ഗാസ ഡയറിക്കുറിപ്പ് - കൃഷിയുടെ സമൃദ്ധിക്കിടയിലും യുദ്ധത്തിന്‍റെ നിഴല് വീണ ഖൂസാ ഗ്രാമം
ഗ്രെഗ് മന്‍ഹാന്‍. അയര്‍ലാണ്ടിലെ മനുഷ്യാവകാശപ്രവര്‍ത്തകന്‍, സിനിമാസംവിധായകന്‍. തന്റെ ഡോക്യുമെന്ററിക്ക് ആവശ്യമായ ചില രംഗങ്ങള്‍ ഷൂട്ട് ചെയ്യാനായി ഇക്കഴിഞ്ഞ നവംബര്‍ 11 നാണ് ഗ്രെഗ് മന്‍ഹാന്‍ ഫലസ്തീനിലെ ഗാസയിലെത്തുന്നത്. പ്രദേശത്ത് ഇസ്രായേല്‍ ആക്രമണം അഴിച്ചുവിടുന്നതിന് മൂന്ന് ദിവസം മുമ്പ്. യുദ്ധം ശക്തി പ്രാപിച്ചപ്പോള്‍ സ്വന്തം രാജ്യത്തേക്ക് സാഹസികമായി രക്ഷപ്പെടുകായായിരുന്നു ഭരണകൂടത്തിന്റെ ഔദ്യോഗിക അംഗീകാരത്തോടു കൂടി പ്രദേശത്തെത്തിയ മന്ഹാന്‍. ഇക്കഴിഞ്ഞ ദിവസങ്ങളിലായി മന്‍ഹാന്റെ ഗാസഡയറിക്കുറിപ്പുകള്‍ അല്‍ജസീറ പ്രസിദ്ധീകരിച്ചിരുന്നു. വായനക്കാരനെ ഗാസ അനുഭവിപ്പിക്കുകയാണ് കുറിപ്പിലൂടെ മന്‍ഹാന്‍. ഡയറിയിലെ പ്രസക്തഭാഗങ്ങളുടെ സ്വതന്ത്രവിവര്‍ത്തനം. ഒന്നാംഭാഗം.  width=നവംബര്‍ 11. തെക്കന്‍ ഗാസയിലെ കുഗ്രാമത്തിലൂടെയാണ് ഞങ്ങളുടെ വാഹനം നീങ്ങിക്കൊണ്ടിരിക്കുന്നത്. ഞങ്ങള്‍ പിന്നിട്ട പ്രദേശം പോലെ കെട്ടിടങ്ങളുടെ മരുപ്പറമ്പല്ലിവിടെ. വീടുകളൊക്കെ പൊട്ടിപ്പൊളിയാറായവ തന്നെ. എന്നാലും അവ റിപ്പയര്‍ ചെയ്ത് നന്നാക്കി കൊണ്ടിരിക്കുന്നുണ്ട്. വഴിയോരം നിറയെ കൃഷികള്‍‌. ഒലീവ്, ഓറഞ്ച് തുടങ്ങി പലതും. കൃഷിയുടെ സമൃദ്ധിക്കിടയിലും യുദ്ധത്തിന്‍റെ നിഴല് വീണിരിക്കുന്നു. പൊട്ടിപ്പൊളിഞ്ഞ വീടുകള്‍. പല കെട്ടിടങ്ങളുടെയും ചുമരുകളില്‍ വലിയ ദ്വാരം കാണാം, ബുള്ളറ്റുകളേറ്റ് ചുമരുകളുടെ നെഞ്ചകങ്ങള്‍ തകരുമ്പോള്‍ അതിനകത്തുള്ളവരുടെ മനസ്സു വിങ്ങിത്തുടങ്ങുന്നു. ഖൂസാ ഗ്രാമത്തിലാണ് തങ്ങാന്‍ ഏര്‍പ്പാട് ചെയ്തിരുന്നത്. അവിടെ എത്തിയപ്പോള്‍ പിന്നെ ഇസ്രായേല്‍ കെട്ടിയ അതിര്‍ത്തിയോട് ചേര്‍ന്ന് നടക്കാന്‍ തുടങ്ങി. അവിടെ വാച്ച്ടവറുകളില്‍ ഇസ്രായേല്‍ പട്ടാളക്കാര്‍ ജാഗ്രതയിലാണ്. അവരുടെ കയ്യിലെ തോക്കു വ്യക്താമായി കാണാം. കൂടുതല്‍ അതിര്‍ത്തിയോട് ചേര്‍ന്ന് നടക്കരുതെന്ന് എന്‍റെ ആഥിതേയന്‍റെ മുന്നറിയിപ്പ്. ‘അവര്‍ വെടി വെച്ചേക്കും,’ മുന്നറിയിപ്പിന്റെ കാരണം വളരെ ലളിതം. ഗാസയിലെ കൃഷിയോഗ്യമായ ഭാഗമാണ് തെക്കുഭാഗത്തുള്ള ഈ ഭൂപ്രദേശം. പക്ഷേ, ഇസ്രാഈല്‍ പട്ടാളം അതെല്ലാം ബുള്‍ഡോസര്‍ ഉപയോഗിച്ച് തരിശാക്കി മാറ്റിയിരിക്കുന്നു. ഫലസ്തീനികളനുഭവിക്കുന്ന ഭക്ഷ്യപ്രതിസന്ധിക്ക് ഇതും ഒരു കാരണമാണ്. ‘ഇസ്രായേലി കമാന്‍റര്‍മാര്‍ മാറുന്നതിനനുസരിച്ച് നിരോധിത മേഖലയും മാറാറുണ്ട്. ഒരു ദിവസം ഞങ്ങള്‍ കൃഷിയിറക്കിയ സ്ഥലം അടുത്ത ദിവസമാകുമ്പോഴേക്ക് ചിലപ്പോള്‍ നിരോധിത മേഖലായി കാണും. അവിടെ പ്രവേശിച്ചതിന്റെ പേരില് വെടിവെച്ചു കൊല്ലുമ്പോഴാണ് പുതിയ നിരോധിത പ്രദേശത്തെ കുറിച്ച് ഗാസയിലെ ജനങ്ങള്‍ അറിയുക,’ ആഥിതേയന്‍ അബുറിദാ പറഞ്ഞു. **                                  **                                  **                                  ** ഖുസായിലൂടെ പോയിക്കൊണ്ടിരിക്കെ ഡ്രൈവര്‍ വണ്ടി നിറുത്തി. സൈഡില്‍ കണ്ട ഒരു വെള്ള ടാങ്കിലേക്ക് ചൂണ്ടി: ‘ഇവിടെ റോക്കറ്റാക്രമണം നടന്നിരുന്നു, ഒരു കുഞ്ഞ് രക്തസാക്ഷിയായി’ ഗ്രാമത്തിലെ ജനങ്ങള്‍ക്ക് ശുദ്ധമായ കുടിവെള്ളമെടുക്കാനുള്ള ഒരു ടാങ്കാണത്. കേടുവന്ന ടാങ്ക് നന്നാക്കുകയായിരുന്ന ബാലനെയും ഒരു മധ്യവയസ്കനെയും നേരെ പെട്രോളിങ്ങ് നടത്തുന്ന ഇസ്രായേല്‍ സൈന്യം റോക്കറ്റുതിര്‍ക്കുകയിരുന്നു. ആക്രമണത്തില്‍ കുട്ടി മരിച്ചു. നിരോധിതമേഖലയിലേക്ക് പ്രവേശിച്ചുവെന്നാണ് അതിനും പറഞ്ഞ കാരണം. അതിര്‍ത്തിയില്‍ നിന്ന് ചുരുങ്ങിയത് 700 കിലോമീറ്റര്‍ ഇപ്പുറത്താണ് ഈ ടാങ്ക് കിടക്കുന്നതെന്ന് ഒറ്റനോട്ടത്തില്‍ തന്നെ വ്യക്തം. ‘എന്നാണാ അക്രമം നടന്നത്,’ ഞാന്‍ ചോദിച്ചു. ‘രണ്ടാഴ്ച മുമ്പ്’ ആഗോളമാധ്യമങ്ങളൊന്നു പോലും റിപ്പോര്‍ട്ട് ചെയ്യാത്ത ഇസ്രായേല്‍ നരമേധങ്ങളില്‍ പെട്ട ഒന്നായിരിക്കുമിത്, ഞാന്‍ ആലോചിക്കുകയായിരുന്നു. ‘നിങ്ങളുടെ ജീവിതം വളരെ പ്രധാനമാണ്. നിങ്ങളെ രക്ഷിക്കാന്‍ വേണ്ടി ഒരു രക്തസാക്ഷിയാകാനും ഞാന്‍ മടിക്കില്ല,’ വാഹനത്തിലേക്ക് തിരിച്ചു നടക്കവെ ആ ഗവണ്‍മെന്റ് ഡ്രൈവര്‍ എന്നെ നോക്കി പറഞ്ഞു, ആത്മാര്‍ഥമായി തന്നെ. കഥയല്ല, ഒറ്റപ്പെടലിന്റെ ജീവിതം തന്നെ ലോകത്ത് തടവുകാര്‍ക്ക് പ്രത്യക മന്ത്രാലയമുള്ളത് ഒരു പക്ഷേ, ഗാസിയില്‍ മാത്രമായിരിക്കും. Prisoners' Ministry. ഇസ്രായേല്‍ കസ്റ്റഡിയില്‍ നിലവില്‍ 5,000 ഫലസ്തീന്‍ തടവുകാരുണ്ട്. ഇസ്രായേലിലെ തന്നെ എന്‍.ജി.ഓയുടെ കണക്ക് പ്രകാരമാണിത്. 189 സ്ത്രീകള്‍ക്കും നിരവധി കുഞ്ഞുങ്ങള്‍ക്കും പുറമെ ഫലസ്തീന്‍ ഭരണസമിതിയിലെ 10 പേരും കൂട്ടത്തിലുണ്ട്. 186 ഫലസ്തീനികള്‍ നേരിടുന്നത് Administrative Detention ആണ്. കുറ്റപത്രമോ ചോദ്യംചെയ്യലോ ഒന്നുമില്ലാത്ത ഒരു തരം അറസ്റ്റാണിത്. ആറ് മാസമാണ് ശിക്ഷാകാലം. അക്കാലയളവ് കഴിഞ്ഞാല്‍ തടവുകാലം ആറ് മാസത്തേക്ക് കൂടി ദീര്‍ഘിപ്പിക്കാന്‍ ജുതഭരണകൂടത്തിന് അധികാരമുണ്ട്. അതെത്ര പ്രാവശ്യവും ആവര്‍ത്തിക്കുകയുമാകാം. Prisoners' Ministry. അലങ്കാരങ്ങളൊട്ടുമില്ലാത്ത ഒരു മന്ത്രാലയം. ചുമരുകളിലെല്ലാം ഇസ്രായേല്‍ പട്ടാളം പലപ്പോഴായി അറസ്റ്റുചെയ്ത കുട്ടികളുടെയും മറ്റും ഫോട്ടോകള്‍. ആരോഗ്യമന്ത്രിയുമായി നടത്തിയ ചെറിയൊരു അഭിമുഖത്തിനിടെ അടുത്തുള്ള ഇന്റര്‍നാഷണല്‍ റെഡ്ക്രോസിന്റെ ഓഫീസ് സന്ദര്‍ശിക്കാന്‍ താത്പര്യമുണ്ടെന്ന പറഞ്ഞു. അതിനദ്ദേഹം സമ്മതം മൂളിയെന്ന് മാത്രമല്ല, കൂടെ പോരുകയും ചെയ്തു. **                                  **                                  **                                  ** ഫലസ്തീനിലെ ഇന്ററ്‍നാഷണല്‍ റെഡ് ക്രോസ് ഓഫീസ്. ജൂതഭരണത്തിന് കീഴിലുള്ള തടവുകാരെ കുറിച്ച് അന്വേഷിക്കാനും മറ്റും സ്വാധീനമുള്ള ഫലസ്തീനിലെ ഏക സംഘമാണിവര്‍. ഓരോ തടവുകാരുടെയും പുതിയ വിവരങ്ങള്‍ക്കായി ഈ സംഘം ഇസ്രായേലുമായി ബന്ധപ്പെട്ടു കൊണ്ടിരിക്കുകയും ചെയ്യുന്നു.  width=അവിടെയെത്തുമ്പോള്‍ ഓഫീസിനു മുമ്പില് ഒരു പ്രതിഷേധസമരം നടക്കുകയായിരുന്നു. മക്കള്‍ നഷ്ടപ്പെട്ട ഫലസ്തീന്‍ മാതാക്കളാണ് ആ സമരം നടത്തിക്കൊണ്ടിരുന്നത്. ഓഫീസിന് മുന്നില്‍ റെഡ്ക്രോസ് ഒരു പന്തലിട്ടിട്ടുണ്ട്. പൊരിവെയിലത്തും മക്കള്‍ക്ക് വേണ്ടി സമരം ചെയ്തുകൊണ്ടിരിക്കുന്ന മാതാക്കള്‍ വെയില്‍ കൊണ്ട് വാടാതിരിക്കാന്‍ റെഡ്ക്രോസ് തന്നെ കെട്ടിക്കൊടുത്ത പന്തല്‍. ദുഖവും വേദനയുമാണ് അവിടെ നിറഞ്ഞു കണ്ടത്. അല്ലെങ്കിലും ഫലസ്തീനില്‍ എല്ലായിടത്തും നിറഞ്ഞുകണ്ടത് വേദന മാത്രമായിരുന്നല്ലോ. ‘പുറത്തുള്ള രാജ്യങ്ങളിലെ നിങ്ങള്‍ ഈ വിഷയത്തില്‍ ഇതുവരെ എന്തു ചെയ്തു,’ ഇരുപത് കഴിഞ്ഞ തന്റെ മകനെ നഷ്ടപ്പെട്ട ഒരു മാതാവ് എന്റെ നേരെ ഓടിയടുത്തു. അഞ്ചുവര്‍ഷമായി ആ ഉമ്മ മകനെ കണ്ടിട്ട്. ഒന്നുമില്ലെന്നായിരുന്നു മനസ്സില്‍ വന്ന ഉത്തരം. അതാണ് ശരിയും. പക്ഷേ, ആ മാതാവിന്റെ ഹൃദയം വിങ്ങുന്നത് ഞാനറിയുന്നുണ്ടായിരുന്നു. മറുപടി പറയാതെ മൌനിയായി നിന്നു. അതിനെ കഴിഞ്ഞുള്ളൂവെന്ന് പറയാം. തിരിച്ചു നടക്കവെ രണ്ടു സ്ത്രീകള്‍ ഒപ്പമിരിക്കുന്നത് കണ്ടു. വൃദ്ധയായ ഒരു സ്ത്രീ എന്തോ പറഞ്ഞു കൊടുക്കുന്നു. മധ്യവയസ്ക അത് എഴുതിയെടുക്കുകയാണ്. ഇസ്രായേല്‍ ജയിലിലുള്ള തന്റെ മകന് വേണ്ടിയുള്ള കത്തെഴുതിപ്പിക്കുകയായിരുന്നു അന്ധയായ ആ വൃദ്ധ. നില്‍പ്പുറക്കാതെ അവര്‍ കയ്യിലുള്ള ഊന്നുവടിയിലാണ് ചാരി നില്‍ക്കുന്നത്. ഞാന്‍ ക്യാമറയുമായി അവരുടെ അടുത്ത് ചെന്നിരുന്നു. ‘22 വര്‍ഷമായി എന്റെ മകന്‍ മുസ്ഥഫ അവിടെ ജയിലിലാണ്,’ പതുങ്ങിയ ശബ്ദത്തില്‍ അവര്‍ പറഞ്ഞു തുടങ്ങി. ‘എന്താണവന്‍ ചെയ്ത തെറ്റ്?’ ‘അവന്‍ സ്വന്തം രാജ്യത്തിന് വേണ്ടി ജൂതരാഷ്ട്രത്തിനെതിരെ സമരം നടത്തിയിരുന്നു.’ ‘എത്രവട്ടം പിന്നെ നിങ്ങളവനെ ജയിലില് പോയി സന്ദര്‍ശിച്ചു?’ ‘സന്ദര്‍ശിക്കാന്‍ അവര്‍ സമ്മതിച്ചിട്ട് വേണ്ടേ’ ‘അവസാനമായി എന്നാണവനില്‍ നിന്ന് നേരിട്ട് വല്ലതും കേട്ടത്?’ ‘പന്ത്രണ്ട് വര്‍ഷമായി കാണും.’  പിന്നെ ഒന്നും ചോദിക്കാനില്ലായിരുന്നു. **                                  **                                  **                                  ** അന്നു സൂര്യനസ്തമിക്കാറായപ്പോള്‍ ഗാസയിലെ ഹാര്‍ബര്‍ ഷൂട്ട് ചെയ്യണമെന്ന് ഞാന്‍ പറഞ്ഞു. ആ രംഗം എടുക്കാനുദ്ദേശിക്കുന്ന ഡോക്യുമെന്റെറിയെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനമാണ്. ഗാസ ഹാര്‍ബറിലേക്കടുത്ത് കൊണ്ടിരിക്കുകയായിരുന്ന ഐറിഷ് കപ്പലിനെതിരെ കടലില്‍ വെച്ച് ഇസ്രായേല് നടത്തുന്ന ആക്രമണത്തെ ചുറ്റിപ്പറ്റിയാണ് ഈ പുതിയ ഡോക്യുമെന്‍ററി. ഗാസയിലെ ഹാര്‍ബറിലത്തി. പൊട്ടിപ്പൊളിഞ്ഞ ഹാര്ബര്‍. കടലിന് മധ്യത്തിലകപ്പെട്ട പോലെ ജീവിതം തന്നെ ആടിയുലയുമ്പോള്‍ കരയിലെ ഹാര്‍ബറിനെ കുറിച്ച് ആര് വേവലാതിപ്പെടാന്‍! സമയം രാത്രി. ഷൂട്ടിങ്ങ് കഴിഞ്ഞ് താമസസ്ഥലത്തേക്കു മടങ്ങാനിരിക്കുകയാണ്. ആകാശത്തിന്റെ ഇരുട്ടിന് പുറത്ത് ഉഗ്രമായൊരു സ്ഫോടന ശബ്ദം. എന്താണെന്നറിയാതെ ഞാന്‍ അബൂറിദായുടെ മകന്‍ റിസ്ഖിന്റെ മുഖത്തേക്ക് നോക്കി. ‘മെര്‍ഖാവ’ മെര്‍ഖാവ ഇസ്രായേലിന്റെ പ്രത്യേക യുദ്ധടാങ്കാണ്. തൊട്ടടുത്തുള്ളവയെ ഉന്നം വെക്കാനാണിത് ഉപയോഗിക്കാറ്. വീട്ടിലെത്തി രാത്രി വൈകിയും പുറത്ത് മെര്‍ഖാവ ഉന്നം തേടി മുരളുന്നുണ്ടായിരുന്നു. പിറ്റേന്ന് ചൊവ്വാഴ്ച രാവിലെ തന്നെ ഞങ്ങള്‍ വണ്ടിയില്‍ പുറപ്പെട്ടു. അന്ന് റിസ്ഖ് എന്നെ കൊണ്ടുപോയത് അവന്‍റെ ഭാര്യയുടെ ഗ്രാമത്തിലേക്ക്. ദാരിദ്ര്യം എഴുന്നു നില്‍ക്കുന്ന ഗ്രാമം. വീടുകള്‍ക്ക് ചുരുങ്ങിയത് നൂറ് വര്‍ഷത്തെയെങ്കിലും പഴക്കം കാണും. മണല്‍ വഴിമുടക്കുന്ന ഉള്‍നാട്ടിലെ റോഡ്. റോഡില്‍ നിന്നൊരു ഊടുവഴിയിലേക്കിറങ്ങി. അത് നേരെ പോകുന്നത് വയലിനപ്പുറത്തുള്ള മസജിദിലേക്കാണ്. ചെറിയ ആ മസ്ജിദിന്‍റെ മിനാരം പൊടിഞ്ഞു വീണിരിക്കുന്നു. ബലമുള്ള കമ്പികള്‍ പുറത്ത് കാണാം. അവ തുരുമ്പെടുത്തിട്ടില്ല. പുതുതായി പണി കഴിപ്പിച്ച പള്ളി തന്നെ. പിന്നെ മിനാരം മാത്രം എങ്ങനെ തകര്‍ന്നുവെന്ന എന്‍റെ ആലോചന മനസ്സിലാക്കിയാവണം പിന്നില്‍ നിന്ന് മറുപടി വന്നു. ‘മെര്‍ഖാവ. രണ്ടാഴ് മുമ്പ്.’ ‘എന്നാലും മസജിദ് ഇങ്ങനെ ആക്രമിക്കുകയോ, ഒരു കാരണവുമില്ലാതെ?’ ‘എന്തിനാ കാരണം. അവര്ക്ക് മുസ്‌ലിംകളോട് വെറുപ്പാണ്. അത്ര തന്നെ.’ ഇന്ന് നവംബര്‍ 14. ഇന്നാണ് ഹമാസ് സൈനിക നേതാവായിരുന്ന ജഅബരിയെ ഇസ്രായേല്‍ വധിക്കുന്നത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter