ഇമാം അഹ്മദ് ഗസാലി (റ): ജീവിതവും സംഭാവനകളും
ലോകപ്രശസ്തനായ ഇമാം ഗസാലിയെ പോലെതന്നെ, സൂഫിസത്തിനും ഇസലാമിക വൈജ്ഞാനിക വിപ്ലവങ്ങൾക്കും ശ്രദ്ധേയമായ സംഭാവനകൾ നൽകിയ തത്ത്വചിന്തകനും ദൈവശാസ്ത്രജ്ഞനുമായിരുന്നു, അദ്ദേഹത്തിന്റെ സഹോദരന്‍ ഇമാം അഹ്മദ് ഗസാലിയും. മതപരമായ ആചാരങ്ങളെ ആന്തരിക ആത്മീയ വളർച്ചയുമായി സംയോജിപ്പിക്കുക, ദൈവവുമായുള്ള അടുപ്പം കൈവരിക്കുന്നതിൽ സൂഫിസത്തിന്റെ പരിവർത്തന ശക്തി എടുത്തുകാണിക്കുക എന്നീ തലങ്ങളിലായിരുന്നു അദ്ദേഹത്തിന്റെ പാണ്ഡിത്യം.
ആദ്യകാല ജീവിതവും വിദ്യാഭ്യാസവും
വടക്കുകിഴക്കൻ ഇറാനിലെ തൂസിൽ ഒരു പണ്ഡിത കുടുംബത്തിലാണ് അഹമ്മദ് ഗസാലി ജനിച്ചത്. അബുല്‍ഫത്ഹ് മജ്ദുദ്ദീൻ അഹമ്മദ് ഇബ്‌നു മുഹമ്മദ് അൽതൂസി അൽഗസാലി എന്നാണ് പൂർണ നാമം. പ്രശസ്തനായ അബൂഹാമിദ് മുഹമ്മദ് അല്‍ഗസാലി(റ) യുടെ ഇളയ സഹോദരനാണ്. തുടക്കത്തിൽ പരമ്പരാഗത ഇസ്‌ലാമിക ശാസ്ത്രങ്ങളിൽ, പ്രധാനമായും ശാഫി കർമ്മശാസ്ത്ര മേഖലയിലാണ് അദ്ദേഹം വിദ്യാഭ്യാസം നേടിയത്. അദ്ദേഹത്തിന്റെ വൈജ്ഞാനിക യാത്ര താമസിയാതെ അദ്ദേഹത്തെ സൂഫിസത്തിലെത്തിക്കുകയായിരുന്നു.
അഹമ്മദ് ഗസാലി നൈസാപൂരിലെ പ്രമുഖ സൂഫിവര്യനായ അബുബക്കർ അന്നസ്സാജ് (മരണം 1094) എന്നിവരുടെ ശിഷ്യനായിരുന്നു. കൂടാതെ ക്രിസ്താബ്ദം 1084ൽ വഫാത്തായ അബൂഅലി അൽഫർമദി എന്ന ആത്മീയഗുരുവിന്റെ കീഴിലും അദ്ദേഹം സൂഫിസത്തിന്റെ ആന്തരസാരഗർഭമായ ഉപദേശങ്ങളിൽ സമർപ്പിതനായി. അവരുടെ മാർഗനിർദേശപ്രകാരമാണ്, അദ്ദേഹം സൂഫിസത്തിന്റെ നിഗൂഢ തലങ്ങളിലേക്ക് ആഴ്ന്നിറങ്ങുന്നത്. ഇതിലൂടെ അദ്ദേഹം തന്റെ കാലഘട്ടത്തിലെ സൂഫി സഞ്ചയങ്ങളിൽ പ്രശസ്തനായി.
ആത്മീയ യാത്ര
അഹ്മദ് ഗസാലി തന്റെ സഹോദരനായ അബൂഹാമിദ് ഗസാലിയുടെ പാത പിന്തുടർന്ന് ബഗ്ദാദിലെ നിസാമിയ മദ്രസയിൽ അദ്ധ്യാപകനായി സേവനമനുഷ്ഠിച്ചു. സഹോദരൻ ആ സ്ഥാനം ഒഴിഞ്ഞപ്പോൾ, അഹ്മദ് ആ സ്ഥാനത്ത് തുടരുകയും ചെയ്തു. മദ്രസയിൽ സേവനമനുഷ്ഠിച്ച സമയത്ത് തന്നെ അദ്ദേഹത്തിന്റെ പ്രഭാഷണങ്ങളും നസ്വീഹത്തുക്കളും ജനങ്ങൾക്കിടയിൽ സ്വീകാര്യമായിരുന്നു. സഹോദരനായ അബൂഹാമിദ് അൽഗസാലി ദൈവശാസ്ത്രം, തത്ത്വചിന്ത, നിയമശാസ്ത്രം തുടങ്ങിയ വിഷയങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചപ്പോൾ, അഹ്മദ് അൽഗസാലി സൂഫിസത്തിലെ സ്നേഹവും ആത്മീയതയുമായി ബന്ധപ്പെട്ട കാര്യങ്ങളെ ഊന്നിപ്പറഞ്ഞ് തന്റെ പ്രഭാഷണങ്ങളിലും രചനകളിലുമായിരുന്നു ശ്രദ്ധ കേന്ദ്രീകരിച്ചത്.
പ്രധാന കൃതികളും ആശയങ്ങളും
അഹ്മദ് ഗസാലിയുടെ പ്രധാന സംഭാവനകൾ ആദ്ധ്യാത്മികതയുടെ മേഖലയിലാണ്. അദ്ദേഹത്തിന്റെ രചനകളിൽ ദൈവിക അസ്തിത്വത്തിന്റെയും ആത്മീയതയുടെയും കേന്ദ്രശക്തിയായി സ്നേഹമെന്ന ആശയത്തെ ഊന്നിപ്പറയുന്നുണ്ട്. പ്രണയ സങ്കൽപ്പത്തിൽ കേന്ദ്രീകരിച്ചുള്ള അഹമ്മദ് ഗസാലിയുടെ തത്ത്വചിന്ത പേർഷ്യൻ സാഹിത്യത്തിൽ പ്രത്യേകിച്ച് പ്രണയത്തെ ആഘോഷിക്കുന്ന കവിതകളിൽ, ഗണ്യമായ സ്വാധീനം ചെലുത്തിയിട്ടുണ്ട്. അബൂഹമീദ് മുഹമ്മദ് അത്താർ നൈസാപൂരി, സഅദി ശീറാസി, ഫഖറുദ്ധീൻ ഇറാഖി, ഖാജ ശംസുദ്ധീൻ മുഹമ്മദ് ഹാഫിസ് ശീറാസി എന്നിവരുൾപ്പെടെ നിരവധി പിൽക്കാല സൂഫീ കവികളെ അദ്ദേഹത്തിന്റെ ആശയങ്ങൾ സ്വാധീനിച്ചിട്ടുണ്ട്. അവരുടെ കൃതികളിൽ സാധാരണയായി കാണപ്പെടുന്ന പ്രമേയങ്ങൾ പലപ്പോഴും അഹമ്മദ് ഗസാലിയുടെ സവാനിഹ് പോലോത്ത രചനകളോട് സാദൃശ്യമുള്ളതായി കണ്ടെത്താൻ കഴിയും. കവിയും സൂഫിയുമായ മൻസൂർ അൽഹല്ലാജിന്റെ ദൈവിക സ്‌നേഹത്തെക്കുറിച്ചുള്ള ചിന്തകൾ അഹമ്മദ് ഗസാലിയുടെ തത്ത്വചിന്തയെ രൂപപ്പെടുത്തുന്നതിൽ നിർണ്ണായകമായിരുന്നു. ലോകത്തിലെ ഏത് തരത്തിലുള്ള സൗന്ദര്യത്തോടുമുള്ള സ്നേഹം ആത്യന്തികമായി അല്ലാഹുവിന്റെ ദിവ്യ സ്നേഹത്തിന്റെ പ്രതിഫലനമാണെന്ന് അദ്ദേഹം വിശ്വസിച്ചു. ഹല്ലാജിയൻ ചിന്തയും നിയോപ്ലാറ്റോണിക് തത്വങ്ങളും സ്വാധീനിച്ച ഒരു കാഴ്ചപ്പാടാണിത് എന്ന് പറയാം.
അദ്ദേഹത്തിന്റെ ഏറ്റവും പ്രശസ്തമായ കൃതികളിൽ ഒന്നാണ് "സവാനിഹ്". പേർഷ്യൻ സാഹിത്യത്തിന്റെ അടിത്തറയായി മാറിയ ഒരു ഗ്രന്ഥമാണിത്. ഈ കൃതിയിൽ, മാനുഷികവും ദിവ്യവുമായ പ്രണയത്തിന്റെ അതിരുകൾക്കപ്പുറത്തെ മനഃശാസ്ത്രത്തിലേക്ക് ആഴ്ന്നിറങ്ങുകയും ചെയ്യുന്ന 'ദി കംപ്ലീറ്റ് ലവ്' എന്ന ആശയം അഹ്മദ് ഗസാലി പര്യവേക്ഷണം ചെയ്യുന്നുണ്ട്. സ്നേഹത്തിന്റെ മാനസികതയെ ആഴത്തിൽ പരിശോധിക്കുന്നതിൽ ഈ ഗ്രന്ഥം ശ്രദ്ധേയമാണ്. കവിതയും തത്ത്വചിന്തയും ഒന്നാകുന്ന ഈ കൃതി പ്രേമത്തിന്റെയും ആത്മീയതയുടെയും അപൂർവ്വസൃഷ്ടിയാണെന്ന് പറയാം.
അഹ്മദ് ഗസാലി മറ്റു നിരവധി പ്രധാന ഗ്രന്ഥങ്ങളും രചിച്ചിട്ടുണ്ട്.
• "അൽദഖീറ ഫീ ഇൽമിൽ ബസ്വീറ" «الذخيرة في علم البصيرة»: ആന്തരിക ദർശനത്തിന്റെയും ആത്മീയ ഉൾക്കാഴ്ചയുടെയും ശാസ്ത്രത്തെക്കുറിച്ചുള്ള ഒരു ഗ്രന്ഥം.
• "ലുബാബുൽ ഇഹ്യാ' " «لباب الإحياء»: തന്റെ സഹോദരന്റെ പ്രശസ്തമായ കൃതിയായ ഇഹ്‍യാ ഉലൂമിദ്ദീന്റെ സംഗ്രഹം.
• "ബവാരിഖുൽ ഇൽമാഅ് ഫീ റദ്ദി മൻ യുഹർരിമു അൽസമാഅ്"«بوارق الإلماع في الرد على من يحرِّم السماع» ഹിജ്റ 1317-ൽ ഇന്ത്യയിൽ ഈ കൃതി അച്ചടിച്ചിട്ടുണ്ട്.
• "ബഹ്‌റുൽ മഹബ്ബ ഫീ അസ്റാറിൽ മവദ്ദ ഫീ തഫ്സീറി സൂറതി യൂസുഫ്" «بحر المحبة في أسرار المودة في تفسير سورة يوسف». പ്രവാചകൻ യൂസഫ് (അ) ചരിത്രത്തിനു പിന്നിലെ ആഴമേറിയ നിഗൂഢ അർത്ഥങ്ങൾ എടുത്തുകാണിക്കുന്ന ഖുർആൻ അധ്യായത്തെക്കുറിച്ചുള്ള ഒരു വ്യാഖ്യാനം.
• "അൽതജ്‌രീദ് ഫി കലിമത്തുത്തൗഹീദ്" «التجريد في كلمة التوحيد» : ദൈവത്തിന്റെ ഏകത്വത്തെയും അതിന്റെ ആത്മീയ അർത്ഥത്തെയും പര്യവേക്ഷണം ചെയ്യുന്ന ഒരു കൃതി. ഇസ്‌ലാമിന്റെ അടിസ്ഥാനമായ "ലാ ഇലാഹ ഇല്ലല്ലാഹ്" എന്നതിന്റെ ദൈവശാസ്ത്രപരവും നിഗൂഢവുമായ വ്യാഖ്യാനമാണിത്. ഇത് അശ്അരി മദ്ഹബിലെ അദ്ദേഹത്തിന്റെ കൃതിയാണ്.
• "മദ്ഖലുസ്സുലൂക് ഇലാ മനാസിലിൽ മുലൂക് «مدخل السلوك إلى منازل الملوك»
• "ലതാഇഫുൽ ഫിക്ർ വാജവാമിഉദ്ദുറർ " «لطائف الفكر وجوامع الدرر»
സൂഫി വൃത്തത്തിനപ്പുറത്തും അഹ്മദ് ഗസാലിയുടെ സ്വാധീനം വ്യാപകമായിരുന്നു. പിൽക്കാല നൂറ്റാണ്ടുകളിൽ, പ്രത്യേകിച്ച് പേർഷ്യൻ ചരിത്രത്തിൽ അദ്ദേഹത്തെ ഷെയ്ഖ് അൽശുയൂഖ് ആയി കണക്കാക്കുന്നു. എല്ലാ സൃഷ്ടികളുടെയും പിന്നിലെ പ്രേരകശക്തിയായി സ്നേഹത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ആശയം ആത്മീയ ഉയർച്ചയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ നിരീക്ഷണങ്ങളും പിൽക്കാല സൂഫി ചിന്തകരിൽ ആഴത്തിൽ പ്രതിധ്വനിച്ചു. പ്രശസ്ത പേർഷ്യൻ കവിയും സൂഫിവര്യനുമായ ജലാലുദ്ധീൻ റൂമി പോലും അദ്ദേഹത്തെ കുറിച്ച് പരാമർശിച്ചിട്ടുണ്ട്. സെൽജുക് കാലഘട്ടത്തിൽ സൂഫി സമ്പ്രദായങ്ങളുടെ വ്യാപനത്തിൽ കർമ്മശാസ്ത്രത്തെയും സൂഫിസത്തെയും ലയിപ്പിച്ച അദ്ദേഹത്തിന്റെ സിദ്ധാന്തങ്ങൾ ഏറെ സ്വാധീനം ചെലുത്തി.
അഹ്മദ് ഗസാലി ഇസ്‌ലാമിക ലോകത്തെ വിവിധ നഗരങ്ങളിലൂടെ സഞ്ചരിച്ചു, പ്രത്യേകിച്ച് നൈസാപൂർ, ഇറാനിലെ മറാഗെ, ഇസ്ഫഹാൻ, ഹമദാൻ തുടങ്ങിയ വൈജ്ഞാനിക നഗരങ്ങൾ സന്ദർശിച്ചു. ഐനുൽ ഖുളാത് ഹമദാനി, അദിയ്യ് ബിൻ മുസാഫിർ, അബുന്നജീബ് അബ്ദുൽഖദീർ സുഹ്റവർദി തുടങ്ങിയവർ അദ്ദേഹത്തിന്റെ ശിഷ്യരില്‍ പ്രമുഖരാണ്.
ക്രി. വര്‍ഷം 1126 ഖസ്‌വിനിൽ വച്ച് ആണ് അദ്ദേഹം വഫാത്തായത്.
ഒടമല ഷെയ്ഖ് ഫരീദ് ഔലിയ ദഅവാ കോളേജ്, ഡിഗ്രി രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയാണ് ലേഖകന്‍
Leave A Comment