മതസഹിഷ്ണുത:  ഇസ്‍ലാമിനു പറയാനുള്ളത്
islam നവംബര്‍ 16 അന്താരാഷ്ട്ര മതസഹിഷ്ണുതാ ദിനം ബഹുസ്വരത ആഗോള സമൂഹത്തിന്റെയും ജനതയുടെയും ഒരു പൊതു സ്വഭാവമായി  അതിവേഗം മാറിക്കൊണ്ടിരിക്കുകയാണ്. പ്രത്യേകിച്ച് ആഗോളവത്കരണാനന്തര സാമൂഹിക ചുറ്റുപാടില്‍. വ്യത്യസ്തമായ ആശയങ്ങളും ആദര്‍ശങ്ങളും കാഴ്ചപ്പാടുകളും ജീവിത രീതികളും ആചാരാനുഷ്ഠാനങ്ങളും ജീവിതത്തിലുട നീളം ആചരിച്ച് പോരുകയും അതിനായി അതിയായി അഭിലഷിക്കുകയും ചെയ്യുന്ന സമൂഹങ്ങളാണ് നമുക്ക് ചുറ്റുമുള്ളത്. ഇത്തരം ജനവിഭാഗങ്ങള്‍ ഒന്നിച്ചു ജീവിക്കുമ്പോള്‍ സ്നേഹത്തിനും സഹിഷ്ണുതക്കും മൂല്യങ്ങള്‍ക്കും മാത്രമേ സ്വസ്തതയും സമാധാനവും പ്രദാനം ചെയ്യാന്‍ സാധിക്കുകയുള്ളൂ. എന്നാല്‍ ചുറ്റുപാടുകള്‍ നിരീക്ഷിക്കുമ്പോള്‍ ആത്മാര്‍ത്ഥമായ സ്നേഹത്തിന്റെയും അകമറിഞ്ഞ സഹിഷ്ണുതയുടെയും അഭാവവും അസാന്നിദ്ധ്യവും മുഴച്ചു കാണുകയാണ്. അതിന്റെ മറുവശമെന്നോണം കപടവും-സ്വാര്‍ത്ഥവുമായ സ്നേഹപ്രകടനങ്ങളും അസഹിഷ്ണുതയും കളം നിറഞ്ഞാടുകയും ചെയ്യുന്നു. തീവ്ര-ഭീകരവാദ പ്രവണതകളും വിധ്വംസക പ്രവര്‍ത്തനങ്ങളും ഇതിന്റെ വ്യക്തമായ ചൂണ്ടുപലകയായി നമുക്കു മുമ്പില്‍ തന്നെയുണ്ട്, ഇത്തരകമൊരു സാഹചര്യത്തിലാണ് ലോകം വീണ്ടുമൊരു മതസഹിഷ്ണുതാദിനം ആചരിക്കുന്നത്. സ്വന്തം അഭിരുചിക്ക് ഇണങ്ങുന്നതും ഇണങ്ങാത്തതുമായ എന്തിനെയും മനക്ഷോഭം കൂടാതെ വീക്ഷിക്കാനും വ്യത്യസ്തതകളുടെ അനിവാര്യതയെ അംഗീകരിക്കാനുമുള്ള സന്നദ്ധതയെന്നാണ് ശബ്ദദതാരാവലി മതസഹിഷ്ണുതയെ നിര്‍വചിക്കുന്നത്. അങ്ങനെ വരുമ്പോള്‍ വ്യത്യസ്ത മതങ്ങളുടെ സഹവര്‍ത്തിത്വത്തെ അംഗീകരിക്കാനുള്ള സന്നദ്ധതയാണ് മതസഹിഷ്ണുത. സഹിഷ്ണുതയെന്നാല്‍ പലരും തെറ്റുദ്ധരിച്ചത് പോലെ മറ്റുമതങ്ങളുടെ തത്വങ്ങള്‍ കടം കൊള്ളലോ ആചാരങ്ങള്‍ സ്വീകരിക്കലോ സ്വന്തം ആദര്‍ശം മാറ്റി വെക്കലോ അല്ലെന്നതും ഇവിടെ പ്രത്യേകം ശ്രദ്ധേയമാണ്. മറിച്ച്  സ്വന്തം മതതത്വങ്ങള്‍ ജീവിതത്തിന്റെ നിഖില മേഖലകളിലും ആവോളം ആവേശിക്കുന്നതോടൊപ്പം ഇതര മതസ്തരെ അംഗീകരിക്കാനും അവരുടെ വിശ്വാസത്തെ ആദരിക്കാനുമുള്ള മനുഷ്യമനസ്സിന്റെ വിശാലതയാണത്. മനുഷ്യന്‍ എല്ലാമേഖലകളിലും ഗുരുതരമായ അസഹിഷ്ണുതയുളവാക്കുകയും അസഹിഷ്ണുതയുടെ പാരമ്യതയിലേക്ക് കൂപ്പുകുത്തുകയും ചെയ്യുന്നുവെന്നതാണ് ഞെട്ടിപ്പിക്കുന്ന പുതിയ വൃത്താന്തം. മാധ്യമങ്ങളും ചാനലുകളും സോഷ്യല്‍ മീഡിയകളും അസഹിഷ്ണുത പരത്തുന്ന ന്യൂസുകള്‍ക്ക് കൂടുതല്‍ പ്രാധാന്യം കൊടുക്കുകയും അവ പൊടിപ്പും തൊങ്ങലും എരിവും പുളിയും നല്‍കി പുറത്ത് വിടുകയും ചെയ്യുന്നത് ഇത്തരമൊരു സാമൂഹിക നിര്‍മിതിക്ക് പ്രധാനഹേതുവാണ്. അതേസമയം സഹിഷ്ണുത തുളുമ്പുന്ന സംഭവങ്ങള്‍ ഒരു കോളം വാര്‍ത്തപോലുമാവാതെ എരിഞ്ഞമരുകയും ചെയ്യുന്നു. ഉദാഹരണത്തിന് മാധ്യമങ്ങളുടെ ദുഷിച്ച സംസ്കാരത്തിന്റെയും അസഹിഷ്ണുത വിതച്ച് വിളവെടുക്കാനുള്ള കുടില തന്ത്രങ്ങളുടെയും ഏറ്റവും പുതിയ ഉദാഹരണമാവുകയാണ് മീററ്റിലെ പ്രണയ വിവാഹവും അതുമായി ബന്ധപ്പെട്ട മാധ്യമകോലാഹലങ്ങളും. കുടുംബ പ്രശ്നമായോ കൂടിയാല്‍ പ്രാദേശിക പ്രശ്നമായോ കെട്ടടങ്ങേണ്ടിയിരുന്ന ഒരു സംഭവമാണ് മാധ്യമങ്ങള്‍ എരിവും പുളിയും ചേര്‍ത്ത് ഭാവനകളും മുന്‍ധാരണകളും കലര്‍ത്തി കത്തുന്ന ഇഷ്യു ആക്കിമാറ്റിയത്. ഒരു പ്രത്യേക സമുദായത്തെ ടാര്‍ജറ്റ് ചെയ്ത് അവരുടെ മത പ്രചരണത്തിന്റെ ഭാഗമാണിതെന്ന് വരുത്തിതീര്‍ക്കാന്‍ വ്യാപക ശ്രമങ്ങളുമുണ്ടായി. എന്നാല്‍ പെൺകുട്ടി സ്വന്തം താത്പര്യ പ്രകാരമാണിതിനു മുതിര്‍ന്നതെന്ന് തെളിഞ്ഞപ്പോള്‍ അത് വളരെ അപ്രധാനമായി റിപ്പോര്‍ട്ടു ചെയ്ത് മാധ്യമങ്ങള്‍ മുങ്ങുകയും ചെയ്തു. ഈയിടെ ഉത്തര്‍ പ്രദേശിലെ ഓക്‍ലയിലെ ഒരുമുസ്ലിം പള്ളിയില്‍ ചത്ത പന്നിയുടെ മാംസം ആരോ നിക്ഷേപിച്ചു. ഒരു മഹാ വര്‍ഗ്ഗീയകലാപത്തിന് തിരി കൊളുത്താന്‍ മാത്രം അഗ്നി വഹിക്കുന്നതായിരുന്നു ഈ സംഭവം. എന്നാല്‍ സാമുദായിക സ്പര്‍ദ്ധ വളര്‍ത്തി മുതലെടുപ്പു നടത്താനുള്ള ഏതോ കുബുദ്ധികളുടെ ഹീനശ്രമമാണിതെന്ന് തിരിച്ചറിഞ്ഞ മുസ്ലിം നേതാക്കള്‍ അവിടത്തെ ഹൈന്ദവ നേതാക്കളെ ചെന്നു കണ്ട് ഇത്തരം ആസൂത്രിത നീക്കങ്ങള്‍ക്കെതിരെ ഒന്നിച്ചു നീങ്ങാന്‍ തീരുമാനമെടുത്തു. അതോടെ തിമര്‍ത്തു പെയ്യാന്‍ കാത്തിരുന്ന വര്‍ഗ്ഗീയ മേഘങ്ങള്‍ വാനമൊഴിഞ്ഞു. പക്ഷെ മീററ്റ് ദേശീയ പ്രശ്നമാക്കി അവതരിപ്പിച്ച മാധ്യമങ്ങള്‍ സഹിഷ്ണുതയുടെ സൌഹാര്‍ദ്ധത്തിന്റെ മതമൈത്രിയുടെ ഈ ഓക്‍ലിയന്‍ മാതൃക കണ്ടെതായി നടിച്ചതു പോലുമില്ല. അനാഥാലയ പ്രശ്നത്തിലും ഇതേ മാധ്യമസമീപനമാണ് നാം കാണുന്നത്. ഉത്തരേന്ത്യയില്‍ നിന്ന് അറിവും അന്നവും തേടി സുമനസ്സുകളായ ഒരു പറ്റം മലയാളികള്‍ നടത്തുന്ന അനാഥാലയങ്ങളിലേക്ക് കുട്ടികള്‍ വന്നപ്പോള്‍ അത് മനുഷ്യക്കടത്തും കുട്ടിക്കടത്തുമായി ചിത്രീകരിച്ച് അസഹിഷ്ണുത പരത്തുന്നതില്‍ സംതൃപ്തി കണ്ടെത്തിയ മാധ്യമങ്ങള്‍ക്ക്, ദുരാരോപണങ്ങള്‍ തിരുത്തി അനാഥാലയങ്ങള്‍ ചെയ്യുന്ന മാനവിക സേവനങ്ങള്‍ അംഗീകരിച്ച കോടതി വിധികളില്‍ വാര്‍ത്താപ്രാധാന്യം ഒട്ടും തോന്നിയില്ല. national-cathedral-muslim-prayers-665x385ഇസ്ലാം എന്തു പറയുന്നു മറ്റേതൊരു മതത്തിലും തത്വസംഹിതകളിലും കാണാത്തത്രയും സുതാര്യവും പ്രായോഗികവും സമഗ്രവുമായാണ് ഇവ്വിഷയകമായും ഇസ്ലാമിന്റെ കാഴ്ചപ്പാട്. വിശുദ്ധ ഖുര്‍ആനിലൂടെയും പ്രാവചക ജീവിതത്തിലൂടെയും ഒരാവൃത്തി കടന്നു പോവുന്ന ആര്‍ക്കുമിത് ബോധ്യപ്പെടും. ഇത് കേവല അവകാശവാദമല്ലെന്ന് മായം ചേര്‍ക്കപ്പെടാത്ത ചരിത്രങ്ങളകിലവും സാക്ഷ്യപ്പെടുത്തുകയും ചെയ്യും. സമുഹത്തിന്റെ സമാധാനപരവും സഹിഷ്ണുതാപരവുമായ സഹവര്‍ത്തിത്വം ഉറപ്പുവരുത്താന്‍ അടിസ്ഥാനപരമായ നിരവധി ബോധ്യങ്ങളിലേക്ക് ഇസ്ലാം വെളിച്ചം വീശുന്നു. അതില്‍ പ്രധാനം മനുഷ്യന്റെ ഏകത്വമാണ്. ലോകത്തുള്ള മുഴുവന്‍ മനുഷ്യരും ഒരേ ദൈവത്തിന്റെ സൃഷ്ടികളാണെന്നും അവന്‍ സംവിധാനിച്ച സൌകര്യങ്ങള്‍ ആസ്വദിക്കുന്നവരാണെന്നും ഒരേ ആത്മാവില്‍ നിന്നുണ്ടായവരാണെന്നും പ്രഖ്യാപിച്ചുകൊണ്ട് അല്ലാഹു പറയുന്നതിങ്ങനെ “മനുഷ്യരേ ഒരാണില്‍നിന്നും പെണ്ണില്‍നിന്നുമത്രെ നിങ്ങളെ നാം സൃഷ്ടിച്ചിട്ടുള്ളത്. പിന്നെ നിങ്ങളെ നാം സമുദായങ്ങളും ഗോത്രങ്ങളുമാക്കി; നിങ്ങള്‍ പരസ്പരം തിരിച്ചറിയേണ്ടതിന്”(49: 13). ഇതിന് അടിവരചേര്‍ത്ത് റസൂല്‍ (സ്വ) പറയുന്നു “നിശ്ചയം നിങ്ങളുടെ ദൈവം ഏകനാണ് , നിങ്ങളുടെയെല്ലാം പിതാവും ഒരാള്‍ തന്നെ . എല്ലാവരും ആദമില്‍നിന്നുള്ളവരാണ്. ആദമാവട്ടെ മണ്ണില്‍ നിന്നും. അതിനാല്‍ അറബിക്ക് അനറബിയേക്കാളോ വെളുത്തവന് കറുത്തവനേക്കാളോ യാതൊരു ശ്രേഷ്ടതയുമില്ല. തഖ് വയുടെ അടിസ്ഥാനത്തിലല്ലാതെ”.(മുസ്ലിം) ഇസ്ലാമിക ദൃഷ്ടിയില്‍ വളരെ സ്രേഷ്ടമായ സൃഷ്ടിയാണ് മനുഷ്യന്‍. അവന്റെ ജാതിയോ മതമോ വര്‍ഗ്ഗമോ വര്‍ണ്ണമോ ദേശ ഭാഷകളോ മനുഷ്യനെന്ന നിലയിലുള്ള ഈ ശ്രേഷ്ടതയും ആദരവും ലഭിക്കുന്നതിന് തടസ്സവുമല്ല. ഒരിക്കല്‍ ഒരു മൃതദേഹം കൊണ്ടു പോകുന്നതു കണ്ടപ്പോള്‍ നബി തിരുമേനി എഴുന്നേറ്റു നിന്നു. അപ്പോള്‍ അതുകണ്ട ഒരനുചരന്‍ അതൊരു യഹൂദിയുടെ മൃതദേഹമല്ലേയെന്ന് സംശയം പ്രകടിപ്പിച്ചു. ഉടനെ നബി(സ്വ) പ്രതി വചിച്ചു അദ്ദേഹവും ഒരു മനുഷ്യനാണല്ലോ. അതേപോലെ വിശ്വാസ വൈവിധ്യങ്ങളും  വൈജാത്യങ്ങളും അക്രമണങ്ങള്‍ക്കും അനീതിക്കും വഴിവെക്കരുതെന്നും ഇസ്‍ലാം നിര്‍ദ്ദേശിക്കുന്നു. “പുണ്യത്തിനും ദൈവഭക്തിക്കും വേണ്ടി നിങ്ങള്‍ പരസ്പരം സഹായിക്കുക. പാപത്തിനും അക്രമത്തിനും നിങ്ങളന്യോന്യം സഹായിക്കരുത്”(5: 2). ബഹുസ്വര സമൂഹത്തിലെ ഇസ്‍ലാമിന്റെ കാഴ്ചപ്പാട് ഇവിടെ വളരെ വ്യക്തമാണ്. മത വിശ്വാസങ്ങള്‍ക്കതീതമായി മനുഷ്യനെ മാനിക്കുകയും അതിലൂടെ സമാധാനപരമായ സഹവര്‍ത്തിത്വം സാധ്യമാക്കുകയുമാണ് വിശ്വാസി ചെയ്യേണ്ടത്. മതങ്ങളോടും ഇതര മതവിഷശ്വാസികളോടുമുള്ള ഇസ്‍ലാമിന്റെ സമീപനം സഹിഷ്ണുതാ പരമല്ലെന്നും  മുസ്‍ലിം സമൂഹം മതസഹിഷ്ണുത അംഗീകരിക്കുന്നില്ലെന്നും വരുത്തി തീര്‍ക്കാന്‍ ഓറിയന്റലിസ്റ്റുകളുള്‍പ്പെടെയുള്ള ശത്രുക്കള്‍ എഴുന്നള്ളിക്കുന്ന പ്രധാന വാദം ഇസ്‍ലാം നിര്‍ബന്ധ മതപരിവര്‍ത്തനത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്നതാണ്. എന്നാല്‍ ഇസ്‍ലാമിക തത്വസംഹിതയുടെ അടിസ്ഥാന കാര്യങ്ങളെങ്കിലും അറിയുന്നവര്‍ക്ക് ഇതംഗീകരിക്കാന്‍ കഴിയില്ല . കാരണം ഇസ്‍ലാമെന്നാല്‍ കണിശവും കൃത്യവുമായ ആദര്‍ശങ്ങളും വിശ്വാസങ്ങളും അനുഷ്ടാനങ്ങളുമാണ് മുന്നോട്ടു വെക്കുന്നത്. ഈ ആദശങ്ങള്‍ ഉള്‍ക്കൊള്ളേണ്ടതാവട്ടെ മനസ്സുമാണ്. മനസ്സറിയാത്ത കേവല അധരവ്യാഴാമങ്ങളും പ്രകടനങ്ങളും നിരര്‍ത്ഥകവും നിഷ്ഫലവുമാണ്. ചുരുക്കത്തില്‍ ആശയാദര്‍ശങ്ങള്‍ സ്വീകരിക്കലും തിരസ്കരിക്കലും സ്വന്തം താത്പര്യങ്ങളും ഇഷ്ടാനിഷ്ടങ്ങളുമായാണ് ബന്ധപ്പെട്ടുകിടക്കുന്നത്. ഇവിടെ സമ്മര്‍ദ്ദങ്ങള്‍ക്കും നിര്‍ബന്ധങ്ങള്‍ക്കും റോളൊന്നുമില്ല. മാത്രവുമല്ല ഖുര്‍ആന്‍ പറയുന്നതിങ്ങനെ “മതത്തില്‍ യാതൊരു നിര്‍ബന്ധവുമില്ല.സന്മാര്‍ഗ്ഗം മിഥ്യാ ധാരണകളില്‍ നിന്ന് വേര്‍തിരിഞ്ഞ് കഴിഞ്ഞിരിക്കുന്നു”(2.256). സമൂഹത്തിനാകമാനം ഇസ്ലാം പരിചയപ്പെടുത്തിക്കൊടുക്കുകയെന്ന മുഖ്യ ദൌത്യവുമായാണ് പ്രവാചകരഖിലവും നിയോഗിതരായത്. പക്ഷെ ആ പ്രവാചകര്‍ക്കുപോലും ദൈവിക സന്ദേശങ്ങള്‍ ജനങ്ങള്‍ക്ക് എത്തിച്ചു കൊടുക്കുന്ന ഉത്തരവാദിത്തമേ ഉണ്ടായിരുന്നുള്ളൂ എന്ന് ഖുര്‍ആന്‍ വിവിധ ഇടങ്ങളില്‍ (5:92,16:35,42:48...) വ്യക്തമാക്കുന്നു.  മതം ആരുടെമേലിലും അടിച്ചേല്‍പിക്കരുതെന്ന് അനുശാസിക്കുന്നതോടൊപ്പം  ആളുകളെ നിര്‍ബന്ധിച്ച് മതപരിവര്‍ത്തനം ചെയ്യിപ്പിക്കാന്‍ നബി(സ്വ)ക്കുപോലും അനുവാദമുണ്ടായിരുന്നില്ലെന്ന വിശുദ്ധ ഖുര്‍ആന്റെ ഓര്‍മ്മപ്പെടുത്തലും സഹിഷ്ണുതയുടെ ഇസ്ലാമിക മാനം വരച്ചുകാണിക്കുന്നു. ഇത്തരുണത്തില്‍ ഇസ്ലാം മുന്നോട്ടുവെക്കുന്ന സമ്പൂര്‍ണ്ണ വിശ്വാസ സ്വാതന്ത്രത്തിന്റെ പ്രയോഗിക മാതൃക ഹിജ്റാനന്തരം മദീനയില്‍ നബി(സ) സ്ഥാപിച്ച ഇസ്‍ലാമിക രാഷ്ട്രചരിത്രത്തില്‍ വ്യക്തമായി കാണാം. മദീനയിലെത്തിയ നബി(സ) അവിടെയുള്ള മുസ്‍ലിംകളോടെന്ന പോലെ ജൂതന്മാരോടും ക്രിസ്ത്യാനികളോടും ഉടമ്പടിയുണ്ടാക്കുകയും സഹിഷ്ണുതക്ക് അടിവര ചേര്‍ക്കുന്ന ചില  സുപ്രധാന കരാര്‍ വ്യവസ്ഥകള്‍ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. അതിലൂടെ നബി(സ) മതന്യൂനപക്ഷങ്ങള്‍ക്ക് അനുവദിച്ചതിനു സമാനമായ സ്വാതന്ത്ര്യവും അവകാശങ്ങളും ലോകചരിത്രത്തില്‍ പോലും  കാണുക അസാധ്യമാണ്. ജൂതന്മാരുമായുണ്ടാക്കിയ കരാറിന്റെ പ്രസക്ത ഭാഗത്തിലിങ്ങനെ കാണാം. ‘നമ്മുടെ രാഷ്ട്രാതിര്‍ത്തിയില്‍ പെടുന്ന ജൂതന്മാര്‍ക്ക് വര്‍ഗ്ഗീയവും പക്ഷപാതപരവുമായ സമീപനങ്ങളില്‍ നിന്നും ദ്രോഹങ്ങളില്‍ നിന്നും രക്ഷ നല്‍കും. നമ്മുടെ സഹായത്തിനും സംരക്ഷണത്തിനും സ്വന്തം സമുദായാംഗങ്ങളെ പോലെ അവര്‍ക്കും അവകാശമുണ്ട്. മുസ്‍ലിംകളുമായി ചേര്‍ന്ന് അവര്‍ ഏക ഘടനയുള്ള ഒരു രാഷ്ട്രമായിത്തീരും. മുസ്‍ലിംകളെ പോലെ അവര്‍ക്കും സ്വാതന്ത്രമായി തങ്ങളുടെ മതം ആചരിക്കാവുന്നതാണ്. വ്യക്തിനിയമങ്ങളുള്‍പ്പെടെ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ നിഷേധിക്കുന്നതിനെ ശക്തമായ ഭാഷയിലാണ് നബി(സ) താക്കീത് ചെയ്തത്. “സൂക്ഷിച്ച് കൊള്ളുക അമുസ്‍ലിം പൌരന്മാരെ വല്ലവനും അക്രമിക്കകയോ അവരുടെ മേല്‍ അമിത നീതി ചുമത്തുകയോ കഴിവിനതീതമായതിന് നിര്‍ബന്ധിക്കുകയോ,മനസ്സംതൃപ്തിയില്ലാതെ വല്ലതും പിടിച്ചെടുക്കുകയോ ചെയ്താല്‍ അന്ത്യനാളില്‍ അവനെതിരില്‍ ഞാന്‍ സ്വയം പരാതി ബോധിപ്പിക്കുന്നതാണ്”. (അബൂദാവൂദ്) നജ്ദില്‍ നിന്നു വന്ന ക്രിസ്ത്യന്‍ നിവേദക സംഘത്തിന് പ്രാര്‍ത്ഥനക്ക് സമയമായപ്പോള്‍ സ്വന്തം മസ്ജിദിന്റെ ഒരു ഭാഗത്തായിരുന്നു നബി(സ്വ) സൌകര്യം ചെയ്തു കൊടുത്തത്. രണ്ടാം ഖലീഫ ഉമര്‍(റ) വിന്റെ ചരിത്രത്തിലും സമാന സംഭവങ്ങള്‍ കാണാം. ഇസ്‍ലാം മുന്നോട്ടു വെക്കുന്ന ഉദാത്തമായ സഹിഷ്ണുചയെക്കുറിച്ച് സര്‍ തോമസ് ആര്‍ണള്‍ഡ് തന്റെ പ്രസിദ്ധമായ ഇസ്ലാം പ്രബോധനവും പ്രചാരവും എന്ന ഗ്രന്ഥത്തില്‍ ഉദ്ധരിക്കുന്നു “വ്യക്തിപരമായ വിശ്വാസത്തെ കൈയേറ്റം ചെയ്യുന്നതില്‍ നിന്നും അകന്നു നിന്ന ഏറ്റവും ഉദാത്തമായ മതം ഇസ്‍ലാമായിരുന്നു. രാഷ്ട്രത്തിന്റെ ഭദ്രതക്ക് ഭീഷണി ഉയര്‍ന്നപ്പോള്‍ മതപരമായ ഏകീകരണത്തിന് മുസ്‍ലിം ഭരണകൂടങ്ങള്‍ നിര്‍ബന്ധിതരായപ്പോള്‍ പോലും ഇസ്‍ലാം അതിന്റെ സ്വതസിദ്ധമായ ഉദാരതയില്‍ നിന്ന് ഒരണുമണി വ്യതിചലിച്ചില്ല. ബലാത്കാരത്തിന്റെ ചെറു സ്വാധീനം പോലും നമുക്കവിടെ കാണാനാവില്ല.” ചുരുക്കത്തില്‍  ഇസ്ലാം സുന്ദരവും മോഹനവുമാണ്. അത് മാനവികതയുടെ-സ്നേഹത്തിന്റെ -സഹിഷ്ണുതയുടെയും പക്ഷത്താണ് നിലകൊള്ളുന്നത്. ഇസ്‍ലാമിന്റെ അടിസ്ഥാന പ്രമാണങ്ങളായ ഖുര്‍ആനും ഹദീസും വരച്ച് കാണിക്കുന്ന ജീവിത രീതി തീര്‍ത്തും സഹിഷ്ണുതാപരമാണ്. എന്നാല്‍ ഇസ്‍ലാമിന്റെ ആത്മാവ് മനസ്സിലാക്കുന്നതില്‍ പിന്ഗാമികളില്‍ചിലര്‍ക്കുവന്ന അബദ്ധവും ഓറിയന്റലിസ്റ്റുകളുള്‍പ്പെടെയുള്ള ഇസ്ലാം വിരുദ്ധ ചേരികളുടെ പ്രമാണ ദുര്‍വ്യാഖ്യനവും ചരിത്ര അപനിര്‍മിതികളുമാണ് ഇസ്ലാമിനെ ഇത്രത്തോളം തെറ്റുദ്ധരിപ്പിച്ചത്. വൈകാരികാധിനിവേശത്തി. ക്ഷുഭിത യൌവ്വനങ്ങള്‍ അതേറ്റുപിടിക്കുകയും മതത്തെ തെരുവില്‍ കൊണ്ടാടുകയും ചെയ്തപ്പോള്‍ കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമായി. യഥാര്‍ത്ഥത്തില്‍ മുസ്ലികളെ അക്രമോത്സുകരും വികാരജീവികളുമായി പൊതുസമൂഹത്തില്‍ ചിത്രീകരിക്കുകയെന്നതും ഇവരുടെ ലക്ഷ്യമായിരുന്നു എന്ന് തിരിച്ചറിയുന്നതില്‍ നാം പരാജയപ്പെടുകയും ചെയ്തു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍  മുസ്ലികള്‍ക്കെതിരെ വ്യാപകമായി നടക്കുന്ന അക്രമണങ്ങള്‍ പൊതുസമൂഹത്തില്‍ ചര്‍ച്ചയാക്കുന്നതിലും നാം പരാജയപ്പെട്ടു. മാത്രമല്ല ശത്രുക്കള്‍ അത് അവര്‍ക്ക്അനുകൂ ലമായി ഉപയോഗപ്പെടുത്തുകയും ചെയ്തു. ചെച്നിയ മുതല്‍ ഗസ്സവരെ നാം ഇത് അനുഭവിക്കുകയായിരുന്നു. ഇത്തരമൊരു സങ്കീര്‍ണമായ സാമൂഹിക പശ്ചാത്തലത്തിലാണ് ഐക്യരാഷ്ട്രസഭയുടെ ആഭിമുഖ്യത്തല്‍ അന്താരാഷ്ട്ര സഹിഷ്ണുതാദിനം കൊണ്ടാടപ്പെടുന്നത്. ഒരു വാര്‍ഷിക ചടങ്ങ് എന്നതിലുപരി ഇസ്‍ലാം മുന്നോട്ടു വെക്കുന്ന സഹിഷ്ണുതയും അതിന്റെ സമഗ്രതയും ഉദാത്തസമീപനങ്ങളും ചരിത്രസാക്ഷ്യങ്ങളും ബൌദ്ധീക ലോകത്ത് ചര്‍ച്ചയാക്കാനും ലോകസമക്ഷം സമര്‍പ്പിക്കാനും നമുക്ക് സാധിക്കണം. ഭീകര തീവ്രവാദത്തിന്റെ വ്യാജചുഴിയിലകപ്പെട്ട മുസ്‍ലിം സമൂഹം വിഭാവനം ചെയ്യുന്ന അടിസ്ഥാന തത്വങ്ങളിലേക്ക് വെളിച്ചം വീശുകയെന്ന ചരിത്രദൌത്യം ഏറ്റെടുക്കാനുള്ള ഏറ്റവും അനുകൂലമായ സാഹചര്യമാണ് യഥാര്‍ത്ഥത്തില്‍ ഇത്തരം വേളകള്‍ പ്രദാനം ചെയ്യുന്നത് എന്ന് തിരിച്ചറിയാന്‍ നാം  ഇനിയും  വൈകരുത്.  

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter