പുണ്യം നേടാന്‍ ദുല്‍ഹിജ്ജയിലെ പത്ത് ദിനരാത്രങ്ങള്‍

പ്രപഞ്ചനാഥനായ അല്ലാഹു കാലത്തെ സൃഷ്ടിക്കുകയും അതില്‍ നിന്ന് ചിലതിനെ ചിലതിനേക്കാള്‍ മഹത്തരമാക്കുകയും ചെയ്തിട്ടുണ്ട്. അതിന്റെ യുക്തി അല്ലാഹുവിന് മാത്രമേ അറിയൂ. അല്ലാഹു പറയുന്നു: 'നിന്റെ രക്ഷിതാവ് താന്‍ ഉദ്ദേശിക്കുന്നത് സൃഷ്ടിക്കുകയും തെരഞ്ഞെടുക്കുകയും ചെയ്യുന്നു' (ഖുര്‍ആന്‍, സൂറത്തുല്‍ ഖസസ:് 68).

ആ കാലങ്ങളില്‍ വെച്ച് ദുല്‍ഹിജ്ജ മാസത്തിലെ ആദ്യ പത്തു ദിവസങ്ങളെ അല്ലാഹു പ്രത്യേകം ശ്രേഷ്ഠമാക്കിട്ടുണ്ട്. മാത്രമല്ല, അവയെ പേരെടുത്ത് പറഞ്ഞ് ഖുര്‍ആനില്‍ സത്യം ചെയ്തിട്ടുമുണ്ട്. 'പ്രഭാതം തന്നെയാണ് സത്യം, പത്തുരാത്രികള്‍ തന്നെയാണ് സത്യം' (ഖുര്‍ആന്‍, സൂറത്തുല്‍ ഫജ്ര്‍:1,2)

ഈ ദുനിയാവിലെ ദിവസങ്ങളില്‍ വെച്ച് ഏറ്റവും പരിപാവനമായത് ഈ പത്ത് ദിവസങ്ങളെന്ന് നബി അരുള്‍ ചെയ്തിട്ടുണ്ട്. ദുല്‍ഹിജ്ജയിലെ ഈ പത്തു ദിവസങ്ങളില്‍ വെച്ച് അതിശ്രേഷ്ഠമായ ദിനം ഒമ്പതാം ദിനമാണ്, അതായത് അറഫാ ദിനം. നബി (സ്വ.അ) പറഞ്ഞു്: 'അറഫാ ദിവസമാണ് അല്ലാഹു അടിമകളെ കൂടുതലായും മോചനം നടത്തുന്നത്' ( ഹദീസ് മുസ്ലിം). 

ഈ പത്തു ദിവസങ്ങളില്‍പ്പെട്ടതാണ് ബലിപെരുന്നാള്‍, അതായത് ദുല്‍ഹിജ്ജ പത്താം ദിവസം. വളരെ മഹത്വമേറിയ ദിനമാണത്. നബി (സ്വ.അ) പറഞ്ഞു: 'അല്ലാഹുവിങ്കല്‍  ഏറ്റവും ശ്രേഷ്ഠമായ ദിനം ബലിപെരുന്നാള്‍ ദിനമാണ ് ' (അബൂദാവൂദ്). ദുല്‍ഹിജ്ജയിലെ ഈ പത്തുദിവസങ്ങളില്‍ മറ്റൊരു ദിവസത്തിലും ഇല്ലാത്തവിധം പുണ്യകര്‍മ്മങ്ങള്‍ ഒരുമിച്ചു ക്രമീകരിക്കപ്പെട്ടിട്ടുണ്ട്. ഈ ദിവസങ്ങളില്‍ നിസ്‌ക്കാരവും നോമ്പും ഹജ്ജും സ്വദഖയും പ്രാര്‍ത്ഥനയും എന്നിങ്ങനെ എല്ലാ ആരാധനാ കര്‍മ്മങ്ങളും സംഗമിച്ചതായി കാണാം.

ഈ ദിനരാത്രങ്ങളില്‍ പുണ്യകര്‍മ്മങ്ങള്‍ ചെയ്ത് നാം ആരാധനാപൂര്‍ണമാക്കേണ്ടതുണ്ട്. ഈ ദിവസങ്ങളില്‍ പുണ്യകര്‍മ്മങ്ങള്‍ ചെയ്യുന്നതാണ് മറ്റുള്ള ദിവസങ്ങളേക്കാള്‍ അല്ലാഹുവിന് ഏറ്റവും കൂടുതലിഷ്ടം (ഹദീസ് അബൂദാവൂദ്). അതായത് ഈ ദിനങ്ങള്‍ പുണ്യങ്ങളുടെ പെരുമഴക്കാലമാണ്. വിശ്വാസികള്‍ ആരാധനാനിമഗ്നരായി അല്ലാഹുവിലേക്ക് അടുക്കാന്‍ മത്സരിക്കേണ്ടതുണ്ട്.

സല്‍ക്കര്‍മ്മങ്ങളുടെ വര്‍ധനവിനായി നാഥനോട് ഇരക്കണം. കരുണക്കടാക്ഷം തേടണം. നിര്‍ബന്ധ കര്‍മ്മങ്ങള്‍ നിഷ്ഠയോടെ ചെയ്തുതീര്‍ക്കുകയും സുന്നത്തായ ആരാധനാ കര്‍മ്മങ്ങള്‍ അധികരിപ്പിക്കുകയും വേണം.

ഖുദ്‌സിയ്യായ ഹദീസില്‍ അല്ലാഹു പറയുന്നു: 'എന്റെ അടിമ നിര്‍ബന്ധ ആരാധനാ കര്‍മ്മങ്ങളെക്കൊണ്ടാണ് എന്നിലേക്ക് അടുക്കുക. സുന്നത്തായ കര്‍മ്മങ്ങളെക്കൊണ്ട് അവന്‍ എന്നിലേക്ക് അടുത്തുകൊണ്ടേയിരിക്കുകയും അങ്ങനെ ഞാന്‍ അവനെ ഇഷ്ടപ്പെടുകയും ചെയ്യും' (ബുഖാരി). ദുല്‍ഹിജ്ജ പത്തുദിനങ്ങളിലെ എല്ലാ പുണ്യകര്‍മ്മങ്ങള്‍ക്കും ആരാധനകള്‍ക്കും ഇരട്ടി പ്രതിഫലമാണുള്ളത്. ദുല്‍ഹിജ്ജ മാസത്തിലെ സല്‍ക്കര്‍മ്മങ്ങള്‍ അല്ലാഹുവിങ്കല്‍ കൂടുതല്‍ പവിത്രമാണ്, അവക്ക് മഹത്തായ പ്രതിഫലമാണ് അല്ലാഹു സംവിധാനിച്ചിട്ടുള്ളതെന്ന് നബി  പ്രസ്താവിച്ചിട്ടുണ്ട്.

ആരാധനാ കര്‍മ്മങ്ങളില്‍ നിസ്‌ക്കാരം പരമപ്രധാനമാണ്. ദീനിന്റെ സ്തംഭമാണത്. അത് ശരിയായാല്‍ ബാക്കിയുള്ള എല്ലാ ആരാധനകളും ശരിയാവും. അതുകൊണ്ട് തന്നെ അല്ലാഹു നിസ്‌ക്കാരം നിലനിര്‍ത്താന്‍ ഖുര്‍ആനില്‍ പലവുരു പ്രത്യേകം ആജ്ഞപിക്കുന്നുണ്ട്: 'നിസ്‌ക്കാരങ്ങള്‍ നിങ്ങള്‍ സൂക്ഷമതയോടെ നിര്‍വ്വഹിച്ചുപോരേണ്ടതാണ്. പ്രത്യേകിച്ചും ഉല്‍കൃഷ്ടമായ നിസ്‌ക്കാരം. അല്ലാഹുവിന്റെ മുമ്പില്‍ ഭയഭക്തിയോടു കൂടി നിന്നുകൊണ്ടാകണം നിങ്ങള്‍ പ്രാര്‍ത്ഥിക്കുന്നത്' (ഖുര്‍ആന്‍ സൂറത്തുല്‍ ബഖറ 238). നിസ്‌ക്കാരത്തിലെ റുകൂഉം സുജൂദും പരിപൂര്‍ണമാക്കുകയും ഭയഭക്തിയോടെ നിസ്‌ക്കാരം നിര്‍വ്വഹിക്കുകയും വേണം. എന്നാല്‍ മാത്രമേ സൃഷ്ടിയും സൃഷ്ടാവും തമ്മിലുള്ള ബന്ധം സാധ്യമാവുകയുള്ളൂ.ദുല്‍ഹിജ്ജ പത്തുദിനങ്ങളിലെ നിസ്‌ക്കാരങ്ങള്‍ക്ക് (ഫര്‍ള് നിസ്‌ക്കാരമാവട്ടെ, സുന്നത്താവട്ടെ) ഇരട്ടി പ്രതിഫലമാണുള്ളത്.

അപ്രകാരം തന്നെ നോമ്പനുഷ്ഠിക്കലും ആത്മാര്‍ത്ഥ ആരാധനാകര്‍മ്മമാണ്. നബി തങ്ങള്‍  ദുല്‍ഹിജ്ജ ഒമ്പതാം ദിവസവും ആശുറാഅ് ദിവസവും എല്ലാ മാസത്തിലെയും മൂന്നു ദിവസവും മാസത്തിലെ ആദ്യ രണ്ടു ദിവസവും വ്യാഴാഴ്ച ദിവസും നോമ്പനുഷ്ഠിക്കാറുണ്ടായിരുന്നെന്ന് പ്രവാചക പത്‌നിമാര്‍ സാക്ഷ്യപ്പെടുത്തുന്നു (ഹദീസ് അബൂ ദാവൂദ്). ദുല്‍ഹിജ്ജ പത്തു ദിവസങ്ങളിലെ വ്രതങ്ങള്‍ കൂടുതല്‍ പ്രതിഫലാര്‍ഹമാണ്. പ്രത്യേകിച്ച് അറഫാ ദിനത്തിലെ വ്രതത്തിന്. ആ ദിവസത്തിലെ നോമ്പ് കഴിഞ്ഞ വര്‍ഷത്തെയും വരാനുള്ള വര്‍ഷത്തെയും പാപമോക്ഷത്തിന് കാരണമാവുമെന്ന് നബി പറഞ്ഞിട്ടുണ്ട് ( ഹദീസ് മുസ്ലിം).

ഈ ദിവസങ്ങളിലെ ദാനധര്‍മ്മങ്ങള്‍ക്കും ഇരട്ടി പ്രതിഫലമാണ് അല്ലാഹു നിശ്ചയിച്ചിട്ടുള്ളത്. ദാനം ചെയ്യല്‍ അല്ലാഹുവിലേക്ക് അടുക്കാനും വിശ്വാസം സുദൃഡമാവാനുമുള്ള നിദാനമാണ്.

മനുഷ്യന് അല്ലാഹുവിലേക്ക് അഭയം പ്രാപിക്കാനുള്ള മാര്‍ഗമാണ് പ്രാര്‍ത്ഥന. വിനയാനിതനായി, കേഴുന്ന മനസ്സുമായി നാഥന്റെ സന്നിധാനത്തിലേക്ക് ആവശ്യങ്ങള്‍ വ്യക്തമാക്കണം. അവന്‍ ഉത്തരം നല്‍കും. എന്നോട് പ്രാര്‍ത്ഥിക്കൂ, ഞാന്‍ ഉത്തരം നല്‍കുമെന്ന് ഖുര്‍ആനില്‍ അല്ലാഹു വ്യക്തമാക്കുന്നു.

സൃഷ്ടാവിലേക്ക് അടുക്കാനുള്ള മാര്‍ഗമാണ് ദൈവസ്മരണ. 'അവനിലേക്കാണ് ഉത്തമ വചനങ്ങള്‍ കയറിപോവുന്നത്, നല്ല പ്രവര്‍ത്തനത്തെ അവന്‍ ഉയര്‍ത്തുകയും ചെയ്യുന്നു' (ഖുര്‍ആന്‍, സൂറത്തുല്‍ ഫാത്വിര്‍, 10). അടിമ ചൊല്ലിയ തസ്ബീഹുകളും ഹംദുകളും തക്ബീറുകളും ഉയര്‍ന്ന് നാഥന്റെ ഹര്‍ഷിനെ ചുറ്റും, എന്നിട്ട് ചൊല്ലിയയാളുടെ നാമം അല്ലാഹുവിങ്കല്‍ ഉരുവിടുമെന്ന് നബി പഠിപ്പിച്ചിട്ടുണ്ട്. നിങ്ങള്‍ എന്നെ ഓര്‍ക്കുക, ഞാന്‍ നിങ്ങളെയും ഓര്‍ക്കുന്നതാണ് (ഖുര്‍ആന്‍, സൂറത്തുല്‍ ബഖറ, 152). സല്‍ക്കര്‍മ്മങ്ങള്‍ അല്ലാഹുവിന് ഏറ്റവും ഇഷ്ടം ദുല്‍ഹിജ്ജ മാസത്തിലെ ആദ്യ പത്തു ദിവസങ്ങളിലാണെന്നും ആയതിനാല്‍ തഹ് ലീല്‍, തക്ബീര്‍, ഹംദ് അധികരിപ്പിക്കണമെന്ന് നബി അരുള്‍ ചെയ്തിട്ടുണ്ട്. അവ സ്വര്‍ഗത്തിലേക്കുള്ള പാതയും പാഥേയവുമാണ്.

മറ്റുള്ളവര്‍ക്ക് ഗുണം ചെയ്യതും അവരുടെ ഹൃദയങ്ങള്‍ക്ക് സന്തോഷം പകര്‍ന്നും ഈ ദിനങ്ങള്‍ നാം പ്രതിഫലപ്രദമാക്കണം. മാത്രമല്ല, ഈ പുണ്യങ്ങള്‍ നുകരാന്‍ നമ്മുടെ സന്താനങ്ങളെയും പ്രാപ്തരാക്കേണ്ടിയിരിക്കുന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter