ഇബ്‌നു റുശ്ദ്(എ.ഡി 1126-1198)
 width=വിഖ്യാത മുസ്‌ലിം ചിന്തകരിലൊരാളാണ് ഇബ്‌നു റുശ്ദ്.  അബുല്‍ വലീദ് മുഹമ്മദ് ബിന്‍ അഹ്മദ് ബിന്‍ മുഹമ്മദ് ബിന്‍ റുശ്ദ് എന്ന് പൂര്‍ണ്ണ നാമം. യവന ചിന്തകളെയും വിശിഷ്യ, അരിസ്റ്റോട്ടില്‍ അദ്ധ്യാപനങ്ങളെയും പരമ്പാഗത ഇസ്‌ലാമിക ചിന്തയെയും കൂട്ടിയിണക്കി സ്വന്തമായൊരു ചിന്താവേദി അദ്ദേഹത്തിനുണ്ടായിരുന്നു. പാശ്ചാത്യ ലോകത്ത് അവിറോസ് എന്ന പേരില്‍ പ്രസിദ്ധനായ ഈ അറബ്-സ്പാനിഷ് പണ്ഡിതന്‍ എ.ഡി 1126 ല്‍ സ്‌പെയ്‌നിലെ കൊറഡോബയില്‍ ജനിച്ചു. മുമ്പുമുതലേ തന്റെ പിതാമഹനും ശേഷം, പിതാവും ന്യായാധിപരായി സേവനം ചെയ്തിരുന്ന സ്ഥലമായിരുന്നു അത്. പിതാവില്‍നിന്നുതന്നെ ഇസ്‌ലാമിക നിയമശാസ്ത്രം പഠിച്ചു. അറബ് തത്ത്വജ്ഞാനി ഇബ്‌നു ഥുഫൈലി(1105-85)ല്‍നിന്നും ദൈവശാസ്ത്രം, തത്ത്വചിന്ത, ഗണിതം തുടങ്ങിയവ സ്വായത്തമാക്കി. അറബ് വൈദ്യന്‍ അവന്‍സോറില്‍നിന്നും വൈദ്യപരിജ്ഞാനവും നേടി. പരമ്പരാഗത മുസ്‌ലിം ജ്ഞാന സ്രോതസ്സുകളായ വിശുദ്ധ ഖുര്‍ആനിലും ഹദീസിലും അവഗാഹമുണ്ടായിരുന്നതുകൊണ്ടുതന്നെ ഇബ്‌നു റുശ്ദ് 1169 ല്‍ സെവില്ലയിലെ നിയമാധിപനായി നിയമിക്കപ്പെട്ടു. 1171 ല്‍ കൊറഡോബയിലെ മുഖ്യനിയമാധിപനെന്ന പദവിയിലേക്കും അദ്ദേഹം എത്തി. 1182 ല്‍ അറബ് തത്ത്വജ്ഞാനി ഇബ്‌നു ഥുഫൈല്‍ മരിച്ചതോടെ മൊറോക്കോയിലെ അല്‍മൊഹദ് ഭരണാധികാരി യാഖൂബ് യൂസുഫിന്റെ കൊട്ടാര വൈദ്യനായും ശേഷം, 1184 ല്‍ അദ്ദേഹത്തിന്റെ മകന്‍ അബൂ യൂസുഫ് യാഖൂബിന്റെ കൊട്ടാര വൈദ്യനായും അദ്ദേഹം സേവനം ചെയ്തു. 1169 ല്‍ ഇബ്‌നു ഥുഫൈലാണ് അവിറോസിനെ ആദ്യമായി ഖലീഫ അബൂ യാഖൂബിന് പരിചയപ്പെടുത്തിയത്. അദ്ദേഹവും ഒരു തികഞ്ഞ തത്ത്വചിന്താപ്രേമിയായിരുന്നു. ആകാശലോകങ്ങള്‍ സൃഷ്ടിക്കപ്പെട്ടതാണോ, അല്ലേ തുടങ്ങിയ ചോദ്യങ്ങളുമായി അദ്ദേഹം പലപ്പോഴും ഇബ്‌നു റുശ്ദിനെ കുഴക്കിയിരുന്നു. അദ്ദേഹം പരാചയപ്പെടുമ്പോള്‍ ഖലീഫ തന്നെ അതിന് മറുപടി പറയും. അങ്ങനെ പലവിധ ചര്‍ച്ചകളും അവര്‍ക്കിടയില്‍ നടക്കുമായിരുന്നു. തിരിച്ചുപോരുമ്പോള്‍ അവിറോസിന് വലിയ സമ്മാനങ്ങളും ലഭിച്ചിരുന്നു. അരിസ്റ്റോട്ടിലിനെ പുനരവതരിപ്പിക്കുന്നു ഈ സംഗമങ്ങള്‍ പിന്നീടൊരിക്കലും ഇല്ലാത്തവിധം അവിറോസിനെ ആഴത്തില്‍ സ്വാധീനിച്ചു. അതിനിടെ, അരിസ്റ്റോട്ടില്‍ ചിന്തകളുടെ യഥാര്‍ത്ഥ വ്യാഖ്യാനം എഴുതിത്തരാന്‍ ഖലീഫ അദ്ദേഹത്തോട് ആവശ്യപ്പെട്ടു. ഒരു ന്യായാധിപന്‍ എന്ന നിലക്ക് കൃത്യന്തരബാഹുല്യങ്ങള്‍ക്കിടയിലും അദ്ദേഹമതിന് സമയം കണ്ടെത്തി.  1169 നും 1195 നുമിടയിലായിരുന്നു അത്. താമസിയാതെ, അരിസ്റ്റോട്ടിലിന്റെ അനവധി കൃതികള്‍ക്ക് വ്യഖ്യാനങ്ങള്‍ തയ്യാറാക്കപ്പെട്ടു. Organon, Rhetorica, Poetica, De Anima, De Partibus  Animalium, Physica,  Metaphysica, Parva Naturalia, Metorologica, Nicomachean Ethics തുടങ്ങിയവ അതില്‍ ചിലതു മാത്രം. അതിബൃഹത്തായ ഈ വ്യഖ്യാനങ്ങള്‍ ക്രൈസ്തവ-ജൂത പണ്ഡിതന്മാരെ സ്വാധീനിക്കുകയുണ്ടായി. അവരിതിന്റെ ലാറ്റിന്‍, ഹിബ്രു പരിഭാഷകള്‍ പുറത്തുകൊണ്ടുവന്നു. നൂറ്റാണ്ടുകളായി മങ്ങിക്കൊണ്ടിരുന്ന അരിസ്റ്റോട്ടിലിയന്‍ രചനകളുടെ പ്രഭാവം ഇതോടെ ഒന്നുകൂടി പുനരവതരിപ്പിക്കപ്പെടുകയായിരുന്നു. പ്രകൃതി ശാസ്ത്രങ്ങളെക്കുറിച്ച അരിസ്റ്റോട്ടില്‍നിബന്ധങ്ങള്‍ക്ക് ഇബ്‌നു റുശ്ദ് തയ്യാറാക്കിയ വ്യാഖ്യാനങ്ങള്‍ അദ്ദേഹത്തിന്റെ ഉല്‍ഗ്രഥന ശേഷിയും വീക്ഷണ രൂക്ഷതയും വ്യക്തമാക്കിത്തരുന്നു. അവിറോസിന്റെ സരളമായ അവതരണത്തിലൂടെ ജനങ്ങള്‍ക്ക് ഗ്രീക്കിന്റെ മഹാനായ തത്ത്വചിന്തകനെ എളുപ്പത്തില്‍ വായിച്ചെടുക്കാവുന്നതാണ്. കുല്ലിയ്യാത്ത് (ജനറല്‍ മെഡിസിന്‍) ആണ് ഇബ്‌നു റുശ്ദിന്റെ പ്രഥമ രചന. 1162 നും 1169 നുമിടയിലാണ് ഇത് വിരചിതമായത്. 1179-1180 കാലയളവില്‍ മത-തത്ത്വജ്ഞാന-താര്‍ക്കിക വിഷയങ്ങളെ പുരസ്‌കരിച്ച് മൂന്നോളം കൃതികള്‍ അദ്ദേഹം എഴുതിയിട്ടുണ്ട്. ഫസ്ല്‍ (The Decisive Treatis on the Agreement Between Religious Law and Philosophy), മനാഹിജ്(Appendix: Examination of the Methods of Proof Concerning the Doctrines of Religion), തഹാഫുതുത്തഹാഫുത്(The Incoherence of the Incoherence) എന്നിവയാണവ. തത്ത്വചിന്തയെ ശക്തമായി ന്യായീകരിക്കുന്ന കൃതിയാണ് തഹാഫുത്തു ത്തഹാഫുത്ത്. ഇതിലദ്ദേഹം നിയോപ്ലാറ്റോണിക് സിദ്ധാന്തങ്ങള്‍ക്കും അരിസ്റ്റോട്ടിലിയന്‍ ഫിലോസഫിക്കുമെതിരെ തിരിഞ്ഞ ദൈവശാസ്ത്ര വിശാരദനും ഇസ്‌ലാമിക ചിന്തകനുമായ ഇമാം ഗസ്സാലിയെ ശക്തമായി  വിമര്‍ശിക്കുന്നു. അബദ്ധ ജടില വാദങ്ങളാണ് അദ്ദേഹത്തിന്റെതെന്ന് ആരോപിക്കുകയും ചെയ്യുന്നു. തന്റെ ആദ്യത്തെ രണ്ടു രചനകളില്‍,  ചില തെളിവുകളുമായിരിക്കുന്ന അതീന്ദ്രിയ ജ്ഞാനികള്‍ മാത്രമേ, മതത്തിന്റെ ശരീഅത്ത് നിയമങ്ങള്‍ വ്യാഖ്യാനിക്കാന്‍ പാടുള്ളുവെന്ന് ഇബ്‌നു റുശ്ദ് അവകാശപ്പെടുന്നു. എന്നാല്‍, യുക്തിയുപയോഗിക്കുന്ന ദൈവശാസ്ത്രജ്ഞന്മാരെ (മുതകല്ലിമൂന്‍) സംബന്ധിച്ചിടത്തോളം അവര്‍ക്കിതിനുള്ള അവകാശമില്ല. കാരണം, യുക്തിയുടെ അടിസ്ഥാനത്തിലാണ് അവര്‍ കാര്യങ്ങളെ വിലയിരുത്തുന്നത്. അദ്ദേഹം പറയുന്നു: എന്നാല്‍, ഫിലോസഫികൊണ്ടുള്ള യഥാര്‍ത്ഥ ലക്ഷ്യമെന്നത്, സത്യം പുറത്തുകൊണ്ടുവരലും മതവിശ്വാസത്തിന്റെ ആന്തരികാര്‍ത്ഥങ്ങളെ വെളിയില്‍ പ്രകടിപ്പിക്കലുമാണ്. അതുകൊണ്ടുതന്നെ, ഇത് മനുഷ്യചിന്തയെ സ്വാധീനിക്കാത്ത കാലത്തോളം അവര്‍ക്ക് പരമ സത്യത്തെ മനസ്സിലാക്കാന്‍ സാധിക്കുന്നതല്ല. മുമ്പ് ഫാറാബിയും പ്ലാറ്റോയും കണ്ടിരുന്നപോലെ തത്ത്വജ്ഞാനികളെമാത്രം ഉന്നതരായി മനസ്സിലാക്കുന്ന ഒരു ലോകത്തെ ഇബ്‌നു റുശ്ദും ഭാവനയില്‍ കണ്ടിരുന്നു. പക്ഷെ, പ്ലാറ്റോയുടെ സാങ്കല്‍രപികലോകത്തിന് വിരുദ്ധമായി, ഇസ്‌ലാമിക മാതൃകാരാജ്യം ഏവര്‍ക്കും സന്തോഷം നല്‍കുന്നതാണെന്ന് തിരിച്ചറിഞ്ഞപ്പോള്‍ യവനസങ്കല്‍പത്തെക്കാള്‍ അദ്ദേഹം അതിന് പ്രാമുഖ്യം നല്‍കുകയായിരുന്നു. എങ്കിലും, പ്ലാറ്റോ തന്റെ റിപബ്ലിക്കില്‍ സ്ത്രീക്ക് നല്‍കുന്ന സ്വാതന്ത്യം ഇസ്‌ലാമില്‍ അദ്ദേഹത്തിന് കാണാന്‍ കഴിഞ്ഞില്ല. ഇതില്‍ അദ്ദേഹം ദു:ഖിതനായിരുന്നു. മാത്രമല്ല, സ്ത്രീയെ സന്താനോല്‍പാദനത്തിനും പോറ്റിവളര്‍ത്താനും  മാത്രം പരിഗണിക്കുന്നത്, രാഷ്ട്രത്തിന്റെ പുരോഗതിക്ക് ഒരിക്കലും നിരക്കുന്നതല്ലായെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു- തീര്‍ച്ചയായും  ഇക്കാലത്തെ ധീരോദാത്തമായ ഒരു നിലപാടായിരുന്നു ഇത്. ഇസ്‌ലാമിനെയും തത്ത്വജ്ഞാനത്തെയും ശരിക്കും മനസ്സിലാക്കിയാല്‍ അവക്കിടയില്‍ യാതൊരു വിയോജിപ്പും അനുഭവപ്പെടുകയില്ലായെന്ന് അവിറോസ് പറയുന്നു. ഒരു സാധാരണക്കാരന്‍ ഖുര്‍ആനിലൂടെയും ഹദീസിലൂടെയുമാണ് പരമ സത്യത്തെ  അടുത്തറിയുന്നത്. അതിന് അവനൊരിക്കലും തത്ത്വജ്ഞാനിയെ കാണുന്നില്ല. നോര്‍ത്താഫ്രിക്കയിലെയും മുസ്‌ലിംസ്‌പെയ്‌നിലെയും സാഹചര്യങ്ങള്‍ ഒരിക്കലും തത്ത്വചിന്തക്ക് അനുകൂലമയിരുന്നില്ല. കാരണം, തത്ത്വചിന്തയെ ഇസ്‌ലാമിക വിരുദ്ധമായും തത്ത്വജ്ഞാനികളെ സംശയദൃഷ്ടിയോടുമാണ് വീക്ഷിക്കപ്പെട്ടിരുന്നത്. 1195 ല്‍ ഇബ്‌നു റുശ്ദിന് ഖലീഫ അബു യൂസുഫില്‍നിന്നും അകലേണ്ടിവന്നു. ക്രിസ്ത്യന്‍ സ്‌പെയ്‌നിനെതിരെ യുദ്ധങ്ങള്‍ നടന്നുകൊണ്ടിരുന്ന കാലമായിരുന്നു അത്. ഇബ്‌നു  റുശ്ദ്  സ്ഥാന ഭ്രഷ്ടനാക്കപ്പെടുകയും ലൂസിനയിലേക്ക് നാട് കടത്തപ്പെടുകയും ചെയ്തു. യുദ്ധവേളയില്‍ പൊതുജനത്തിന്റെ സപ്പോര്‍ട്ട് ഉറപ്പുവരുത്താനും ദൈവശാസ്ത്ര വിശാരദന്മാരെ പ്രീതിപ്പെടുത്താനുമായിരുന്നു ഖലീഫ ഇങ്ങനെ ചെയ്തിരുന്നത്. ഇക്കാലയളവില്‍ തര്‍ക്കശാസ്ത്രപരവും അതീന്ദ്രിയ ജ്ഞാനപരവുമായ ഇബ്‌നു റുശ്ദിന്റെ അനവധി രചനകള്‍ അഗ്നിക്കിരയാക്കപ്പെടുകയുണ്ടായി. ഇബ്‌നു റുശ്ദിന്റെ നാടുകടത്തല്‍ വളരെ ചുരുങ്ങിയ കാലത്തേക്കു മാത്രമായിരുന്നു. ഉടനെത്തന്നെ ഖലീഫ അദ്ദേഹത്തെ തിരിച്ചുവിളിച്ചു. ഒരു താല്‍ക്കാലിക അകല്‍ച്ച സംഭവിച്ചുവെങ്കിലും,   ഖലീഫയുടെ പിന്‍ബലമില്ലാതെ തന്റെ തത്ത്വചിന്താപരമായ സമീപനങ്ങള്‍ മുന്നോട്ടുപോകില്ലായെന്ന് ഇബ്‌നു റുശ്ദിന് അറിയാമായിരുന്നു. ഇതംഗീകരിച്ച അദ്ദേഹം ഒരു നന്ദിപ്രകടനമെന്നോണം  പ്ലാറ്റോയുടെ റിപ്പബ്ലിക്കിനെഴുതിയ തന്റെ വ്യാഖ്യാന കൃതി ഖലീഫയുടെ പേരില്‍ സമര്‍പ്പിക്കുകയായിരുന്നു. ദ്വിസത്യങ്ങള്‍ ഇബ്‌നു റുശ്ദിന്റെ കൃതികള്‍ മതപരം, തത്ത്വചിന്താപരം എന്നിങ്ങനെ ദ്വിസത്യങ്ങളെ മുന്നോട്ടുവെക്കുന്നുവെന്ന് പില്‍ക്കാലത്ത് ക്രിസ്ത്യന്‍ ചിന്തകന്മാര്‍ വ്യഖ്യാനിക്കുകയുണ്ടായ. പക്ഷെ, അദ്ദേഹം അങ്ങനെ ചെയ്തിരുന്നില്ല. ലാറ്റിന്‍ അവിറോയിസ്റ്റുകള്‍       അദ്ദേഹത്തിന്റെ പേരില്‍ 'ദ്വിസത്യങ്ങള്‍' എന്ന പുതിയൊരു ഫോര്‍ മുല രൂപീകരിക്കുകയായിരുന്നു. ഒരേയൊരു സത്യത്തെ മാത്രമാണ് അവിറോസ് അംഗീകരിച്ചിരുന്നത് എന്നാണ് അദ്ദേഹത്തിന്റെ കൃതികളില്‍നിന്ന് വ്യക്തമാകുന്നത്. മതപരമായ സത്യമാണത്. തത്ത്വജ്ഞാനികള്‍ പുല്‍കാനായി നിരന്തരം തേടിക്കൊണ്ടിരിക്കുന്ന പാതയെന്ന് അദ്ദേഹം വിശേഷിപ്പിക്കുന്നതും ഇതേ പാതയാണ്. പ്രതിഫലം, ശിക്ഷ, പരലോകം തുടങ്ങിയവയെക്കുറിച്ച മതാദ്ധ്യാപനങ്ങളെ ഏതൊരാളും ഉള്‍കൊള്ളുന്നുവെന്ന് അദ്ദേഹം പറയുന്നു. ചരിത്രത്തിന്റെ ഏതോ ഒരു സന്ധിയില്‍ സൃഷ്ടിക്കപ്പെട്ടതാണ് പ്രപഞ്ചം എന്ന സങ്കല്‍പത്തെ നിശിതമായി വിമര്‍ശിച്ച അദ്ദേഹം അതിനൊരു തുടക്കമില്ലായെന്ന വാദക്കാരനായിരുന്നു.  ദൈവമാണ് മുഖ്യചാലക ശക്തിയെന്ന് അദ്ദേഹം ഉറപ്പിച്ചുപറഞ്ഞു. ശക്തിയെ പ്രവൃത്തിയാക്കി പരിവര്‍ത്തിപ്പിക്കുന്നത് അവനാണ്. മനുഷ്യത്മാവ് പ്രാപഞ്ചിക ആത്മാവിന്റെ കേവലം ഉറവയല്ലാതെ മറ്റൊന്നുമല്ല... അദ്ദേഹം പറയുന്നു. ഖലീഫ തിരിച്ചുവിളിച്ച ശേഷം മറാക്കുശിലേക്ക് തിരിച്ച  ഇബ്‌നു റുശ്ദ്, തന്റെ അവസാന കാലങ്ങള്‍ അവിടെയാണ് കഴിച്ചുകൂട്ടിയത്. 1198 ല്‍ അവിടെ വെച്ചുതന്നെ മരണപ്പെടുകയും ചെയ്തു. അവിടെത്തന്നെ മറമാടപ്പെട്ട അദ്ദേഹത്തിന്റെ ഭൗതിക ശരീരം പിന്നീട് കൊറഡോബയിലെ തങ്ങളുടെ ഫാമിലി റ്റോമ്പിലേക്ക് മാറ്റപ്പെടുകയായിരുന്നു. ആദ്ധ്യാത്മ വിദ്യയിലെ രചനകള്‍ക്കുപുറമെ വൈദ്യം, ഗോളശാസ്ത്രം, നിയമം, വ്യാഗരണം തുടങ്ങിയവയിലും ഈ മുസ്‌ലിം തത്ത്വചിന്തകന്‍ ഗ്രന്ഥരചന നടത്തിയിട്ടുണ്ട്. 13 -ാം നൂറ്റാണ്ടില്‍ പാരീസില്‍ 'അവിറോയിസം' പഠിപ്പിക്കപ്പെട്ടത് ഇദ്ദേഹത്തിന്റെ സ്വാധീനത്തെയാണ് വിളിച്ചറിയിക്കുന്നത്. മതത്തില്‍നിന്നും തത്ത്വചിന്താപരമായ സത്യങ്ങളെ    വ്യതിരിക്തമായി സ്വീകരിച്ച് അവതരിപ്പിച്ച അവിറോയിസ്റ്റുകളായിരുന്നു ഇതിനുപിന്നില്‍ പ്രവര്‍ത്തിച്ചിരുന്നത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter