മര്‍ഹൂം ഡോ.യു.ബാപ്പുട്ടി ഹാജി
1952 കാലഘട്ടം, മലപ്പുറം ജില്ലയിലെ ചെമ്മാട് എന്ന പ്രദേശം ഇന്നത്തെ പോലെ വികസനമോ വിദ്യഭ്യാസ സമുച്ചയങ്ങളോ വളര്‍ന്നുവന്നിട്ടില്ല, കാളവണ്ടികള്‍ പോകുന്ന കാലം, വിജ്ഞാനപരമായി വലിയ ഉയര്‍ച്ചയൊന്നും നാട് കൈവരിച്ചിട്ടില്ല, നാടിന്റെ ശോചനീയാവസ്ഥ മനസ്സിലാക്കിയ 22 വയസ്സുകാരനായ ഒരു ചെറുപ്പക്കാരന്‍ കഴിവിന്റെ പരമാവധി ജനങ്ങളെ ഒരുമിച്ചു കൂട്ടി, അല്ലാഹുവിനെ മാത്രം തവക്കുലാക്കി ആത്മാര്‍ത്ഥമായി ജനങ്ങളോട് ഇങ്ങനെ പറഞ്ഞു,
'പ്രിയപ്പെട്ട സുഹൃത്തുക്കളെ, നമ്മള്‍ മുസ്‌ലിംകളാണ്, ഈ നാടിനെ നന്നാക്കാന്‍ എല്ലാവരെക്കാളും ബന്ധപ്പെട്ടവരാണ് നമ്മള്‍, പക്ഷേ ഈ പോക്ക് പോയാല്‍ അവസ്ഥ വളരെ കഷ്ടമായിരിക്കും, ഇസ്‌ലാമിനെ കുറിച്ച് നല്ലപോലെ മനസ്സിലാക്കാന്‍ പോലും നമ്മളാരും വേണ്ടപോലെ തയ്യാറാകുന്നില്ല. ശരിയായി നിസ്‌കരിക്കാന്‍ പോലുമറിയാത്ത എത്രയാളുകളാണ് നമ്മുടെ നാട്ടിലുള്ളത്? ഇന്നോ നളെയോ ആയി മരിച്ചു പോകാനുള്ളവരെല്ലേ നമ്മളെല്ലാം, ഇങ്ങനെയായാല്‍ അല്ലാഹുവിന് മുമ്പില്‍ എങ്ങനെയാണ് നമുക്ക് സമാധാനം പറയാന്‍ കഴിയുക, ഇല്ല ഇതൊന്നും ഇനി നമ്മുടെ നാട്ടില്‍ സംഭവിച്ചുകൂടാ, ഇതിനൊക്കെ മാറ്റം വരണം'
ചെമ്മാട് എന്ന ആ പ്രദേശം അധികം വൈകാതെ, കേരളത്തിലെ തന്നെ ഒരു മാതൃക മഹല്ലായി രൂപപ്പെടുന്ന അല്‍ഭുതകാഴ്ചയാണ് പിന്നീട് കേരളം കണ്ടത്. സമസ്ത സെക്രട്ടറിയായിരുന്ന ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‍ലിയാര്‍ അടക്കമുള്ള പ്രഗല്‍ഭപണ്ഡിതരുടെ ദര്‍സുകളും അതിന് മകുടം ചാര്‍ത്തി. അവക്കെല്ലാം പിന്നില്‍, ആ മഹാമനീഷിയുടെ കാഴ്ചപ്പാടുകളും അശ്രാന്തവും നിസ്വാര്‍ത്ഥവുമായ പരിശ്രമവും എല്ലാത്തിലുമുപരി അല്ലാഹുവിന്റെ പ്രീതി മാത്രം ലക്ഷ്യം വെച്ച നിറഞ്ഞ ഇഖ്‍ലാസുമായിരുന്നു.
ആ സ്വപ്നസാക്ഷാല്‍കാരം സംഘടനാരംഗത്തും ഏറെ ശ്രദ്ധിക്കപ്പെട്ടു. 1976 ല്‍ തിരൂര്‍ മേഖല ജംഇയ്യത്തുല്‍ ഉലമയുടെ സമ്മേളനം എടക്കുളത്തും ചെമ്മാട്ടുമായി നടത്താന്‍ തീരുമാനിച്ചു. ചെമ്മാട്ടെ കാര്യങ്ങള്‍ തീരുമാനിക്കാനുള്ള സമിതിയില്‍ ബാപ്പുട്ടി ഹാജിയുമുണ്ടായിരുന്നു. സി.എച്ച് ഹൈദ്രോസ് മുസ്‌ലിയാര്‍ , എം.എം ബശീര്‍ മുസ്‌ലിയാര്‍, ശൈഖ് അലി മുസ്‌ലിയാര്‍, കുഞ്ഞീന്‍ മുസ്‌ലിയാര്‍ എന്നീ പ്രമുഖരുടങ്ങുന്ന ആ സമിതിയിലാണ് ബാപ്പുട്ടിഹാജി തന്റെ മാതൃക മഹല്ല് എന്ന നടപ്പിലാക്കി വിജയിച്ച ആശയം കേരളത്തിലാകമാനം നടപ്പിലാക്കാനായി മുന്നോട്ട് വെക്കുന്നത്.
മഹല്ലുകളുടെയും മദ്രസകളുടെയും പ്രവര്‍ത്തനം ഏകോപിപ്പിക്കലും ദര്‍സുകള്‍ കാര്യക്ഷമമാക്കലുമായിരുന്നു ഇതിന്റെ രത്നച്ചുരുക്കം. മഹല്ലുകളെ ഏകോപിപ്പിക്കുന്ന ആശയത്തിന് തുടക്കത്തില്‍ എതിര്‍പ്പുകള്‍ വന്നെങ്കിലും ചാപ്പനങ്ങാടി ബാപ്പു മുസ്‌ലിയാരുടെ അംഗീകാരത്തോടെ അത് സര്‍വ്വാത്മനാ സ്വീകരിക്കപ്പെട്ടു.
1976ഏപ്രില്‍ 26 ന് ചെമ്മാട് ചേര്‍ന്ന സമസ്ത തിരൂര്‍ താലൂക്ക് സമ്മേളനത്തില്‍ തിരൂരങ്ങാടി മേഖല അനൗദ്യോഗികമായി സുന്നി മഹല്ല് ഫെഡറേഷന്‍ രൂപീകരിച്ചു. എം.എം ബശീര്‍ മുസ്‌ലിയാരും, സി.എച്ച് ഹൈദ്രോസ് മുസ്‌ലിയാരും ബാപ്പുട്ടി ഹാജിയും അര്‍പ്പണബോധവും കര്‍മ്മനൈര്യന്തര്യവും കൈമുതലാക്കി പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നു. 1977 ല്‍ സമസ്ത ജില്ലാ സമ്മേളനത്തില്‍ സുന്നി മഹല്ല് ഫെഡറേഷന്‍ ജില്ലാ കമ്മറ്റി ഔദ്യോഗികമായി നിലവില്‍ വന്നു. പ്രഥമ കമ്മറ്റിയില്‍തന്നെ ഡോ. യു ബാപ്പുട്ടി ഹാജി ട്രഷറര്‍ ആയി തെരഞ്ഞെടുക്കപ്പെട്ടു.
1980 കളില്‍ എസ്.എം.എഫിന് കീഴില്‍ മാതൃക ദര്‍സ് നടപ്പിലാക്കി. വിവിധ കാരണങ്ങളാല്‍ പദ്ധതി വേണ്ടത്ര വിജയിച്ചില്ലെങ്കിലും ബാപ്പുട്ടിഹാജിയും സഹപ്രവര്‍ത്തകരും പിന്മാറാന്‍ തയ്യാറല്ലായിരുന്നു. കാരണങ്ങള്‍ പഠിച്ച് മനസ്സിലാക്കി അതിനുള്ള പരിഹാരം എന്തെന്നായി പിന്നീട് അവരുടെ ചിന്തകളെല്ലാം. 1983-ല്‍ കോട്ടക്കല്‍ ടൂറിസ്റ്റ് ഹോമില്‍ എം.എം ബശീര്‍ മുസ്‍ലിയാര്‍, സി.എച്ച് ഹൈദ്രോസ് മുസ്‌ലിയാര്‍, ഡോ.യു ബാപ്പുട്ടി ഹാജി, ചെമ്മുക്കന്‍ കുഞ്ഞാപ്പു ഹാജി, പുലിക്കോട് കെ.എം സൈതലവി ഹാജി എന്നീ അഞ്ച് പേര്‍ ചേര്‍ന്ന യോഗം അതിനൊരു ശാശ്വത പരിഹാരം കാണുന്നതിലെത്തിപ്പെട്ടു. പുതിയ കാലത്തേിന്റെ വെല്ലുവിളികളോട് സംവദിക്കാന്‍ കഴിയുന്ന രീതിയില്‍ മതപ്രബോധകരെ വാര്‍ത്തെടുക്കുന്ന മതഭൗതിക സമന്വയ സ്ഥാപനം വേണമെന്ന, കേരളത്തിന് അതുവരെ അപരിചിതമായിരുന്ന ആശയത്തിന് വിത്ത് പാകുന്നത് അതോടെയായിരുന്നു, അഥവാ, ദാറുല്‍ഹുദാ അവിടെ പിറവിയെടുക്കുകയായിരുന്നു. 1983 ഡിസംബര്‍ 25 ന് ദാറുല്‍ ഹുദക്ക് ശിലാസ്ഥപനം നിര്‍വഹിച്ചതോടെ, പിന്നീട് ബാപ്പുട്ടി ഹാജിയുടെ ഓരോ ദിവസവും തുടങ്ങുന്നതും ഒടുങ്ങുന്നതും ആ ചിന്തകളില്‍ മാത്രമായിരുന്നു.
Also Read:ദാറുല്‍ ഹുദാ ഇസ് ലാമിക് യൂണിവേഴ്‌സിറ്റി
എതിര്‍പ്പുകളെയും ആക്ഷേപഹാസ്യങ്ങളെയും വകവെക്കാതെ അല്ലാഹുവിന് വേണ്ടിയുള്ള ആത്മാര്‍ത്ഥയുള്ള പ്രവര്‍ത്തനമായിരുന്നു ബാപ്പുട്ടി ഹാജിയെ മുന്നോട്ട് നയിച്ചത്. 1986 ജൂണ്‍ 25 ദാറുല്‍ഹുദയില്‍ പഠനമാരംഭിച്ചു. 1987 ല്‍ കുറ്റിപ്പും സമ്മേളനത്തോടെ എസ്.എം.എഫിന് സംസ്ഥാന കമ്മറ്റി നിലവില്‍ വരുന്നത്, ഈ കമ്മററിയുടെയും പ്രഥമ ട്രഷറര്‍ ഡോ.യു.ബാപ്പുട്ടി ഹാജിയായിരുന്നു.
ജനനവും വിദ്യഭ്യാസവും
കേരളീയ മതവിദ്യഭ്യാസ നവോത്ഥാന ചാലകശക്തിയായ ഡോ. യു.ബാപ്പുട്ടി ഹാജിയുടെ ജനനം 1929 ലാണ്. ഉള്ളാട്ട് കുഞ്ഞാലന്‍ കുട്ടി വൈദ്യര്‍ പിതാവും പുതുക്കുടി കുഞ്ഞിക്കദിയുമ്മ മതാവുമാണ്. പ്രമുഖ വൈദ്യര്‍ കുടുംബമായിരുന്നു ഹാജിയാരുടേത്. കുഞ്ഞവറാന്‍ കുട്ടി എന്നതാണ് ശരിയായ പേര്. എല്ലാ കാര്യങ്ങളിലും കൃത്യനിഷ്ഠതയും കണിശതയുമുള്ള വ്യക്തിയായിരുന്നു ഹാജിയാരുടെ പിതാവ്. പിതാവില്‍ നിന്ന് കാര്യങ്ങളെല്ലാം കൃത്യതയോടെ മനസ്സിലാക്കിയ ഹാജിയാര്‍ ഓത്തുപള്ളിയില്‍ നിന്ന് ഖുര്‍ആന്‍ പഠിച്ചുകൊണ്ടാണ് ഔദ്യോഗിക പഠനാരംഭം കുറിച്ചത്. എസ്.എസ്.എല്‍.എസിക്ക് ശേഷം കോട്ടക്കല്‍ ആര്യ വൈദ്യശാലയില്‍ നിന്ന് വൈദ്യപഠനവും പൂര്‍ത്തിയാക്കി. ഔദ്യോഗിക മതപഠനകാലം കഴിഞ്ഞെങ്കിലും ശേഷം ഒഴിവ് വേളകളിലെല്ലാം മുദരിസുമാരുടെ അടുത്ത് നിന്ന് മതവിജ്ഞാനം കരസ്ഥമാക്കാനും ഹാജിയാര്‍ മടിച്ചു നിന്നില്ല, ചെമ്മാട് മഹല്ലില്‍ നിന്ന് തുടങ്ങിയ ഹാജിയാരുടെ പ്രവര്‍ത്തനം കേരളീയ വിദ്യാഭ്യാസ നവോത്ഥാന മണ്ഡലത്തില്‍ ജ്വലിച്ച് നില്‍ക്കുന്നതായിരുന്നു.
വഹിച്ച സ്ഥാനങ്ങള്‍
ഏല്‍പിക്കപ്പെട്ട ഉത്തരവാദിത്വങ്ങള്‍ ആത്മാര്‍ത്ഥയോടെ അല്ലാഹുവിനെ തവക്കുലാക്കി ഹാജിയാര്‍ നിര്‍വ്വഹിച്ചു. ചെമ്മാട് ദാറുല്‍ ഹുദ ജനറല്‍ സെക്രട്ടറി, സമസ്ത കേരള സുന്നി മഹല്ല് ഫെഡറേഷന്‍ സംസ്ഥാന ട്രഷറര്‍, മലപ്പുറം ജില്ലാ ട്രഷറര്‍, ചെമ്മാട് ഖിദ്മത്തുല്‍ ഇസ്‌ലാം മദ്‌റസ പ്രസിഡണ്ട്, വിദ്യാഭ്യാസ ബോര്‍ഡ് എക്‌സിക്യുട്ടീവ് മെമ്പര്‍, മജ്‌ലിസുദ്ദഅ്‌വത്തില്‍ ഇസ്‌ലാമിയ്യ പ്രസിഡണ്ട്, താനൂര്‍ ഇസ്‌ലാഹുല്‍ ഉലൂം അറബിക് കോളേജ് ട്രഷറര്‍, തുടങ്ങിയ സ്ഥാനങ്ങളാണ് ബാപ്പുട്ടി ഹാജി വഹിച്ചിരുന്നത്. സമുദായത്തിന്റെ സമ്പത്ത് കൈകാര്യം ചെയ്യുന്നതില്‍ ഹാജിയാര്‍ പ്രത്യേക സൂക്ഷ്മത പുലര്‍ത്തി. സംഘടനക്ക് വേണ്ടിയും സമുദായത്തിനും വേണ്ടിയും ഓടി നടക്കുമ്പോഴും സ്വന്തം പണം തന്നെ വിനിയോഗിച്ചു.
വഫാത്ത്
ജീവിതം മുഴുവന്‍ സമുദായത്തിന് വേണ്ടി ഉഴിഞ്ഞുവെച്ച ആ മഹാമനീഷി തന്റെ 74-ാം വയസ്സില്‍ 2003 ജൂലൈ 22ന് (ഹി. 1423 ജുമാദല്‍ഊല 22ന്) ചൊവ്വാഴ്ച വൈകുന്നേര സമയത്താണ് നാഥനിലേക്ക് യാത്രയായത്. ദാറുല്‍ഹുദ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റി മസ്ജിദ് സമീപം തന്നെയാണ് ഖബര്‍ സ്ഥിതി ചെയ്യുന്നത്.
റഫറന്‍സ്
-ബാപ്പുട്ടി ഹാജി കര്‍മ്മം നിഴല്‍ നിന്ന ജീവിതം, മോയിന്‍ മലയമ്മ
-101 നവോഥാന നായകന്മാര്‍,പിണങ്ങോട് അബൂബക്കര്‍
-സമസ്ത ചരിത്രത്തിന്റെ നാള്‍വഴികള്‍-സ്വാദിഖ് ഫൈസി താനൂര്‍
Leave A Comment