ഇബ്‌റാഹീം നബി: പരീക്ഷണത്തിന്റെ മരുഭൂമികള്‍

ബാബിലോണില്‍ അന്ന് ഭരണം നടത്തിയിരുന്നത് നംറൂദ് ചക്രവര്‍ത്തിയായിരുന്നു. നീചനും ക്രൂരനുമായിരുന്നു അയാള്‍. അന്നാട്ടുകാരാവട്ടെ അന്ധവിശ്വാസികളും ബിംബാരാധകരുമായിരുന്നു. ഗുണവും ദോഷവുമെല്ലാം സംഭവിക്കുന്നത് നക്ഷത്രങ്ങള്‍ മുഖേനെയാണെന്നായിരുന്നു അവരുടെ വിശ്വാസം. അത്തരം അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെ വിരലനക്കാന്‍ പോലും അന്നാരമുണ്ടായിരുന്നില്ല. ആയിടെയാണ് അവിടത്തെ പ്രധാന പൂജാരിയും ബിംബക്കച്ചവടക്കാരനുമായ ആസറിന് ഒരു പുത്രന്‍ ജനിച്ചത്.  ശൈശവം മുതലേ അവരുടെ ആചാരാനുഷ്ഠാനങ്ങളെ കളിയാക്കലും ആരാധനാവസ്തുക്കളെ പുച്ഛിക്കലും ആ കൂട്ടിയുടെ ഹോബിയായിരുന്നു. ഇബ്രാഹീം എന്ന പേരായ ആ കുട്ടി പ്രായം ചെല്ലുംതോറും അന്നത്തെ സാമൂഹ്യാചാരങ്ങളെയും അന്ധവിശ്വാസങ്ങളെയും മുഖം നോക്കാതെ വിമര്‍ശിച്ചുകൊണ്ടിരുന്നു. ബുദ്ധിയും തന്റേടവും ഉറച്ചപ്പോഴേക്ക് പരമ്പരാഗതമായി ലഭിച്ച  അവരുടെ വിശ്വാസാചാരങ്ങളുടെ ഒരു നിത്യശ്രത്രുവായിക്കഴിഞ്ഞിരുന്നു അദ്ദേഹം. ഈ സ്വഭാവം നിമിത്തം ഇബ്രാഹീമിന് പിതാവടക്കമുള്ള സ്വന്തം ജനതയുടെ കഠിനമായ  എതിര്‍പ്പിന് വിധേയനാവേണ്ടിവന്നു. പിതാവുമായി പലപ്പോഴും അദ്ദേഹത്തിന് വഴക്കിടേണ്ടിവന്നിട്ടുണ്ട്. ഒരു ദിവസം പിതാവും പുത്രനും തമ്മില്‍ വാഗ്വാദം നടത്തുന്നതാണ് രഗം.


ഇബ്രാഹീം: (ബിംബങ്ങളെ നേരെ ചൂണ്ടിക്കൊണ്ട്) പ്രിയ പിതാവേ! ഇവയ്ക്ക് നിങ്ങള്‍ ആവശ്യപ്പെടുന്നതൊന്നും കാണാനും കേള്‍ക്കാനും സാധിപ്പിച്ചുതരാനും കഴിയില്ല. പിന്നെന്തിന് ഇവയെ ആരാധിക്കുന്നു? നിങ്ങള്‍ക്ക് ലഭിച്ചിട്ടില്ലാത്തത് (അല്ലാഹുവില്‍ നിന്നുള്ള ദൗത്യം) എനിക്ക് വന്നുകിട്ടിയിട്ടുണ്ട്. അതിനാല്‍ നിങ്ങളെന്നെ പിന്തുടരുക. എങ്കില്‍ അങ്ങേയ്ക്ക് സന്‍മാര്‍ഗം പ്രാപിക്കാം. പ്രിയ പിതാവേ, അങ്ങ് പിശാചിന് കീഴ്‌പ്പെടരുത്. കാരണം, പിശാച്ച് കരുണാവാരിധിയായ നാഥന് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നവനാണ്. അങ്ങയെ നാഥനില്‍നിന്നുള്ള ശിക്ഷ പിടികൂടുന്നതിനെ ഞാന്‍ അങ്ങേയറ്റം ഭയപ്പെടുന്നു. അപ്രകാരം വരികയാണെങ്കില്‍ അങ്ങ് പിശാചിന്റെ കൂട്ടുകാരനായിത്തീരും.


(നിരന്തരം തര്‍ക്ക വിതര്‍ക്കങ്ങള്‍ നടത്തിക്കെണ്ടിരിക്കെ മകന്റെ ഈ ഉപദേശവുംകൂടി കേട്ടപ്പോള്‍ ആസര്‍ രോഷാകുലനായി. ഇബ്രാഹീമിനെ ഭയപ്പെടുത്തുമാറ് അദ്ദേഹം പറഞ്ഞു) ആസര്‍: ”ഇബ്രാഹീം!.. നീയെന്റെ ഇലാഹിനെയും വിട്ട് മറ്റൊന്ന് ആഗ്രഹിക്കുന്നു അല്ലേ? ഞാന്‍ ആരാധിക്കുന്നവയ്ക്ക് നീ ആരാധിക്കുകയില്ല. നീ എന്റെ  ഇലാഹുകളെ അസഭ്യംകൊണ്ടഭിഷേകം ചെയ്യുന്നു. എടാ…  ഇബ്രാഹീം… നീ ഇതവസാനിപ്പിക്കുന്നില്ലെങ്കില്‍ നിന്നെ ഞാന്‍ എറിഞ്ഞുകൊല്ലും. അടുത്ത കാലത്തൊന്നും നിന്നെയിവിടെ കാണരുത്!


ഇബ്രാഹം: (പിതാവിനെ നോക്കിക്കൊണ്ട്)  ”അങ്ങയില്‍ സമാധാനം വര്‍ഷിക്കുമാറാവട്ടെ. ഞാനെന്റെ നാഥനോട് അങ്ങേയ്ക്ക് പാപമോചനത്തിനായി പ്രാര്‍ത്ഥിക്കാം. എന്റെ നാഥന്‍ എന്നില്‍ കരുണ വര്‍ഷിക്കുന്നവനാണ്. നിങ്ങളും നിങ്ങള്‍ ആരാധിക്കുന്ന ദൈവങ്ങളുമായി ഞാനിതാ യാത്രപറയുകയാണ്. ഞാനെന്റെ നാഥനോട് പ്രാര്‍ത്ഥിക്കുന്നു. അവനോട് പ്രാര്‍ത്ഥിച്ചിട്ടു എനിക്കൊരിക്കലും നിരാശനാവേണ്ടിവന്നിട്ടില്ല.” (അതും പറഞ്ഞു ഇബ്രാഹീം പുറത്ത് കടന്നു.)
*** *** ***


വീടുവിട്ട് പുറത്തിറങ്ങിയ ഇബ്രാഹീം തന്റെ ലക്ഷ്യത്തില്‍ നിന്നൊട്ടും പിന്തിരിഞ്ഞില്ല. അന്നു നിലവിലുണ്ടായിരുന്ന സര്‍വ്വവിധ അനാചാരങ്ങളെയും അന്ധവിശ്വാസങ്ങളെയും അദ്ദേഹം ശക്തിയുക്തം എതിര്‍ത്തു. ഒരു ദിവസം അദ്ദേഹം നക്ഷത്രങ്ങളെ പൂജിക്കുന്നവരുടെ ഇടയില്‍ എത്തി. അവരുടെ ദുശ്‌ചെയ്തികളുടെ പൊള്ളത്തരങ്ങള്‍ യുക്തിപൂര്‍വ്വം അവരെ ബോധിപ്പിക്കാന്‍ തന്നെ അദ്ദേഹം തീരുമാനിച്ചു.


നേരം സന്ധ്യയായി. അനന്തമായ നീലാകാശത്തില്‍ അങ്ങിങ്ങ് താരങ്ങള്‍ തലകാണിച്ചു തുടങ്ങി.
ഇബ്രാഹീം(അ) (ഒരു നക്ഷത്രത്തെ ചൂണ്ടിക്കൊണ്ട്) ”ഇതാണെന്റെ നാഥന്‍.” (ആ നക്ഷത്രം അസ്തമിച്ചു) ഇബ്രാഹീം: ”ഓഹൊ… ഇതസ്തമിച്ചു. അസ്തമിക്കുന്നവ ഇലാഹാവാന്‍ കൊള്ളില്ല. അതുകൊണ്ട് അതിനെ ആരാധിക്കാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നില്ല”.


(പാലൊളി വിതറിക്കൊണ്ട് ചന്ദ്രന്‍ ഉദിച്ചുയര്‍ന്നു) ഇബ്രാഹീം: (ആവേശത്തോടെ) ”ഇതാണെന്റെ നാഥന്‍.” (അതും അസ്തമിച്ചു) ഇബ്രാഹീം: (നിരാശ നടിച്ചുകൊണ്ട്) ”ചന്ദ്രനും അസ്തമിച്ചു. എന്റെ നാഥന്‍ എനിക്കു സന്മാര്‍ഗം കാണിച്ചുതന്നില്ലെങ്കില്‍ ഞാന്‍ ദുര്‍മാര്‍ഗികളില്‍പ്പെട്ടുപോയേനേ.”


നേരം പുലര്‍ന്നു. സൂര്യന്‍ ഇളംകതിരുകള്‍ വിതറിക്കൊണ്ട് കിഴക്കെ ചക്രവാളത്തില്‍ ഉദിച്ചുയര്‍ന്നു) ഇബ്രാഹീം: (പൂര്‍വ്വാധികം സന്തോഷം നടിച്ചുകൊണ്ട്) ”ഇതേറ്റവും വലിയതാണ്. ഇതാണെന്റെ നാഥന്‍.”


(സമയം സന്ധ്യയോടടുത്തു. സൂര്യന്‍ പടിഞ്ഞാറെ ചക്രവാളത്തില്‍ മറഞ്ഞു.) ഇബ്രാഹീം: (ജനങ്ങളെ അഭിമുഖീകരിച്ചു കൊണ്ട്) ”അതും മറഞ്ഞുകഴിഞ്ഞു. പിന്നെയെങ്ങനെ ഇവയെ ആരാധിക്കും? എന്റെ ജനസമൂഹമേ, നിങ്ങളാരാധിക്കുന്നവയൊന്നും അതിന് പറ്റിയവയല്ല. അതുകൊണ്ട് യഥാര്‍ത്ഥ നാഥനില്‍ നിങ്ങള്‍ പങ്കുചേര്‍ക്കുന്ന സകല ആരാധ്യവസ്തുക്കളില്‍ നിന്നും ഞാന്‍ വിമുക്തനാണ്. ആകാശഭൂമികളെ സൃഷ്ടിച്ച നാഥനിലേക്ക് ഋജുമാനസനായി ഞാനെന്റെ മുഖത്തെ നേരിടീക്കുന്നു. ഞാന്‍ അവനില്‍ പങ്കുചേര്‍ക്കുന്നവരില്‍ പെട്ടവനല്ലതന്നെ.”


(വാദകോലാഹലങ്ങളും തര്‍ക്ക വിതര്‍ക്കങ്ങളും പലതും നടന്നു. അന്നൊരു ദിവസം. ഇബ്രാഹീം(അ) ബിംബങ്ങളെ ആരാധിക്കുന്ന ഒരു വിഭാഗം ജങ്ങളില്‍ ചെന്നു. കൂട്ടത്തില്‍ പിതാവുമുണ്ട്. പലവിധത്തിലുള്ള പക്ഷി മൃഗാദികളുടെയും മനുഷ്യരുടെയും പ്രതിമകള്‍ കൂട്ടി അവയ്ക്കു ചുറ്റും ഭജനമിരുന്നാണ് അവര്‍ പൂജ നടത്തുന്നത്.) ഇബ്രാഹീം(അ): പ്രതിമകള്‍ക്ക് നേരെ ചൂണ്ടിക്കൊണ്ട്) ”എന്തിനാണിവയൊക്കെ? എന്തിനാണ് നിങ്ങള്‍ ഇവയ്ക്ക് ചുറ്റും ഭജനമിരിക്കുന്നത്?”


സദസ്യര്‍: ”ഞങ്ങളുടെ പിതാക്കള്‍ വഴി ഇങ്ങനെ ആരാധിച്ചുവന്നതാണ്, അപക്രാരം ഞങ്ങളും ആരാധിക്കുന്നു.”


ഇബ്രാഹീം: ”ഓഹോ… നിങ്ങളുടെ പിതാക്കള്‍ ആരാധിച്ചിരുന്നതിനാല്‍ നിങ്ങളും ആരാധിക്കുന്നു, അല്ലേ? എന്നാല്‍ നിങ്ങളും നിങ്ങളുടെ പിതാക്കളും വ്യക്തമായ ദുര്‍മാര്‍ഗത്തിലാണ്.”


സദസ്യര്‍: ഓ ഇബ്രാഹീം.. നീ പറയുന്നത് സത്യമാണോ, അതോ കളിപ്പിക്കാന്‍ പറഞ്ഞതോ?”
ഇബ്രാഹീം(അ): ”അതെ, സത്യമാണ്. നിങ്ങളുടെ നാഥന്‍ ആകാശഭൂമികളെ സൃഷ്ടിച്ച യഥാര്‍ത്ഥ നാഥനാണ്. അതിനുള്ള സാക്ഷികളില്‍ ഒരാളാണ് ഞാന്‍. അല്ലാഹുവാണെ! നിങ്ങളിവിടുന്ന് പിരിഞ്ഞുപോയതിനുശേഷം നിങ്ങളുടെ ബിംബങ്ങളെ ഞാന്‍ തച്ചുടക്കും.”

*** *** ***
(അന്ന് അവരുടെ ഒരാഘോഷ ദിവസമാണ്. എല്ലാവരും ഉത്സവസ്ഥലത്തേക്ക് പോയ്‌കൊണ്ടിരുന്നു)
ഒരാള്‍: ”ഇബ്രാഹീം, ഇന്ന് നമ്മുടെ ഉത്സവദിവസമാണല്ലോ? ഞങ്ങളൊന്നിച്ച് നീയും വരുന്നില്ലേ?”
ഇബ്രാഹീം: (നക്ഷത്രങ്ങളിലേക്ക് നോക്കിക്കൊണ്ട്) ”ഇല്ല; ്യൂഞാന്‍ വരുന്നില്ല. എനിക്ക് അസുഖം തോന്നുന്നു.”
എല്ലാവരും ഉത്സവസ്ഥലത്തേക്കുപോയി. അമ്പലത്തില്‍ ആരുമില്ല. ഇബ്രാഹീം പതുക്കെ അതിനുള്ളില്‍ പ്രവേശിച്ചു. പൂജക്കായി വെച്ച ഭക്ഷണസാധനങ്ങളുണ്ട് ബിംബങ്ങളുടെ മുമ്പില്‍.
ഇബ്രാഹീം(അ): (ബിംബങ്ങളെ നോക്കിക്കൊണ്ട് പരിഹാസപൂര്‍വ്വം) ”ഓ… നിങ്ങള്‍ ഭക്ഷിക്കുന്നില്ലേ? നിങ്ങളെന്താ ഒന്നും മിണ്ടാത്തത്?”
ഇബ്രാഹീം ഒരു കോടാലി കൊണ്ട് അവയൊക്കെ തച്ചുടച്ചു. കൂട്ടത്തില്‍ വലിയ ബിംബത്തെ ഒന്നും ചെയ്തില്ല. കയ്യിലിരുന്ന കോടാലി അതിന്റെ കഴുത്തില്‍ തൂക്കിയിട്ടു പുറത്തുകടന്നു.
ഉത്സവസ്ഥലത്തു നിന്നു തിരിച്ചെത്തിയപ്പോള്‍ അവര്‍ കണ്ട കാഴ്ച ദയനീയമായിരുന്നു. തങ്ങളുടെ ദൈവങ്ങളെല്ലാം തച്ചുടക്കപ്പെട്ട നിലയില്‍ കമിഴ്ന്നടിച്ചുകിടക്കുന്നു.
കൂട്ടത്തില്‍ ഒരാള്‍: ”ആരാണീ ക്രൂരകൃത്യം ചെയ്തത്? നമ്മുടെ ദൈവങ്ങളെയെല്ലാം ഇപ്രകാരം നശിപ്പിച്ചവന്‍ നിശ്ചയം കഠിന അക്രമി തന്നെയാണ്.”
അപരന്‍: ”ഒരു യുവാവ് നമ്മുടെ ദൈവങ്ങളെ പഴിക്കുന്നതും തെറി പറയുന്നതും ഞങ്ങള്‍ കേട്ടിട്ടുണ്ട്. ഇബ്രാഹീം എന്നാണവന്റെ പേര്‍.”
നംറൂദ്: ”എന്നാല്‍, അവനെ ഇവിടെ കൊണ്ടുവരൂ.”
ഇബ്രാഹീം(അ) സദസില്‍ ഹാജരാക്കപ്പെട്ടു. പ്രസ്തുത കുറ്റകൃത്യത്തെ കുറിച്ച് വിചാരണ തുടങ്ങി.
നംറൂദ്: ”എടാ ഇബ്രാഹീം… ഞങ്ങളുടെ ദൈവങ്ങളെ ഇത്തരത്തിലുള്ള ക്രൂര വിനോദത്തിനു വിധേയനാക്കിയത്  നീയാണോ?”
ഇബ്രാഹീം: (വലിയ ബിംബത്തെ ചൂണ്ടിക്കാണിച്ചു കൊണ്ട്) ”കൂട്ടത്തില്‍ വലിയവനാണ് ഈ ചെറുദൈവങ്ങളെ അപകടത്തില്‍പ്പെടുത്തിയത്. അവയിതാ ഒന്നന്വേഷിച്ചു നോക്കൂ. അവയ്ക്ക് സംസാരിക്കാന്‍ കഴിയുമെങ്കില്‍!”
തങ്ങളുടെ ബുദ്ധിശൂന്യതയെക്കുറിച്ച് പരിഹസിക്കുകയും അത് തന്ത്രപൂര്‍വ്വം ചൂണ്ടിക്കാണിക്കുകയും ചെയ്യുന്ന ഇബ്രാഹീമിന്റെ വാക്കു കേട്ട അവര്‍ സ്വയം ചിന്താകുലരായി.
ഒരാള്‍: ”ഇവയെ ആരാധിച്ച നിങ്ങള്‍ തന്നെയാണ് അക്രമികള്‍.”
വീണ്ടും അവര്‍ തലതിരിഞ്ഞ് ചിന്തിക്കാന്‍ തുടങ്ങി. തങ്ങളുടെ ബുദ്ധി ശൂന്യത വകവെച്ചുകൊടുക്കാന്‍ അവര്‍ തയ്യാറായില്ല.
ഒരാള്‍: ”ഇബ്രാഹീം! നിനക്കറിയാമല്ലോ ഇവയ്ക്ക് സംസാരിക്കാന്‍ കഴിയില്ലെന്ന്. പിന്നെന്തിന് അവയോട് ചോദിക്കാന്‍ ഞങ്ങളോട് പറയണം?”
ഇബ്രാഹീം: (ഇതുതന്നെ തക്കമെന്നു കരുതി) ”ഉപകാരവും ഉപദ്രവവും ചെയ്യാന്‍ കഴിയാത്ത ഈ നിര്‍ജ്ജീവ വസ്തുക്കളെ നിങ്ങളെന്തിന് ആരാധിക്കുന്നു. നിങ്ങള്‍ക്കു ബുദ്ധിയില്ലെ. കഥയില്ലാത്ത വിഡ്ഢികള്‍.”
ഇബ്രാഹീമിന്റെ വാക്കുകേട്ട് അവര്‍ രോഷാകുലരായി. അന്തരീക്ഷം പെട്ടെന്ന് ശബ്ദമുഖരിതമായി.
ഒരാള്‍: ”അവനെ അഗ്നികുണ്ഡത്തിലിട്ടു കരിച്ചുകളയൂ. നിങ്ങള്‍ക്ക് വല്ലതും ചെയ്യാന്‍ കഴിയുമെങ്കില്‍ നമ്മുടെ ദൈവങ്ങളെ രക്ഷിക്കൂ.”
ഇബ്രാഹീമിന്റെ കൈകള്‍ ബന്ധിക്കപ്പെട്ടു. അദ്ദേഹത്തെ തടങ്കലിലേക്ക് കൊണ്ടുപോയി.

വലിയൊരു അഗ്‌നികുണ്ഡം. മാസങ്ങളോളം ശേഖരിച്ച വിറകാണ് അതില്‍ ആളിക്കത്തുന്നത്. അതിന്നടുത്തൊരു തെറ്റുവില്ല്. ഇബ്രാഹീമിനെ കൈകാലുകള്‍ ബന്ധിച്ച് അതില്‍ ഘടിപ്പിച്ചിരിക്കുന്നു. തന്റെ വിശ്വാസത്തില്‍നിന്നു പിന്തിരിയണം. പ്രവര്‍ത്തനങ്ങള്‍ക്ക് വിരാമമിടണം. എങ്കില്‍ രക്ഷപ്പെടാം.

അല്ലെങ്കില്‍ അടുത്ത നിമിഷം തീ ജ്വാലകള്‍ തുപ്പുന്ന അഗ്നി കുണ്ഡത്തിലേക്ക് തന്നെ തൊടുത്തുവിടും. പക്ഷേ, അത്തരം ചിന്തകളൊന്നും ഇബ്രാഹീമിനെ നടുക്കിയില്ല. അദ്ദേഹത്തിന്റെ ചിത്തം ചിതറുകയോ പാദം പതറുകയോ ചെയ്തില്ല. ദൃഢമാനസനായി അതിനെ തരണം ചെയ്യാന്‍ തന്നെ അദ്ദേഹം തീര്‍ച്ചപ്പെടുത്തിയിരിക്കുകയാണ്. തീ ഒന്നു കൂടി ആളിക്കത്തിച്ചു. അതിനു ഉഗ്രത കൂടിയ സന്ദര്‍ഭം ഇബ്രാഹീം അതിലേക്കെടുത്തെറിയപ്പെട്ടു.

ഇബ്രാഹീം (അഗ്നികുണ്ഡത്തിന്റെ മധ്യത്തിലെത്തുന്നതിനു മുമ്പായി): ”ഹസ്ബിയല്ലാ..” (എനിക്കല്ലാഹുമതി. ഭരമേല്‍പ്പിക്കാന്‍ അവനെത്ര നല്ലവന്‍)

ഈ ദയനീയ രംഗം ആകാശത്തുള്ള മലക്കുകള്‍ കണ്ടു. ഭൂമിയിലെ മനുഷ്യരല്ലാത്ത ജീവജാലങ്ങള്‍ അല്ലാഹുവില്‍ ആവലാതിപ്പെട്ടു. ഈ മഹാവിപത്തില്‍നിന്ന് ഇബ്രാഹീമിനെ രക്ഷിക്കാനഭ്യര്‍ത്ഥിച്ചു.
ജിബ്‌രീല്‍ (ആകാശത്തു നിന്നിറങ്ങി വന്നുകൊണ്ട്): ”ഇബ്രാഹീം, അങ്ങേക്കെന്തു വേണം? പറഞ്ഞാളൂ, നിര്‍വഹിച്ചു തരാം.”

ഇബ്രാഹീം: ”ജിബ്‌രീല്‍! അങ്ങ് പോയ്‌കൊള്ളൂ! താങ്കളോടെനിക്കൊന്നും ബോധിപ്പിക്കാനില്ല; ഒന്നും ആവാശ്യപ്പെടാനുമില്ല. ‘ഹസ്ബിയല്ലാഹ്…’ (എനിക്കല്ലാഹു മതി..)”
അല്ലാഹുവിന്റെ ഭാഗത്ത് നിന്ന്: ”ഓ… തീ, നീ ഇബ്രാഹീമിനു രക്ഷയേകുന്ന തണുപ്പായി മാറുക.” (അല്ലാഹുവിന്റെ കല്‍പന കിട്ടേണ്ട താമസം അസഹ്യമായ ചൂട് സമാധാനപരമായ തണുപ്പായി ത്തീര്‍ന്നു. നംറൂദിന്റെ തീയ്ക്ക് ഇബ്രാഹീമിന്റെ വിശ്വാസത്തെയും ശരീരത്തെയും കരിക്കാനുള്ള ചൂടുണ്ടായിരുന്നില്ല.
*  *  *വിജനമായൊരു മലഞ്ചെരുവ്. അവിടെ വെള്ളമില്ല; ഭക്ഷണമില്ല. ഉയര്‍ന്നു നില്‍ക്കുന്ന പാറക്കെട്ടുകളും ഹിംസ്ര ജന്തുക്കളും ഘോരാട്ടഹാസങ്ങളുമാണവിടത്തെ കൂട്ടുകാര്‍. അവിടേക്ക് രണ്ടു പേര്‍ നടന്നുവരുന്നു. ഒരു സ്ത്രീയും പുരുഷനും. അവരുടെ കൈയില്‍ ഒരു ചോരപ്പൈതലുമുണ്ട്. ആ കുഞ്ഞിനെയും അതിന്റെ മാതാവായ ആ സ്ത്രീയെയും അവിടെ നിര്‍ത്തിയിട്ട് ആ മനുഷ്യന്‍ തിരിഞ്ഞു നടക്കുന്നു. സ്ത്രീയുടെ ഭര്‍ത്താവും കുഞ്ഞിന്റെ പിതാവുമാണദ്ദേഹം.
സ്ത്രീ: ”ജനവാസമില്ലാത്ത, വിശപ്പടക്കാന്‍ ഭക്ഷണവും ദാഹം തീര്‍ക്കാന്‍ വെള്ളവും ലഭിക്കാത്ത ഈ വിജന ദേശത്ത് ഞങ്ങളെയും വിട്ടേച്ചങ്ങ് പോവുകയാണോ?” (പുരുഷന്‍ ഉത്തരം പറയാതെ നടക്കുന്നു.)
സ്ത്രീ: ”ഇതു അങ്ങയുടെ സ്വാഭീഷ്ടപ്രകാരമോ, അെേതാ അല്ലാഹുവിന്റെ കല്‍പനയോ?”
പുരുഷന്‍: ”അതെ, അല്ലാഹുവിന്റെ കല്‍പനയാല്‍ തന്നെ. (ഇബ്രാഹീം(അ)ആണ് ആ  മനുഷ്യന്‍.)
വാര്‍ധക്യകാലത്ത് തനിക്ക് ലഭിച്ച ഓമന സന്താനം ഇസ്മാഈലിനെയും പ്രിയപത്‌നി ഹാജറയെയും ആ വരണ്ട വിജനദേശത്ത് വിട്ടേച്ച് പോവണമെന്നത് അല്ലാഹുവിന്റെ കല്‍പനയാണ്. ആ ത്യാഗീവര്യന്‍ അത് അക്ഷരംപ്രതി സ്വീകരിച്ചു.
ഇബ്രാഹീം (രണ്ട് കൈകളും ആകാശത്തേക്കുയര്‍ത്തി കൊണ്ട്): ”നാഥാ ഇതിനെ നീ നിര്‍ഭയ രാജ്യമാക്കണമേ. എന്നെയും എന്റെ സന്താനത്തെയും ബിംബാരാധനയെ തൊട്ടകറ്റേണമേ. ആ ബിംബാങ്ങള്‍ വളരെയധികം മനുഷ്യരെ വഴിപിഴപ്പിച്ചിരിക്കുന്നു. അതിനാല്‍ ആര് എന്നെ പിന്തുടര്‍ന്നുവോ അവര്‍ എന്നില്‍പെട്ടവനാണ്. എനിക്ക് വിരുദ്ധമായി നില്‍ക്കുന്നവര്‍, നാഥാ! നീ പൊറുക്കുന്നവനും കരുണാവാരിധിയുമാണ്. ഞങ്ങളുടെ നാഥാ! ഞാനെന്റെ സന്താനത്തെ കൃഷിയില്ലാത്ത ഈ താഴ്‌വരയില്‍, നിന്റെ ആദരണീയ വീടിന് സമീപം കൃത്യമായി നിസ്‌കാരം അനുഷ്ഠിക്കാന്‍ ഞാനിതാ താമസിപ്പിച്ചിരിക്കുന്നു. അതുകൊണ്ട് മനുഷ്യഹൃദയങ്ങളെ അവരിലേക്ക് നീ ആകര്‍ഷിപ്പിക്കേണമേ. അവര്‍ക്ക് പഴവര്‍ഗങ്ങളില്‍നിന്നു നീ ഭക്ഷിപ്പിക്കേണമേ. അവര്‍ നന്ദി ചെയ്യുന്നവരാകാന്‍…”
ശോകമൂകമായ അന്തരീക്ഷം. സഹന ശീലനായ ഇബ്രാഹീം നബി(അ)യുടെ ഹൃദയം നൊന്തുകൊണ്ടുള്ള പ്രാര്‍ത്ഥന ഉയര്‍ന്നു നില്‍ക്കുന്ന മലകളില്‍ ചെന്നലച്ചു. ദ്വിഗന്തങ്ങള്‍ അതേറ്റുചൊല്ലി. താങ്ങാനാവാത്ത ഹൃദയഭാരത്തോടെ അവിടെനിന്നു നടന്നുമറഞ്ഞു.
*  *  *വര്‍ഷങ്ങള്‍ പലതു പിന്നിട്ടു. ഇസ്മാഈല്‍(അ)ന് ഏഴു വയസായി. ആ കുട്ടി പിതാവ് വരുമ്പോള്‍ കൂടെ അവിടെയെല്ലാം ഓടി നടക്കും. തന്റെ സായംസന്ധിയില്‍ ലഭിച്ച ഓമനക്കുഞ്ഞ് തുള്ളിച്ചാടി നടക്കുന്നതും വര്‍ത്തമാനം പറഞ്ഞു ചിരിച്ചുകളിക്കുന്നതും കാണുമ്പോള്‍ ഇബ്രാഹീം(അ)നു എന്തൊരു സന്തോഷമാണെന്നോ ആനന്ദാതിരേകത്താല്‍  അദ്ദേഹം മകനെ കെട്ടിപ്പിടിച്ചുമ്മവെക്കും. തുരുതുരാ നല്‍കുന്ന ചുടുചുംബനമേറ്റ ഇസ്മാഈല്‍ പ്പൊട്ടിപ്പൊട്ടിച്ചിരിക്കും.
ഇതെല്ലാം കാണുന്ന മാതാവിന്റെ സന്തോഷത്തിനതിരില്ല. അവര്‍ കുട്ടിയെ വാരിപ്പുണര്‍ന്ന് ചുംബനങ്ങളാല്‍ വീര്‍പ്പുമുട്ടിക്കും. പക്ഷേ, ആ സന്തുഷ്ട സുമോഹന ജീവിതം ഏറെനാള്‍ നീണ്ടുനിന്നില്ല. ഒരു ദിവസം ഇബ്രാഹീം(അ) നിദ്രയില്‍ ലയിച്ചിരിക്കുകയാണ്. തദവസരം ഒരു ദൂതന്‍ അദ്ദേഹത്തിന്നരികെ വന്നു.
ദൂതന്‍: ”ഓ ഇബ്രാഹീം! താങ്കളോട് മകന്‍ ഇസ്മാഈലിനെ ബലികഴിക്കാന്‍ അല്ലാഹു ആജ്ഞാപിക്കുന്നു.”
ഇബ്രാഹീം ഞെട്ടിയുണര്‍ന്നു. താനെന്താണീ കേട്ടത്? മകനെ ബലികഴിക്കണമെന്നോ? അദ്ദേഹം ചിന്താകുലനായി. അടുത്ത രണ്ട് ദിവസങ്ങളിലും ഇതാവര്‍ത്തിച്ചു. ഇത് അല്ലാഹുവിന്റെ കല്‍പ്പനയാണെന്നദ്ദേഹത്തിന് ബോധ്യമായി. മകനെ വിളിച്ചു വിവരം പറയാന്‍ അദ്ദേഹം നിശ്ചയിച്ചു. അഭിപ്രായം ആരായാനല്ല, മകന്റെ ഹൃദയ സ്ഥിതിയും ക്ഷമാ ശീലവുമറിയാന്‍.
ഇബ്രാഹീം: ”മകനേ ഇസ്മായില്‍! നിന്നെ ബലിയര്‍പ്പിക്കണമെന്ന് അല്ലാഹു സ്വപ്നദര്‍ശനം നല്‍കിയിരിക്കുന്നു. നീയെന്തു പറയുന്നു?”
ഇസ്മാഈല്‍: ”പ്രിയ പിതാവെ! അങ്ങയോടെന്താജ്ഞാപിക്കപ്പെട്ടുവോ അതങ്ങു നടപ്പാക്കുക! എനിക്കതില്‍ യാതൊരു ചാഞ്ചല്യവുമില്ല. അല്ലാഹു ഉദ്ദേശിക്കുകില്‍ ക്ഷമാശീലരില്‍ അങ്ങെന്നെ കാണും.
*  *  *ഒരു പരിക്ഷണം നടക്കാന്‍ പോവുകയാണ്. അനുപമമായ പരീക്ഷണം. പിതാവ് പുത്രനെ അറക്കുന്ന അതുല്യ പരീക്ഷണം! അല്ലാഹുവിന്റെ ആജ്ഞയാല്‍ അവന്റെ തൃപ്തിക്കു വേണ്ടി ചെയ്യുന്ന ധീരകൃത്യം!!
ഇബ്രാഹീം(അ) വെട്ടിത്തിളങ്ങുന്ന മൂര്‍ച്ചയേറിയ വാള്‍ മകന്റെ കണ്ഠത്തിലേക്ക് നീട്ടുന്നു!!
ആകാശത്തുള്ള മലക്കുകള്‍ ഭയവിഹ്വലരായി. ഭൂമിയിലെ പക്ഷിപറവാദികള്‍ വാവിട്ടു കരഞ്ഞു. അവസാനം… അല്ലാഹുവിന്റെ ഭാഗത്തുനിന്ന്: ”ഓ, ഇബ്രാഹീം! മതി! നിര്‍ത്തുക! താങ്കളുടെ സ്വപ്നം താങ്കള്‍ സത്യമായി പുലര്‍ത്തിയിരിക്കുന്നു.”
ഇബ്രാഹീം(അ) ബലി നിര്‍ത്തി. ജിബ്‌രീല്‍(അ) ഇസ്മാഈലിനെ പിടിച്ചുമാറ്റി. തല്‍സ്ഥാനത്ത് സ്വര്‍ഗത്തില്‍ നിന്നും കൊണ്ടുവരപ്പെട്ട ഒരു ആടിനെ കിടത്തി. അതിനെ അറക്കാന്‍ കല്‍പ്പിച്ചു. ഇബ്രാഹീം അതിന്റെ കഴുത്തില്‍ കത്തിവെച്ചു.
മഹത്തായ ഒരു പരീക്ഷണത്തിനു അന്ത്യം കുറിക്കപ്പെട്ടു. ഇബ്രാഹീം നബിക്ക് അതോടെ ഖലീലുല്ലാഹി എന്ന സ്ഥാനപ്പേര്‍ നല്‍കപ്പെട്ടു. പിതാവും പുത്രനും വിജയശ്രാലാളിതരായി സന്തോഷ സമേതം വീട്ടിലേക്ക് തിരിച്ചു. ഈ സ്മരണ നിലനിര്‍ത്തിക്കൊണ്ട് വിശ്വാസികളെന്നും വലിയ പെരുന്നാളിനു മൃഗബലി നടത്തുന്നു.

Leave A Comment

1 Comments

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter