സൈദ് ബ്‌നു ഹാരിസ (റ)

പ്രവാചകരുടെ സ്‌നേഹ ഭാജനം. ദീര്‍ഘകാലത്തെ സേവകന്‍. പ്രവാചകരുടെ ഇഷ്ടം സമ്പാദിച്ച അപൂര്‍വ്വം സ്വഹാബികളില്‍ ഒരാള്‍.
എട്ടു വയസ്സുവരെ ഉമ്മ സഅ്ദയോടൊപ്പമായിരുന്നു താമസം. ഒരിക്കല്‍ ഉമ്മയോടൊപ്പം ബനൂ മഅ്ന്‍ ഗോത്രത്തിലെ ബന്ധുക്കളെ സന്ദര്‍ശിക്കാന്‍ പോയി. ആയിടെ മഅ്ന്‍ ഗോത്രത്തിനെതിരെ എതിരാളികളുടെ കടന്നാക്രമണമുണ്ടാവുകയും ഓര്‍ക്കാപ്പുറത്ത് സൈദ് ബന്ധിയായി പിടിക്കപ്പെടുകയും ചെയ്തു. ദു:ഖിതയായ സഅ്ദ ഏകയായി വീട്ടില്‍ തിരിച്ചെത്തി. വിവരമറിഞ്ഞ പിതാവ് ഹാരിസ ബോധരഹിതനായി വീഴുകയും ശേഷം നാടുനീളെ അവനെ തെരഞ്ഞു നടക്കുകയും ചെയ്തു. പക്ഷെ, ഫലമുണ്ടായില്ല. കാലം കഴിഞ്ഞുപോയി. ഹജ്ജ് സീസണ്‍ വന്നു. ഹാരിസയുടെ ഗോത്രക്കാര്‍ മക്കയില്‍വെച്ച് സൈദിനെ കണ്ടുമുട്ടി. സൈദ് നടന്ന സംഭവങ്ങളെല്ലാം വിവരിച്ചുകൊടുത്തു: ‘ഉമ്മയുടെ കരങ്ങളില്‍നിന്നും തട്ടിയെടുക്കപ്പെട്ട ശേഷം ഉക്കാസ് ചന്തയില്‍ വില്‍പ്പനക്കു വെച്ചു. ഹക്കീം ബിന്‍ ഹുസാം എന്നൊരാള്‍ വിലക്കുവാങ്ങി. അയാള്‍ തന്റെ അമ്മായി ഖദീജ ബിന്‍തു ഖുവൈലിദിന് കൊടുത്തു. അവര്‍ തന്റെ ഭര്‍ത്താവ് മുഹമ്മദ് നബിക്കു നല്‍കി. അവരെന്നെ അടിമത്തത്തില്‍നിന്നും മോചിപ്പിച്ചു; സ്വതന്ത്രനാക്കി. ഇപ്പോള്‍ അവരോടൊപ്പമാണ് താമസിക്കുന്നത്.’ താനിവിടെയുള്ള വിവരം ഉപ്പയോട് പറയണമെന്നും ഏറ്റവും നല്ല പിതാവിനോടൊപ്പമാണ് ഇപ്പോള്‍ താമസിക്കുന്നതെന്നും സൈദ് ഉപ്പയുടെ നാട്ടുകാരെ പ്രത്യേകം ഓര്‍മിപ്പിച്ചു. നാട്ടിലെത്തിയ സംഘം ഹാരിസയോട് വിവരം പറഞ്ഞു. വിവരമറിഞ്ഞ പാടെ സന്തോഷ ഭരിതനായ ഹാരിസ സഹോദരനെയും കൂട്ടി മക്കയിലെത്തി. പ്രവാചകരെ അന്വേഷിച്ചപ്പോള്‍ അവര്‍ കഅബാലയത്തിനടുത്തായിരുന്നു. അവിടെ ചെന്നു പ്രവാചകരെ നേരില്‍ കണ്ടു. കാര്യങ്ങള്‍ വിവരിച്ചു നല്‍കി. അതിനാല്‍, അവനെ വിട്ടുതരണമെന്നും അതിനുള്ള മോചനദ്രവ്യം നല്‍കാമെന്നും പറഞ്ഞു. പ്രവാചകന്‍ സൈദിനെ വിളിച്ച് ഇഷ്ടം പ്രവര്‍ത്തിക്കാനുള്ള അവസരം നല്‍കി; പിതാവിനോടൊപ്പം പോകുന്നോ അതോ പ്രവാചകരോടൊപ്പം നില്‍ക്കുന്നോ. സൈദ് പ്രവാചകരോടൊപ്പം നില്‍ക്കലിനെ തെരഞ്ഞെടുത്തു. ഹാരിസ അമ്പരന്നുപോയി. കാരണം തേടിയപ്പോള്‍ സൈദ് കാര്യങ്ങളെല്ലാം വിവരിച്ചുകൊടുത്തു. ഇതൊരു അസാധാരണ മനുഷ്യനാണെന്നും അവരുള്ളപ്പോള്‍ അവരെക്കാള്‍ മറ്റൊരാളെയും ഞാന്‍ തെരഞ്ഞെടുക്കില്ലെന്നും പറഞ്ഞു. ഇതു കേട്ട പ്രവാചകന്‍ സന്തോഷിക്കുകയും സൈദിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുകയും ചെയ്തു. ഇതോടെ ഹാരിസക്കും സമാധാനമായി. അദ്ദേഹം സന്തോഷത്തോടെ തിരിച്ചുപോയി.
അന്നു മുതല്‍ പ്രവാചകരോടൊപ്പമായിരുന്നു സൈദിന്റെ ജീവിതം. സദാ ഒരു സേവകനെപ്പോലെ കൂടെ നടന്നു. ഉറക്കിലും ഉണര്‍വ്വിലും പ്രവാചകരെ പരിപാലിച്ചു. പ്രവാചകരുടെ സ്‌നേഹം പിടിച്ചു പറ്റി. അതുകൊണ്ടുതന്നെ സൈദ് ബ്‌നു മുഹമ്മദ് എന്നാണ് ആളുകള്‍ വിളിച്ചിരുന്നത്. നിങ്ങള്‍ ആളുകളെ പിതാക്കളിലേക്ക് ചേര്‍ത്തി വിളിക്കുകയെന്ന സൂറത്തുല്‍ അഹ്‌സാബിലെ സൂക്തം അവതരിച്ചതോടെ അവര്‍ സൈദ് ബ്‌നു ഹാരിസ എന്നു വിളിച്ചു തുടങ്ങി.
തന്റെ അടുത്തുണ്ടായിരുന്ന ഉമ്മു ഐമനെ പ്രവാചകന്‍ സൈദിന് വിവാഹം ചെയ്തു കൊടുത്തു. ശേഷം, ചില കാരണങ്ങളാല്‍ അവരെ ഉസാമത്ത് ബ്‌നു സൈദിനു നല്‍കി. തന്റെ അമ്മായിയുടെ മകള്‍ സൈനബ് ബിന്‍തു ജഹ്ശിനെ സൈദിനെക്കൊണ്ട് വിവാഹം കഴിപ്പിച്ചു. പക്ഷെ, ആ ബന്ധവും നല്ല നിലയില്‍ നീണ്ടുപോയില്ല. ചില പ്രശ്‌നങ്ങളുമായി പ്രവാചകരെ സമീപ്പിച്ച അദ്ദേഹത്തോട് ക്ഷമിക്കുകയെന്നായിരുന്നു പ്രവാചകരുടെ മറുപടി. പക്ഷെ, അല്ലാഹുവിന്റെ തീരുമാനം മറ്റൊന്നായിരുന്നു. സൈദില്‍നിന്നും ഥലാഖ് വാങ്ങി സൈനബിനെ വിവാഹം കഴിക്കാന്‍ പ്രവാചകര്‍ക്ക് അല്ലാഹുവിന്റെ കല്‍പന വന്നു. ദത്തുപുത്രന്മാരെ എല്ലാറ്റിലും സ്വന്തം മക്കളായി കണ്ടിരുന്ന അറബികള്‍ക്കിടയിലെ ശൈലിയെ തിരുത്തുകയായിരുന്നു ഇതിലൂടെ ഉദ്ദേശിക്കപ്പെട്ടത്. സൈദിന്റെ ഭാര്യയെ പ്രവാചകന്‍ വിവാഹം കഴിക്കുക വഴി ഈ ധാരണ തിരുത്തപ്പെട്ടു. സൈദ് പ്രവാചകരുടെ മകനല്ലായെന്ന കാര്യവും വ്യക്തമായി. ഈ കാര്യങ്ങള്‍ പരാമര്‍ശിച്ചിടത്ത് വിശുദ്ധ ഖുര്‍ആന്‍ (അഹ്‌സാബ്: 73) സൈദിന്റെ പേരെടുത്തുപറഞ്ഞുകൊണ്ടാണ് അവതരിച്ചത്. അതുകൊണ്ടുതന്നെ, ഖുര്‍ആനില്‍ പേരെടുത്തു പറഞ്ഞ ഏക സ്വഹാബി എന്ന നിലക്ക് അദ്ദേഹം ഇതുകൊണ്ട് അഭിമാനിക്കാറുണ്ടായിരുന്നു. ശേഷം, ഉഖ്ബയുടെ മകള്‍ ഉമ്മു കുല്‍സൂമിനെ പ്രവാചകന്‍ അദ്ദേഹത്തിന് വിവാഹം ചെയ്തുകൊടുത്തു.
ധീരനായ യോദ്ധാവും ഉത്തമനായ അമ്പെയ്ത്തു വിദഗ്ധനുമായുരുന്നു സൈദ് (റ). ബദര്‍, ഉഹ്ദ്, ഖന്ദഖ്, ഹുനൈന്‍, ഖൈബര്‍, ഹുദൈബിയ്യ സന്ധി തുടങ്ങിയവയിലെല്ലാം അദ്ദേഹം പ്രവാചകരോടൊപ്പം പങ്കെടുത്തു. ഏഴു യുദ്ധങ്ങളില്‍ (സരിയ്യത്തുകള്‍) പ്രവാചകരദ്ദേഹത്തെ അമീറാക്കി നിശ്ചയിച്ചിട്ടുണ്ട്. ഏതൊരു യുദ്ധത്തിലേക്ക് പറഞ്ഞയക്കുകയാണെങ്കിലും പ്രവാചകന്‍ അദ്ദേഹത്തെ അവരുടെ നേതൃത്വം ഏല്‍പിച്ചിരുന്നുവെന്ന് ആയിശ (റ) പറയുകയുണ്ടായി (നസാഈ). മുഅ്തത് യുദ്ധത്തില്‍ സൈനിക മേധാവിയായി പങ്കെടുക്കുകയും ശഹീദാവുകയും ചെയ്തു.

Leave A Comment

1 Comments

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter