സ്ത്രീ പീഡനങ്ങളുടെ കാലത്ത് വനിതാദിനത്തിന്റെ പ്രസക്തി?
dayസ്ത്രീകളെ ശാക്തീകരിക്കാനും അതിനു വേണ്ട ആലോചനകള്‍ക്കും നടപടികള്‍ക്കും കളമൊരുക്കാനുമൊക്കെയാവണം ഇങ്ങനെ ഒരു ദിനം ആചരിക്കുന്നത്. എന്നാല്‍ അത്തരം ശ്രമങ്ങളെല്ലാം കപടവും ഉപരിപ്ലവവും പുരുഷകേന്ദ്രീകൃതവുമാവുന്നതാണ് നാം കാണുന്നത്. സ്ത്രീ ശാക്തീകരണത്തിന് എന്നു പറഞ്ഞ് കൊണ്ടുവരുന്ന രീതി ശാസ്ത്രങ്ങളെല്ലാം സ്ത്രീകള്‍ കൂടുതല്‍ ചൂഷണത്തിന് വിധേയരാവാനുള്ള ഇടങ്ങള്‍ സൃഷ്ടിക്കുകയാണ് പലപ്പോഴും ചെയ്യുന്നത് എന്നതാണ് ഏറെ വിരോധാഭാസം. ഒരുകാലത്ത് വീടകങ്ങളില്‍ മാത്രം ചൂഷിതരായിരുന്ന ഇവരെ ശാക്തീകരണത്തിനെന്നും പറഞ്ഞ് അകത്തു നിന്നും അരങ്ങത്തെത്തിച്ചപ്പോള്‍ സംഭവിച്ചതെന്താണെന്ന് അന്വേഷിക്കുന്നത് നന്നായിരിക്കും. അവര്‍ അരങ്ങത്തും അങ്ങാടിയിലും നിരന്തരം ക്രൂശിക്കപ്പെടുന്നു എന്നതല്ലേ നേര്? കവലകളിലും കലായലങ്ങളിലും പീഢിപ്പിക്കപ്പെടുന്നു എന്നതല്ലേ സത്യം? സ്ത്രീകളുടെ വിദ്യാലയ പ്രവേശത്തെയോ സാമൂഹിക ഇടപെടലിനെയോ അടച്ചാക്ഷേപിക്കുകയല്ല. അവര്‍ക്ക് സാമൂഹിക പ്രക്രിയയില്‍ തങ്ങളുടെ ഭാഗധേയം സുരക്ഷിതമായി നിര്‍വ്വഹിക്കാനുള്ള എന്തുള്ളടക്കമാണ് നാം സാമൂഹിക ഘടനയില്‍ വരുത്തിയെതെന്ന് ചോദിക്കുക മാത്രമാണിവിടെ. സ്ത്രീയെ ചൂഷണണം ചെയ്യാന്‍ കൂടുതല്‍ അവസരം സൃഷ്ടിക്കുകയായിരുന്നില്ലേ നവീന സ്ത്രീ വാദികളെന്ന ചോദ്യത്തെ ബലപ്പെടുത്തുകയാണീ ചോദ്യം. പ്രകൃതിപരമായി സ്ത്രീ പുരുഷ വ്യത്യാസങ്ങളും സവിശേഷതകളും അവഗണിച്ച് ലിംഗസമത്വമെന്ന ലളിതയുക്തി എഴുന്നള്ളിച്ച്, സ്ത്രീവിമോചനത്തിനുള്ള ഒറ്റമൂലി വനിതകളും തൊഴിലിടങ്ങളില്‍ ഇടം പിടിക്കലും പുരുഷനെ പോലെ എല്ലായിടത്തും സ്ഥാനം പിടിക്കലുമാണെന്ന് സിദ്ധാന്തിച്ചവരുടെ ഉദ്ദേശ്യ ശുദ്ധി പരിശോധിക്കപ്പെടേണ്ടതാണ്. സ്ത്രൈണതയെ നിരാകരിക്കുന്ന ആധുനിക ഫെമിനിസ്റ്റു വാദങ്ങള്‍ യഥാര്ത്ഥത്തില്‍ പുരുഷാധിപത്യത്തിന്റെ മൂശിയില്‍ വാര്‍ത്തെടുത്തതാണ്. പക്ഷെ ഇതു തിരിച്ചറിയാന്‍ ഫെമിനിസ്റ്റുകളായ വനിതകള്‍ക്കു പോലും കഴിഞ്ഞില്ലെന്നിടത്താണ് പുരുഷാധിപത്യത്തിന്റെ വിജയം. ശാക്തീകിരക്കാന്‍ വേണ്ടി അവളെ പുരുഷനാക്കിയതിന്റെ തിക്തഫലം മനസ്സിലാക്കാന് തിരക്കുള്ള ബസിലെ വനിതാകണ്ടക്ടറുടെ ദയനീയ മുഖ ദര്‍‍ശനം  തന്നെ മതിയാവും. സ്ത്രീ ശാക്തീകരണത്തിന്റെ ഒറ്റമൂലി വിദ്യാഭ്യാസമാണെന്നു പറഞ്ഞിടത്തും അബദ്ധങ്ങള്‍ ഒരുപാടുണ്ട്. വിദ്യാഭ്യാസ ‘നിലവാരം’ കൂടുമ്പോഴും സ്ത്രീകള് കൂടുല്‍ ഗുരുതരമായ അരക്ഷിതാവസ്ഥയിലേക്ക് തള്ളപ്പെടുന്നതെന്തു കൊണ്ടെന്ന ചോദ്യം അതിന്റെ ഉപോല്‍പന്നമാണ്. കലാലയങ്ങളുടെ നടുത്തളങ്ങളില്‍ പോലും പെണ്‍കുട്ടി സുരക്ഷിതരല്ലെന്ന സാമൂഹിക യാഥാര്‍ഥ്യം മുന്നില്‍ വെച്ച് വിദ്യാഭ്യാസം കൊണ്ട് മാത്രം സ്ത്രീ ശാക്തീകരണം നടക്കുമെന്ന് പറയാന് കഴിയുമോ? നാമീ പറയുന്ന വിമോചനവും ശാക്തീകരണവുമൊന്നും കൊണ്ടു വരാനുള്ള ത്രാണി ഇന്ന് നിലനില്ക്കുന്ന തൊഴിലധിഷ്ഠിതവും പാശ്ചാത്യ മാതൃകയിലുള്ളതുമായ പൊതുവിദ്യാഭ്യാസ രീതിക്കില്ല. മാനവികതയുടെ പോഷണത്തിനു പകരം ജീവിതോപാധിയായിട്ടാണ് ഇന്ന് പൊതുവെ വിദ്യ അഭ്യസിക്കപ്പെടുന്നത്. തൊഴിലധിഷ്ഠിത കോഴ്സുകളുടെയും ശാസ്ത്രസാങ്കേതിക  കോഴ്സുകളുടെയും കവാടത്തിലാണ് ഇന്ന് വന് തിരക്ക്. മാനവിക വിഷയങ്ങള്‍ പഠിക്കാന്‍ ആളില്ലാതെ പോവുന്നു. അല്ലെങ്കില്‍ തൊഴിലധിഷ്ഠിത രംഗങ്ങളില് ഇടം കിട്ടാത്തവരുടെ അവസാന ചോഴ്സായി ഇത്തരം വിഷയങ്ങള്‍ മാറിയിരിക്കുന്നു. മാനവികേതര വിഷയങ്ങള്‍ കൂടുതല്‍ പഠിക്കപ്പെടുകയും അവിടെ സ്ത്രീ സാന്നിദ്ധ്യം കൂടുകയും ചെയ്യുന്നിടത്ത് കൂടുതല്‍ അരക്ഷിതാവസ്ഥയാവും സ്ത്രീകള്‍ക്ക് അഭിമുഖീകരിക്കേണ്ടി വരിക. ‘നമ്മുടെ വിദ്യാഭ്യാസ രീതി വളര്‍ത്തുന്നത് നാഗരികതയെയാണ്. നമ്മുടെ സംസ്കാരത്തിന് അത് യാതൊരു സംഭാവനയും നല്ക്കുന്നില്ലെന്ന ബെഗോവിച്ചിന്റെ നിരീക്ഷണം ഇവിടെ പ്രസക്തമാണ് ’. വിദ്യാഭ്യാസപരമായി പുരോഗതി സ്ത്രീക്കും പുരുഷനും ഒരു പോലെ  അനിവാര്യമാണ് എന്നത് ആരും എതിര്‍ക്കുമെന്നു തോന്നുന്നില്ല. പക്ഷെ അതിലൂടെ വിദ്യാഭ്യാസപരമായി മാത്രമേ ശാക്തീകിരക്കപ്പെടുന്നുള്ളു. സാമൂഹികമായി അവളിപ്പോഴും ചൂഷണവിധേയരാവുന്നു എന്നതാണ് യാഥാര്‍ഥ്യം. സ്ത്രീയും പുരുഷനും തുല്യരല്ലെന്നും സൂര്യനും ചന്ദ്രനും പോലെ ഭൂമിയും ആകാശവും പോലെ രാവും പകലും പോലെ പ്രകൃതിപരമായി തന്നെ വ്യത്യസ്തമായ സൃഷ്ടികളാണെന്നും അംഗീകരിക്കുകയാണ് സ്ത്രീ ശാക്തീകരണത്തിന്റെ ആദ്യപടി. അതിനനുസരിച്ച് അവര്‍ക്ക് നിര്‍വഹിക്കാനുള്ള റോളുകളും വ്യത്യസ്തമാണ്. ഈയൊരു തിരിച്ചറിവിന്റെ പുറത്തുള്ള സാമൂഹിക ഉത്തരവാദിത്വ വിഭജനമാണ് നടക്കേണ്ടത്. സ്വാതന്ത്ര്യത്തേക്കാള്‍ സുരക്ഷയാണ് പ്രാഥമ ആവശ്യം.സാമൂഹിക വകുപ്പിന്റെ ഷീ ടാക്സിയും വനിതകള്‍ക്കു സ്വന്തമായി ബാങ്ക് വേണമെന്ന മുറവിളിയുമെല്ലാം തരുന്ന സന്ദേശം അതാണ്. അങ്ങനെയല്ലെങ്കില്‍ ബസിലും ട്രെയിനിലുമൊക്കെയുള്ള സീറ്റ്, ബോഗി റിസര്‍വ്വേഷന് വേണ്ടെന്നു വെക്കാന്‍ ഫെമിനിസ്റ്റുകള്‍ എന്തുകൊണ്ട് തയ്യാറാവുന്നില്ല?  പ്രസവിക്കലും മുലയൂട്ടലും മറ്റും സ്ത്രീ തന്നെ നിര്‍വഹിക്കണമല്ലോ. നിലവിലുള്ള ബയോളജിയും കെമിസ്ട്രിയുമൊന്നും ഇതിനോടു വിയോജിക്കുമെന്നു തോന്നുന്നില്ല. അങ്ങനെയെങ്കില്‍ ആ സ്ത്രീ തന്നെ പുറത്തു പോയി അദ്ധ്വാനിക്കുന്നതുള്‍പ്പെടെയുള്ള ജോലികളും പുരുഷന്റെ റോളുകളും പൂര്‍ണമായി വഹിക്കണമെന്നു ശഠിക്കുന്നതല്ലേ യഥാര്‍ഥത്തില്‍ അനീതി? അതല്ലേ സ്ത്രീ വിരുദ്ധത? അതിനല്ലേ പുരുഷാധിപത്യം എന്നു പറയേണ്ടത്? പക്ഷെ ഇത്രപോലും ചിന്തിക്കാന്‍ കഴിയാത്ത വിധം ബൌദ്ധികമായും അവള്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു! പുരുഷ താത്പര്യങ്ങള്‍ ഫെമിനിസ്റ്റുകളെ കൊണ്ടു തന്നെ നടത്തിപ്പിക്കുന്നിടത്ത് പുരുഷന്‍ വിജയിച്ചു എന്നര്‍ഥം. തൊഴിലിടങ്ങളിലേക്കും മറ്റുപൊതു ഇടങ്ങളിലേക്കും സ്ത്രീയെ ബലം പിടിച്ച് ഇറക്കി കൊണ്ടു വന്നതെന്തിനെന്ന ചോദ്യത്തിന്  റെയില്‍ വെ ട്രാക്ക്,  ബസ് സ്റ്റാന്റ് , തെരുവുകള്‍, പബ്ലിക് കംഫര്‍ട്ട് സ്റ്റേഷന്‍, ഹോസ്പിറ്റല്‍...തുടങ്ങിയിടങ്ങളില് ചൂലും മോപ്പും ബ്രഷുമായി നടക്കുന്ന പാവം സ്ത്രീ ജന്മങ്ങളില്‍ ഉത്തരം കിടപ്പുണ്ട്.  അവിടത്തെ പുരുഷ സാന്നിദ്ധ്യം –ഉണ്ടെങ്കില്‍ തന്നെ- നാമമാത്രമാണല്ലോ. സുരക്ഷിതമായി ഗൃഹാന്തരീക്ഷത്തില്‍ സ്വന്തം കുട്ടികളെ പരിചരിക്കുന്നതും അവര്‍ക്ക് ഭക്ഷണം പാകം ചെയ്യുന്നതുമെല്ലാം വിലകുറഞ്ഞ ഒരേര്‍പാടും സ്ത്രീ സ്വാതന്ത്ര നിഷേധവുമാവുന്നതിലെയും പൊരിവെയിലത്ത് കൈക്കോട്ടെടുത്ത് റോഡ് വെട്ടുന്നതും നഗരം വൃത്തിയാക്കുന്നതും ആയമാരായി അന്യരുടെ കുട്ടികളെ നോക്കുന്നതും അന്യന്റെ വീട്ടില്‍ പാത്രം കഴുകുന്നതും വലിയ പുരോഗമനവും സ്ത്രീ വിമോചനവും ആവുന്നതിലെയും യുക്തിയാണ് എത്ര ആലോചിച്ചിട്ടും മനസ്സിലാവാത്തത്. ചുരുക്കത്തില്‍ ആധുനിക ഫെമിനിസ്റ്റുകളും ബുദ്ധിജീവികളെന്നു മേനി നടിക്കുന്നവരും പറയുന്നതിനപ്പുറത്താണ് യാഥാര്‍ഥ്യം. അവര്‍ എഴുന്നള്ളിക്കുന്ന  ഫോര്‍മുലകൊണ്ട് സ്ത്രീ ശാക്തീകിരക്കപ്പെടുമെന്നു കരുതുക വയ്യ. മറിച്ച് വേണ്ടത് സാമൂഹിക മനസ്ഥിതിയുടെ സമഗ്രമാറ്റമാണ്. സ്ത്രീയെ സ്ത്രീയായി കാണാനും ആദരിക്കാനുമുള്ള മനോഭാവമാണ് വളര്‍ത്തിയെടുക്കേണ്ടത്. അതിന് നിലനില്ക്കുന്ന തൊഴിലധിഷ്ഠിത വിദ്യാഭ്യാസ രീതി തികച്ചും അശക്തമാണ്.ധാര്‍മിക ബോധത്തിന് ഊന്നല്‍ നല്‍കുന്ന മാനവികത സംക്ഷേപണം ചെയ്യുന്ന വിദ്യാഭ്യാസ രീതി പ്രബലപ്പെട്ടു വരണം. അത്തരമൊരു സാമൂഹിക വ്യവസ്ഥിതിയിലേ സ്ത്രീ ശാക്തീകരണം സാധ്യമാവൂ. കലാലയങ്ങളില്‍ കയറിച്ചെന്ന് സുരക്ഷിതമായി വിദ്യാഭ്യാസം നേടാനും  സാമൂഹിക ക്രമത്തില്‍  സുരക്ഷിതരായി ഇടപെടാനും തങ്ങളുടെ ഭാഗധേയം നിര്വ്വഹിക്കാനുമുള്ള സാമൂഹിക സാഹചര്യം സൃഷ്ടിക്കനുതകും വിധം സാമൂഹത്തിന്റെ മനോഭാവം മാറ്റിയെടുക്കണം. ഖുര്‍ആന്‍ പറഞ്ഞതെത്ര ശരി! “ആണ്കുഞ്ഞ് പെണ്കുഞ്ഞിനെപ്പോലെയല്ലല്ലോ” (36:3).  

Leave A Comment

2 Comments

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter