യമാമയുടെ സുമാമ

ഹിജ്റ ആറാം വര്‍ഷം നബി (സ) തങ്ങള്‍ തന്റെ പ്രബോധന പ്രവര്‍ത്തനങ്ങളുടെ പരിധി  അല്പം കൂടെ വിശാലമാക്കാന്‍ ഉദ്ദേശിച്ചു,  അതിന്റെ ഭാഗമായി അറബികളും അനറബികളുമായ എട്ടോളം വരുന്ന നാട്ടുരാജാക്കന്മാര്‍ക്ക് കത്തെഴുതുകയും പ്രബോധകരെ നേരിട്ട് പറഞ്ഞയക്കുകയും ചെയ്തു. പ്രവാചകര്‍ കത്തയച്ച രാജാക്കന്മാരില്‍ പ്രധാനിയായിരുന്നു ബനൂഹനീഫ ഗോത്രക്കാരനായ സുമാമത് ബിനുഉസാല്‍. ജാഹിലിയ്യ കാലഘട്ടത്തിലെ യമാമയിലെ സുസമ്മതനയ നാട്ടുരാജാവും  ബനൂഫനീഫ ഗോത്രത്തിന്റെ അനിഷേധ്യ നേതാവുമായിരുന്നു അദ്ദേഹം.

പ്രവാചകരുടെ കത്ത് വന്നെങ്കിലും വളരെ പുച്ഛത്തോടെയാണ് സുമാമ അത്‌ സ്വീകരിച്ചത്, അതൊന്ന് വായിച്ചുനോക്കാന്‍ പോലും അദ്ദേഹം ശ്രമിച്ചില്ല. അധികാരവും അവജ്ഞയും അദ്ധേഹത്തെ ബാധിരനാക്കി മാറ്റിയിരുന്നു. മാത്രമല്ല പ്രവാചകരെയും അവരുടെ ആശയാദര്‍ശങ്ങളെയും എന്ത് വിലകൊടുത്തും ഇല്ലാതാക്കാനും അദ്ദേഹം തീരുമാനിച്ചു. അതിന്റെ ഭാഗമായി പ്രവാചകരെ വകവരുത്താന്‍ നല്ലൊരു അവസരം കൈവന്നുവെങ്കിലും തന്റെ ബന്ധുക്കളില്‍പെട്ട ചിലരുടെ സന്ദര്‍ഭോചിത ഇടപെടല്‍ കാരണം അത് നടക്കാതെ പോയെന്നാണ് അദ്ദേഹം സ്വയം വിശ്വസിക്കുന്നത്. പ്രവാചകരുടെ അനുയായികള്‍ക്കെതിരെയുള്ള തന്റെ പീഢനമുറകള്‍ അദ്ദേഹം നിരന്തരം തുടര്‍ന്നുകൊണ്ടേയിരുന്നു, പല സ്വഹാബികളെയും വളരെ മൃഗീയമായി അദ്ദേഹം വധിച്ചു കളഞ്ഞു, സഹിക്ക വയ്യാതായതോടെ സുമാമയെയും എവിടെ വെച്ച് കണ്ടാലും വധിച്ചു കളയണമെന്ന് പ്രവാചകര്‍(സ) തന്റെ അനുയായികള്‍ക്ക് നിര്‍ദ്ദേശം നല്‍കി.

ഏറെ താമസിയാതെ തന്നെ സുമാമ യമാമയില്‍നിന്ന് മക്കയിലേക്ക് പുറപ്പെട്ടു. ഉംറ നിര്‍വ്വഹിച്ച് ബിംബങ്ങള്‍ക്ക് വേണ്ടി ബലിയര്‍പ്പണം നടത്തുക എന്നതായിരുന്നു അദ്ദേഹത്തിന്റെ യാത്രാ  ലക്ഷ്യം. ദുര്‍ഘടമായ വഴിയിലൂടെ യാത്ര തുടര്‍ന്ന് രാത്രിയോടെ അദ്ദേഹം മദീനയുടെ പ്രാന്തഭാഗത്ത് എത്തിച്ചേര്‍ന്നു. മദീനക്ക് പുറത്തുനിന്നു വരുന്ന ശത്രുക്കളെ പിടികൂടാനായി പ്രവാചകര്‍ നിയോഗിച്ച രഹസ്യാന്വേഷണ വിഭാഗം പട്ടണത്തിനു ചുറ്റും റോന്തു ചുറ്റുന്നുണ്ടായിരുന്നു. ഇരുട്ടിന്റെ മറവില്‍ പാത്തും പതുങ്ങിയും നില്കുന്ന ഒരാള്‍ അവരുടെ ശ്രദ്ധയില്‍ പെട്ടു. ഉടനെ അയാളെ പിടികൂടി നേരെ മദീനയിലെ പള്ളിയിലേക്ക് കൊണ്ടുപോയി. പ്രവാചകര്‍ പള്ളിയിലേക്ക് വരുമ്പോള്‍ കാണാനും അയാളുടെ കാര്യത്തില്‍ പെട്ടെന്നൊരു തീരുമാനമുണ്ടാക്കാനുമായി അവര്‍ അദ്ദേഹത്തെ പള്ളിയുടെ ഒരു തൂണില്‍ ബന്ധിച്ചു. പ്രഭാത നിസ്കാരത്തിനു വേണ്ടി  പള്ളിയിലെത്തിയ പ്രവാചകര്‍ കണ്ടത് തൂണില്‍ ബന്ധിക്കപ്പെട്ട സുമാമയെയാണ്.

നിങ്ങള്‍ക്കറിയുമോ ആരാണ് ഈ ബന്ധിക്കപ്പെട്ടിരിക്കുന്നതെന്ന്? പ്രവാചകര്‍ അനുയായികളോട് ചോദിച്ചു.

ഇല്ല ഞങ്ങള്‍ക്കറിയില്ല അല്ലാഹുവിന്റെ പ്രവാചകരേ, അവര്‍ പ്രതിവചിച്ചു.

ബനൂഹനീഫ ഗോത്രത്തിന്റെ നേതാവായ സുമാമയാണ് ഇത്. ഇദ്ദേഹത്തോട് നിങ്ങള്‍ വളരെ മാന്യമായി പെരുമാറുകയും വേണ്ടതല്ലം ചെയ്തു കൊടുക്കുകയും വേണം. അങ്ങനെ നിസ്കാര ശേഷം വീട്ടിലെത്തിയ ഉടനെ പ്രവാചകര്‍ വീട്ടുകാരോട് ആദ്യം ആവശ്യപ്പെട്ടത് നിങ്ങളുടെ അടുത്തുള്ള ഭക്ഷണമെല്ലാം എടുത്ത് പള്ളിയുടെ തൂണില്‍ ബന്ധിക്കപ്പെട്ട  സുമാമക്ക് എത്തിക്കാനായിരുന്നു. ശേഷം എന്നും രാവിലെയും വൈകുന്നേരവും അദ്ദേഹത്തിന് ഒട്ടകത്തിന്‍റെ പാല് നല്‍കാനും അവിടുന്ന് ഏര്‍പ്പാട് ചെയ്തു. ഇതല്ലാം സംഭവിച്ചത്  പ്രവാചകര്‍  സുമാമയോട് സംസാരിക്കുന്നതിന് മുമ്പായിരുന്നു.

ശേഷം പ്രവാചകര്‍ സുമാമയുടെ അടുത്ത് വന്നു ചോദിച്ചു, എന്തൊക്കെയുണ്ട് വിശേഷം?

സുഖമായി പോകുന്നു, അദ്ദേഹം തുടര്‍ന്നു, എന്നെ വധിച്ചു കളയാനാണ് നിങ്ങളുടെ ഉദ്ദേശ്യമെങ്കില്‍ നിങ്ങള്‍ക്ക് അത് ചെയ്യാം, കാരണം തീര്‍ച്ചയായും ഞാനത് അര്‍ഹിക്കുന്നുണ്ട്. മാപ്പ് നല്കാനാണ് ഭാവമെങ്കില്‍ ഞാനെന്നും നിങ്ങളോട് നന്ദിയുള്ളവനായിരിക്കുംഅതല്ല സമ്പത്താണ്‌ നിങ്ങള്‍ ആഗ്രഹിക്കുന്നെങ്കില്‍ നിങ്ങള്‍ ഉദ്ദേശിക്കുന്നത്ര സമ്പത്ത് നല്കാനും ഞാന്‍ തയ്യാറാണ്.

ഇത് കേട്ട പ്രവാചകര്‍ ഒന്നും പ്രതികരിക്കാതെ അവിടെ നിന്നും സ്ഥലം വിട്ടു. വീണ്ടും രണ്ടു ദിവസം സുമാമ ബന്ധിതനായി തന്നെ പള്ളിയില്‍ ചെലവഴിചു. ഈ അവസരത്തിലും അദ്ദേഹത്തിന് വേണ്ട ഭക്ഷണ പാനീയങ്ങളും പാലുമെല്ലാം എത്തിച്ചു കൊടുക്കാന്‍ പ്രവാചകര്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. അടുത്ത ദിവസവും പ്രവാചകര്‍ വന്ന് വീണ്ടും ചോദിച്ചു, എന്തൊക്കെയുണ്ട് സുമാമാ വിശേഷം?

അദ്ദേഹം പറഞ്ഞു, സുഖം, മുമ്പ് പറഞ്ഞത് തന്നെയാണ് എനിക്ക് ഇപ്പോഴും പറയാനുള്ളത്. അദ്ദേഹം അതേ വാക്കുകള്‍ ആവര്‍ത്തിച്ചു.

പ്രവാചകര്‍ ഒന്നും പ്രതികരിക്കാതെ വീട്ടിലേക്ക് തിരിച്ചു. തൊട്ടടുത്ത ദിവസവും ഇതേ ചോദ്യം ആവര്‍ത്തിച്ചു. സുമാമയുടെ മറുപടിക്കും മാറ്റമുണ്ടായിരുന്നില്ല. ഇത് കേട്ട പ്രവാചകര്‍ അദ്ധേഹത്തെ അഴിച്ചുവിടാന്‍ അനുയായികളോട് നിര്‍ദ്ദേശിച്ചു.

സ്വതന്ത്രനായ സുമാമ നേരെ പോയത് മദീന പള്ളിയുടെ തൊട്ടടുത്തുള്ള ഈത്തപ്പനത്തോട്ടത്തിലെ അരുവിയിലേക്കായിരുന്നു. കുളിച്ചു വൃത്തിയായ അദ്ദേഹം പള്ളിയിലേക്ക് തന്നെ തിരിച്ചുചെന്നു. അവിടെ ഇരിക്കുകയായിരുന്ന ഒരു പറ്റം സ്വഹാബാക്കളുടെ സന്നിധിയിലെത്തി സത്യസാക്ഷ്യം ഉരുവിട്ട് അദ്ദേഹം ഇസ്‌ലാം സ്വീകരിച്ചു. ശേഷം പ്രവാചകരുടെ സന്നിധിയിലെത്തി അദ്ദേഹം ഇങ്ങനെ പറഞ്ഞു,

മുഹമ്മദേ, അല്ലാഹുവിനെ തന്നെയാണ് സത്യം,  ഇന്നലെ വരെ, ഞാന്‍ ലോകത്ത് വെച്ചേറ്റവും വെറുക്കുന്ന മുഖം അങ്ങയുടേതായിരുന്നുഇപ്പോഴിതാ അങ്ങയുടെ മുഖമാണ് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത്അതുപോലെ അങ്ങയുടെ മതമായിരുന്നു എനിക്ക് ഏറ്റവും വെറുപ്പുള്ള മതം, ഇപ്പോഴിതാ മറ്റു മതങ്ങളില്‍ വെച്ച് ഏറ്റവും ഇഷ്ടപ്പെട്ട മതം ഇസ്‌ലാമാണ്അങ്ങ് താമസിക്കുന്ന മദീന നഗരത്തോടായിരുന്നു എനിക്ക് ഏറ്റവും കൂടുതല്‍ വിദ്വേഷമുണ്ടായിരുന്നത്‌ഇന്ന് മുതല്‍ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട നഗരം മദീനയാണ്.

അദ്ദേഹം തുടര്‍ന്നു, അല്ലാഹുവിന്റെ റസൂലേ, അങ്ങയുടെ അനുയായികളില്‍പെട്ട പലരെയും ഞാന്‍ നിഷ്ഠൂരമായി വധിച്ചുകളഞ്ഞിട്ടുണ്ട്അതിനു പകരമായി എന്തോണോ അങ്ങ് ശിക്ഷ കല്പിക്കുന്നത്അത് എന്തായാലും എറ്റുവാങ്ങാന്‍ ഞാന്‍ തയ്യാറാണ്.

ഉടനെ പ്രവാചകര്‍ പ്രതികരിച്ചു, അതൊന്നും പ്രശ്നമാക്കേണ്ട സുമാമ, അല്ലാഹു താങ്കളെ സന്മാര്‍ഗ്ഗം നല്കി അനുഗ്രഹിച്ചിരിക്കുന്നു, മുമ്പ് ചെയ്തുപോയെ എല്ലാ പാപങ്ങളെയും തീര്‍ച്ചയായും ഇസ്‌ലാം മായ്ച്ചുകളയും.

അത് കേട്ട സുമായുടെ സന്തോഷത്തിന് അതിരില്ലായിരുന്നു. അദ്ദേഹം പ്രഖ്യാപിച്ചു, അല്ലാഹുവിനെ തന്നെയാണ് സത്യംമുമ്പ് അങ്ങയുടെ ധാരാളം അനുയായികളെ വധിച്ചതിനു പകരമായി, ഇനി മുതല്‍ ഞാന്‍ അവരുടെ സംരക്ഷണത്തിനായി ജീവിതം ഉഴിഞ്ഞുവെക്കും. അവരെ അക്രമിക്കുന്നവരെയായിരിക്കും ഇനി എന്‍റെ വാള്‍ നേരിടുക. ഇതാ എന്‍റെ ആത്മാവും ശരീരവും ഈ കാണുന്ന വാളും ഞാന്‍ വിശുദ്ധ ഇസ്‌ലാമിന് വേണ്ടി സമര്പ്പിച്ചു കഴിഞ്ഞിരിക്കുന്നു. അല്ലാഹുവിന്റെ റസൂലേഎനിക്ക് മക്കയില്‍ പോയി ഉംറ ചെയ്യണം.

പ്രവാചകര്‍ പറഞ്ഞു, അല്ലാഹുവും അവന്റെ റസൂലും കല്പിക്കുന്ന  രൂപത്തില്‍ നിങ്ങള്‍ ഉംറ ചെയ്യുക, ശേഷം ഉംറ ചെയ്യേണ്ട രൂപം പ്രവാചകര്‍ അദ്ദേഹത്തെ പഠിപ്പിച്ചു. വളരെ സന്തോഷത്തോടെ, അതിലേറെ  ധൈര്യത്തോടെ സുമാമ മക്കയിലേക്ക് പുറപ്പെട്ടു.

ഉംറ നിര്‍വഹിക്കുകയാണ് ലക്ഷ്യം. മണല്‍ കാടുകള്‍ താണ്ടി ദിവസങ്ങള്‍ക്ക് ശേഷം സുമാമ മക്കയിലെത്തി. പുതുതായി ലഭിച്ച വിശ്വാസത്തിന്‍റെ വെളിച്ചത്തില്‍ യാത്രാക്ഷീണമൊന്നും സുമാമയെ ബാധിച്ചതേയില്ല. ഇഹ്റാമിന്‍റെ വസ്ത്രവും ധരിച്ച് അത്യുച്ചത്തില്‍ തല്‍ബിയതും ചൊല്ലിയാണ് സുമാമ യാത്ര തുടര്‍ന്നത്. ലബ്ബൈകല്ലാഹുമ്മ ലബ്ബൈക്…. ലബ്ബൈക ലാ ശരീക ലക  ലബ്ബൈക്, ഇന്നല്‍ ഹംദ വന്നിഅ്മത ലക വല്‍ മുല്‍ക്…. ലാ ശരീക ലക്…

വിശ്വാസം മനസ്സില്‍ അലയൊലികള്‍ തീര്‍ത്ത സുമാമക്കിനി ആരെയും പേടിക്കാനില്ലായിരുന്നു. തല്‍ബിയതിന്റെ ശബ്ദം കേട്ട പാടെ ഖുറൈശികള്‍ നാലു ഭാഗത്തുനിന്നും ഒടിക്കൂടി, ഇത്ര ഉച്ചത്തില്‍ തല്ബിയത് ചൊല്ലി മക്കയിലേക്ക് പ്രവേശിക്കാന്‍ ആരാണ് ധൈര്യപെട്ടിരിക്കുന്നത്? വളരെ ദേഷ്യത്തോടെ എല്ലാവരും ചുറ്റും നോക്കി, ഊരിപ്പിടിച്ച വാളുമായി എല്ലാവരും ശബ്ദത്തിന്റെ ഭാഗത്തേക്ക്‌ ഓടി അടുത്തു, അപ്പോഴതാ, ദൂരെ നിന്ന് ഒരു വാഹനം നടന്നുവരുന്നു… ആ ശബ്ദം അടുത്തടുത്ത് വരികയാണ്… അടുത്തെത്തിയതോടെ എല്ലാവരും ഓടി ക്കൂടി അദ്ധേഹത്തിന് ചുറ്റും വലയം തീര്‍ത്തു. ആദ്യമായി ഉച്ചത്തില്‍ ഇസ്‌ലാമിന്റെ  തല്ബിയത് ചൊല്ലി മക്കയിലേക്ക് വന്നത് സുമാമയയിരുന്നു ഇന്നും ചരിത്രം ഉള്‍പ്പുളകത്തോടെ ഓര്‍ത്തുവെക്കുന്നു.

ചുറ്റും കൂടിയവരെ കണ്ട് സുമാമ പതറിയില്ല, അദ്ദേഹം ഒന്നും കൂടി ശബ്ദമുയര്‍ത്തി, പ്രകോപിതനായ ഖുറൈഷി ചെറുപ്പക്കാരന്‍ അമ്പ്‌ പുറത്തെടുത്തു, പക്ഷേ, അവരില്‍പെട്ട ഒരു കാരണവര്‍ അയാളെ തടഞ്ഞുകൊണ്ട് ഇങ്ങനെ പറഞ്ഞു, ഇയാള്‍ ആരാണെന്ന് നിങ്ങള്‍ക്കറിയമോയമാമയുടെ രാജാവായ സുമാമത് ബിന്‍ ഉസാല്‍ ആണ് ഈ നില്കുന്നത്,  ഇദ്ദേഹത്തോട് നിങ്ങള്‍ മാന്യമായി പെരുമാറുകഅദ്ദേഹത്തിന് വല്ലതും സംഭവിച്ചാല്‍,  യമാമയില്‍ നിന്നും മക്കയിലേക്ക് വരുന്ന മുഴുവന്‍ ഭക്ഷ്യ സാധനങ്ങളും നമുക്ക് തടയപ്പെടുംഅങ്ങനെ വന്നാല്‍ നാം മക്കക്കാര്‍ പട്ടിണി മൂലം മരിക്കേണ്ടിവരുംഅതുകൊണ്ട് വിവേകത്തോടെ കാര്യങ്ങളെ സമീപിക്കുന്നതാണ് നല്ലത്.

കേട്ടപാടെ ഊരിയ വാളുകള്‍ ഉറയിലേക്ക് തന്നെ പിന്‍വലിഞ്ഞു. വളരെ ശാന്തരായി അവര്‍ അദ്ദേഹത്തോട് കുശലാന്വേഷണം നടത്തിയ ശേഷം ചോദിച്ചു, സുമാമാ, താങ്കള്‍ക്ക് എന്താണ് സംഭവിച്ചത്നമ്മുടെയും പിതാമഹന്മാരുടെയും മതമല്ലേ നിങ്ങള്‍ ഉപേക്ഷിച്ചിരിക്കുന്നത്?

സുമാമയുടെ മറുപടി ഇതായിരുന്നു, എനിക്ക് തെറ്റ് പറ്റിയിട്ടില്ലലോകത്ത് വെച്ചേറ്റവും ഉത്തമമായ മതമാണ്‌ ഞാന്‍ സ്വീകരിച്ചിരിക്കുന്നത്, ഇസ്‌ലാം ആണ് ഇനിമുതല്‍ എന്‍റെ മതം.

അദ്ദേഹം ധൈര്യസമേതം തുടര്‍ന്നു, ഈ വിശുദ്ധ കഅ്ബയുടെ രക്ഷിതാവിനെ തന്നയാണ് സത്യംയമാമയിലെക്ക് ഞാന്‍ തിരിച്ചെത്തിയാല്‍ നിങ്ങളില്‍പെട്ട അവസാനവ്യക്തിയും മുഹമ്മദിനെ പിന്‍പറ്റുന്നതുവരെ യമാമയില്‍നിന്നും ഒരു ഗോതമ്പ് മണി പോലും മക്കയിലേക്കെത്തുകയില്ല.

ഇത് കേട്ട് ഒന്നും പ്രതികരിക്കാനാവാതെ നിസ്സഹാരായി മുഖത്തോട് മുഖം നോക്കി നില്‍ക്കാനേ അവര്‍ക്ക് കഴിഞ്ഞുള്ളൂ. അവസാനം പ്രവാചകര്‍ നിര്‍ദ്ദേശിച്ചത് പോലെ ഖുറൈശികളുടെ സാന്നിധ്യത്തില്‍ അദ്ദേഹം ഉംറ നിര്‍വഹിക്കുകയും അല്ലാഹുവിന് വേണ്ടി ബാലിയര്‍പ്പണം നടത്തുകയും ചെയ്തു സുരക്ഷനായി മടങ്ങി.

ഉംറ കഴിഞ്ഞ് സുമാമ നാട്ടിലേക്ക് തിരിച്ചു, അവിടെയത്തിയ പാടെ എല്ലാവര്‍ക്കും ഇസ്‌ലാമിനെ പരിചയപ്പെടുത്തി, മക്കയിലേക് ഭക്ഷ്യ സാധനങ്ങള്‍ ഒന്നുംതന്നെ കയറ്റി അയക്കരുതെന്ന് തന്റെ അനുയായികള്‍ക്ക് നിര്‍ദ്ദേശം നല്‍കി. രാജാവിന്റെ നിര്‍ദ്ദേശം യമാമക്കാര്‍ ശിരസാവഹിച്ചു, ഭക്ഷ്യ സാധനങ്ങള്‍ ഒന്നും തന്നെ മക്കയിലേക്ക് എത്തിയില്ല, മക്കക്കാര്‍ക്കെതിരെ സുമാമ ഏര്‍പ്പെടുത്തിയ ഉപരോധം അവരെ സാരമായി ബാധിച്ചു. അവശ്യ വസ്തുക്കളുടെ വില കുതിച്ചുയര്‍ന്നു, മക്കയില്‍ പട്ടിണിയും ദാരിദ്ര്യവും സാര്‍വത്രികമായി, വിശപ്പടക്കാന്‍ കഴിയാതെ സ്ത്രീകളും കുട്ടികളും ദുരിതമാനുഭവിക്കാന്‍ തുടങ്ങി.

സഹിക്ക വയ്യാതായപ്പോള്‍ മക്കക്കാര്‍ പ്രവാചകര്‍ക്ക് കത്തെഴുതി, അല്ലയോ മുഹമ്മദ്‌നീ ഞങ്ങളുമായി ഉണ്ടാക്കിയ കരാര്‍ മുറിച്ചു കളഞ്ഞിരിക്കുന്നുകുടുംബബന്ധം ചേര്‍ക്കുകയും പാവപ്പെട്ടവരെ ഭക്ഷിപ്പിക്കുകയും ചെയ്യണമെന്നാണ് നീ ഞങ്ങളോട് ഉപദേശിച്ചിരുന്നത്ഇപ്പോഴിതാ നീ ഞങ്ങളുടെ ആളുകളെ വാള് കൊണ്ട് വധിച്ചു കളയുകയും കുഞ്ഞുങ്ങളെ പട്ടിണി മൂലം ഇല്ലായ്മ ചെയ്യുകയും ചെയ്യുന്നു. യമാമയില്‍ നിന്ന് ഭക്ഷ്യവസ്തുക്കളൊന്നും തന്നെ മക്കയിലേക്ക് എത്തുന്നില്ല, സുമാമ എല്ലാം നിര്‍ത്തലാക്കിയിരിക്കുന്നുനിനക്ക് സാധ്യമെങ്കില്‍,  ഉചിതമായ നടപടികള്‍ സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ഉടനെ പ്രവാചകര്‍ (സ) സുമാമക്ക് കത്തെഴുതി, ഭക്ഷ്യ സാധനങ്ങളും മറ്റു അവശ്യവസ്തുക്കളും ഒന്നും തന്നെ തടഞ്ഞുവെക്കരുത്, ആവശ്യമുള്ളത് മുഴുവനും മക്കക്കാര്‍ക്ക് എത്തിച്ചുകൊടുക്കണം.  കത്ത് കിട്ടിയ പാടെ, പ്രവാചകരുടെ നിര്‍ദ്ദേശം മാനിച്ച് സുമാമ ഉപരോധം നിര്‍ത്തലാക്കി. പ്രവാചകര്‍ വഫാതായപ്പോള്‍ ചിലയാളുകള്‍ ഒറ്റക്കും കൂട്ടമായും ഇസ്‌ലാമില്‍നിന്ന് പുറത്തു പോകാന്‍ തുടങ്ങി, അതോടപ്പം ബനൂഹനീഫ ഗോത്രത്തില്‍ പ്രവാചകത്വം വാദിച്ചുകൊണ്ട്‌ രംഗപ്രവേശം ചെയ്തിരുന്ന മുസൈലിമ ശക്തി പ്രാപിക്കുകയും ചെയ്തു. ആ സങ്കീര്‍ണ്ണ ഘട്ടങ്ങളില്‍ അവരെയെല്ലാം വളരെ പക്വതയോടെ നേരിടാന്‍ മുന്‍പന്തിയില്‍ സുമാമയുമുണ്ടായിരുന്നു.

അദ്ദേഹം ബനൂഹനീഫ ഗോത്രക്കാരെ വിളിച്ചുകൂട്ടി ഇപ്രകാരം ഉപദേശിച്ചു, അല്ലയോ സമൂഹമേ, നിങ്ങള്‍ മുസൈലിമയെ സൂക്ഷിക്കുക, അല്ലാഹു തന്നെയാണ് സത്യം, ഇവനെ പിന്‍പറ്റുന്നവര്‍ക്ക് പരാജയവും പിന്‍പറ്റാത്തവര്‍ക്ക് അവന്‍ ഒരു പരീക്ഷണവുമാണ്. ബനൂ ഹനീഫ ഗോത്രമേ, ഒരേ സമയത്ത് രണ്ടു പ്രവാചകര്‍ ഒരുമിച്ചു കൂടുകയില്ല. തീര്‍ച്ചയായും മുഹമ്മദ്‌ അല്ലാഹുവിന്റെ അവസാനത്തെ  പ്രവചകരാണ്. ഇനി ഒരു പ്രവാചകനും ഭൂമിലോകത്തു വരാനില്ല, ശേഷം വിശുദ്ധ ഖുര്‍ആനിലെ ഒന്ന് രണ്ട് ആയതുകളും അദ്ദേഹം അവരെ ഓതിക്കേള്‍പ്പിച്ചു. തുടര്‍ന്ന് പറഞ്ഞു, അല്ലാഹുവിന്റെ വാക്യങ്ങളും ഇവന്റെ സംസാരങ്ങളും തമ്മിലുള്ള അന്തരം നിങ്ങള്‍ ശ്രദ്ദിക്കുന്നില്ലേ? ഇവന്‍ കള്ളപ്രവാചകനാണ്‌ എന്നതിനുള്ള തെളിവ് ഇത് തന്നെയാണ്. ഇത്തരം പക്വതയുള്ള സംസാരത്തിലൂടെ ആ സമൂഹത്തിലെ വളരെയേറെ പേരെ വിശ്വാസത്തില്‍ ഉറപ്പിച്ചുനിര്‍ത്താന്‍ അദ്ദേഹത്തിനായി.

സത്യം വ്യക്തമായിട്ടും അത് കേള്‍ക്കാന്‍ നില്‍ക്കാതെ വീണ്ടും മുസൈലിമക്കൊപ്പം പോയവരെ അദ്ദേഹത്തിന് സഹിക്കാനായില്ല. തുടര്ന്നുള്ള തന്റെ  ജീവിതം അത്തരക്കാര്‍ക്കെതിരെയുള്ള ധര്‍മ്മസമരത്തിനായി അദ്ദേഹം ഒഴിഞ്ഞുവെച്ചു.

സുമാമക്കൊപ്പം നമ്മെയും അല്ലാഹു സ്വര്‍ഗ്ഗം നല്‍കി അനുഗ്രഹിക്കുമാറാവട്ടെ… ആമീന്‍

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter