നമ്മുടെ മദ്‌റസകള്‍
 width=മത സാക്ഷരത പൂര്‍ണമായി കൈവരിച്ച സംസ്ഥാനമാണ് കേരളം. അര നൂറ്റാണ്ടുകൊണ്ട് കൈവരിച്ചതാണ് മഹത്തായ ഈ നേട്ടം. ഭാഷാ സംസ്ഥാനം നിലവില്‍ വരികയും നമ്മുടെ രാഷ്ട്രം മതേതര രാഷ്ട്രം എന്ന നിലക്കുള്ള ഭരണഘടന നിലവില്‍വരികയും ചെയ്ത പശ്ചാത്തലത്തില്‍ സ്‌കൂളുകളില്‍നിന്നും ഓത്തുപള്ളികളില്‍നിന്നുമുള്ള മതപഠനത്തിന്റെ അവസരം നഷ്ടപ്പെട്ടതാണ് ഇന്നുകാണുന്ന വിധമുള്ള മദ്‌റസകളെക്കുറിച്ചുള്ള ചിന്ത മത നേതൃത്വത്തിന്റെ പരിഗണനക്കു വരുന്നത്.
കേരളത്തിലേതുപോലെ വ്യവസ്ഥാപിതമായി മദ്‌റസാ വിദ്യാ ഭ്യാസം നടത്തുന്ന ഏജന്‍സികള്‍ മറ്റിതര സംസ്ഥാനങ്ങളിലില്ല. സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡാണ് കേരളത്തില്‍ ഏറ്റവുംവലിയ മതവിദ്യാഭ്യാസ ഏജന്‍സി. ശരിയായ വിദ്യാഭ്യാസ കലണ്ടറും മോണിറ്ററി സംവിധാനവും പ്ലാനിംഗ് വിംഗും മദ്‌റസാ പ്രസ്ഥാനത്തിന്റെ കുതിപ്പിനു കാരണമായിട്ടുണ്ട്. 100 വിദ്യാഭ്യാസ ഇന്‍സ്‌പെക്ടര്‍മാര്‍ (മുഫത്തിശുമാര്‍) രണ്ടു റീജ്യനല്‍ ഇന്‍സ്‌പെക്ടര്‍മാരുടെ നേതൃത്വത്തില്‍ എല്ലാ മദ്‌റസകളിലും വര്‍ഷത്തില്‍ രണ്ടു തവണ സന്ദര്‍ശിക്കുന്നു. വിദ്യാഭ്യാസ പുരോഗതി ഉറപ്പുവരുത്തുകയാണവര്‍.
എല്ലാ മദ്‌റസകള്‍ക്കും ആവശ്യമായ മുഴുവന്‍ റിക്കാര്‍ഡുകളും സൗജന്യമായി ബോര്‍ഡ് നല്‍കി വരുന്നു. മികച്ച അധ്യാപകരെ സൃഷ്ടിക്കാനുള്ള റെയിഞ്ചു തല പരിശീലനവും സൗജന്യമാണ്. 6 ട്യൂട്ടര്‍മാരും 7 ഖാരിഉകളും ഇതിനായി പ്രവര്‍ത്തിക്കുന്നു. കൂട്ടത്തില്‍ ആറ് മുഴുസമയ മുബല്ലിഗുമാരും സേവനത്തിനുണ്ട്. വര്‍ത്തമാനത്തിന്റെയും ഭാവിയുടെയും വസന്തമായി മദ്‌റസാ പ്രസ്ഥാനം വളരുകയാണ്. നമ്മുടെ സന്താനങ്ങള്‍ക്ക് ഉന്നത മതപഠനം ഈ കാലഘട്ടത്തിന്റെ അനിവാര്യതയായിത്തീര്‍ന്നിരിക്കുന്നു. ധര്‍മബോധമില്ലാത്ത സമൂഹത്തിന്റെ വരണ്ട ചിന്തകള്‍ സമ്മാനിച്ച  അരാചകത്വത്തില്‍നിന്ന് ഭാവിയെ രക്ഷപ്പെടുത്താന്‍ നല്ല മതപഠനം നേടിയ സമൂഹത്തിനേ സാധിക്കൂ. ഈ തിരിച്ചറിവുള്ളവരൊക്കെ മദ്‌റസാ പഠനത്തിനു മുന്തിയ പരിഗണന നല്‍കി വരുന്നു. നമ്മുടെ യുവതയെ നേരിലേക്കടുപ്പിക്കാന്‍ മദ്‌റസകള്‍ കൂടുതല്‍ ചൈതന്യവല്‍ക്കരിക്കേണ്ടതുണ്ട്.
കേരളം, കര്‍ണാടക, തമിഴ്‌നാട്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലും, അന്തമാന്‍, ലക്ഷദ്വീപ് എന്നിവിടങ്ങളിലും, ഒമാന്‍, ബഹ്‌റൈന്‍, യു.എ.ഇ, മലേഷ്യ, കുവൈത്ത്, സഊദി അറേബ്യ എന്നീ വിദേശ രാജ്യങ്ങളിലുമാണ് മദ്‌റസകള്‍ വ്യാപിച്ചുകിടക്കുന്നത്. ഇപ്പോള്‍ 8395 മദ്‌റസകളാണ് ബോര്‍ഡിനു കീഴില്‍ അംഗീകരിച്ചിട്ടുള്ളത്. 76687 അദ്ധ്യാപകര്‍ മുഅല്ലിം സര്‍വീസ് രജിസ്തര്‍ (എം.എസ്.ആര്‍) എടുത്തവരായുമുണ്ട്. 505978 ആണ്‍കുട്ടികളും 498672 പെണ്‍കുട്ടികളുമുള്‍പ്പെടെ 1004650 കുട്ടികളാണ് ഇപ്പോള്‍ മദ്‌റസകളില്‍ പഠിച്ചുകൊണ്ടിരിക്കുന്നത്. ഈ വര്‍ഷം ഒരു ലക്ഷത്തിലധികം പുതിയ വിദ്യാര്‍ത്ഥികളെത്തുമെന്നാണ് കണക്കാക്കപ്പെടുന്നത്.
പാഠപുസ്തക നിര്‍മാണ കമ്മിറ്റി, പരിശോധനാ കമ്മിറ്റി, സ്‌ക്രൂട്ടിനിംഗ് സമിതി ഉള്‍പ്പെടെ  ഈ രംഗത്ത് വിപുലമായ സംവിധാനം ഇപ്പോള്‍ നിലവിലുണ്ട്.
അനാഥാലയങ്ങള്‍ക്ക് പരീക്ഷാഫീസ് നൂറു ശതമാനവും സൗജന്യമാണ്. പാഠപുസ്തക വിലയുടെ അമ്പത് ശതമാനം കിഴിവും നല്‍കുന്നു. ഇങ്ങനെ പരശ്ശതം ലക്ഷങ്ങള്‍ ബോര്‍ഡ് ഈ രംഗത്ത് വിനിയോഗിക്കുന്നു. എന്നാല്‍ ഈ രംഗത്ത് പല മാനേജ്‌മെന്റുകളും ഇനിയും വേണ്ടത്ര ജാഗ്രത കാണിക്കുന്നില്ല.
അദ്ധ്യാപക നിയമനത്തിലും രേഖകള്‍ കൈകാര്യംചെയ്യുന്നതിലും പല മാനേജ്‌മെന്റ് കമ്മിറ്റികളും ശ്രദ്ധാലുക്കളല്ല. ബോര്‍ഡിന്റെ അദ്ധ്യാപക കോഴ്‌സുകള്‍ പൂര്‍ത്തിയാക്കിയവരെ നിയമിക്കാനും എം.എസ്.ആര്‍ ഉള്ളവരും റെയ്ഞ്ചുകളില്‍ അംഗത്വം നേടിയവരെയും നിയമിക്കാന്‍ മാനേജ്‌മെന്റ് കമ്മിറ്റികള്‍ ശ്രദ്ധിക്കണം.
ലോവര്‍, ഹയര്‍, സെക്കണ്ടറി, ട്രെയിനിംഗ്, ഹിസ്ബ് കോഴ്‌സുകള്‍ പൂര്‍ത്തിയാക്കിയ അദ്ധ്യാപകര്‍ അവരുടെ എം.എസ്.ആര്‍ എടുത്തു കൃത്യമായി കൈകാര്യം ചെയ്യുന്നവരും റെയിഞ്ചുകളില്‍ സംബന്ധിച്ചു പുതിയ അധ്യാപന രീതികളും പുസ്തക പരിചയവും നേടിയവരുമായിരിക്കണം മുഅല്ലിമുകള്‍.
ഫൈസി, ദാരിമി, ഹുദവി, റഹ്മാനി, അന്‍വരി ബിരുദധാരികള്‍ക്ക് അതത് കോളേജുകളില്‍ ഫൈനല്‍ വര്‍ഷത്തില്‍ ബോര്‍ഡ് സ്വന്തം ചെലവില്‍ ട്രെയിനിംഗും ഹിസ്ബും നടത്തിക്കൊടുക്കുന്നുണ്ട്. അതുകൊണ്ടു തന്നെ ഈ ബിരുദമുള്ളവര്‍ക്ക് കാലിക അധ്യാപന രീതികള്‍ നല്ല വശവും മദ്‌റസാ ഭരണത്തിലും മറ്റു കാര്യങ്ങളിലും പൂര്‍ണ വിജയവുമായിരിക്കും.
പല മാനേജിംഗ് കമ്മിറ്റികളും നിയമിക്കപ്പെടുന്ന അദ്ധ്യാപകരുടെ പൂര്‍ണ വിലാസം പോലും വാങ്ങുന്നില്ല. പലവിധ പ്രശ്‌നങ്ങളുണ്ടാക്കുകയും പഴി ഈ രംഗത്തുള്ള  എല്ലാവര്‍ക്കുമായി മാറുകയും ചെയ്യുന്നു.
തങ്ങള്‍ മതപണ്ഡിതരും മതാദ്ധ്യാപകരുമാണെന്ന് തെളിയിക്കുന്ന ആധികാരിക രേഖയില്ലാത്തവരെ മാനേജിംഗ് കമ്മിറ്റികള്‍ നിയമിക്കരുത്. ഇങ്ങനെ വഴിയെപ്പോകുന്നവര്‍ വേഷംമാറി വന്നു അദ്ധ്യാപകരായി നിയമിക്കപ്പെടുകയും അവര്‍ വരുത്തിവെക്കുന്ന കുഴപ്പങ്ങള്‍ക്ക് 'സമസ്ത'യെയോ, ബോര്‍ഡിനെയോ പഴി പറയുന്നത് സാധാരണമാണ്.
അതുപോലെ സാമാന്യം തൃപ്തികരമായ വേതനം നല്‍കുന്നതിനും തൊഴില്‍ഭദ്രത ഉറപ്പുവരുത്തുന്നതിനും മാനേജിംഗ് കമ്മിറ്റികള്‍ക്ക് പങ്ക് വഹിക്കാനുണ്ട്. ഒരു അദ്ധ്യായന വര്‍ഷംതന്നെ പല അദ്ധ്യാപകര്‍ മാറിമാറി വരുന്നതും നല്ല കീഴ്‌വഴക്കമല്ല. സമയക്കുറവു കാരണം അദ്ധ്യായന ദിവസങ്ങള്‍ നഷ്ടപ്പെടുന്നതും, ഫലത്തില്‍ മദ്‌റസാ പഠനം ഒരു ചടങ്ങാവുന്നതും ഉസ്താദുമാരുടെ കുറ്റമല്ല. ഇത്തരം വീഴ്ചകള്‍ പരിഹരിക്കാന്‍ ഒഴിവു ദിവസങ്ങള്‍ ഉപയോഗപ്പെടുത്താന്‍ മാനേജിംഗ് കമ്മിറ്റികള്‍ ശ്രദ്ധിക്കണം.
അനാശാസ്യം, അച്ചടക്കമില്ലായ്മ, അനാചാരങ്ങളും അന്ധവിശ്വാസങ്ങളും ഇതിനെല്ലാം പുറമെ വിശ്വാസ-കര്‍മപരമായ വിഷയങ്ങളിലെ അജ്ഞത കാരണം വിശ്വാസിയുടെ പരലോകപരാജയവും നമ്മെ വേട്ടയാടുന്നു. സ്വയാശ്രയ മേഖലയില്‍ അരനൂറ്റാണ്ടു കൊണ്ട് നാം നേടിയ മഹത്തായ പുരോഗതി ഉപയോഗപ്പെടുത്തുന്നതില്‍ നാം വേണ്ടത്ര വിജയിക്കുന്നില്ല. മനോഹരമായ കെട്ടിടങ്ങള്‍, അടിസ്ഥാന സൗകര്യങ്ങള്‍, പ്രാപ്തരായ പതിനായിരക്കണക്കിനു മത പണ്ഡിതന്‍മാര്‍, കുറ്റമറ്റ കരിക്കുലവും, അനുബന്ധ സൗകര്യങ്ങളും ഇതൊക്കെ ഉലമാ- ഉമറാ കൂട്ടുകെട്ടിന്റെ നേട്ടങ്ങളാണ്. മദ്‌റസകളുടെ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുത്തുന്നത് നിര്‍ഭാഗ്യവശാല്‍ മിക്ക സ്ഥലങ്ങളിലും മതാദ്ധ്യാപകര്‍ തന്നെയാണ്. പല മദ്‌റസകളിലും തെറ്റായ രീതിയില്‍ കയറിക്കൂടി കുഴപ്പമുണ്ടാക്കുന്നത് എ.പി വിഭാഗത്തില്‍ പെട്ട മഅല്ലിമുകളാണ്. അത്തരം കുഴപ്പങ്ങളുമായി ബന്ധപ്പെട്ട വ്യവഹാരങ്ങളും മറ്റുമായി മാനേജിംഗ് കമ്മിറ്റികള്‍ ഏറെ പ്രയാസപ്പെടുകയാണ്.
വാളയാര്‍ ചുരത്തിനും കൊങ്കണ്‍തുരങ്കത്തിനുമപ്പുറം ഈ സംവിധാനങ്ങള്‍ ഇല്ലെന്നും അതിന്റെ ദുരന്തങ്ങള്‍ അവരനുഭവിക്കുന്നുണ്ടെന്നും നാമറിയാതെ പോകരുത്. വിശുദ്ധ റമളാന്‍ കഴിഞ്ഞു. മദ്‌റസകള്‍ സജീവമാവുകയാണ്. മാനേജിംഗ് കമ്മിറ്റി ഈ രംഗത്ത് കനത്ത ജാഗ്രത പുലര്‍ത്തണം. എങ്കില്‍ മാത്രമേ മതപഠനം കൂടുതല്‍ ഫലപ്രദവും വിജയകരവുമാവുകയുള്ളൂ.
സമസ്തയുടെ പരീക്ഷാരീതികളെക്കുറിച്ചും മറ്റും ധാരാളം കുറിപ്പുകള്‍ ഈയ്യിടെയായി ചില മാധ്യമങ്ങളില്‍ വന്നിരുന്നു. അനുകൂലിച്ചും പ്രതികൂലിച്ചും അഭിപ്രായം രേഖപ്പെടുത്തിയിട്ടുള്ളവ.
ഖുര്‍ആന്‍ പരീക്ഷയെക്കുറിച്ചു ചിലര്‍ നടത്തിയ അഭിപ്രായപ്രകടനം വസ്തുതാപരമല്ല. പരീക്ഷകനെ ആശ്വസിപ്പിച്ചുകൊണ്ട് എങ്ങനെയാണ് പരീക്ഷ നടത്തുക? എന്നാണ് ഒരു അദ്ധ്യാപകന്‍ ശങ്കിച്ചത്. സത്യസന്ധത ഏറ്റവും മുന്തിയ അളവില്‍ പാലിക്കാന്‍ ബാധ്യസ്ഥരായ മതാദ്ധ്യാപകര്‍ സത്യസന്ധമായി മാര്‍ക്കു നല്‍കില്ലെന്നു മതാദ്ധ്യാപകര്‍തന്നെ പറയുന്നത് ഭംഗിയായില്ല.
പൊതുപരീക്ഷക്ക് ഒരു വിഷയത്തിനു രണ്ടു മണിക്കൂര്‍ വീതമാണ് അനുവദിച്ച സമയം. ഖര്‍ആന്‍ പരീക്ഷക്ക് എത്ര കുട്ടികളുണ്ടായാലും രണ്ടു മണിക്കൂര്‍ മാത്രമേ ലഭിക്കുകയുള്ളൂ. ഇത് ശരിയല്ലെന്നറിയുന്നത് കൊണ്ടാണ് ഒരു പൂര്‍ണ ദിവസം ഖുര്‍ആന്‍ പരീക്ഷക്ക് നിശ്ചയിച്ചത്. ഈ വര്‍ഷം ഏര്‍പ്പെടുത്തിയ പരിഷ്‌കരണം പരക്കെ സ്വാഗതംചെയ്യപ്പെട്ടത് വിസ്മരിച്ചുകൂടാ.
നമ്മുടെ മദ്‌റസകളെ പഠിക്കാതെ അഭിപ്രായപ്രകടനം നടത്തിയത് ചിലര്‍ക്കു പറ്റിയ പിഴവ്. 30-35 ശതമാനം മദ്‌റസകളാണ് അടിസ്ഥാന സൗകര്യമുള്ളത്. 20-25 ശതമാനം മദ്‌റസകള്‍ തീരെ സൗകര്യങ്ങളില്ലാത്തതാണ്. 60-62 ശതമാനം മദ്‌റസകളിലാണ് പൂര്‍ണാദ്ധ്യാപകര്‍ പ്രവര്‍ത്തിക്കുന്നത്. 15-20 ശതമാനം മദ്‌റസകളില്‍ പകുതി അദ്ധ്യാപകരാണ് സേവനത്തിലുള്ളത്. 8-10 ശതമാനം മദ്‌റസകളില്‍ ഏകാദ്ധ്യാപകര്‍ ജോലിനോക്കുന്നു.
240 അധ്യായന ദിവസം 720 പിരിയഡു ലഭിക്കുന്ന മദ്‌റസകള്‍ 500 ല്‍ താഴെയാണ്. ധാരാളം പരിമിതികള്‍ ഉള്ളതാണ് മദ്‌റസാ പഠന മേഖല.
ഈ രംഗത്തുള്ള വന്‍കുതിപ്പിന്റെയും വിജയത്തിന്റെയും പ്രധാന ഘടകം: (1) ആത്മാര്‍ത്ഥതയും, സേവനമനസ്‌കരുമായ മുഅല്ലിമുകളുടെ സമര്‍പ്പണ മനഃസ്ഥിതി. (2) ശാസ്ത്രീയവും വ്യവസ്ഥാപിതവും, കുറ്റമറ്റതുമായ വിദ്യാഭ്യാസ ബോര്‍ഡിന്റെ ദീര്‍ഘവീക്ഷണമുള്ള പ്രവര്‍ത്തനങ്ങള്‍. (3) ഏറെ കാലികമായ കരിക്കുലവും, പരീക്ഷകളും, മൂല്യനിര്‍ണയവും. (4) മദ്‌റസാ മാനേജ്‌മെന്റുകളുടെ ത്യാഗപൂര്‍ണമായ പ്രവര്‍ത്തനങ്ങള്‍.
മുഫത്തിശുമാരുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും വിവിധ പരീക്ഷകളെക്കുറിച്ചും ചിലര്‍ നടത്തിയ പരാമര്‍ശം വസ്തുതാപരമല്ല. ഒരു വര്‍ഷത്തില്‍ രണ്ടു പ്രാവശ്യം ഓരോ മദ്‌റസയിലും മുഫത്തിശുമാര്‍ വരുന്നത് വിരുന്നുകാരായിട്ടല്ല. ആദ്യ അര്‍ദ്ധ പാതിയില്‍ വിസിറ്റു നടത്തി പരിഹരിക്കേണ്ടുന്ന വിഷയങ്ങള്‍ ഉസ്താദുമാരോടും മാനേജ്‌മെന്റിനോടും നിര്‍ദ്ദേശിക്കുന്നു. കുടുംബക്ലാസ് പോലുള്ളവ നടത്തി മതപഠനം ഗ്രാമീണതലത്തില്‍ ഇസ്‌ലാമിക ചൈതന്യം നിലനിര്‍ത്തുന്നു. വര്‍ഷത്തില്‍ ശരാശരി 7000-8000 മതപഠന ക്ലാസുകളെങ്കിലും നടത്തപ്പെടുന്നുണ്ട്. രണ്ടാം അര്‍ദ്ധപാതിയില്‍ പഠന നിലവാരം പരിശോധിക്കുകയാണ് മുഫത്തിശുമാര്‍. ഇതു കാണാതെ അല്ലെങ്കില്‍ കണ്ടില്ലെന്നു നടിച്ചത് മുന്‍വിധിയോടെയാവണം. ഒന്നു മുതല്‍ പ്ലസ് 2 വരെയുള്ള പാഠപുസ്തകങ്ങളില്‍ വരാനിടയുള്ള അച്ചടി പിശകും മറ്റും വര്‍ണിച്ചും പൊലിപ്പിച്ചും പറയുന്നതും ശരിയല്ല. സാധാരണയില്‍ സംഭവിക്കുന്നതാണതെല്ലാം. റെയ്ഞ്ചു ഭാരവാഹികളെ വിളിച്ചുകൂട്ടി പാഠപുസ്തക ശില്‍പശാല നടത്തിയാണ് പുസ്തകങ്ങള്‍ വിപണിയില്‍ ഇറക്കുന്നത്. അപ്പോള്‍ തന്നെ അപാകതകള്‍ വിശദീകരിക്കാനും, പരിഹാരമുണ്ടാക്കാറുമുണ്ട്. വസ്തുതകള്‍ കാണാതെയാണ് ചിലര്‍ വിമര്‍ശിച്ചത്. സ്വാഗതം ചെയ്തും അംഗീകരിച്ചും ധാരാളം പരാമര്‍ശങ്ങളും വന്നു. ഏതായാലും സന്തോഷകരമാണ് എല്ലാ അഭിപ്രായങ്ങളും.
പിണങ്ങോട് അബൂബക്ര്‍

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter