ഖൗല ബിൻത് സഅലബ്: ഏഴാം ആകാശത്ത് നിന്ന് വെളിപാട് സമ്പാദിച്ച പെണ്ണ്
മദീനയിലെ ഒരു സാധാരണ പ്രഭാതം...
ഖലീഫ ഉമർ (റ) എന്തോ ആവശ്യത്തിന് പുറത്തിറങ്ങിയതാണ്. സന്തത സഹചാരികളായ കുറച്ചു പേരും കൂടെയുണ്ട്.
നടന്നു നീങ്ങുന്നതിനിടയിൽ ഒരു വയോധിക ആ വഴി വന്നു. ഖലീഫയെ തടഞ്ഞു നിർത്തി അവർ ഉപദേശിക്കാൻ തുടങ്ങി:
" കുഞ്ഞുനാളിലേ നിങ്ങളെ എനിക്കറിയാം. അന്ന് നിങ്ങൾ കൊച്ചു ഉമൈറായിരുന്നു. വർഷങ്ങൾ കഴിഞ്ഞു. നിങ്ങൾ വളർന്നു വലുതായി. കാലചക്രം പിന്നെയും മുന്നോട്ടു പോയപ്പോൾ, നിങ്ങൾ അമീറുൽ മുഅമിനീനായി.... ഏതായാലും, ഭരണീയരുടെ കാര്യത്തിൽ അല്ലാഹുവിനെ സൂക്ഷിക്കണം.വിചാരണയുണ്ടാകുമെന്നുറപ്പുള്ളവർ ദൈവശിക്ഷയെ ഭയന്നുകൊള്ളട്ടെ"
ഉമർ (റ) എല്ലാം സാകൂതം ശ്രദ്ധിച്ചുകൊണ്ടിരുന്നു.
കൂടെയുണ്ടായിരുന്നയാൾക്ക് ഇത് ഒട്ടും ദഹിച്ചില്ല. അയാൾ ആ വയോധികയോട് പറഞ്ഞു: " നിങ്ങൾ ഖലീഫയെ പിടിച്ചു നിർത്തി ഇങ്ങനെയൊക്കെ ഉപദേശിച്ചത് കുറച്ച് കടന്ന കൈയ്യായിപ്പോയി. അമീറുൽ മുഅമിനീനല്ലേ അദ്ദേഹം!"
ഇത് കേട്ട ഉമർ (റ) പറഞ്ഞു: അവരെ വിടൂ. അതാരാണെന്നറിയാമോ? ഏഴാകാശങ്ങൾക്കപ്പുറത്ത് നിന്ന് അല്ലാഹു ആ വാക്കുകൾ കേട്ടിട്ടുണ്ട്. പിന്നെ, ഉമർ എങ്ങനെ കേൾക്കാതിരിക്കും! അവർ എത്ര ദീർഘമായി സംസാരിച്ചാലും ഞാനത് കേട്ടിരിക്കും. "
Also Read:ഇമാം ബഗവി: ജീവിതവിശുദ്ധിയുടെ വെളിച്ചം പകര്‍ന്ന പണ്ഡിത കുലപതി
പ്രവാചകന്റെ കാലത്താണ് ആ സംഭവം നടക്കുന്നത്.
സ്വന്തം പിതൃവ്യ പുത്രനായ ഔസ് ബ്നു സ്വാമിത് ആയിരുന്നു ഖൗലയുടെ ഭർത്താവ്. വൃദ്ധനായ ഔസ് ഒരു മുൻകോപിയുമായിരുന്നു.
ഒരു ദിവസം ഔസ് വീട്ടിൽ കയറി വന്നു. ഖൗലയോട് എന്തോ ചോദിച്ചു. പക്ഷേ, ഖൗലയുടെ മറുപടി അദ്ദേഹത്തിന് ഒട്ടും പിടിച്ചില്ല. ദേഷ്യം കയറിയതോടെ പലതും പുലമ്പി. കൂട്ടത്തിൽ " ഇന്ന് മുതൽ നീ എനിക്ക് ഉമ്മയെപ്പോലെയാണ് " എന്നും പറഞ്ഞു.
എല്ലാം കഴിഞ്ഞ് ശാന്തമായപ്പോൾ ഔസ് ഖൗലയെ തന്റെ ഭാര്യയെപ്പോലെ സമീപിക്കാനൊരുങ്ങി. ഖൗല പറഞ്ഞു: ഏയ്! അത് പറ്റില്ല. നിങ്ങളെന്താണ് പറഞ്ഞത്? ഞാൻ ഉമ്മയെപ്പോലെയാണെന്നല്ലേ!
ഔസ് വീണ്ടും കടന്നുപിടിക്കാൻ ശ്രമിച്ചു. ഖൗല സമ്മതിച്ചില്ല.
അപ്പോഴാണ് ഔസ് കാര്യത്തിന്റെ ഗൗരവം മനസ്സിലാക്കുന്നത്. ജാഹിലിയ്യ നിയമ പ്രകാരം വിവാഹ ബന്ധം മുറിഞ്ഞുപോകുന്ന വാക്കാണല്ലോ ഞാൻ പറഞ്ഞു പോയത്. ഇസ്ലാമിലിതിന്റെ വിധിയെന്തെന്ന് അറിയില്ല. ആദ്യമായിട്ടായിരിക്കും ഇങ്ങനെയൊരു സംഭവം.
" ഖൗലാ... നീ പ്രവാചക സന്നിധിയിൽ പോയി വിശദീകരണം തേടിവരൂ. എന്താണതിന്റെ വിധിയെന്ന് ?"
ഖൗല തിരു സന്നിധിയിലെത്തി...
" നബിയേ... എന്റെ ഭർത്താവ് ഔസിനെ നിങ്ങൾക്കറിയാമല്ലോ. വാർദ്ധക്യം കാരണം ആകെ ക്ഷീണിച്ചുപോയ അയാൾ ഒരു മുൻ കോപിയുമാണല്ലോ. അയാളെന്നോട് ദേഷ്യപ്പെട്ടപ്പോൾ വളരെ ഗൗരവതരമായൊരു വാക്ക് പറഞ്ഞു. മേലിൽ നീ എന്റെ ഉമ്മയെപ്പോലെയാണെന്നാണ് പറഞ്ഞത്. ഇനി ഞങ്ങളുടെ ഭാവിയെന്താണ് നബിയേ. ഭാര്യ - ഭർത്താക്കന്മാരായി ജീവിക്കാനൊക്കുമോ?"
നബി തങ്ങൾ പറഞ്ഞു: "ഇനി മുതൽ ഔസിന് നിങ്ങൾ നിഷിദ്ധമായിരിക്കുമെന്നാണെനിക്ക് തോന്നുന്നത് ". ആകെ വിഷമിച്ചുപോയ ഖൗല ചോദ്യം പലവുരു ആവർത്തിച്ചു. പക്ഷേ, അതേ മറുപടിയായിരുന്നു തിരുമേനിക്ക്.
ഖൗല ഇരു കൈകളും അല്ലാഹുവിലേക്കുയർത്തി : "അല്ലാഹുവേ, ഞാനനുഭവിക്കുന്ന ദു:ഖം നിന്നെ പറഞ്ഞറിയിക്കേണ്ടതില്ലല്ലോ. നിന്റെ പ്രവാചകന്റെ നാവിലൂടെ ഇതിന് നല്ലൊരു പരിഹാരം നിർദേശിച്ചുകൊടുക്കണേ.... " ഖൗലയുടെ ശബ്ദമിടറി. കണ്ണീർ ചാലിട്ടൊഴുകി.
ആയിശ ബീവി (റ) പറയുന്നു: ഖൗലയെ കണ്ടിട്ട് ഞങ്ങളൊക്കെ കരഞ്ഞുപോയി. അവരുടെ കുഞ്ഞിന്റെ കാര്യം പറഞ്ഞ് കരയുന്നത് കേട്ട് ഞങ്ങളാകെ വിഷമത്തിലായി.
പെട്ടെന്നാണ് നബിയുടെ മുഖത്ത് അല്ലാഹുവിൽ നിന്ന് വഹ് യ് ഇറങ്ങിവരുന്നതിന്റെ ലക്ഷണങ്ങൾ ദൃശ്യമായത്.
നബി തങ്ങൾ ഖൗലയെ വിളിച്ചു:
" നിങ്ങളുടെ കാര്യത്തിൽ അല്ലാഹു വിധി പറഞ്ഞിട്ടുണ്ട് ."
സൂറത്തുൽ മുജാദലയുടെ ആദ്യ ഭാഗം കേൾപിച്ച് നബി വിശദീകരിച്ചു:
" നിങ്ങൾക്ക് ഒരുമിച്ചൊന്നായി ജീവിതം തുടരാം. പക്ഷേ, ഔസിനോട് ഒരു അടിമയെ മോചിപ്പിക്കാൻ പറയണം."
"അയാൾക്കതിനുള്ള ആവതില്ലല്ലോ നബിയേ"
" എങ്കിൽ രണ്ട് മാസം തുടർച്ചയായി വ്രതമനുഷ്ഠിക്കട്ടെ..."
" അതും അയാളെ കൊണ്ട് കഴിയുമെന്ന് തോന്നുന്നില്ല നബിയേ..."
" എങ്കിൽ അറുപത് പാവങ്ങൾക്ക് ഭക്ഷണം കൊടുക്കാൻ പറ"
" അതും ആ മനുഷ്യനെ ക്കൊണ്ട് സാധ്യമല്ല നബിയേ..."
തെല്ലൊന്ന് ആലോചിച്ച നബി ഖൗലയോട് പറഞ്ഞു: "എങ്കിൽ ഞാനൊരു ഈത്തപ്പഴക്കുല തന്ന് അയാളെ സഹായിക്കാം."
ഖൗല പറഞ്ഞു: " ഞാനും ഒരു ഈത്തപ്പഴക്കുല കൊടുത്ത് സഹായിക്കാം"
നബി തങ്ങൾ പറഞ്ഞു: "ശരി,പോയിക്കോളൂ...ആ ഈത്തപ്പഴം ദാനം ചെയ്ത്, പിതൃവ്യപുത്രനോടൊപ്പം നന്നായി ജീവിക്കൂ"
തിരിച്ചു പോയ ഖൗല, ഔസിനോട് തിരുസന്നിധിയിൽ നടന്ന സംഭവങ്ങൾ വിവരിച്ചുകൊടുത്തു. ശേഷം, സസന്തോഷം ജീവിതം തുടർന്നു.
Leave A Comment