സയ്യിദ് ഹുസൈൻ ആറ്റക്കോയ തങ്ങൾ സ്വാതന്ത്ര്യത്തിന്റെ കാവലാള്‍

ചില ജീവിതങ്ങള്‍ എന്നും പെയ്തൊഴിയാതെ നിറഞ്ഞുനില്‍ക്കുന്ന പൂമരം പോലെ സമൃദ്ധമാണ്. സ്നേഹം കൊണ്ട് വിരുന്നൂട്ടിയ നിലാവിന്റെ ആ രാത്രികള്‍ ഓർമ്മചെപ്പുകളിൽ വസന്തം വിതറി ശേഷിക്കും. കേരളത്തിന്റെ രാഷ്ട്രീയ സാമൂഹിക ചുറ്റുപാടുകൾ രൂപപ്പെടുത്തുന്നതിൽ നിസ്തുലമായ പങ്ക് വഹിച്ച, കൊടപ്പനക്കൽ തറവാട്ടിലെ തങ്ങന്മാരെല്ലാം അത്തരക്കാരാണെന്ന് പറയാം. അതില്‍ പ്രധാനിയും സ്വാതന്ത്ര്യസമര രംഗത്തെ കേരളീയ മുസ്‍ലിംകളുടെ വഴി കാട്ടിയുമായിരുന്നു സയ്യിദ് ഹുസൈന്‍ ആറ്റക്കോയ തങ്ങള്‍.

പാണക്കാട് പൂക്കോയ തങ്ങളുടെ നാലാമത്തെ പിതാമഹനായിരുന്നു സയ്യിദ് ഹുസൈന്‍ ആറ്റക്കോയ തങ്ങള്‍ ശിഹാബുദ്ദീന്‍. ഹിജ്റ 1231 ശഅ്ബാന്‍ 1 (ക്രി:1824)നായിരുന്നു അദ്ദേഹം ജനിച്ചത്. പാണക്കാട് പഴയ മാളിയേക്കല്‍ വീട്ടിലായിരുന്നു താമസം.  പിതാവായ സയ്യിദ് മുഹ്ളാർ തങ്ങള്‍, മമ്പുറം തങ്ങളുടെ മുരീദും അരുമ ശിഷ്യനുമായിരുന്നു.  മലപ്പുറം ഭാഗങ്ങളിലൊക്കെ വല്യ സ്വാധീനമുള്ള സൂഫിവര്യനായിരുന്നു മുഹ്‌ളാർ തങ്ങൾ. ആവലാതികളും വേവലാതികളുമായി അക്കാലത്ത് എല്ലാവരും എത്തിയിരുന്നത് അദ്ദേഹത്തിന്റെ സമീപത്തായിരുന്നു. 

പിതാവിൽ നിന്ന് തന്നെയായിരുന്നു ആറ്റക്കോയ തങ്ങളുടെ പ്രാഥമിക പഠനം. പിന്നീട് കോഴിക്കോട് അബ്ദുൽ അസീസ് ഖാസിയിൽ നിന്നും ശേഷം മറ്റത്തൂർ പളളിദർസിൽ നിന്നുമായി പഠനം തുടര്‍ന്നു. ഉപരിപഠനാർഥം തിരൂരങ്ങാടി, പൊന്നാനി പള്ളിയിലേക്കും യാത്രപോയിട്ടുണ്ട്.  വെളിയങ്കോട് ഉമർ ഖാസി, പരപ്പനങ്ങാടി അവുകോയ മുസ്‌ലിയാർ, തിരൂരങ്ങാടി ഖാസി സൈനുദ്ദീൻ മഖ്ദൂമി, എന്നീ മഹാരഥന്മാരുടെ കീഴിലായി, ഖുർആൻ, ഹദീസ്, ഫിഖ്ഹ്, തസവ്വുഫ് തുടങ്ങിയ വിഷയങ്ങളിലെല്ലാം അഗാധ പാണ്ഡിത്യം നേടി. അക്കാലത്ത് നേടാനാകുന്നതില്‍  വെച്ച്  വളരെ നല്ല വിദ്യാഭാസം തന്നെ അദ്ദേഹം നേടിയെടുത്തു. തിരൂരങ്ങാടി പള്ളിയിൽ പഠിക്കുന്ന കാലത്ത് മമ്പുറം തങ്ങളുടെ മകൻ സയ്യിദ് ഫദ്ൽ പൂക്കോയ തങ്ങൾ അദ്ദേഹത്തിന്റെ സഹപാഠിയും സുഹൃത്തുമായിരുന്നു. പിന്നീട് തിരൂരങ്ങാടി നടുവിലെ ജുമഅത്ത്  പള്ളിയിലും മലപ്പുറം ജുമഅത്ത് പള്ളിയിലും ഖാസിയായും മുദരിസായും തുടർന്നു. 

സമുദായത്തിന്‍റെ മത-രാഷ്ട്രീയ രംഗങ്ങളിൽ ഉടലെടുത്ത സർവ്വ സമസ്യകൾക്കും പരിഹാരമായിരുന്നു അവിടം. തങ്ങൾ മലപ്പുറത്ത് പുതിയങ്ങാടിയിൽ നിന്നും പാണക്കട്ടേക്ക് താമസം മാറ്റിയതിനെ ചൊല്ലി ഒരു സംഭവം ആളുകൾക്കിടയിൽ പറയപ്പെടാറുണ്ട്. ഒരിക്കൽ പാണക്കാട് ദേശത്ത് ഒളകര തറവാട്ടിലെ ഒരു വ്യക്തി കുന്നത്തൊടി വീട്ടിൽ താമസിച്ചിരുന്നു. ഒരു ദിവസം പ്രഭാതത്തിൽ, വീടിനുള്ളിൽ എല്ലാവരും പൈശാചിക ബാധയേറ്റ് കിടക്കുന്നതാണ് കണ്ടത്. ആ ദുരവസ്ഥ കണ്ട് ജനങ്ങൾ പരിഭ്രാന്തരായി.

അവർ മലപ്പുറത്ത് പുതിയങ്ങാടിയിൽ താമസമാക്കിയ സയ്യിദ് മുഹ്‌ളാർ ശിഹാബുദ്ദീൻ തങ്ങളെ കണ്ട് വിവരം അറിയിച്ചു. ഉടനെ തങ്ങൾ തന്റെ ഏക മകനായ സയ്യിദ് ഹുസൈൻ ആറ്റകോയയെ പാണക്കാട്ടുകാരോടൊപ്പം പറഞ്ഞയച്ചു. അന്ന് ആറ്റക്കോയ തങ്ങൾ വിദ്യാർഥിയാണ്. അവിടെയെത്തിയ ഉടനെ പിതാവ് നൽകിയ ചൂരൽ വടികൊണ്ട് അവരെ സ്പർശിക്കുകയും അതോടെ അവർ പൈശാചിക ബാധയിൽ നിന്നും മുക്തരാവുകയും ചെയ്തുവെന്നതാണ് പറയപ്പെടുന്നത്. ഇതോടെ, അവർ തങ്ങളെ ഏറെ ഇഷ്ടപ്പെടുകയും പാണക്കാട് വന്ന് തമസിക്കണമെന്ന് ആവശ്യം ഉയരുകയും ചെയ്തു. കടലുണ്ടി പുഴയോട് ചേർന്ന് വലിയ മാളിയേക്കൽ ഭവനം പണിത് തങ്ങളെ ക്ഷണിക്കുക കൂടി ചെയ്തതോടെ, എല്ലാവരുടേയും നിർബന്ധത്തിന് വഴങ്ങി ഹുസൈൻ ആറ്റക്കോയ തങ്ങൾ പാണക്കാട്ടേക്ക് താമസം മാറി.

രാജ്യത്തിന്റെ സ്വാതന്ത്ര്യ ലബ്ധിക്കുവേണ്ടി പോരാട്ട വീഥിയിൽ സ്വന്തം ജീവൻ പോലും ബലിയർപ്പിച്ച തങ്ങളുടെ ധീര നിലപാടുകൾ എന്നും ശ്രദ്ധേയമാണ്. ബ്രിട്ടീഷുകാരോട് പോരാടിയ ഒരു മാപ്പിള യോദ്ധാവായിരുന്നു കൊളക്കാടൻ കുട്ടിഹസൻ. അദ്ദേഹത്തെയും സഹപ്രവർത്തകരെയും ബ്രിട്ടീഷ് വിരുദ്ധ പോരാട്ടത്തിന് പ്രേരിപ്പിച്ചു എന്ന കുറ്റം ചുമത്തി അറസ്റ്റ് ചെയ്യാൻ ബ്രട്ടീഷ് ഗവണ്മെന്റ് ഉത്തരവിറക്കി. ഉടനെ തന്നെ കുട്ടിഹസനും തഹ്സീൽ ദാറും പയ്യനാട് ഇസ്പെക്റ്റർ അഹ്മദ് കുരിക്കളും തങ്ങളുടെ സന്നിധിയിലെത്തി, വേവലാതിയോടെ ഇങ്ങനെ ബോധിപ്പിച്ചു, ബ്രിട്ടീഷ് ഗവണ്മന്റിന്റ് അങ്ങയെ അറസ്റ്റ് ചെയ്യാൻ കല്പന പുറപ്പെടുവിച്ചിരിക്കുന്നു. അതുകൊണ്ട് കുട്ടിഹസ്സനും സഹപ്രവർത്തകരും എന്‍റെ അടുത്ത് വരികയോ ഞാന്‍ അവരെ ജിഹാദിന് പ്രേരിപ്പിക്കുകയോ ഐക്കല്ല് എഴുതി കൊടുക്കുകയോ ചെയ്തിട്ടില്ലെന്ന് മൊഴി നല്‍കണം. എന്നാല്‍ അങ്ങയെ അറസ്സ് ചെയ്യാതെ ഞങ്ങള്‍ക്ക് ഇവിടെ നിന്ന് രക്ഷപ്പെടാം. ഇത് കേട്ട ഉടനെ തങ്ങള്‍ പറഞ്ഞു, കുട്ടിഹസ്സനും സഹപ്രവർത്തകരും ഇവിടെ വന്നിരുന്നുവല്ലോ. ഞാനവരെ ആദരിക്കുകയും വിജയാശംസകള്‍ നേരുകയും ചെയ്തിരുന്നു. അപ്പോള്‍ ഞാന്‍ പറയുന്നത് കളവ് ആവില്ലേ. നാടിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി ജീവന്‍ ത്യജിക്കേണ്ടിവന്നാലും ശരി, ബ്രിട്ടീഷുക്കാർക്ക് മുമ്പില്‍ ഞാന്‍ കളവ് പറയില്ല.  കളവ് പറയല്‍ വിശ്വാസിയായ എനിക്ക് ചേർന്നതല്ല.

കുറച്ച് ദിവസം കഴിഞ്ഞ് അഹ്മദ് കുരിക്കളും കുറച്ച് പോലീസുകാരും വന്ന് തങ്ങളെ വെല്ലൂര് ജയിലിലേക്ക് കൊണ്ട് പോകാൻ ട്രെയിൻ ഏർപ്പാടാക്കി. അങ്ങനെ യാത്രാ മധ്യേ (ഒറ്റപാലം ലക്കിടിയില്‍) എത്തിയപ്പോൾ തങ്ങൾ പറഞ്ഞു; വണ്ടി നില്‍ക്ക്, എനിക്ക് നിസ്കരിക്കാന്‍ സമയമായിരിക്കുന്നു. അത്ഭുതമെന്നോണം ട്രെയിന്‍ നിന്നു. തങ്ങള്‍ ഇറങ്ങി. ഭാരതപ്പുഴയുടെ തീരങ്ങളില്‍ നിന്ന് അംഗസ്നാനം ചെയ്തു നിസ്കരിച്ചു. തങ്ങള്‍ വരും മുമ്പേ ട്രെയിന്‍ സ്റ്റാറ്റാർട്ടാക്കാന്‍ ശ്രമിച്ചുവെങ്കിലും വിഫലമായി പോകുകയാണ് ഉണ്ടായത്. ആറ്റകോയതങ്ങള്‍ വണ്ടി നില്‍ക്കാന്‍ പറഞ്ഞ സ്ഥലത്താണ് പിന്നീട് ലെക്കിടി സ്റ്റേഷന്‍ വന്നതെന്നും പറയപ്പെടുന്നു.

തങ്ങള്‍ ജയിലില്‍ കഴിയുന്ന സമയത്ത് ബ്രിട്ടീഷ് ഗവണ്മെന്‍റ് ജീവപര്യന്ത്യം തടവിനു വിധിച്ച വേറെയും ഒരുപാട് പേര്‍ അവിടെയുണ്ടായിരുന്നു. നേരിന്റെ വെളിച്ചം അവര്‍ക്ക്‌ ഓതിക്കൊടുക്കാന്‍ മഹാനായ തങ്ങള്‍ ആ അവസരം പരമാവധി ഉപയോഗപ്പെടുത്തി, അവിടെയും തന്റെ കര്‍ത്തവ്യം നിര്‍വ്വഹിച്ചു. 

സ്വാതന്ത്ര്യസമരവീര്യം സിരകളില്‍ കയറിയ ആ ധീരസേനാനി, ഹി. 1302 ശഅ്ബാന്‍ 10 (ക്രി.1885)ന് ജയിലില്‍ വെച്ച് ജീവന്‍ പൊലിഞ്ഞു. വെല്ലൂർ ബാഖിയാത്ത് സ്വാലിഹാത്തിന്‍റെ അടുത്തുള്ള പള്ളിയിൽ അന്ത്യവിശ്രമം കൊള്ളുന്നു. ബാഖിയാതിലെത്തുന്ന കേരളീയരെല്ലാം ഇന്നും അവിടെ സിയാറത് ചെയ്യാറുണ്ട്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter