മുസ്‌ലിയാര്‍: ചരിത്രത്തില്‍ വിസ്മയം തീര്‍ത്ത കമ്യൂണിറ്റി

 

ചിലരുണ്ട്, അവരറിയാതെ അവരെ അറിയാതെ ചരിത്രത്തില്‍ ചലനങ്ങള്‍ സൃഷ്ടിക്കും. അവര്‍ മാറ്റങ്ങള്‍ സാധ്യമാക്കും. ഒരുപക്ഷേ, ഒരു സമൂഹത്തിന്റെ അസ്തിത്വം രൂപപ്പെടുത്താനും സംരക്ഷിക്കാനും നിയോഗിക്കപ്പെട്ടവര്‍. കേരളീയ മുസ്‌ലിംകള്‍ക്കിടയില്‍ മുസ്‌ലിയാക്കന്‍മാര്‍ നിര്‍വഹിച്ച ദൗത്യം അത്ര മഹത്തരവും ചരിത്രപരവുമായിരുന്നു എന്നെഴുതുമ്പോള്‍ തിരസ്‌കരിക്കാനാവാത്തവിധം സത്യപൂര്‍ണമാണ്.
കേരളീയ മുസ്‌ലിം നവോത്ഥാനം രൂപപ്പെടുത്തുന്നതില്‍ മുസ്‌ലിയാക്കന്‍മാര്‍ വഹിച്ച പങ്ക് നിസ്തുലവും അനല്‍പ്പവുമായിരുന്നു. 'മസ്‌ലിഹ്‌യാര്‍' എന്ന പദത്തില്‍നിന്ന് ലോപിച്ചാണ് 'മുസ്‌ലിയാര്‍' എന്ന സംജ്ഞ രൂപപ്പെട്ടതെന്നാണ് പ്രബല പക്ഷം. 'മുസ്‌ലിഹ്' എന്ന അറബി പദത്തിനര്‍ത്ഥം പരിഷ്‌കര്‍ത്താവ്, നവോത്ഥാന നായകന്‍ എന്നൊക്കെയാണ്. സമൂഹത്തിന്റെ മാറ്റങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുകയും അവര്‍ക്കിടയില്‍ നിരന്തര, നിസ്വാര്‍ത്ഥ പ്രയത്‌നങ്ങളിലൂടെ നവോത്ഥാനം രൂപപ്പെടുത്തുകയും ചെയ്തതിനാലാണ് അവരെ അങ്ങനെ വിളിക്കാന്‍ സമൂഹം താല്‍പ്പര്യം കാണിച്ചത്. പക്ഷേ, പിന്നീട് സമൂഹത്തിന്റെ നവോത്ഥാനം അവകാശപ്പെട്ട് രംഗത്തുവന്ന, ഭൗതികതയെ ഉയര്‍ത്തിക്കാണിക്കാന്‍ ശ്രമിച്ചവരുടെ യത്‌നങ്ങളുടെ ഫലമായി ഇവരുടെ ഇടം നമ്മുടെ സാമൂഹിക-സാംസ്‌കാരിക-രാഷ്ട്രീയ പരിസരത്ത് ഗൗരവത്തോടെ വായിക്കപ്പെടാതെ പോയി.
മുസ്‌ലിം കേരളത്തിന്റെ ചരിത്രം രണ്ടു ദിശകളില്‍ എഴുതപ്പെടുകയും നിരീക്ഷിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. 1921നു മുമ്പുള്ള പ്രോജ്ജ്വലമായ കാലഘട്ടത്തെ ഇരകള്‍ നിറഞ്ഞതും അന്ധവിശ്വാസങ്ങളുടേതുമായി ചിത്രീകരിക്കുകയും അതിനുശേഷം ഇസ്വാലാഹീ ആശയങ്ങളുടെ പ്രവര്‍ത്തനഫലമായി നവോത്ഥാനം സാധ്യമായി എന്നു വാദിക്കുന്ന ഒരു പക്ഷവും 15ാം നൂറ്റാണ്ടില്‍ പൊന്നാനിയില്‍ മഖ്ദൂം കുടുംബത്തിലൂടെ തുടക്കംകുറിച്ച്, മമ്പുറം തങ്ങന്‍മാരിലൂടെ, ഉമര്‍ ഖാളിയിലൂടെ, ആലി മുസ്‌ലിയാരിലൂടെ തുടര്‍ന്നുവന്ന സാമൂഹിക ഉത്ഥാന പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയാണ് പിന്നീട് 1921ലെ ദാരുണ സംഭവങ്ങള്‍ക്ക് ശേഷവും ഉണ്ടായത് എന്നു വാദിക്കുകയും ഊന്നിപ്പറയുകയും ചെയ്യുന്ന ഒരു രണ്ടാം വിഭാഗവും. എന്നാല്‍, വസ്തുനിഷ്ഠമായി ചരിത്രത്തെ സമീപിച്ചാല്‍ രണ്ടാം പക്ഷം ചരിത്രത്തെ നിരീക്ഷിച്ച മാര്‍ഗമാണ് ശരിയെന്ന് നമുക്ക് ബോധ്യപ്പെടും. കാരണം, സാമ്രാജ്യത്വ അധിനിവേശത്തിനെതിരേയും വൈദേശിക അധീനത്തിനെതിരെയും മാപ്പിള മക്കളെ സജ്ജരാക്കിയ മഹാരഥന്മാരുടെ കാലഘട്ടത്തെ ജാജ്ജ്വല്യമാനമെന്നാണ് കേരള മുസ്‌ലിം ചരിത്രത്തെ നിരീക്ഷിച്ചവരെല്ലാം എഴുതിവച്ചത്.
15ാം നൂറ്റാണ്ടില്‍ മഖ്ദൂമി കാലഘട്ടത്തോടെയാണ് മുസ്‌ലിയാര്‍ എന്ന പദവും അതു പ്രതിനിധാനം ചെയ്ത സാമൂഹിക പരിഷ്‌കര്‍ത്താവും ജനകീയ ഇടപെടലുകള്‍ നടത്തുന്നത്. സമൂഹത്തില്‍ നവജാഗരണത്തിനുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗം അറിവിന്റെ, വൈജ്ഞാനീയങ്ങളുടെ പ്രസരണമാണെന്നു മനസ്സിലാക്കി മഖ്ദൂം ഒന്നാമന്‍ പൊന്നാനിയില്‍ ഒരു പള്ളി പണിതു. തുടര്‍ന്നുള്ള കാലഘട്ടങ്ങളില്‍ കേരളീയ മുസ്‌ലിം ചരിത്രത്തിന്റെ ഗതിവിഗതികളെ നിയന്ത്രിക്കാന്‍ ഈ പള്ളിക്ക് സാധിച്ചു. ഒരു പള്ളി സാമൂഹിക പരിസരത്ത് ഇടപെടുന്നതിന്റെ ഏറ്റവും വലിയ പ്രതീകവും പൊന്നാനി പള്ളി തന്നെ.
ഈ പള്ളിയിലെ 'വിളക്കത്തിരുന്ന്' പഠിച്ചു മതകീയ വിജ്ഞാനങ്ങളില്‍ അഗാധ പാണ്ഡിത്യം നേടിയവരെയാണ് ജനം 'മുസ്‌ലിയാക്കന്‍മാര്‍' എന്നു വിളിച്ചത്. പിന്നീട് നൂറ്റാണ്ടുകളായി നമ്മുടെ അസ്തിത്വം രൂപപ്പെടുത്തുന്നതിലും സ്വത്വം നിര്‍ണയിക്കുന്നതിലും ഇവര്‍ വഹിക്കുന്ന പങ്ക് നിസ്സീമമാണ്. വൈദേശികാധിപത്യം ഒരുകാലത്ത് നാം നേരിട്ട ഏറ്റവും വലിയ തിന്മയായി വളര്‍ന്നപ്പോള്‍ ആ തിന്മയെ ഉഛാടനം ചെയ്യാന്‍ സന്ധിയില്ലാസമരത്തിന് ആത്മീയ പശ്ചാത്തലമൊരുക്കുകയും നിറഞ്ഞ പിന്തുണ നല്‍കുകയും ചെയ്തു അവര്‍, ആലി മുസ്‌ലിയാരെ പോലെ. ഇന്നിപ്പോള്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയിലെത്തി നില്‍ക്കുന്ന ആ അനുഗൃഹീത സരണി. നാം നിരീക്ഷിക്കുന്നതും കണ്ടെത്തുന്നതും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ ആഗമനാനന്തരം മുസ്‌ലിയാക്കന്‍മാര്‍ നമ്മുടെ സാമൂഹിക മാറ്റങ്ങളെ എങ്ങനെ സ്വാധീനിച്ചു, സ്വാധീനിക്കുന്നു എന്നതാണ്.
15ാം നൂറ്റാണ്ടു മുതല്‍ മലബാര്‍ സമരം വരെയുള്ള വിശാലമായൊരു കാലഘട്ടത്തിലെ മുസ്‌ലിയാക്കന്‍മാരുടെ സാമൂഹിക ഇടപെടലുകളെ നമുക്ക് നിരീക്ഷിക്കേണ്ടതില്ല. കാരണം, നാം പറഞ്ഞ പോലെ കേരളീയ മുസ്‌ലിം ചരിത്രത്തിലെ സാമൂഹിക-സാംസ്‌കാരിക-രാഷ്ട്രീയ ഇടപെടലുകളുടെയും സമീപനങ്ങളുടെയും ഏറ്റവും ശോഭനമാര്‍ന്ന കാലഘട്ടമായിരുന്നുവല്ലോ അത്. ചരിത്രത്തില്‍ വളരെ ഗൗരവത്തോടെ അവ പരാമര്‍ശിക്കപ്പെടുകയും ചെയ്തു. പിന്നീടുള്ള കാലഘട്ടം മലബാര്‍ സമരാനന്തരം നിലനിന്ന കലുഷമായ സാഹചര്യങ്ങളെ മുതലെടുത്ത് സമൂഹത്തിന്റെ ചിന്താധാരയിലേക്ക് ഭൗതിക മൂല്യത്തേയും യുക്തിവാദത്തേയും കുത്തിവച്ച് കടന്നുവന്ന ചില അവാന്തര വിഭാഗങ്ങളുടെ പ്രവര്‍ത്തനങ്ങളെ ആ കാലഘട്ടത്തിലെ വലിയ തിന്മയായി കണ്ട നമ്മുടെ നേതൃത്വം സംഘടിതമായി അണിനിന്ന ശേഷം മുസ്‌ലിയാക്കന്‍മാരുടെ ഇടം ചരിത്രത്തില്‍ ഗൗനിക്കപ്പെട്ടിട്ടില്ല എന്നു വേണം കരുതാന്‍. കേരളത്തിലെ മുസ്‌ലിം ജനസാമാന്യത്തിന്റെ മതകീയാസ്തിത്വത്തെ ഇന്നോളം വരെ സംരക്ഷിച്ചു നിലനിര്‍ത്തിയതില്‍ അവര്‍ വഹിച്ച ദൗത്യങ്ങള്‍ വളരെ വലിയതുമാണ്. അവരെ പരാമര്‍ശിക്കാതെപോയതിന്റെ ഏറ്റവും പ്രധാന കാരണം ഉല്‍പതിഷ്ണുക്കളുടെ ചിന്താധാരകളും വികലമായ കാഴ്ചപ്പാടുകളും ചരിത്രത്തില്‍ ഉണ്ടാക്കിയെടുത്ത തെറ്റായ നിര്‍മിതികളും നടപ്പുകളുമാണ് പരിഷ്‌കരണങ്ങള്‍ക്കു നേരെ മുഖം തിരിച്ചവരുമാണെന്നാണ് അവര്‍ മുസ്‌ലിയാക്കന്മാരെ പരിചയപ്പെടുത്തിയത്.
'മുസ്‌ലിയാര്‍' എന്നതിനു നാം നല്‍കുന്ന അര്‍ത്ഥങ്ങള്‍ വലുതാണ്. മുസ്‌ലിം കേരളത്തിലെ മദ്‌റസാ സംവിധാനങ്ങളില്‍ അധ്യാപനം നടത്തുന്നവര്‍, പള്ളികളില്‍ നമസ്‌കാരങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നവര്‍, മഹല്ലത്തുകളില്‍ വെള്ളിയാഴ്ചയിലെ ജുമുഅ നിസ്‌കാരത്തിനു മുമ്പുള്ള ഖുത്വുബ നിര്‍വഹിക്കുന്നവര്‍, പള്ളി ദര്‍സുകളില്‍ അധ്യയനം ചെയ്യുന്ന മുദര്‍രിസുമാര്‍, അഞ്ചുനേരം ജനങ്ങളെ നിസ്‌കാരത്തിലേക്ക് ക്ഷണിക്കുന്ന മുക്രി എന്നു നാം വിളിക്കുന്ന 'മുഖ്‌രിഉകള്‍', മൗല എന്ന അറബി പദത്തില്‍നിന്ന് ലോപിച്ച 'മൊല്ല' എന്ന സജ്ഞയെ പ്രതീകവല്‍ക്കരിക്കുന്നവര്‍ ഇങ്ങനെ മുസ്‌ലിയാര്‍ എന്നു നാം ഇവിടെ പ്രതിപാദിക്കുന്ന പദത്തിന്റെ വ്യാപ്തി ഇനിയും വിശാലമാണ്.
അറിവിന്റെ, വിജ്ഞാനീയങ്ങളുടെ കൈമാറ്റവും വ്യാപനവുമാണ് നവോത്ഥാന പ്രക്രിയയിലെ ഏറ്റവും പ്രധാനപ്പെട്ട വശം. ഇത് തലമുറകളെ ജീവസ്സുറ്റവരും ഉത്സുകരുമാക്കുന്നു. മുസ്‌ലിയാക്കന്‍മാര്‍ മുസ്‌ലിം നവോത്ഥാനത്തിനു ചെയ്ത ഏറ്റവും മഹത്തരവും പരമപ്രധാനവുമായ ദൗത്യം അറിവിന്റെ ഈ കൈമാറ്റവും വ്യാപനവും തന്നെയാണ്. തലമുറകളില്‍നിന്ന് തലമുറകളിലേക്ക് വിജ്ഞാനങ്ങളെ പ്രസരണം ചെയ്തതിലൂടെ ഉത്ഥാനപ്രക്രിയയെ അവര്‍ എളുപ്പമാക്കി. മദ്‌റസ എന്ന വ്യവസ്ഥാപിതമായ പാഠശാലയിലൂടെയാണ് അവര്‍ ഈ കര്‍ത്തവ്യം നിര്‍വഹിച്ചത്. മാപ്പിള മുസ്‌ലിംകളുടെ ഈ മദ്‌റസാ സിസ്റ്റത്തെ കുറിച്ച് 'The wonder of mappila muslim' എന്ന് റോളണ്ട് മില്ലര്‍ എഴുതിയെങ്കില്‍ അത്ഭുതം തീര്‍ക്കാന്‍ മുസ്‌ലിയാക്കന്‍മാരായിരുന്നു സമൂഹത്തിലെ ഏതൊരുത്തനും ഒരു ഉസ്താദിന്റെ, മുസ്‌ലിയാരുടെ കൂട്ടായി സമീപത്തുണ്ടായിരുന്നത്. അഞ്ചു വയസ് മുതല്‍ ആരംഭിക്കുന്ന ഈ പവിത്ര ബന്ധം അവന്റെ ജീവിതത്തില്‍ നിര്‍ണായകമായ പങ്ക് വഹിക്കുന്നു. ബാല്യം മുതലുള്ള ഈ ഉസ്താദുമായുള്ള ബന്ധം അവന്റെ വ്യക്തിത്വ വികാസത്തിനു വഴിയൊരുക്കുകയും ജീവിതനിയന്ത്രണങ്ങള്‍ വരുത്തുകയും ചെയ്യുന്നു. പിന്നീട്, കുടുംബകാര്യങ്ങളില്‍ വരെ ഈ ഉസ്താദിന്റെ ഇടപെടലുകളെ അവന്‍ ആവശ്യപ്പെടുന്ന ഒരു തലത്തിലേക്ക് ആ ബന്ധം വളരുന്നു. ഇങ്ങനെ, വളരെ ക്രിയാത്മകമായി സമൂഹത്തിലെ ഏതൊരുത്തനെയും സ്വാധീനിക്കാനും അതുവഴി സാമൂഹിക ഇടപെടലുകള്‍ നടത്താനും ഈ മുസ്‌ലിയാക്കന്‍മാര്‍ക്ക് സാധിക്കുന്നു. ഭൗതിക അധ്യാപകര്‍ക്ക് നാം നല്‍കാത്ത ആദരവും ബഹുമാനവും ഈ ഉസ്താദിനു നല്‍കാന്‍ നമ്മെ പ്രേരിപ്പിക്കുന്നതിനു പിന്നില്‍ പ്രധാന ഘടകവും മറ്റൊന്നുമല്ല. ഇങ്ങനെ സമൂഹത്തിലെ ഏറ്റവും ജനകീയ വ്യക്തിത്വങ്ങളിലൊരാളായി ഈ മദ്‌റസാ മുഅല്ലിം നമ്മുടെ സാമൂഹിക പരിസരങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്നു.
ഒരു ഇസ്‌ലാമിക സ്റ്റേറ്റിന്റെ വളരെ ചെറിയ രൂപം നമുക്ക് മഹല്ലില്‍ ദര്‍ശിക്കാം. അവിടെ ഖലീഫയായി വാഴുകയാണ് ഖത്വീബ് എന്ന് നാം വിളിക്കുന്ന വെള്ളിയാഴ്ചയിലെ ജുമുഅ നിസ്‌കാരത്തിനു നേതൃത്വം നല്‍കുന്ന പണ്ഡിതന്‍. ഒരു മുസ്‌ലിയാരുടെ ജനകീയ ഇടപെടലുകളുടെയും സാമൂഹിക പ്രവര്‍ത്തനങ്ങളുടെയും മഹത്തായ മാതൃകകള്‍ നമുക്ക് ഈ ഖതീബില്‍ കാണാം. വെറും പ്രാര്‍ത്ഥനകള്‍ക്ക് മാത്രം നേതൃത്വം നല്‍കുക എന്നതിലുപരി മഹല്ലിനെ സാമൂഹിക-സാംസ്‌കാരിക-വൈജ്ഞാനിക മേഖലകളില്‍ പ്രബുദ്ധമാക്കുന്നതില്‍ ഈ പണ്ഡിത മുസ്‌ലിയാരുടെ ദൗത്യങ്ങളെ നാം കാണാതെപോകരുത്. കേരള മുസ്‌ലിം നവോത്ഥാനത്തെ രൂപപ്പെടുത്തിയതില്‍ മഹല്ലുകളിലെ വ്യവസ്ഥാപിതമായ പ്രവര്‍ത്തന രീതികള്‍ക്ക് വ്യക്തമായ പങ്കുണ്ട്.
വെള്ളിയാഴ്ചകളില്‍ മഹല്ലിലെ മുഴുവന്‍ ജനങ്ങളെയും അഭിസംബോധന ചെയ്തു സംസാരിക്കുന്ന ഖതീബിന്റെ പ്രഭാഷണങ്ങള്‍ സാമൂഹിക പ്രബുദ്ധതയ്ക്കുള്ള ആഹ്വാനവും ആജ്ഞകളുമായിരുന്നു. മഹല്ലില്‍ ഒരുത്തന് രോഗം ബാധിച്ചാല്‍ സന്ദര്‍ശിക്കുകയോ മഹല്ലിലെ പാവപ്പെട്ടവരുടെ ദുരിതങ്ങളെ മാറ്റാന്‍ അവിടുത്തെ മുഴുവന്‍ ആളുകളെയും ഉള്‍പ്പെടുത്തി സഹായങ്ങളൊരുക്കുകയും സമൂഹത്തില്‍ അംഗീകാരങ്ങള്‍ നേടുന്നവനെ അഭിനന്ദിക്കുകയും ചെയ്യുന്ന ഖത്വീബ് നിര്‍വഹിക്കുന്ന ജനകീയ ഇടപെടലുകള്‍ ജനമനസ്സുകളില്‍ ചെലുത്തുന്ന സ്വാധീനം ശക്തമാണ്.
ഓരോ നാടിന്റെയും ഹൃദയമിടിപ്പുകളെ നന്നായറിയാം അവിടുത്തെ സ്രാമ്പിക്ക് അല്ലെങ്കില്‍ നിസ്‌കാരപ്പള്ളിക്ക്. പ്രാദേശികമായി സാമൂഹിക പ്രബുദ്ധത സൃഷ്ടിക്കുന്നതിലും ജാഗരണ പ്രവര്‍ത്തനങ്ങള്‍ എളുപ്പമാക്കുന്നതിലും സ്രമ്പികള്‍ക്ക് ചെറുതല്ലാത്ത സ്വാധീനമുണ്ട്. ഓരോ നാട്ടിന്‍പുറങ്ങളിലെയും മുസ്‌ലിം ജീവിതം ആ സ്രമ്പിയുമായി ബന്ധപ്പെട്ടു കിടക്കും. എപ്പോഴും ജനങ്ങള്‍ക്ക് നിസ്‌കാരത്തിനും പ്രാര്‍ത്ഥനയ്ക്കും നേതൃത്വം നല്‍കുക എന്നതു മാത്രമല്ല ഈ സ്രമ്പികളില്‍ നിയോഗിക്കപ്പെടുന്ന മുസ്‌ലിയാരുടെ ദൗത്യം. മറിച്ച് ആ നാട്ടിന്‍പുറത്തെ ജനങ്ങളുടെ ഓരോ പ്രശ്‌നങ്ങളിലിടപെടുകയും നേരിന്റെ വഴിതെറ്റാതെ നിയന്ത്രിക്കുകയും ചെയ്യുക എന്ന വളരെ പ്രധാന കര്‍ത്തവ്യമാണ് സാമ്പ്രികളിലെ മുസ്‌ലിയാക്കന്‍മാര്‍ ചെയ്തുകൊണ്ടിരിക്കുന്നത്. ഓരോ വീട്ടിലെയും സന്തോഷങ്ങളിലും ദുഃഖങ്ങളിലും അയാള്‍ ഇടപെടുന്നു. മംഗല്യം, കുടിയിരിക്കല്‍, കുഞ്ഞു പിറക്കല്‍ തുടങ്ങിയ വേളകളിലും രോഗം, മരണം തുടങ്ങിയ സന്താപങ്ങളിലും മേല്‍നോട്ടവും ശുശ്രൂഷയും നിര്‍ദേശങ്ങളും നല്‍കി അധികാരത്തോടെ ഇടപെടുന്നു അയാള്‍. ജനിച്ചാലും മരിച്ചാലും അതിനിടയിലെ കാലത്തും മുസ്‌ലിയാരുടേതായ് കാലത്തും മുസ്‌ലിയാരുടെതായ പങ്കുവലിതാണെന്ന് ചുരുക്കം.
വീട്ടംഗങ്ങള്‍ക്കിടയില്‍ അസ്വാരസ്യങ്ങള്‍ക്ക് പരിഹാരം കാണുന്ന മധ്യസ്ഥനും പ്രസവവേദനപോലുള്ള അസ്വസ്ഥതകള്‍ അലട്ടുമ്പോള്‍ സ്വാസ്ഥ്യം നല്‍കുന്ന ബിഷഗ്വരനായും കര്‍മങ്ങളിലെ സംശയം ദൂരീകരിക്കുന്ന പണ്ഡിതനായും സ്രമ്പികളിലെ മുസ്‌ലിയാക്കന്‍മാര്‍ നടത്തുന്ന സാമൂഹിക ഇടപെടലുകള്‍ സഗൗരവം വീക്ഷിക്കപ്പെടേണ്ടതും വിലയിരുത്തേണ്ടതുമാണ്. കുടുംബത്തിലെ നൊമ്പരങ്ങള്‍ക്ക് ഉറുക്കും മന്ത്രവും നിര്‍ദേശിക്കുന്ന അവര്‍ പക്ഷേ, പഴഞ്ചരും അന്ധവിശ്വാസികളുമായി വിലയിരുത്തപ്പെട്ടു എന്നത് അവര്‍ ചെയ്യുന്ന ചരിത്രപരമായ ദൗത്യങ്ങളോടുള്ള മുഖം തിരിക്കലാണ്.
ദിവസങ്ങളും ആഴ്ചകളും നീണ്ടുനില്‍ക്കുന്ന 'വഅളുകള്‍' (മതപ്രഭാഷണങ്ങള്‍) കേരളീയ മുസ്‌ലിം ചരിത്രത്തിലെ തിളക്കമുള്ള ചിത്രങ്ങളാണ്. മാപ്പിള മുസ്‌ലിംകള്‍ വളരെ വ്യവസ്ഥാപിതമായി രൂപപ്പെടുത്തിയ ഈ വിജ്ഞാന കൈമാറ്റ രൂപം സാമൂഹിക പ്രബുദ്ധത നിലനിര്‍ത്തുന്നതിലും തലമുറകളുടെ സജീവത സംരക്ഷിക്കുന്നതിലും സക്രിയമായ പങ്കു വഹിച്ചു. വെറും വിജ്ഞാന കൈമാറ്റ രീതിയിലൂടെ മാത്രം ഇതിനെ അന്നത്തെ മുസ്‌ലിയാക്കന്‍മാര്‍ കണ്ടില്ല എന്നതാണ് ഗൗനിക്കപ്പെടേണ്ട കാര്യം. അതിനപ്പുറം, എപ്പോഴും സമൂഹത്തെ ബോധവാന്മാരായി നിലനിര്‍ത്തുകയും ജീവിതത്തെ നവീകരിക്കാന്‍ സഹായിക്കുകയും സമൂഹത്തിലെ അധമര്‍ക്കും അവശതയനുഭവിക്കുന്നവര്‍ക്കും സഹായം കണ്ടെത്താനുള്ള മാര്‍ഗമാവുകയും നാടുകളിലെ സാംസ്‌കാരിക സാമൂഹിക വൈജ്ഞാനിക സംവിധാനമായ വഅളുകളെ പ്രഭാഷകരായ മുസ്‌ലിയാക്കന്‍മാര്‍ ജനകീയ മാധ്യമങ്ങളായി അവതരിപ്പിച്ചു. മുസ്‌ലിം സ്ത്രീകളുടെ കാതിലെ ചിറ്റുകള്‍ വൈജ്ഞാനിക സാംസ്‌കാരിക കേന്ദ്രങ്ങളുടെ ഭാഗമായതിന്റെ ചരിത്രങ്ങള്‍ നമുക്കറിയാം. അടുത്ത കാലത്തായി കേരള മുസ്‌ലിംകള്‍ക്കിടയില്‍ വ്യാപിച്ച 'ഖുര്‍ആന്‍ പഠന ക്ലാസുകളെയും' ഈയൊരു രീതിയില്‍ നമുക്ക് വായിക്കാം. സ്ത്രീജനങ്ങളെ കേന്ദ്രീകരിച്ചു നടത്തുന്ന സദസ്സുകളിലൂടെ മുസ്‌ലിയാക്കന്‍മാര്‍ സ്ത്രീ സമൂഹത്തിന്റെ പ്രബുദ്ധതയ്ക്ക് വഴികാണിക്കുന്നു എന്നതും.
സമൂഹത്തില്‍ മതത്തിനപ്പുറം ഭൗതികതയ്ക്ക് അധികാരം നല്‍കാന്‍ ഉല്‍പതിഷ്ണുക്കള്‍ നടത്തുന്ന നിരന്തര ശ്രമങ്ങളുടെ ഫലമായി മുസ്‌ലിയാക്കന്‍മാര്‍ മാറ്റത്തിന്റെ ശത്രുക്കളായും പഴഞ്ചന്‍മാരായും പിന്തിരിപ്പന്‍മാരെയും വിലയിരുത്തപ്പെടുന്നുവെന്നത് ഖേദകരമാണ്. ഇത്തരം കാഴ്ചപ്പാടുകള്‍ സമൂഹത്തില്‍ വേരൂന്നി എന്നതിന്റെ തെളിവാണ് അവര്‍ തങ്ങളുടെ കുട്ടികളെ മതം പഠിപ്പിക്കുന്ന ഇവര്‍ക്ക് നല്‍കുന്ന ശമ്പളവ്യവസ്ഥ. ഭൗതിക വിദ്യാഭ്യാസത്തിനു കോടികളെറിയുന്ന യാഥാര്‍ ത്ഥ്യവും ഇതോടൊപ്പം ചേര്‍ത്തു വായിക്കണം. പക്ഷേ, പതിറ്റാണ്ടുകളൊരുപാടായി, തലമുറകളായി നമ്മുടെ പാരമ്പര്യത്തെയും അസ്തിത്വത്തെയും നഷ്ടപ്പെടാതെ സംരക്ഷിക്കുന്ന സമൂഹത്തില്‍ നാമറിയാതെ വളരെ വലിയൊരു ദൗത്യം നിര്‍വഹിച്ചു കൊണ്ടിരിക്കുന്ന ഈ പാവപ്പെട്ട മുസ്‌ലിയാക്കന്‍മാര്‍, അവര്‍ ചെയ്യുന്ന നവോത്ഥാന പ്രവര്‍ത്തനങ്ങളെ നവജാഗരണ സംരഭങ്ങളെ നാം അറിയാതെപോകുന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter