അല്‍ ജാഹിള് : ജൈവ വൈവിധ്യത്തിലൂടെ സ്രഷ്ടാവിന്റെ അസ്തിത്വത്തെ സ്ഥാപിച്ച വിധം
അറബി കവിതാ സാഹിത്യത്തിലാണ് ഏറെ പ്രശസ്തമായതെങ്കിലും ലോകം കണ്ട ആദ്യത്തെ മികച്ച ജന്തുശാസ്ത്രജ്ഞനായിരുന്നു അല്‍ ജാഹിള് വിശേഷിപ്പിക്കപ്പെടുന്നത്. അദ്ദേഹത്തിന്റെ വിശ്രുത ഗ്രന്ഥമായ കിതാബുല്‍ ഹയവാന്‍ (ജീവികളുടെ പുസ്തകം) ജന്തു ശാസ്ത്രത്തിലെ എക്കാലത്തെയും മികച്ച ഗ്രന്ഥമായാണ് വിലയിരുത്തപ്പെടുന്നത്.
ജീവിതം
ഇറാഖിലെ ബസറയില്‍ 159/776 ലായിരുന്നു അല്‍ ജാഹിള് (അംറ് ബിന്‍ മഹ്ബൂബ് അല്‍ ജാഹിള്) ജനിച്ചത്. കടുത്ത ദാരിദ്ര്യത്തില്‍ ബാല്യം കഴിച്ച് കൂട്ടിയ അദ്ദേഹം ഉപജീവനത്തിനായി മത്സ്യവും റൊട്ടിയും വിറ്റ് നടന്നിരുന്നു. കോങ്കണ്ണുള്ള കറുത്തിരുണ്ട വരൂപ പ്രകൃതനായിരുന്നതിനാലാണ് കോങ്കണ്ണുള്ളവന്‍ എന്ന് അറബിയില്‍ അര്‍ഥം വരുന്ന അല്‍ ജാഹിള് എന്നദ്ദേഹം നാമകരണം ചെയ്യപ്പെട്ടത്. എങ്കിലും തന്റെ വൈരൂപ്യത്തെ വിജ്ഞാനത്തിന്റെ സൗന്ദര്യം കൊണ്ട് അദ്ദേഹത്തിന് മറച്ച് വെക്കാനായി.
അബ്ബാസി ഖലീഫ മഅ്മൂന്റെ കാലത്ത് ബഗ്ദാദിലെത്തിയ അദ്ദേഹം ശാസ്ത്ര പരീക്ഷണ, ഗവേഷണങ്ങള്‍ക്ക് മുന്‍ഖലീഫ അബൂ ജഅ്ഫര്‍ അല്‍ മന്‍സൂര്‍ സ്ഥാപിച്ച ബൈതുല്‍ ഹികമയില്‍ നിയമിതാനായി. ശിഷ്ടകാല ജീവതം വ്യത്യസ്ത ജീവികളെക്കുറിച്ചുള്ള പഠനനിരീക്ഷണങ്ങളില്‍ അദ്ദേഹം വ്യാപൃതനായി. തന്റെ അവസാന കാലത്ത് അദ്ദേഹം മാതൃദേശമായ ബസറയിലേക്ക് തിരിച്ച് പോയി. വാര്‍ധക്യസഹജ രോഗങ്ങള്‍ അലട്ടിയ അദ്ദേഹം വീട്ടിലെ ഗ്രന്ഥപ്പുരയില്‍ നിന്ന് പുസ്തകങ്ങള്‍ തലയില്‍ വീണാണ് 255/869 ല്‍ മരണപ്പെട്ടത്.
കിതാബുല്‍ ഹയവാന്‍
7 വാള്യങ്ങളിലായി മൃഗങ്ങള്‍, പക്ഷികള്‍, മത്സ്യങ്ങള്‍, ഉരഗങ്ങള്‍, പ്രാണികള്‍ തുടങ്ങി 350-ലധികം ജീവികളെ വിശദമായി പ്രതിപാദിക്കുന്ന ജാഹിളിന്റെ ഗ്രന്ഥമാണ് കിതാബുല്‍ ഹയവാന്‍. ജൈവവൈവിദ്യം ദൈവിക നിദര്‍ശനത്തിന്റെ ദൃഷ്ടാന്തങ്ങളാണെന്ന് പുസ്തകത്തില്‍ അദ്ദേഹം നിരീക്ഷിക്കന്നുണ്ട്. മറ്റൊരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ അദ്ദേഹം ജീവകളെക്കുറിച്ച് പഠനം നടത്തിയത് സൃഷ്ടാവിന്റെ അസ്ഥിത്വ സ്ഥാപിച്ചെടുക്കുകയെന്ന ലക്ഷ്യം മുന്നില്‍ കണ്ടാണ്.
ജീവകളിലെ പരിണാമം, കാലാവസ്ഥയും ചുറ്റുപാടുകളും ജീവികളില്‍ വരുത്തുന്ന സ്വാധീനങ്ങള്‍, അവയുടെ ദേശാടനങ്ങള്‍, മനഃശ്ശാസ്ത്രം, ഭാഷ എന്നിവയെക്കുറിച്ചും ഈ മാനദണ്ഡങ്ങളനുസരിച്ച് ജീവികളെ വിവിധ വിഭാഗമാക്കിത്തിരിക്കുന്നതിനെക്കുറിച്ചും അദ്ദേഹം തന്റെ പുസ്തകത്തില്‍ സവിസ്തരം പ്രതിപാദിക്കുന്നുണ്ട്. ഇവയില്‍ പലതും യൂറോപ്പില്‍ കണ്ടെത്തുന്നത് അടുത്ത കാലത്താണ്, ഇതാവട്ടെ ജാഹിളിന്റെ കണ്ട്പിടുത്തങ്ങള്‍ പുറത്ത് വന്നതിന്റെ ഒരു സഹസ്രാബ്ദത്തിന് ശേഷമാണ്. കാലവസ്ഥയും ആവാസ വ്യവസ്ഥയും ജീവികളില്‍ ഉണ്ടാക്കുന്ന സ്വാധീനവും മാറ്റവും ആദ്യമായി വിശദീകരിച്ചത് ജാഹിളാണെന്നതില്‍ ശാസ്ത്ര ലോകത്തിന് തര്‍ക്കമില്ല.
ഉറുമ്പുകളെക്കുറിച്ചുള്ള വിവരണമാണ് പുസ്തകത്തിലെ ശ്രദ്ധേയമായ ഭാഗങ്ങളിലൊന്ന്. അവയുടെ ഭാഷ, ഐക്യം, അദ്ധ്വാനം തുടങ്ങിയവ പ്രതിപാദിച്ചിടത്തെല്ലാം അദ്ദേഹത്തിന്റെ നിരീക്ഷണ ഗവേഷണങ്ങളുടെ ആഴം എളുപ്പം ഗ്രഹിക്കാനാവും
ലോകത്തെ സര്‍വ്വസൃഷ്ടി ജാലകങ്ങളെയും അദ്ദേഹം രണ്ടായി തരം തിരിക്കുന്നുണ്ട്. ജാമിദ് (അജൈവം), നാമി (ജൈവം) നാമിയെ അദ്ദേഹം രണ്ടായി വിഭജിക്കുന്നുണ്ട് : ജീവികളും സസ്യങ്ങളും ജീവികളെ അവയുടെ സഞ്ചാരത്തിനനുസൃതമായി വീണ്ടും നാലായി വിഭജിക്കുന്നുണ്ട്.
1- മാ യമ്ശി (നടക്കുന്നവയോ ഓടുന്നവയോ ആയ) ജീവികള്‍
2- മാ യഥീറു (പറവകള്‍)
3- മാ യസ്ബഹു (നീന്തുന്ന ജീവികള്‍)
4- മാ യന്‍സഉ (ഉരഗങ്ങള്‍)
ജന്തുശാസ്ത്ര മേഖലയിലാണ് അദ്ദേഹം പ്രശസ്തനായതെങ്കിലും സാമൂഹ്യ ശാസ്ത്രം, രാഷ്ട്രീയം, നരവംശ ശാസ്ത്രം, സാഹിത്യം എന്നീ മേഖലകളിലെല്ലാം സുവര്‍ണ നേട്ടങ്ങള്‍ അദ്ദേഹം കാഴ്ചവെച്ചിട്ടുണ്ട്. സര്‍വ്വ വിഷയങ്ങളിലുമായി 200-ലധികം പുസ്തകങ്ങള്‍ രചിച്ചതില്‍ 80 എണ്ണം മാത്രമേ ഇന്ന് ലഭ്യമായതുള്ളൂ.
Leave A Comment