അര്‍ഖം ബിന്‍ അബില്‍ അര്‍ഖം (റ)
ഇസ്‌ലാമിന്റെ തുടക്ക കാലം പ്രവാചന്‍ വിശ്വാസികള്‍ക്ക് ക്ലാസുകള്‍ നല്‍കിയിരുന്ന ദാറുല്‍ അര്‍ഖമിന്റെ ഉടമസ്ഥന്‍. അബൂ അബ്ദില്ല എന്ന അപരനാമത്തില്‍ അറിയപ്പെട്ടു. ആദ്യംമുതലേ പ്രവാചകര്‍ക്ക് എല്ലാ വിധ സഹായ സഹകരണങ്ങളും ചെയ്തുകൊടുത്തിരുന്ന അദ്ദേഹം ഇസ്‌ലാമിലേക്ക് പത്താമതായി കടന്നുവന്ന വ്യക്തിയാണ്. ഇസ്‌ലാം പ്രചരിച്ചുകൊണ്ടിരുന്ന കാലത്ത് തന്റെ വീട് ഇസ്‌ലാമിക പ്രചരണത്തിനായി ഒഴിഞ്ഞുകൊടുത്തു. പല പ്രഗല്‍ഭരായ സ്വഹാബികളും മുസ്‌ലിമായത് അവിടെ വെച്ചായിരുന്നു. മുസ്‌ലിംകളുമായി ബന്ധപ്പെട്ട പല നിര്‍ണായകമായ ചര്‍ച്ചകളും പ്രവാചകരുടെ നേതൃത്വത്തില്‍ അവിടെവെച്ചു നടന്നു.
മദീനയിലേക്കു ഹിജ്‌റ പോയ അദ്ദേഹത്തെ അവിടെ സൈദ് ബിന്‍ സഹ്‌ലുമായി പ്രവാചകന്‍ ചെങ്ങാത്തം സ്ഥാപിച്ചു. മക്കയില്‍ വീട് നല്‍കി സഹായിച്ചതിനാല്‍ മദീനയില്‍ പ്രവാചകന്‍ അദ്ദേഹത്തിനൊരു വീട് നല്‍കി. പ്രവാചകരോടൊപ്പം എല്ലാ യുദ്ധങ്ങളിലും പങ്കെടുത്തിട്ടുണ്ട്.
ഒരിക്കല്‍ അദ്ദേഹത്തിന് ബൈത്തുല്‍ മുഖദ്ദസില്‍ പോയി നിസ്‌കരിക്കണമെന്ന കൊതിയുണ്ടായി. അങ്ങനെ, യാത്രക്കുവേണ്ടിയുള്ള എല്ലാ സജ്ജീകരണങ്ങളും നടത്തിയ ശേഷം അദ്ദേഹം യാത്രചോദിക്കാനായി പ്രവാചക സവിധം വന്നു. ‘താങ്കളുടെ യാത്രകൊണ്ടുള്ള പ്രധാന ഉദ്ദേശ്യമെന്താണ്? കച്ചവടമാണോ അതോ മറ്റു ആവശ്യങ്ങളോ?’ പ്രവാചകന്‍ ചോദിച്ചു. ‘ഞാന്‍ അവിടെനിന്നും നിസ്‌കരിക്കാന്‍ ഉദ്ദേശിക്കുന്നു’ അദ്ദേഹം പ്രതികരിച്ചു. പ്രവാചകന്‍ പറഞ്ഞു: ‘(എങ്കില്‍ മനസ്സിലാക്കുക:) എന്റെ പള്ളി (മസ്ജിദുന്നബവി) യില്‍നിന്നുള്ള ഒരു നിസ്‌കാരം മസ്ജിദുല്‍ ഹറാം ഒഴികെ ലോകത്തെ മറ്റേതു പള്ളികളിലെ നിസ്‌കാരത്തെക്കാള്‍ ആയിരം നിസ്‌കാരത്തെക്കാള്‍ പ്രതിഫലമുള്ളതാണ്.’ ഇതുകേട്ട അര്‍ഖം യാത്ര അവസാനിപ്പിക്കുകയും പ്രവാചകരെ അംഗീകരിച്ചുകൊണ്ട് അവിടെത്തന്നെ നില്‍ക്കുകയും ചെയ്തു (ഹാകിം).
ഇസ്‌ലാമിക പ്രചരണ രംഗത്ത് ശക്തനായൊരു പോരാളിയായി നിലകൊണ്ട അര്‍ഖം (റ) മുആവിയ (റ) വിന്റെ കാലത്ത് രോഗബാധിതനാകുന്നതു വരെ അതേ പാതയില്‍തന്നെ ഉറച്ചുനിന്നു. രോഗബാധിതനായപ്പോള്‍ അദ്ദേഹം സഅദ് ബ്‌നു അബീ വഖാസ് (റ) വിനെ വിളിക്കുകയും താന്‍ മരിച്ചാല്‍ തന്റെ മേല്‍ നിസ്‌കാരത്തിന് നേതൃത്വം നല്‍കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. പക്ഷെ, അര്‍ഖം (റ) മരണപ്പോള്‍ സഅദ് (റ) മദീനയിലുണ്ടായിരുന്നില്ല. അപ്പോഴത്തെ മദീന ഭരണാധികാരി മര്‍വാന്‍ ബിന്‍ ഹകം നിസ്‌കാരത്തിന് നേതൃത്വം നല്‍കാന്‍ ഉദ്ദേശിച്ചെങ്കിലും അര്‍ഖം (റ) വിന്റെ മകന്‍ അബ്ദുല്ല വിസമ്മതിക്കുകയായിരുന്നു. ശേഷം, മഖ്‌സൂം ഗോത്രം അദ്ദേഹത്തെ തേടിപിച്ച് കൊണ്ടുവരികയും സഅദ് (റ) തന്നെ നിസ്‌കാരത്തിന് നേതൃത്വം നല്‍കുകയും ചെയ്തു. ഹിജ്‌റ 55 ലായിരുന്നു സംഭവം. അഖീഖിലാണ് അദ്ദേഹത്തിന്റെ ഖബര്‍ സ്ഥിതി ചെയ്യുന്നത്.
Leave A Comment