അല്‍ജീരിയ
ആഫ്രിക്കയിലെ ഒരു മുസ്‌ലിം രാഷ്ട്രം. ഔദ്യോഗിക നാമം ഡെമോക്രാറ്റിക് പോപ്പുലര്‍ റിപ്പബ്ലിക് ഓഫ് അല്‍ജീരിയ. തലസ്ഥാനം അള്‍ജിയേഴ്‌സ്. വടക്ക് മെഡിറ്ററേനിയന്‍ കടലും തെക്ക് നൈജറും മാലിയും മൗരിത്താനിയയും കിഴക്ക് ടുണീഷ്യയും ലിബിയയും പടിഞ്ഞാറ് മൊറോക്കോയും സ്ഥിതിചെയ്യുന്നു. 23,81,741 ച.കി.മീറ്ററാണ് വിസ്തൃതി. രാഷ്ട്രത്തിന്റെ അഞ്ചില്‍ നാലു ഭാഗവും സഹാറ മരുഭൂമിയാണ്. 2012 ലെ കണക്കനുസരിച്ച് ജനസംഖ്യ 37,100,000 വരും. 99 ശതമാനവും മുസ്‌ലിംകളാണ്. അറബ്-ബെര്‍ബര്‍ വിഭാഗക്കാരാണിവര്‍. ബാക്കിവരുന്ന ഒരു ശതമാനം യൂറോപ്യന്‍ ക്രിസ്ത്യാനികളോ ജൂതന്മാരോ ആണ്. നാണയം ദീനാര്‍. ഭൂരിപക്ഷം അറബി ഭാഷ സംസാരിക്കുന്നു. ഫ്രഞ്ച്, ബര്‍ബര്‍ തുടങ്ങിയവയാണ് പ്രചാരത്തിലുള്ള മറ്റു ഭാഷകള്‍.
ചരിത്രം:
പതിനാറാം നൂറ്റാണ്ടിന്റെ ആദ്യ ഘട്ടത്തില്‍ ഉസ്മാനികള്‍ ഭരണത്തില്‍ വരുന്നതുവരെ അല്‍ മഗ്‌രിബുല്‍ ഔസഥ് (മധ്യമ മഗ്‌രിബ്) എന്നാണ് അല്‍ജീരിയ അറിയപ്പെട്ടത്. അവര്‍ തീരദേശ പ്രദേശമായ ജസാഇറു ബനീ മുസ്ഗിന ഭരണത്തിന്റെ ആസ്ഥാനമായി തെരഞ്ഞെടുത്തു. അടുത്തായി ധാരാളം ചെറിയ ദ്വീപുകളുണ്ടായിരുന്നതിനാലാണ് നഗരത്തിന് അല്‍ജസാഇര്‍ (ദ്വീപുകള്‍) എന്ന പേരു ലഭിച്ചത്. അല്‍ ജസാഇറിന്റെ യൂറോപ്യന്‍ ഭാഷ്യമാണ് അല്‍ജീരിയ. ആദിവാസികളായ ബെര്‍ബര്‍ വര്‍ഗവും കുടിയേറ്റക്കാരായ ഫിനീഷ്യക്കാരുമാണ് അല്‍ജീരിയയിലെ ആദ്യകാല വാസക്കാര്‍. പിന്നീട്, ഫിനീഷ്യക്കാരെ പരാജയപ്പെടുത്തി പൂര്‍വ്വ റോമാ സാമ്രാജ്യം ബി.സി. 145 ല്‍ അധികാരത്തില്‍ വന്നു. ഏഴാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ദ്ധത്തില്‍ ഊജിപ്തില്‍നിന്നും മുസ്‌ലിംകള്‍ ഈ പ്രദേശത്തേക്കു കുടിയേറുകയും ബൈസാന്തിയന്‍ സാമ്രാജ്യത്തെ പരാജയപ്പെടുത്തി അല്‍ജീരിയയെ ഉമവി ഖിലാഫിത്തിന് കീഴിലാക്കുകയും ചെയ്തു. എ.ഡി. 742 ല്‍ അനേകം നാട്ടുരാജ്യങ്ങള്‍ അല്‍ജീരിയയില്‍ രൂപം കൊണ്ടു. താഹര്‍ത്ത് കേന്ദ്രമാക്കി റുസ്തമികളും ഖൈറുവാന്‍ കേന്ദ്രമാക്കി അഖ്‌ലാബിദികളും ഭരണമാരംഭിച്ചു. ഇതേ സമയത്ത് ശിയാ വിഭാഗക്കാരായ ഫാഥിമികളും ശക്തിയാര്‍ജ്ജിച്ചു. തുടര്‍ന്ന് രാജ്യത്ത് അഭ്യന്തര കലാപങ്ങള്‍ അരങ്ങേറി. അതിനിടെ, സ്‌പെയ്ന്‍ അല്‍ജീരിയയുടെ പല ഭാഗങ്ങളും കീഴടക്കി. 1518 ല്‍ സ്‌പെയ്‌നിനെ പരാജയപ്പെടുത്തി തുര്‍ക്കി അധീശത്വമുറപ്പിച്ചു. തുടര്‍ന്നുള്ള മൂന്നു നൂറ്റാണ്ടുകാലം അല്‍ജീരിയ ഒട്ടോമന്‍ ഭരണത്തിനു കീഴിലായിരുന്നു.
മതരംഗം:
ക്രിസ്തു വര്‍ഷം ഏഴാം നൂറ്റാണ്ടില്‍ മുആവിയ (റ) പറഞ്ഞയച്ച ഉഖ്ബത്ത് ബ്‌നു നാഫിഅ് (റ) ന്റെ നേതൃത്വത്തിലുള്ള മുസ്‌ലിം ജ്ഞാനികളാണ് അല്‍ജീരിയ ഉള്‍പെടുന്ന പ്രദേശത്ത് ഇസ്‌ലാം പ്രചരിപ്പിച്ചത്. ഈ നാടിന്റെ സാംസ്‌കാരിക വളര്‍ച്ചക്ക് അടിത്തറ പാകിയതും അവരായിരുന്നു. പതിനാറാം നൂറ്റാണ്ടില്‍ രാജ്യം സ്‌പെയ്ന്‍ കാരില്‍നിന്നും മോചിതമായി ഉസ്മാനി ഖിലാഫത്തിനു കീഴില്‍ വരുന്നതോടെയാണ് ഇസ്‌ലാം ഇവിടെ പൂര്‍ണ പ്രചാരം നേടുന്നത്. അല്‍ജീരിയയിലെ മുസ്‌ലിംകളില്‍ 99 ശതമാനവും മാലികി മദ്ഹബ് പിന്‍പറ്റുന്ന സുന്നികളും ശേഷിക്കുന്നവര്‍ ഇബാദിയ്യാക്കളുമാണ്. ഖാദിരിയ്യ, ശാദുലിയ്യ, വസ്സാനിയ്യ തുടങ്ങിയ ഥരീഖത്തുകള്‍ക്ക് ജനങ്ങള്‍ക്കിടയില്‍ സ്വാധീനമുണ്ട്.
രാഷ്ട്രീയരംഗം:
1830 അല്‍ജീരിയ ഫ്രഞ്ച് അധിനിവേശത്തിനു കീഴില്‍ വന്നു. 1962 ല്‍ സ്വതന്ത്രമായി. പിന്നീടു വന്ന വിപ്ലവ ഗവണ്‍മെന്റ് ഭരണത്തിന്റെ സിരാകേന്ദ്രം ടൂണിസില്‍നിന്നും അള്‍ജിയേഴ്‌സിലേക്കു മാറ്റി. സ്വാതന്ത്ര്യ സമരകാലത്ത് രൂപീകൃതമായ എഫ്.എല്‍.എന്‍ എന്ന ദേശീയ സംഘടനയുടെ കീഴിലാണ് പിന്നീട് ഭരണമുണ്ടായിരുന്നത്. ക്രമേണ അതിനെതിരെ ശബ്ദമുയരുകയും ബഹുപാര്‍ട്ടി സംവിധാനം നിലവരികയും ചെയ്തു. 1965 മുതല്‍ 1978 വരെ പട്ടാള ഭരണം നടന്നു. 1988 മുതല്‍ പുതിയ ഭരണ ഘടന നിലവില്‍ വന്നു. പാര്‍ലമെന്ററി രൂപത്തിലുള്ള ഭരണ വ്യവസ്ഥയാണ് അല്‍ജീരിയയിലുള്ളത്. എക്‌സിക്യുട്ടീവിന്റെ തലവന്‍ പ്രസിഡണ്ടും മന്ത്രിസഭാ അദ്ധ്യക്ഷന്‍ പ്രധാനമന്ത്രിയുമാണ്. 261 അംഗങ്ങളുള്ള നാഷ്ണല്‍ പീപിള്‍സ് അസംബ്ലിയാണ് നിയമ നിര്‍മാണ സഭ. ബഹു കക്ഷി സമ്പ്രദായമാണ് ഇപ്പോള്‍ നിലനില്‍ക്കുന്നത്. പ്രസിഡണ്ട് അബ്ദുല്‍ അസീസ് ബുത്തഫ്‌ലിക, പ്രധാനമന്ത്രി അബ്ദുല്‍ മലിക് സലാല്‍.
Leave A Comment