ഹാമിദ് കോയമ്മതങ്ങള്‍

അഹ്‌ലുബൈത്തിലെ അഗ്രഗണ്യരിലൊരാളായ സയ്യിദ് ജഅ്ഫര്‍ സ്വാദിഖിന്റെ സന്താനപരമ്പരയില്‍ പെട്ട ബുഖാറ ഖബീല. നൂറ്റാണ്ടുകള്‍ക്കു മുമ്പ് ഈ ഖബീലയിലെ 'സയ്യിദ് അഹ്മദ് ജലാലുദ്ദീന്‍ ബുഖാരി' ബുഖാറയില്‍നിന്ന് ഇന്ത്യയിലേക്കു വന്നു. മതപ്രബോധനവും അശരണര്‍ക്കാശ്വാസവുമായി നാടുനീളെ സഞ്ചരിച്ച അദ്ദേഹം കണ്ണൂര്‍ വളപട്ടണത്ത് വഫാതായി.

ജലാലുദ്ദീന്‍ ബുഖാരിയുടെ മകന്‍ ഖുതുബുസ്സമാന്‍ 'സയ്യിദ് മുഹമ്മദ് മൗലാനാ അല്‍ ബുഖാരി'യുടെ പുത്രി സയ്യിദത്ത് സൈനബാ ബീവിയും ഭര്‍ത്താവ് സയ്യിദ് അഹ്മദുല്‍ ബുഖാരിയും കണ്ണൂരില്‍നിന്ന് തൃശൂര്‍ ജില്ലയിലെ ചാവക്കാട് കടപ്പുറത്തേക്ക് താമസം മാറ്റി. ഇരുന്നൂറ് വര്‍ഷങ്ങള്‍ക്കു മുമ്പായിരുന്നു ഇത്. വളപട്ടണത്തും മറ്റുമൊക്കെ സത്യമത സന്ദേശം വ്യാപിച്ച അക്കാലത്ത് ചാവക്കാട് കടപ്പുറം പ്രദേശത്ത് ചെന്ന് ഇസ്‌ലാമിന്റെ പ്രഭ പരത്താന്‍ സയ്യിദ് ജലാലുദ്ദീന്‍ ബുഖാരി സ്വപ്നദര്‍ശനത്തിലൂടെ നിര്‍ദ്ദേശം നല്‍കുകയായിരുന്നു.

കടപ്പുറത്തെത്തിയ അവര്‍ സയ്യിദ് ജലാലുദ്ദീന്‍ ബുഖാരിയുടെ സ്മരണക്കായി ആ പ്രദേശത്തിന് അദ്ദേഹത്തിന്റെ ജന്‍മദേശത്തിന്റെ നാമം നല്‍കി. 'ബുഖാറ കടപ്പുറം'. അന്നുമുതല്‍ ദീനുല്‍ ഇസ്‌ലാമിന്റെ സന്ദേശം തൃശൂരിന്റെ തീരപ്രദേശങ്ങളില്‍നിന്ന് ഉള്‍നാടുകളിലേക്കു പരന്നുതുടങ്ങി.

മഹാരഥന്‍മാര്‍ക്ക് ജന്‍മംനല്‍കിയ ഈ ഖബീലയുടെ ആഗമനം അന്നുവരെ ഒച്ചയനക്കമില്ലാതെ, ഉറങ്ങിക്കിടന്നിരുന്ന കടപ്പുറത്തെ ആരവമുഖരിതമാക്കി. മതദേശ ഭേതമന്യേ ജനം 'ബുഖാറ'യില്‍നിന്ന് വസതികളിലേക്ക് പ്രവഹിച്ചു. ഫത്‌വയും വിധികല്‍പനകളും മരുന്നും മന്ത്രവും ഉപദേശങ്ങളും താക്കീതുകളും മാര്‍ഗദര്‍ശനവും മാതൃകയും.

ഹിജ്‌റ 1280-ല്‍ ജനിച്ച സയ്യിദ് ഹാമിദ് കോയമ്മ തങ്ങള്‍ ബുഖാറ കടപ്പുറത്തിന്റെ സൂര്യനായിരുന്നു. പണ്ഡിതനും ആരിഫും സ്വൂഫിയുമായിരുന്ന അദ്ദേഹം നാല് മദ്ഹബുകളുടെയും കേരളത്തിലെ മുഫ്തിയായിരുന്നു. തങ്ങളുമായി കൂടിയാലോചിക്കാതെ കേരളത്തിലെ ഒരു പണ്ഡിതനും ഫത്‌വ പുറപ്പെടുവിക്കുമായിരുന്നില്ല.

സുഡാനില്‍ ഇപ്പോള്‍ പാഠപുസ്തകമായ 'ആദാബുല്‍ അക്ല്‍' പുത്തന്‍വാദികളുടെ വാദങ്ങളുടെയൊക്കെ മുനയൊടിക്കുന്ന തൃശൂര്‍ ജില്ല ജംഇയ്യത്തുല്‍ ഉലമയുടെ 'അല്‍ മുന്‍ത്വഖാ' എന്നിവയുള്‍പ്പെടെ നിരവധി ഗ്രന്ഥങ്ങളുടെ കര്‍ത്താവായിരുന്നു കോയമ്മ തങ്ങള്‍. അദ്ദേഹത്തിനു മൂന്ന് എഴുത്തുകാരുണ്ടായിരുന്നു. രണ്ടു പേര്‍ ഫത്‌വകള്‍ പകര്‍ത്തിയെഴുതാന്‍ മാത്രം . ഒരാള്‍ കത്തും മറ്റും എഴുതാനും. പ്രശസ്ത സ്വാതന്ത്ര്യ സമര സേനാനി ഇ. മൊയ്തു മൗലവി പോലും അല്‍പകാലം തങ്ങളുടെ എഴുത്തുകാരനും തര്‍ജ്ജമക്കാരനുമായി ജോലിയനുഷ്ഠിച്ചിട്ടുണ്ട്.

കോയമ്മ തങ്ങളുടെ പുത്രന്‍ സയ്യിദ് മുഹമ്മദ് കുഞ്ഞിക്കോയ തങ്ങള്‍ പണ്ഡിതനും നിരവധി ശിഷ്യഗണങ്ങളുടെ ഗുരുവും പ്രമുഖ ചികിത്‌സകനുമായിരുന്നു. മുറബ്ബിയായ പണ്ഡിതരില്‍പ്പെട്ട കുഞ്ഞിക്കോയ തങ്ങളുടെയും ഭാര്യ ഉമ്മായി ബീവിയുടെയും പുത്രനാണ് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ വൈസ് പ്രസിഡന്റായിരുന്ന സയ്യിദ് ഹാമിദ് കോയമ്മ തങ്ങള്‍.

പിതാമഹന്റെ പേരുള്ള കൊച്ചു കുട്ടി. വല്ല്യുപ്പയുടെ വീട്ടില്‍ ആരവങ്ങള്‍ക്കിടയിലാണ് ജീവിതമാരംഭിച്ചത്. പിതാമഹനെ ഒന്നു കാണാനും സംസാരിക്കാനും സംശയം തീര്‍ക്കാനും വേണ്ടി തിക്കിത്തിരക്കി നില്‍ക്കുന്ന പണ്ഡിത കേസരികള്‍. പണ്ഡിത സദസ്സുകളിലൂടെ സംശയനിവാരണവേദികളിലൂടെ ചികിത്‌സാ മുറകളിലൂടെ ആ കുട്ടി വളര്‍ന്നുവന്നു. പ്രാഥമിക പഠനം വീട്ടില്‍വെച്ചു തന്നെയായിരുന്നു. ഉപ്പയില്‍നിന്നും വല്ല്യുപ്പയില്‍നിന്നും പ്രായത്തിനതീതമായ പഠനം ലഭിച്ചു. പിന്നീട് ഷൊര്‍ണൂരിനടുത്തുള്ള വെട്ടിക്കാട്ടിരിയില്‍ ചെറുതുരുത്തി മുദര്‍രിസ് കുഞ്ഞിബാപ്പു മുസ്‌ലിയാരുടെ ദര്‍സില്‍ ചേര്‍ന്നു. നാലു വര്‍ഷം അവിടെ പഠിച്ചു. ആകസ്മികമായിട്ടായിരുന്നു ഉസ്താദിന്റെ നിര്യാണം. തങ്ങള്‍ പഠനം നിര്‍ത്തി വീട്ടില്‍ തിരിച്ചെത്തി.

പേരക്കുട്ടിയെ ഇനി എന്തുചെയ്യണമെന്നാലോചിച്ചിരുന്ന കോയമ്മ തങ്ങള്‍ (പിതാമഹന്‍) അല്‍പനേരം മയങ്ങിപ്പോയി. അപ്പോഴായിരുന്നു സ്വപ്നദര്‍ശനം. 'കുട്ടിയെ ത്വിബ്ബി(ചികിത്‌സ)ലേക്ക് തിരിക്കുക'.

ഞെട്ടിയുണര്‍ന്ന വല്ല്യുപ്പ പേരക്കുട്ടിയെ നല്ലൊരു ചികിത്സകനാക്കാന്‍ തീരുമാനിച്ചു. ചികിത്‌സാരീതികള്‍ പേരക്കുട്ടിക്ക് പഠിപ്പിക്കാന്‍ മകനോട് നിര്‍ദ്ദേശിച്ചു. ഉപ്പയില്‍നിന്ന്  ചികിത്‌സാമുറകള്‍ വശമാക്കിയ ഹാമിദ് കോയമ്മ തങ്ങള്‍ ഈ രംഗത്ത് അഗ്രഗണ്യനായി. ചികിത്‌സക്കായി ജനങ്ങളുടെ പ്രവാഹമായിരുന്നു ബുഖാറയിലെ വസതികളിലേക്ക്.

ചെറുപ്പം മുതല്‍ക്കുതന്നെ കച്ചവടപ്രിയനായ തങ്ങള്‍ വൈദ്യശാല, സോപ്പ് ഫാക്ടറി, കൊപ്ര വ്യാപാരം തുടങ്ങി നിരവധി ഏര്‍പ്പാടുകള്‍ നടത്തിയിട്ടുണ്ട്. പ്രഗത്ഭനായ ഒരു നിമിഷക്കവി കൂടിയായിരുന്നു തങ്ങള്‍. പല പ്രധാന വേളകളിലെയും സംസാരവും കത്തും മറ്റു കാര്യങ്ങളുമെല്ലാം കവിതാരൂപത്തിലാവും. ജീവിതത്തിലെ പ്രധാന വര്‍ഷങ്ങള്‍ ഓര്‍മ്മിച്ചു വെക്കുന്നതില്‍ തങ്ങള്‍ക്ക് വലിയ താത്പര്യമില്ലായിരുന്നു. എങ്കിലും, പിതാമഹന്‍ അന്തരിച്ചപ്പോള്‍, ആ വര്‍ഷത്തിലെ അക്കങ്ങള്‍ തമ്മില്‍ കോര്‍ത്തിണക്കുന്ന ഒരു കവിതാശകലം തങ്ങള്‍ രചിച്ചു. ആ കവിതയിലൂടെ ആ വര്‍ഷം തങ്ങള്‍ കൃത്യമായി ഓര്‍ത്തു വെച്ചു.

താന്‍ രചിച്ച കവിതകളെല്ലാം മനസ്സില്‍ ഓര്‍മ്മിച്ചുവെക്കാറുണ്ടായിരുന്നു അദ്ദേഹം. പേന കൊണ്ടെഴുതുന്നതിനു മുമ്പ് അവ മനസ്സില്‍ കുറിച്ചു വെക്കും. കുവൈറ്റ് യുദ്ധവേളയില്‍ തങ്ങള്‍ ദുബായിലായിരുന്നു. ഭീതിയുടെയും ആശങ്കയുടെയും മുനമ്പില്‍ നില്‍ക്കുന്ന ആ അവസരത്തില്‍ തങ്ങള്‍ മക്കള്‍ക്കയച്ച കത്തിലെ (മലയാള കവിത) വരികള്‍ ചൊല്ലിക്കേള്‍പിച്ചപ്പോള്‍ മിഴിച്ചിരുന്നുപോയി. സാഹിത്യഭംഗിയും ആശയസമ്പത്തും ആ കവിതാത്മകതയും.... അറബികളുടെ ജീവിത അപഭ്രംശങ്ങളും യുദ്ധത്തിലേക്ക് നയിച്ച കാരണങ്ങളും ഇസ്‌ലാം നല്‍കുന്ന മുന്നറിയിപ്പുകളുമൊക്കെ ലിഖിത കാവ്യത്തില്‍ ഉള്‍ക്കൊള്ളിച്ചിരുന്നു. 1940-കളില്‍ സ്വാതന്ത്ര്യത്തിന്റെയും വിഭജനത്തിന്റെയും വേളയില്‍ കമ്മ്യൂണിസത്തിന്റെ രംഗപ്രവേശനവും ഫാഷിസ്റ്റ് വര്‍ഗീയതയുടെ ഭീകരമുഖവും ഇന്ത്യ ദര്‍ശിക്കുകയായിരുന്നു. മുസ്‌ലിം യുവാക്കളെ സമരോത്‌സുകരാക്കാന്‍ അന്ന് തങ്ങളെഴുതി:

''മത സിദ്ധാന്തക്കോട്ടയില്‍ മതിലുടച്ചുമാറ്റുവാന്‍ മനമുറച്ച സംഘമുണ്ടെന്നോര്‍ക്കണം യുവാക്കളേ, നിരീശ്വര ധ്വനി മുഴക്കും അടയരാം സഖാക്കളെ അതിര്‍ത്തി വിട്ടകറ്റിടാന്‍ കുതിച്ചുയര്‍ന്നു നില്‍ക്ക നാം''

വരികള്‍ നീണ്ടുപോകുന്നു. എടുത്തെഴുതേണ്ട കവിതകള്‍ ഇനിയും ധാരാളം. താരാട്ടുകളും മദ്ഹ്ഗാനങ്ങളും ശോകഗീതങ്ങളും....... മനസ്സിന്റെ ത്വര എഴുതുന്നതോടെ സഫലീകരിക്കപ്പെട്ടുവെന്നാണ് തങ്ങളുടെ മതം.

തല്‍സമില്‍ അഗ്രഗണ്യരായിരുന്നു തങ്ങള്‍. മഹാരഥന്‍മാരുടെ മഖാമുകളില്‍ ചെന്നാല്‍ ഉടനെ തവസ്സുലുണ്ടാക്കും- കവിതാ രൂപത്തില്‍. അവക്കൊക്കെ ഉടനെ മറുപടിയും ലഭിക്കാറുണ്ട്. ഏര്‍വാടി, മുത്തുപേട്ട തുടങ്ങിയ മഖാമുകളില്‍നിന്ന് വളരെ വേഗം മറുപടി ലഭിച്ചിരുന്നു.

തങ്ങളുടെ സന്തതസഹചാരി എം.കെ. കുഞ്ഞിമുഹമ്മദ് മുസ്‌ലിയാര്‍ ഒരു സംഭവം വിവരിക്കുന്നു. തങ്ങളും മുസ്‌ലിയാരും അജ്മീരില്‍ താമസിക്കുന്ന സന്ദര്‍ഭം. 'തവസ്സുലും' ഇജാബുമെല്ലാം കിട്ടി.എങ്കിലും അല്‍പം ദിവസംകൂടി തങ്ങാമെന്ന് കരുതി.

മൂന്ന് ദിവസം കഴിഞ്ഞപ്പോള്‍ ഇവര്‍ താമസിക്കുന്ന റൂമിലേക്ക് ഒരാള്‍ ധൃതിയില്‍ കടന്നുവരുന്നത് കണ്ടു. 'ഇത് തന്നെ, ഇത് തന്നെ......' എന്ന് ആഗതന്‍ പറഞ്ഞു കൊണ്ടിരിക്കുന്നു. അടുത്തെത്തിയപ്പോള്‍ ആഗതനെ മനസ്സിലായി. സ്വൂഫിവര്യനായ മര്‍ഹൂം നന്തിയില്‍ മുസ്‌ലിയാര്‍. തങ്ങളുമായി മഹാനവര്‍കള്‍ക്ക് വലിയ ബന്ധമൊന്നുമുണ്ടായിരുന്നില്ല. 'ഇത് തന്നെ'യെന്ന് പറഞ്ഞ് മഹാന്‍ മുറിയിലേക്ക് വന്നതെന്തിനെന്ന് മനസ്സിലായില്ല.

നന്തിയില്‍ മുസ്‌ലിയാര്‍ തന്നെ കാര്യങ്ങള്‍ വിവരിച്ചു. 'ഹസ്ബുനല്ലാഹു'ന്റെ ഇജാസത്തിനു വേണ്ടി തവസ്സ്വുല്‍ ചെയ്തിരിക്കുകയായിരുന്നു. അപ്പോള്‍ സ്വപ്നത്തില്‍ ഖ്വാജാ മുഈനുദ്ദീന്‍ ചിശ്തി(റ) പ്രത്യക്ഷപ്പെട്ട് കോയമ്മ തങ്ങളുടെ രൂപം കാണിച്ച് അദ്ദേഹത്തില്‍നിന്ന് ഇജാസത്ത് വാങ്ങാന്‍ നിര്‍ദ്ദേശിച്ചു. സ്വപ്നത്തില്‍ ദര്‍ശിച്ച മഹാനവര്‍കളെ മൂന്ന് ദിവസമായി അന്വേഷിച്ചുനടക്കുകയായിരുന്നു. ഒടുവില്‍ തങ്ങളെ കണ്ടെത്തിയപ്പോഴാണ് 'ഇത് തന്നെ' യെന്ന് പറഞ്ഞ് ധൃതിയില്‍ കയറിവന്നത്. തങ്ങള്‍ മുസ്‌ലിയാര്‍ക്ക് 'ഹസ്ബുനല്ലാഹ്'യുടെ ഇജാസത്ത് നല്‍കി.

നന്തിയില്‍ മുസ്‌ലിയാര്‍ തന്നെ ഈ സംഭവം പലരോടും പറയുകയും തങ്ങളുടെയടുത്തേക്കയക്കുകയും ചെയ്തിട്ടുണ്ട്. അതുകൊണ്ടാണ് ഞാനീ സംഭവം വെളിപ്പെടുത്തുന്നത് -കുഞ്ഞിമുഹമ്മദ് മുസ്‌ലിയാര്‍ പറഞ്ഞു.

സയ്യിദ് ഹാമിദ് കോയമ്മ തങ്ങളെ 'സമസ്ത' മുശാവറയിലേക്ക് തെരഞ്ഞെടുത്തതിലും വൈസ് പ്രസിഡന്റാക്കിയതിലും ശംസുല്‍ ഉലമാ പ്രത്യേകം താല്പര്യമെടുക്കുകയായിരുന്നു. തൃശൂര്‍ ജില്ലാ ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ്, തൊഴിയൂര്‍ ദാറുല്‍ റഹ്മ യതീംഖാന പ്രസിഡന്റ്, ചാവക്കാട് താലൂക്ക് മുസ്‌ലിം ഓര്‍ഫനേജ് അസോസിയേഷന്‍ പ്രസിഡന്റ്, മാലിക് ദിനാര്‍ ഇസ്‌ലാമിക് കോംപ്ലക്‌സ് ഖജാഞ്ചി, കടപ്പുറം പഞ്ചായത്തിലെ ഇസ്‌ലാമിക വിദ്യാഭ്യാസ സാംസ്‌കാരിക സംരംഭമായ 'ഫോക്‌സ്' പ്രസിഡന്റ്, തന്‍സീഹുല്‍ ഇസ്‌ലാം ചാരിറ്റബ്ള്‍ ട്രസ്റ്റ് പ്രസിഡന്റ്, തിരുവത്ര ഇസ്‌ലാമിക് അക്കാഡമി പ്രസിഡന്റ്  തുടങ്ങി നിരവധി സ്ഥാനങ്ങള്‍ തങ്ങള്‍ വഹിച്ചു. ബുഖാറ കടപ്പുറം പ്രദേശങ്ങളുടെയും മറ്റു നിരവധി മഹല്ലുകളുടെയും നേതൃത്വം തങ്ങളുടെ കരങ്ങളിലായിരുന്നു.

ഏറെക്കാലമായി തൃശൂര്‍ ജില്ലയിലെ സുന്നി പ്രവര്‍ത്തനങ്ങളുടെ നായകത്വം വഹിച്ചത് തങ്ങളാണ്.  1962-ല്‍ കെ.കെ. അബൂബക്ര്‍ ഹസ്രത്തിനൊപ്പമാണ് ഹജ്ജ് നിര്‍വ്വഹിച്ചത്. 1964-ല്‍ പിതാവ് സയ്യിദ് മുഹമ്മദ് കുഞ്ഞിക്കോയ തങ്ങള്‍ അന്തരിച്ചു. സയ്യിദത്ത് റുഖിയ്യ എന്ന കുഞ്ഞിബീവിയാണ് ഭാര്യ. എട്ട് മക്കള്‍. ആറ് ആണും രണ്ട് പെണ്ണും. ജലാലുദ്ദീന്‍ തങ്ങള്‍, ഹുസൈന്‍ തങ്ങള്‍, സക്കീന ബീവി, സൈനുല്‍ ആബിദീന്‍ തങ്ങള്‍, ബീക്കുട്ടി ബീവി, കുഞ്ഞിക്കോയ തങ്ങള്‍, മുഹ്‌സിന്‍ തങ്ങള്‍, മുഈനുദ്ദീന്‍ തങ്ങള്‍. സക്കീന ബീവിയെ പൂക്കോയ തങ്ങളും ബീക്കുട്ടിബീവിയെ ഹിബത്തുല്ല തങ്ങളുടെ പുത്രന്‍ ജലാലുദ്ദീന്‍ തങ്ങളുമാണ് വിവാഹം ചെയ്തത്. ചാവക്കാട് ബുഖാറയില്‍ സാദാത്തീങ്ങള്‍ അന്ത്യവിശ്രമം കൊള്ളുന്ന തന്റെ വസതിക്കു മുമ്പിലുള്ള മഖ്ബറയിലാണ് അദ്ദേഹത്തിന്റെ ഖബ്ര്‍.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter