ഖുബൈബു ബിന്‍ അദിയ്യ്

നബി(സ്വ) മദീനയില്‍, അവിടുത്തെ പള്ളിയില്‍ അനുചരന്‍മാര്‍ക്ക് മതം പഠിപ്പിച്ചുകൊണ്ടിരിക്കുകയാണ്. സ്വഹാബാക്കള്‍ അവരുടെ സംശയങ്ങള്‍ ഉന്നയിക്കുകയും നബി(സ്വ) മറുപടിയിലൂടെ അവര്‍ക്ക് വിജ്ഞാന കവാടങ്ങള്‍ തുറന്നുകൊടുക്കുകയും ചെയ്യുന്നു. അപ്പോഴാണ് ചില ആളുകള്‍ അങ്ങോട്ട് കടന്നുവന്നത്. ഞങ്ങള്‍ അള്‌റ്, ഖര്‍റാത്ത് എന്നീ പ്രദേശത്തുനിന്നുള്ളവരാണ്-അവര്‍ സ്വയം പരിചയപ്പെടുത്തി. ഞങ്ങള്‍ക്ക് മതം പഠിപ്പിക്കാന്‍ വേണ്ടി ഇവിടെ നിന്ന് അല്‍പം ആളുകളെ ഞങ്ങളോടൊപ്പം പറഞ്ഞുവിടണം എന്ന് അറിയിക്കാന്‍ വേണ്ടിയാണ് ഞങ്ങള്‍ വന്നത്.
ആഗതരുടെ സദുദ്ദേശ്യം വ്യക്തമാക്കിയപ്പോള്‍ നബി(സ്വ) പ്രമുഖരായ പത്ത് ആളുകളെ അവര്‍ക്കൊപ്പം അയക്കുകയും അവരുടെ നേതാവായി ആസ്വിമുബ്‌നു സാബിത്തിനെ നിശ്ചയിക്കുകയും ചെയ്തു. പകല്‍ സമയങ്ങളില്‍ ഒളിച്ചിരുന്നും രാത്രിയില്‍ സഞ്ചരിച്ചും അവര്‍ റബീഅ് എന്ന സ്ഥലത്ത് എത്തിച്ചേര്‍ന്നു. അപ്പോഴാണ് മുസ്‌ലിംകളെ കൂട്ടിക്കൊണ്ട് വന്ന സംഘം തനിസ്വഭാവം പുറത്തുകാണിച്ചത്. മുമ്പ് ഒരു യുദ്ധത്തില്‍ സുഫ്‌യാനുബ്‌നു ഖാലിദ് എന്ന അവിശ്വാസിയെ അബ്ദുല്ലാഹിബ്‌നു ഉനൈസ്(റ) വധിച്ചിരുന്നു. വധിക്കപ്പെട്ട മുശ്‌രിക്കിന്റെ ഗോത്രക്കാര്‍ക്ക് മുസ്‌ലിം സംഘത്തെ കുറിച്ച് വിവരം നല്‍കുക വഴി അവര്‍ മുസ്‌ലിംകളെ വഞ്ചിച്ചു. ഇരുന്നൂറോളം വില്ലാളി വീരന്‍മാര്‍ പത്ത് മുസ്‌ലിംകള്‍ക്ക് നേരെ പാഞ്ഞടുത്തു. പരിഭ്രാന്തരായ മുസ്‌ലിംകള്‍ക്ക് അടുത്തുള്ള ഒരു മലയില്‍ അഭയം പ്രാപിക്കേണ്ടിവന്നു.
ശത്രുപക്ഷം വിളിച്ചുപറഞ്ഞു: ”നിങ്ങള്‍ ഇറങ്ങിവരിക. ഞങ്ങള്‍ നിങ്ങളെ വധിക്കില്ലെന്ന് ഉറപ്പ് തരുന്നു.” അവര്‍ നല്‍കിയ ഉറപ്പില്‍ വഞ്ചിതരായ മൂന്നു പേര്‍ ഇറങ്ങിവന്നു. എന്നാല്‍, ആസിം(റ) അടക്കമുള്ള ബാക്കി ഏഴുപേര്‍ മുശ്‌രിക്കുകളുടെ സംരക്ഷണ ഉത്തരവാദിത്തത്തില്‍ തിരിച്ചുവരുന്നതില്‍ അതൃപ്തി പ്രകടിപ്പിക്കുകയും അവരോട് യുദ്ധം ചെയ്യുകയും ചെയ്തു. യുദ്ധത്തില്‍ പങ്കെടുക്കാതിരുന്ന മൂന്നുപേര്‍ക്കും പിന്നീട് ചതി മനസ്സിലായി. മുശ്‌രിക്കുകള്‍ അവരെ അടിമകളാക്കി. അവരില്‍ എതിര്‍പ്പ് പ്രകടിപ്പിച്ച ഒരാളെ അവര്‍ കൊന്നുകളഞ്ഞു. അവശേഷിച്ച രണ്ടു പേരെ മക്കയില്‍ കൊണ്ടുപോയി മുസ്‌ലിംകളോട് പ്രതികാരം ചെയ്യാന്‍ കാത്തിരിക്കുകയായിരുന്നു ചിലര്‍ക്കു വിറ്റു. ഖുബൈബുബ്‌നു അദിയ്യ്(റ) ആയിരുന്നു ആ രണ്ടു പേരില്‍ ഒരാള്‍.
പ്രവാചകരോട് അതിരില്ലാത്ത സ്‌നേഹമായിരുന്നു ഖുബൈബ്(റ)വിന്. ബദ്‌റിലും ഉഹ്ദിലും ഐതിഹാസികമായ പ്രകടനം അദ്ദേഹം കാഴ്ചവച്ചിരുന്നു. ഖുബൈബ്(റ)വിനെ മക്കയില്‍ വച്ച് വാങ്ങിയത് ഹാരിസിന്റെ മകളാണ്. 100 ഒട്ടകമാണ് മുശ്‌രിക്കുകള്‍ അദ്ദേഹത്തിന് വിലയിട്ടത്. ഖുബൈബ് ബദ്‌റില്‍ വച്ച് ഹാരിസിനെ വധിച്ചിരുന്നു. അതിനു പകരം വീട്ടാന്‍ മക്കള്‍ ഖുബൈബ്(റ)വിന്റെ കൈകാലുകള്‍ ചങ്ങലയില്‍ ബന്ധിച്ച് ഒരു ഇരുട്ട് മുറിയില്‍ ബന്ധിയാക്കിവച്ചു. ബന്ധിയാക്കപ്പെട്ട അദ്ദേഹത്തെ ഹാരിസിന്റെ മക്കള്‍ പലവിധേനയും ദ്രോഹിച്ചിരുന്നു. വിശപ്പും ദാഹവും അകറ്റാന്‍ വെള്ളവും ഭക്ഷണവും നല്‍കിയില്ല. എന്നാല്‍, അല്ലാഹു ഉദ്ദേശിച്ചവരെ അവന്‍ അദൃശ്യവഴികളിലൂടെ പരിധിയും പരിമിതിയുമില്ലാതെ ഭക്ഷിപ്പിക്കുമെന്നാണല്ലോ! ഖുബൈബി(റ)നെ തടവിലാക്കിയ സമയത്ത് മക്കയില്‍ ലഭ്യമല്ലാത്ത പഴവര്‍ഗങ്ങള്‍ പലപ്പോഴും അദ്ദേഹം കഴിക്കാറുണ്ടായിരുന്നു എന്ന് ഹാരിസിന്റെ മകള്‍ പറഞ്ഞതായി ചരിത്രം വ്യക്തമാക്കുന്നു. (ബുഖാരി 2/585)
മഹാനവര്‍കളെ തടവിലാക്കി ദിവസങ്ങള്‍ക്കകം തന്‍ഈമില്‍ കൊണ്ടുപോയി അവര്‍ അദ്ദേഹത്തെ തൂക്കികൊലപ്പെടുത്തി. കഴുമരത്തിലേറിയ ആദ്യസ്വഹാബിയാണ് ഖുബൈബ്(റ). അദ്ദേഹത്തെ തൂക്കിലേറ്റുന്ന സമയത്ത് അദ്ദേഹം ഖേദപൂര്‍വം പറഞ്ഞു: ”അല്ലാഹുവേ, എന്റെ അന്ത്യസലാം പ്രവാചകര്‍ക്ക് എത്തിക്കാന്‍ ഞാനിവിടെ ആരെയും കാണുന്നില്ല. അതിനാല്‍ നീ എന്റെ സലാം റസൂലുല്ലാഹിക്ക് എത്തിച്ചുകൊടുക്കേണമേ… തുടര്‍ന്ന് മുശ്‌രിക്കുകളുടെ ഹൃദയങ്ങളെ പ്രകമ്പനം കൊള്ളിക്കുന്ന ഉച്ചത്തില്‍ അദ്ദേഹം ചിലവരികള്‍ ആലപിച്ചു. അവയെ നമുക്ക് ഇങ്ങനെ സംഗ്രഹിക്കാം:
”മുസ്‌ലിമായി കൊല്ലപ്പെടുമ്പോള്‍ എനിക്കെന്തിനു പരിഭവം?
ഏതുഭാഗത്ത് മരിച്ചു വീണാലെന്ത്, അല്ലാഹുവിലേക്കാണതെല്ലാം
അവനുദ്ദേശിച്ചാല്‍ ശിഥിലീകരിക്കപ്പെടുന്ന ഈ ജഡത്തിന്റെ ഓരോ നുറുങ്ങുകളിലും അനുഗ്രഹം വര്‍ഷിച്ചിടും”
സ്വഹാബാക്കള്‍ പറയുന്നു: ”നബി(സ്വ) ഞങ്ങള്‍ക്കിടയില്‍ ഇരിക്കുന്നതിനിടയില്‍ പെട്ടെന്ന് ‘വഅലൈക്കുമുസ്സലാം’ എന്ന് പറയുകയുണ്ടായി. അപ്പോള്‍ നബി(സ്വ)യോട് ചോദിക്കപ്പെട്ടു. ”യാ റസൂലുല്ലാഹ്, ആരുടെ സലാമിനാണ് താങ്കള്‍ പ്രത്യുത്തരം നല്‍കിയത്?”
അപ്പോള്‍ നബി(സ്വ) പറഞ്ഞു: ”നിങ്ങളുടെ സഹോദരന്‍ ഖുബൈബ് മക്കയില്‍ വച്ച് തൂക്കു മരത്തിലേറ്റപ്പെട്ടിരിക്കുന്നു. അദ്ദേഹം ഇപ്പോള്‍ എനിക്ക് അന്തിമ സലാം പറഞ്ഞു. അതിനു മറുപടിയാണ് ഞാന്‍ നല്‍കിയത്. (ഹുജ്ജത്തുല്ലാഹി 2/869)
വിശുദ്ധ ഇസ്‌ലാമിന്റെ പ്രചാരകനായതിന്റെ പേരില്‍ തന്നെ കഴുമരത്തിലേറ്റാന്‍ തുനിയുന്ന മുശ്‌രിക്കുകളുടെ മുന്നില്‍വച്ച് മഹാനായ ഖുബൈബ്(റ) അവര്‍ക്കെതിരില്‍ പ്രാര്‍ത്ഥിച്ചു. നാഥാ, എന്റെ ഘാതകരെ ശരിക്കും എണ്ണിവക്കൂ. അവരെ മുഴുവന്‍ നശിപ്പിക്കുക; അവരില്‍ ആരെയും ബാക്കിയാക്കരുത്.
ഖുബൈബി (റ)ന്റെ പ്രാര്‍ത്ഥന അക്ഷരംപ്രതി പുലര്‍ന്നു. ഒരു വര്‍ഷത്തിനുശേഷം അദ്ദേഹത്തിന്റെ ഘാതകരെല്ലാം നശിച്ചു. ഖുബൈബ്(റ)ന്റെ മരണാനന്തരം മുശ്‌രിക്കുകള്‍ അവരവരുടെ വീടുകളിലേക്ക് മടങ്ങി. ഒരു അനാഥ മൃതദേഹമായി ഖുബൈബ്(റ)വിന്റെ ശരീരം അവിടെ ഉപേക്ഷിക്കപ്പെട്ടു. ഈ സമയം മദീനയില്‍ നബി(സ്വ) അനുചരന്‍മാരോട് പറഞ്ഞു. തന്‍ഈമില്‍ ഖുബൈബ്(റ)ന്റെ ശരീരം തൂക്കുമരത്തില്‍ കിടക്കുകയാണ്. അത് അവിടെനിന്നു കൊണ്ടുവരുന്നവര്‍ക്ക് ഞാന്‍ സ്വര്‍ഗം വാഗ്ദാനം ചെയ്യുന്നു.
ഈ സുവിശേഷം കേട്ട് സുബൈര്‍ബ്‌നു അവ്വാം(റ), മിഖ്ദാദ്ബ്‌നു അസദ്(റ) എന്നിവര്‍ നബി(സ്വ)യുടെ സമ്മതം വാങ്ങി മക്കയിലേക്ക് കുതിച്ചു. അവര്‍ തന്‍ഈമിലെത്തിച്ചേര്‍ന്നു. അപ്പോള്‍ ഇവരുടെ വരവറിഞ്ഞ് നാല്‍പതോളം ആളുകള്‍ തൂക്കുമരത്തിന് കാവല്‍ നില്‍ക്കുന്നതായി അവര്‍ കണ്ടു. എന്നാല്‍, പ്രവാചകന്റെ ആശീര്‍വാദത്തോടെ പുറപ്പെട്ട രണ്ടു പേരും അവിടെയെത്തിയപ്പോള്‍ അവര്‍ ഉറക്കത്തിലായിരുന്നു. സുബൈര്‍(റ)ഉം മിഖ്ദാദ്(റ)ഉം ഖുബൈബ്(റ)ന്റെ ജനാസ തൂക്കുമരത്തില്‍ നിന്നുമിറക്കി അവരുടെ കുതിരപ്പുറത്ത് വച്ചു. അവര്‍ അവിടെ എത്തുന്നത് രക്തസാക്ഷത്തിന്റെ നാല്‍പതോളം ദിവസമായിരുന്നു. എന്നിട്ടും ഖുബൈബ്(റ)ന്റെ ശരീരത്തിന് യാതൊരു ജീര്‍ണതയും സംഭവിച്ചിരുന്നില്ല. (സ്വഹാബത്തും കറാമത്തും: 88)
ഖുബൈബ്(റ)ന്റെ ജനാസയുമായി മുസ്‌ലിംകള്‍ അവിടെനിന്നും രക്ഷപ്പെട്ട കാര്യം അധികം താമസിയാതെ മുശ്‌രിക്കുകള്‍ അറിഞ്ഞു. ഉടനെ എഴുപതോളം അവിശ്വാസികള്‍ അവിരെത്തേടി പുറപ്പെട്ടു. സുബൈര്‍(റ)ഉം മിഖ്ദാദ്(റ)ഉം പിടിക്കപ്പെടുമെന്നായപ്പോള്‍ ഖുബൈബി(റ)നെ നിലത്തുവച്ചു. മഹാനവര്‍കളുടെ കറാമത്ത് എന്നേ പറയേണ്ടൂ. പെട്ടെന്ന് ഭൂമി പിളരുകയും ഖുബൈബ്(റ)വിനെ ഭൂമിയുടെ ഉള്ളിലേക്ക് ഒളിപ്പിക്കുകയും ചെയ്തു. ശത്രുസേന അവര്‍ രണ്ടു പേരെയും വളഞ്ഞു. പക്ഷേ, അവര്‍ക്ക് ഖുബൈബ്(റ)ന്റെയോ ഭൂമി പിളര്‍ന്നതിന്റെയോ അടയാളം കാണാന്‍ കഴിഞ്ഞില്ല.
ഈ സമയം അവര്‍ രണ്ടുപേരും അവരോട് പറഞ്ഞു: ”മക്കാ കാഫിറുകളോ, ഞങ്ങള്‍ വനത്തിലേക്ക് തിരിക്കുന്ന രണ്ടു സിംഹങ്ങളാണ്. നിങ്ങള്‍ക്ക് കഴിയുമെങ്കില്‍ ഞങ്ങളെ വഴിതടയുക. അല്ലാത്തപക്ഷം ഞങ്ങള്‍ക്ക് പാഥേയമൊരുക്കുക.” അവരുടെ കൈയില്‍ മൃതദേഹമില്ലെന്ന് കണ്ട ശത്രുക്കള്‍ അവരെ വെറുതെവിട്ടു. (മദാരിജുന്നബുവ്വ 2/141) ഓര്‍ത്ത്‌നോക്കൂ, സഹോദരാ, ഈ രണ്ടുപേരുടെയും ധീരത. അതിലും ശക്തമായിരുന്നില്ലേ ഖുബൈബ് (റ)ന്റെ ഈമാനന്‍. സ്വഹാബാക്കള്‍ മുശ്‌രിക്കുകളുടെ കൂട്ടത്തിലേക്ക് പ്രബോധനത്തിനായാലും പ്രകോപനത്തിനായാലും പോകുന്നത് കടന്നല്‍കൂട്ടത്തിലേക്ക്  കൈയിടുന്നതിന് സമാനമാണ്. എന്നാല്‍, അവര്‍ക്ക് പ്രചോദനം നല്‍കിയ വസ്തുത എന്തായിരുന്നെന്നറിയാമോ?
സ്വഹാബാകിറാമിന്റെ പ്രദോചനം ഒരിക്കലും കേവലസാമ്പത്തിക ലാഭമോ ഭൗതികമായ മറ്റേതെങ്കിലും ലാഭമോ അല്ല. അല്ലാഹുവിലുള്ള അചഞ്ചലമായ വിശ്വാസത്തില്‍ നിന്നും ഉത്ഭൂതമായ ഊര്‍ജമാണ് അവരുടെ പ്രചോദനം. അജയ്യമായ വിശ്വാസത്തിന്റെ ഉടമകളായിരുന്നു മഹാത്മാക്കളായ സ്വഹാബികള്‍. നാം ഒരിക്കലും അവര്‍ കരസ്ഥമാക്കിയ ഉന്നതി പ്രാപിക്കാന്‍ ശക്തരല്ല. അതിനാല്‍ നമുക്ക് പ്രാര്‍ത്ഥിക്കാം. സര്‍വലോക പരിപാലകനായ സര്‍വശക്തന്‍ നിര്‍ഭാഗ്യവാന്‍മാരായ നമ്മെയും അവന്റെ ഉത്തമ അടിമകളില്‍പ്പെടുത്തി അനുഗ്രഹിക്കുമാറാകട്ടെ.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter