ഇന്നലെകളെ മറക്കാം പുതുവര്‍ഷത്തെ വരവേല്‍ക്കാം

Let's forget past days and welcome the new year

"നബിയേ, നിങ്ങൾ നിഷേധികളോട് പറയുക, അവർ സത്യനിഷേധം അവസാനിപ്പിക്കുകയാണെങ്കിൽ കഴിഞ്ഞുപോയ തെറ്റുകളൊക്കെ അവർക്ക് പൊറുത്തുകൊടുക്കപ്പെടും" (വിശുദ്ധ ഖുർആൻ 8-38). 

അജ്ഞതയെ അലങ്കാരമാക്കി അഹന്തതയെ മുഖമുദ്രയാക്കി തെറ്റുകളിൽ അഭിരമിച്ചുകൊണ്ടിരിക്കുന്ന സമൂഹത്തിലേക്ക് ഇന്നലെയുടെ അസ്തമയം ഇരുട്ടിലേക്ക് ചായേണ്ടതാണെന്നും ഇന്നിന്റെ പുത്തൻ പ്രഭാതങ്ങളാണ് വെളിച്ചത്തിലേക്ക് കൈപിടിച്ചു നടത്തേണ്ടതെന്നും വളരെ സരളമായി എന്നാലേറെ ഗഹനമായി അവതരിപ്പിക്കുകയാണ് മേൽ പറയപ്പെട്ട വിശുദ്ധ സൂക്തത്തിന്റെ സാരാംശം. പുതിയൊരു വർഷം സമാഗതമാവുന്ന സാഹചര്യത്തിൽ ഈ ചിന്ത ഏറെ പ്രസക്തമാതാണ്.

പുതുവസരത്തിന്റെ പുതുമണം എല്ലാ ഹൃദയങ്ങളെയും ത്രസിപ്പിക്കാറുണ്ട്. അത്തരമൊരു സാഹചര്യത്തിൽ മനുഷ്യ മനസ്സുകളിൽ 'എനിക്ക് മാറണം' എന്ന മനോഗതി ഉടലെടുക്കുന്നത് സ്വാഭാവികമാണ്. എന്നാൽ, ഇന്നലെയുടെ മുറിവുകൾ ഇന്നിന്റെ യാമങ്ങളിലും അനുരണനങ്ങളായി തികട്ടി കൊണ്ടിരിക്കുമ്പോൾ പലരും ആ ചിന്താധാരയിൽ നിന്ന് പിൻവലിയുകയാണ്. ഒരിക്കലും തിരിച്ചു വരാൻ കഴിയുകയില്ലെന്ന് മനസ്സിനെ പറഞ്ഞു വിശ്വസിപ്പിച്ച് വീണ്ടും ഗതകാലത്തിലേക്ക് തന്നെ ഊളിയിടുകയാണ്.  അവസാനം പരിക്കേറ്റ മനസ്സിനെ ഓളങ്ങളിൽ ഉപേക്ഷിക്കുമ്പോൾ ഒഴുക്കിനെതിരെ നീന്താൻ കഴിയാതെ വീണ്ടും അത് ദുരിതക്കയങ്ങളിലേക്ക് തന്നെ യാത്ര തുടരുന്നു.

"ഒരു വിശ്വാസിക്ക് രണ്ട് തവണ ഒരേ മാളത്തില്‍ നിന്ന് വിഷമേല്‍ക്കില്ല" (ബുഖാരി: 6133) എന്ന തിരുവാക്യവും ഇതോട് ചേര്‍ത്ത് വായിക്കാം. നമുക്കൊരുപാട് സഞ്ചരിക്കാൻ ഉണ്ടെന്നും നിന്നടുത്ത് തന്നെ നിൽക്കുന്നത് ദുരന്തം മാത്രമേ സമ്മാനിക്കുകയുള്ളൂവെന്നും പറയാതെ പറയുകയാണ് ഈ പ്രവാചകധ്യാപനം. വന്നുപോയ സമയങ്ങൾ ഒരിക്കലും തിരിച്ചു വരികയില്ല. പിന്നെന്തിനാണ് ആ നിമിഷങ്ങളിൽ പിണഞ്ഞ അബദ്ധങ്ങളും സാഹചര്യങ്ങളിൽ സഹജമായ ദുരന്തങ്ങളുമോർത്തിരിക്കുന്നത്?. അല്ലെങ്കിലും പരാജയങ്ങൾ എപ്പോഴും നമ്മളോട് ഉണർത്തുന്നത് അതിൽ ഒളിഞ്ഞിരിക്കുന്ന ജയം തന്നെയല്ലേ. വിരാമത്തിനുള്ള ഭയമല്ല, വിജയത്തിലേക്ക് കുതിക്കാനുള്ള വീര്യവും പരിചയസമ്പത്തുമാണ് ഓരോ വീഴ്ചയും നമുക്ക് സമ്മാനിക്കുന്നത്. അതിനാൽ ആത്മവിശ്വാസത്തോടെ മാറ്റത്തിന് നാം തയ്യാറാവുകയാണ് വേണ്ടത്.

ജീവിതാർത്ഥത്തെ ഒന്നുകൂടി കെട്ടഴിച്ചു നോക്കിയാൽ ആരെങ്കിലും നടന്നു നീങ്ങുന്ന വഴിയിലുള്ള കൂർത്തതും കാഠിന്യമുള്ളതുമൊക്കെയായ കല്ലുകൾ ശേഖരിക്കുമോ?. അതിനെ മറികടന്ന് യാത്ര തുടരുകയല്ലേ ചെയ്യുക?. എന്നാൽ മറിച്ച്, രത്നക്കല്ലുകൾ കണ്ടാലോ! അത് വേഗത്തിൽ കയ്യിലാക്കുകയും ചെയ്യും. അതുപോലെ ജീവിത വീഥിയിൽ വന്നണയുന്ന അമൂല്യങ്ങളായ പാഠങ്ങളെയെല്ലാം നാം ശേഖരിക്കണം. അത് നാളെയുടെ ഊർജ്ജമാണ്, പരാജയത്തെ നേരിടാനുള്ള പരിചയാണ്. അതിലുപരി വിജയത്തിലേക്കുള്ള അതിപ്രധാന ഘടകവുമാണ്. മാറ്റത്തിന് മാറ്റു കൂട്ടുന്നതും ഈ ആത്മവിചിന്തനം തന്നെ.

ഇസ്‍ലാമിക് റിപ്പബ്ലിക്കിന്റെ രണ്ടാം ഖലീഫ ഉമറുബ്നുല്‍ഖത്താബ്(റ) മാറ്റൊലിയുടെ മഹാപ്രതീകമാണ്. മിണ്ടാപ്രാണികളായ ഒട്ടകങ്ങൾ മുതൽ സ്വന്തം ചോര വരെ തങ്ങളുടെ ഭൂതകാല ഭീകരോർമകളാണ്. എന്നാൽ മാറണമെന്ന ചിന്ത ഉമർ(റ)ന്റെ ഹൃദയം കവരുകയും ഇന്നും ലോകം ഏറെ ആദരവോടെ ഓര്‍ക്കുന്ന നേതാവായി മാറുകയും ചെയ്തു. കള്ളുഷാപ്പിൽ വീഞ്ഞുകുപ്പികൾക്ക് താളം പിടിച്ച റാബിഅത്തുൽഅദവിയ്യ(റ) പിന്നീട് ആത്മീയ രാഗങ്ങളിൽ അഭയം പ്രാപിച്ച ചരിത്രം മറ്റൊരു മാറ്റത്തിന്റെ ശേഷിപ്പാണ്. ഇതുപോലെ ഒരുപാട് മഹാന്മാരും മഹതികളും തിരിച്ചറിവിന്റെ കൊത്തുപണികളാൽ ഇന്നിന്റെ ചുമരുകളിൽ തിളങ്ങിനിൽക്കുന്നുണ്ട്.

മാറ്റത്തിന് ഒരു നിമിഷം മാത്രം മതിയെന്നാണിവർ നമ്മോട് പറഞ്ഞു കൊണ്ടേയിരിക്കുന്നത്. അത്ഭുതങ്ങളും അനുഗ്രഹങ്ങളും ചില നിമിത്തങ്ങൾ മാത്രമാണ്. അത് ചിലർക്ക് അനുഭവവേദ്യമായപ്പോൾ അവരതിൽ വിശ്വസിച്ചു. നമ്മൾ അത് വരുന്നത് വരെ കാത്തിരിക്കുന്നത് ഭൂഷണമല്ല. പഠനങ്ങളും മനനങ്ങളും ഒരുപാടുണ്ടായിട്ടും പുസ്തകങ്ങൾ ചുമക്കുന്ന കഴുതകളായി അഭിനയിക്കുന്നത് ജീവിതം വൃഥാവിലാക്കുന്നതാണ്.  എന്തിനേറെ പറയണം, നമ്മുടെ സമയത്തെ തിട്ടപ്പെടുത്തുന്ന ഘടികാരങ്ങൾ പോലും ഒന്നിൽ നിന്ന് മറ്റൊന്നിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. "ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട്" എന്ന് വിശുദ്ധ ഖുർആൻ നിരന്തരം ഉണർത്തി കൊണ്ടിരിക്കുമ്പോൾ എല്ലാ കാഴ്ചകളും നമുക്ക് നൽകുന്നത് മാറ്റത്തിന്റെ സന്ദേശങ്ങളാണെന്നത് ഇതിനോട്  കൂടി നാം മനസ്സിലാക്കണം.

ദുനിയാവ് എന്ന ചരക്കിലെ ഭാണ്ഡങ്ങൾ പരിശോധിച്ചു നോക്കുമ്പോൾ അതിലും നമുക്കേറെ മാറ്റത്തിന്റെ കഥകൾ നേർകണ്ണിൽ കാണാൻ സാധിക്കും. ലോകത്തെ കോടീശ്വരന്മാരുടെ കൂട്ടത്തിൽ അതിപ്രധാനി ബിൽഗേറ്റ്സിന്റെ വിജയസംഗ്രഹം പലപ്പോഴും സോഷ്യൽ മീഡിയകളിലൂടെ കറങ്ങി നടക്കാറുണ്ട്. സ്കൂളിൽ പഠനനിലവാരം തീരെ പുലർത്താത്ത കുട്ടി  ക്ലാസ്ടോപ്പർമാരുടെ ബോസ് ആയി മാറിയ പ്രചോദനമാണതിലെ സമവാക്യം. അതുപോലെ പ്രശസ്ത ബ്രാൻഡ് ആപ്പിളിന്റെ പിതാവ് സ്റ്റീവ് ജോബ്സിന്റെ പിന്നാമ്പുറവും പലപ്പോഴും  നാം മാധ്യമങ്ങളിൽ വായിക്കാറുണ്ട്. പ്രൊഫഷണൽ കമ്പനികളുടെ തലവന്മാരുടെ ശില്പശാലയിൽ പങ്കെടുക്കാൻ എത്തിയ സ്റ്റീവ് ജോബ്സിനോട് നിങ്ങൾ ഏത് കമ്പനിയുടെ സി.ഇ.ഒ.  ആണെന്ന് സെക്യൂരിറ്റി ഗാർഡൻ ചോദിച്ചപ്പോൾ ഞാൻ തുടങ്ങാൻ പോകുന്ന കമ്പനി ഭാവിയിൽ എല്ലാത്തിനേക്കാളും മികച്ചതാകുമെന്നാണ് അദ്ദേഹം മറുപടി നൽകിയത്. അത് യാഥാർത്ഥ്യമായതാണ്, ആപ്പിൾ ഫോൺ ബ്രാൻഡുകളിൽ നമ്പർ വൺ ആയി തുടരുന്നതിലൂടെ നാം കാണുന്നത്. കലാ-കായിക-സാംസ്കാരിക ഇതര വിഭാഗങ്ങളിൽ ലോകത്തിന്റെ നെറുകയിൽ അമ്മാനമാടുന്ന പല നേതാക്കൾക്കും ഇതുപോലെ മാറ്റത്തിന്റെ വലിയ കഥകള്‍ പറയാനുള്ളവരാണ്. വർഗ്ഗ ഭേദമന്യേ മാറ്റത്തിന്റെ ശങ്കുനാദങ്ങൾ ആർക്കും മുഴക്കാൻ കഴിയുമെന്നതിന്റെ ജീവിക്കുന്ന തെളിവുകളാണ് ഇവരൊക്കെ.

എന്നാൽ ചപ്പാത്തി കമ്പനി കണക്കെ ട്രെൻഡുകളെ അനുകരിക്കും പോലെ  ഇവരെയൊക്കെ പിൻപറ്റി നടക്കുന്ന പ്രക്രിയ ഇന്നധികമായി കണ്ടുവരുന്നു. സ്വന്തമായൊരിടത്തിൽ നിന്നും ഉയർന്നുവന്ന് ഇവരോട് കിടപടിക്കേണ്ടതിനു പകരം ഇങ്ങനെയൊരു അനുകരണത്തിന് ഒരുങ്ങുന്നതും അബദ്ധജടിലമായ മനസ്ഥിതിയാണ്. ഭൗതിക രംഗങ്ങളിൽ സ്വന്തമായൊരിടം കണ്ടെത്തണം. പരിഷ്കരണങ്ങൾ വേണമെന്ന് പറഞ്ഞ് ആത്മീയതലത്തിലും ഇത്തരം സ്വതന്ത്രാവകാശം വേണമെന്ന് പറയുന്ന ലിബറൽ ചിന്തകൾ വെടിയണമെന്നതും ഇതിനോട് കൂട്ടി കൂട്ടിവായിക്കേണ്ടതാണ്. കാരണം ആത്യന്തിക ലക്ഷ്യവും നിയമനിർമാണത്തിന്റെ പക്വതയും അറിയാത്ത എടുത്തുചാട്ടങ്ങളാണവ. അതുകൊണ്ട് ആത്മീയ മേഖലയിൽ സച്ചരിതർ കാണിച്ചുതന്ന വഴികള്‍ തന്നെയാണ്ണ് നാം എന്നും  സ്വീകരിക്കേണ്ടതും പിന്തുടരേണ്ടതും. നടന്നുപതിഞ്ഞ ആ വഴികള്‍ക്കേ നമ്മെ യഥാര്‍ത്ഥ ലക്ഷ്യത്തിലെത്തിക്കാനാവൂ. നാഥന്‍ തുണക്കട്ടെ.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter