ബിലാല്‍ ബിന്‍ റബാഹ് (റ)
ഉമയ്യത്ത് ബിന്‍ ഖലഫിന്റെ അടിമയായിരുന്നു ബിലാല്‍. അദ്ദേഹത്തിന്റെ വീട്ടില്‍ അടിമവൃത്തി ചെയ്തുകൊണ്ടിരിക്കുന്നതിനിടെ സമത്വത്തിന്റെയും സമഭാവനയുടെയും സന്ദേശവുമായി ഒരു പ്രവാചകന്‍ പ്രത്യക്ഷപ്പെട്ട വിവരം അദ്ദേഹം അറിഞ്ഞു. മുഹമ്മദിനെ അനുകൂലിച്ചും പ്രതികൂലിച്ചും സംസാരിക്കുന്നതായി മക്കയിലെ പൗരപ്രമുഖരെ അദ്ദേഹം പല തവണ കേള്‍ക്കാനിടയായി. മനുഷ്യത്വരഹിതമായ ക്രൂരതകളില്‍നിന്നും അദ്ദേഹം ഒരു മുക്തി ആഗ്രഹിച്ചുകൊണ്ടിരുന്ന സമയമായിരുന്നു ഇത്. ആ പ്രവാചകനെ സമീപിക്കാനും അടുത്തറിയാനും അദ്ദേഹം ഉദ്ദേശിച്ചു. ഒരുവേള ആരുമറിയാതെ അവരെ സമീപിക്കുകയും മുസ്‌ലിമാവുകയുമുണ്ടായി. വിവരം ഉമയ്യത്ത് മണത്തറിഞ്ഞു. പിന്നീട് ബിലാലിന് പീഢനത്തിന്റെ നാളുകളായിരുന്നു. മുഹമ്മദിനെ അവിശ്വസിക്കാനും ഇസ്‌ലാമിനെ കൈവെടിയാനും അയാള്‍ ബിലാലിനെ നിര്‍ബന്ധിച്ചു. പക്ഷെ, അദ്ദേഹമതിന് കൂട്ടാക്കിയില്ല. സത്യസന്ദേശം ആ വെളുത്ത മനസ്സില്‍ സ്ഥിരപ്രതിഷ്ഠ നേടിക്കഴിഞ്ഞിരുന്നു. ഉമയ്യത്ത് നിര്‍ത്തിയില്ല. പീഢനത്തിന്റെ സര്‍വ്വ മുറകളും പരീക്ഷിച്ചു. ചുട്ടുപഴുത്ത മണലാരണ്യത്തില്‍ ബിലാലിനെ നഗ്നനാക്കി കിടത്തി വലിച്ചു. നെഞ്ചില്‍ പാറക്കല്ല് കയറ്റിവെച്ചു. വേദനയില്‍ പുളയുമ്പോഴും ബിലാലിന്റെ ഉള്‍ക്കരുത്തിന് മങ്ങലേറ്റില്ല. തൗഹീദിന്റെ അമരധ്വനികള്‍ ആ അധരങ്ങളില്‍നിന്നും ഉയര്‍ന്നുകേട്ടു. ഇത് നിത്യകാഴ്ചയായിരുന്നു. ഓരോ ഉച്ചകളിലും മരുഭൂമി ചൂടുപിടിച്ചാല്‍ ഇതാവര്‍ത്തിച്ചു. ഇതില്‍നിന്നുമുള്ള പരിപൂര്‍ണ മുക്തി അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം മരീചികയായിരുന്നു.
ആയിടെ ഒരിക്കല്‍ ഉമയ്യത്തും പരിവാരങ്ങളും ബിലാലിനെ മര്‍ദ്ധിക്കുന്നത് സിദ്ദീഖ് (റ) കാണാനിടയായി. അല്ലാഹുവില്‍ വിശ്വസിച്ചതിന്റെ പേരിലാണല്ലോ ഇതെന്നോര്‍ത്തപ്പോള്‍ അദ്ദേഹത്തിന് കനിവ് തോന്നി. താമസിയാതെ ഉമയ്യത്തിനെ സമീപിക്കുകയും ബിലാലിനെ വിലക്കു വാങ്ങാന്‍ തയ്യാറാവുകയും ചെയ്തു. ആവശ്യത്തിലധികം സ്വര്‍ണ നാണയങ്ങള്‍ നല്‍കി അദ്ദേഹത്തെ കൈപറ്റുകയും സ്വതന്ത്രമാക്കുകയും ചെയ്തു. ബിലാലിന് സമാധാനമായി. ശേഷം, ഇരുവരും പ്രവാചക സവിധത്തില്‍ ചെന്ന് വിവരം പറഞ്ഞു. പ്രസന്നവദനനായ പ്രവാചകന്‍ ബിലാലിനെ ഹാര്‍ദ്ദവമായി സ്വീകരിച്ചു. വര്‍ഗവും വര്‍ണവും സ്ഥാനത്തിന്റെ മാനദണ്ഡമല്ലാത്ത ഇസ്‌ലാമില്‍ ആത്മീയതയുടെ സമുന്നത പദവികള്‍ നല്‍കി ആദരിച്ചു. ബിലാല്‍ (റ) വിനെ സംബന്ധിച്ചിടത്തോളം രണ്ടാം ജന്മത്തിന് സമാനമായിരുന്നു ഇത്.
മദീനാപലായനത്തിനു ശേഷം ബിലാല്‍ (റ) ഇസ്‌ലാമിലെ പ്രഥമ മുഅദ്ദിനായി നിശ്ചയിക്കപ്പെട്ടു. കൃത്യസമയങ്ങളില്‍ നിസ്‌കാരത്തിനായി ആളുകളെ പള്ളിയിലേക്ക് ക്ഷണിക്കാനുള്ള ഒരു സംവിധാനത്തെക്കുറിച്ച് ചിന്തിച്ചുകൊണ്ടിരിക്കെ ചില സ്വഹാബികള്‍ക്ക് ബാങ്കിന്റെ വചനങ്ങള്‍ സ്വപ്നത്തിലൂടെ അറിയിക്കപ്പെടുകയായിരുന്നു. അവര്‍ പ്രവാചകരുമായി ഇത് പങ്കുവെക്കുകയും പ്രവാചകനത് സ്വീകരിക്കുകയും ചെയ്തു. ശേഷം, പ്രവാചകര്‍തന്നെ മസ്ജിദുന്നബവിയുടെ മുകളില്‍ കയറി ജനങ്ങളെ നിസ്‌കാരത്തിലേക്ക് ക്ഷണിക്കാന്‍ ബിലാലിനെ ചുമതലപ്പെടുത്തുകയായിരുന്നു. മാനവികതയെ അംഗീകരിച്ച പ്രവാചകന്‍ ബിലാലിന് നല്‍കിയ ഏറ്റവും വലിയ അംഗീകാരമായിരുന്നു ഇത്. ശേഷം, ഉമര്‍ (റ) പോലും സയ്യിദുനാ ബിലാല്‍ എന്നാണ് അഭിസംബോധന ചെയ്തിരുന്നത്.
ശക്തമായ വിശ്വാസത്തിന്റെ ഉടമയായിരുന്ന ബിലാല്‍ (റ) മദീനയില്‍ പ്രവാചകരോടൊപ്പം എല്ലാ യുദ്ധങ്ങളിലും പങ്കെടുത്തു. ബദര്‍ യുദ്ധം അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം ഒരു വിജയാഘോഷത്തിന്റെ അനുഭവംകൂടിയായിരുന്നു. മക്കയില്‍ തന്നെ ക്രൂരമായി പീഢിപ്പിച്ച ഉമയ്യത്തിനെ അദ്ദേഹം ഇതില്‍ വകവരുത്തി. രണാങ്കണത്തില്‍ മലര്‍ത്തിയടിച്ചു.
വിനയാന്വിതനും ഭക്തനുമായിരുന്ന ബിലാല്‍ (റ) മദീനയില്‍ മുഅദ്ദിനും സത്യസന്ദേശത്തിന്റെ പ്രചാരകനുമായി കാലം കഴിച്ചു. ഒരു പ്രഭാതത്തില്‍ പ്രവാചകന്‍ അദ്ദേഹത്തോട് പറഞ്ഞു: ‘ബിലാല്‍, അങ്ങ് ഇസ്‌ലാമില്‍ ചെയ്ത ഏറ്റവും മഹത്തരമായ കര്‍മങ്ങള്‍ പറയുക. ഇന്നലെ രാത്രി സ്വര്‍ഗത്തില്‍നിന്നും താങ്കളുടെ ചെരുപ്പടി ശബ്ദം എനിക്ക് കേള്‍ക്കാന്‍ കഴിഞ്ഞു.’ സമ്പൂര്‍ണ ശുദ്ധിയോടെയുള്ള രാപ്പകലുകളിലെ നിസ്‌കാരംതന്നെയാണ് തന്റെ കൈമുതല്‍ എന്നായിരുന്നു ബിലാലിന്റെ പ്രതികരണം.
പ്രവാചകരുമായി അടുത്ത സ്‌നേഹബന്ധത്തിലായിരുന്ന ബിലാലിന് പ്രവാചകരുടെ വിയോഗാനന്തരം മദീനയില്‍ താമസിക്കാന്‍ സാധിക്കാതെ വന്നു. ഖലീഫ അബൂബക്ര്‍ (റ) നോട് സമ്മതം വാങ്ങിയ അദ്ദേഹം ശേഷം ശാമിലേക്ക് നീങ്ങുകയും മരണം വരെ അവിടെ താമസിക്കുകയുമായിരുന്നു.
Leave A Comment