ബാഫഖി തങ്ങളെ വീണ്ടും വായിക്കുമ്പോള്‍

baffaqiഓര്‍മ്മകളില്‍ നിന്ന് കാലത്തിന് മായ്ച്ചുകളയാന്‍ കഴിയാത്ത ചില മുഖങ്ങളുണ്ട്. അവര്‍ സമൂഹത്തിന്റെ ചരിത്രപരമായ അടയാളമായി നിലനില്‍ക്കുമ്പോള്‍ തന്നെ ചിലരുടെ വ്യക്തിജീവിതത്തിലെ ഏറ്റവും വലിയ വിളക്കായും മാറുന്നു. സി.എച്ച് എന്ന പിതാവിന്റെ രാഷ്ട്രീയവും സാമൂഹികവുമായ ജീവിതം കണ്ടുകൊണ്ടാണ് തന്റെ ജീവിത വളര്‍ച്ച ആരംഭിക്കുന്നത്. നീതിയും സ്‌നേഹവും ഒരുമിച്ചുകൊണ്ടുപോകാന്‍ എന്നും അദ്ദേഹം കാണിച്ച ധൈര്യം അത്ഭുതപ്പെടുത്തിയിട്ടുണ്ട്. ആ ഉറച്ച നില്‍പ്പിന്റെ പിന്നില്‍ വിശുദ്ധവും ആഴമേറിയതുമായ ഒരു വിളക്കുണ്ടായിരുന്നു. സയ്യിദ് അബ്ദുറഹിമാന്‍ ബാഫഖി തങ്ങള്‍ എന്ന തീക്ഷ്ണമായ പ്രഭ ചൊരിയുന്ന വിളക്ക്. ശത്രുക്കള്‍ക്കുപോലും നുണയുടെ കൊടുങ്കാറ്റുകൊണ്ട് ഊതിക്കെടുത്താനാവാത്ത ബാഫഖി തങ്ങളുടെ പ്രകാശ പരിസരത്തുനിന്നാണ് ബാപ്പയുടെ ജീവിതത്തിനു ചിറക് മുളയ്ക്കുന്നത്.

പഠനത്തിലെ മിടുക്കിനു ലഭിച്ച സ്‌കോളര്‍ഷിപ്പുമായി കൊയിലാണ്ടിയിലെ സ്‌കൂളില്‍ ബാപ്പയെ കൊണ്ടുപോയി ചേര്‍ത്തുകൊണ്ടായിരുന്നു ജീവിതത്തിലേക്ക് അദ്ദേഹത്തിന്റെ വരവ്. എന്നാല്‍ ബാപ്പക്ക് താമസിക്കാന്‍ ഇടമുണ്ടായിരുന്നില്ല. ദിവസവും വീട്ടിലേക്ക് മടങ്ങുകയാണെങ്കില്‍ കടവ് കടന്നു വരികയും വേണം. മാത്രമല്ല, ദിവസേന പോയി വരികയെന്നത് ഒട്ടും എളുപ്പമുള്ള കാര്യമല്ല. ഒരു വഴി തെളിയാതെ നില്‍ക്കുന്ന ബാപ്പക്ക്, ആവശ്യപ്പെടുന്നതിനു മുമ്പ് മാണിക്കം വീട്ടില്‍ മമ്മുഹാജിയുടെ വസതിയില്‍ താമസമൊരുക്കിക്കൊടുത്തു.
ആ ജീവിതത്തിനു തണലായി അന്നു തൊട്ട് ബാഫഖി തങ്ങള്‍ കൂടെ നിന്നു. മറ്റുകുട്ടികളില്‍ കാണാത്ത ചില പ്രത്യേകതകളും പ്രഭാഷണമികവും തിരിച്ചറിഞ്ഞ ബാഫഖി തങ്ങള്‍ വേദിയില്‍വെച്ച് സ്വന്തം പ്രസംഗത്തിന്റെ ദൈര്‍ഘ്യം കുറയ്ക്കും. വളരെ കുറച്ച് കാര്യങ്ങള്‍ വളരെ സൂക്ഷ്മതയോടെ സംസാരിക്കുന്നതായിരുന്നു തങ്ങളുടെ രീതി. വാക്കുകള്‍ കുറയ്ക്കുക പ്രവര്‍ത്തനങ്ങളില്‍ മുഴുകുക എന്ന വിശ്വാസമാകാം അത്.

എന്നാല്‍ അതിനോടൊപ്പംതന്നെ ആരുടെയും ശ്രദ്ധയില്‍പ്പെടാത്ത ആരും പെട്ടെന്ന് അവസരം നല്‍കാത്ത ഒരാളെ വേദിയില്‍ അവതരിപ്പിക്കാനും അവസരം നല്‍കാനും പിശുക്ക് കാണിച്ചില്ല. ഓരോ വേദിയില്‍വെച്ചും അദ്ദേഹം അതു തുടര്‍ന്നുപോന്നു. ബാഫഖി തങ്ങളുടെ പ്രസംഗം കഴിഞ്ഞാലുടന്‍ അദ്ദേഹം മൈക്കില്‍ ആള്‍ക്കൂട്ടത്തോട് പറയും: 'എനി നിങ്ങളോട് ഒരു പയ്യന്‍ സംസാരിക്കും.' ഈ പയ്യന്‍ എന്നു വിളിക്കുന്ന ബാപ്പയ്ക്ക് ആത്മവിശ്വാസം പകരുന്ന ഒരാള്‍ക്കൂട്ടത്തെ സമ്മാനിച്ച് പിന്‍വാങ്ങുന്നത് മൂപ്പരുടെ ഇഷ്ടങ്ങളില്‍ ഒന്നായിരുന്നു. ശുദ്ധമലയാളത്തില്‍ ആള്‍ക്കൂട്ടത്തെ ത്രസിപ്പിക്കുന്ന ബാപ്പയുടെ പ്രസംഗം ആസ്വദിക്കുന്നതില്‍ ബാഫഖി തങ്ങള്‍ക്ക് വലിയ ഇഷ്ടമായിരുന്നു. മനോഹരമായ വാക്കുകള്‍കൊണ്ട് വീര്യത്തോടെ വേദിയില്‍ നിറഞ്ഞാടുമ്പോള്‍, ആ പയ്യന്റെ വാക്കുകളെ ആള്‍ക്കൂട്ടം ആരവത്തോടെ സ്വീകരിക്കുമ്പോള്‍, ഭാവിയുടെ നേതാവായി ബാഫഖി തങ്ങള്‍ അദ്ദേഹത്തെ ഉള്ളില്‍ പ്രതിഷ്ഠിച്ച് കഴിഞ്ഞിരുന്നു.

ഒപ്പം വെടിപൊട്ടിക്കോയ എന്നൊരു പേരും ബാപ്പയ്ക്ക് തങ്ങള്‍ എഴുതിച്ചേര്‍ത്തു. ഈ ചെറു പ്രായത്തില്‍ ഇത്ര ഗംഭീരമായി പല്ലുകള്‍ക്കിടയില്‍വെച്ച് വാക്കുകളെ മെരുക്കി ഗംഭീരമായി പ്രസംഗിച്ച് കൈയ്യടി വാരിക്കൂട്ടുന്ന ഈ പയ്യനെ വെടിപൊട്ടിക്കോയ എന്നല്ലാതെ മറ്റെന്ത് പേരിട്ടാണ് വിളിക്കുകയെന്നു ചോദിക്കും. ആ ബന്ധം കാലത്തിനോ രാഷ്ട്രീയമാനങ്ങള്‍ക്കോ അധികാരക്കസേരകള്‍ക്കോ തകര്‍ക്കാനാവാതെ തുടര്‍ന്നു. ബാപ്പ വളര്‍ന്നു. ജനകീയനായ മന്ത്രിയായി. തിരുവനന്തപുരത്തെ വീട്ടില്‍ നിത്യസന്ദര്‍ശകനായിമാറി ബാഫഖി തങ്ങള്‍. വരുമ്പോഴൊക്കെ ഞങ്ങള്‍ കുട്ടികള്‍ക്ക് എന്തെങ്കിലും സമ്മാനമായി കൊണ്ടുവരികയെന്ന പതിവും തുടര്‍ന്നു. ഒരിക്കല്‍ മനോഹരമായ എട്ട് സ്ട്രാപ്പിന്റെ വാച്ചുമായി അദ്ദേഹം വീട്ടില്‍ വന്നു. അതെന്റെ മൂത്ത പെങ്ങള്‍ക്ക് സമ്മാനിച്ചു. കുറച്ച് നേരത്തിനുള്ളില്‍ അതിലൊരെണ്ണം കാണാതെയായി. മൂപ്പര് വീണ്ടും എണ്ണി. 'ഇതിലൊരെണ്ണം ആരോ തട്ടിയെടുത്തതാണ്. പോട്ടെ, സാരമില്ല, ഏഴെണ്ണം ബാക്കിയുണ്ടല്ലോ' എന്നു പറഞ്ഞു സമാധാനിപ്പിക്കും.

ഇടയ്ക്കിടെ വീട്ടില്‍ വരുന്ന ആ മനുഷ്യന്റെ വലിപ്പം ഞങ്ങള്‍ കുട്ടികള്‍ക്കറിയില്ലായിരുന്നു. എന്നാല്‍ മുസ്‌ലിംലീഗിന്റെ ദേശീയ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ മുത്തുക്കുട വെച്ച ജീപ്പില്‍ അദ്ദേഹത്തെ ആനയിച്ചുകൊണ്ടുപോകുന്ന കാഴ്ചയുടെ മുന്നില്‍ ഞാന്‍ അമ്പരന്നുനിന്നുപോയി. ആയിരക്കണക്കിനാളുകള്‍ സ്‌നേഹത്തിന്റെ സമുദ്രമായി ആ ജീപ്പിന് മുന്നിലും പിന്നിലും നീങ്ങുന്നതു കണ്ടപ്പോഴാണ് വീട്ടില്‍ വന്നു സാധാരണപോലെ പെരുമാറുന്ന ബാഫഖി തങ്ങള്‍ എന്ന മനുഷ്യന്റെ ജനകീയ പിന്തുണയും കരുത്തും ഞാന്‍ തിരിച്ചറിയുന്നത്. മൂത്ത പെങ്ങളുടെ നിക്കാഹ് ഏതാണ്ട് ഉറപ്പായപ്പോള്‍ അത് തങ്ങളുടെ കൊയിലാണ്ടിയിലെ വീട്ടില്‍വെച്ച് നടത്തണമെന്ന് അദ്ദേഹം തറപ്പിച്ചു പറഞ്ഞു. മുന്‍ നിരയില്‍ ബാഫഖി തങ്ങള്‍ നിന്ന് ഏറ്റവും ഉചിതമായ ഒരന്തരീക്ഷത്തില്‍വെച്ച് മൂത്ത സഹോദരിയുടെ നിക്കാഹ് അവിടെ വെച്ചു കഴിഞ്ഞു.

ബാഫഖി തങ്ങളുടെ മുഴുവന്‍ കുടുംബാംഗങ്ങളും അതില്‍ പങ്കുകൊണ്ടു. ജീവിതത്തിന്റെ എല്ലാ ഇടങ്ങളിലും ബാപ്പക്കൊപ്പം ബാഫഖി തങ്ങള്‍ ഉണ്ടായിരുന്നു. ബാപ്പയുടെ കരുത്തും അതായിരുന്നു. ബാഫഖി തങ്ങള്‍ സ്വന്തം ജീവിതത്തില്‍ പകര്‍ത്തിയത് സത്യമായിരുന്നു. സത്യത്തോടൊപ്പം നില്‍ക്കുക എന്നതുമാത്രം.
നിയമസഭ സെക്രട്ടറിയായിരുന്ന പ്രസന്നന്‍ എഴുതിയ 'നിയമസഭയില്‍ നിശബ്ദനായി' എന്ന പുസ്തകത്തില്‍ ഇങ്ങനെ പറയുന്നു: കമ്യൂണിസ്റ്റ് പാര്‍ട്ടിയും ലീഗും ചില ധാരണകളില്‍ എത്തിയിരുന്നു. എന്നാല്‍ ആ ധാരണ മുഴുവനും നുണയാണെന്ന് ഇ. എം. എസ് പറഞ്ഞതോടെ ബാഫഖി തങ്ങള്‍ നുണയനായി മാറി.

തന്റെ ജീവിതത്തില്‍ സഹിക്കാന്‍ പറ്റാത്ത ഒന്നായിരുന്നു തങ്ങള്‍ക്കത്. അദ്ദേഹം വീറും വാശിയും വിടാതെ പത്രസമ്മേളനം വിളിച്ചു. തന്റെ പോക്കറ്റില്‍നിന്നും ചെറിയ ടേപ്പ് റെക്കോര്‍ഡര്‍ വലിച്ചെടുത്തു. ഇ.എം.എസ് പറഞ്ഞതെല്ലാം പത്രക്കാര്‍ക്കായി കേള്‍പ്പിച്ചു. ചക്രായുധം പുറത്തെടുത്ത് സത്യം വെളിവാക്കി എന്നാണ് ആ സംഭവത്തെ കേരളം അടയാളപ്പെടുത്തിയത്. ഇതേ ഇ.എം.എസിനൊപ്പം ബിരിയാണി കഴിക്കുന്ന ചിത്രവും പിന്നീട് ജനം കണ്ടു. ഒപ്പം മലയാളത്തിന്റെ നിത്യഹരിതനായകന്‍ പ്രേംനസീറുമുണ്ട്. എന്റെ മൂത്ത പെങ്ങളുടെ കല്യാണ ദിവസമായിരുന്നു അന്ന്. ഇം. എം. എസും ബാഫഖി തങ്ങളും പ്രേംനസീറും കൂടി ഇരുന്നു ബിരിയാണി കഴിക്കുന്ന ചിത്രത്തെ പത്രങ്ങള്‍ ആഘോഷിച്ചിരുന്നു.

മാത്രമല്ല അന്ന് ബാഫഖി തങ്ങള്‍ വളരെ നേരം പ്രേംനസീറിനോട് സംസാരിച്ചു. ആള്‍ക്കൂട്ടം ദൂരെനിന്ന് ഏറെ കൗതുകത്തോടെ അത് വീക്ഷിച്ചു. സിനിമ കാണാത്ത, സിനിമ താരങ്ങളുമായി അടുപ്പമില്ലാത്ത ബാഫഖി തങ്ങള്‍ വാക്ക് മുറിയാതെ എന്താണ് സംസാരിച്ചുകൊണ്ടിരിക്കുന്നതെന്നത് ഒരു കൗതു കാഴ്ചയായി തീര്‍ന്നു. ഒടുക്കം പിരിയാന്‍ നേരത്ത് ബാഫഖി തങ്ങള്‍ നസീറിനോട് ചോദിച്ചു: 'മോനെ അനക്കെന്താ ജോലി?'. ഇതൊരു കഥയായി പറയപ്പെടുന്നു. ഇങ്ങനെ ചില കഥകളും രസകരമായി അദ്ദേഹത്തെക്കുറിച്ച് പറയാറുണ്ട്.
വാസ്തവത്തില്‍ ബാഫഖി തങ്ങളുടെ മരണത്തോടെ സംഘടനയില്‍ നിരവധി പ്രശ്‌നങ്ങള്‍ ഉടലെടുത്തു. ഭാഗ്യം ചെയ്ത മരണമായിരുന്നു. മക്കത്ത് വെച്ച് പ്രാര്‍ത്ഥനയോടെ നില്‍ക്കെ ഭൂമിയിലെ ജീവന്‍ വെടിഞ്ഞ് വിശുദ്ധിയിലേക്ക് ലയിച്ച് മരണം. പക്ഷെ ആ മരണത്തിന്റെ നഷ്ടം പിന്നീട് കേരളവും മുസ്‌ലിംലീഗും ഒരേ പോലെ തിരിച്ചറിഞ്ഞിട്ടുണ്ട്. മുസ്‌ലിംലീഗില്‍ രൂക്ഷമായ ഭിന്നതകള്‍ പ്രത്യക്ഷമായി.

കാരണം ആ സാന്നിധ്യത്തിന് ആരെയും സ്‌നേഹിച്ച് കീഴ്‌പ്പെടുത്താനും പ്രശ്‌നം പരിഹരിക്കാനും സമാധാനത്തോടെ നിലനിര്‍ത്താനുമുള്ള ശേഷിയുണ്ടായിരുന്നു. ഇന്ന് കാണുന്ന ഐക്യ ജനാധിപത്യ മുന്നണി ഇന്ദിരാഗാന്ധിയും കെ. കരുണാകരനും ഒപ്പം ബാഫഖി തങ്ങളും ചേര്‍ന്ന് രൂപപ്പെടുത്തിയതാണെന്ന് ഓര്‍ക്കണം.ഐക്യം എന്ന വാക്കിനെ എല്ലാ അര്‍ത്ഥത്തിലും അദ്ദേഹം മാനിച്ചിരുന്നു. പിന്‍തുടര്‍ന്നിരുന്നു. രാഷ്ട്രീയ ജീവിതം നയിക്കുമ്പോള്‍ മതേതരമായ ജീവിതത്തെ മുന്‍നിര്‍ത്തി ജീവിക്കാന്‍ കഴിയുക എന്നത് ചുരുക്കം ചിലര്‍ക്ക് മാത്രം കഴിയുന്ന ഒന്നാണ്. ബാഫഖി തങ്ങള്‍ക്ക് അത് കഴിഞ്ഞിരുന്നു. ആ വലിയ മനുഷ്യന്റെ ആത്മീയഭാവത്തെ, മനുഷ്യത്വത്തെ തിരിച്ചറിയാനും അനുഭവിക്കാനുമുള്ള അവസരം ബാല്യത്തിലെതന്നെ ലഭിച്ചിട്ടുണ്ട്. പില്‍ക്കാല ജീവിതത്തില്‍ അതെനിക്ക് ഏറെ ഗുണകരമായി ഭവിക്കുകയും ചെയ്തു.

ജീവിതം ചിലത് നമുക്ക് സമ്മാനിക്കും. അതിന്റെ വില നാം തിരിച്ചറിയുന്നത് വര്‍ഷങ്ങള്‍ പിന്നിടുമ്പോഴാണ്. അപ്പോള്‍ സുഖമുള്ള വേദനയായി അത് അനുഭവപ്പെടും. സ്വയം തിരുത്തിയും തെളിഞ്ഞും മുന്നോട്ട് പോകാന്‍ ആ വെളിച്ചത്തെ എല്ലാ നഷ്ടത്തോടുംകൂടി അണച്ച് പിടിക്കും. ജീവിത യാത്രയിലുടനീളം ബാഫഖി തങ്ങളെ പോലുള്ളവരുടെ വെളിച്ചം പ്രതിസന്ധികളെ അതിജീവിക്കാനും തെളിമയോടെ നടക്കാനും സഹായിക്കുന്നു. ചിലര്‍ അങ്ങനെയാണ്. നമ്മള്‍ പോലുമറിയാതെ ചിലത് നമുക്ക് സമ്മാനിക്കും. അതായിരിക്കും പില്‍ക്കാലത്തെ വിലമതിക്കാനാവാത്ത സ്വത്ത്.

 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter