അബൂബക്ര്‍ നിസാമി: സമുദായത്തിനുവേണ്ടി ഉരുകിത്തീര്‍ന്ന ജീവിതം
'നാം ചെറുതെന്ന് വിചാരിക്കുന്ന കാര്യങ്ങള്‍ മറ്റുള്ളവര്‍ക്ക് വലുതായിരിക്കാം. അതുകൊണ്ട് കാര്യങ്ങള്‍ എത്രചെറുതായാലും പരിഗണിക്കാതിരിക്കരുത്.' അതിസാഹസികത്വ പൂര്‍ണമായ പ്രവര്‍ത്തന പാടവവും, മനക്കരുത്തും സമഞ്ചസമായി സമ്മേളിച്ച അപൂര്‍വ്വം ചിലവ്യക്തിത്തങ്ങളിലൊരാളായിരുന്നു നിസാമി ഉസ്താദ്. സംഘടനാരംഗത്ത്, അക്ഷര ലോകത്ത്, പ്രഭാഷണഗോഥയില്‍, നേതൃരംഗത്ത് എന്നുവേണ്ട പ്രതിഭാധനതയുടെ നിഖില മേഖലകളിലും അദ്ദേഹം വ്യക്തിമുദ്രപതിപ്പിച്ചു . കൈവച്ച മേഖലകളിലെല്ലാം കനകംവിളയിച്ച നിസാമി കേരളം പെറ്റ്‌പോറ്റിയ പ്രതിഭാധനരായ പണ്ഡിതന്‍മാരില്‍ മുന്‍നിരക്കാരനായിരുന്നു. അവിഭക്ത കോഴിക്കോട് ജില്ലയിലെ കടലുണ്ടിക്കടുത്ത ഉള്‍നാടന്‍ ഗ്രാമങ്ങളിലൊന്നിനാണ് ഉസ്താദിന്റെ ജന്മഗേഹമൊരുക്കാനുള്ള ഭാഗ്യം ലഭിച്ചത്. ഏറ്റെടുത്ത ഉത്തരവാദിത്തങ്ങള്‍ യഥാവിധി നിര്‍വഹിക്കാന്‍ അനുവദിനീയമായ ഏത് മാര്‍ഗം അവലംഭിക്കാനും ഹാജി അബൂബക്കര്‍ നിസാമിയെന്ന നിസാമി ഉസ്താദ് ഒരുക്കമായിരുന്നു.
താന്‍ നിര്‍വഹിക്കേണ്ട കാര്യങ്ങളില്‍ അസൂയാര്‍ഹമാം വിധം കണിശതയും കൃത്യതയും സൂക്ഷമതയും അദ്ദേഹം പുലര്‍ത്തി. പ്രവര്‍ത്തിക്കുന്നത് മാത്രമേ അദ്ദേഹം സംസാരിച്ചിരുന്നുള്ളൂ. തനിക്ക് ചെയ്യാന്‍ കഴിയുന്ന കാര്യങ്ങളെ ക്കുറിച്ച് മാത്രമേ മറ്റുളളവരെ ഉദ്‌ബോധിപ്പിച്ചിരുന്നുമുള്ളു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ, സമസ്ത കേരള ഇസ്‌ലാമത വിദ്യാഭ്യാസ ബോര്‍ഡ്, സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ എന്നീ മൂന്നു പ്രസ്ഥാനങ്ങളുടെ വളര്‍ച്ചയില്‍ നിസ്തുലമായ സേവനമാണ് അദ്ദേഹം കാഴ്ചവെച്ചത്. പ്രസംഗിക്കാന്‍ കുറച്ചുപേര്‍, പ്രവര്‍ത്തിക്കാന്‍ വേറെചിലര്‍ എന്നുള്ള സാമാന്യ സമാവാക്യത്തിന് ബദലായി പ്രസംഗത്തോടൊപ്പം പ്രവര്‍ത്തനമെന്ന പുതിയ സമവാക്യത്തിന് അദ്ദേഹം ഊന്നല്‍നല്‍കി. നിരക്ഷരരായ മാപ്പിള സമാജത്തിന്റെ ഇടയിലേക്കിറങ്ങിച്ചെന്ന് വിദ്യയുടെ വെട്ടം തെളിക്കാനും ലോക ഇസ്‌ലാമിക സംസ്‌കൃതിയുടെ ജാഗരണ പ്രവര്‍ത്തനങ്ങളില്‍ മലയാളീ സാന്നിധ്യം ഉറപ്പുവരുത്താനും അദ്ദേഹത്തിനു സാധ്യമായി. വിശ്വാസ കാര്യങ്ങളില്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തിയിരുന്ന നിസാമി സുന്നത്ത് ജമാഅത്തിന്റെ വിഷയത്തില്‍ യാതൊരു വിട്ടുവീഴ്ചക്കും തയ്യാറായിരുന്നില്ല. മുസ്‌ലിം ഉമ്മത്തായിരുന്നു അദ്ദേഹത്തന് എല്ലാം. അവരുടെ സംതൃപ്തിയില്‍ ആത്മനിര്‍വൃതി കൊള്ളുകയും വേദനകളില്‍ സഹതപിക്കുകയും അതോടൊപ്പം പരിഹാരക്രിയ കണ്ടെത്തുകയും ചെയ്ത അദ്ദേഹത്തിന്റെ കര്‍മകുശലതക്ക് രാവെന്നോ പകലെന്നോ ഉള്ള വ്യത്യാസമുണ്ടായിരുന്നില്ല. ഊണിലും ഉറക്കിലുമെല്ലാം സമുദായത്തെ ക്കുറിച്ച് മാത്രമായിരുന്നു ചിന്തിച്ചിരുന്നത്.
സഹോദരങ്ങള്‍ നാലും പേരും ഇന്ത്യന്‍ റയില്‍വേയില്‍ ജോലി കണ്ടെത്തിയപ്പോള്‍ അദ്ദേഹം മാത്രം മാറിചിന്തിച്ചു. താന്‍ തെരെഞ്ഞടുത്ത മാര്‍ഗം തന്നെയായിരുന്നു ദീനിനും ഉമ്മത്തിനും ഏറെ അനുഗുണമെന്ന് പിന്നീട് കാലം തെളിയിക്കുകയുണ്ടായി. ത്യാഗ സന്നദ്ധതയും അര്‍പ്പണ മനോഭാവവും ജീവിതത്തിലുട നീളം കാത്തുസൂക്ഷിച്ച ഉസ്താദ് നിഗൂഡതകളുടെ കലവറ തന്നെ യായിരുന്നു ഉള്ളില്‍ ഒളിപ്പിച്ചു വച്ചിരുന്നത്. അതിശയോക്തിയോടെ മാത്രമേ ഏതൊരാള്‍ക്കും ആജീവിതം നോക്കി കാണാന്‍ കഴിയൂ. ദര്‍സ് പഠനത്തോടൊപ്പം സ്‌കൂള്‍ വിദ്യാഭ്യാസവും തുടര്‍ന്ന് കൊണ്ട് പോയിരുന്ന നിസാമി പഠന കാര്യങ്ങളില്‍ ഒരിക്കലും മതമെന്നേ ഭൗതിക മെന്നോ ഉള്ള വേര്‍തിരവ് കാണിച്ചിരുന്നില്ല. ഒരു പള്ളിയില്‍ നിന്നും പഠനം മാറ്റി മറ്റൊരു പള്ളിയിലേക്ക് പോകുമ്പോള്‍ അവിടെ സ്‌കൂള്‍ ഉണ്ടോ എന്നും ഒരു സ്‌കൂളില്‍ നിന്നും പഠനം മാറ്റി മറ്റൊരു സ്‌കൂളിലേക്ക് പോകുമ്പോള്‍ അവിടെ പള്ളി യുണ്ടോ എന്നും അദ്ദേഹം പ്രത്യകം അന്വേഷിച്ചിരുന്നു. ദര്‍സ് പഠനാനന്തരം തന്റെ സഹപാഠികളെ പ്പോലെ ബിരുദ പഠനത്തിനായി ബാഖിയാത്ത് തെരെഞ്ഞെടുത്ത നിസാമി യാത്രയില്‍ ട്രയിനില്‍ നിന്നും പരിചയപ്പെട്ട സഹയാത്രികരുടെ സംസാരത്തില്‍ ആകൃഷ്ടനായി ഉറുദു ഭാഷ പഠിക്കാന്‍ മാനസിക പ്രതിജ്ഞയെടുത്തു. വെല്ലൂരിലെ ബാഖിയാത്തിലേക്ക് വണ്ടി കയറിയിരുന്ന അദ്ദേഹം മതപഠനത്തോടൊപ്പം ഉദ്ധൃത ഉദ്ദേശ പൂര്‍ത്തീകരണത്തിനായി തന്റെ ലക്ഷ്യ സ്ഥാനം ഹൈദരാബാദിലെ നിസാമിയ ആയി പുനസ്ഥാപിക്കുകയായിരുന്നു.അങ്ങനെ ബാഖവിആകേണ്ടിയിരുന്ന അദ്ദേഹം അല്ലാഹുവിന്റെ അലംഘനീയ മായ വിധിക്ക് കീഴടങ്ങി നിസാമി ആയിത്തീര്‍ന്നു. ഉറുദു-അറബി ഭാഷകള്‍ നിഷ്പ്രയാസം കൈകാര്യം ചെയ്തിരുന്ന ഉസ്താദിന്റെ പ്രഭാഷണ വേദികള്‍ പലപ്പോഴും അല്ലാമാ മുഹമ്മദ് ഇഖാബാലിന്റെ കാവ്യ ശീലുകളാല്‍ സമ്പന്നമായിരുന്നു. അക്ഷര സ്ഫുടത യോടെയുള്ള നിസാമിയുടെ ഉറുദു പദ്യാലാപനം കേള്‍ക്കാന്‍ വേണ്ടി മാത്രം അദ്ദേഹത്തിന്റെ പ്രഭാഷണ വേദിയിലേക്ക് ജനലക്ഷങ്ങള്‍ ഒഴുകി.
മലയാള അക്ഷരമാല പോലും നേരാംവണ്ണം ചൊല്ലിത്തീര്‍ക്കാന്‍ കഴിയാതിരുന്ന നിരക്ഷരരായ സാമാന്യ ജനതയുടെ ഇടയില്‍ നിന്നാണ് നിസാമിയെ പ്പോലെയുള്ള ഒരു പണ്ഡിതന്റെ ഉഴര്‍ത്തെഴുന്നേല്‍പ് എന്നുള്ളത് തന്നെ അദ്ദേഹത്തിന്റെ പ്രസക്തി വിളിച്ചോതുന്നു. പ്രഭാഷണ രംഗത്ത് താരശോഭ നിലനിര്‍ത്തുന്നതോടൊപ്പം സംഘടനാരംഗത്തും പ്രവര്‍ത്തന മേഖലയിലും ഒട്ടും പിറകിലായിരുന്നില്ല. സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ പുരോപ്രയാണത്തില്‍ രാസത്വരകമായിരുന്ന നിസാമിയുടെ ശ്രമഫലമായി കേരളത്തില്‍ നിരവധി മദ്രസകള്‍ സ്ഥാപിക്കപ്പെട്ടിട്ടുണ്ട്. ഉസ്മാന്‍ സാഹിബ്, സി.എച്ച്. ഹൈദ്രൂസ് മുസ്‌ലിയാര്‍ എന്നിവരോടൊപ്പം കേരളത്തിന്റെ തെക്കേ അറ്റം മുതല്‍ വടക്കെ അറ്റം വരെ ക്ഷീണമെന്തന്നറിയാതെ അദ്ദേഹം ഓടിനടന്നു. തന്റെ പ്രഭാഷണങ്ങള്‍ ക്കിടയില്‍ നാട്ടിലെ വൈജ്ഞാനിക പുരോഗതിക്കാവശ്യ മായ ഫണ്ട് സമാഹരിക്കാന്‍ അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ചെമ്മാട് ഫാഥിമ സഹ്‌റാ വനിതാ കോളേജിന്റെ പ്രവര്‍ത്തനങ്ങളില്‍ സജീവ സാന്നിധ്യമായിരുന്ന നിസാമി സ്ഥാപനത്തിന്റെ പുരോപ്രയാണത്തില്‍ നിസ്തുലമായ സേവനമാണ് കാഴ്ച വെച്ചത്. സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡെന്ന പോലെ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയൂടെയും കീഴ്ഘടകങ്ങളുടെയും വമ്പിച്ച നേട്ടങ്ങള്‍ക്കു പിന്നിലും അദ്ദേഹത്തിന്റെ നിസ്തുല സേവനത്തിന്റെ പരിസമാപ്തി ദര്‍ശിക്കാം. സമസ്തയിലെ നവോത്ഥാന പ്രവര്‍ത്തനങ്ങള്‍ക്ക് നെടുനായകത്വം വഹിച്ചിരുന്ന നിസാമി തനിക്ക് സത്യമെന്ന് ബോധ്യപ്പെട്ടത് ആരുടെ മുന്നിലും തുറന്നുപറയാന്‍ ഒരുക്കമായിരുന്നു. എസ്.കെ. ഐ.എം.വിബി യുടെ അഭൂതപൂര്‍വ്വ മായ വളര്‍ച്ചക്കു പിന്നില്‍ അദ്ദേഹം അര്‍പ്പിച്ച സേവന മനസ്‌കത ഏറെ ശ്ലാഘനീയമാണ്. കുടില്‍ തിണ്ണകളിലും പീടികവരാന്ത കളിലും പള്ളിച്ചെരുവുകളിലുമായി ഒതുങ്ങിക്കൂടിയിരുന്ന മതപഠനം ഒരു ഏകീകൃത സിലബസിനു കീഴില്‍ ഇന്നുകാണുന്ന രീതിയിലുള്ള അടുക്കും ചിട്ടയിലും ആക്കിത്തീര്‍ക്കാന്‍ അദ്ദേഹം ഏറെ പണിയെടുത്തിട്ടുണ്ട്.
എസ്. കെ. ജെ. എം.സി.സി യുടെ സ്ഥാപക സെക്രട്ടറി യായിരുന്ന നിസാമിയുടെ ശ്രമഫലമായി മുഅല്ലിംകള്‍ക്ക് പല ആനുകൂല്യങ്ങളും നേടിയെടുക്കാന്‍ കഴിഞ്ഞിട്ടുണ്ട് എന്നുള്ളത് ഏറെ പ്രശംസനീയമാണ്. പാവപ്പെട്ട മുഅല്ലിം സമൂഹത്തിന്റെ സാമ്പത്തിക ഞെരുക്കങ്ങള്‍ക്ക് അറുതിവരുത്താനായി അദ്ദേഹം നടപ്പില്‍ വരുത്തിയ മുഅല്ലിം ക്ഷേമനിധിയും സഹായ ഫണ്ടുകളും സാമ്പത്തിക പ്രയാസം അനുഭവിക്കുന്ന നിര്‍ധന മുഅല്ലിം കുടുംബങ്ങള്‍ക്ക് ഇന്നും ഏറെ ആശ്വാസകരമാണ്. അധ്യാപക സേവനം മതിയാക്കി പിരിഞ്ഞു പോകുന്ന മുഅല്ലിമുകള്‍ക്ക് പെന്‍ഷന്‍ നല്‍കുന്ന സമ്പ്രദായം നടപ്പിലാക്കിയതിനു പിന്നിലും നിസാമിയുടെ സാന്നിദ്ധ്യം ദര്‍ശിക്കാം. ഇടക്കാലത്ത് ഗള്‍ഫില്‍ പോകുന്നതിനായി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞു എങ്കിലും തിരിച്ചു വന്നപ്പോള്‍ വീണ്ടും തല്‍സ്ഥാനത്തേക്കു തന്നെ തെരഞ്ഞെടുക്കപ്പെട്ടു. സംഘടന കൈവരിച്ച പുരോമനാത്മകമായ ഒട്ടുമിക്ക നേട്ടങ്ങള്‍ക്കും ഇന്ധനം പകര്‍ന്നത് അദ്ദേഹത്തിന്റെ ചിന്തകളും പ്രവര്‍ത്തനങ്ങളുമായിരുന്നു. സ്ഥാനമാനങ്ങളോ പ്രശസ്തിയോ അല്ല, ആത്മാര്‍ത്ഥതയാണ് ഒരു വിശ്വാസിയുടെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കേണ്ടത് എന്നുള്ള കാഴ്ചപ്പാടായിരുന്നു അദ്ദേഹത്തിന് ഉണ്ടായിരുന്നത്. ഉന്നത പദവികളില്‍ നിന്നും നേതൃസ്ഥാനങ്ങളില്‍ നിന്നും അകന്നു നിന്ന് ഒരു സാധാരണ പ്രവര്‍ത്തകനെപ്പോലെ തന്നാലാകുന്നതത്രയും സംഘടനക്കു വേണ്ടി ചെയ്തു കൊടുക്കുക എന്നുള്ള ഒരു പ്രത്യേക വീക്ഷണ ഗതിയായിരുന്നു അദ്ദേഹത്തിന്റേത്.
പക്ഷേ, ഒരിക്കലും ആഗ്രഹിക്കാതെ തന്നെ സ്ഥാനമാനങ്ങള്‍ നിസാമിയെ തേടിയെത്തി. മറ്റാരെക്കാളും കൂടുതല്‍ തന്റെ നേതൃത്വമാണ് ദീനിനും സംഘടനക്കും ആവശ്യമെന്ന് ബോധ്യപ്പെട്ടാല്‍ മാത്രമേ പ്രസ്തുത സ്ഥാനങ്ങള്‍ ഏറ്റെടുത്തിരുന്നുള്ളൂ. നിര്‍ബന്ധിത സാഹചര്യത്തില്‍ തെരഞ്ഞെടുത്ത പ്രവാസ ജീവിതം അദ്ദേഹത്തിലെ പ്രവര്‍ത്തകനെ ഒട്ടും തളര്‍ത്തിയിരുന്നില്ല. യു.എ.ഇയില്‍ ചെന്നപ്പോഴും തന്റെ ജോലിത്തിരക്കുകള്‍ക്കിടയിലും സംഘടനാ പ്രവര്‍ത്തനങ്ങള്‍ക്കായി സമയം നീക്കി വെക്കാന്‍ അദ്ദേഹം ഒരുക്കമായിരുന്നു. സുന്നി യൂത്ത് സെന്റര്‍, മുഅല്ലിം ക്ഷേമനിധി, മത പഠന ക്ലാസുകള്‍ എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ക്കായിരുന്നു കൂടുതല്‍ ഊന്നല്‍ നല്‍കിയിരുന്നത്. വാക്ചാരുതിയിലും നയരൂപീകരണത്തിലും സമര്‍ത്ഥനായിരുന്ന നിസാമി, പരസ്യമായ പ്രകടനങ്ങള്‍ക്കപ്പുറം ആത്മാര്‍ത്ഥവും അര്‍ത്ഥ പൂര്‍ണ്ണവുമായ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കി. സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ഇന്ന് പ്രാവര്‍ത്തികമാക്കിയ ഏതാണ്ടെല്ലാ കാര്യങ്ങളും പതിറ്റാണ്ടുകള്‍ക്കു മുമ്പേ അദ്ദേഹം തന്റെ പ്രഥമ പ്രവര്‍ത്തന കളരിയായിരുന്ന വടകര ബുസ്താനുല്‍ ഉലൂമില്‍ വളരെ വിജയകരമായി പ്രയോഗ വല്‍ക്കരിച്ചിരുന്നു. ത്യാഗാനുഷ്ടാനത്തില്‍ അനിര്‍വ്വചനീയമായ മാനസികാനുഭൂതി കണ്ടെത്തിയ നിസാമി ഹൈദരാബാദില്‍ നിന്നും തിരിച്ചു വന്ന് ജീവിക്കാനുള്ള മാര്‍ഗങ്ങളന്വേഷിച്ചു. കച്ചവടത്തില്‍ തല്‍പരനായിരുന്ന അദ്ദേഹം വീടിനു മുന്നില്‍ ഒരു ചെറിയ കട തുടങ്ങി. എന്നാല്‍ തന്റെ ഉദാര മനസ്‌കത കാരണം കച്ചവടത്തില്‍ കൂടുതല്‍ കാലം പിടിച്ചു നില്‍ക്കാനായില്ല. പിന്നീട് ജീവിത വൃത്തിക്കു വേണ്ടി മറ്റു പല ബിസിനസ്സുകളും ചെയ്തു നോക്കിയെങ്കിലും ഫലം നാസ്തി.
സത്യസന്ധതയോടെ കച്ചവടം ചെയ്യുന്നവര്‍ക്ക് പിടിച്ചു നില്‍ക്കുക എന്നത് ഏറെ പ്രയാസകരമാണെന്നുള്ള സത്യം സ്വന്തം ജീവിതത്തിലൂടെ അദ്ദേഹം തിരിച്ചറിഞ്ഞു. തുടര്‍ന്ന് കച്ചവടം ഉപേക്ഷിച്ച് മതാധ്യാപന മേഖലയിലേക്ക് തിരിഞ്ഞ നിസാമി ധാരാളം ശിഷ്യ സമ്പത്തിന് ഉടമകൂടിയാണ്. ഒരു വെല്ലുവിളി നേരിടുന്ന മനോഭാവത്തോടെ യായിരുന്നു അദ്ദേഹം ഏത്കാര്യവും ഏറ്റെടുത്തിരുന്നത്. ഏറ്റവും ഒടുവില്‍ 'കുരുന്നുകള്‍' ഏറ്റടുത്തതും ഇതേ വെല്ലുവിളി മനോഭാവത്തോടെ തന്നെ. ഒടുവില്‍ പങ്കെടുത്ത പൊതുപരിപാടി ഈ മാസികയുടെ മില്ലെനിയം പതിപ്പിന്റെ പ്രകാശനച്ചടങ്ങാണെന്ന് വരുമ്പോള്‍ അതിന്റെ വളര്‍ച്ചയില്‍ അദ്ദേഹം എത്രമാത്രം തല്പരനായിരുന്നു വെന്ന് വ്യക്തമാകുന്നു. നിരന്തരമായ പ്രയത്‌നത്തിന്റെയും ആസൂത്രണ പാഠവത്തിന്റെയും വര്‍ത്തമാനം കൂടിയാണ് നിസാമിയുടെ ജീവിത കഥ. ജീവിക്കുന്ന ഓരോ നിമിഷവും അമൂല്യം ആണെന്നുള്ള ഉത്തമ ബോധ്യമുണ്ടായിരുന്നതിനാല്‍ അദ്ദേഹത്തിന്റെ ജീവിതത്തില്‍ ഒഴിഞ്ഞ സമയമെന്നുള്ളത് ഉണ്ടായിരുന്നില്ല എന്നു തന്നെ പറയാം. വാര്‍ദ്ധക്യ സഹജമായ പരാധീനതകള്‍ക്കോ ജരനരാദികള്‍ക്കോ ഈ പോരാളിയുടെ ആത്മ വീര്യം തകര്‍ക്കാന്‍ കഴിഞ്ഞില്ല. യുവത്വം പ്രസ്ഫുരിക്കുന്ന ചുറുചുറുക്കും പ്രസാദ മുഖഭാവവും കര്‍മ്മ കുശലതയും കാത്തു സൂക്ഷിക്കാന്‍ വാര്‍ദ്ധക്യത്തിലും അദ്ദേഹത്തിനു കഴിഞ്ഞു. പ്രവാസി സമൂഹത്തെ സുന്നത്ത് ജമാഅത്തിന്റെ കരുത്തുറ്റ കര്‍മ്മഭടന്മാരാക്കാനും അതിലൂടെ പ്രസ്ഥാനത്തിന്റെ സാമ്പത്തിക ഭദ്രത ഉറപ്പു വരുത്താനും അദ്ദേഹം അക്ഷീണ യത്‌നം നടത്തിയിട്ടുണ്ട്. കണ്‍വെട്ടത്തു നിന്നും മറഞ്ഞു പോയെങ്കിലും നിസാമി ഉസ്താദ് ഇന്നും നമ്മോടൊപ്പമുണ്ട്. നമ്മുടെ ആത്മിക വഴിത്താരകളില്‍ നിറ സാന്നിദ്ധ്യമായി, വഴികാട്ടിയായി.... അദ്ദേഹം കൊളുത്തിവെച്ച വിളക്കുമാടത്തിന്റെ വെട്ടത്തിലാണ് മുഅല്ലിം സമൂഹം ഇന്നും ചരിക്കുന്നത്. തീര്‍ത്താല്‍ തീരാത്ത കടപ്പാടുണ്ട് മുസ്‌ലിം സമാജത്തിന് ഈ യുഗപ്രഭാവനോട്. സ്വന്തത്തേക്കാള്‍ ഉമ്മത്തിനെ സ്‌നേഹിച്ചതിന്, തടിമറന്ന് ഉമ്മത്തിനായി അദ്ധ്വാനിച്ചതിന്. അങ്ങനെ എണ്ണിയാല്‍ തീരാത്തത്ര....
(നൗഫല്‍ കൊടക്കാട്)
<img alt=" width=" 1"="" height="1">
Leave A Comment