ആത്മീയത ഭൗതികതയെ തേടുന്നു

അറബിക്കഥകളില്‍ ഒരു ‘സിക്കന്തരിയെ’ പരിചയപ്പെടുത്തുന്നുണ്ട്. ഒരിക്കല്‍ സിക്കന്തരി കപ്പലില്‍ സഞ്ചരിക്കുമ്പോള്‍ കാറ്റും കോളും കടലിനെ പ്രക്ഷുബ്ധമാക്കി. ആടിയുലയുന്ന കപ്പലില്‍ യാത്രക്കാര്‍ ഭയവിഹ്വലരായി അന്യോന്യം കെട്ടിപ്പിടിച്ച് നിലവിളിച്ചും വെപ്രാളത്തില്‍ പാഞ്ഞും കൊണ്ടിരിക്കുന്നതിനിടയില്‍ ശാന്തനായി ഒരിടത്തിരുന്ന് എന്തൊക്കെയോ ജപിച്ചുകൊണ്ടിരുന്ന സിക്കന്തരിയെ അവര്‍ ശ്രദ്ധിച്ചു. വേഷവിധാനംകൊണ്ട് ഒരു ദിവ്യനായിരിക്കാനുള്ള സാധ്യത അയാളില്‍ ദര്‍ശിച്ച ജനം അയാള്‍ക്ക് ചുറ്റും അണിനിരന്ന്, കടലില്‍ മുങ്ങിമരിക്കാതെ കരയിലെത്താന്‍ തങ്ങളെ അനുഗ്രഹിക്കണമെന്ന് കെഞ്ചി.
സിക്കന്തരി തന്റെ ഭാണ്ഡം കെട്ടഴിച്ച് അതില്‍നിന്ന് കുറെ ഉറുക്കുകളെടുത്ത് നിരത്തിയിട്ടു പറഞ്ഞു: ”എല്ലാവരും ഓരോ ഉറുക്കു വാങ്ങി കൈവശംവയ്ക്കുക. ഒരുറുക്കിന് പത്തു വെള്ളിപ്പണം തരണം. അഞ്ചു വെള്ളിപ്പണം ഉടനെ, ബാക്കി അഞ്ച് കര കണ്ടതിനുശേഷവും.”
ആളുകള്‍ ആശ്വാസത്തിന്റെ നെടുവീര്‍പ്പിട്ടുകൊണ്ട് സിക്കന്തരി പറഞ്ഞപടി അനുസരിച്ചു. രക്ഷപ്പെട്ടാല്‍ തന്റെ ഉറുക്കിന്റെ ശക്തിയാല്‍ രക്ഷപ്പെട്ടതാണെന്ന് ജനം കരുതും. രക്ഷപ്പെട്ടില്ലെങ്കിലോ, തന്റെ ഉറുക്കിന്റെ ശക്തിയെ ആരു ചോദ്യംചെയ്യാന്‍. അങ്ങനെ രക്ഷപ്പെട്ട് കരക്കിറങ്ങിയ ജനം സിക്കന്തരിയെ ബാക്കിപണവും കൊടുത്ത് ഒരു ദിവ്യനെന്ന പോലെ യാത്രയാക്കി.
സിക്കന്തരി പിന്നീട് ഒരു ഗ്രാമത്തിലെത്തി. അവിടെ ഒരു മഹാമാരി പടര്‍ന്നു പിടിച്ചിരിക്കുന്നത് കണ്ടറിഞ്ഞ അദ്ദേഹം അന്നാട്ടിലെ ചിലരെ കണ്ട് ഇപ്രകാരം ഉണര്‍ത്തി: ”നിങ്ങളുടെ നാട്ടിലെ ഈ പകര്‍ച്ചവ്യാധി മുഴുവനായി മാറിപ്പോകണമെങ്കില്‍ അതിനൊരു നിസ്‌കാരമുണ്ട്. എല്ലാവരും പള്ളിയില്‍ ഒരുമിച്ചു കൂടുക. വരുമ്പോള്‍ ഓരോ നാണയക്കിഴി കൊണ്ടുവരണം.”
ആളുകള്‍ കൊണ്ടുവന്ന നാണയമെല്ലാം ഒരു വലിയ സഞ്ചിയിലാക്കി സിക്കന്തരി പള്ളിയുടെ ഒരു മൂലയില്‍ വെപ്പിച്ചു. തുടര്‍ന്ന് നിസ്‌കാരം തുടങ്ങി. നിസ്‌കാരത്തിനു നീണ്ട റുകൂഉം സുജൂദുമാണുണ്ടായിരിക്കുകയെന്ന് സിക്കന്തരി ആദ്യമേ ആളുകളെ ധരിപ്പിച്ചിരുന്നു. അങ്ങനെ ഒന്നാമത്തെ റക്അത്തിനു ശേഷം രണ്ടാമത്തെ റക്അത്തിലെ ഒന്നാം സുജൂദ് നീട്ടി നിര്‍വഹിച്ചു. രണ്ടാമത്തെ സുജൂദില്‍ പിന്നിലുള്ളവരെയെല്ലാം പൂര്‍ണ നിമഗ്നരാക്കി സിക്കന്തരി നാണയസഞ്ചിയുമായി  കടന്നുകളഞ്ഞു.
സിക്കന്തരി ഒരു പഴകിയ കഥാപാത്രം. എന്നാല്‍, നമ്മുടെ പരിസരങ്ങളില്‍ ജീവനുള്ള സിക്കന്തരിമാരെയാണു നാം കാണുന്നത്. മതവിശ്വാസികള്‍ ചിന്താപരമായി ശൈശവമനുഭവിക്കുന്നിടങ്ങളിലാണ് ഇത്തരം സിക്കന്തരിമാര്‍ക്ക് വളക്കൂറുണ്ടാവുന്നത്. അത്തരം പരിസരങ്ങളില്‍ മതചിഹ്നങ്ങളും പാരമ്പര്യ വിശ്വാസങ്ങളും ദുരുപയോഗം ചെയ്യാന്‍ കുബുദ്ധികളായ തല്‍പ്പരകക്ഷികള്‍ക്ക് കഴിയുന്നു. മതവിശ്വാസത്തിന്റെ പാര്‍ശ്വഫലം (സൈഡ് ഇഫക്ട്) എന്നു വിശേഷിപ്പിക്കപ്പെടുന്ന ഒരു പ്രതിഭാസമാണിത്. ഗുണമുള്ള എന്തിനെയും തല്‍പ്പര കക്ഷികള്‍ക്ക് ദുരുപയോഗം ചെയ്യാന്‍ കഴിയുകയെന്നത് ഈ ലോകത്ത് എന്നും നിലനിന്നുപോന്നിട്ടുള്ള ഒരു പ്രതിഭാസമത്രെ. ഉന്നത വിദ്യാഭ്യാസമുള്ളവര്‍ക്കുപോലും തങ്ങളുടെ യുക്തി ചിന്തയുടെ സീമകളെ മറികടന്ന് വിശ്വാസത്തിന്റെയും അനുകരണത്തിന്റെയും മേഖലകളിലേക്ക് തിരിയേണ്ടിവരാന്‍ മാത്രം ശക്തമാണ് ഈ പ്രതിഭാസമെന്നതിനാല്‍ ഇതുസംബന്ധമായ ഏതൊരു നിരൂപണവും ഏറെ സൂക്ഷ്മതയോടെയേ നടത്തിക്കൂടൂ. അസൂയയും വിദ്വേഷവും വച്ചുകൊണ്ടുള്ള അഭിപ്രായപ്രകടനങ്ങളും മുദ്രാവാക്യം വിളികളും പ്രതികൂല ഫലമേ ഉളവാക്കുകയുള്ളൂവെന്നതും ഒരു സത്യം.
ആത്മീയത എന്നു പറയുമ്പോള്‍തന്നെ അതിനെ സംബന്ധിച്ച് വസ്തുനിഷ്ടമായ ഒരു അപഗ്രഥനം ബുദ്ധിയുള്ളതാണെന്നാണ് അപ്പദം ധ്വനിപ്പിക്കുന്നത്. ഇന്ദ്രിയാനുഭൂതികള്‍ക്ക് അതീതമായ ഒരു ലോകവുമായുള്ള മനുഷ്യാത്മാവിന്റെ സമ്പര്‍ക്കത്തെ അത് സൂചിപ്പിക്കുന്നു. വസ്തുനിഷ്ട ലോകത്തിന്റെ സത്തക്കും നിയമങ്ങള്‍ക്കും അനുസൃതമായി മാത്രം കാര്യങ്ങള്‍ കാണുന്ന കണ്ണുകള്‍ക്ക് ആ ലോകം അപ്രാപ്യമായിരിക്കുക സ്വാഭാവികം. ആ സ്ഥിതിക്ക് ഭൗതികവാദികളുടെ തത്സംബന്ധമായ ഏതൊരഭിപ്രായപ്രകടനത്തെയും നമുക്ക് തള്ളാവുന്നതാണ്. ഇക്കാരണത്താല്‍തന്നെയാണ് ആത്മീയ വ്യക്തിത്വങ്ങളെ ഏതിര്‍ക്കുന്നതിലുള്ള ഭൗതികവാദികളുടെ അമിതമായ ആവേശത്തെ നമുക്ക് മുഖ വിലക്കെടുക്കേണ്ടി വരാത്തത്. പക്ഷേ, ആത്മീയ വ്യക്തിത്വങ്ങളായി സമൂഹ മദ്ധ്യത്തില്‍ പ്രത്യക്ഷപ്പെടുന്നവരെ സംശയദൃഷ്ടിയോടെ കാണേണ്ടിവരുമ്പോള്‍ ആശയക്കുഴപ്പം മാറ്റിയെടുക്കാന്‍ നമുക്ക് കൃത്യമായ മാനദണ്ഡങ്ങള്‍ വേണ്ടിവരുന്നു.
ഒരു ആത്മീയ വ്യക്തിത്വം തന്റെ പദവിയും സിദ്ധിയും സാമ്പത്തിക നേട്ടങ്ങള്‍ക്കായി ഉപയോഗപ്പെടുത്തുന്നുണ്ടോ എന്ന പരിശോധനയാണ് ഒരു സാധാരണക്കാരനെ സംബന്ധിച്ചിടത്തോളം അയാളുടെ പ്രാമാണ്യം അളക്കാനുള്ള ആദ്യ മാപകം. അതല്ലെങ്കില്‍, തന്നിലേക്ക് വന്നുചേരുന്ന സമ്പത്തുകള്‍ അയാള്‍ എന്താവശ്യത്തിന് ഉപയോഗപ്പെടുത്തുന്നു എന്ന പരിശോധന. ഒരാള്‍ ഉത്തമനോ അധമനോ എന്നളയ്ക്കാന്‍ ഇമാം ഗസ്സാലി അവര്‍കള്‍(റ) നിശ്ചയിച്ചുതന്നിട്ടുള്ള ഒരു മാനദണ്ഡമുണ്ട്. അദ്ദേഹത്തിന്റെ ഇഹ്‌യായില്‍: ”തുണിത്തുണ്ടുകള്‍ കൂട്ടി തുന്നിയുണ്ടാക്കിയ കുപ്പായമോ കണങ്കാലിനു മീതെ പൊക്കിയെടുത്ത മുണ്ടോ നെറ്റിത്തടത്തില്‍ ഉരുണ്ടുകൂടിയ നിസ്‌കാരത്തഴമ്പോ കണ്ട് ചതിയില്‍ പെട്ടുപോകരുത്. പണത്തിന്റെ മുമ്പില്‍ നിറുത്തി ആളെ അളന്നു നോക്കുക, അപ്പോള്‍ തിരിയും അയാള്‍ ഭക്തനോ കൊള്ളരുതാത്തവനോ എന്ന്.”
ആത്മീയതയുടെ വ്യവസായവല്‍ക്കരണം ഏതു മതവിഭാഗങ്ങള്‍ക്കുമിടയില്‍ ത്വരിതഗതിയില്‍ നടക്കുന്ന നമ്മുടെ രാജ്യത്ത് യഥാര്‍ത്ഥ ആത്മീയതയുടെ വഴി തിരിച്ചറിയാന്‍ ഏറ്റവും ഉത്തമമായ ഒരു മാനദണ്ഡമാണ് ആത്മീയ രംഗത്തെ സര്‍വാചാര്യ സ്ഥാനീയനെന്നുപോലും വിശേഷിപ്പിക്കാവുന്ന ഇമാമവര്‍കള്‍ നിശ്ചയിച്ചുതന്നിട്ടുള്ളത്.
വ്യവസായവല്‍ക്കരിക്കപ്പെടുന്നതോടുകൂടി ആത്മീയത ഭൗതിക വല്‍ക്കരിക്കപ്പെടുകയാണ്. പിന്നെ ആത്മീയത എന്ന വ്യവഹരണത്തിന് അത് യോഗ്യമാകുന്നു പോലുമില്ല. കേരളത്തിലെ അറിയപ്പെട്ട ഒരു സൂഫിവര്യനായിരുന്ന അജ്മീര്‍ ഫഖീര്‍ വീരാന്‍ ഔലിയ ഉപ്പാപ്പ തനിക്കുചുറ്റും കൂടുന്നവരെക്കൊണ്ട് ഇപ്രകാരം ദിക്ര്‍ ചൊല്ലിച്ചിരുന്നതായി പറഞ്ഞുകേട്ടിട്ടുണ്ട്: ”പെണ്ണും മണ്ണും ലാഇലാഹ്, നെല്ലും വിത്തും ലാഇലാഹ്, കാളേം പോത്തും ലാഇലാഹ്.” മനുഷ്യന്‍ തന്റെ ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ ആഭിമുഖ്യം പുലര്‍ത്തുന്നതും പൂജ്യവസ്തുവിന് തുല്ല്യം ഗണിക്കുന്നതുമായ ഭൗതിക ഘടകങ്ങളാണ് ഒലിയ ഉപ്പാപ്പ തന്റെ ദിക്‌റില്‍ വിഷയമാക്കിയത്. ഭൗതിക വസ്തുക്കളോടുള്ള അനുരാഗപൂര്‍ണമായ ആഭിമുഖ്യം പറിച്ചെടുത്ത് ആഭിമുഖ്യം ഏക ഇലാഹായ അല്ലാഹുവില്‍ നട്ടുറപ്പിക്കുകയായിരുന്നു പ്രസ്തുത ദിക്‌റിലൂടെ അദ്ദേഹം ലക്ഷ്യമിട്ടത്. മുസ്‌ലിം സമൂഹത്തില്‍ സര്‍വസ്വീകാര്യരായ ആത്മീയാചാര്യന്മാരെയെല്ലാം ഈയവസ്ഥയിലാണ് കാണാന്‍ കഴിയുക.
സ്വയം എളിമപ്പെടുത്തുകയെന്നതാണ് ആത്മീയ വ്യക്തിത്വത്തിന്റെ തിരിച്ചറിവിനുള്ള മറ്റൊരു അളവുകോല്‍. ഒരാള്‍ സ്വയം കാണുകയും സ്വന്തം ദൃഷ്ടിയില്‍ താഴ്മപ്പെടുകയും ചെയ്യുമ്പോള്‍ അയാള്‍ ആത്മീയതയുടെ ഉയര്‍ച്ചയിലേക്ക് കാലെടുത്തുവയ്ക്കുകയാണ്. അയാള്‍ ഹസ്രത്ത് ഇബ്രാഹീം ഇബ്‌നു അദ്ഹമിനെപ്പോലെ കൊട്ടാരത്തില്‍ നിന്നിറങ്ങി വിറകുവെട്ടിയായി ജീവിക്കാനാണിഷ്ടപ്പെടുക. പരിവാരങ്ങളാല്‍ ആനയിക്കപ്പെട്ടാണ് ഉന്നത പീഠങ്ങളില്‍ ഉപവിഷ്ടനായിരിക്കാന്‍ മോഹിക്കയില്ല. സമ്പത്തിന്റെ വരവുമാര്‍ഗം പരിശുദ്ധമായിരിക്കണമെന്ന നിശിതമായ നിഷ്ഠ പുലര്‍ത്തുന്നതിനോടൊപ്പം തന്നിലേക്കെത്തിച്ചേരുന്ന സമ്പത്ത് ഇലാഹിലേക്കുള്ള സഞ്ചാരത്തിന് ഉപാധിയാക്കുകയും അപരരുടെ ദുരിതാവസ്ഥയ്ക്കുള്ള പരിഹാരമായി വിനിയോഗിക്കുകയും ചെയ്യുമ്പോഴും അയാള്‍ ആത്മീയതയുടെ ഉന്നത പടിയിലേക്കുയരുകയായിരിക്കും. തന്‍പോരിഷയുടെയോ അഹന്തയുടെയോ സ്പര്‍ശം തന്റെ മനസ്സിനെ ബാധിക്കുന്നുവെന്നറിഞ്ഞാലുടനെ ക്ഷണിക്കാത്ത സദ്യക്കു ചെന്ന് അന്യന്റെ ആട്ടുകിട്ടി പട്ടിയെപ്പോലെ പിന്തിരിഞ്ഞോടാന്‍ അവസരം സൃഷ്ടിച്ച അദ്ഹമിലാണ് അയാള്‍ മാതൃക കാണുക.
”നിങ്ങള്‍ വിനയാന്വിതരാകുവീന്‍, നിങ്ങള്‍ എത്രമാത്രം വനയാന്വിതരാകുന്നുവോ അതിനനുസരിച്ചായിരിക്കും അല്ലാഹുതആല നിങ്ങളെ ഉയര്‍ത്തുക” എന്നാണല്ലോ തിരുവായ് മൊഴി. ”നിങ്ങള്‍ എന്നെ നിങ്ങളുടെ കൂട്ടത്തിലെ ദുര്‍ബലര്‍ക്കിടയില്‍ അന്വേഷിക്കുക, ദുര്‍ബലര്‍ മുഖേനയാണ് നിങ്ങള്‍ക്ക് അന്നം കിട്ടുന്നതും വിജയം ലഭിക്കുന്നതും” എന്നു പഠിപ്പിച്ച നബി(സ)യായിരിക്കണം ആത്മീയ വ്യക്തിത്വങ്ങളുടെ മാതൃക. നബി(സ)യുമായി സ്വകാര്യ സംഭാഷണത്തിന് ചെല്ലുകയാണെങ്കില്‍ ഉള്ളവര്‍ ഇല്ലാത്തവര്‍ക്ക് ദാനധര്‍മങ്ങള്‍ ചെയ്തിട്ടേ വരാവൂ എന്ന് അല്ലാഹുതആല വ്യവസ്ഥ വച്ചത് പരിശുദ്ധ ഖുര്‍ആന്‍ ‘അല്‍ മുജാദല’ 12ല്‍ വായിക്കാം. അതിനാല്‍, ആത്മീയ വ്യക്തിത്വങ്ങളുടെ കൂട്ടുകെട്ട് പണക്കാരില്‍ പരിമിതമായിരിക്കരുത്.
അല്ലാഹുവുമായി ഉറ്റ സമ്പര്‍ക്കം സ്ഥാപിക്കുകയും റസൂല്‍(സ)യുമായി അനുരാഗാത്മകമായി താദാത്മ്യം പുലര്‍ത്തുകയും ചെയ്യുന്നയാളുകളാണ് ഇസ്‌ലാമിലെ ആത്മീയ വ്യക്തിത്വങ്ങള്‍. അനുരാഗത്തിലൂടെ അല്ലാഹുവിനോടും റസൂലിനോടും ഒന്നിച്ചുചേരുന്ന ഒരാള്‍ക്ക് ഐഹിക ലോകവും അവിടുത്തെ സുഖസൗകര്യങ്ങളും വേണ്ടിവരില്ല ആനന്ദത്തിന്റെ സ്രോതസ്സുകളും ഉപാധികളുമായി. ഇഹലോകത്തിലെ അധികാരകേന്ദ്രങ്ങളോടെല്ലാം, അവ ഇലാഹികമായ ഗുണങ്ങളെ ഉള്‍ക്കൊള്ളാത്തവയായിരിക്കുമ്പോള്‍, പുഛമായിരിക്കും അത്തരക്കാര്‍ക്ക്. തന്റെ കാലഘട്ടത്തിലെ കെട്ട ഭരണാധികാരികളുടെ കൊട്ടാരവുമായി യാതൊരു ബന്ധവും പുലര്‍ത്തുകയില്ലെന്ന് ഇമാം ഗസ്സാലി (റ) മശ്ഹദിലെ ഇമാം റിസ(റ)യുടെ മഖ്ബറയ്ക്കരികില്‍ വച്ച് പ്രതിജ്ഞ ചെയ്തത് ചരിത്രത്തില്‍ കാണാം. അദ്ദേഹത്തെക്കൊണ്ട് അത്തരമൊരു നിലപാടെടുപ്പിക്കാന്‍ മാത്രം ദുഷിച്ചിരുന്നു അന്നത്തെ സുല്‍ത്താന്‍മാരും അവരുടെ അരമനകളുമെന്നതിനാലായിരുന്നു അതെന്നു പ്രത്യേകം മനസ്സിലാക്കേണ്ടിയിരിക്കുന്നു.
ആത്മീയ വ്യക്തിത്വങ്ങളെ മനസ്സിലാക്കാനുള്ള മാനദണ്ഡങ്ങള്‍ ഇസ്‌ലാമിക ശരീഅത്തിനനുസൃതം ജനങ്ങള്‍ക്ക് യഥാവിധം ബോധ്യമാക്കികൊടുക്കേണ്ടത് ശരീഅത്ത് പണ്ഡിതന്‍മാരുടെയും അതംഗീകരിക്കേണ്ടത് ജനങ്ങളുടെയും ബാധ്യതയാണ്. അല്ലാത്തപക്ഷം ആരെങ്കിലും അതിശയകരമായ എന്തെങ്കിലുമൊരു കൃത്യം ചെയ്തതായോ ആരില്‍ നിന്നെങ്കിലും അത്തരമൊന്ന് പ്രത്യക്ഷപ്പെട്ടതായോ കേട്ടുകേള്‍വിയുണ്ടാകുമ്പോഴത്തേക്ക് ജനം അങ്ങോട്ട് തിരിയും. അല്‍ഭുതസിദ്ധിയെന്നത് അല്ലാഹുവിങ്കല്‍നിന്ന് അവന്റെ വിശിഷ്ട ബന്ധുക്കളായ വലിയ്യുമാര്‍ക്കുള്ള വരപ്രസാദമാണ്. തങ്ങളുടെ വിചാര വികാരങ്ങള്‍ മാത്രമല്ല, അസ്തിത്വം തന്നെയും അല്ലാഹുവില്‍ ലയിപ്പിച്ച ദ്രവീകൃതമാക്കുമ്പോള്‍ അല്ലാഹു അതവര്‍ക്കു നല്‍കുന്നു. പക്ഷേ, എല്ലാ അല്‍ഭുതം കാട്ടലും ഇലാഹികമായ വരപ്രസാദമാകണമെന്നില്ല. പലതും പൈശാചികവുമാവാം. ലോകാവസാനത്തില്‍ പ്രത്യക്ഷപ്പെടുന്ന ദജ്ജാല്‍ ഒരു ദുര്‍മൂര്‍ത്തിയാണെങ്കിലും അവന്‍ കാട്ടിക്കൂട്ടുന്ന അല്‍ഭുതപ്രവൃത്തികള്‍ ഭയങ്കരങ്ങളായിരിക്കുമെന്ന് നബിതിരുമേനി(സ) പ്രവചിച്ചിട്ടുള്ളത് ഹദീസ് ഗ്രന്ഥങ്ങളിലുണ്ടല്ലോ.
പലപ്പോഴും അല്‍ഭുത പ്രവൃത്തികള്‍ തനി തട്ടിപ്പുമാവാം. ഓഷോ അദ്ദേഹത്തിന്റെ ‘മരണത്തിനു മുമ്പ്ജീവിതമുണ്ടോ’ എന്ന കൃതിയില്‍ ഒരനുഭവം കൊടുത്തിട്ടുണ്ട്. ഒരിക്കല്‍ വേഷം കെട്ടി അല്‍ഭുതം കാണിച്ച ഒരു ഗുരുവിന് അത്തരം കൃത്യങ്ങള്‍ വീണ്ടും വീണ്ടും കാണിക്കേണ്ടിവന്നതിലുണ്ടായ മുഷിപ്പ് അയാള്‍ ഓഷോയോട് തുറന്നു പറഞ്ഞത്രെ. ഗുരു അനുയായികളോടൊപ്പം ടിക്കറ്റില്ലാതെ ട്രെയിന്‍ യാത്ര ചെയ്തു. ടി.ടി.ആര്‍ ടിക്കറ്റ് ചേദിച്ചപ്പോള്‍ അയാള്‍ കയര്‍ത്തു സംസാരിച്ചു. സന്യാസിമാര്‍ക്ക് ടിക്കറ്റ് വേണ്ട എന്നാണത്രെ അയാള്‍ അപ്പോള്‍ പ്രതികരിച്ചത്. ടി.ടി.ആര്‍ അയാളെ വണ്ടിയില്‍നിന്നും പിടിച്ച് പുറത്താക്കി. ഒപ്പം അനുയായികളും പുറത്തിറങ്ങി. ഗുരു കണ്ണടച്ച് ശാപവാക്കുകള്‍ മൊഴിഞ്ഞു. എന്നിട്ട് വണ്ടിയോട് അനങ്ങിപ്പോകരുതെന്നാജ്ഞാപിച്ചു. ഡ്രൈവര്‍ വണ്ടിവിടാന്‍ നോക്കിയെങ്കിലും വണ്ടി നീങ്ങിയില്ല. അവസാനം ടി.ടി.ആര്‍ ഇറങ്ങിവന്ന് പരസ്യമായി മാപ്പു പറയുകയും മേലില്‍ അയാളോട് ടിക്കറ്റ് ചോദിക്കില്ലെന്ന് വാക്ക് നല്‍കുകയും ചെയ്തിട്ടാണ് വണ്ടി വിട്ടപ്പോള്‍ നീങ്ങിയത്. ഡ്രൈവര്‍ക്കും ടി.ടി.ആര്‍ക്കും ഗാര്‍ഡിനും വലിയ സംഖ്യ കൈക്കൂലി കൊടുത്തിട്ട് ഇത്തരമൊരു രംഗം മനപ്പൂര്‍വം സ്വകാര്യമായി സൃഷ്ടിച്ചതായിരുന്നുവെന്ന് അയാള്‍ ഓഷോയോട് സമതിച്ചുവത്രെ.
എല്ലാ അതിശയകൃത്യങ്ങളും ഇങ്ങനെ കപടമായി ഒപ്പിച്ചെടുക്കുന്നതാണെന്ന് സമര്‍ത്ഥിക്കുകയാണ് ഓഷോ തന്റെ കൃതിയില്‍. അതു ശരിയല്ലെന്ന് നമുക്കറിയാം. നബിമാരും അവരുടെ പിന്‍ഗാമികളായ വലിയ്യുമാരും എമ്പാടും അസാധാരണ കൃത്യങ്ങളും അത്ഭുതങ്ങളും സൃഷ്ടിച്ചത് ചരിത്രത്തിലും വിശുദ്ധ വേദങ്ങളിലും വായിക്കാം. പക്ഷേ, എല്ലാ ഒറിജിനലിനും ഡ്യൂപ്ലിക്കേറ്റുണ്ടാവുകയാണ്. എല്ലാ മതക്കാരിലും പെട്ട അല്‍ഭുത പ്രവര്‍ത്തകരില്‍നിന്നും ഇത്തരം അല്‍ഭുത കൃത്യങ്ങളുണ്ടാവാറുണ്ട് എന്നതിനാല്‍ യഥാര്‍ത്ഥവും അയഥാര്‍ത്ഥവും തിരിച്ചറിയാനാവാതെ ആളുകള്‍ കുടുങ്ങിപ്പോവുന്നു. യഥാര്‍ത്ഥ ആത്മീയതയുടെ വാക്താക്കള്‍ക്ക് അല്‍ഭുത പ്രവൃത്തിയെന്നത് ഒരു ലക്ഷ്യമോ മാര്‍ഗമോ ആയിരിക്കില്ല. സത്യ പ്രബോധനത്തിന്റെ വീഥിയില്‍ അനിവാര്യഘട്ടത്തില്‍ അതവരുടെ ഉപാധിയായി പ്രയോഗിച്ചേക്കുമെന്നേയുള്ളൂ. മൂസാനബി(അ) വടി സര്‍പ്പമാക്കിയതും ഈസാനബി(അ) രോഗികളെ അല്‍ഭുതകരമായി സുഖപ്പെടുത്തിയതും മുഹമ്മദ് നബി(സ) ചന്ദ്രനെ പിളര്‍ത്തിക്കാണിച്ചതുമെല്ലാം അവരവരുടെ ദൗത്യനിര്‍വഹണത്തിന് അനിവാര്യ ഘട്ടങ്ങളില്‍ പ്രയോഗിച്ച ചില ഉപാധികള്‍ മാത്രം. തങ്ങളുടെ സത്യാവസ്ഥ ജനങ്ങള്‍ക്കു ബോധ്യമാവാന്‍ വലിയ്യുമാര്‍ ചെയ്തിരുന്ന കൃത്യങ്ങളും അവയുടെ തുടര്‍ച്ച തന്നെ.
ശൈഖ് ജീലാനി (ഖു.സി) യഥാര്‍ത്ഥ വലിയ്യാണോ അല്ലേ എന്നു പരിശോധിക്കാന്‍ അദ്ദേഹത്തിന്റെ വീട്ടില്‍ ഒരാള്‍ ഒരുമാസം താമസിച്ചുവത്രെ. അതിനിടയില്‍ ഒരല്‍ഭുത സിദ്ധിയും അദ്ദേഹത്തില്‍ നിന്നുണ്ടായതായി അയാള്‍ക്ക് അനുഭവപ്പെട്ടില്ല. ഒടുവില്‍ അയാള്‍ ശൈഖിനോട് പറഞ്ഞു: ”അങ്ങയുടെ ഭാഗത്ത് നിന്ന് എന്തെങ്കിലും അല്‍ഭുതം സംഭവിക്കുന്നത് കണ്ട് അങ്ങയുടെ മഹത്വമുള്‍ക്കൊണ്ട് അങ്ങയെ ഗുരുവായി സ്വീകരിക്കാന്‍ വന്നതായിരുന്നു ഈ യുള്ളവന്‍. പക്ഷേ, അങ്ങ് അങ്ങയുടെ മഹത്വം തെളിയിക്കുന്ന ഒരല്‍ഭുത പ്രവൃത്തിയും കാണിച്ചില്ലല്ലോ?” ശൈഖിന്റെ മറുപടി: ”ഞാന്‍ അല്ലാഹുവിന്റെ വല്ല കല്‍പ്പനയിലും വീഴ്ച വരുത്തുകയോ വല്ല വിലക്കുകളും ലംഘിക്കുകയോ ചെയ്തതായി കണ്ടിരുന്നുവോ, ഇല്ലെങ്കില്‍ അത് തന്നെ എന്റെ മഹത്വം (കറാമത്ത്)”. ഒരാത്മീയ വ്യക്തിത്വത്തെ തിരിച്ചറിയുന്നതിന് ആധാരമാക്കേണ്ടതെന്ത് എന്നതിന്റെ ഉത്തമമായ ഉത്തരമാണ് ശൈഖ് അയാള്‍ക്കു നല്‍കിയത്.
ഇത്രയും പറഞ്ഞതിനര്‍ത്ഥം ആത്മീയതയുടെ മാര്‍ഗത്തിലൂടെ ലൗകിക കാര്യങ്ങള്‍ സാധിക്കില്ലെന്നോ അത് അരുതാത്തതാണെന്നോ ഉള്ള വഹാബിസത്തിന്റെയും മറ്റും ജല്‍പനം നിലനില്‍പുള്ളതാണെന്നല്ല. ഹസ്രത്ത് സക്കരിയ്യാ നബി (അ) സന്താനലബ്ധിക്കായി വലിയ്യത്തായ ഹസ്രത്ത് മറിയം ബീവിയുടെ സന്നിധിയില്‍ വച്ച് അല്ലാഹുവിനോട് പ്രാര്‍ത്ഥന നടത്തിയിട്ടു ഫലം കണ്ടത്, യൂസുഫ് നബി(അ)ന്റെ വസ്ത്രം മുഖത്തിട്ട പിതാവിന് പോയ കാഴ്ച തിരിച്ചുകിട്ടിയത്, സുലൈമാന്‍ നബി (അ)ന് ബില്‍ക്കീസിന്റെ കൊട്ടാരം ആത്മീയസിദ്ധിയുള്ള ഒരാള്‍ കണ്ണിമ വെട്ടിയതിനുള്ളില്‍ കണ്‍മുമ്പില്‍ എത്തിച്ചുകൊടുത്തത്, മൂസ നബി(അ)ന്റെയും കുടുംബത്തിന്റെയും വിശുദ്ധമായ ചരിത്രശേഷിപ്പുകളടങ്ങിയ പേടകം ഇസ്രായേല്‍ സമുദായത്തിന് മനസ്സമാധാനവും ശാന്തിയും പ്രദാനം ചെയ്തുകൊണ്ടിരുന്നത്. ഇതെല്ലാം ആത്മീയമായ ശക്തി സവിശേഷതകള്‍ കൊണ്ട് ഭൗതികമായ നേട്ടങ്ങള്‍ സാധിച്ചുകിട്ടിയതിന് പരിശുദ്ധ ഖുര്‍ആന്‍ നല്‍കുന്ന തെളിവുകളാണ്.
ചികിത്സയുമായി ബന്ധപ്പെട്ടുകൊണ്ടുള്ള ആത്മീയ വഴികളാണ് ഏറെ വിവാദവിഷയമാകാറുള്ളതും ചൂഷണത്തിനുള്ള ഉപാധികളാക്കപ്പെടാറുള്ളതും. ആധുനിക നാഗരിഗതയില്‍ അത്തരം ആത്മീയ ചികിത്സയ്ക്ക് വല്ല ഇടവുമുണ്ടോ എന്നതു മുതല്‍ മതപരമായ കാഴ്ചപ്പാടില്‍ അതിനു വല്ല അടിസ്ഥാനവുമുണ്ടോ എന്നതുവരെ ഇവ്വിഷയകമായ ചോദ്യങ്ങളാണ്. തട്ടിപ്പുകളുടെ സാമാന്യവല്‍ക്കരണം എന്ന പ്രശ്‌നവും ഈ രംഗത്തെ അതിജയിച്ചുപോകുന്നു. യഥാര്‍ത്ഥത്തില്‍ ഭൗതിക ചികിത്സാരീതികള്‍ക്കൊന്നും പിടികിട്ടാതായി പ്പോകാറുള്ള ആതുരതകള്‍ ആത്മീയമായ ചികിത്സാരീതികള്‍ക്ക് കീഴടങ്ങിയതിനു പല ഉദാഹരണങ്ങളും ചൂണ്ടിക്കാട്ടാന്‍ കഴിയും. ഭൗതിക ശാസ്ത്രത്തിന്റെ കൈയില്‍ ലഭ്യമായ വസ്തുതകള്‍ക്കും അടിസ്ഥാനങ്ങള്‍ക്കും നിരക്കുന്നുണ്ടോ എന്ന മാനദണ്ഡം വെച്ചുകൊണ്ടല്ല മനുഷ്യ ജീവിതത്തില്‍ സഫലമാകുന്നുണ്ടോ എന്നുകൂടി നോക്കിയിട്ടുവേണം കാര്യങ്ങളെ വിലയിരുത്താന്‍ എന്ന സാമാന്യ തത്വം അവഗണിക്കപ്പെടുകയാണിവിടെ. ഈ തത്വത്തെ അവഗണിക്കുന്ന ഭിഷക്കുകള്‍ക്ക് പലപ്പോഴും വഴിമുട്ടി നിന്നുപോകേണ്ടി വരാറുമുണ്ട്. പക്ഷേ, ചൂഷണം നടക്കാനുള്ള സ്വാഭാവികമായ സാധ്യതകള്‍ ഈ മേഖലയില്‍ ഏറെയുമാണ്. സങ്കല്‍പ്പങ്ങള്‍ അനുഭവങ്ങളുമായി പൊരുത്തപ്പെടാതെ വരുമ്പോള്‍ അവയെ പുനരാലോചനയ്ക്ക് വിധേയമാക്കുന്നതായിരിക്കുമല്ലോ കരണീയം.
ചുരുക്കത്തില്‍, ആത്മീയത ഉണ്ട് എന്നത് ആത്മാവ് ഉണ്ട് എന്നത് സത്യമായിരിക്കുന്നതുപോലെ സത്യമാണ്. കായികശക്തിയില്‍ ആളുകള്‍ക്കിടയില്‍ വ്യത്യാസമുള്ളതുപോലെ ആത്മീയ ശക്തിയിലുമുണ്ട് വ്യത്യാസം. കായികശക്തി കുറഞ്ഞവര്‍ അത് കൂടിയവരെ തങ്ങളുടെ ലൗകിക കാര്യങ്ങള്‍ക്ക് ആശ്രയിക്കാറുള്ളതുപോലെ ആത്മീയ ശക്തി കുറഞ്ഞവര്‍ തങ്ങളുടെ കാര്യസാധ്യത്തിനായി ആത്മീയ ശക്തി കൂടിയവരെയും ആശ്രയിക്കുന്നു. ആത്മപ്രതീതമായ കാര്യങ്ങള്‍ വസ്തു പ്രതീതമായ കാര്യങ്ങള്‍ പോലെ ലളിതമല്ലാത്തതിനാല്‍ എല്ലാവര്‍ക്കും അത് സുഗ്രാഹ്യമാവുക എളുപ്പമല്ലായിരിക്കാം. അതിനാല്‍തന്നെയാണ് അനുഭവസ്ഥരല്ലാത്തവര്‍ ഈ വിഷയത്തില്‍ ഭിന്നിപ്പ് പ്രകടിപ്പിക്കുന്നത്. അതിനര്‍ത്ഥം, ആത്മീയ ശക്തി ഒരു യഥാര്‍ത്ഥ്യമല്ല എന്നല്ല, ചിലര്‍ക്കത് അനുഭവേദ്യമാകുന്നില്ല എന്നാണ്. അതേസമയം എന്തിന്റെയും ചൂഷണംപോലെ ആത്മീയതയുടെ ചൂഷണവും ആ മേഖലയില്‍ പ്രാവീണ്യവും പ്രാമാണ്യവുമുള്ളവരില്‍ തിരിച്ചറിയപ്പെടുകയും ചൂണ്ടിക്കാണിക്കപ്പെടുകയും വേണമെന്നത് നിസ്തര്‍ക്കം.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter