്ങുകയും ഇത്തരം ദുര്‍ബോധനങ്ങളില്‍ നിന്നുള്ള കാവലിന് കേണപേക്ഷിക്കുകയും ചെയ്യണം.

പരിശുദ്ധ ഖുര്‍ആന്‍ പറയുന്നു: പിശാചില്‍ നിന്ന് വല്ല ദുര്‍ബോധനവും നിന്നെ പിടികൂടുകയാണെങ്കില്‍ തല്‍ക്ഷണം അല്ലാഹുവിനോട് കാവല്‍ തേടുക; നിശ്ചയം അവന്‍ എല്ലാം കേള്‍ക്കുന്നവനും സര്‍വജ്ഞനുമാകുന്നു. വീണ്ടും ഖുര്‍ആന്‍ ഉദ്‌ബോധിപ്പിച്ചു: മുത്തഖികളായ ആളുകളെ പിശാചില്‍ നിന്നുള്ള ഒരു സ്പര്‍ശനം ആവരണം ചെയ്താല്‍(2) തത്സമയം അവര്‍ ജാഗരൂകരാകും. അങ്ങനെയവര്‍ അതിന്റെ ദൂഷ്യവശം കണ്ടെത്തുന്നവരായിത്തീരുന്നതാണ്.

വസ്‌വാസുകളില്‍ രണ്ടാമത്തെ ഇനം സംശയാസ്പദമായ കാര്യങ്ങളത്രേ. ഇത്തരം കാര്യങ്ങള്‍ ശൈഖിന്റെ മുന്നിലവതരിപ്പിക്കയാണ് വേണ്ടത്. എന്നല്ല, ക്ഷീണം, ഔത്സുക്യം, ഏതെങ്കിലും ഭൗതികബന്ധങ്ങളിലേക്കുള്ള തിരിഞ്ഞുനോട്ടം, ഉദ്ദേശ്യശുദ്ധി തുടങ്ങി എന്തെന്തു വിചാരങ്ങളും സ്ഥിതിഗതികളും മനസ്സിലുദയം ചെയ്താലും അതൊക്കെ ശൈഖിന്റെ സാന്നിധ്യത്തില്‍ അവതരിപ്പിക്കണം; അതേ സമയം മറ്റുള്ളവരില്‍ നിന്ന് മറച്ചുവെക്കുകയും വേണം.  തന്റെ മാര്‍ഗദര്‍ശിയായ ഗുരുവിനെയല്ലാതെ മറ്റൊരാളെയും ഇക്കാര്യങ്ങളറിയിച്ചുകൂടാ.

തസ്വവ്വുഫിന്റെയാളുകള്‍ പുതുതായി നിര്‍മിച്ചുണ്ടാക്കിയതൊന്നുമല്ല ഈ ഖല്‍വത്ത് (ഏകാഗ്രതാവാസം). പ്രത്യുത, പടച്ചവന്‍ ഖുര്‍ആനിലൂടെ പഠിപ്പിച്ച കല്‍പനയുടെ അനുസരണം മാത്രമാണത്; തന്നെയുമല്ല, തിരുമേനി(സ്വ)യോടുള്ള അനുധാവനവും പിന്തുടര്‍ച്ചയും കൂടിയാണ്. കാരണം, ഹിറാ ഗുഹയില്‍(4) ഏറെ നാളുകള്‍ വീട്ടിലേക്കു പോകാതെ ആരാധനാനിമഗ്നരായി നബി(സ്വ) ഒറ്റക്കിരിക്കാറുണ്ടായിരുന്നു. ഇങ്ങനെ ഹിറായിലിരിക്കേയാണ് വഹ്‌യുമായി ജിബ്‌രീല്‍(അ) തിരുമേനി(സ്വ)യെ സമീപിക്കുന്നത്. ഇതുകൊണ്ട് ഏകാഗ്രതാവാസത്തിന്റെ സാധുത സ്ഥിരീകൃതമായിത്തീരുന്നതാണ്.

ഖുര്‍ആനില്‍ നിന്നു തന്നെ ഇതിന് സ്പഷ്ടമായ തെളിവ് കണ്ടെത്താം-അല്ലാഹു പറഞ്ഞു: നിങ്ങള്‍ നാഥന്റെ നാമം പറയുക, സമ്പൂര്‍ണമായി അവനിലേക്ക് തിരിയുകയും ചെയ്യുക.

ഇതിനെ വ്യാഖ്യാനിച്ചുകൊണ്ട് അല്ലാമ അബുസ്സുഊദ്(റ) എഴുതുന്നു: തസ്ബീഹ്, ഹംദ്, തഹ്‌ലീല് തുടങ്ങി ഏത് നിലക്കാണെങ്കിലും രാത്രിയും പകലും താങ്കള്‍ അല്ലാഹുവിന്റെ ദിക്‌റില്‍ നിരന്തരമായിക്കൊണ്ടിരിക്കണം… അല്ലാഹുവിനെ നിരീക്ഷിച്ചുകഴിയുന്നതില്‍ പൂര്‍ണമായ ദൃഢനിശ്ചയവും സമഗ്രമായ മനക്കരുത്തും മുറുകെപ്പിടിച്ച് റബ്ബിങ്കലേക്ക് സമ്പൂര്‍ണമായി റസൂല്‍(സ്വ) തിരിയുകയായിരുന്നു. പടച്ചവന്‍ അല്ലാത്ത മറ്റെല്ലാറ്റില്‍ നിന്നുമുള്ള ബന്ധം വിച്ഛേദിച്ചും അവനെ നിരീക്ഷിച്ചുകൊണ്ടിരിക്കുന്നതില്‍ നിന്ന് ഉപരോധകങ്ങളാകുന്ന മുഴുവന്‍ കാര്യങ്ങളില്‍ നിന്നും മനസ്സിനെ വേര്‍പെടുത്തിയും കൊണ്ടാണ് തിരുമേനി(സ്വ) ഇത് സാധിച്ചെടുത്തത്.

നബി(സ്വ)യോട് കല്‍പിക്കപ്പെട്ട സര്‍വ വിഷയങ്ങളും ഉമ്മത്തിനും റസൂലിനുമുള്ള നിയമങ്ങളാണെന്നാണ് നിദാന ശാസ്ത്രനിയമം. നബി(സ്വ)യെ മാത്രം വ്യക്തിപരമായി ബാധിക്കുന്ന അംഗുലീപരിമിതമായ ചുരുക്കം കാര്യങ്ങളേ ഇതില്‍ നിന്നൊഴിവുള്ളൂ. അവയാകട്ടെ സുവിദിതവുമാണ്. എന്നാല്‍ മേല്‍ ആയത്തില്‍ കണ്ട കല്‍പന തിരുമേനി(സ്വ)ക്കും അനുയായികള്‍ക്കും മൊത്തമായി ഉള്ളതാകുന്നു.

ഖല്‍വത്തിനുള്ള തെളിവുകള്‍ ഹദീസില്‍ നിന്നും കണ്ടെത്തുവാന്‍ കഴിയും. ഹ. ആഇശ ബീവി(റ) പറയുന്നു: വഹ്‌യിന്റെ ഗണത്തില്‍ നിന്ന് തിരുമേനി(സ്വ)ക്ക് ആദ്യമായി ഉണ്ടാകാന്‍ തുടങ്ങിയത് നിദ്രാവേളയിലുള്ള നല്ല സ്വപ്നങ്ങളായിരുന്നു. നബി(സ്വ) കാണുന്ന ഏത് സ്വപ്നവും പ്രഭാതം പൊട്ടിവിടരുന്നതുപോലെ സാക്ഷാല്‍കൃതമായിത്തീരും. പിന്നീട് ഒറ്റക്കു കഴിഞ്ഞുകൂടല്‍ നബി(സ്വ)ക്ക് പ്രിയങ്കരമായി. ഹിറാഗുഹയില്‍ നബി(സ്വ) ഏകാഗ്രതാവാസം അനുഷ്ഠിക്കാറുണ്ടായിരുന്നു. വീട്ടിലേക്കു പോകാതെ അന്നപാനീയങ്ങള്‍ നേരത്തെ കരുതി കുറെ നാളുകള്‍ നബി(സ്വ) അതില്‍ ആരാധനാനിമഗ്നരായി കഴിച്ചുകൂട്ടും. പിന്നീട് ഖദീജ(റ) ബീവിയുടെയടുത്തേക്ക് മടങ്ങുകയും വീണ്ടും അതുപോലുള്ള ഒരു ഘട്ടത്തിലേക്കാവശ്യമായ ഭക്ഷ്യപദാര്‍ഥങ്ങള്‍ തയ്യാറാക്കിപ്പോവുകയും ചെയ്യും. അങ്ങനെ ഹിറാ ഗുഹയിലായിരിക്കെയാണ് ജിബ്‌രീല്‍(അ) വഹ്‌യും നബിത്വവുമായി അവിടത്തെ സമീപിച്ചത്.

ഇബ്‌നു അബീജംറ(റ) ഈ ഹദീസ് സുദീര്‍ഘമായി വ്യാഖ്യാനിച്ചുകൊണ്ട് ഇങ്ങനെ പ്രസ്താവിക്കയുണ്ടായി: ഏകാഗ്രതാവാസം മനുഷ്യന്റെ ആരാധനാവസ്ഥക്കും ദീനിയ്യായ സ്ഥിതി മെച്ചപ്പെടുന്നതിനും സഹായകമാകുന്നു എന്നതിന് ഈ ഹദീസ് തെളിവാണ്. കാരണം തിരുമേനി(സ്വ) ജനങ്ങളില്‍ നിന്നെല്ലാം ഒറ്റപ്പെട്ടിരിക്കുകയും ഏകാഗ്രതാവാസം അനുവര്‍ത്തിക്കുകയും ചെയ്തപ്പോഴാണ് അതിമഹത്തായ നന്മ കൈയണഞ്ഞത്. ഇതനുസരിച്ച് പ്രവര്‍ത്തിക്കുന്ന ഓരോരുത്തര്‍ക്കും വിലായത്തിന്റെ പദവികളില്‍ നിന്ന് അവരവര്‍ക്ക് നിശ്ചയിക്കപ്പെട്ട നന്മ ലഭിക്കുന്നതാണ്.

തസ്വവ്വുഫിന്റെ മേഖലയിലേക്ക് കടന്നുവരുന്ന തുടക്കക്കാര്‍ക്ക് ജനപരിത്യാഗവും ഏകാഗ്രതാവാസവുമാണ് ഏറ്റം നല്ലത് എന്നും ഈ ഹദീസ് തെളിയിക്കുന്നുണ്ട്. കാരണം, പ്രവാചകത്വലബ്ധിയുടെ പ്രാരംഭത്തില്‍ തിരുമേനി(സ്വ) അങ്ങനെ ചെയ്യാറുണ്ടല്ലോ.

പ്രാരംഭം അവസാനഘട്ടം പോലെയല്ല എന്നതിനും ഈ ഹദീസില്‍ തെളിവുണ്ട്. കാരണം, നുബുവ്വത്തിന്റെ ആദ്യഘട്ടങ്ങളില്‍ സ്വപ്നങ്ങള്‍ കൊണ്ടായിരുന്നല്ലോ തുടക്കം. എന്നിട്ട് പദവികളിലും മഹത്ത്വത്തിലുമൊക്കെ തിരുമേനി(സ്വ) ഉയര്‍ന്നുകൊണ്ടേയിരിക്കുകയും ഉണര്‍ച്ചയിലായിരിക്കെത്തന്നെ ജിബ്‌രീല്‍ വഹ്‌യുമായി വരികയുമായിരുന്നു. വീണ്ടും നബി(സ്വ)യുടെ പദവികള്‍ വര്‍ധിച്ചുകൊണ്ടേവരികയും അങ്ങേയറ്റം അല്ലാഹുവുമായി അടുക്കുകയും ചെയ്തു. ഇതായിരുന്നു അവസാനഘട്ടം.

പ്രവാചകന്മാരില്‍ ഈയവസ്ഥയാണെങ്കില്‍ അനുയായികളിലെ സ്ഥിതി എങ്ങനെയായിരിക്കും? എങ്കിലും മുര്‍സലുകളിലും ഉമ്മത്തുകളിലും അന്തരങ്ങളുണ്ടാകും. അനുയായികള്‍ക്ക് പ്രവാചകത്വത്തിന്റെ പദവികളിലേക്കുയരാനാകില്ല, പ്രവാചകത്വം അവസാനിച്ചുപോയിട്ടുണ്ടല്ലോ. വിലായത്തിന്റെ സ്ഥാനങ്ങളിലാണ് അവര്‍ക്ക് പുരോഗമിക്കാന്‍ കഴിയുക. അങ്ങനെ ദിവ്യജ്ഞാനത്തിന്റെയും റബ്ബിന്റെ സംതൃപ്തിയുടെയും സ്ഥാനമാനങ്ങള്‍ വരെ അവര്‍ക്ക് ചെന്നെത്താം. അതാണ് വിലായത്തിന്റെ സമുന്നത ശ്രേണി.

ഇക്കാരണത്താല്‍, സ്വൂഫികള്‍ ഇങ്ങനെ പറയാറുണ്ട്: ഒരാള്‍ ഒരു പദവി പ്രാപിക്കുകയും അതിന്റെ ചിട്ടകളും മര്യാദകളുമനുസരിച്ച് അതില്‍ നില കൊള്ളുകയും ചെയ്താല്‍ അതിനേക്കാള്‍ ഉന്നതമായതിലേക്കുയരാന്‍ അയാള്‍ക്ക് കഴിയും. എന്തുകൊണ്ടെന്നാല്‍ നബി(സ്വ) ആദ്യം ആരംഭിച്ചത് ഹിറായില്‍ ആരാധിച്ചിരിക്കാനാണ്; അതിന്റെ ചിട്ട പ്രകാരം അതില്‍ സ്ഥിരപ്രതിഷ്ഠനായി. അങ്ങനെ ഒന്നില്‍ നിന്ന് മറ്റൊന്നിലേക്കായി പദവികള്‍ പുരോഗമിച്ച് നുബുവ്വത്തിന്റെ സ്ഥാനം പ്രാപിച്ചു. പിന്നെ പ്രവാചകത്വത്തിന്റെ വിവിധ പദവികളിലായി ഉയര്‍ന്ന് മേല്‍പറഞ്ഞ പോലെ പടച്ചവനുമായി അതീവസാമീപ്യം നേടി. അപ്പോള്‍ നബി(സ്വ)യുടെ പൈതൃകവും പാരമ്പര്യവും ഏറ്റെടുക്കുന്നവര്‍ അതതിന്റെ അനുപാതമനുസരിച്ചായിരിക്കുന്നതാണ്. താന്‍ ഉള്ള അവസ്ഥയില്‍ അതിന്റെ ചിട്ടകള്‍ പാലിച്ച് നിലകൊള്ളുന്നുവെങ്കില്‍ അല്ലാഹു ഉദ്ദേശിച്ച സ്ഥാനമാനങ്ങളിലേക്ക് ഉയരാന്‍ കഴിയും. തിരുമേനി(സ്വ)ക്കു ശേഷം പ്രവാചകത്വത്തില്‍ മറ്റാര്‍ക്കും പങ്കില്ലാത്തതിനാല്‍ അത് പ്രാപിക്കാനാകില്ലെന്നുമാത്രം.

ആഇശ ബീവി(റ)യുടെ മേല്‍പറഞ്ഞ ഹദീസ് വ്യാഖ്യാനിക്കവെ ഇമാം ഖസ്ഥലാനി എഴുതുന്നു: ഏകാന്തവാസത്തിന്റെ മഹത്ത്വം ഈ ഹദീസില്‍ സൂചിപ്പിക്കുന്നുണ്ട്. കാരണം, ഭൗതികതയുടെ ജോലിത്തിരക്കുകളില്‍ നിന്നൊക്കെ ഹൃദയത്തിനത് വിശ്രമം നല്‍കും. അല്ലാഹുവിനു വേണ്ടി ഒഴിഞ്ഞിരുന്ന് മുനാജാത്ത് നിര്‍വഹിക്കുന്നതിനും അത് വഴിതെളിക്കും. അപ്പോള്‍ തത്ത്വജ്ഞാനത്തിന്റെ നീരുറവകള്‍ അതില്‍ നിന്ന് നിര്‍ഗളിക്കുന്നതാണ്. മറ്റുള്ളവരില്‍ നിന്നും തന്നില്‍ നിന്നുതന്നെയും ഒഴിഞ്ഞിരുന്ന് അല്ലാഹുവുമായി മാത്രം ബന്ധിച്ചിരിക്കലാണ് ഏകാഗ്രതാവാസം. തത്സമയം, അദൃശ്യജ്ഞാനങ്ങളുടെ വരദാനങ്ങള്‍ക്കുള്ള സഞ്ചാരപഥമായിത്തീരും ഇവന്റെ ശരീരം; ഹൃദയമാകട്ടെ അവയുടെ ആസ്ഥാനവുമായിക്കഴിയുന്നതാണ്.

ഇവിടെ ഒരു സംശയം ഉന്നീതമാകാം: ഏകാഗ്രതാവാസത്തിനു തെളിവായി നാമുദ്ധരിച്ചത് ഹിറാഗുഹയില്‍ തിരുമേനി(സ്വ) ധ്യാനത്തിലായിരുന്ന സംഭവമാണ്. ഇത് പ്രവാചകത്വത്തിന് മുമ്പാണല്ലോ? അതിന്റെ ശേഷമുള്ളതുകൊണ്ടല്ലേ ദീനില്‍ തെളിവ് പിടിക്കാവൂ?-ഇതാണ് സംശയം. ഇമാം അഹ്മദ് ശിഹാബുദ്ദീന്‍ ഖസ്ഥലാനി(റ) ഈ സംശയത്തിന് മറുപടി എഴുതിയത് കാണുക: ‘….അങ്ങനെ ഹിറാഗുഹയില്‍ നബി(സ്വ) ഏകനായി ധ്യാനിക്കുമായിരുന്നു…’ ഇപ്പറഞ്ഞതില്‍ നിന്ന് ഏകാഗ്രതാവാസവുമായി ബന്ധപ്പിച്ചാണ് വഹ്‌യ് ലഭിച്ചത് എന്ന് പ്രയോഗത്തില്‍ നിന്ന് മനസ്സിലാകും. മാത്രമല്ല, ഈ ഏകാഗ്രതാവാസം ദീനില്‍ പെട്ടതല്ല എങ്കില്‍ അതിനെപ്പറ്റി നിരോധം വരുമായിരുന്നേനെ. തന്നെയല്ല, സത്യം വന്നുകിട്ടാനുള്ള ഒരു മാധ്യമമാണത്. അത് വെളിപ്പെടലാകട്ടെ നബി(സ്വ)ക്കും ഉമ്മത്തിനും അനുഗ്രഹപൂര്‍ണമാകുന്നു. കുറ്റകൃത്യങ്ങളിലും അവയുടെ അപകടങ്ങളിലും നിന്ന് രക്ഷപ്പെടാനും ഒരു മാതൃകയാകാനുമാണത്. ഈ ഏകാഗ്രതാവാസത്തിന് ചില ഉപാധികളുണ്ട്. സ്വൂഫികളുടെ ഗ്രന്ഥങ്ങളില്‍ നിശ്ചിത സ്ഥലത്ത് അവ വിവരിച്ചതായി കാണാം.

ഇതേ ഹദീസില്‍ ‘പിന്നീട് തിരുനബി(സ്വ)ക്ക് ഏകാന്തത പ്രിയങ്കരമായി’ എന്ന വാചകം വിശദീകരിച്ചുകൊണ്ട് ബുഖാരീവ്യാഖ്യാതാവായ അന്‍വര്‍ ശാഹ് കശ്മീരി എഴുതുന്നു: സ്വൂഫികളുടെ മനസ്സമരമുറകളും ഏകാഗ്രതാവാസവും പോലെയാണിത്. കര്‍മശാസ്ത്ര പണ്ഡിതന്മാര്‍ ചര്‍ച്ച ചെയ്യാറുള്ള ഇഅ്തികാഫും തസ്വവ്വുഫിന്റെയാളുകളുടെ ഖല്‍വത്തും എന്റെ കാഴ്ചപ്പാടില്‍ ഏകദേശം തുല്യമായവ തന്നെയാണ്.(3) സുഹ്‌രി പറയുന്നു: ജനങ്ങളുടെ സ്ഥിതി വിസ്മയകരം തന്നെ! എന്തുകൊണ്ട് അവര്‍ ഇഅ്തികാഫ് കൈവെടിഞ്ഞു? ഏതു കാര്യവും നബി(സ്വ) അനുഷ്ഠിക്കുകയും ഉപേക്ഷിക്കുകയും ചെയ്യുമായിരുന്നു; എന്നാല്‍ വഫാത്തുവരെയും ഇഅ്തികാഫ് അവിടന്ന് കൈവെടിഞ്ഞിട്ടില്ല.

ഹ. ആഇശ ബീവി(റ)യുടെ ഇതേ ഹദീസ് വ്യാഖ്യാനിച്ചുകൊണ്ട് ഇമാം നവവി(റ) എഴുതുന്നു: ‘പിന്നീട് നബി(സ്വ)ക്ക് ഒഴിഞ്ഞിരിക്കല്‍ പ്രിയങ്കരമായി’-ഒഴിഞ്ഞിരിക്കല്‍ എന്നു വെച്ചാല്‍ ഖല്‍വത്ത് (ഏകാഗ്രതാവാസം) ആകുന്നു. അല്ലാഹുവിന്റെ ആത്മജ്ഞാനികളും സജ്ജനങ്ങളുമായ അടിമകളുടെ പ്രവൃത്തിയാണിത്… അബൂസുലൈമാന്‍ ഖത്ത്വാബി(റ) പ്രസ്താവിച്ചു: ഏകാന്തവാസം നബി(സ്വ)ക്ക് പ്രിയപ്പെട്ടതാവാന്‍ കാരണം, അതുവഴി ഹൃദയത്തിന് നല്ല ഒഴിവും വിശ്രമവും കിട്ടും എന്നതാണ്. ചിന്തിക്കുവാന്‍ ഏറെ സഹായകമാണ് ആ അവസ്ഥ. അതുമൂലം തന്റെ സര്‍വസാധാരണമായ വിനിമയങ്ങളില്‍ നിന്നെല്ലാം വേര്‍പ്പെട്ടുനില്‍ക്കാന്‍ മനുഷ്യന് കഴിയും. അപ്പോള്‍ അവന്റെ ഹൃദയം ഭക്തിസാന്ദ്രമാവുകയും ചെയ്യും.

ഇതേ ഹദീസ് പ്രതിപാദിക്കവെ ഇബ്‌നുഹജര്‍ അസ്ഖലാനി(റ) രേഖപ്പെടുത്തുന്നു: ‘….ഇതിലുള്ള രഹസ്യം, ഏകാഗ്രതാവാസമെന്നത് ഏതൊരു ലക്ഷ്യം അഭിമുഖീകരിക്കുന്നുവോ അത് നേടാന്‍ സഹായകമാംവിധം ഒഴിവ് ലഭിക്കുന്ന സാഹചര്യമൊരുക്കുകയാണ്… ഇങ്ങനെയല്ലെങ്കില്‍, ഏകാഗ്രതാവാസത്തിന്റെ ഘട്ടം തന്നെ ഒരു മാസമാണെന്നത് സുജ്ഞാതമാണ്. ആ മാസമാകട്ടെ റമളാന്‍ ആകുന്നു.’

ഹ. ആഇശ ബീവി(റ)യുടെ ഹദീസ് വിശകലനം ചെയ്യുന്നതിനിടയില്‍ മറ്റൊരു ബുഖാരി വ്യാഖ്യാതാവായ അല്ലാമ മഹ്മൂദ് ഐനി(റ) ചോദ്യോത്തരരൂപേണ അവതരിപ്പിക്കുന്നു: എന്തുകൊണ്ടാണ് തിരുമേനി(സ്വ)ക്ക് ഏകാന്തത പ്രിയങ്കരമായിത്തീര്‍ന്നത്? ഏകാഗ്രതാവാസത്തില്‍ ഹൃദയത്തിന് ഒഴിവും വിശ്രമവും  ലഭിക്കുന്നുണ്ട്. അത് അല്ലാഹുവിനെയും അവന്റെ മഹത്ത്വത്തെയും സൃഷ്ടിവൈഭവത്തെയും കുറിച്ചെല്ലാം ചിന്തിക്കുന്നതിന് സഹായകമാകുന്നു. മനുഷ്യന്‍ തന്റെ സാധാരണ പ്രകൃതം വിട്ട് മറ്റൊന്നിലേക്ക് വ്യതിചലിക്കുക എന്നത് മികച്ച പരിശീലനം വഴിയേ സാധിക്കൂ. തന്മൂലമാണ് നബി(സ്വ)ക്ക് ഏകാന്തത പ്രിയങ്കരമായത്. മനുഷ്യരുമായി ഇടപഴകുന്നതില്‍ നിന്ന് ഒഴിവാകുന്നതിനും അതുവഴി പതിവുള്ള വിനിമയനടപടികളെല്ലാം വിസ്മരിച്ചുകളയുന്നതിനുമായിരുന്നു അത്.

ഇമാം കിര്‍മാനിയും ഇതേ അഭിപ്രായങ്ങള്‍ തന്നെ രേഖപ്പെടുത്തിയിരിക്കയാണ്: …സജ്ജനങ്ങളും ആധ്യാത്മജ്ഞാനികളുമായ ആളുകളുടെ നടപടിയാണ് ഏകാഗ്രതാവാസം. ഹൃദയത്തിന് ഇടവേളകള്‍ കൈവരുന്നു എന്നതിനാലാണ് തിരുമേനി(സ്വ)ക്ക് അത് താല്‍പര്യജനകമായത്. ആരാധനകള്‍ക്കും സഹായകമാണ് ഖല്‍വത്ത്. സാധാരണമായ അനുഷ്ഠാനമുറകളിലും ഏര്‍പ്പാടുകളിലും നിന്ന് അതുവഴി വ്യക്തിയുടെ ബന്ധം വിച്ഛേദിതമാകുന്നു. തന്മൂലം ഹൃദയം ഭക്തിസാന്ദ്രമാവുകയും ചെയ്യും.

ഏകാന്തതാവാസം എന്ന് നാം വ്യവഹരിച്ച ഖല്‍വത്ത് എന്ന പ്രക്രിയയെയും അതിന്റെ പേരിനെയും നിയമവശങ്ങളെയും ഗുണങ്ങളെയും പൂര്‍വികന്മാര്‍ അതിന് നല്‍കിയ പരിഗണനയെയും കുറിച്ചെല്ലാം മഹാന്മാരായ ഹദീസ് പണ്ഡിതന്മാരും വ്യാഖ്യാതാക്കളും രേഖപ്പെടുത്തുകയും പ്രകടിപ്പിക്കുകയും ചെയ്ത അഭിപ്രായങ്ങളാണ് നാം മുകളിലുദ്ധരിച്ചവയത്രയും. ഇതൊക്കെയുണ്ടായിട്ടും സ്ഥാപിത താല്‍പര്യക്കാര്‍ മറ്റെന്തെങ്കിലും അധരവ്യായാമം നടത്തുന്നുണ്ടെങ്കില്‍ അവരങ്ങനെ ചെയ്തു കൊള്ളട്ടെ!
പ്രവാചകത്വത്തിന്റെ പ്രാരംഭഘട്ടത്തില്‍ റസൂല്‍(സ്വ) തങ്ങളുടെ അവസ്ഥ വിവരിച്ചുകൊണ്ട് ഇമാം ബൂസ്വീരി(റ) തന്റെ ഹംസിയ്യ എന്ന കാവ്യത്തില്‍ പറയുന്നത് എത്ര സുന്ദരമായിരിക്കുന്നു:

(ചെറുപ്പത്തിലേ ധ്യാനമുറകളും ഏകാഗ്രതാവാസവും ആരാധനകളുമായി നബി(സ്വ) ഇഴുകിച്ചേര്‍ന്നിരുന്നു; ഇങ്ങനെത്തന്നെയാണ് മഹാഭാഗ്യവാന്മാര്‍.)

ഹംസിയ്യാ കാവ്യത്തിന്റെ വ്യാഖ്യാതാവ് മുഹമ്മദുബ്‌നു അഹ്മദ് ബന്നീസ്(റ) പറഞ്ഞു: തിരുനബി(സ്വ) ധ്യാനനിമഗ്നമായിരിക്കാന്‍ വേണ്ടി ഓരോ കൊല്ലവും ഒരു മാസക്കാലം ഹിറാ ഗുഹയില്‍ പോകാറുണ്ടായിരുന്നു എന്ന് ഇബ്‌നു ഇസ്ഹാഖും മറ്റും നിവേദനം ചെയ്തിരിക്കുന്നു.

ഇമാം മുനാവി  പ്രസ്താവിക്കുന്നത് കാണുക: ഏകാന്തവാസവും ഒറ്റക്കിരിക്കലും തിരുമേനി(സ്വ)ക്ക് പ്രിയങ്കരമായി. ഭാര്യാസന്താനങ്ങളും സമ്പാദ്യങ്ങളുമായുള്ള ഇഴുകിച്ചേരല്‍ നിശ്ശേഷം നബി(സ്വ)ക്ക് അനിഷ്ടകരവുമായിത്തീര്‍ന്നു. സമുന്നതമായ ദിവ്യസ്മരണകളുടെ സാഗരഗര്‍ത്തങ്ങളില്‍ തിരുമേനി(സ്വ) ആണ്ടുപോവുകയുമുണ്ടായി. തന്മൂലം പരസ്പരവൈരുധ്യങ്ങളില്‍ നിന്നൊക്കെ നബി(സ്വ)യുടെ ബന്ധം വിച്ഛേദിക്കപ്പെട്ടു. പരമലക്ഷ്യം സാക്ഷാല്‍കൃതമാകുന്നതായി അവിടത്തേക്ക് തോന്നി; ഈ ഏകാഗ്രതാവാസം മുഖേന സാന്ത്വനമനുഭവപ്പെട്ടു. അതുവഴി പ്രകടാവസ്ഥയുടെ സ്വഭാവം ഗ്രഹിച്ചു. ഈ സാന്ത്വനാവസ്ഥ ഇരട്ടിച്ചുവരികയും നബി(സ്വ)യുടെ ഹൃദയത്തിന്റെ കണ്ണാടിയുടെ വിശുദ്ധിയും തെളിമയും കൂടിക്കൂടി വരികയുമുണ്ടായി.

അങ്ങനെ പൂര്‍ണതയുടെ ഏറ്റം സമുന്നതമായ പദവികളില്‍ നബി(സ്വ) എത്തിച്ചേര്‍ന്നു. ദിവ്യസന്ദേശമാകുന്ന പ്രഭാതത്തിന്റെ ലക്ഷണങ്ങള്‍ പ്രകടമായിവരികയും അവയുടെ അരുണോദയമുണ്ടാവുകയും ചെയ്തു. സൗഭാഗ്യത്തിന്റെയും വിജയത്തിന്റെയും മിന്നല്‍പിണരുകള്‍ തെളിഞ്ഞുവരികയും അവ വ്യാപകമാവുകയുമുണ്ടായി. ഏതൊരു വൃക്ഷത്തിന്റെയോ കല്ലിന്റെയോ ചാരത്തുകൂടെ തിരുമേനി(സ്വ) നടന്നുപോവുകയാണെങ്കിലും സ്ഫുടമായ ശൈലിയിലും സ്വച്ഛമായ ഭാഷയിലും അവ അസ്സലാമു അലൈക്ക യാ റസൂലല്ലാഹ് എന്ന് പറയാതിരിക്കില്ല! ഈ അഭിവാദ്യം ശ്രവിക്കുമ്പോള്‍ പ്രത്യേകമായി ആരെയും നബി(സ്വ)ക്ക് കാണാന്‍ സാധിക്കുമായിരുന്നില്ല.

ഇമാം ബൂസ്വീരി(റ)യുടെ ഹംസിയ്യ കാവ്യത്തിന്റെ വ്യാഖ്യാതാവ് സുലൈമാനുല്‍ ജമല്‍(റ) എഴുതുന്നു: നബി(സ്വ)യുടെ ആരാധനാരീതി ഇങ്ങനെയായിരുന്നു-ഓരോ കൊല്ലവും ഒരു മാസം നബി(സ്വ) ഹിറാഗുഹയില്‍ പോകുകയും അവിടെ ധ്യാനത്തിലായിക്കഴിയുകയും ചെയ്യും. അവിടന്ന് തിരിച്ചുപോന്നാല്‍ തന്നെ കഅ്ബ ഥവാഫ് ചെയ്തിട്ടേ വീട്ടില്‍ പ്രവേശിക്കൂ. ദിക്‌റുകളിലും അല്ലാഹുവിനെക്കുറിച്ച ചിന്തകളിലുമായിട്ടായിരുന്നു അവിടന്ന് ഹിറായില്‍ ധ്യാനനിമഗ്നരായി ചെലവഴിച്ചത്. ഹിറായല്ലാത്ത മറ്റിടങ്ങളിലും ധാരാളമായി നബി(സ്വ) ഏകാന്തവാസമനുഷ്ഠിക്കാറുണ്ടായിരുന്നു.

ഹിറാഗുഹയില്‍ നിന്നാണ് പ്രകാശം പൊട്ടിവിടരുകയും പ്രഭാതോദയമുണ്ടാവുകയും ചെയ്തത്. ഇസ്‌ലാമിക തസ്വവ്വുഫിന്റെ പ്രകാശത്തില്‍ നിന്നുള്ള പ്രഥമ കിരണം ഇതോടെ ബഹിര്‍ഗമിക്കയുണ്ടായി. എന്നാല്‍, ഹിറായില്‍ നിന്ന് പുറത്തു വന്ന ശേഷവും തിരുമേനി(സ്വ) ഈ ഏകാഗ്രതാവാസം കൈവെടിഞ്ഞിരുന്നില്ല. പിന്നീട് റമളാന്റെ അവസാനത്തെ പത്തു ദിവസങ്ങളില്‍ അവിടന്ന് ഒറ്റക്ക് കഴിയുമായിരുന്നു. ഇതിനാണ് കര്‍മശാസ്ത്ര പണ്ഡിതന്മാര്‍ ഇഅ്തികാഫ് എന്ന് പറയുന്നത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter