അൽമസ്ജിദുൽ ഇബ്രാഹീമി: ഇബ്‌റാഹീം നബി(അ)അന്ത്യവിശ്രമം കൊള്ളുന്നത് ഇവിടെയാണ്

ഇബ്രാഹീം നബിയുടെയും കുടുംബത്തിന്റെയും ത്യാഗസ്മരണകള്‍ അയവിറക്കുന്ന ദിനങ്ങളാണ് കഴിഞ്ഞുപോയിക്കൊണ്ടിരിക്കുന്നത്. ഇബ്രാഹിം നബി(അ) അന്ത്യവിശ്രമം കൊള്ളുന്ന ഫലസ്തീനിലെ അൽ ഖലീൽ (Hebron) പട്ടണത്തിലെ ഇബ്രാഹിമി മസ്ജിദിനെ കൂടി നമുക്ക് പരിചയപ്പെടാം.
ജെറുസലേമിൽ നിന്നും 30 കിലോമീറ്റർ തെക്ക്, ജലനിരപ്പിൽ നിന്നും 930 മീറ്റർ ഉയരത്തിൽ ജൂദിയൻ പർവ്വത പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഫലസ്തീൻ നഗരവും വെസ്റ്റ് ബാങ്കിന്റെ വാണിജ്യ തലസ്ഥാനവുമാണ് ഹെബ്രോൺ പട്ടണം. പ്രവാചകന്മാരുടെയും അവരുടെ ബന്ധുക്കളുടെയും അന്ത്യവിശ്രമ കേന്ദ്രമാണ് ഈ നഗരം എന്ന് തന്നെ പറയാം. ഇബ്രാഹീം നബി(അ), ഭാര്യ സാറാ(റ), പുത്രൻ ഇസ്ഹാഖ് (അ), ഭാര്യ റിഫ്ഖ(റ), പൗത്രൻ യഅ്ഖൂബ് (അ), ഭാര്യ ലയ(റ), യൂസഫ്(അ) എന്നിവരെല്ലാം അന്ത്യവിശ്രമം കൊള്ളുന്നത് ഇവിടെയാണ്. യുസുഫ് നബി(അ)യെ ആദ്യം മിസ്റിൽ നൈൽ നദിയിലാണ് മറവ് ചെയ്തതെങ്കിലും പിന്നീടത് പ്രപിതാക്കളുടെ ചാരത്തേക്ക് മാറ്റി മറവ് ചെയ്യപ്പെടുകയായിരുന്നുവത്രെ. 
യുനെസ്കോ പൈതൃക പട്ടികയിൽ ഇടം നേടിയ പ്രദേശമാണ് ഹീബ്രോണ്‍. മൂന്ന് മതസ്ഥര്‍ക്കും ഒരു പോലെ പവിത്രമായ ഈ ഇടം പല പേരുകളിലാണ് അറിയപ്പെടുന്നത്. ജൂതര്‍ ഇതിനെ കേവ് ഓഫ് പേട്രീയാക്‌ (Cave of Patriarchs) എന്നും ക്രിസ്ത്യാനികള്‍ കേവ് ഓഫ് മാക്പീല(Cave of Machpelah) എന്നും മുസ്ലിംകൾ അല്‍മസ്ജിദുൽ ഇബ്രാഹീമീ/ അൽ ഹറമുൽ ഇബ്രാഹീമീ എന്നുമാണ് ഇതിനെ വിളിക്കുന്നത്. 
ഇരട്ട/ ദ്വയം എന്നതിനെ സൂചിപ്പിക്കുന്ന ഹീബ്രുപദമായ മാക്പീല എന്ന പദത്തിന്, ദമ്പതികൾ അല്ലെങ്കിൽ രണ്ട് ഗുഹകൾ ചേർന്നുള്ളത് എന്ന അർത്ഥമാണത്രെ. ഉല്പത്തി പുസ്തകം ഇരുപത്തിമൂന്നാം അധ്യായത്തിൽ പറയുന്നത് പ്രകാരം മരണപ്പെട്ട തന്റെ പത്നി സാറയെ സംസ്കരിക്കാൻ വേണ്ടി എഫ്രോൺ ദി ഹിറ്റേറ്റ്(عفرون الحثي) എന്ന വ്യക്തിയിൽ നിന്നും അബ്രഹാം വാങ്ങിയ ഭൂമികയാണ് കേവ് ഓഫ് മാക്പീല. അവിടെ സാറയ്ക്ക് ശേഷം നേരെ അഭിമുഖമായി ഇബ്രാഹീം നബിയും ശേഷം ഇതേ രീതിയിൽ മേല്പറയപ്പെട്ട മറ്റു പ്രവാചകന്മാരും അവരുടെ ഭാര്യമാരും (യുസുഫ് നബി(അ)യുടെ ഭാര്യ ഒഴികെ) മറവ് ചെയ്യപ്പെടുകയായിരുന്നു. അതിനു മുകളിലാണ് ഇന്ന് ബൈത്തുൽമുഖദ്ദസിലെ മസ്ജിദുൽ ഖിബ്‍ലയുടെ ആകൃതിയിലുള്ള ഇബ്രാഹിമീ മസ്ജിദ് നിലകൊള്ളുന്നത്.

 ചരിത്ര നാൾവഴികൾ 

സൂർ സുലൈമാനി എന്നറിയപ്പെടുന്ന ഈ സമുച്ചയത്തിന്റെ ആദ്യത്തെ ഭിത്തി നിർമ്മിച്ചത് ബി.സി. ഒന്നാം നൂറ്റാണ്ടിൽ ജൂദിയൻ രാജാവ് ഹെറോദ് ദി ഗ്രേറ്റ് ആണ്. എന്നാൽ ഇബ്നു കസീർ തന്റെ അൽ ബിദായ വന്നിഹായയിലും മുജീറുദ്ദീൻ ഹമ്പലി തന്റെ അൽ ഉൻസുൽ ജലീൽ ബിതാരീഖിൽ ഖുദ്സി വൽ ഖലീൽ എന്ന ഗ്രന്ഥത്തിലും അഭിപ്രായപ്പെട്ടത് ഈ ഭിത്തി നിർമ്മിച്ചത് സുലൈമാൻ നബി തന്നെയാണ് എന്നാണ്.
ബൈസന്റൈൻ ഭരണകാലത്ത് ജസ്റ്റീനിയൻ ഒന്നാമൻ(A.D.527-565) ഇതിനെ ഒരു ബസലിക്കയാക്കി മാറ്റി. എന്നാൽ ഇത് ചെയ്തത് കോൺസ്റ്റന്റൈൻ ദി ഗ്രേറ്റ്‌ ആണെന്നും അഭിപ്രായമുണ്ട്. എ. ഡി. 614 ലെ പേർഷ്യൻ സസാനിദ് ആക്രമണത്തോടെ ഈ കെട്ടിടം നശിപ്പിക്കപ്പെട്ടു.
 
 മുസ്‍ലിം ഭരണത്തിന് കീഴിൽ 

A. D. 634 ൽ ഉമർ(റ) ന്റെ കാലത്ത് അംറ് ബ്നു ആസ് (റ) ന്റെ നേതൃത്വത്തിൽ മുസ്ലിംകൾ അജ്നാദൈൻ യുദ്ധത്തിൽ ബൈസന്റൈൻ ഭരണകൂടത്തെ പരാജയപ്പെടുത്തി. അതോടെ, ഹിബ്രോൺ പട്ടണവും മുസ്‍ലിംകളുടെ കീഴിലാവുകയും അവര്‍ ഇതിനെ മസ്ജിദാക്കി മാറ്റുകയും ചെയ്തു. ശേഷം ഉമവി ഭരണകൂടം ഇവിടെ നവീകരണ  പ്രക്രിയകൾ നടത്തി, പ്രവാചകന്മാരുടെ മഖ്ബറകൾക്ക് മീതെ ഖുബ്ബകൾ പണിതു. അബ്ബാസി കാലഘട്ടത്തില്‍ പള്ളിക്കുള്ളിൽ കൂടുതൽ മുറികൾ പണിതു. മുഗത്വ എന്ന ഹാൾ അതിൽ പ്രധാനപ്പെട്ടതാണ്. എ.ഡി. 1016 ലുണ്ടായ ഭൂകമ്പത്തിൽ പള്ളിക്ക് കേടുപാടുകൾ പറ്റി.

 കുരിശുപോരാളികളുടെ കീഴിൽ
 
എ.ഡി. 1100ല്‍ ഗോഡ്ഫ്രേ ബിൽറ്റണിന്റെ നേതൃത്വത്തിൽ കുരിശു പോരാളികൾ പള്ളി പിടിച്ചടക്കുകയും സെന്റ് അബ്രഹാം കാസൽ എന്ന പേരിൽ ഒരു കത്തീഡ്രലാക്കി അതിനെ പരിവർത്തിപ്പിക്കുകയും ചെയ്തു. അതോടെ, മുസ്‍ലിംകൾക്കും  ജൂതന്മാർക്കും അവിടേക്ക് വിലക്കേർപ്പെടുത്തി. ഈ കാലത്തായിരുന്നു (എ. ഡി.1119) പ്രവാചകന്മാരുടെ ഖബറുകൾ കിടക്കുന്ന കേവ് ഓഫ് മാക്പീല ഗുഹാമുഖം കണ്ടെത്തപ്പെട്ടതും ഖബ്റുകളുടെ യഥാർത്ഥ ഇടങ്ങൾ കണ്ടുപിടിക്കപ്പെട്ടതും എന്ന് പറയപ്പെടുന്നു. പള്ളിക്കടിയിലുള്ള രണ്ട് ഗുഹകളിൽ നിന്നായി അവർക്ക് പ്രവാചകന്മാരുടെ പല തിരുശേഷിപ്പുകളും ലഭിക്കുകയും അവരത് നാടുമുഴുക്കെ പ്രദർശിപ്പിച്ച് ആഘോഷമാക്കുകയും ചെയ്തു. 

വീണ്ടും മുസ്‍ലിം കരങ്ങളിൽ
 
എ. ഡി.1187 ൽ സുൽത്താൻ സ്വലാഹുദ്ദീൻ അയ്യൂബി കുരിശുയോദ്ധാക്കളിൽ നിന്നും പള്ളി പിടിച്ചടക്കി. അവിടെ മിമ്പർ സ്ഥാപിക്കുകയും മിനാരങ്ങൻ പണിയുകയും ക്രിസ്ത്യാനികൾക്കും പ്രവേശനാനുമതി നൽകുകയും ചെയ്തു. ഇന്നും ഈ പള്ളിയിൽ ആ മിമ്പർ കാണാവുന്നതാണ്. ശേഷം ഈ പള്ളി മംലൂക്ക് ഭരണത്തിന് കീഴിലായിരുന്നു. മംലൂക് ഭരണാധികാരി സഞ്ചർ അൽ ജവാലി(1318-1320) കെട്ടിടത്തോട് ചേർന്ന് തന്റെ പേരിൽ അമീർ അൽ ജവാലി മസ്ജിദ് സ്ഥാപിക്കുകയും പ്രവാചക മഖ്ബറകൾക്ക് മീതെ സ്മാരക കുടീരങ്ങളും പള്ളിയുടെ രണ്ട് ഭാഗത്തായി കോവണിപ്പടികളും നിർമ്മിക്കുകയും ചെയ്തു. ഈ കാലത്ത് ജൂതർക്ക് വടക്കുഭാഗത്തെ കോവണിപ്പടിയിലെ ഏഴാം പടി വരെ മാത്രമായിരുന്നു പ്രവേശനം അനുവദിച്ചിരുന്നത്. ഈ നിയന്ത്രണം 1967ലെ ഇസ്രായേൽ അധിനിവേശം വരെ തുടർന്നിരുന്നു.
ഓട്ടോമൻ കാലത്ത് പള്ളി കൂടുതൽ അലങ്കരിക്കപ്പെട്ടു.  പതിനെട്ടാം നൂറ്റാണ്ടിലെ സ്പാനിഷ് ഇസ്‍ലാമിക് പണ്ഡിതനായ അലിഭായ് 1807 ൽ പള്ളി സന്ദർശനത്തെ കുറിച്ച് എഴുതിയതിൽ, പ്രവാചകന്മാരുടെ ഖബറുകൾ സ്വർണ്ണ വരകളുള്ള പച്ചപ്പട്ട് തുണിയിലും ഭാര്യമാരുടേത് ചുവന്ന പട്ടിലും ആവരണം ചെയ്തതായി പറയുന്നുണ്ട്. 1948 ൽ പ്രദേശം ജോർദാന്റെ നിയന്ത്രണത്തിലായപ്പോഴും നവീകരണ പ്രവൃത്തികൾ നടന്നു.

അൽ ഗാർ ശരീഫ്

പള്ളിയുടെ വടക്കൻ ഭാഗത്തുള്ള അൽ ഇസ്ഹാഖിയ്യ മുസ്വല്ലയുടെ തെക്കൻ അതിരിൽ നിലകൊള്ളുന്ന  ഒരു ഗർത്തമാണ് അൽ ഗാർ അശ്ശരീഫ്. പുറത്ത് ഒരു കിണറിന്റെ ആകൃതിയിൽ മനോഹരമായി അലങ്കരിച്ച ഈ ഗുഹമുഖവും അതിന് നേരെ അഭിമുഖമായി മിമ്പറിനടുത്തായി, കോൺക്രീറ്റ് കൊണ്ട് അടച്ചിട്ട ഗുഹാമുഖവും നേരെ ചെന്നെത്തുന്നത് ഒരു ഭൂഗർഭതുരങ്കത്തിലേക്കാണ്. ആ ഇടുങ്ങിയ തുരങ്കം ചെന്നവസാനിക്കുന്നിടത്ത് കാണുന്ന അടച്ചിട്ട മുറിയിലൂടെയാണ് നേരത്തെ സൂചിപ്പിച്ച പ്രവാചകന്മാരെ അടക്കം ചെയ്തിട്ടുള്ള കേവ് ഓഫ് മാക്പീലയിൽ എത്തിപ്പെടുക.
ഈ ഗുഹ കണ്ടുപിടിക്കപ്പെട്ട കുരിശുഭരണ കാലത്ത് ഇവിടേക്ക് സന്ദർശകർക്ക് പ്രവേശനം അനുവദിച്ചിരുന്നുവെങ്കിലും അതിന് ശേഷം  വന്ന മുസ്‍ലിം ഭരണം മുതൽ ഇന്നോളം അത് അടഞ്ഞു കിടക്കുകയാണ്. എന്നാൽ ഇസ്രയേൽ അധിനിവേശത്തിന് ശേഷം ഗുഹയിലുള്ളത് എന്താണെന്നറിയാൻ മോശെ ദായാൻ എന്ന ഇസ്രയേലി പുരാവസ്തു ഗവേഷകൻ 12 വയസ്സുകാരിയായ മിഷേൽ എന്ന പെൺകുട്ടിയുടെ സഹായം തേടുകയും അവൾ ഗാർ ശെരീഫിന്റെ കുടുസ്സായ ദ്വാരത്തിലൂടെ ഇറങ്ങുകയും അടിയിലെ തുരങ്കത്തിലൂടെ നടക്കുന്ന ദൃശ്യങ്ങൾ ക്യാമറയിൽ പകർത്തുകയും ചെയ്തു. ബിഅ്റുൽ ഗാര്‍ ശെരീഫ് എന്നറിയപ്പെടുന്ന  ഈ കിണറിന്റെ ദ്വാരങ്ങളുള്ള മേലടപ്പ് ഊരി അതിൽ ബന്ധിച്ച കയറിൽ, എല്ലാ ദിവസവും സെയ്ത് എണ്ണയിൽ കത്തിച്ച വിളക്ക് ഗുഹക്കുള്ളിലേക്ക് താഴ്ത്തിയിട്ട് അടക്കുന്നത് പതിവാണ്. അതിലെ ദ്വാരത്തിലൂടെ നോക്കിയാൽ താഴെ കത്തുന്ന വിളക്കിന്റെ പ്രകാശം എപ്പോഴും കാണാം.

 ഇസ്രായേൽ അധിനിവേശത്തിന് കീഴിൽ 

1967ലെ അറബ്-ഇസ്രായേൽ യുദ്ധാനന്തരം വെസ്റ്റ് ബാങ്ക് അധിനിവേശപ്പെടുത്തിയ ഇസ്രായേലിന്റെ കീഴിലായി ഹെബ്രോൺ നഗരവും ഇബ്രാഹീമി മസ്ജിദും. അന്നുമുതൽക്ക് ജൂതർക്ക് പള്ളിയിൽ യഥേഷ്ടം കയറിയിറങ്ങാനും ആരാധന നിർവഹിക്കാനും കൂടുതൽ സ്വാതന്ത്ര്യമുണ്ടായി. നൂറ്റാണ്ടുകളായി തങ്ങൾ നിയന്ത്രിക്കപ്പെട്ടിരുന്ന പരിഹാസ്യ കോവണിപ്പടിയെ അവർ തകർത്തു കളഞ്ഞു. ക്രമേണ ജൂതർ പള്ളിയുടെ കൂടുതൽ ഭാഗങ്ങളിൽ അവകാശവാദമുന്നയിക്കാനും കൈവശപ്പെടുത്താനും തുടങ്ങി. പലസ്തീനികളും ജൂതരും തമ്മിൽ ഈ പരിസരത്ത് സംഘർഷങ്ങൾ പതിവായി. ഹൌളിൽ രാസപദാർത്ഥങ്ങൾ കലർത്തിയും പള്ളിക്കുള്ളിലേക്ക് നായ്ക്കളെ കയറ്റിവിട്ടും ഫലസ്തീനികളെ ശല്യപ്പെടുത്തിക്കൊണ്ട് പ്രാർത്ഥനവേളയിൽ നൃത്ത പരിപാടികൾ നടത്തിയും സായുധരായ ജൂതർക്ക് പള്ളിക്കുള്ളിലേക്ക് പ്രവേശനമനുവദിച്ചും  വ്യത്യസ്ത മുഖങ്ങളിൽ സൈന്യവും ജൂതകുടിയേറ്റക്കാരും പ്രകോപനങ്ങൾ സൃഷ്ടിച്ചു കൊണ്ടിരുന്നു.

അൽ ഖലീൽ കൂട്ടക്കൊല 

1994 ഫെബ്രുവരി 25 റമദാൻ മാസത്തിലായിരുന്നു ഏവരെയും നടുക്കിയ ആ കൂട്ടക്കൊല നടന്നത്. പ്രഭാത നിസ്ക്കാരത്തിന് ഒത്തുകൂടിയ മുസ്‍ലിംകൾക്ക് നേരെ, സൈനിക കവചത്തിലെത്തിയ ബാറുക്ക് ഗോൾഡ് സ്റ്റൈൻ എന്ന ജൂതൻ പ്രകോപനമില്ലാതെ നിറയൊഴിച്ചപ്പോൾ 29 ഫലസ്തീനികൾ കൊല്ലപ്പെടുകയും 125 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. തുടർന്നുണ്ടായ സംഘർഷത്തിലും 20 ഫലസ്തീനികൾ കൊല്ലപ്പെടുകയും 120 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അന്ന് വെടിയുണ്ടകൾ തുളച്ചു കയറിയ പാടുകൾ ഇന്നും പള്ളിയുടെ ചുമരുകളിൽ കാണാം. ഇതിനെതിരെ പലസ്തീൻ ഭരണകൂടം അന്നത്തെ ഇസ്രായേൽ പ്രധാനമന്ത്രി ഇസാഖ് റോബിന് കത്തയച്ചെങ്കിലും അവഗണിക്കപ്പെടുകയായിരുന്നു.  
അന്നുമുതൽക്ക് പള്ളി വ്യവസ്ഥാപിതമായി  ഒരു ഭാഗം മസ്ജിദായും ഒരു ഭാഗം സിനഗോഗ് ആയും മുസ്‍ലിംകൾക്കും ജൂതർക്കുമിടയിൽ വിഭജിക്കപ്പെട്ടു. മധ്യത്തിലായി ഇരു കൂട്ടർക്കും ഒരുപോലെ സമീപിക്കാവുന്ന തരത്തിൽ ഇബ്രാഹീം നബി(അ)യുടെയും നേരെ എതിർവശത്തായി ഭാര്യ സാറ ബീവി(റ)യുടെയും മഖ്ബറകളും സ്ഥിതി ചെയ്യുന്നു.

Read More: അല്‍ഖലീല്‍ കൂട്ടക്കൊല, ജൂത ഭീകരതയുടെ നേര്‍സാക്ഷ്യം

മസ്ജിദുൽ അഖ്സയുടേത് പോലെ  ഇബ്രാഹിമീ മസ്ജിദിന്റെ പരിസരങ്ങളിലും അന്താരാഷ്ട്ര നിയമങ്ങൾ കാറ്റിൽ പറത്തി ഇസ്രയേൽ ഖനനത്തിലേർപ്പെടുന്നുണ്ട്. 2010 ഫെബ്രുവരി 21ന് ഈ പ്രദേശത്തെ ഇസ്രായേൽ തങ്ങളുടെ നാഷണൽ ഹെറിറ്റേജ് സൈറ്റ് പ്രൊട്ടക്ഷൻ റീഹാബിലിറ്റേഷൻ പ്ലാനിൽ ഉൾപ്പെടുത്തി തങ്ങളുടെതായ നവീകരണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുകയാണ്. ഇതിനാൽ തന്നെ യുനെസ്കോ വേൾഡ് ഹെറിറ്റേജ് കമ്മിറ്റി 2017 ൽ മേഖലയെ അപകട മേഖലയായി പ്രഖ്യാപിച്ചിരുന്നു.  എലവേറ്റർ ഉപയോഗിച്ച് കുഴിയെടുക്കുകയും പരിസരത്തെ കെട്ടിടങ്ങളെ നശിപ്പിക്കുകയും ചെയ്യുന്ന പ്രക്രിയകള്‍ അവര്‍ ഇന്നും തുടരുകയാണ്. ശേഷിക്കുന്ന പള്ളികൂടി സിനഗോഗ് ആക്കിമാറ്റുകയാണ് അവരുടെ ലക്ഷ്യം. അതിനായി മുസ്‍ലിം മേഖലകളിലേക്കുള്ള ഇസ്രയേലി കടന്നു കയറ്റവും ഇന്നും സ്ഥിരം കാഴ്ചയാണ്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter