കെ.കെ അബൂബക്കര്‍ ഹസ്‌റത്ത്
എറണാകുളം ജില്ലയില്‍ വൈപ്പിന്‍ ദ്വീപിലെ എടവനക്കാട് കുരുടന്‍പറമ്പില്‍ കുഞ്ഞിമുഹമ്മദ്-ആയിശുമ്മ ദമ്പതികളുടെ പുത്രനാണ് അബൂബക്കര്‍ ഹസ്രത്ത്. പൗരപ്രധാനിയും, വ്യാപാരിയുമായിരുന്നു പിതാവ്. കൊച്ചി, തളിപ്പറമ്പ്, വാഴക്കാട്, താനൂര്‍ എന്നിവിടങ്ങളില്‍ മത പഠനം നടത്തിയ അദ്ധേഹം വെല്ലൂര്‍ ബഖിയാത്തുസ്വാലിഹാത്തില്‍ നിന്നും, ദയൂബന്ത് ദാറുല്‍ ഉലൂമില്‍ നിന്നും ഉപരി പഠനം നേടി. ശൈഖ് ആദം ഹസ്രത്ത്, ശൈഖ് ഹസന്‍ ഹസ്രത്ത്, ശൈഖ് ഹുസൈന്‍ അഹ്മദ് മദനി, ശംസുല്‍ ഉലമാ എന്നിവര്‍ ഗുരുനാഥന്മാരില്‍ പ്രധാനികളാണ്. ബിരുദാനന്തരം ആദ്യമായി ദര്‍സ് നടത്തിയത് താനൂരിലാണ്. തുടര്‍ന്ന് കാന്തപുരം, പടന്ന, പൊടിയാട്, പൊട്ടിച്ചിറ മുതലായ സ്ഥലങ്ങളില്‍ മുദരിസ്സായും പ്രന്‍സിപ്പലായും സേവനം ചെയ്തിട്ടുണ്ട്. 1974-ല്‍ രോഗം നിമിത്തം അല്‍പ്പകാലം വിശ്രമിക്കേണ്ടി വന്നെങ്കിലും, പിന്നീട്, പട്ടിക്കാട് ജാമിഅഃ നൂരിയ്യഃ അറബിക് കോളേജില്‍ നിയമിതനായി.
കോട്ടുമല ഉസ്താദിന്റെ നിര്യാണത്തിനു ശേഷം കോളേജിന്റെ പ്രിന്‍സിപ്പലായി തിരഞ്ഞെടുക്കപ്പെട്ടു. തഖ്‌വയും, വിജ്ഞാനവും ഒത്തിണങ്ങിയ മഹാനുഭാവന് കേരളത്തിനകത്തും പുറത്തുമായി സഹസ്രകണക്കിനു ശിഷ്യന്മാരുണ്ട്. ഇബാദത്തിന്റെ കാര്യത്തില്‍ കഠിന ശ്രദ്ധാലുവായിരുന്ന അദ്ധേഹം കഠിന രോഗാവസ്ഥയില്‍ പോലും തഹജ്ജുദ് പോലുള്ള സുന്നത്ത് നിസ്‌കാരങ്ങള്‍ ഒഴിവാക്കിയിരുന്നില്ല. 1957 -ല്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ മുശാവറ അംഗമായി തിരഞ്ഞെടുക്കപ്പെട്ട കെ.കെ, 87-ല്‍ സമസ്തയുടെ വൈസ് പ്രസിഡണ്ടായും,93-ല്‍ ബഹു. കണ്ണീയത്ത് ഉസ്താദിന്റെ മരണത്തെ തുടര്‍ന്ന് സമസ്തയുടെ പ്രസിഡണ്ടായും തിരഞ്ഞെടുക്കപ്പെട്ടു. തന്റെ അന്ത്യം വരേയും ആ മഹത്തായ പദവി അദ്ധേഹം അലങ്കരിക്കുകയായിരുന്നു.
1971-ല്‍ ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ അദ്ധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ട ശൈഖുന, മുഅല്ലിം സമൂഹത്തിന്റെ ആശാ കേന്ദ്രമായ ക്ഷേമനിധിയുടെ ജീവനാഡി കൂടിയായിരുന്നു. ക്ഷേമനിധിയുടെ ആസ്തിയായ അബുദാബി സുന്നി സെന്റര്‍ വക ക്വാര്‍ട്ടേസും, അല്‍-ഐന്‍ സുന്നി യൂത്ത് സെന്റര്‍ വക ഷോപ്പിംഗ് കോംപ്ലക്‌സും മഹാനവര്‍കളുടെ കരുത്തുറ്റ പ്രവര്‍ത്തനഫലമാണ്. ജീവിതത്തിന്റെ മുഖ്യഭാഗവും സമസ്തയുടെ ഉന്നമനത്തിനായി പ്രവര്‍ത്തിച്ച മഹാന്‍ വളാഞ്ചേരി മര്‍ക്കസുതര്‍ബിയ്യത്തിന്റെ സര്‍വ്വസ്വവുമായിരുന്നു. തൂലീകാരംഗത്തും അദ്ദേഹം തന്റെ കഴിവു പ്രദര്‍ശിപ്പിച്ചു. ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ മുഖപത്രമായ (അല്‍ മുഅല്ലിം) മാസികയുടെ മുഖ്യപത്രാധിപരും, സ്ഥിരം ലേഖകനുമായിരുന്നു മഹാന്‍. പ്രവര്‍ത്തനവീഥികളിലെല്ലാം വിജ്ഞാനത്തിന്റെയും, മാര്‍ഗദര്‍ശനത്തിന്റേയും ,പ്രഭാകിരണങ്ങള്‍ പരത്തിയ കെ.കെ. അബൂബക്കര്‍ മുസ്ലിയാര്‍, വെല്ലൂര്‍ ബാഖിയാത്തുസ്വാലിഹാത്തില്‍ മുദര്‍റിസും, ആക്ടിംഗ് പ്രിന്‍സിപ്പലുമായി സേവനം ചെയ്തിട്ടുണ്ട്. 1995 ഫെബ്രുവരി 6-ന് (റമളാന്‍ 5) ആ പണ്ഡിത ജോതിസ്സ് ഇഹലോക വാസം വെടിഞ്ഞു.(ഇന്നാ ലില്ലാഹ്...)
Leave A Comment