നിസ്‌കാരം വിശ്വാസിയുടെ മിഅ്‌റാജ്

''നിസ്‌കാരം വിശ്വാസിയുടെ മിഅ്‌റാജാകുന്നു'' എന്ന് പല പൌരാണിക പണ്ഡിതരും അവരുടെ ഗ്രന്ഥങ്ങളില്‍ നിസ്‌കാരത്തിന്റെ മഹത്ത്വം വിവരിക്കുന്നിടത്ത് ഉദ്ധരിച്ചതായി കാണാം. എന്നാല്‍ മദ്ഹരി, റൂഹുല്‍ ബയാന്‍, ഇമാം റാസി, തഫ്‌സീറുന്നൈസാബൂരി, നഖ്ജുവാനി, അബുസ്സൂഊദ് തുടങ്ങി പലരും ഇത് റസൂല്‍ (സ)യുടെ വാക്കായിട്ടു തന്നെയാണ് ഉദ്ധരിക്കുന്നത്. 

നബി(സ)യുടെ ജീവിതത്തില്‍ ഏറ്റവും പ്രധാനപ്പെട്ടതും ശ്രേഷ്ഠവുമായ രാത്രിയായിരുന്നു മിഅ്‌റാജ് രാവ്. ജിബ്‌റീല്‍ (അ), റസൂലിന്റെ നെഞ്ച് പിളര്‍ന്ന് ഹൃദയമെടുത്ത് സംസം വെള്ളം കൊണ്ട് ശുദ്ധീകരിച്ചതിനു ശേഷമായിരുന്നു ആ യാത്ര ആരംഭിച്ചത്. റസൂല്‍(സ)യുടെ ഹൃദയം ആദ്യമേ സംശുദ്ധമായിരുന്നു. എങ്കിലും പ്രപഞ്ച സ്രഷ്ടാവിനെ നേരില്‍ കാണാനും സംസാരിക്കാനുമുള്ള ഈ അമാനുഷിക യാത്രക്കൊരുങ്ങുമ്പോള്‍ ഒരു ശുദ്ധീകരണം അതിന്റെ മര്യാദയുടെ ഭാഗമാണല്ലോ. പിന്നീട് ബുറാഖിലേറി മസ്ജിദുല്‍ അഖ്‌സായിലേക്കും അവിടെ നിന്ന് ഏഴു ആകാശ ലോകങ്ങളിലേക്കും പിന്നീട് സിദ്‌റതുല്‍ മുന്തഹായും കടന്ന് കുര്‍സിയും അര്‍ശും കഴിഞ്ഞ് ലൌഹു ഖലമുകള്‍ക്കു ശേഷം 'ഖാബഖൌസൈനി' എന്നു ഖുര്‍ആന്‍ വിശേഷിപ്പിച്ചതു പോലെ അല്ലാഹുമായുള്ള സാമീപ്യത്തിന്റെ ഏറ്റവും സാധ്യമായ അത്യുന്നതിയിലെത്തി. അല്ലാഹുവിനോട് മാധ്യമങ്ങളില്ലാതെ സംസാരിക്കുകയും അല്ലാഹുവിനെ നേരിട്ട് തിരുദര്‍ശനം  നടത്തുകയും ചെയ്തു. 
പതിനെട്ടായിരം അല്ലെങ്കില്‍ അതിലപ്പുറം ലോകങ്ങളും അല്ലാഹുവിന്റെ അതീവരഹസ്യസങ്കേതങ്ങളും അവയുടെ സര്‍വ്വ ലാവണ്യങ്ങളും റസൂല്‍(സ)യുടെ മുന്നില്‍ തുറന്നിട്ടിരുന്നുവെങ്കിലും റസൂല്‍(സ) യുടെ ദൃഷ്ടി അതിലേക്കൊന്നും ലവലേശം തിരിഞ്ഞുപോയില്ല. അല്ലാഹുവിന്റെ ജലാല്‍-ജമാലുകളില്‍ മാത്രം കേന്ദ്രീകൃതമായിരുന്നു. അപ്പോഴവിടന്ന് സ്വന്തത്തിന്റെ തന്നെ നിര്‍മ്മൂലതയിലെത്തിയിരുന്നു. തന്റ സ്രഷ്ടാവും യജമാനനും മഹ്ബൂബുമായ അല്ലാഹുവിനെ ദര്‍ശിക്കുമ്പോഴുള്ള നിര്‍വൃതിയുടെ ഉത്തുംഗതയിലെത്തിയപ്പോള്‍  ആന്തരികമായ ഒരു സംഭാഷണം നടക്കുകയുണ്ടായി. ''അല്ലാഹുവേ, എന്നെയിനി ആ പ്രാരാബ്ധങ്ങളുടെ ലോകത്തേക്ക് മടക്കരുതേ. ഭൌതിക പ്രതിഭാസങ്ങളുടെയും ശാരീരികേഛകളുടെയും ബന്ധനങ്ങളിലേക്ക് എന്നെ തള്ളിയിടരുതേ.'' ഈ സമയത്ത് അല്ലാഹുവിന്റെ വിജ്ഞാപനമുണ്ടാകുന്നു. ''പക്ഷേ, മത നിയമങ്ങള്‍ നടപ്പിലാക്കാന്‍ താങ്കള്‍ അങ്ങോട്ടു തന്നെ മടങ്ങണമെന്നത് നാം പണ്ടേ തീരുമാനിച്ചതാണല്ലോ. താങ്കള്‍ മടങ്ങുക. ഇവിടെ താങ്കള്‍ക്കു ലഭിച്ച ആനന്ദവും നിര്‍വൃതിയും ആത്മസംതൃപ്തിയും അവിടെയും ലഭിച്ചിരിക്കും.'' റസൂല്‍ (സ) ദുന്‍യാവിലെത്തിയപ്പോള്‍, ആ രാത്രിയിലെ അത്യാനന്ദത്തിന്റെ ലഹരിയൊന്ന് ആസ്വദിക്കാനാഗ്രഹിച്ചാല്‍ അവിടന്നു ബിലാലി(റ)നോടു പറയുമായിരുന്നു: ''അത്‌കൊണ്ട് നമ്മെയൊന്ന് റാഹത്തിലാക്കൂ ബിലാല്‍''. ഇതു കേട്ടാല്‍ ബിലാല്‍ (റ) നിസ്‌കാരത്തിനു ഇഖാമത് കൊടുക്കുന്നു. റസൂല്‍ (സ) നിസ്‌കാരത്തിനു നേതൃത്ത്വം കൊടുക്കുന്നു. അപ്പോള്‍ റസൂല്‍ (സ)യുടെ ശരീരം ഈ ഭൌതിക ലോകത്താണെങ്കിലും (ആലമുല്‍ മുല്‍ക്) അവിടത്തെ ആത്മാവ് അങ്ങ് സൃഷ്ടരഹസ്യങ്ങളുടെ (മലകൂത്) ലോകത്തായിരിക്കും. (കശ്ഫുല്‍ മഹജൂബ്). ഇതാണ് നിസ്‌കാരത്തിലൂടെ സംഭവിക്കുന്ന മിഅ്‌റാജ്. 
നിസ്‌കാരം ഒരു വിശ്വാസിക്ക് ലഭിക്കാവുന്ന എല്ലാ ആത്മീയ സ്ഥാനങ്ങള്‍ക്കും (മഖാമാത്) മീതെയാണ്. അത് ദീനിന്റെ തൂണാണ്. അത് മുഅ്മിനിന്റെ മിഅ്‌റാജാണ്. അത് ദിവ്യസാമീപ്യത്തിനു മുമ്പില്‍ സ്വന്തത്തിന്റെ തന്നെ നിര്‍മൂലനത്തിലൂടെ സാധ്യമാകുന്നതാണ്. എന്നാല്‍ ആ ഒരവസ്ഥക്കുമുമ്പ് നിസ്‌കാരം ദുഷ്‌സ്വഭാവങ്ങളുടെ നിര്‍മാര്‍ജ്ജനവും സല്‍സ്വഭാവങ്ങളുടെ സ്വാംശീകരണവും മാത്രമായിരിക്കും. (തഫ്‌സീറുല്‍ മദ്ഹരി).
മിഅ്‌റാജിനു മുമ്പ് റസൂല്‍(സ)മയുടെ ഹൃദയം പുറത്തെടുത്ത് കഴുകി ശുദ്ധീകരിച്ചിരുന്നുവെങ്കില്‍ മുഅ്മിന്‍ തന്റെ മിഅ്‌റാജായ നിസ്‌കാരത്തിനു മുമ്പ് വുളൂ എടുത്ത് അംഗ ശുദ്ധിവരുത്തുകയും അതോടൊപ്പം ഹൃദയത്തിലൊരു വുളൂ കൂടി ചെയ്യണം. അതോടെ ശരീരവും മനസ്സും ശുദ്ധീകൃതമാകുന്നു. പിന്നീട് ശരീരം കൊണ്ട് കഅ്ബയിലേക്ക് തിരിയുമ്പോള്‍ ഹൃദയം അല്ലാഹുവിലേക്ക് തിരിയണം. 
രണ്ടു കൈയും ഉയര്‍ത്തുന്നതോടെ ദുന്‍യാവിനെ മനസ്സില്‍ നിന്ന് നിര്‍മാര്‍ജ്ജനം ചെയ്യുന്നു. പിന്നീട് അല്ലാഹു ഏറ്റവും വലിയവനാണെന്ന് പ്രഖ്യാപിക്കുന്നതിലൂടെ അല്ലാഹുവല്ലാത്ത സകലതില്‍ നിന്നും ശ്രദ്ധ തിരിച്ച് അല്ലാഹുവില്‍ മാത്രം കേന്ദ്രീകരിക്കുന്നു. മാനുഷികാസ്ഥയും എന്നാല്‍ അഹങ്കാരം ദ്യോതിപ്പിക്കുന്നതുമായ നിര്‍ത്തത്തിലൂടെയാണ് പ്രയാണം ആരംഭിക്കുന്നത്. പിന്നീട് വണക്കത്തെ ദ്യോതിപ്പിക്കുന്നതും മൃഗാവസ്ഥയുമായ റുകൂഇലേക്ക് നീങ്ങുന്നു. അതിനു ശേഷം സസ്യാവസ്ഥയും താഴ്മയുടെ പ്രതീകവുമായ സൂജൂദിലേക്ക് പ്രവേശിക്കുന്നു. അവസാനം അചേതനങ്ങളുടെ അവസ്ഥയായ ഇരുത്തത്തിലെത്തുന്നു. അതാണ് ഒരു വ്യക്തിക്ക് ചെയ്യാവുന്ന ഏറ്റവും വലിയ താഴ്മയുടെ അവസ്ഥ. പണ്ട് ആത്മാവ് ഈ അവസാന അവസ്ഥയില്‍ നിന്ന് സസ്യാവസ്ഥയിലൂടെ മൃഗാവസ്ഥയും കടന്ന് മനുഷ്യാവസ്ഥയായിലെത്തിയതായിരുന്നു. ഇപ്പോള്‍ ശരീരത്തോടൊപ്പം ആത്മാവ് വന്ന വഴിയിലൂടെ പടിപടിയായ അതിന്റെ പൂര്‍വ്വാവസ്ഥയിലെത്തി നില്‍ക്കുന്നു. ഇപ്പോള്‍ ആത്മാവ് ദിവ്യസാമീപ്യത്തിന്റെ പരകോടിയിലെത്തി നില്‍ക്കുന്നു. അല്ലാഹുവിനെ ആത്മാവിനു ദര്‍ശിക്കാനാവുന്നുണ്ട്. അഥവാ മുശാഹദയുടെ പദവിയിലെത്തിയിരിക്കുന്നു. അല്ലാഹുവിനെ നേരെ മുമ്പില്‍ ദര്‍ശിക്കുമ്പോള്‍ അഭിവാദ്യങ്ങളര്‍പ്പിക്കണം. അതാണ് അത്തഹിയ്യാത്തിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്. അത് പണ്ട് മിഅ്‌റാജ് രാവില്‍ അല്ലാഹുവിനെ ദര്‍ശിച്ചപ്പോഴും നബി(സ) പറഞ്ഞ അതേ വാചകങ്ങളാണ്. അവസാനം വലതു ഭാഗത്തേക്ക് സലാം പറയുന്നു. അതോടെ പരലോകത്തോടു വിട പറയുന്നു. ഇടതു ഭാഗത്തേക്ക് സലാം പറയുന്നു. ഇഹലോകത്തോടും വിട പറയുന്നു. ഇപ്പോള്‍ മനസ്സില്‍ ഭൌതിക ലോകമോ മരണാനന്തര ലോകമോ ഒന്നുമില്ല. മനസ്സില്‍ അല്ലാഹു മാത്രം. ഈ ദിവ്യ സാന്നിധ്യത്തിന്റെ സമുദ്രത്തില്‍ ആഴ്ന്നിറങ്ങുന്നതോടെ അവന്‍ നിത്യ നിസ്‌കാരത്തിലായിത്തീരുന്നു. (റൂഹുല്‍ ബയാന്‍).
സുറതുല്‍ ബഖറയുടെ അവസാന രണ്ടു സൂക്തങ്ങളില്‍ പ്രാര്‍ത്ഥനയുടെ ഏഴു ഘട്ടങ്ങളിലേക്കുള്ള സൂചനകളുണ്ട്. ഒന്നാമത്തേത്: ''ഞങ്ങള്‍ മറന്നാലോ ഞങ്ങള്‍ക്ക് അബദ്ധം പറ്റിയാലോ ഞങ്ങളെ നീ ശിക്ഷിക്കരുതേ'' ഇവിടെ മറതിയെ കുറിച്ചു പറയുമ്പോള്‍ അവിടെ സ്മരണയിലേക്ക് സൂചനയുണ്ട്. ദൈവസ്മരണയുടെ ഏറ്റവും ഉത്തമമായ വാചകമാണല്ലോ ഫാതിഹയുടെ തുടക്കമായ ബിസ്മി. രണ്ടാമത്തേത്: ''മുന്ഗാമികളുടെ മേല്‍ ചുമത്തിയതുപോലെ ഭാരങ്ങള്‍ ഞങ്ങളുടെ മേല്‍ ചുമത്തരുതേ'' എന്നതാണ്. ഇവിടെ അല്ലാഹു ഭാരങ്ങള്‍ ഇറക്ക് വെച്ച് അനുഗ്രഹിക്കുമ്പോള്‍ അവിടെ അവനെ സ്തുതിക്കേണ്ടി വരുന്നു. അതാണ് ഫാതിഹയിലെ രണ്ടാമത്തെ സൂക്തമായ ''അല്‍ഹംദു ലില്ലാഹി റബ്ബില്‍ ആലമീന്‍'' എന്നത്. മൂന്നാമത്തേത്: ''ഞങ്ങളുടെ കഴിവനപ്പുറമുള്ളത് ഞങ്ങളെ വഹിപ്പിക്കരുതേ''. ഇത് അല്ലാഹുവിന്റെ കാരുണ്യത്തിന്റെ പൂര്‍ണ്ണതയിലേക്കാണ് സൂചന നല്‍കുന്നത്. അഥവാ ഫാതിഹയിലെ മൂന്നാമത്തെ ആയത്തായ ''അര്‍റഹ്മാനിര്‍റഹീം'' എന്നതാണത്. നാലമത്തേത്: ''ഞങ്ങള്‍ക്ക് നീ മാപ്പു നല്‍കണേ'' ഇത് വിചാരണ നാളില്‍ അല്ലാഹുവിന്റെ അധീശാധിപത്യത്തെ സൂചിപ്പിക്കുന്നു. അതു തന്നെയാണല്ലോ ഫാതിഹയിലെ നാലാമത്തെ സൂക്തവും ''മാലികി യൌമുദ്ദീന്‍''. അഞ്ചാമത്തേത്: ''ഞങ്ങള്‍ക്ക് നീ പൊറുത്തുതരികയും ചെയ്യേണമേ'' അഥവാ, ഞങ്ങള്‍ പൂര്‍ണ്ണമായും നിന്റെ അഭയം തേടുകയാണ്. നിന്നില്‍ ഭരമേല്‍പ്പിക്കുകയാണ് നാഥാ. ഇതേ ആശയത്തിലേക്കാണ് ഫാതിഹയിലെ അഞ്ചാമത്തെ ആയത് ചൂണ്ടുന്നത്. ''ഇയ്യാക നഅ്ബുദു വഇയ്യാക നസ്തഈന്‍''. ആറാമത്തേത്: ''നീ ഞങ്ങളോട് കരുണ കാണിക്കുകയും ചെയ്യണേ'' കാരണം ഞങ്ങള്‍ നിന്നോട് ''ഇഹ്ദിനസ്സ്വിറാഥല്‍ മുസ്തഖീം'' എന്ന് പറഞ്ഞ് സന്മാര്‍ഗ ദര്‍ശനം ആവശ്യപ്പെട്ടിരുന്നു. ഏഴാമത്തേത്:  ''നീയാണല്ലോ ഞങ്ങളുടെ രക്ഷകന്‍, സത്യനിഷേധികളായ ജനതയുടെമേല്‍ ഞങ്ങളെ നീ വിജയിപ്പിക്കണേ'' ഇതിലേക്കുള്ള സൂചനയാണ് ഫാതിഹയിലെ അവസാനത്തെ സൂക്തം ''സ്വിറാഥല്ലദീന അന്‍അംത അലൈഹിം ഗൈറില്‍ മഗ്‌ളൂബി അലൈഹിം വലദ്ദാല്ലീന്‍'' ''വഴിപിഴച്ചവരുടേയും കോപത്തിനു പാത്രമായവരുടെയുമല്ലാത്ത, എന്നാല്‍ നീ അനുഗ്രഹിച്ചവരുടേതായ മാര്‍ഗം'' മിഅ്‌റാജിന്റെ രാവില്‍ റസൂല്‍ (സ) ആത്മീയത ലോകത്ത് ഈ ഘട്ടങ്ങളിലൂടെയാണ് ആരോഹണം ചെയ്തത്. മിഅ്‌റാജ് രാവില്‍ അത്യൂന്നതങ്ങളില്‍ നിന്ന് വീണ്ടും ഭൂമി ലോകത്തേക്ക് തിരിക്കുമ്പോള്‍ ഉന്നതങ്ങളിലെ സ്രോതസ്സില്‍നിന്നുമുള്ള ഇതിന്റെ പ്രഭാപ്രസരണം ബാഹ്യമായ ഭൌതിലോകത്തുമുണ്ടായി. ആ പ്രതിഫലനത്തെയാണ് ഫാതിഹ സൂറത് ആവിഷ്‌കരിക്കുന്നത്. അതിനാല്‍ ഒരാള്‍ നിസ്‌കാരത്തില്‍ ഫാതിഹ ഓതുമ്പോള്‍ ഈ പ്രകാശങ്ങള്‍ പ്രത്യക്ഷ്യത്തില്‍ നിന്ന് അതിന്റെ സ്രോതസ്സിലേക്ക് തിരിഞ്ഞു പ്രസരിക്കുന്നു. അതാണ് പ്രവാചകന്‍ പറഞ്ഞത് ''നിസ്‌കാരമെന്നാല്‍ വിശ്വാസിയുടെ മിഅ്‌റാജാണ്'' എന്ന്. (തഫ്‌സീറുന്നൈസാബൂര്‍)
ഫാതിഹയുടെ ആയതുകള്‍ ഏഴ്. നിസ്‌കാരത്തില്‍ പ്രകടമായ പ്രവൃത്തികളും ഏഴ്. നില്‍ക്കല്‍, റുകൂഅ്, ഇഅ്തിദാല്‍, ഒന്നാം സുജൂദ്, അതില്‍ നിന്ന് എഴുന്നേല്‍ക്കല്‍, രണ്ടാം സുജൂദ്, പിന്നെ ഇരുത്തം. ഈ പ്രവൃത്തികളെ ഒരു വ്യക്തിയായി ഗണിക്കുകയാണെങ്കില്‍ അവയുടെ ആത്മാവാണ് ഫാതിഹ. ആത്മാവ് ശരീരവുമായി ചേരുമ്പോഴാണല്ലോ പൂര്‍ണത കൈവരുന്നത്. ബിസ്മി, നിര്‍ത്തത്തിനുള്ളതാണ്. ബിസ്മിയിലെ ബാഅ് എന്ന അക്ഷരം ഇസ്മുമായി കൂടിയപ്പോള്‍ അതൊന്ന് എഴുന്നേറ്റപോലെ ഉയര്‍ന്ന നില്‍ക്കുന്നത് കാണുന്നില്ലേ. പ്രാരംഭം ബിസ്മി കൊണ്ടു തന്നെയല്ലേ. പ്രവര്‍ത്തികളിലെ ആദ്യത്തേതും നിര്‍ത്തമാണല്ലോ. 
''അല്‍ ഹംദു ലില്ലാഹി റബ്ബില്‍ ആലമീന്‍'' എന്നത് റുകൂഇനുള്ളതാണ്. അല്ലാഹുവും സൃഷ്ടികളും തമ്മിലുള്ള ബന്ധവും അവന്‍ അവര്‍ക്കു ചെയ്യുന്ന അനുഗ്രഹങ്ങളും മനസ്സിലാക്കി എത്തിയിട്ടുള്ള തൌഹീദിന്റെ സ്ഥാനമാണ് റുകൂഇനുള്ളത്. കാരണം അല്ലാഹുവില്‍ നിന്ന് ലഭിക്കുന്ന അനുഗ്രഹങ്ങള്‍ മൂലമാണല്ലോ അല്ലാഹുവിനെ സ്തുതിക്കുന്നത്. അത് അല്ലാഹുവിനെ പൂര്‍ണ്ണമായും അവഗണിക്കുന്നതിന്റെയും അവനില്‍ പൂര്‍ണ്ണമായും ലയിച്ചു ചേരുന്നതിന്റെയും മധ്യനിലയിലുള്ള സ്ഥിതിയാണ്. റുകൂഅ് ആണെങ്കിലോ ഖിയാമിന്റെയും സുജൂദിന്റെ മധ്യത്തിലുള്ള അവസ്ഥയാണല്ലോ. മാത്രമല്ല, അല്ലാഹുവിന്റെ അതിരറ്റ അനുഗ്രഹങ്ങള്‍ ഓര്‍ത്തെടുക്കുമ്പോള്‍ മുതുക് സ്വാഭാവികമായും കുനിഞ്ഞുപോകും. 
''അര്‍റഹ്മാനിര്‍റഹീം'' എന്നത് റുകൂഇല്‍ നിന്നെഴുന്നേറ്റിട്ടുള്ള ഇഅ്തിദാലിനുള്ളതാണ്. കാരണം അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ക്ക് നന്ദിയെന്നോണം അല്ലാഹുവിന്റെ കുനിഞ്ഞു നില്‍കുന്ന അടിമയോട് അല്ലാഹു കരുണ കാണിക്കാതിരിക്കില്ല. നബി (സ) പറഞ്ഞല്ലോ: ''ദാസന്‍ സമിഅല്ലാഹു ലിമന്‍ ഹമിദഹ്'' എന്നു പറഞ്ഞാല്‍ അല്ലാഹു അവനെ കാരുണ്യത്തോടെ നോക്കുന്നതായിരിക്കും''.
''മാലികി യൌമിദ്ദീന്‍'' എന്നത് ഒന്നാമത്തെ സുജൂദിനാണ് യോചിക്കുന്നത്. കാരണം അല്ലാഹുവിന്റെ പൂര്‍ണമായ ആധിപത്യത്തെയാണല്ലോ സൂചിപ്പിക്കുന്നത്. ഇത് അങ്ങേ അറ്റത്തെ താഴ്മക്കു കാരണമാകുന്ന ശക്തമായ ഭയമുണ്ടാക്കുന്നു.
''ഇയ്യാക നഅ്ബുദു വഇയ്യാക നസ്തഈന്‍'' എന്നത് രണ്ട് സുജൂദുകള്‍ക്കിടയിലെ ഇരുത്തത്തോടാണ് പൊരുത്തപ്പെടുന്നത്. കാരണം ഇയ്യാക നഅ്ബുദു എന്നത് കഴിഞ്ഞ സൂജൂദിനെ പരാമര്‍ശിക്കുന്നുവെങ്കില്‍ ഇയ്യാക നസ്തഈന്‍ ഇനി ചെയ്യാന്‍ പോകുന്ന സുജൂദിനുള്ള തൌഫീഖിനു വേണ്ടിയാണ്.
''ഇഹ്ദിനസ്സ്വിറാഥല്‍ മുസ്തഖീം'' എന്നതാണ് ഫാതിഹയിലെ കാതലായ വശം. അതുകൊണ്ട് അതിനേറ്റവും ഒത്തുവരുന്നത് രണ്ടാം സുജൂദാണ്. അങ്ങേയറ്റത്തെ ഭയഭക്തിയെയാണല്ലോ അതു സൂചിപ്പിക്കുന്നത്. ''സ്വിറാഥല്ലദീന അന്‍അംത ........... ' എന്നത് ഇരുത്തത്തിനുള്ളതാണ്. കാരണം തന്റെ ദാസന്‍ പരമാവധി താഴ്മയോടെ തന്റെ മുന്നില്‍ സാഷ്ടാംഗം ചെയ്യുമ്പോള്‍ അല്ലാഹു അവനെ ആദരവോടെ വരവേല്‍ക്കുന്നു. എന്നിട്ട് തന്റെ മുന്നില്‍ പിടിച്ചിരുത്തുന്നു. ഈ സമയത്താണ് അവന്‍ അത്തഹിയ്യാത് ഓതുന്നത്. നബി(സ) മിഅ്‌റാജ് രാവില്‍ പറഞ്ഞ അതേ വാചകങ്ങള്‍. അതിനാല്‍ ഈ നിസ്‌കാരം വിശ്വാസിയുടെ മിഅ്‌റാജ് തന്നെയാണ്. (തഫ്‌സീരുര്‍റാസി)
നിസ്‌കാരം അല്ലാഹുവിന്റെ ഇഷ്ടദാസന്മാരുടെ മിഅ്‌റാജാകുന്നതെങ്ങനെയെന്നും ഇമാം റാസി വിശദീകരിക്കുന്നുണ്ട്. 
റസൂല്‍(സ)മക്ക് രണ്ടു മിഅ്‌റാജുകളുണ്ടായിരുന്നു. ഒന്ന് മസ്ജിദുല്‍ ഹറാമില്‍ നിന്ന് മസ്ജിദുല്‍ അഖ്‌സായിലേക്ക് (ഇത് ഇസ്‌റാഅ് എന്ന പേരിലാണറിയപ്പെടുന്നത്.). മറ്റൊന്ന് അഖ്‌സായില്‍ നിന്ന് ഏഴാനാകശത്തിന്റെയും അപ്പുറത്തേക്ക്. ഇത് പ്രത്യക്ഷമായവ. എന്നാല്‍ ആത്മീയ ലോകവുമായി ബന്ധപ്പെട്ടും നബി(സ)ക്ക് രണ്ടു മിഅ്‌റാജുകളുണ്ടായിട്ടുണ്ട്. ആലമുശ്ശഹാദയില്‍ (ഈ താഴ്ന്ന ലോകം /ദുന്‍യാവ്) നിന്ന് ആലമുല്‍ ഗൈബിലേക്കുള്ളത്. ആലമുല്‍ ഗൈബെന്നാല്‍ അദൃശ്യങ്ങളുടെ (നിഗൂഢതകളുടെ) ലോകം. മറ്റൊന്ന് നിഗൂഢതകളുടെ ലോകത്ത് നിന്ന് അതിനിഗൂഢതകളുടെ (രഹസ്യങ്ങളുടെ രഹസ്യ) ലോകത്തേക്കുള്ള ആരോഹണം. ഈ അവസാന രണ്ടു ലോകങ്ങളും ദിവ്യസാമീപ്യത്തിന്റെ ഖാബഖൌസൈനിയുടെ സ്ഥാനത്താണ്. അവ പരസ്പരം ചേര്‍ന്നു നില്‍ക്കുന്നു. മുഹമ്മദ് നബി (സ) ഇതെല്ലാം താണ്ടുകയുണ്ടായി. അതാണ് ''ഔവ് അദ്‌നാ'' എന്ന ദിവ്യവചനത്തിന്റെ പൊരുള്‍. ഈ വാക്യം റസൂല്‍ (സ) സ്വന്തത്തെ തന്നെ നിര്‍മൂലനം ചെയ്തതിലേക്കാണ് സൂചന നല്‍കുന്നത്. 
ആലമുശ്ശഹാദയില്‍ നിന്ന് ആലമുല്‍ ഗൈബിലേക്കുള്ള ആരോഹണ യാത്രയെ കുറിച്ച് പറയാം. ശരീരവും ശാരീരികമായതും ബന്ധപെട്ടു കിടക്കുന്നത് ആലമുശ്ശഹാദയുമായിലാണ്. ഇവ നിനക്ക് നിന്റെ നേത്രങ്ങള്‍ കൊണ്ട് തന്നെ കാണാനാവും. ആത്മാവ് ശരീരങ്ങളുടെ ലോകത്തു (ആലമുല്‍ അജ്‌സാദ്) നിന്ന് ആലമുല്‍ അര്‍വാഹിലേക്കുള്ള (ആത്മാക്കളുടെ ലോകം) റൂഹിന്റെ സഞ്ചാരമാണ് ആലമുശ്ശഹാദയില്‍ നിന്ന് ആലമുല്‍ ഗൈബിലേക്കുള്ള യാത്രയെന്നതിനെ കുറിച്ചു പറയാം. ആലമുല്‍ അര്‍വാഹ് എന്നാല്‍ അതിരുകളില്ലാത്ത ലോകമാണ്. അത് ആത്മാക്കളുടെ ലോകമാണ്. പൂര്‍ണതയുടെ പടികളിലൂടെ, സൌഭാഗ്യത്തിന്റെ ഗോവണികളിലൂടെ അത് മുകളിലേക്ക് കയറുന്നു. ഏറ്റവും താഴെയുള്ള ആകാശത്തുള്ള ആത്മാവുകളുടെ അടുത്തെത്തുന്നു. പിന്നെയും മുകളിലേക്ക് കുതിക്കുന്നു. രണ്ടാമാകാശത്തിലെ ആത്മാവുകളുമായി സന്ധിക്കുന്നു. അങ്ങനെ ഉയര്‍ന്നുയര്‍ന്ന് കുര്‍സിയ്യുടെ പദവികളില്‍ വസിക്കുന്ന ആത്മാവുകളുടെ അടുത്തെത്തുന്നു. അവിടെ നിന്ന് വീണ്ടും മുകളിലേക്ക് സഞ്ചരിച്ച് അര്‍ശിനു ചുറ്റുമുള്ളവരിലേക്ക് എത്തിച്ചേരുന്നു. പിന്നെ വീണ്ടും ഉയര്‍ച്ചകളിലേക്ക് മുന്നേറുന്നു. അര്‍ശുവാഹകരുടെ പക്കലെത്തുന്നു. അവര്‍ എട്ടുപേരാണ്. പിന്നെയും ഉയരങ്ങളിലേക്ക് കുതിക്കുന്നു. അങ്ങനെ ബന്ധങ്ങളില്‍നിന്ന് മുക്തമായ ആത്മാവുകളുമായി സന്ധിക്കുന്നു. അവരുടെ ഭക്ഷണം ദൈവസ്മരണയും ആവര്‍ പാനം ചെയ്യുന്നത് ദിവ്യാനുരാഗവും അവരുടെ ആസ്വാദനം ദിവ്യാരാധനകളിലുമായിരിക്കും. ഇവയെല്ലാം ഉള്‍കൊള്ളാന്‍ മനുഷ്യബുദ്ധി അപര്യപ്തമത്രെ. വീണ്ടുമത് ഉയരങ്ങളില്‍ നിന്ന് ഉയരങ്ങളിലേക്ക് സഞ്ചരിച്ചു കൊണ്ടിരിക്കും. അവസാനം ചെന്നെത്തുന്നത് പ്രകാശങ്ങളുടെ പ്രകാശത്തിലേക്കാണ്. കാരണങ്ങളുടെ കാരണത്തിലേക്ക്. എല്ലാറ്റിന്റെയും പ്രാരംഭത്തിലേക്ക്. കരുണയുടെ ഉറവയിലേക്ക്, നന്മകളുടെ സ്രോതസ്സുകളിലേക്ക്.... അഥവാ അല്ലാഹുവിലേക്ക്. ഇപ്പോള്‍ വ്യക്തമാണല്ലോ, ആലമുല്‍ ഗൈബെന്നാല്‍ ആലമുല്‍ അര്‍വാഹ് ആണെന്നും ആലമുഗൈബില്‍ഗൈബെന്നാല്‍ അല്ലാഹുവിന്റെ തിരുസവിധവുമാണെന്ന്. 
ഇതേ രൂപത്തില്‍ നബി(സ) മിഅ്‌റാജ് രാവില്‍ ഇത്രയും ഉയരങ്ങളിലെത്തി അല്ലാഹുവിന്റെ തിരുസന്നിധിയില്‍ സന്നിഹിതനായി നിന്ന് അല്ലാഹുവിനോട് സംഭാഷണം നടത്തി അല്ലാഹുവിനെ നേരില്‍ ദര്‍ശിച്ച് തിരിച്ചു പോരാനായപ്പോള്‍ പറഞ്ഞു: ''നാഥാ, ഒരു യാത്രക്കാരന്‍ നാട്ടിലേക്ക് മടങ്ങാനുദ്ദേശിക്കുമ്പോള്‍ തന്റെ കൂട്ടുകാര്‍ക്കും സ്‌നേഹിതര്‍ക്കും സമ്മാനമായി നല്‍കാന്‍ ചിലത് കൂടെ കൊണ്ടു പോകേണ്ടതുണ്ട്.'' അല്ലാഹു പറഞ്ഞു: ''താങ്കളുടെ ഉമ്മതിനുള്ള സമ്മാനം നിസ്‌കാരമാകുന്നു. കാരണം അതില്‍ ശാരീരികവും ആത്മീയവുമായ രണ്ടു മിഅ്‌റാജുകളും സംഗമിക്കുന്നു. ശാരീരികമെന്നാലത് പ്രവര്‍ത്തനങ്ങളാണ്. ആത്മീയമെന്നാലത് സ്മരണകളാണ്. ദാസാ, നിസ്‌കാരമെന്ന ഈ മിഅ്‌റാജിനു ഒരുങ്ങുമ്പോള്‍ ആദ്യം ശുദ്ധീകരണം വേണം. കാരണമിത് വിശുദ്ധിയുടെ സ്ഥാനമാണ്. നിന്റെ വസ്ത്രങ്ങള്‍ വൃത്തിയുള്ളതായിരിക്കണം. ശരീരം വെടിപ്പാക്കണം. കാരണം വിശുദ്ധ ഥുവാ താഴ്വരയിലാണിപ്പോള്‍ നീ. പിന്നെ നിന്നോടൊപ്പം മലാഖയും പിശാചുമുണ്ട്. ദീനും ദുന്‍യാവുമുണ്ട്. വകതിരിവും ഇഛകളുമുണ്ട്. നന്മയും തിന്മയും സത്യവും കളവും ഹഖും ബാഥിലും തുടങ്ങി സകല വിരുദ്ധ സ്വഭാവങ്ങളുമുണ്ട്. ഇവയില്‍ ഏതിനെ കൂടെ കൂട്ടണം. ഏതു ഭാഗത്തേക്കാണ് ചായേണ്ടത് പ്രത്യേകം ശ്രദ്ധിക്കണം. കൂട്ടുകെട്ട് ദൃഢമെങ്കില്‍ വേര്‍പാട് അസാധ്യമായിരിക്കും.
ശുദ്ധീകരണത്തിനു ശേഷം കൈകളുയര്‍ത്തണം. ദുന്‍യാവിനോടും ആഖിറത്തിനോടും യാത്ര പറയലാണത്. പിന്നെ അവരണ്ടുമായിട്ടുള്ള എല്ലാ ബന്ധങ്ങളും പൂര്‍ണ്ണമായും മുറിച്ചു മാറ്റണം. ഇനി നിന്റെ ഹൃദയവും ആത്മാവും മനസ്സും ബുദ്ധിയും ബോധവും ചിന്തയും സ്മരണയുമെല്ലാം അല്ലാഹു മാത്രം. പിന്നെ അല്ലാഹു അക്ബര്‍ എന്നു പറയണം. അതിനര്‍ഥം സര്‍വ്വ സൃഷ്ടികളേക്കാളും അവന്‍ വലിയവനാണ്. ഏതിനേക്കാളും അവനാണ് ഏറ്റവും മഹാന്‍, പ്രതാപശാലി, ഉന്നതന്‍. ഏതെങ്കിലുമൊന്നിനോട് തുലനം ചെയ്തു പറയാന്‍ കഴിയാത്ത വിധം വലിയവനാണവന്‍. പിന്നീട് ''വജ്ജഹ്തു...'' അത് ഇബ്‌റാഹീമീ മിഅ്‌റാജാണ്. ''ഇന്ന സ്വലാതീ വ നുസുകീ.....'' എന്നത് മുഹമ്മദീ മിഅ്‌റാജും. അങ്ങനെ എല്ലാ മഹാന്മാരുടെയും മിഅ്‌റാജുകളുടെ സമ്മിശ്രമാണ് നിസ്‌കാരത്തില്‍ അന്തര്‍ലീനമായിട്ടുള്ളത്. 
സ്വര്‍ഗത്തിനു എട്ടു കവാടങ്ങളുണ്ട്. 1) മഅ്‌രിഫത്, 2) ദിക്ര്‍. അത് ബിസ്മിയിലുണ്ട്. 3) ശുക്ര്‍ - അത് അല്‍ഹംദു..വിലുണ്ട്. 4) റജാഅ് (പ്രതീക്ഷ). അത് അര്‍റഹ്മാനിര്‍റഹീം എന്നതിലുണ്ട്. 5) ഭയം. അത് മാലികി യൌമിദ്ദീന്‍ എന്നതിലുണ്ട്. 6) ഇഖ്‌ലാസ്. അത് ഇയ്യാക നഅ്ബുദു.... എന്നതിലുണ്ട്. 7) ദുആ. അത് ഇഹ്ദിനാ... എന്നതിലുണ്ട്. 8) സംശുദ്ധമായ സുഗുണ ആത്മാക്കളെ അനുകരിക്കലും അവരുടെ പ്രകാശങ്ങളിലൂടെ സത്യവഴി കണ്ടെത്തലും. - അത് സ്വിറാഥല്ലദീന അന്‍അംത.... യിലുണ്ട്. ഈ നിലക്ക് ഈ സൂറത്തിന്റെ രഹസ്യങ്ങള്‍ ഉള്‍കൊണ്ട് ഇത് പാരായണം ചെയ്താല്‍ നിനക്ക് സ്വര്‍ഗത്തിന്റെ എട്ടു കവാടങ്ങളും തുറക്കപ്പെടും. ( ???? ??? ????? ??? ??????? ) എന്ന ഖുര്‍ആനിക വചനം ഇതാണ് സൂചിപിക്കുന്നത്. അപ്പോള്‍ ദിവ്യജ്ഞാനങ്ങളുടെ സ്വര്‍ഗീയ തോപുകളുടെ കവാടങ്ങള്‍ ഈ ആത്മീയ താക്കോലുകളാല്‍ തുറക്കപ്പെടുന്നു. ഇവിടെയാണ് നിസ്‌കാരത്തിലെ ആത്മീയ മിഅ്‌റാജ് സംഭവിക്കുന്നത്.
ഇനി ശാരീരിക മിഅ്‌റാജെന്തെന്നു നോക്കാം. അല്ലാഹുവിനു മുമ്പില്‍ നീ ഗുഹാവാസികള്‍ (അസ്വ് ഹാബുല്‍ കഹ്ഫ്) നിന്നതു പോലെ നില്‍ക്കുക. മാത്രമല്ല, നാളെ ഖിയാമത് നാളില്‍ ജനങ്ങള്‍ ഭയവിഹ്വലരായി നില്‍ക്കുന്നതു പോലെ നില്‍ക്കണം. അതിനു ശേഷം വജ്ജഹ്തുവും ഫാതിഹയും സുറതുമെല്ലാം ഓതുക. നീ അല്ലാഹുവിന്റെ ഭാഗത്തു നിന്നുള്ള പരിപ്രേശ്യത്തിലൂടെ ഇബാദത്തിനെ കാണാന്‍ ശ്രമിക്കണം. അപ്പോഴവയെല്ലാം എത്രയോ നിസ്സാരമായി അനുഭവപ്പെടും. ഒരിക്കലും ഇബാദത്തുകളിലൂടെ അല്ലാഹുവിനെ നോക്കി കാണരുത്. അത് നാശത്തിലേക്ക് നയിക്കും. അതാണ് ഇയ്യാക നഅ്ബുദു.... എന്നതിന്റെ പൊരുള്‍. 
ഇപ്പോള്‍ നിന്റെ ശരീരം അല്ലാഹുവിന്റെ ജലാലു മൂലമുള്ള ഭയാഗ്‌നിയുടെ മുകളില്‍ പിടിച്ചിരിക്കുന്ന ഒരു മരക്കഷ്ണം പോലെയാണ്. അത് ചൂടു തട്ടി മൃദുലമായിട്ടുണ്ട്. ഇനിയതിനെ പിടിച്ച് വളച്ച് റുകൂഇലേക്ക് കൊണ്ടുവരിക. സമിഅല്ലാഹു ലിമന്‍ ഹമിദഹ് എന്ന് പറഞ്ഞ് അതിലെ പിടി വിടുക. അത് നേരെ നില്‍കട്ടെ. വീണ്ടും അതിനെ പിടിച്ച് അങ്ങേ അറ്റത്തെ താഴ്മയുടെ പ്രതീകമായ സുജൂദിലേക്ക് കൊണ്ടുവരിക. അവിടെ അല്ലാഹുവിന്റെ നാമത്തിന്റെ പരിശുദ്ധി ഏറ്റവും ഔന്ന്യത്തത്തോടെ വാഴ്ത്തട്ടെ. നീ പറയണം - സുബ്ഹാന നബ്ബിയല്‍ അഅ്‌ലാ... രണ്ടാമത്തെ സുജൂദ് ചെയ്യലോടെ നീ മൂന്നു തരം ആരാധനകളാണ് പൂര്‍ത്തിയാക്കിയത് - ഒരു റുകൂഉം രണ്ടു സുജൂദും. ഇവ മൂന്നു നാശങ്ങളില്‍ നിന്ന് രക്ഷയേകുന്നു. റുകൂഅ് വികാരങ്ങളില്‍നിന്നും ആദ്യ സുജൂദ് ദേഷ്യത്തില്‍ നിന്നും രണ്ടാമത്തെ സുജൂദ് ദേഹേഛയില്‍ നിന്നും നിനക്ക് രക്ഷയേകുന്നു. ഇതോടെ നീ ബാഖിയാതുസ്സ്വാലിഹാതിന്റെ ഉടമയായിത്തീരുന്നു. അങ്ങനെ ആകാശ ഭൂമികളുടെ നിയന്താവായ അല്ലാഹുവിന്റെ സവിധത്തിലാണിപ്പോള്‍ നീ ചെന്നെത്തിയിരിക്കുന്നത്. അപ്പോള്‍ അത്തഹിയ്യാതുല്‍ മുബാറകാതുഥ്ഥയ്യിബാതു.... എന്നു പറയുക. അത്തഹിയ്യാതുല്‍ മുബാറകാത് നാവിനുള്ളതാണ്. സ്വലവാത് അയവങ്ങള്‍ക്കും ഥയ്യിബാത് ഹൃദയത്തിനും. ഈ അവസ്ഥയില്‍ നിന്റെ റൂഹ് ഉയര്‍ന്നു പോകുമ്പോള്‍ മുഹമ്മദി(സ)ന്റെ റൂഹ് ഇറങ്ങി വരും. അവ പരസ്പരം കണ്ടുമുട്ടുന്നു. അപ്പോള്‍ സൌഖ്യവും സന്തുഷ്ടിയും ആശ്വാസവും ലഭിക്കുന്നു. റസൂല്‍(സ)യുടെ റൂഹിനെ അഭിവാദ്യം ചെയ്യണം. അസ്സലാമു അലൈക അയ്യുഹന്നബിയ്യു... എന്നു പറയണം. അതിനു പ്രത്യുത്തരമായി മുഹമ്മദ് (സ) പറയും അസ്സലാമു അലൈനാ.... ഇവിടെ ഒരു ചോദ്യം ഉയര്‍ന്നു വരുന്നുണ്ട്. ഇത്രയും വലിയ നന്മകളും അനുഗ്രഹങ്ങളും ലഭ്യമാകാനുള്ള ഹേതുവെന്തായിരുന്നു. അതിനുത്തരമായി നീ പറയണം. അശ്ഹദു അല്ലാ.... നിനക്കിത് അറിയച്ചു തന്നത് മുഹമ്മദ് (സ) ആണല്ലോ. അതു കൊണ്ട് അവിടത്തേക്ക് സ്വലാത് ചൊല്ലുക. പക്ഷേ, മുഹമ്മദ് (സ) ഇബ്‌റാഹീ(അ)മിന്റെ പ്രാര്‍ഥനയാണല്ലോ. അതിനാല്‍ കമാ സ്വല്ലൈത.... എന്നും കൂട്ടണം. പക്ഷേ, ഈ നന്മകളൊന്നും മുഹമ്മദോ (സ) ഇബ്‌റാഹീമോ (സ) അല്ല മറിച്ച് അല്ലാഹുവാണ് ഓശാരമായി നല്‍കിയത്. അതിനാല്‍ ഇന്നക ഹമീദുമ്മജീദ് എന്നു പറഞ്ഞ് ഇത് അവസാനിപ്പിക്കുക. 
അല്ലാഹുവിനെ നീ സ്മരിക്കുമ്പോള്‍ അല്ലാഹു നിന്നെ കുറിച്ച് മലക്കുകളോടു പറയുന്നു. മലക്കുകള്‍ക്ക് നിന്നെ കാണാന്‍ കൊതിയാകും. അവര്‍ നിന്നെ സന്ദര്‍ശിക്കാനുള്ള അനുവാദം അല്ലാഹുവില്‍ നിന്ന് വാങ്ങുന്നു. അവര്‍ നിന്റെയടുത്തേക്ക് വരുന്നു. അപ്പോഴവരോട് വലത്തും ഇടത്തുമായി സലാം പറയുന്നു. (തഫ്‌സീറുര്‍റാസി)
അസ്സലാമു അലൈക എന്നിടത്ത് റസൂലിനോട് അഭിസംബോധന ചെയ്യുന്നതിലെ രഹസ്യം എന്താണെന്ന് ഇബ്‌നു ഹജറുല്‍ഹൈതമി വിശദീകരിക്കുന്നത് ഇപ്രകാരമാണ്. നിസ്‌കരിക്കുന്നവനു അത്തിഹിയ്യാത്തിലൂടെ മലകൂതിന്റെ കവാടം തുറന്നു കൊടുക്കുന്നു. അല്ലാഹുവിന്റെ സന്നിധിയിലേക്ക് പ്രവേശിക്കാനുള്ള അനുവാദം ലഭിക്കുന്നു. അല്ലാഹുമായുള്ള അഭിമുഖ സംസാരത്തിലൂടെ അവന്റെ നയനങ്ങള്‍ക്ക് കുളിരു ലഭിക്കുന്നു. അപ്പോഴാണവനു ബോധോദയമുണ്ടാകുന്നു - ഇതെല്ലാം ഹബീബായ റസൂല്‍ (സ)യിലൂടെയാണല്ലോ ലഭിച്ചതെന്ന്. അങ്ങനെ അവന്‍ ഒന്നു തിരിഞ്ഞു നോക്കുമ്പോള്‍ റസൂലിന്റെ സാന്നിധ്യം അനുഭവപ്പെടുന്നു. അപ്പോള്‍ നേരിട്ട് റസൂലിനോട് സലാം പറയുന്നു. (അദ്ദുര്‍റുല്‍ മന്‍ദൂദ് ഫിസ്സ്വലാതി വസ്സലാമി അലാ സ്വാഹിബില്‍ മഖാമില്‍ മഹ്മൂദ്.)
ഓരോ വിശ്വാസിയും അവരുടെ നിസ്‌കാരങ്ങളികലവും ഓരോ മിഅ്‌റാജുകളാക്കി മാറ്റാന്‍ ശ്രമിക്കണം. അല്ലാഹു തുണക്കട്ടെ. ആമീന്‍.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter