എരിത്രിയ
ഒരു മുസ്‌ലിം ഭൂരിപക്ഷ ആഫ്രിക്കന്‍ രാഷ്ട്രം. ഔദ്യോഗിക നാമം സ്റ്റേറ്റ് ഓഫ് എരിത്രിയ. വടക്കു കിഴക്കന്‍ ആഫ്രിക്കയില്‍ ചെങ്കടല്‍ തീരത്ത് സ്ഥിതിചെയ്യുന്നു. പടിഞ്ഞാറ് സുഡാനും കിഴക്ക് എത്യോപ്യയും തെക്കു-കിഴക്ക് ജിബൂട്ടിയും അയല്‍ നാടുകളാണ്. വിസ്തീര്‍ണ്ണം 1,17,600 ച.കി.മീറ്റര്‍. നാണയം: നാഫ്ക. തലസ്ഥാനം: അസ്മറ. ജനസംഖ്യ 5,824,000. എഴുപത്തിയഞ്ചു ശതമാനം മുസ്‌ലിംകളാണ്. ക്രൈസ്തവരും ബഹുദൈവ വിശ്വാസികളായ തദ്ദേശീയരുമാണ് ബാക്കിയുള്ളവര്‍. ടിഗ്രിന്യ, അറബി എന്നിവയാണ് പ്രധാന ഭാഷകള്‍.
ചരിത്രം:
ഉത്തര പൂര്‍വ്വാഫ്രിക്കന്‍ രാജ്യമായ എരിത്രിയയില്‍ ക്രിസ്തുവിനു മുമ്പുതന്നെ അറേബ്യന്‍ ഉപദ്വീപിന്റെ തെക്കു നിന്നും കുടിയേറ്റ സംഘങ്ങള്‍ എത്തിതുടങ്ങി. ഭൂമിശാസ്ത്ര പരമായ പ്രാധാന്യം നിമിത്തം ഈ ദേശത്തിന്റെ സൗകര്യങ്ങള്‍ മനസ്സിലാക്കിയായിരുന്നു അവരുടെ വരവ്. എരിത്രിയയിലെ ആദിമ നിവാസികള്‍ നീഗ്രോകളാണെന്ന് അനുമാനിക്കപ്പെടുന്നു. പിന്നീട് വന്ന സെമിറ്റിക് വിഭാഗങ്ങളുമായി അവര്‍ വിവാഹ ബന്ധത്തിലേര്‍പ്പെടുകയും തല്‍ഫലമായി അല്‍ഹബശ എന്ന പുതിയൊരു വിഭാഗം രൂപപ്പെടുകയും ചെയ്തു. എ.ഡി. പതിനൊന്നാം നൂറ്റാണ്ടില്‍ അവിടെ ചെറിയ മുസ്‌ലിം ഭരണകൂടങ്ങള്‍ നിലവില്‍ വന്നു. അതോടെ എത്യോപ്യയിലെ ക്രൈസ്തവരും ഇവരും തമ്മില്‍ നിരന്തരമായ സംഘട്ടനം ആരംഭിച്ചു. 1960 എരിത്രിയ എത്യോപ്യയുടെ ഒരു കോളനിയായി മാറി. 1967, 1970, 1975 കാലങ്ങളില്‍ റഷ്യന്‍ സഹായത്തോടെ അവര്‍ ഇവിടത്തെ മുസ്‌ലിംകളെ ശക്തമായി പീഢിപ്പിച്ചു. 1991 ല്‍ വിപ്ലവകാരികള്‍ ഒരു സ്വതന്ത്ര ഗവണ്‍മെന്റിന് രൂപം നല്‍കി.
മതരംഗം:
എത്യോപ്യന്‍ ഭരണാധികാരിയായിരുന്ന നജാശിയുടെ കാലത്താണ് എരിത്രിയയില്‍ ഇസ്‌ലാം കടന്നുവരുന്നത്. പ്രവാചകരുടെ കാലത്തു നടന്ന വിശ്വാസികളുടെ ചരിത്ര പ്രസിദ്ധമായ അബ്‌സീനിയന്‍ പലായനത്തോടുകൂടിയായിരുന്നു ഇത്. പിന്നീട് ഉമര്‍ (റ) വിന്റെ കാലത്തും അവിടേക്ക് മുസ്‌ലിം കുടിയേറ്റം ശക്തമാവുകയും ഇസ്‌ലാമിക പ്രവര്‍ത്തനങ്ങള്‍ സജീവമാവുകയും ചെയ്തു. ഘട്ടം ഘട്ടമായുണ്ടായ ഇത്തരം കടന്നുവരവിലൂടെ വ്യത്യസ്ത അറബ് വംശങ്ങള്‍ അവിടെ എത്തുകയും തദ്ദേശീയരുമായുള്ള വിവാഹ ബന്ധത്തിലൂടെ പുതിയൊരു തലമുറ ജന്മമെടുക്കുകയുമായിരുന്നു.
രാഷ്ട്രീയരംഗം:
1993 ല്‍ എരിത്രിയ സ്വതന്ത്രമായി. പക്ഷെ, സ്വാതന്ത്ര്യാനന്തര എരിയത്രക്ക് തങ്ങളുടെ ലക്ഷ്യങ്ങള്‍ സാക്ഷാല്‍കരിക്കാനായില്ല. ക്രൈസ്തവനായ അസിയാസ് അഫ്രൂക്കിയാണ് ശേഷം ഭരണത്തില്‍ വന്നത്. എത്യോപ്യയുമായും ഇസ്രായേലുമായും നല്ല ബന്ധമുള്ള ആളായിരുന്നു അദ്ദേഹം. തന്റെ രാഷ്ട്രത്തെ ക്രൈസ്തവ വത്കരിക്കാനായിരുന്നു അദ്ദേഹത്തിന്റെ ശ്രമങ്ങള്‍ മുഴുവനും. തങ്ങളുടെ പ്രതാപം വീണ്ടെടുക്കാന്‍ നടത്തുന്ന രണ്ടാം സ്വാതന്ത്ര്യ സമരത്തിന്റെ പാതയിലാണ് അവിടത്തെ മുസ്‌ലിംകളിന്ന്.
Leave A Comment