പത്തുകിത്താബിന്റെ പഴയകാല സ്വാധീനങ്ങള്‍
ശാഫിഈ മദ്ഹബ് അംഗീകരിക്കുന്ന മുസ്‌ലിംകളുടെ വിശ്വാസത്തിലും കര്‍മ്മങ്ങളിലും മതപരമായി ഇടപെടുന്നതില്‍ പത്തു കിതാബിനു വലിയ സ്വാധീനമുണ്ട്. വ്യത്യസ്ത പണ്ഡിതര്‍ പല വിഷയങ്ങളിലായി രചിച്ച 10 ചെറു ഗ്രന്ഥങ്ങള്‍ കൂടിച്ചേര്‍ന്നതാണ് പത്തു കിതാബ്. ഇതിനുശേഷം രണ്ടു ഗ്രന്ഥങ്ങള്‍ കൂടി ചേര്‍ക്കപ്പെട്ടുവെങ്കിലും പ്രസ്തുത നാമം തന്നെ നിലനിന്നുപോരുന്നു.
ആശയഗാംഭീര്യമുണ്ടെങ്കിലും ചുരുങ്ങിയ വാക്കുകളിലൂടെ വിഷയങ്ങള്‍ സമര്‍ത്ഥിക്കുന്ന ശൈലിയാണ് 'പത്തുകിതാബി'ലെ എല്ലാ ഗ്രന്ഥങ്ങള്‍ക്കും. ആദ്യഭാഗത്തുള്ള ആറു ഗ്രന്ഥങ്ങളും രചിച്ചത് ഹിജ്‌റ 10-ാം നൂറ്റാണ്ടില്‍ ജീവിച്ച പൊന്നാനി മഖ്ദൂം കുടുംബത്തിലെ അബ്ദുല്‍ അസീസ്(റ) എന്ന പണ്ഡിതനാണ്. മലബാറില്‍ അദ്ദേഹത്തിന്റെ കൃതികള്‍ പഠിപ്പിക്കപ്പെടാത്ത ഒരു മതപാഠശാലയും മുമ്പുണ്ടായിരുന്നില്ല. ഹിജ്‌റ 994-ല്‍ വഫാത്തായ അബ്ദുല്‍ അസീസ്(റ)വിന്റെ കൃതികളില്‍ വളരെ പ്രധാനപ്പെട്ട കര്‍മശാസ്ത്ര ഗ്രന്ഥമാണ് 'മുതഫര്‍രിദ്'. 'വേറിട്ടത്' എന്നര്‍ത്ഥം വരുന്ന 'മുതഫര്‍രിദ്' പേര് സൂചിപ്പിക്കുംപോലെ തന്നെ തുല്യതയില്ലാതെ നിലനില്‍ക്കുന്നു. മുന്‍കാലങ്ങളില്‍ മതപഠനത്തിന്റെ തുടക്കം മുതഫര്‍രിദായിരുന്നു. ബര്‍ക്കത്തിനും പ്രാര്‍ത്ഥനക്കും വേണ്ടി വിദ്യാര്‍ത്ഥികള്‍ മഹാന്‍മാരെ സമീപിക്കുമ്പോള്‍ മുതഫര്‍രിദ് ഓതിക്കൊടുത്തായിരുന്നു അവര്‍ പഠനത്തിന്റെ ആദ്യാക്ഷരം പകര്‍ന്നുകൊടുത്തിരുന്നത്. മലബാറില്‍ 35 വയസ് കഴിഞ്ഞവരില്‍ മുതഫര്‍രിദ് ഓതാത്തവര്‍ വിരളമായിരിക്കും. ഇസ്‌ലാമിന്റെ പഞ്ചകര്‍മ്മങ്ങള്‍ വിശദീകരിക്കുന്നതില്‍ ഇത്ര എളുപ്പമുള്ള ശൈലി മറ്റൊരു ഗ്രന്ഥത്തിനു കാണാന്‍ പ്രയാസമാണ്. കര്‍മ്മശാസ്ത്രത്തില്‍ വലിയ ഗ്രന്ഥങ്ങള്‍ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നുണ്ടെങ്കിലും മലബാര്‍ മുസ്‌ലിംകളുടെ അനുഷ്ഠാനകര്‍മ്മങ്ങള്‍ പൊതുവിലും നിസ്‌കാരം വിശേഷിച്ചും ഇന്നും നിലനിന്നുപോരുന്നത് ഈ ചെറുകൃതിയില്‍ പറഞ്ഞ രൂപത്തിലാണ്. കേവലം പഠിക്കലും പഠിപ്പിക്കലും എന്നതില്‍നിന്ന് മാറി മുസ്‌ലിമിന്റെ ജീവിതം തന്നെ എന്ന് അവകാശപ്പെടാന്‍ പറ്റുന്ന ഗ്രന്ഥങ്ങളില്‍ വളരെ പ്രധാനപ്പെട്ടത് തന്നെയാണ് മുതഫരിദ്. ബാബു മഅ്‌രിഫത്തു സുഗ്‌റാ, ബാബു മഅ്‌രിഫത്തുല്‍ കുബ്‌റാ, മുരിഖാത്തുല്‍ ഖുലൂബ്, അര്‍കാനുസ്വലാത്ത്, അര്‍കാനുല്‍ ഈമാന്‍ എന്നീ അഞ്ച് കൃതികളും അഖ്ദുല്‍ അസീസ്(റ) തന്നെ രചിച്ചതാണ്. ചോദ്യോത്തര ശൈലിയില്‍ രചിക്കപ്പെട്ട 'മഅ്‌രിഫത്ത്' ഗ്രന്ഥങ്ങള്‍ നമ്മുടെ വിശ്വാസങ്ങളെ ചിട്ടപ്പെടുത്തുന്നതില്‍ വലിയ പങ്കുവഹിച്ചിട്ടുണ്ട്. ആര്‍ക്കും ഉള്‍കൊള്ളാവുന്ന രീതിയില്‍ രചിക്കപ്പെട്ട ഈ ഭാഗങ്ങളും നമ്മുടെ പാഠശാലകളില്‍ അന്വേഷണവിധേയമായിരുന്നു.
'ഹൃദയങ്ങളെ മയപ്പെടുത്തുന്നത്' എന്നര്‍ത്ഥമുള്ള 'മുരിഖാത്തുല്‍ ഖുലൂബ്' പേരു പോലെത്തന്നെ ഭൗതിക ചിന്തകളില്‍നിന്നു മാറി ജീവിതം പരലോക വിചിന്തനങ്ങള്‍ കൊണ്ട് ധന്യമാക്കാനുതകുന്നതാണ്. ഹദീസുകളും പ്രമുഖരുടെ അനുഭവങ്ങളും ചെറിയ തോതില്‍ വിശദീകരിക്കുന്ന ശൈലി സാധാരണക്കാര്‍ക്കുകൂടി ഉപകാരപ്രദമാണ്. മുസ്‌ലിമിന്റെ ജീവിതത്തില്‍ ഏറ്റവും ശ്രദ്ധിക്കേണ്ട നിസ്‌കാരം സ്വഹീഹായ രൂപത്തിലാവല്‍ അനിവാര്യമാണ്. ചെറിയ  അശ്രദ്ധകള്‍ പലപ്പോഴും നിസ്‌കാരം തന്നെ ബാത്വിലാക്കുന്നവയാണ്. നിസ്‌കാരം എങ്ങനെ സാധൂകരിക്കപ്പെടാം എന്നു മാത്രം വിശദീകരിക്കുന്ന 'അര്‍കാനുസ്വലാത്ത്' നിസ്‌കാരം ഫലപ്രാപ്തിയുള്ളതാക്കാന്‍ പോന്നതാണ്. ഈ ഗ്രന്ഥങ്ങള്‍ക്ക് പുറമെ 'അര്‍കാനുല്‍ ഈമാന്‍' കൂടി ഓതിപ്പഠിച്ചിരുന്ന മുന്‍കാലങ്ങളില്‍ മുസ്‌ലിമിന്റെ നിസ്‌കാരം പോലുള്ള ആരാധനകള്‍ക്ക് ചിട്ടയും കൃത്യതയുമുണ്ടായിരുന്നു. കാട്ടിക്കൂട്ടലുകളില്‍ നിന്ന് നമ്മുടെ ആരാധനകളെ സംരക്ഷിക്കാന്‍ തികച്ചും പര്യാപ്തമായിരുന്നു ഈ ചെറിയ ഗ്രന്ഥങ്ങളെല്ലാം.
ഹിജ്‌റ 1333-ല്‍ വഫാത്തായ മുഹമ്മദ് ബ്‌നു സ്വാലിഹ് റഈസ്(റ) രചിച്ച 'നുബ്ദ'യും പത്തു കിതാബിനെ സമ്പുഷ്ഠമാക്കുന്ന ഗ്രന്ഥമാണ്. പ്രബന്ധം, പേരഗ്രാഫ് എന്നൊക്കെ അര്‍ത്ഥം വരുന്ന 'നുബ്ദ' ചെറുതാണെങ്കിലും നമ്മുടെ വിശ്വാസങ്ങളെ ത്വരിതപ്പെടുത്തുന്നതില്‍ വലിയ പങ്കുവഹിച്ചിട്ടുണ്ട്. ശരിയായ വിശ്വാസമുള്ളവരില്‍ നിന്നേ കര്‍മ്മങ്ങള്‍ സ്വീകരിക്കുകയുള്ളൂ എന്ന തിരിച്ചറിവുള്ളവര്‍ക്ക് 'നുബ്ദ'യെ ഒഴിവാക്കാനാവില്ല.
ഹിജ്‌റ 903-ല്‍ വഫാത്തായ ഹള്‌റമിയായ മുഹമ്മദ് ബാഫള്‌ലാണ് 'നൂറുല്‍ അബ്‌സാര്‍' രചിച്ചത്. പത്തു കിതാബിലെ ഏറ്റവും വലിയ ഗ്രന്ഥം ഇതാണ്. പതിമൂന്ന് വിഭാഗങ്ങളിലായി മുസ്‌ലിമിന്റെ പ്രധാന അനുഷ്ഠാനമായ നിസ്‌കാരത്തെ കുറിച്ചുള്ള സമ്പൂര്‍ണ്ണ ചര്‍ച്ചയാണ് 'നൂറുല്‍ അബ്‌സാര്‍'. മതത്തിന്റെ ബാലപാഠം ഉള്‍കൊണ്ടവര്‍ക്ക് ഏറെ ഉപകാരപ്രദമാണിത്. മുന്‍കാലത്ത് പണ്ഡിതന്മാര്‍ വരെ സംശയനിവാരണത്തിനും മറ്റും ഉപയോഗപ്പെടുത്തിയിരുന്ന ഈ ഗ്രന്ഥം നമ്മുടെ അനുഷ്ഠാന ജീവിതത്തില്‍ വലിയ മാറ്റം വരുത്തിയിട്ടുണ്ട്. സാധാരണക്കാര്‍ക്ക് നിസ്‌കാരത്തിന്റെ രൂപവിശേഷങ്ങള്‍ പകര്‍ന്നുനല്‍കാന്‍ പറ്റുന്ന നല്ലൊരു കൃതിയാണിത്.
ഹിജ്‌റ 1119-ല്‍ വഫാത്തായ ഇസ്മാഈല്‍ ഹള്‌റമിയുടെ 'കിതാബു സൗമും' ഏറെ ഫലപ്രദമായ ഗ്രന്ഥമാണ്. നോമ്പും അനുബന്ധങ്ങളും ശാഫിഈ മദ്ഹബിന്റെ വീക്ഷണത്തില്‍ ഹ്രസ്വമായി വിശദീകരിക്കുന്ന ഗ്രന്ഥത്തിന് എല്ലാതരം ആളുകള്‍ക്കും ഉള്‍കൊള്ളാന്‍ പറ്റുന്ന രചനാശൈലിയാണ്.
ഹിജ്‌റ 1170-ല്‍ വഫാത്തായ മുഹമ്മദുല്‍ ഖാഹിരീ(റ) രചിച്ച തെരഞ്ഞെടുത്ത 40 ഹദീസുകളുടെ സമാഹാരമായ അര്‍ബഈന്‍ ഹദീസും കൂടി ചേരുമ്പോള്‍ 'പത്തു കിതാബ്' പൂര്‍ണമാകുന്നു. ഈ പത്ത് ഗ്രന്ഥങ്ങള്‍ രണ്ടു ചട്ടക്കുള്ളില്‍ ഒരുക്കിയ 'പത്തുകിതാബാണ്' നമ്മുടെ ദര്‍സുകളിലും മറ്റും ആദ്യം നിലവില്‍വന്നത്. ശേഷം, ആ കാലത്തെ ചില പണ്ഡിതരുടെ അഭിപ്രായപ്രകാരം 'മത്‌നുല്‍ ബാജൂരി', 'ഫത്ഹുല്‍ ഖയ്യൂം' എന്നീ രണ്ടു ഗ്രന്ഥങ്ങളും കൂട്ടിച്ചേര്‍ത്ത് 12 ഗ്രന്ഥങ്ങള്‍ ചേര്‍ന്നതാണ് ഇന്നു കാണുന്ന പത്തുകിതാബ്. ഏതു വിശ്വാസിയും അറിയല്‍ അനിവാര്യമായ അല്ലാഹുവിന്റെയും പ്രവാചകരുടെയും വാജിബും മുസ്തഹീലും ജാഇസുമായ വിശേഷണങ്ങളെ വിശദീകരിക്കുന്ന ഗ്രന്ഥമാണ് മത്‌നുല്‍ ബാജൂരി. ശാഫിഈ പണ്ഡിതനും നിരവധി ഗ്രന്ഥങ്ങളുടെ രചയിതാവുമായ ഇബ്‌റാഹീമുബ്‌നു മുഹമ്മദുല്‍ ബാജൂരില്‍ മിസ്‌രി(1197-1276) ആണ് ഇതു രചിച്ചത്.
പഠനഗോഥയിലിറങ്ങുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കുന്ന കവിതയാണ് 'ഫത്ഹുല്‍ ഖയ്യൂം'. ഇതാണ് പത്തുകിതാബിലെ അവസാന ഭാഗത്ത് കാണപ്പെടുന്ന ഗ്രന്ഥം. 38 വരികളുള്ള 'ഫത്ഹുല്‍ ഖയ്യൂമിന്' പല വിശദീകരണ ഗ്രന്ഥങ്ങളുമുണ്ട്. മുന്‍തഖബ്ബുനു മുവാഫഖ് എന്ന കവിയുടെ വരികളാണ് ഈ ഗ്രന്ഥം.
പരലോക വിശ്വാസിയായ ഒരു മുസ്‌ലിമിനെ സംബന്ധിച്ചിടത്തോളം അതിനുവേണ്ടിയുള്ള ഒരുക്കങ്ങളാണ് അവന്‍ ഈ ലോകത്ത് ചെയ്യേണ്ടത്. ഭൗതികതയിലും ഭൗതിക വിദ്യാഭ്യാസത്തിലും അമിത താല്‍പര്യം കൊടുക്കാത്ത പണ്ടുകാലങ്ങളില്‍ നമ്മുടെ ഇസ്‌ലാമിക ജീവിതം കൃത്യമായി നിര്‍വഹിക്കപ്പെടാന്‍ വേണ്ടി നമ്മുടെ പൂര്‍വ്വീകര്‍ തെരെഞ്ഞടുത്ത വഴി പള്ളികളിലും പള്ളിക്കൂടങ്ങളിലും പത്തുകിതാബ് പോലെയുള്ള ഗ്രന്ഥങ്ങള്‍ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുക എന്നതായിരുന്നു. അക്കാലങ്ങളില്‍ ജീവിതത്തിന്റെ ഏതു മേഖലകളിലേക്ക് തിരിയുന്നവരും ചുരുങ്ങിയത് 'മുതഫരിദെ'ങ്കിലും ഓതിയവരായിരിക്കും. കുറെ പഠിക്കാന്‍ കഴിയുന്നില്ലെങ്കിലും ചെയ്യുന്ന 'ഇബാദത്തുകള്‍' കൃത്യമാവണമെന്ന വാശി അവര്‍ക്കുണ്ടായിരുന്നു.
മത-ഭൗതിക സമന്വയ വിദ്യാഭ്യാസത്തിനും മദ്‌റസാ പ്രസ്ഥാനത്തിനും പൊതുസമ്മതി കൂടി വരുന്ന ഇക്കാലത്ത് നമ്മുടെ സിലബസുകളില്‍നിന്ന് പത്തുകിതാബിനെ പാടെ അവഗണിച്ചത് ദീനീ ജീവിതരംഗത്തും പഠന രംഗത്തും നഷ്ടങ്ങള്‍ വരുത്തുമെന്നതിന് അനുഭവങ്ങള്‍ സാക്ഷിയാണ്. മുന്‍കാലത്ത് 'ഫത്ഹുല്‍ മുഈന്‍' പഠിക്കാന്‍ തുടങ്ങുന്ന ഏതൊരാളും പത്തുകിതാബ് ഓതിയവരായിരിക്കും. അറബി ഭാഷാ ശൈലികളുമായി വലിയ ബന്ധം സ്ഥാപിക്കാനും മഹാന്‍മാരായ ഇമാമുകളുടെ ഇബാറത്തിന്റെ ശൈലി ഉള്‍കൊള്ളാനും പത്തുകിതാബ് ഏറെ ഉപകാരപ്പെട്ടിരുന്നു. അതുവഴി ഫത്ഹുല്‍ മുഈന്‍ പോലോത്ത ഗ്രന്ഥങ്ങളില്‍ വ്യാകരണ പ്രശ്‌നമോ ഇബാറത്തുകളിലെ ആശയ സങ്കീര്‍ണ്ണതയോ തീരെ ഉണ്ടാകുമായിരുന്നില്ല. ഇന്നത്തെ നമ്മുടെ പുതിയ സിലബസുകളിലെല്ലാം പുതിയ ആളുകള്‍ രചിച്ച വളരെ ചെറിയ ഗ്രന്ഥങ്ങള്‍ മാത്രം ആദ്യ ക്ലാസുകളില്‍ പഠിപ്പിക്കുകയും രണ്ടാമത്തെ വര്‍ഷം തന്നെ ഫത്ഹുല്‍ മുഈന്‍ പഠിപ്പിക്കുകയും ചെയ്യുന്നതിലൂടെ വിദ്യാര്‍ത്ഥികളില്‍ ഉണ്ടാവകുന്ന പ്രയാസമനുഭവിക്കാന്‍ ഒരു അധ്യാപകന്‍ എന്ന നിലക്ക് സാധിച്ചിട്ടുണ്ട്. മറിച്ച് ആദ്യത്തെ ഒന്നോ രണ്ടോ വര്‍ഷം 'ഫിഖ്ഹ്' പഠനത്തിന് പത്തുകിതാബ് തന്നെ തെരഞ്ഞെടുത്താല്‍ തുടര്‍ ക്ലാസുകളില്‍ പഠിക്കുന്നവര്‍ക്കും പഠിപ്പിക്കുന്നവര്‍ക്കും കാര്യങ്ങള്‍ എളുപ്പമാകുമെന്ന് പരീക്ഷണാടിസ്ഥാനത്തില്‍ നമുക്ക് പറയാന്‍ കഴിയും.
പത്തുകിതാബിന്റെ പഠനശൈലി ഗ്രഹിക്കുന്നതോടൊപ്പം പ്രായോഗികമാക്കാനുതകുന്നതായിരുന്നു. അതുകൊണ്ട് തന്നെ മുസ്‌ലിമിന്റെ ജീവിതമാണ് ഈ ഗ്രന്ഥം ചിട്ടപ്പെടുത്തിയത്. ഇന്നത്തെ പഠനങ്ങള്‍ അതില്‍ തന്നെ ഒതുങ്ങുന്നു എന്നതാണ് യാഥാര്‍ത്ഥ്യം. ബുദ്ധിയും താല്‍പര്യവുമുള്ള വിദ്യാര്‍ത്ഥികള്‍ വരെ വിജ്ഞാനത്തിന്റെ വിശാലതയെ കണ്ടെത്താന്‍ അറിവിനെ പ്രായോഗികമാക്കുന്നില്ല. ആധുനിക ഗ്രന്ഥങ്ങളും ശൈലികളും പ്രാവര്‍ത്തിക ജ്ഞാനത്തിനു ഉപകരിക്കുന്നുമില്ല.
പത്തുകിതാബ് സജീവമായ കാലത്ത് പണ്ഡിതന്‍മാരുടെയും സാധാരണക്കാരുടെയും പഠനത്തിന്റെ തുടക്കം ഈ ഗ്രന്ഥമായതിനാല്‍ എല്ലാവരുടെയും ആരാധനകളെ ഏകീകരിക്കാന്‍ കഴിഞ്ഞു. നിസ്‌കാരങ്ങളിലും അനുബന്ധ അനുഷ്ഠാനങ്ങളിലും വ്യത്യസ്ത പ്രദേശങ്ങളില്‍ ഇന്ന് കാണുന്ന വ്യത്യാസങ്ങള്‍ മുമ്പ് ഉണ്ടാവാതിരിക്കാന്‍ ഈ ഏകീകരണ പഠനം സഹായകമായിട്ടുണ്ട്.
ഓരോ ഗ്രന്ഥങ്ങളിലൂടെ പതുക്കെപ്പതുക്കെ 'കാര്യങ്ങള്‍' മനസ്സിലാക്കിയതിനാല്‍ പത്തുകിതാബ് പഠിച്ചവര്‍ക്ക് ഇബാദത്തിന്റെ വിഷയത്തില്‍ പുറം സ്വാധീനങ്ങളുണ്ടായിരുന്നില്ല. ഇന്നു പലരിലും ആശയസ്വാധീനവും രീതിവ്യത്യാസവും കാണപ്പെടുന്നത് ചെറുപ്പത്തില്‍ പഠിച്ചത് 'ഉറക്കാത്ത'തു കൊണ്ടാണ്. ഗള്‍ഫിലും മറ്റും പോയി തിരിച്ചുവരുന്ന അനേകമാളുകളില്‍ അവിടങ്ങളിലുള്ള പുത്തനാശയങ്ങള്‍ കാണപ്പെടുന്നതും ഈ രീതിയിലാണ്.
ദീനിന്റെ അടിസ്ഥാന ഘടകമായ നിസ്‌കാരത്തിനും  വിശ്വാസത്തിനുമാണ് പത്തു കിതാബ് പ്രാധാന്യം കൊടുക്കുന്നത്. ജനങ്ങളുടെ മതകീയ ജീവിതത്തില്‍ വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണത്.
പഠിക്കാന്‍ ശ്രമിക്കുന്നവര്‍ തന്നെ ഇന്നു ഈ വിഷയങ്ങള്‍ അവഗണിക്കുന്നതായാണ് അനുഭവം. പത്തുകിതാബെങ്കിലും ഓതാത്തവര്‍ വിരളമായിരുന്ന ഒരു കാലത്തുനിന്നുമാറി ഇപ്പോള്‍ അത് അവഗണിച്ചതോടെ ദീനീപഠനം അല്‍പം ചിലരില്‍ പരിമിതപ്പെട്ടു തുടങ്ങി.
ഒരുകാലത്ത് മുസ്‌ലിം ഉമ്മത്തിന്റെ മതപരമായ ജീവിതം ചിട്ടപ്പെടുത്തിയ പത്തുകിതാബിനെ നമ്മുടെ പഠനവൃത്തത്തിനുള്ളില്‍ തിരിച്ചുകൊണ്ടുവന്നു വിജ്ഞാനത്തെ പ്രായോഗികവത്കരിക്കുന്ന ഒരു സമൂഹത്തെ വളര്‍ത്താന്‍ നാം ഓരോരുത്തരും ശ്രമിക്കേണ്ടിയിരിക്കുന്നു.
പല ഉന്നത പണ്ഡിതന്മാരും നിരവധി തവണ കണ്ണോടിച്ച പത്തുകിതാബിലെ ആശയങ്ങള്‍ പകര്‍ത്തുമ്പോള്‍ സംശയങ്ങള്‍ക്ക് സ്ഥാനമുണ്ടാവാറില്ല. ആധുനിക ഗ്രന്ഥങ്ങളില്‍ പലതും മറുപടി കിട്ടാതെ അശേഷിക്കുന്നവയാണ്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter