ഉസ്മാനുബ്‌നു അഫ്ഫാന്‍: സ്വര്‍ഗം വിലക്കെടുത്ത മഹാന്‍

‘ഓരോ പ്രവാചകന്‍മാര്‍ക്കും സ്വര്‍ഗത്തില്‍ ഒരു ചെങ്ങാതിയുണ്ട്. സ്വര്‍ഗത്തിലെ എന്റെ ചങ്ങാതി ഉസ്മാനാണ്.” (ഹദീസ്) ഉസ്മാന്‍(റ)നെ കുറിച്ച് നബി(സ്വ) ധാരാളം പുകഴ്ത്തിയിട്ടുണ്ട്. മാത്രവുമല്ല നിരവധി പ്രത്യേകതകള്‍ ആ മഹാനില്‍ സമ്മേളിച്ചിരുന്നു. ഇസ്‌ലാമിന്റെ മൂന്നാം ഖലീഫ, ഖുറൈശി കുടുംബത്തിലെ പ്രധാനി, പ്രഥമ വിശ്വാസികളില്‍ പ്രമുഖന്‍, പ്രവാചക പുത്രിമാരുടെ ഭര്‍ത്താവ്, മഹാ മനസ്‌കതയുടെയും ഔദാര്യത്തിന്റെയും ഉടമ… തുടങ്ങി അനന്തമാണ് അദ്ദേഹത്തിന്റെ ഗുണവിശേഷങ്ങള്‍.
പ്രവാചകന്‍(സ്വ)യുടെ അടുത്ത കൂട്ടുകാരന്‍ അബൂബക്കര്‍(റ)വില്‍ നിന്നാണ് അദ്ദേഹം ഇസ്‌ലാമിനെ കുറിച്ച് അറിയുന്നത്. വിശുദ്ധ ഇസ്‌ലാമിന്റെ വെളിച്ചം നല്‍കി അല്ലാഹു അദ്ദേഹത്തെ അനുഗ്രഹിച്ചതിനാല്‍ അധികം താമസിയാതെ അദ്ദേഹം ഇസ്‌ലാം സ്വീകരിച്ചു. അതോടെ ഖുറൈശികള്‍ക്കിടയില്‍ ജനസ്വാധീനം നേടിയ നേതാവായിരുന്നു. ഉസ്മാന്‍(റ)ന്റെ തീരുമാനങ്ങള്‍ക്കും അഭിപ്രായങ്ങള്‍ക്കും ജനം പ്രാമുഖ്യം നല്‍കിയിരുന്നു. മാത്രവുമല്ല അദ്ദേഹം നിപുണനായ വ്യാപാരി കൂടിയായിരുന്നു. അതിനാല്‍ തന്നെ ജനങ്ങള്‍ക്കിടയില്‍ സാമ്പത്തിക ഉന്നതിയും ഉസ്മാന്‍(റ)വിന് ഉണ്ടായി.
ഉസ്മാന്‍(റ) മുസ്‌ലിമായതറിഞ്ഞ് മക്കാ മുശ്‌രിക്കുകള്‍ അദ്ദേഹത്തെ കൈവെടിയാനും ഇസ്‌ലാമില്‍ നിന്ന് പിന്തിരിപ്പിക്കാനും ശ്രമിച്ചു. നേതൃസ്ഥാനവും ജനസ്വാധീനവും ഇല്ലാതായാല് സത്യമതം വിട്ട് കളയുമെന്ന് ചിലര്‍ പ്രതീക്ഷിക്കുന്നു. എന്നാല്‍ അചഞ്ചലമായ ആ വിശ്വാസത്തിന് ഒരു മാറ്റവും ഉണ്ടായില്ല. സ്‌നേഹത്തോടെ ചുമലിലേറ്റിയവര്‍ തന്നെ വെറുപ്പോടെ നിലത്തിട്ട് ചവിട്ടി മെതിക്കാന്‍ തുടങ്ങി. ബഹുമാനിച്ചവര്‍ അവഹേളിക്കാനും കൂട്ടുകാര്‍ ശത്രുക്കളാകുവാനും ഇടയായപ്പോഴും അല്ലാഹുവിന്റെ പ്രവാചകന്റെ കൂടെ തന്നെ നിലനില്‍ക്കാന്‍ അദ്ദേഹം തയ്യാറായത് തനിക്ക് പടച്ചവന്‍ നല്‍കാന്‍ പോകുന്ന പ്രതിഫലം ഓര്‍ത്തുകൊണ്ടു മാത്രമായിരുന്നു. അതുകൊണ്ട് തന്നെയാണ് വിശുദ്ധ മതം സ്വീകരിച്ചവര്‍ ആദ്യം അബ്‌സീനിയയിലേക്കും തുടര്‍ന്ന് മദീനയിലേക്കും പലായനം ചെയ്തപ്പോള്‍ രണ്ട് പലായനങ്ങളിലും അദ്ദേഹം പങ്കെടുക്കുകയുണ്ടായി. വലിയ സമ്പത്തിന്റെ ഉടമയായിരുന്ന അദ്ദേഹം എല്ലാം ഇസ്‌ലാമിനുവേണ്ടി ചെലവഴിച്ചു.
പ്രവാചക പുത്രി റുഖിയ്യ(റ)യെ ആയിരുന്നു ആദ്യം വിവാഹം കഴിച്ചത്. മഹതിയുടെ മരണാനന്തരം ഭാര്യയുട സഹോദരി ഉമ്മുകുല്‍സൂം(റ)യെ വിവാഹം ചെയ്തു. ഇങ്ങനെ പ്രവാചകന്റെ രണ്ട് പെണ്‍മക്കളെ വിവാഹം കഴിച്ചതിനാല്‍ ‘ദുന്നീറൈനി’ (രണ്ട് വെളിച്ചമുടയവന്‍) എന്ന അലങ്കാരപ്പേരും അദ്ദേഹത്തിനുണ്ടായി.
സ്വന്തം നാടിനെയും കുടുംബത്തേയും നാട്ടുകാരെയുമെല്ലാം മക്കയില്‍ ഉപേക്ഷിച്ച് വിശുദ്ധ ഇസ്‌ലാമിന്റെ നിലനില്‍പ്പിനും വിശ്വാസാചാരങ്ങളുടെ സംരക്ഷണത്തിനും വേണ്ടി മദീനയിലേക്ക് പലായനം ചെയ്തുവന്നവര്‍ മദീയില്‍ ജീവിതം മുന്നോട്ടുകൊണ്ടുപോവാന്‍ വളരെ പ്രയാസപ്പെടുന്നുണ്ടായിരുന്നു. കാലാവസ്ഥാ മാറ്റത്തിന്റെ പ്രത്യാഗാതമെന്നോണം പലര്‍ക്കും പലരോഗങ്ങളും പിടിപെട്ടു. മദീനയില്‍ ദാഹജലത്തിന് വലിയ ക്ഷാമമുള്ള സമയായിരുന്നു അത്. മദീനാ നിവാസികള്‍ക്ക് ഏക ആശ്രയം ഒരു ജൂത അധീനതയിലുള്ള ‘ബിഅ്‌റുമു’ ന്ന കിണര്‍ മാത്രമായിരുന്നു. മുസ്‌ലിം വിരോധവും കച്ചവട കണ്ണും അയാളില്‍ ആത്യാഗ്രഹത്തെ ഉണര്‍ത്തി. മുസ്‌ലിം ജനങ്ങള്‍ക്ക് വന്‍ വിലക്കാണ് അയാള്‍ വെള്ളം നല്‍കിയിരുന്നത്.
മുഹാജിറുകളെ സംബന്ധിച്ചിടത്തോളം ഇത് പ്രയാസകരം തന്നെയായിരുന്നു. ഈ ബുദ്ധിമുട്ടിയ ഘട്ടത്തില്‍ ഉസ്മാന്‍(റ) പ്രസ്തുത ജൂതനുമായി സംസാരിച്ചു. അയാളെ കിണര്‍ വില്‍ക്കാന്‍ പ്രേരിപ്പിച്ചു. എന്നാല്‍ ഭീമമായ സംഖ്യായാണ് ജൂതന്‍ ആവശ്യപ്പെട്ടത്. ഇത് ഉസ്മാന്‍(റ)വിന് പ്രയാസമായപ്പോള്‍ കിണറിന്റെ പകുതി ഭാഗം വില്‍ക്കാന്‍ ധാരണയായി. അതോടെ മുസ്‌ലിംകളുടെ പ്രശ്‌നത്തിന് അല്‍പം സമാധാനമായി.
അനന്തരം വെള്ളക്കച്ചവടം പ്രതിസന്ധിയിലായതിനാല്‍ കിണര്‍ മുഴുവന്‍ ഉസ്മാന്‍(റ)വിന് നല്‍കി. ഇങ്ങനെ ഭീമമായ തുക നല്‍കി മുസ്‌ലിംകളുടെ കുടിവെള്ള പ്രശ്‌നം തീര്‍ത്തതിലൂടെ ഉസ്മാന്‍(റ) ചെയ്തത് അതിമഹത്തായ കാര്യമായിരുന്നു. അതുകൊണ്ട് തന്നെ അദ്ദേഹത്തിന് പ്രവാചകര്‍ സ്വര്‍ഗം വാഗ്ദാനം ചെയ്തു. ഉസ്മാന്‍(റ) സ്വര്‍ഗം വിലക്കെടുത്തുവെന്ന് സ്വഹാബാക്കള്‍ പറഞ്ഞു.
നമ്മുടെ നാടുകളില്‍ സമ്പന്നരായ ധാരാളം ആളുകളെ കാണാന്‍ കഴിയും. അവര്‍ തങ്ങളില്‍ നിന്നു പാവപ്പെട്ടവര്‍ അര്‍ഹിക്കുന്ന പാവപ്പെട്ടവന്റെ അവകാശമായ സകാത്ത് പോലും കൃത്യമായി നല്‍കാന്‍ തയ്യാറാവുന്നില്ല എന്നത് വളരെ ഖേദകരം തന്നെ. ധനം ചിലര്‍ക്ക് അല്ലാഹു ധാരാളമായും മറ്റുചിലര്‍ക്ക് പരിമതമായും നല്‍കുന്നു. ഇത് രണ്ടും അവരെ പരീക്ഷിക്കുവാന്‍ വേണ്ടിയാണ് എന്ന് ഖുര്‍ആന്‍ നമ്മെ പഠിപ്പിക്കുന്നുണ്ട്. പക്ഷെ, നാം പാഠം പഠിക്കുന്നില്ല. സമ്പത്തില്‍ വിശാലത നല്‍കപ്പെട്ടവന്‍ കടമകള്‍ നിര്‍വഹിക്കുന്നുണ്ടോ? തുടങ്ങിയ കാര്യങ്ങളില്‍ അവര്‍ സദാനിരീക്ഷിക്കപ്പെട്ടുകൊണ്ടിരിക്കുന്നു.
അതേ സമയം സമ്പത്തില്‍ പരിമിതികളുള്ളവര്‍ അവനും പരീക്ഷിക്കപ്പെടുകയാണ്. ധനസ്ഥിതി മോശമായതിന്റെ പേരില്‍ അവന്‍ എത്രമാത്രം ക്ഷമിക്കുന്നുവെന്നുണ്ട്ാ? പലിശ, മോഷണം തുടങ്ങിയ നിശദ്ധ മാര്‍ഗങ്ങളിലേക്ക് അവന്‍ പോവുകയോ അവയെ കുറിച്ച് ചിന്തിക്കുകയോ ചെയ്യുന്നുണ്ടോ? അതല്ല പ്രവാചകന്‍(സ്വ) വളരെ മോശമായി കണക്കാക്കിയ ഭിക്ഷാടനത്തില്‍ വ്യാപൃതനാവുകയാണോ അവന്‍? തുടങ്ങി അനവധി കാര്യങ്ങള്‍ അവന്‍ നിരീക്ഷണത്തിലാണ്. സാമ്പത്തികാവസ്ഥ വിശാലതയിലാണെങ്കിലും പരിമിതിയിലാണെങ്കിലും നാം അല്ലാഹുവിന്റെ പരീക്ഷണത്തില്‍ വിജയിക്കുക തന്നെ വേണം. എങ്കില്‍ മാത്രമേ പ്രതിഫലനാളില്‍ വിജയിക്കുവാനും ലക്ഷ്യം പൂര്‍ത്തീകരിക്കുവാനും സാധിക്കുകയുള്ളൂ.

അത്ഭുത ദാഹശമനി
ഉമ്മര്‍(റ) രക്തസാക്ഷിയായി ദിവസങ്ങള്‍ക്കകം തന്നെ ഉസ്മാന്‍(റ) ഖലീഫയായി അംഗീകരിക്കപ്പെട്ടു. ഉസ്മാന്‍(റ)വിന്റെ കാലത്ത് മുസ്‌ലിം ലോകം വളരെയധികം വികസിച്ചു. മുസ്ഹഫുകള്‍ക്ക് ഏകലിപി നിര്‍ബന്ധമാക്കുകയും മസ്ജിദുന്നബവി വിപുലീകരിക്കുകയും ചെയ്തു തുടങ്ങി അനവധി ചരിത്രസംഭവങ്ങള്‍ക്ക് സാക്ഷിയാവാന്‍ അദ്ദേഹത്തിന്റെ 12 വര്‍ഷത്തെ ഭരണത്തിന് കഴിഞ്ഞു.
ഭരണത്തിന്റെ അവസാന സമയങ്ങളില്‍ ജനങ്ങള്‍ക്കിടയില്‍ പല അനൈക്യങ്ങളും ഉടലെടുക്കുകയും പ്രശ്‌ന കലുശിതമാവുകയും ചെയ്തു. ഹിജ്‌റ 35ന് ഈജിപ്തുകാരായ ചിലര്‍ അദ്ദേഹത്തിന്റെ വീട് വളയുകയും ഒരിറ്റ് വെള്ളം പോലും നല്‍കാതെ വിശമിപ്പിക്കുകയുമുണ്ടായി.
അബ്ദുല്ലാഹിബ്‌നു സലാം എന്നവര്‍ പറയുന്നു: ഉസ്മാന്‍ (റ)വിനെ ശത്രുക്കള്‍ ഉപരോധിക്കുകയും കുടിവെള്ളം പോലും തടയുകയും ചെയ്ത വീടുവളഞ്ഞ സമയത്ത് ഞാന്‍ അദ്ദേഹത്തെ കാണാന്‍ ചെന്നു. ഈ സന്നിഗ്ദ്ധ ഘട്ടത്തിലും ആത്മനിയന്ത്രണവും അല്ലാഹുവിലുള്ള അചഞ്ചലമായ വിശ്വാസവും അദ്ദേഹം കൈവെടിഞ്ഞിരുന്നില്ല. ഞാന്‍ ചെല്ലുമ്പോള്‍ അദ്ദേഹം നോമ്പുകാരനായിരുന്നു. മാത്രവുമല്ല വളരെ സന്തോഷവാനായിട്ടാണ് ഞാന്‍ അദ്ദേഹത്തെ കണ്ടത്.
ഞാന്‍ കാര്യങ്ങളെല്ലാം ചോദിച്ചറിഞ്ഞു. അദ്ദേഹം പറഞ്ഞു: ”അബ്ദുല്ലാഹിബ്‌നു സലാം: ്യൂഞാന്‍ ഇന്ന് റസൂല്‍(സ്വ)യെ സ്വപ്നത്തില്‍ കാണുകയുണ്ടായി. അദ്ദേഹം എന്നോട് വളരെ സ്‌നേഹത്തോടെയും വാത്സല്യത്തോടെയും പറഞ്ഞു.
‘യാ ഉസ്മാന്‍; അക്രമികള്‍ ദാഹജലം തടഞ്ഞതിനാല്‍ നിങ്ങള്‍ വിഷമിക്കുന്നുണ്ട് അല്ലേ…!
”അതെ! പ്രവാചകരെ” മറുപടി പറഞ്ഞു.
ഉടനെ ഒരു ബക്കറ്റ് വെള്ളം നിറയെ റസൂല്‍(സ്വ) ജാലകത്തിലൂടെ കാണിച്ചുതരികയും ഞാന്‍ അതില്‍നിന്ന് വെള്ളം കുടിക്കുകയും ചെയ്തു. അതിന്റെ കുളിര്‍മയും മധുരവും ഇപ്പോഴും അനുഭവപ്പെടുന്നു.
വെള്ളം കുടിച്ചുകഴിഞ്ഞപ്പോള്‍ അവിടന്നുപറഞ്ഞു.
”യാ ഉസ്മാന്‍! നിങ്ങള്‍ ഉദ്ദേശിക്കുന്നുവെങ്കില്‍ എന്റെ അടുത്തുവന്ന് നിങ്ങള്‍ക്ക് നോമ്പു മുറിക്കാം. അതല്ലെങ്കില്‍ ഈ അക്രമികള്‍ക്ക് എതിരില്‍ ഞാന്‍ സഹായിക്കാം.
‘ഇബ്‌നുസലാം’ ഞാന്‍ സന്തുഷ്ടനായിക്കൊണ്ട് മറുപടി പറഞ്ഞു: ”അങ്ങയുടെ തിരുസന്നിധിയില്‍ വന്നുകൊണ്ട് നോമ്പു മുറിക്കുന്നതാണ് ജീവിതത്തെക്കാള്‍ എത്രയോ മടങ്ങ് എനിക്കിഷ്ടവും സന്തോഷകരവും. അഭിമാനമായതും.
അബ്ദുല്ലാഹിബ്‌നു സലാം പറയുന്നു: സംസാരാനന്തരം ഞാന്‍ തിരിച്ചു പോന്നു. അന്ന് രാത്രി അദ്ദേഹം ഖുര്‍ആന്‍ പാരായണം ചെയ്തുകൊണ്ടിരിക്കെ അക്രമികള്‍ അദ്ദേഹത്തെ വാളിനിരയാക്കി. (അല്‍ബിദായത്തു വന്നിഹായ 7:182) അങ്ങനെ ഖുര്‍ആനിനെ കെട്ടിപ്പുണര്‍ന്നുകൊണ്ട് ആ 82 കാരന്‍ ശഹീദായി.
മദീനയിലെ ജന്നത്തുല്‍ ബഖീഇല്‍പ്പെട്ട ‘ഹശ്ശുല്‍ ഖൗഖബ്’ എന്ന സ്ഥലത്താണ് മഹാനവര്‍കള്‍ അന്ത്യവിശ്രമം കൊള്ളുന്നത്.
അബൂഖിലാബ്(റ) പറയുന്നു: ഞാന്‍ സിരിയയിലായിരിക്കുമ്പോള്‍ ഒരാള്‍ ‘ദുഃഖമേ എനിക്ക് നരകമാണല്ലോ’ എന്ന് ആര്‍ത്തട്ടഹസിച്ചുകരയുന്ന ശബ്ദം ഞാന്‍ കേട്ടു. ആര്‍ത്തനാദം കേട്ട ഭാഗത്തേക്ക് പോയിനോക്കി. അവിടെ കണ്ട കാഴ്ച അത്യധികം ഭീതിജനകമായിരുന്നു. കൈകളും കാലുകളും മുറിക്കപ്പെട്ട് കണ്ണ് നഷ്ടപ്പെടുത്തപ്പെട്ട ഒരാള്‍ മുഖം നിലത്ത് കുത്തി ആര്‍ത്ത് നിലവിളിക്കുന്നു.
ഞാന്‍ ചോദിച്ചു: ഹേയ്, മനുഷ്യാ! നാളെയുടെ കാര്യം അല്ലാഹുവിലാണ്. പിന്നെ നിങ്ങള്‍ക്കെങ്ങനെ അറിയാം. നിങ്ങള്‍ നരകത്തിലാണെന്?
അയാള്‍ പറഞ്ഞു: ”എന്റെ അവസ്ഥ ചോദിക്കാതിരിക്കുന്നതാണ് നല്ലത്. അത്രയും ഹതഭാഗ്യവാനാണ് ഞാന്‍. അമീറുല്‍ മുഅ്മിനീന്‍ ഉസ്മാന്‍(റ)വിനെ വധിക്കാനായി വാളുമായി ഉസ്മാന്‍(റ)വിന്റെ അടുത്തെത്തിയ എന്നെ അവുടെ ഭാര്യ തടഞ്ഞപ്പോള്‍ ഞാന്‍ അവളെ തള്ളിമാറ്റുകയും ശക്തമായി പ്രഹരിക്കുകയും ചെയ്തു. ഈ രംഗം കണ്ട് ഉസ്മാന്‍(റ) ഇങ്ങനെ പ്രാര്‍ത്ഥിച്ചു: ”അല്ലാഹു നിന്റെ കൈകളും കൈലുകളും ഛേദിച്ച് കളയുകയും നിന്നെ അന്ധനാക്കുകയും നരക ശിക്ഷക്കിരയാക്കുകുയം ചെയ്യട്ടെ. ”
ഇത് കേട്ട് ഞാന്‍ അമ്പരന്ന് ഭയപ്പെട്ട് അവിടന്ന് ഇറങ്ങിപ്പോയി. അമീറുല്‍ മുഅ്മിനീനിന്റെ നാല് ദുആകളില്‍ മൂന്നും സംഭവിച്ചു. ഇനി ഒന്ന്കൂടി സംഭവിക്കുമെന്ന് ഞാന്‍ ഉറപ്പിക്കുന്നു. അതാണ് എന്നെ കരയിപ്പിക്കുന്നത്.
അല്ലാഹുവിന്റെ പ്രവാചകന്‍ ഇഷ്ടപ്പെട്ട ഉസ്മാന്‍(റ) നെ ഉപദ്രവിച്ചവരെ പടച്ചവന്‍ ശിക്ഷിക്കുമെന്ന് വ്യക്തമാണ്. മാത്രവുമല്ല, പ്രവാചകര്‍ ഇഷ്ടപ്പെട്ടവരെയും ഇഷ്ടപ്പെട്ട വസ്തുക്കളെയും നാം നശിപ്പിക്കുവാനോ നിഗ്രഹിക്കുവാനോ പാടില്ല. അത് അല്ലാഹുവിന്റെ കോപം ക്ഷണിച്ചുവരുത്തലാവും. പ്രവാചകര്‍ ഇഷ്ടപ്പെട്ട കാര്യങ്ങള്‍ അല്ലാഹുവിന്റെ ബഹുമാനത്തിന് അര്‍ഹമാണ്.അല്ലാഹു ബഹുമാനിച്ചതിനെ ബഹുമാനിക്കല്‍ നമുക്ക് നിര്‍ബന്ധമാണ്. നാം നമ്മുടെ കടമകള്‍ നിര്‍വഹിച്ചിട്ടല്ലായെങ്കില്‍ നാളെ വിധിനിര്‍ണയ സമയത്ത് നാശമായിരിക്കുമുണ്ടാവുക. പടച്ചവന്‍ നമ്മെ കാത്തുരക്ഷിക്കുമാറാവട്ടെ.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter