സ്വാലിഹ് നബി (അ): അത്ഭുതം ഈട് പകർന്ന പ്രബോധന ജീവിതം 

പ്രബോധന വീഥിയിൽ മഹാത്ഭുതങ്ങൾ സൃഷ്ടിച്ച  വിശിഷ്ഠരായ പ്രവാചക കേസരികളിൽ പ്രധാനിയാണ് മഹാനായ സ്വാലിഹ് നബി (അ). നിഷേധികളായ സമൂഹത്തെ തന്റെ  പ്രവാചകത്വം ബോധ്യപ്പെടുത്താൻ അല്ലാഹുവിന്റെ അനുമതിയോടെ പാറക്കല്ലിനുള്ളിൽ നിന്നും ഒട്ടകത്തെ പുറപ്പെടുവിച്ച് വിസ്മയം തീർത്താണ് പ്രവാചകൻ ചരിത്രത്തിലിടം നേടിയത്. നിഷേധം തുടർന്നെങ്കിലും സമൂഹത്തെ സ്നേഹത്തോടെ ചേർത്ത നിർത്താനും ആത്യന്തിക നന്മക്കായി പ്രയത്നിക്കാനും സ്വജീവിതം സമർപ്പിച്ച പ്രവാചകനെ അവരുടെ സഹോദരൻ എന്നാണ് വിശുദ്ധ ഖുർആൻ വിശേഷിപ്പിക്കുന്നത്. ഖുർആനിൽ 9 തവണയാണ് പ്രവാചകന്റെ പേര് പരാമൃഷ്ടമായിട്ടുള്ളത്. പത്ത് സൂറത്തുകളിൽ പ്രവാചകൻ തന്റെ സമൂഹവുമായി നടത്തിയ പ്രബോധന സംവാദത്തിന്റെ ചരിത്രം ഖുർആൻ വിശദമായി വിവരിക്കുന്നുമുണ്ട്. 

സമൂദ് ഗോത്രത്തിലേക്ക് 
നൂഹ് നബിയുടെ മകൻ സാമിന്റെ സന്താന പരമ്പരയിൽ ഉബയ്ദ് ബിൻ മസിഹിന്റെ പുത്രനായി സമൂദ് ഗോത്രത്തിലാണ് പ്രവാചകന്റെ ജനനം. സാമിന്റെ പൗത്രനായ ആസിറിന്റെ മകൻ സമൂദിന്റെ പേരിലേക്ക് ചേർത്താണ് ഈ ഗോത്രം രൂപപ്പെട്ടത്. ഹിജാസിനും ജോർദാനും ഇടയിലുള്ള ഹിജ്ർ എന്ന പ്രദേശത്ത് ഏകദേശം 5000 വഷങ്ങൾക്ക് മുൻപായിരുന്നു ഇവർ താമസിച്ചതെന്നാണ് പ്രബലാഭിപ്രായം. ആദ് സമൂഹത്തെ പോലെ അതികായരും ദൃഢ ഗാത്രരുമായിരുന്ന ഇവരും പാറകൾ തുരന്ന് വീടുകളുണ്ടാക്കിയിരുന്നുവെന്നും കൊട്ടാര സമാനമായ കെട്ടിടങ്ങൾ നിർമ്മിച്ചിരുന്നുവെന്നും ഖുർആനിൽ കാണാം. അല്ലാഹുവിന്റെ അനുഗ്രഹം ആവോളം കനിഞ്ഞ് കിട്ടിയ ഇവർ പൂർവ്വ സമൂഹങ്ങളെ പോലെ അവയോട് നിഷേധാത്മക സ്വഭാവം തന്നെയാണ് സ്വീകരിച്ചത്. എല്ലാം തങ്ങളുടെ നേട്ടങ്ങളാണെന്ന തരത്തിൽ അഹങ്കാരവും അക്രമവും പുലർത്തിപ്പോന്നു അവർ. ഈ നിഷേധം സർവ്വ സീമകളും ലംഘിച്ച് തുടങ്ങിയപ്പോഴാണ് ഇവരിലേക്ക് പ്രവാചകനായി സ്വാലിഹ് നബി (അ) യെ അള്ളാഹു നിയോഗിക്കുന്നത്.

സ്വഭാവ മഹിമ കൊണ്ട് സർവർക്കും സുസമ്മതനായിരുന്ന സ്വാലിഹ് നബി തന്റെ ദൗത്യവുമായി അതിവേഗം ജനങ്ങളിലേക്കിറങ്ങി. എന്നാൽ പ്രവാചകന്റെ സർവ്വസ്വീകാര്യതയൊന്നും പ്രബോധനത്തിന് അനുകൂലമായി ഭവിച്ചില്ല. അത് വരെയും പ്രവാചകനെ ബഹുമാന്യരായി കണ്ടവർ ഒരു തങ്ങളുടെ താത്പര്യത്തിന് നിരക്കാത്തത് കേട്ടതോടെ തള്ളിപ്പറയാൻ തുടങ്ങി. "സ്വാലിഹ്,ഇതിന് മുമ്പ് ഞങ്ങൾക്ക് വലിയ പ്രതീക്ഷകളുണ്ടായിരുന്ന ഒരാളായിരുന്നുവല്ലോ നീ.ഞങ്ങളുടെ പൂർവ്വികർ ആരാധിച്ചുവരുന്നതിനെ ഞങ്ങൾ ആരാധിക്കുന്നതിൽ നിന്ന് നീ ഞങ്ങളെ വിലക്കുകയാണോ? നീ ഏതൊന്നിലേക്കാണോ ഞങ്ങളെ ക്ഷണിച്ചുകൊണ്ടിരിക്കുന്നത് , അതേപ്പറ്റി ഞങ്ങൾക്ക് തീർത്തും സങ്കീർണ്ണമായ സന്ദേഹമുണ്ട് ”(ഹൂദ് 61 – 62) എന്നായി പിന്നെ അവരുടെ നിലപാട്. എന്നാൽ അതിലൊന്നും തളർന്ന് പോവാൻ തയ്യാറായിരുന്നില്ല പ്രവാചകന്റെ മനസ്സ്. "എന്റെ ജനമേ, നിങ്ങള്‍ ആലോചിക്കുന്നുണ്ടോ? എന്റെ നാഥന്റെ പക്കല്‍ നിന്നുള്ള ദൃഷ്ടാന്തത്തിന്‍മേല്‍ ഞാന്‍ നിലകൊള്ളുകയും തന്റെ കാരുണ്യം അവനെനിക്കു തരികയും എന്നിട്ടും ഞാന്‍ ധിക്കരിക്കുകയുമാണെങ്കില്‍ അവന്റെ ശിക്ഷ വരുമ്പോള്‍ ആരാണെന്നെ സഹായിക്കുക? അപ്പോള്‍ നിങ്ങളെനിക്ക് വര്‍ദ്ധിതനഷ്ടം വരുത്തിവെക്കുക എന്നതുമാത്രമേ സംഭവിക്കൂ." എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

എന്നാൽ ഇതൊന്നും അവരുടെ ധിക്കാരമോ നിഷേധമോ ശമിപ്പിക്കാൻ മതിയായിരുന്നില്ല. സ്വാലിഹ് ദൈവദൂതനാണെന്നതിന് ഒരു തെളിവ് ആയിരുന്നു അവർക്ക് വേണ്ടിയിരുന്നത്. പ്രദേശത്തുണ്ടായിരുന്ന ഒരു ഭീമന്‍ പാറക്കല്ല് ചൂണ്ടി ''ആ കല്ല് പിളര്‍ത്തി അതില്‍ നിന്ന് ഒരു ഒട്ടകത്തെ കൊണ്ടുവന്നാല്‍ നിന്നില്‍ ഞങ്ങള്‍ വിശ്വസിക്കാം''. എന്നായിരുന്നു അവരുടെ വെല്ലുവിളി. ഒട്ടകത്തിനുണ്ടായിരിക്കേണ്ട ഗുണവിശേഷണങ്ങളും അവര്‍ എണ്ണിപ്പറഞ്ഞു. പാറപിളര്‍ത്തി ഒട്ടകം വരില്ലെന്ന് അവര്‍ക്കറിയാം, പക്ഷേ, പ്രവാചകന്‍ സ്വാലിഹിനെ വിഡ്ഢിയാക്കലായിരുന്നു അവരുടെ ലക്ഷ്യം.

Also Read:ഇദ്‌രീസ് നബി (അ): പ്രതിഭാശാലിയായ ജ്ഞാന കേസരി 

എന്നാല്‍ സ്വസമൂഹത്തിന്റെ നന്മ കൊതിക്കുന്ന ഒരു പ്രവാചകന് പിന്തിരിയാനാവുമോ? അദ്ദേഹം ചോദിച്ചു.''നിങ്ങള്‍ ആവശ്യപ്പെട്ടതുപ്രകാരം സംഭവിച്ചാല്‍, എന്റെ പ്രവാചകത്വത്തില്‍ വിശ്വസിക്കാനും ഞാന്‍ കൊണ്ടുവന്നതിനെ അംഗീകരിക്കാനും നിങ്ങള്‍ സന്നദ്ധരാകുമോ?''. സംഭവിക്കെല്ലന്ന ഉറച്ച വിശ്വാസത്തില്‍ അവരിലെ പ്രമാണിമാര്‍ ഒന്നടങ്കം പറഞ്ഞു: ''തീര്‍ച്ചയായും വിശ്വസിക്കും''.
അത് കേട്ടതും സ്വാലിഹ് നബി പ്രാര്‍ഥനാനിരതനായി. സമൂഹത്തിന്റെ നന്മ കൊതിച്ച അദ്ദേഹം നാഥന്നു മുന്നില്‍ നമ്രശിരസ്‌കനായി. ആ ഹൃദയത്തിന്റെ തേങ്ങൽ അല്ലാഹു കേട്ടു. പ്രവാചകനെ അപഹസിക്കാനൊരുങ്ങി നിൽക്കുന്നവർ ഒരു വേള അന്ധാളിച്ചുപോയി! കണ്‍മുന്നിലെ പാറക്കല്ല്, മെല്ലെ മെല്ലെ പിളര്‍ന്നു തുടങ്ങി, തുറിച്ചു തള്ളിയ അവരുടെ കണ്‍മുന്നിലേക്ക് പിളര്‍പ്പില്‍ നിന്ന് ഒരു ഒട്ടകം പുറത്തുവന്നു. അവര്‍ ആവശ്യപ്പെട്ട എല്ലാ ഗുണഗണങ്ങളും സമ്മേളിച്ച ജീവി!.

അനിഷേധ്യമായ  ഈ  ദൈവിക ദൃഷ്ടാന്തത്തിനു മുന്നില്‍ അവർ അക്ഷരാർത്ഥത്തിൽ സ്തബ്ധരായിപ്പോയി. പക്ഷേ, അതൊന്നും അവരുടെ അഹങ്കാരം ഇല്ലാതാക്കാൻ മതിയായില്ല. ഏതാനും പേരൊഴികെ മറ്റുള്ളവരെല്ലാം  അക്രമപാതയില്‍ തന്നെ നിലകൊണ്ടു.
നിഷേധത്തിന് അറുതി വരുത്താനായില്ലെങ്കിലും അല്ലാഹുവിന്റെ സമ്മാനമായ ഓട്ടകത്തെ അർഹമായ പരിഗണനയോടെ പരിപാലിക്കാൻ പ്രവാചകൻ അവരോട് ആവശ്യപ്പെട്ടു. ഒട്ടകത്തിന് വെള്ളം കുടിക്കുവാൻ ഒരു ദിവസവും മനുഷ്യർക്കും മറ്റുള്ള ജീവജാലങ്ങൾക്കും തൊട്ടടുത്ത ദിവസം എന്നിങ്ങനെ ഉൗഴം നിശ്ചയിക്കുകയും ചെയ്തു. മറ്റു ഒട്ടകങ്ങളിൽ നിന്നും ഭിന്നമായി അസാധാരണ സ്വഭാവം ആ ഒട്ടകം കാണിച്ചിരുന്നു. ഒട്ടകത്തെ അരുതാത്തതെന്തെങ്കിലും ചെയ്താൽ കഠിന ശിക്ഷ വന്നുഭവിക്കും എന്ന താക്കീത് കൂടി ആയതോടെ ഒട്ടകം അവർക്കൊരു പ്രശ്നമായി മാറി. കുറേ കാലം അവരത് മനമില്ലാ മനസ്സോടെ സഹിച്ചു.
ദിവസങ്ങളധികം കഴിഞ്ഞില്ല. പട്ടണത്തിലെ, അക്രമത്തിന് പേര് കേട്ട ഒമ്പതംഗ തെമ്മാടിസംഘം പ്രവാചകന്റെ മുന്നറിയിപ്പ് അവഗണിച്ചു. ജലപാനത്തിനെത്തിയ ഒട്ടകത്തെ പിടികൂടി അവരില്‍ ഏറ്റവും ദുഷ്ടനായ ഒരാള്‍ അതിനെ അറുകൊലചെയ്തു. അതിന് പിന്നാലെ സ്വാലിഹി(അ)നെ അപായപ്പെടുത്താനും പദ്ധതിയിട്ടു, അവര്‍ വെല്ലുവിളിക്കുകയും ചെയ്തു: '' സ്വാലിഹ്, നീ കാലങ്ങളായി ഭീഷണിപ്പെടുത്തുന്ന ആ ശിക്ഷയൊന്നു കൊണ്ടുവരൂ''.

ധിക്കാരം കടുത്തതോടെ ദൈവ ശിക്ഷ അവര്‍ക്കുമേല്‍ അനിവാര്യമായി. ''(സ്വാലിഹ്)പറഞ്ഞു: നിങ്ങള്‍ മൂന്നു ദിവസം നിങ്ങളുടെ ഭവനങ്ങളില്‍ സൗഖ്യമനുഭവിച്ചുകൊള്ളൂ, പിറകെ ശിക്ഷ വന്നെത്തും. ഒരിക്കലും തെറ്റാത്ത വാഗ്ദാനമാണത്''(11:65).
രാത്രിയില്‍ ഉയര്‍ന്നു കേട്ട ഘോരശബ്ദം ഹിജ്‌റിനെ പിടിച്ചു കുലുക്കി. രാവ് പുലര്‍ന്നതോടെ ഹിജ്ര്‍ ശൂന്യമായി. സമൂദിലെ പ്രമാണിമാര്‍ മുഴുവന്‍ കമഴ്ന്നടിച്ചു വീണു. അവരുടെ പെരുമയുടെ വാസഗേഹങ്ങള്‍ നാശമടഞ്ഞു; അവിടെ അങ്ങനെയൊരു ജനത വസിച്ചിട്ടില്ലാത്തതുപോലെ. എന്നാല്‍ സ്വാലിഹി(അ)നെയും വിശ്വാസികളെയും നാഥന്‍ രക്ഷിക്കുകയും ചെയ്തു.
ആദിന്റെയും നൂഹ് നബിയുടെ സമൂഹത്തിന്റെയും ചരിത്ര ഗതിക്ക് സമാനമായാണ് വിശുദ്ധ ഖുർആൻ സാമൂദിനെയും പരിചയപ്പെടുത്തുന്നത്. ഒരുപക്ഷെ, നിഷേധത്തിലും അക്രമ സ്വഭാവത്തിലും ശിക്ഷയിലും ഇത്ര മേൽ സമാനത പുലർത്തിയ മറ്റു ജനതകൾ ചരിത്രത്തിലും ഉണ്ടായിക്കാണില്ല. സമൂഹത്തിൽ നിന്ന് ശേഷിച്ച വിഭാഗവുമായി സ്വാലിഹ് നബി തന്റെ ദൗത്യം തുടർന്നു.  തന്റെ 321 മത്തെ വയസ്സിലാണ് പ്രവാചകൻ ഇഹലോക വാസം വെടിഞ്ഞുവെന്നാണ് പറയപ്പെടുന്നത്. ദക്ഷിണ സിനായിലാണ് സ്വാലിഹ് നബിയുടെ ഖബർ സ്ഥിതി ചെയ്യുന്നത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter