സ്ത്രീകളുടെ ചേലാകര്‍മം പ്രാകൃതമോ?

സ്ത്രീയുടെ ചേലാകര്‍മം (ഫീമെയില്‍ സര്‍കംസിഷന്‍) ഇസ്‌ലാമുമായോ മറ്റു മതങ്ങളുമായോ ബന്ധപ്പെട്ട വിഷയമല്ല. സഹസ്രാബ്ദങ്ങളുടെ ചരിത്രമുറങ്ങുന്ന ലോകനാഗരികതകളുമായും ഉപോല്‍പ്പന്നങ്ങളായ വിവിധ സംസ്‌കാരങ്ങളുമായും ബന്ധപ്പെട്ട ആചാരമാണ്. അതുസംബന്ധിച്ച് ലോകത്ത് വിവിധ സര്‍വകലാശാലകളുടെ കീഴില്‍ ഗഹനമായ ഗവേഷണം നടന്നുകൊണ്ടിരിക്കുന്നുണ്ട്. പഠനങ്ങള്‍ പ്രകാരം ‘യോനീഛേദക്രിയ’ വൈദ്യശാസ്ത്രത്തിന്റെ വിഷയമല്ല. 

ലാറ്റിനമേരിക്ക, ആഫ്രിക്ക, ചില ദ്വീപ് ഗോത്രസമൂഹങ്ങള്‍ എന്നിവയില്‍ പ്രാചീനകാലം മുതലും മധ്യേഷ്യ, യൂറോപ്പ്, അമേരിക്കന്‍ ഐക്യനാടുകള്‍ തുടങ്ങിയിടങ്ങളില്‍ മധ്യകാലം മുതലും ഈ ആചാരം വിവിധ രൂപത്തില്‍ നടന്നുവരുന്നു. അനാചാരം, അത്യാചാരം, ആചാരം എന്നീ ത്രിതലമാനങ്ങളില്‍ ഇതു വിലയിരുത്തപ്പെട്ടിട്ടുണ്ട്. നിലവില്‍ ഇരുപതു രാജ്യങ്ങളിലെങ്കിലും സ്‌ത്രൈണ പ്രജനനാവയവങ്ങളുടെ വിവിധ ഭാഗങ്ങള്‍ മുഴുവനായോ ഭാഗികമായോ ഛേദിച്ചുകളയുന്ന സമ്പ്രദായം നിലനില്‍ക്കുന്നുണ്ടെന്നാണു സാമൂഹികവിശാരദനും ഭിഷഗ്വരനുമായ ഡോ.ഡസ്മണ്ട് മോറിസ് രേഖപ്പെടുത്തുന്നത്. (നഗ്‌നനാരി- മാതൃഭൂമി പബ്ലിക്കേഷന്‍സ്).

ഇതുമായി ബന്ധപ്പെട്ട ഏറ്റവും ശ്രദ്ധേയമായ പഠനം നാന്‍സി എഹ്‌റെന്റിക്ക്, മാര്‍ക്ക്ബാര്‍ എന്നിവര്‍ ചേര്‍ന്നു രചിച്ച ‘ഇന്റര്‍സെക്‌സ് സര്‍ജറി, ഫീമെയില്‍ ജനിറ്റല്‍ കട്ടിങ് ആന്‍ഡ് ദ് സെലക്ടീവ് കണ്ടംനേഷന്‍ ഒാഫ് കള്‍ച്ചറല്‍ പ്രാക്ടീസസ് ‘ എന്ന ഗവേഷണ കൃതിയാണ്. സ്‌ത്രൈണ ചേലാകര്‍മവുമായി ബന്ധപ്പെട്ട ആയിരത്തിലധികം പഠനങ്ങളെ ആസ്പദമാക്കി എഴുതപ്പെട്ട കൃതിയെന്ന നിലയില്‍ അത് വേറിട്ട് നില്‍ക്കുന്നു. സ്ത്രീകള്‍ക്കിടയിലെ ചേലാകര്‍മം സാമ്പ്രദായിക മുസ്‌ലിംകളുടെയും ചില ആഫ്രിക്കന്‍ നാടുകളുടെയും അപരിഷ്‌കൃതമായ ആചാരമാണെന്ന മൂടിക്കെട്ടല്‍ എത്രത്തോളം ഭീമാബദ്ധമാണെന്ന് അതു വായിച്ചാല്‍ ബോധ്യമാവും. 

ശരിതെറ്റുകള്‍ക്കപ്പുറം, ഇന്നു മൂന്നു രൂപങ്ങളിലുള്ള യോനി ഛേദക്രിയകളാണു സ്ത്രീ ചേലാകര്‍മത്തിനു ലോകത്തുള്ളത്. പൊതുവായി അവ ‘ശിശ്‌നികാഗ്രഛേദം’ (ഫീമെയില്‍ സര്‍കംസിഷന്‍) എന്നറിയപ്പെടുന്നു. ഇതിന്റെ രണ്ടു രൂപങ്ങളാണു ഫീമെയില്‍ ജനിറ്റല്‍ കട്ടിങും ലൈംഗികാന്തര ശസ്ത്രക്രിയയും. സ്‌ത്രൈണ പ്രജന നാവയവത്തിന്റെ ഭഗാധരങ്ങള്‍ മാത്രം നുള്ളിക്കളയുന്ന രീതിയാണു പൊതുവെ നിലവിലുള്ളത്. ഈ രീതി ഇപ്പോള്‍ അമേരിക്കയിലും വിവിധ യൂറോപ്യന്‍ രാജ്യങ്ങളിലും ചില അറബ് നാടുകളിലും അനുഷ്ഠിക്കപ്പെടുന്നു. 

ചിലര്‍ ഗുരുതരമായ മാര്‍ഗങ്ങള്‍ അവലംബിക്കുന്നു. ഭഗാധരങ്ങളും ഭഗശിശ്‌നികയും മുറിച്ചുകളയുകയോ ചീകിക്കളയുകയോ ചെയ്തു യോനീദ്വാരം മൂത്രസരിത്തിനും ആര്‍ത്തവ ഒഴുക്കിനുമുള്ള വിടവു മാറ്റിനിര്‍ത്തി തുന്നിക്കൂട്ടുന്ന സമ്പ്രദായമാണത്. അതിന് ഇന്‍ഫിബുലേഷന്‍ എന്നാണു പറയുക. മുകളില്‍ പരാമര്‍ശിക്കപ്പെട്ട രീതികള്‍, സൂചിപ്പിക്കപ്പെട്ട നാടുകളില്‍ സാര്‍വത്രികമായി നടന്നുകൊണ്ടിരിക്കുന്നു എന്നല്ല പറഞ്ഞത്. സാമൂഹികമോ സാംസ്‌കാരികമോ ആയ പ്രേരണകളാല്‍ പ്രാക്തനകാല ശീലങ്ങളായിപ്പോലും എല്ലാതരത്തിലുമുള്ള സ്ത്രീചേലാകര്‍മങ്ങളെയും എതിര്‍ക്കുന്നില്ല എന്നതു പ്രത്യേകം പ്രസ്താവ്യമാണ്. എഏഇയിലെ മാനുഷികവിരുദ്ധമല്ലാത്ത ചില രീതികളെ അവര്‍ സംസ്‌കാരത്തിന്റെ ഭാഗമായി വകവച്ചു കൊടുക്കുന്നുണ്ട്. 

സ്ത്രീ ചേലാകര്‍മങ്ങളുടെ പ്രേരകഘടകങ്ങള്‍ നോക്കിയാലും വൈവിധ്യങ്ങള്‍ കാണാനാകും. ആഫ്രിക്കയിലെ ആധുനികരീതികളും അന്ധവിശ്വാസങ്ങളുമായി ബന്ധപ്പെട്ടതാണ്; അവര്‍ക്ക് അതു വിശ്വാസത്തിന്റെ ഭാഗമാണ്. അമേരിക്കയിലും യൂറോപ്പിലും കറുത്തവര്‍ഗക്കാര്‍ക്കിടയിലെ സ്ത്രീകളുടെ പ്രത്യുല്പാദനശേഷി ഇല്ലാതാക്കാനായി വെളുത്തവര്‍ഗക്കാരായ ഭരണാധികാരികള്‍ ക്രൂരമായ ചേലാകര്‍മക്രീഡകള്‍ നടപ്പില്‍ വരുത്തിയിരുന്നു. 

അതിലേറെ വൈചിത്ര്യം, നിരന്തരമായ ലൈംഗികാനന്ദത്തിനായി മധ്യകാല യൂറോപ്പിലെ വരേണ്യവിഭാഗത്തിലെ സ്ത്രീകള്‍ പ്രത്യേക തരത്തില്‍ ശിശ്‌നികാഗ്രഛേദം ആവിഷ്‌കരിച്ചിരുന്നുവെന്നതാണ്. മറ്റൊന്ന്, സ്ത്രീലൈംഗികാവയവങ്ങളുടെ ശാരീരികമോ വൈകാരികമോ ആയ ന്യൂനതകള്‍ പരിഹരിക്കാനുള്ളതാണ്. ഇതു വൈദ്യശാസ്ത്രത്തിന്റെ ഭാഗമാണ്. ചുരുക്കത്തില്‍, സ്ത്രീചേലാകര്‍മമെന്നത് ഒരു സാംസ്‌കാരികാചാരമാണെന്നും അവയില്‍ അതിക്രൂരവും മാനവികവിരുദ്ധവുമായ രീതിയിലുള്ളതു മുതല്‍ സാധാരണരീതിയിലുള്ളതുവരെയുണ്ടെന്നും മനസ്സിലാക്കാം. പ്രധാന കാര്യം, ഇന്റര്‍നെറ്റിലും അക്കാദമിക് ലൈബ്രറികളിലും ലഭ്യമായ ഫെമിനിസ്റ്റ് പുസ്തകങ്ങളിലും സാമൂഹികനിരൂപണങ്ങളിലും അപരിഷ്‌കൃതമെന്നും സ്ത്രീവിരുദ്ധമെന്നും പറയപ്പെട്ടത് അക്കൂട്ടത്തില്‍ ചിലതിനെ സംബന്ധിച്ചാണ്. 

ആ നിരൂപണമൂശയിലും വിമര്‍ശനഭാഷയിലുമാണ് ഇപ്പോള്‍ കേരളത്തില്‍ ചര്‍ച്ചയായ ‘മുസ്‌ലിം സ്ത്രീ ചേലാകര്‍മം’ വായിക്കപ്പെടുന്നത് എന്നതാണു ഖേദകരം. മേല്‍ പറയപ്പെട്ട ക്രിയകളില്‍ ചിലത്, പ്രജന നശേഷി, ലൈംഗികാസക്തി, രതിമൂര്‍ച്ഛ തുടങ്ങിയവയെ ഇല്ലാതാക്കും. അതിന്റെ ‘ഇര’ ചിലപ്പോള്‍ കടുത്ത മാനസികക്ഷോഭത്താല്‍ ഹതാശയായി മാറുകയും ചെയ്യും. അത്തരം ആരോപണങ്ങള്‍ കേട്ട് അസ്ഥാനത്ത് തരിപ്പു കയറിയവരാണ് അവയൊന്നുമല്ലാത്ത ‘ഖിതാനുല്‍മര്‍അതി’നെതിരേ രംഗത്തു വരുന്നത്. 

ഇസ്‌ലാമിക സ്ത്രീചേലാകര്‍മവും മറ്റൊരര്‍ഥത്തില്‍ സാംസ്‌കാരികം തന്നെയാണ്. നാഗരികതകളുടെ സംഗമഭൂമിയിലാണു പ്രവാചകനിയോഗം നടന്നത്. ഒന്നര സഹസ്രാബ്ദങ്ങള്‍ക്കു മുമ്പത്തെ പ്രധാന ലോകസംസ്‌കൃതികളായ പേര്‍ഷ്യന്‍, റോമന്‍, ഇന്ത്യന്‍, അറബ് സമൂഹങ്ങളുടെ മധ്യകേന്ദ്രമായിരുന്നു പ്രവാചകന്റെ കേളീനിലമായ ഹിജാസ്. ഇസ്‌ലാമിനെ അയത്‌നലളിതമായി പ്രചരിപ്പിക്കല്‍ ചില നാഗരികശീലങ്ങളെ പ്രവാചകന്‍ പഴയതുപോലെ സമ്മതിച്ചു കൊടുത്തിരുന്നു. ഭാഷ, വേഷം, ഭക്ഷണം, പേരുകള്‍ തുടങ്ങിയവയില്‍ പിഴവില്ലാത്തതിനെ നബി തിരുമേനി(സ) നിലനിര്‍ത്തിയത് ഇസ്‌ലാമിനെ പ്രകൃതിയുടെ മതമായി വളര്‍ത്തുന്നതിന്റെ ഭാഗമായിട്ടുകൂടിയാണ്. 

മനുഷ്യന്റെ നൈസര്‍ഗികവും ആത്മീയവും ജൈവികവുമായ എല്ലാ നന്മകളെയും പ്രചോദിപ്പിക്കുന്നതിന്റെ ഭാഗമായാണു മൂവായിരത്തോളം വര്‍ഷങ്ങള്‍ പഴക്കമുള്ള ചേലാകര്‍മം നബി (സ) നിലനിര്‍ത്തുന്നത്. ഇബ്രാഹിം നബി (അ)മിന്റെ സഞ്ചാരപഥം മെസപ്പെട്ടോമിയ മുതല്‍ ഫലസ്തീന്‍ വരെയായിരുന്നു. അന്ത്യപ്രവാചകന്റെ കാലമാകുമ്പോഴേയ്ക്ക് ഈ പ്രവിശാലമായ പ്രവിശ്യയിലെ ഇബ്രാഹീമി മതം വികലമായിപ്പോയിരുന്നു. പക്ഷേ, ജനങ്ങള്‍ അനുവര്‍ത്തിച്ചുവന്ന അദ്ദേഹത്തിന്റെ ശീലങ്ങളില്‍ ചേലാകര്‍മം നിലനിന്നു. വൃത്തിയുടെ ഭാഗമായി അറേബ്യന്‍ പെനിന്‍സുല അതിനെ അന്ത്യപ്രവാചകനു മുമ്പേ നിലനിര്‍ത്തി. 

അതുകൊണ്ടാണ് നബി(സ്വ)യുടെ കാലത്തു കൂട്ടംകൂട്ടമായി ഇസ്‌ലാമിലേക്ക് ആളുകള്‍ വന്ന വിപ്ലവഗാഥകളിലൊന്നും ‘മാര്‍ഗകല്യാണ’ങ്ങളുടെ കഥകള്‍ കാണാത്തത്. ആഫ്രിക്ക, യൂറോപ്പ്, മിഡില്‍ ഈസ്റ്റ് എന്നിവിടങ്ങളില്‍നിന്നെല്ലാം മദീനയിലേക്കു മതംകൂടാന്‍ ആളുകള്‍ വന്നിട്ടുണ്ട്. പക്ഷേ, മദീനയില്‍ ഒരു ‘സുന്നത്ത് കല്യാണ ക്യാംപ് ‘ നടത്തേണ്ടിവന്നിട്ടില്ല. അതു നാഗരികതയുടെ സംഭാവനയാണ്. സ്ത്രീകളും ആരോഗ്യത്തിനു ഹാനികരമല്ലാത്ത ചേലാകര്‍മം പ്രവാചകാഗമനത്തിനു മുമ്പേ ചെയ്തുവന്നിരുന്നു. ഇസ്‌ലാം അതിനെ വ്യവസ്ഥപ്പെടുത്തിക്കൊണ്ടു നിലനിര്‍ത്തി. ഭഗാധരങ്ങളുടെ പുറത്തുള്ള അനാവശ്യമായ തൊലിമാത്രം നുള്ളിക്കളയലാണ് ഇസ്‌ലാമിലെ സ്ത്രീ ചേലാകര്‍മം. അതൊരിക്കലും ശിശ്‌നികാഗ്രഛേദമല്ല. ഗ്രന്ഥങ്ങളില്‍ പറഞ്ഞതുപോലെ ചര്‍മഛേദം മാത്രമാണ്. 

അത്തറിനെയും പെണ്ണിനെയും പുഷ്പത്തെയും ഒരേ ചരടിലെണ്ണിയ മാനവികസുഗന്ധമാണു മുഹമ്മദീയത. ധിഷണയും സ്‌നേഹവും ഭാവനയും പൂര്‍ണമായ ഒരു മനുഷ്യനേ അങ്ങനെ കോര്‍ക്കാനാവൂ. മറ്റൊരിടത്തു സ്ത്രീയെ സ്ഫടികത്തോടാണു നബി ഉപമിച്ചത്. ഐഹികവിഭവങ്ങളുടെ തലപ്പത്തു സ്ത്രീസൗന്ദര്യത്തെ പ്രതിഷ്ഠിച്ച പ്രായോഗികവാദികൂടിയാണു പ്രവാചകന്‍. അങ്ങനെയൊരാള്‍ക്കു സ്ത്രീയെ വേദനിപ്പിച്ചു പീഡിപ്പിക്കുന്ന സംസ്‌കാരം നിലനിര്‍ത്താനാവില്ല. പ്രവാചകനെ സ്ത്രീമോഹിയായി വികലമാക്കാന്‍ ശ്രമിക്കുന്നവര്‍ തന്നെയാണ് ആ പ്രവാചകന്റെ മതം സ്ത്രീലൈംഗികസ്വാതന്ത്ര്യത്തെ ഛേദിക്കുന്നുവെന്നു വിലപിക്കുന്നതെന്നതാണു വിരോധാഭാസം.

ചില വിമര്‍ശനങ്ങള്‍ക്കു മറുപടി പറയാതെ വയ്യ. സ്ത്രീയുടെ ശരീരം മുറിക്കുന്നതാണു ചിലര്‍ കാണുന്ന അനൗചിത്യം. പുതിയ ലെസ്ബിയന്‍ കോസ്മറ്റോളജിയുടെ ഭാഗമായ ശസ്ത്രക്രിയ പ്രകാരം സ്ത്രീ ലൈംഗികാവയവം വിവിധ രൂപങ്ങളില്‍ തുളച്ച് സെക്‌സ്‌ടോയിസ് ഘടിപ്പിക്കുന്നത് ആധുനികതയുടെ ഭാഗമാണ്. നിലക്കാത്ത ലൈംഗികാസ്വാദനത്തിനായി ഇങ്ങനെ വിവിധ രൂപങ്ങളില്‍ ഓപ്പറേഷനുകള്‍ നടക്കുന്നുവെന്ന് അന്വേഷണവായനയില്‍ ആര്‍ക്കും കണ്ടെത്താം. അതു പുതിയൊരു സംസ്‌കാരത്തിന്റെ ഭാഗമാണെന്നതിനാല്‍ ലൈംഗിക ന്യൂനപക്ഷത്തിന്റെ അവകാശമാണ്! ബോളിവുഡ് നടിമാരെ അനുകരിച്ച് മലയാളി സ്ത്രീകള്‍ മൂക്കിനു കുത്താന്‍ തുടങ്ങി. കര്‍ണാഭരണദ്വാരവും അങ്ങനെ തന്നെ. 

കേരളം പോലൊരു നാട്ടില്‍ ഇന്ന് അതു നിലവിലില്ലാത്തതിന്റെ കാരണം നിപുണകളായ സഹവര്‍ത്തിനികളുടെ അഭാവമാണ്; സാംസ്‌കാരിക മാറ്റം. മുസ്‌ലിംസ്ത്രീകള്‍ക്ക് അതു ഖണ്ഡിതമായി നിര്‍ബന്ധമല്ല താനും. വൃത്തിക്കും ആരോഗ്യത്തിനും ഇസ്‌ലാമിക ചേലാകര്‍മം ഉത്തമമാണെന്ന മെഡിക്കല്‍ പഠനങ്ങള്‍ ധാരാളമുണ്ട്. ഛേദിച്ചു കളയേണ്ട ഭാഗം സൃഷ്ടിപ്പില്‍ പൂര്‍ണനായ സ്രഷ്ടാവ് എന്തിനുണ്ടാക്കി എന്നതാണു ചില യുക്തിവാദികളെ അലട്ടുന്ന സംശയം. ബ്രാന്‍ഡഡ് കമ്പനികള്‍ ഒരുല്‍പന്നം പുറത്തിറക്കുമ്പോള്‍, ഏറ്റവും പ്രധാനഭാഗങ്ങള്‍ കവര്‍ ചെയ്തിട്ടു മാത്രമേ പുറത്തിറക്കാറുള്ളൂ, മുഖാവരണം നീക്കം ചെയ്താലേ ഉപയോഗം എളുപ്പത്തില്‍ ആവുകയുള്ളൂ എന്ന് യുക്തികൊണ്ട് തിരിച്ചു ചിന്തിച്ചാല്‍ തീരുന്ന പ്രശ്‌നമേ അതിലുള്ളൂ.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter