കെ.വി മുഹമ്മദ് മുസ്‌ലിയാര്‍

ഫത്ഹുര്‍റഹ്മാന്‍ ഫീ തഫ്‌സീരില്‍ ഖുര്‍ആന്‍; അഞ്ചു വാള്യങ്ങളടങ്ങുന്ന ബൃഹത്തും ആധികാരികവുമായ ഈ ഖുര്‍ആന്‍ മലയാള പരിഭാഷ-വ്യാഖ്യാന ഗ്രന്ഥം മാത്രം മതി കെ.വി ഉസ്താദിന്റെ നിസ്സങ്കോച പരിഷ്‌കരണ നേതൃത്വത്തെ അളന്നെടുക്കാന്‍. പില്‍ക്കാലത്ത് ഫത്ഹുര്‍റഹ്മാന്‍, മലയാള മുസ്‌ലിംകളുടെ മതകീയമായ നേര്‍ പുരോഗതികളിലും ഋജുവായുള്ള പരിഷ്‌കരണങ്ങളിലും വഹിച്ച സ്വാധീനത്തെ പരിശോധിച്ചാല്‍ നമുക്ക് ബോധ്യമാകും. അതിലുമപ്പുറം, അദ്ദേഹം അത്തരമൊരു ശ്രമകരകരമായ വിപ്ലവ ദൗത്യത്തിന് നേതൃത്വം കൊടുത്തിരുന്നില്ലെങ്കില്‍, വര്‍ത്തമാന കേരള മുസ്‌ലിം ഐഡന്റിറ്റിയും മതപ്രബോധന പ്രവര്‍ത്തനങ്ങളുടെ നേതൃത്വവും എന്താകുമായിരുന്നു എന്നു ചിന്തിച്ചാല്‍ മതിയാകും, വിപ്ലവാത്മകമായ ആ വ്യക്തിത്വത്തെ മനസ്സിലാക്കാന്‍. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ യശഃശരീരരായ മുഴുവന്‍ പണ്ഡിതന്‍മാര്‍, അംഗുലീപരിമിതം ചിലരൊഴിച്ച്, ഒരേസമയം എതിരുനിന്നിട്ടും ഖുര്‍ആനൊരു മലയാള വ്യാഖ്യാനമെന്ന തന്റെ അത്യന്താപേക്ഷിതമായ ആ ദൗത്യത്തില്‍ നിന്ന് പിന്‍മാറാന്‍ തയ്യാറായില്ല.

എന്നു മാത്രമല്ല, ശംസുല്‍ ഉലമ ഇ.കെ അബൂബക്ര്‍ മുസ്‌ലിയാര്‍, കണ്ണിയത്ത് അഹ്മദ് മുസ്‌ലിയാര്‍, കെ.കെ അബൂബക്ര്‍ ഹസ്‌റത്ത് തുടങ്ങിയ പണ്ഡിത വിശാരദരെ അത്തരമൊരു നീക്കത്തിന്റെ പ്രാധാന്യവും അനുപേക്ഷണീയതയും ബോധ്യപ്പെടുത്താനും അനുനയിപ്പിക്കാനും അദ്ദേഹത്തിന്റെ ഇഛാശക്തിക്കു സാധിച്ചു.

സി.എന്‍ അഹ്മദ് മൗലവിയുടെ ഖുര്‍ആന്‍ വ്യാഖ്യാന ഗ്രന്ഥം പോലെ, അവാന്തര ഉല്‍പതിഷ്ണു വിഭാഗങ്ങള്‍ ഏറ്റെടുത്തു നടത്തിയ അബദ്ധജഡില വിശുദ്ധ ഖുര്‍ആന്‍ പരിഭാഷകളും വ്യാഖ്യാനങ്ങളും കേരളീയ മുസ്‌ലിം പൊതുബോധത്തിന്റെ നേതൃത്വമേറ്റെടുക്കുകയും ഇസ്‌ലാമിക മതപ്രബോധന ചലനങ്ങളില്‍ ആധികാരിക അവലംബമായി രംഗത്തുവരികയും ചെയ്യുന്നേടത്തേക്ക് കാര്യങ്ങള്‍ നീങ്ങുന്നത് മുന്‍കൂട്ടികണ്ടു തന്നെയാണ് കെ.വി ഉസ്താദില്‍ അത്തരമൊരു ചിന്ത ഉടലെടുക്കുന്നത്. വിശുദ്ധ ഖുര്‍ആനില്‍ വേറെയും വ്യാഖ്യാനങ്ങളെഴുതി അദ്ദേഹം, വ്യക്തമായ മതാവബോധമുള്ള ഒരു സമൂഹ സൃഷ്ടിപ്പിനായി ആവത് ശ്രമിക്കുകയായിരുന്നു. പിന്നീടിന്നുവരെയായി തല്‍സംരംഭത്തിന് പ്രബലമായൊരു പിന്തുടര്‍ച്ച പോയിട്ട് ലക്ഷണമൊത്തൊരു പരിഭാഷപോലും നമ്മുടെ ഭാഗത്ത് നിന്നുണ്ടായില്ല എന്നത് ഖേദകരമാണ്. പേരിനുള്ളത് തന്നെ താന്‍പോരിമക്കുവേണ്ടി വലിച്ചിഴച്ചതാകുമ്പോള്‍ കെ.വി ഉസ്താദ് ഇവ്വിഷയകമായി കൈകൊണ്ട നടപടിക്ക് കൂടുതല്‍ സ്വീകാര്യത വരുന്നു.

1950 മുതല്‍ സജീവ പ്രവര്‍ത്തകനായും '54 മുതല്‍ മുശാവറ അംഗമായും, തുടര്‍ന്ന് '56 തൊട്ട് ജീവിതാന്ത്യം വരെ സമസ്ത കേരള ജംഇയ്യതുല്‍ ഉലമ എന്ന വലിയൊരു പ്രസ്ഥാനത്തിന്റെ കാര്യദര്‍ശിയായും നീണ്ട അരനൂറ്റാണ്ടു കാലം സംഘടിത ശക്തിക്കുള്ളില്‍ നിന്നുകൊണ്ടു തന്നെ, തന്റെ പരിഷ്‌കൃത പദ്ധതികള്‍, കെ.വി ഉസ്താദ് ആയാസത്തോടെ പ്രവൃത്തിപഥത്തില്‍ കൊണ്ടുവരികയുണ്ടായി. സമസ്തയുടെ സെക്രട്ടറി, എസ്.വൈ.എസ് വൈസ് പ്രസിഡന്റ്, എസ്.കെ.ജെ.എം.സി.സി ജനറല്‍ സെക്രട്ടറി എന്നു തുടങ്ങി അനിതര സാധാരണമായ പേഴ്‌സണാലിറ്റി കൊണ്ട് ഒട്ടനവധി നേതൃമഹിമകള്‍ അദ്ദേഹത്തെ തേടിയെത്തി. എന്നാല്‍ ഇത്തരം പദവികളൊന്നും അദ്ദേഹത്തിന്റെ ഉത്സാഹ പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമില്ല എന്നുവേണം കരുതാന്‍.

കേരളീയ മതബോധന-പ്രബോധന ധാരയില്‍ അതിപ്രധാന മാധ്യമമായി വര്‍ത്തിച്ച പ്രഭാഷണ-വഅ്‌ള് രൂപത്തിന് ആകൃഷ്ടമായൊരു ഭാവം നല്‍കിയതില്‍ കെ.വി ഉസ്താദിന് സുപ്രധാനമായൊരു പങ്കുണ്ട്. എന്നല്ല, ഈയൊരു ആശയ വിനിമയ മാധ്യമ രീതിയുടെ കേരളീയ ചരിത്രം പറയുന്നിടത്ത് കെ.വി മുഹമ്മദ് മുസ്‌ലിയാരെയും അദ്ദേഹത്തിന്റെ ദീര്‍ഘകാല സഹചാരിയും സഹപ്രവര്‍ത്തകനുമായ പൂന്താനം എന്‍.അബ്ദുല്ല മുസ്‌ലിയാരെയും പരാമര്‍ശിക്കാതൊരു വിശകലനം സംഗതമാകില്ല. കൃത്യമായ മതകീയാവബോധമില്ലാതിരുന്ന കേരളീയ മുസ്‌ലിം ഉമ്മത്തിന് ആഴത്തിലുള്ള മതജ്ഞാന സംവേദനത്തിന്റെ പാഠശാലകളും, തെറ്റുധാരണാപരമായ സങ്കല്‍പങ്ങളില്‍ കവിഞ്ഞ് ഇസ്‌ലാമിനെ കുറിച്ചൊരു ധാരണയുമില്ലാതിരുന്ന അമുസ്‌ലിം സമുദായങ്ങള്‍ക്ക് തിരിച്ചറിവിന്നൊരു പൊതുവേദിയുമൊരുക്കിയത് അദ്ദേഹമാണ്. അതായത് വഅ്‌ളെന്ന് അറബി-മലയാള വാമൊഴി വഴക്കത്തിന്റെ ഭാഗമായി പേരുവീണ പ്രഭാഷണ സമ്പ്രദായത്തിന് പുതുരൂപവും നവോത്ഥാനവും നല്‍കിയത് അദ്ദേഹത്തിന്റെ ശ്രദ്ധേയമായ പ്രഭാഷണപരമ്പരകളായിരുന്നു.

കെ.വിയുടെത് ആഴ്ചകളും മാസങ്ങളും നീണ്ടുനില്‍ക്കുന്ന പ്രഭാഷണ പരമ്പരയായിരുന്നു.. അദ്ദേഹമവിടെ താമസിച്ച്, സമൂഹത്തിന്റെ ഉത്ഥാന സാഹചര്യങ്ങളെ നിരീക്ഷിച്ച് വിലയിരുത്തി, യുക്തിസഹം നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ഒട്ടും വിരസതയുണ്ടാക്കുന്ന ഒന്നായിരുന്നില്ല. സാഹചര്യഘടകങ്ങളെ ഉള്‍ക്കൊണ്ടുള്ള ഓരോ പ്രഭാഷണങ്ങളും വൈവിധ്യങ്ങള്‍ കൊണ്ട് ആകര്‍ഷകമായിരുന്നു. ഗ്രന്ഥകര്‍തൃ ലോകത്ത് അദ്ദേഹത്തിന് നഷ്ടപ്പെട്ട പുരോഗമന നവോത്ഥാന സാഹചര്യങ്ങള്‍ ഒരു വിധത്തിലെങ്കിലും ഈയൊരു ബഹുജന സംവേദന മാധ്യമം വഴി കെ.വി ഉസ്താദ് വീണ്ടെടുത്തിട്ടുണ്ടെന്നു പറയാം. പുതിയ കാലത്തെ പ്രാസംഗികര്‍ക്കും പ്രഭാഷണ പരമ്പരകളുടെ വക്താക്കള്‍ക്കും നിഷ്പ്രയാസം വിളകൊയ്യാന്‍ പാകത്തിലുള്ള സാഹചര്യമൊരുങ്ങിയത്, അദ്ദേഹമൊക്കെ ഇവിടത്തെ പൊതുഭൂമികയില്‍ വിയര്‍പ്പൊഴിച്ചു നിലമുഴുതൊരുക്കിയത് കൊണ്ടുമാത്രമാണെന്നര്‍ത്ഥം. അപ്പോള്‍ കെ.വി ഉസ്താദ് ഇട്ടേച്ചുപോയ അതുല്യ ദര്‍ശനങ്ങള്‍ ഇന്നു നമുക്ക് പാഠമായിത്തന്നെ നിലനില്‍ക്കുന്നുണ്ട്, തീര്‍ച്ച.

സ്വയം നേതൃത്വം നല്‍കിയ ഈവക നവോത്ഥാന-പരിഷ്‌കരണ പ്രവര്‍ത്തനങ്ങളുടെ മുന്നോട്ടുപോക്കില്‍ കെ.വി ഉസ്താദ് പരമ്പരാഗതമായി നിലനിന്നിരുന്ന ചില വ്യാകരണ ശീലങ്ങളില്‍ ശൈലീമാറ്റത്തിന് തയ്യാറാവുകയുണ്ടായി. അത്തരം ഗുണപരമായ നീക്കങ്ങള്‍ അനുപേക്ഷണീയമാണുതാനും. വ്യക്തമാക്കി പറഞ്ഞാല്‍, അദ്ദേഹത്തിന്റെ രചനാ ലോകത്തിന് സവിശേഷമായ ഭാഷാശുദ്ധിയുടെ പിന്‍ബലമുണ്ടായിരുന്നു. വ്യക്തവും ശുദ്ധവുമായ മലയാളത്തില്‍ അതിവിപുലമായി തന്നെ സംസാരിക്കുകയും എഴുതുകയും ചെയ്ത അദ്ദേഹം തന്റെ പുരോഗമന ദൗത്യനിര്‍വഹണത്തിന് അക്കാലത്തെ പുരോഗമനക്കാരുടെ ഭാഷ തന്നെ ഉപയോഗപ്പെടുത്തി. കേവലം ഭാഷാപരമായ വിഷയങ്ങളോട് അത്രകണ്ട് കെട്ടുപിണഞ്ഞുകൂടാന്‍ സമയം കണ്ടെത്താതിരുന്ന പണ്ഡിതന്‍മാര്‍ക്കിടയിലെ ഭാഷാ പണ്ഡിതന്‍ എന്നതിനപ്പുറം അദ്ദേഹത്തിന്റെ ഭാഷാ നൈപുണ്യം പരക്കെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. വര്‍ഷങ്ങള്‍ക്ക് മുമ്പ് കോഴിക്കോട്ടു വെച്ചു നടന്ന മുഹ്‌യിദ്ദീന്‍ മാല വ്യാഖ്യാന പുസ്തകപ്രകാശന ചടങ്ങില്‍, മലയാള ഭാഷാ വിദഗ്ധരുടെയും ബുദ്ധിജീവികളുടെയും കൂട്ടത്തില്‍ 'സമസ്ത' പ്രതിനിധിയായി കെ.വി ഉസ്താദ് പങ്കെടുത്തിരുന്നു. തദ്‌വേദിയില്‍ മലയാള ഭാഷയെ അധികരിച്ച് അദ്ദേഹം നടത്തിയ പ്രസംഗം എത്രത്തോളം ഉജ്ജ്വലമായിരുന്നുവെന്നതിന് തെളിവാണ് തുടര്‍ന്നു പ്രസംഗിച്ച മുഴുവന്‍ പേരും ആ പ്രസംഗത്തെ കടമെടുത്തോ പരാമര്‍ശിച്ചോ സംസാരിച്ചു എന്നുള്ളത്.

സര്‍ഗാത്മകമായ സര്‍വചേതനയുമുള്‍ക്കൊണ്ട കെ.വി ഉസ്താദ്, നവീന പ്രസ്ഥാനങ്ങളുടെ ശക്തമായ ഇടപെടല്‍ മൂലം മതപ്രബോധന സപര്യയുടെ ബഹുഭൂരിഭാഗവും ഒരു മേഖലയില്‍ മാത്രം ഒതുക്കേണ്ടി വന്ന കേരളീയ പണ്ഡിതന്‍മാരില്‍ പ്രമുഖനാണ്. ഗ്രന്ഥരചനാ ലോകത്തേക്ക് കൂടി ഒഴുകേണ്ടിയിരുന്ന ഇവരുടെ മഹത്തായ വിഭവശേഷികള്‍ കേവലമായ വാദപ്രതിവാദങ്ങളുടെ പരിമിതി ചുറ്റുവട്ടത്ത് ഒതുക്കപ്പെടുകയാണുണ്ടായത്. അതുകൊണ്ടാണല്ലോ അവസാന കാലത്ത് സംവാദങ്ങളെ കാളപ്പൂട്ട് സംവാദങ്ങളെന്ന് ആക്ഷേപിച്ച് ശംസുല്‍ ഉലമ സംസാരിച്ചത്. ഗ്രന്ഥരചനാ ശേഷിയോടു കൂടെ പത്രപ്രവര്‍ത്തന രംഗത്തും കെ.വി ഉസ്താദിന് മേല്‍വിലാസമുണ്ട്. സുന്നി ടൈംസ് എന്നൊരു എസ്.വൈസ്.എസിന്റെ പഴയ മുഖപത്രം കൊണ്ടുവന്നത് അദ്ദേഹമാണ്. എന്ന് മാത്രമല്ല, സ്വന്തമായി തന്നെ താനൂരില്‍ നിന്ന് അല്‍ബുര്‍ഹാന്‍ എന്ന മാസിക പ്രസിദ്ധീകരിക്കുകയുണ്ടായി. പില്‍ക്കാലത്ത് അല്‍മുഅല്ലിം മാസികയുടെ ദീര്‍ഘകാല പത്രാധിപരുമായി. വെറും സ്ഥാനാലങ്കാരങ്ങളെന്ന പതിവ് രീതിയില്‍ നിന്ന് മാറി ശക്തമായ മുഖപ്രസംഗങ്ങളും ലേഖനങ്ങളുമായി അദ്ദേഹം സജീവമാവുകയാണു ചെയ്തത്.

ഏറെ കാലം പട്ടിക്കാട് ജാമിഅ നൂരിയ്യ, മഊനതുല്‍ ഇസ്‌ലാം അറബിക് കോളേജ്, വളാഞ്ചേരി മര്‍കസ് എന്നീ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ അമരത്തിരുന്ന് നയിക്കുകയുണ്ടായി അദ്ദേഹം. ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റിയുടെ അണ്ടര്‍ ഗ്രാജ്വേഷന്‍ സ്ഥാപനമായ ദാറുല്‍ ഹിദായ ദഅ്‌വാ കോളേജ്, സര്‍ക്കാര്‍ അംഗീകൃത ഹയര്‍ സെകന്‍ഡറി സ്‌കൂള്‍, അനംഗീകൃത സ്‌കൂള്‍, ബോര്‍ഡിംഗ് സ്‌കൂള്‍, ഓര്‍ഫനേജ്, വിമന്‍സ് ഹയര്‍സെകന്‍ഡറി സ്‌കൂള്‍ തുടങ്ങിയ ബഹുമുഖ വിദ്യാഭ്യാസ സ്ഥാപന സമുച്ചയമായ എടപ്പാളിലെ ദാറുല്‍ ഹിദായ ഇസ്‌ലാമിക് കോംപ്ലക്‌സ്, മൗലാനാ കെ.വി മുഹമ്മദ് മുസ്‌ലിയാരെന്ന മഹാ പുരുഷന്‍ വിദ്യാഭ്യാസ നവോത്ഥാനത്തിനുവേണ്ടി സ്വയം ഊര്‍ജ്ജവും ചിന്തയുമുരുക്കി നടന്നതിന്റെ കര്‍മഫലമാണ്.

പരിഷ്‌കാരങ്ങളെന്നു കേള്‍ക്കുമ്പോള്‍ പുറംതിരിഞ്ഞു നില്‍ക്കേണ്ടതുണ്ടെന്നു തോന്നുന്നില്ല. പഴമയോട് കൂടെ പുതുമ കൂടി ആവിശ്യാനുസരണം സ്വീകരിക്കാന്‍ മനസ്സ് വേണ്ടതുണ്ട്. നല്ലതും തിയ്യതും വേര്‍തിരിച്ചുതന്നെയുള്ള ഏത് പരിഷ്‌കരണ-പുരോഗമന സ്വാംശീകരണവും ഉപകാരമേ ചെയ്യൂ. പ്രത്യേകിച്ചും, അതുനാധുനമായൊരു നൂറ്റാണ്ടില്‍, ഇസ്‌ലാമിനെ കൂടുതല്‍ പരിക്കേല്‍ക്കാതെ നടത്തണമെങ്കില്‍ അത്തരമൊരു വിശാല മനസ്സ് കൂടിയേ തീരൂ. അതാണ് കെ.വി ഉസ്താദിന്റെ ജീവിത ദര്‍ശനവും വീക്ഷണങ്ങളും.

മുഹമ്മദ് ശഹീര്‍ യു.ടി/തെളിച്ചം മാസിക

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter