റോഹിംഗ്യന്‍ മുസ്‍ലിംകള്‍: ആര്‍ക്കും വേണ്ടാത്ത ഇവര്‍ നടുക്കടലില്‍ അഭയം തേടുകയാണ്!!!
മ്യാന്മറിലെ റോഹിംഗ്യന്‍ മുസ്‌ലിം അഭയാര്‍ത്ഥികള്‍ നടുക്കടലില്‍ മുങ്ങിമരിക്കുന്ന ദയനീയ വാര്‍ത്തകള്‍ പുറത്ത് വന്ന് കൊണ്ടിരിക്കുകയാണ്. സ്വരാജ്യത്ത് നിന്ന് ജീവന്‍ രക്ഷിക്കാന്‍ കഴിയാതെ അയല്‍ രാജ്യങ്ങളിലേക്ക് പാലായനം ചെയ്യുന്ന ഇവര്‍ പക്ഷേ കൂടുതല്‍ ദുരന്തങ്ങളിലേക്കാണ് ചെന്നെത്തുന്നത്. അഭയാര്‍ത്ഥികളുടെ കുത്തൊഴുക്ക് പേടിച്ച് അയല്‍രാജ്യങ്ങളായ തായ്‌ലന്‍ഡ്, ഇന്തോനേഷ്യ, മലേഷ്യ എന്നീ രാജ്യങ്ങള്‍ റോഹിങ്ക്യകള്‍ക്ക് പ്രവേശനം നിഷേധിച്ചു തുടങ്ങിയതോടെയാണ് പ്രശ്നങ്ങള്‍ കൂടതല്‍ സങ്കീര്‍ണമായത്.
ബോട്ട് തകര്‍ന്ന് നടുക്കടലില്‍ കുടുങ്ങിയ 900 അഭയാര്‍ത്ഥികളെ ഇന്തോനേഷ്യന്‍ നാവിക സേന രക്ഷിച്ച് തീരമണിയിച്ചതാണ് അല്‍പമെങ്കിലും ആശാവഹമായ വാര്‍ത്ത. നടുക്കടലില്‍ പട്ടിണിയാല്‍ മരണം കാത്തിരുന്ന അവശരായ അഭയാര്‍ത്ഥികളെ ഇന്തോനേഷ്യന്‍ മത്സ്യത്തൊഴിലാളികള്‍ ഇടപെട്ടാണ് കരക്കെത്തിക്കാനുള്ള നടപടിയുണ്ടായത്. രണ്ട് ദിവസം മുമ്പ് പട്ടിണി മൂലം 10 പേര്‍ മരണപ്പെടുകയും മറ്റുവഴികളില്ലാത്തതിനാല്‍ മറ്റുള്ളവര്‍ മൃതദേഹങ്ങള്‍ കടലിലേക്ക് വലിച്ചെറിയുകയും ചെയ്തത് ലോകം ഏറെ ഞെട്ടലോടെയാണ് വായിച്ചത്. ദിവസങ്ങള്‍ക്ക് മുമ്പ് തായ്‌ലന്‍ഡ് തീരത്തെത്തിയ ഒരു അഭയാര്‍ത്ഥി ബോട്ട് ഭക്ഷണം നല്‍കിയതിന് ശേഷം നാവികസേന കടലിലേക്ക് തന്നെ തിരിച്ച് വിട്ടിരുന്നു. സമാനമായ സമീപനം തന്നെയായിരുന്നു ഇന്തോനേഷ്യന്‍ നാവികസേനയുടെ ഭാഗത്ത് നിന്നുമുണ്ടായത്
പലരും അറിയാതെ പോവുമായിരുന്ന റോഹിങ്ക്യന്‍ മുസ്‌ലിംകളുടെ ദുരന്ത കഥ ലോകം അറിഞ്ഞത് തായ്‌ലന്‍ഡ് ഓണ്‍ലൈന്‍ ഏജന്‍സിയായ ഫുക്തവാനും ബിബിസിയും പുറത്ത് വിട്ട വാര്‍ത്തയിലൂടെയാണ്. ബിബിസി റിപ്പോര്‍ട്ട് ചെയ്ത വാര്‍ത്ത ഭക്ഷണവും വെള്ളവുമില്ലാതെ 3 മാസമായി കടലില്‍ കുടുങ്ങിക്കിടക്കുന്ന 350 അഭയാര്‍ത്ഥികളെക്കുറിച്ചായിരുന്നു. 84 കുട്ടികളും 50 സ്ത്രീകളുമടങ്ങുന്ന അഭയാര്‍ത്ഥി സംഘം സ്വന്തം മൂത്രം കുടിച്ചാണ് ജീവന്‍ നിലനിര്‍ത്തുന്നതെന്ന വാര്‍ത്ത ഏറെ ഞെട്ടിപ്പിക്കുന്നതായിരുന്നു.
അതേസമയം, തായ്‌ലന്‍ഡ് ഓണ്‍ലൈന്‍ മാധ്യമമായ ഫുക്തവാന്‍ റിപ്പോര്‍ട്ട് ചെയ്ത വാര്‍ത്തയിലുണ്ടായിരുന്നത് അഭയാര്‍ത്ഥി സംഘത്തിലെ അബ്ദുല്‍ റഹ്മദ് എന്ന കുട്ടിയുടെ രോദനമായിരുന്നു. ഫുക്തവാന്‍ മാധ്യമ പ്രതിനിധിയോട് അവന്‍ വിളിച്ച് പറഞ്ഞ വാക്കുകള്‍ ഇപ്രകാരമായിരുന്നു, ''ഭക്ഷണവും വെള്ളവും തീര്‍ന്നിട്ട് മാസങ്ങളായി, 400 ലധികം പേരുണ്ടായിരുന്ന ഞങ്ങളുടെ സംഘത്തില്‍ പലരും പട്ടിണി കാരണം മരണപ്പെട്ടു. മറ്റു പലരും മരണാസന്നരുമാണ്. എനിക്ക് എഴുന്നേറ്റ് നില്‍ക്കാന്‍ പോലും കരുത്തില്ല."
ഈ രണ്ട് റിപ്പോര്‍ട്ടുകളും അഭയാര്‍ത്ഥികളുടെ ദയനീയ ചിത്രം ലോകത്തിന് മുമ്പില്‍ വരച്ചിട്ടുവെങ്കിലും ഇവരുടെ കണ്ണീരൊപ്പാനുള്ള പ്രതീക്ഷാഭരമായ യാതൊരു നടപടിയും ലോകരാജ്യങ്ങളില്‍ നിന്ന് പ്രത്യേകിച്ച് മേഖലയിലെ രാജ്യങ്ങളില്‍ നിന്നുണ്ടായിട്ടില്ല.
രാജ്യത്തെ പൗരന്മാരുടെ സുരക്ഷക്ക് നിയോഗിക്കപ്പെട്ട മ്യാന്‍മര്‍ സുരക്ഷാ തീര സേന റോഹിന്‍ങ്ക്യന്‍ അഭയാര്‍ത്ഥികളോട് സ്വീകരിക്കുന്ന സമീപനം കണ്ണില്‍ ചോരയില്ലാത്തതാണ്. ബോട്ട് പുറപ്പെട്ട് കഴിഞ്ഞാല്‍ഇവര്‍ പിന്നീട് രാജ്യത്തേക്ക് തന്നെ തിരിച്ച് വരുന്നത് തടയാനുള്ള നടപടികളാണ് അവര്‍ സ്വീകരിക്കാറുള്ളത്. നടുക്കടലില്‍ ഇത്തരം ബോട്ടുകളുടെ എഞ്ചിന്‍ തകര്‍ത്ത് കളയുന്ന സംഭവം വരെയുണ്ടായത് അതിരുകളില്ലാത്ത ഇവരുടെ ക്രൂരതയുടെ തെളിവാണ്. 5.32 കോടി ജനസംഖ്യയുള്ള മ്യാന്‍മറില്‍ 10 ലക്ഷം റോഹിങ്ക്യകളാണ് അധിവസിക്കുന്നത്. ഇവര്‍ ബംഗ്ലാദേശില്‍ നിന്ന് നുഴഞ്ഞ് കയറിയ അനധികൃത കുടിയേറ്റക്കാരെന്ന് പറഞ്ഞാണ് വര്‍ഷങ്ങളായി ബുദ്ധ തീവ്രവാദികള്‍ക്കൊപ്പം സൈനിക ഭരണകൂടവും ശക്തമായ പീഢനം ഇവര്‍ക്കെതിരെ അഴിച്ച് വിടുന്നത്.
മ്യാന്‍മറിന്റെ ഏറ്റവും പടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന മുസ്‌ലിം ഭൂരിപക്ഷ പ്രദേശമായ അറാക്കാനില്‍ നിന്നുള്ളവരാണ് ഈ അഭയാര്‍ത്ഥികളെല്ലാം. കിഴക്ക് ഭാഗത്ത് ഹിമാലയത്തിന്റെ തുടര്‍ച്ചയായ അറാക്കാന്‍ യോമ പര്‍വ്വത നിരകളും മറുഭാഗത്ത് ബംഗാള്‍ ഉള്‍ക്കടലുമാണ്. ബംഗ്ലാദേശുമായി 176 മൈല്‍ അതിര്‍ത്തി പങ്ക് വെക്കുന്ന അറാക്കാനിലെ ജനസംഖ്യ 2.2 മില്യനാണ്. ഇതില്‍ 75% മുസ്‌ലിംകളും മറ്റുള്ളവര്‍ ബുദ്ധ-ഹിന്ദു-ക്രൈസ്തവ മതക്കാരുമാണ്. 1184 മുതല്‍ തന്നെ സ്വതന്ത്രമായ അറാക്കാന്‍ പുരാതനകാലത്ത് ഹിന്ദുരാജാക്കന്മാരും തുടര്‍ന്ന് മംഗോളിയന്മാരുമാണ് ഭരണം നടത്തിയിരുന്നത്. കച്ചവടത്തിലൂടെയും കുടിയേറ്റത്തിലൂടെയും അറാക്കാനില്‍ വേരുറപ്പിച്ച മുസ്‌ലിംകള്‍ 14ാം നൂറ്റാണ്ടില്‍ അധികാരത്തിലെത്തുകയും മറൗകു രാജവംശമെന്ന പേരില്‍ 4 നൂറ്റാണ്ടുകളോളം ഭരണം നടത്തുകയും ചെയ്തു. ബര്‍മീസ് രാജാവിന്റെ 1784 ആക്രമണത്തില്‍ മറൗകു രാജവംശം പരാജയം ഏറ്റ്‌വാങ്ങിയതോടെയാണ് മുസ്‌ലിംകളുടെ കഷ്ടപ്പാടിന് തുടക്കം കുറിക്കുന്നത്. 1826 ല്‍ മ്യന്‍മര്‍ മുഴുവന്‍ പിടിച്ചടക്കിയ ബ്രിട്ടീഷുകാര്‍ എല്ലായിടങ്ങളിലുമുള്ളത് പോലെ മുസ്‌ലിംകളോട് വിദ്വേഷപരമായ സമീപനമായിരുന്നു സ്വീകരിച്ചത്. 1948 ല്‍ മ്യാന്‍മര്‍ വിട്ട ബ്രിട്ടീഷുകാര്‍ അധികാരമേല്‍പ്പിച്ചത് ആങ്‌സാന് സൂകിയുടെ പിതാവിന്റെ നേതൃത്വത്തിലുള്ള ബര്‍മീസ് വംശത്തെയായിരുന്നു. അറാക്കാനില്‍ നിന്ന് മുസ്‌ലിംകളെ ആട്ടിയോടിക്കാനുള്ള നീക്കത്തിന് ആദ്യ ചരട് വലി നടത്തിയത് ഇദ്ദേഹമായിരുന്നു. മുസ്‌ലിംകളെ പീഢിപ്പിക്കാന്‍ ബുദ്ധ ഭീകരവാദികള്‍ക്ക് അരങ്ങൊരുക്കിക്കൊടുക്കുന്നതില്‍ ഇവര്‍ അല്‍പം പോലും പിശുക്ക് കാണിച്ചിരുന്നില്ല.
മുസ്‌ലിംകളെ പൂര്‍ണ്ണമായി ഇല്ലായ്മ ചെയ്യാന്‍ ധാരാളം നിയമങ്ങളും സൈനിക സര്‍ക്കാര്‍ പ്രാബല്യത്തില്‍ വരുത്തിയിട്ടുണ്ട്. 1982-ല്‍ റോഹിങ്ക്യകളെ വിദേശപൗരന്മാരായി മുദ്രകുത്തിയും 1996 ല്‍ ജോലി ചെയ്യാനും മറ്റിടങ്ങളിലേക്ക് സഞ്ചരിക്കാനുമുള്ള സ്വാതന്ത്ര്യം ഏറെ പരിമിതപ്പെടുത്തിയും സര്‍ക്കാര്‍ തങ്ങളുടെ മുസ്‌ലിം വിരുദ്ധത പുറത്തുകാണിച്ചു. സൈനികര്‍ക്ക് വേണ്ടി കിടങ്ങ് കുഴിക്കുന്ന നിര്‍ബന്ധ സേവനം നടത്തേണ്ടവരാണ് പലരും.
റോഹിങ്ക്യന്‍ മുസ്‌ലിംകള്‍ ഇത്രമാത്രം പീഢനങ്ങള്‍ ഏറ്റുവാങ്ങിയിട്ടും മ്യാന്‍മര്‍ സര്‍ക്കാരിനെ ഒന്ന് കണ്ണുരുട്ടി പേടിപ്പിക്കാന്‍ പോലും ഐക്യരാഷ്ട്ര സഭക്കോ മറ്റു രാജ്യാന്തര സംഘടനകള്‍ക്കോ ഇത് വരെയും സാധിച്ചിട്ടില്ല. എണ്ണ സമ്പത്തിന്റെ പളപളപ്പില്‍ ഞെളിയുന്ന അറബ് രാഷ്ട്രങ്ങളാവട്ടെ ഇവ്വിഷയത്തില്‍ തീര്‍ത്തും നിരുത്തരവാദിത്തപരമായ സമീപനമാണ് സ്വീകരിക്കുന്നത്.
ഓസ്‌ട്രേലിയയിലെ റെഫ്യൂജി ലീഗല്‍ സെന്റര്‍ എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ ഡേവിഡ് മാനെ അഭയാര്‍ത്ഥികളെ രക്ഷിക്കാന്‍ ആദ്യമായി തായ്‌ലന്‍ഡ്, മലേഷ്യ ഇന്തോനേഷ്യ സര്‍ക്കാരുകള്‍ തയ്യാറായാല്‍ മാത്രമേ പ്രശ്‌നത്തിന്റെ പ്രഥമ പരിഹാരം കാണാന്‍ സാധിക്കുകയുള്ളൂവെന്ന് അഭിപ്രായപ്പെടുന്നു. മേഖലയിലെ വന്‍ ശക്തിയായ ഓസ്‌ട്രേലിയ വിഷയത്തില്‍ ഉത്തരവാദിത്തപൂര്‍ണ്ണമായ നിലപാടെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നുണ്ട്. ഈ രാജ്യങ്ങളിലെ സര്‍ക്കാറുകള്‍ അഭയാര്‍ത്ഥികളെ പുനരധിവസിപ്പിക്കാനുള്ള നയസമീപനം സ്വീകരിക്കണമെന്നും അദ്ദേഹം പറയുന്നു.
തെക്ക് കിഴക്കന്‍ രാഷ്ട്രങ്ങളുടെ സംഘടനയായ ആസിയാന് ഇവ്വിഷയത്തില്‍ ഏറെ ഇടപെടാന്‍ സാധിക്കമെന്ന് കരുതുന്നവരാണ് അധികവും. മ്യാന്‍മറില്‍ പൗരത്വംപോലും റോഹിംഗ്യകള്‍ക്ക് നിഷേധിക്കപ്പെട്ടിരുന്നു. ഇത് പുനസ്ഥാപിക്കാനുള്ള ശ്രമങ്ങളാണ്ആസിയാന്റെ ഭാഗത്ത് നിന്നുണ്ടാവേണ്ടത്.
റോഹിങ്ക്യന്‍ മുസ്‌ലിംകളോടുള്ള മ്യാന്‍മര്‍ സര്‍ക്കാരിന്റെ നയം തിരുത്തിയെഴുതാന്‍ സമ്മര്‍ദം ചെലുത്താന്‍ രോകരാജ്യങ്ങള്‍ വിശിഷ്യാ ഇതര അറബ് രാജ്യങ്ങള്‍ മടിച്ച് നില്‍ക്കുകയും നിയമങ്ങള്‍ സഹിക്കവയ്യാതെ നാട് വിടുന്ന അഭയാര്‍ത്ഥികളെ സ്വീകരിക്കാന്‍ തായ്‌ലന്‍ഡ്, ഇന്തോനേഷ്യ, മലേഷ്യ സര്‍ക്കാറുകള്‍ വിസമ്മതിക്കുകയും ചെയ്യുന്ന കാലത്തോളം ഒരു ജനസമൂഹം കടലില്‍ മുങ്ങിമരിച്ചില്ലാതാവുമെന്നത് സുനിശ്ചിതമാണ്.



Leave A Comment