തീവ്രത ഇസ്‌ലാമിന്റെ ഭാഗമേയല്ല
പരക്കെ പറയപ്പെടുന്നതാണ് തീവ്രവാദം, മൗലിക വാദം എന്നൊക്കെ. എന്നാല്‍ ഇവയുടെ ശരിയായ നിര്‍വചനം പറയുന്നവര്‍ പറയാറില്ല. എന്തുകൊണ്ടെന്നാല്‍ അവര്‍ക്കു കുറ്റമാരോപിക്കാനൊരു വര്‍ഗത്തെ വേണം. കുറ്റവാളിയാവണമെന്നോ കുറ്റകൃത്യമാവണമെന്നോ ഇല്ലെന്ന വിധമാണ് ആരോപണവര്‍ഷം. ''ബുദ്ധിയുടെയും, ഭാവനയുടെയും അപാരമായ സാധ്യതകളെ മുറിച്ചുകളഞ്ഞു അവനെ തങ്ങള്‍ ഏതു വിധത്തില്‍ കാണുവാന്‍ ശ്രമിക്കുന്നുവോ അതിലേക്കു ചുരുക്കി കാലത്തില്‍ നിന്നും, സാഹചര്യത്തില്‍ നിന്നുമകറ്റി ഒരു ഫ്രീസറാക്കുന്ന പോലെ എന്നുവെച്ചാല്‍ ജൈവമനുഷ്യനെ മൃതമനുഷ്യനാക്കുന്നതത്രേ മതത്തിന്റെ ഒരു ധര്‍മം.'' പിന്നെയും നീളുന്ന വിശദീകരണങ്ങളില്‍ കാണുന്നത് മുകളില്‍ പറഞ്ഞ ആരോപണങ്ങളുടെ വകഭേദങ്ങളാണ്. (വേട്ടക്കാരനും വിരുന്നുകാരനും).
വാസ്തവത്തില്‍ 'മൗലികത' എന്നു പറയുന്നത് മറ്റൊന്നിന്റെ നീരസമാവുന്നില്ല. ചിന്ത, ഭാവന, അവകാശം -ഇതൊക്കെ വകവെച്ചുകൊണ്ടുള്ളതാണ് മതാദര്‍ശങ്ങള്‍. ചിന്തയുടെ മൂര്‍ത്ത ഭാവമാണ് മതത്തിന്റെ മൗലികത തന്നെ. പിന്നെ ഭാവനകള്‍ക്കു വിലങ്ങു വെച്ചു മൃതമനുഷ്യനാക്കുന്നതാണ് മൗലികത എന്ന കണ്ടെത്തല്‍ ഒരുതരം ഹിമാലയന്‍ ഒഴിഞ്ഞുമാറലല്ലാതെ മറ്റൊന്നുമല്ല. മൗലികവാദവും, തീവ്രവാദവും വേര്‍ത്തിരിച്ചറിയാത്തവരില്‍നിന്നുള്ള വിശദീകരണങ്ങളും, വ്യാഖ്യാനങ്ങളുമാണ് നിര്‍ഭാഗ്യവശാല്‍ ഇപ്പോള്‍ മാര്‍ക്കറ്റില്‍ ഇവ്വിഷയകമായി ലഭ്യമാകുന്നത്. എന്നാല്‍ ഒരു മതത്തില്‍ അടിയുറച്ചു വിശ്വസിക്കുന്നത് മതമൗലികവാദമല്ല. എന്തുകൊണ്ടെന്നാല്‍ അതൊരു വാദമേ ആകുന്നില്ല. അതൊരു അവകാശമേ ആകുന്നുള്ളൂ. ഏതു മതത്തില്‍ വിശ്വസിക്കാനും, വിശ്വസിക്കാതിരിക്കാനും, പാതി വിശ്വസിക്കാനും, പാതി തള്ളാനും ഏതൊരാള്‍ക്കുമുള്ള അവകാശം മൗലികമാണ്. അതു പാടില്ലെന്ന വാദമാണ് മൗലിക വാദം. സ്വബുദ്ധിയില്‍നിന്നോ, പഠനത്തില്‍നിന്നോ കണ്ടെത്തിയതും, അറിഞ്ഞതും തെരഞ്ഞെടുക്കാനുള്ള അവകാശ നിഷേധം കടുത്ത മനുഷ്യാവകാശ ലംഘനവും കഠിനമായ അധിനിവേശപരവുമാണ്. 'തീവ്രവാദം' ഇതിലും വേണം ഒരു വ്യാഖ്യാനം. അവകാശങ്ങള്‍ ചോദിക്കുന്നത്, അതിനു വേണ്ടി പോരാടുന്നത് തീവ്രവാദമാകുന്നില്ല. ഇറാഖിലെ പോരട്ടം ന്യായത്തിനു വേണ്ടിയുള്ള ധര്‍മസമരമാണ്. അവരെ തീവ്രവാദികളെന്നു വിളിക്കാനാകില്ല. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരം തീവ്രവാദസമരമല്ല. ഗാന്ധിജിയും, നെഹ്‌റുവും, അലി സഹോദരന്‍മാരും തീവ്രവാദികളായിരുന്നില്ല. എന്നാല്‍ ധര്‍മം പുലരാനുള്ള പോരാട്ടം അധര്‍മം പ്രവര്‍ത്തിച്ചുകൊണ്ടാവരുത്. അനീതിക്കെതിരിലുള്ള ചെറുത്തുനില്‍പിനു നീതിയുടെ പിന്തുണ വേണം. ആയുധമെടുത്തുള്ള യുദ്ധം പോലും ധര്‍മപരമാവണം. ഇവിടെ നീതിരഹിതമായി പ്രവര്‍ത്തിക്കുന്ന ശക്തികളെ തീവ്രവാദികളെന്നു വിളിക്കാന്‍ നാവുകള്‍ മടിക്കുന്നത് മനസ്സിലാവുന്നില്ല. നന്നായി താടി വളര്‍ത്തി, മാന്യമായി വസ്ത്രം ധരിച്ചു, കൃത്യമായി പള്ളിയില്‍ പോകുന്നവരാണ് തീവ്രവാദികളെന്നു പറഞ്ഞുകൊടുത്തത് പകര്‍ത്തെഴുതുകയാണ് ചിലര്‍. നീതിനിഷേധത്തിനെതിരില്‍ ഉയരുന്ന കൈകള്‍ക്കു വിലങ്ങു തീര്‍ക്കുന്നതാണ് തീവ്രവാദം.
എന്നാല്‍ മറ്റേതെങ്കിലും മതവിശ്വാസത്തില്‍ കൈക്കടത്തുകയോ, അടിച്ചേല്‍പ്പിക്കുകയോ ചെയ്യുന്നത് തീവ്രവാദ പ്രവര്‍ത്തനമാണ്. ഇസ്‌ലാം ഒരു ഘട്ടത്തിലും മറ്റൊരാളില്‍ അടിച്ചേല്‍പിക്കാന്‍ അനുവാദം നല്‍കിയിട്ടില്ല. ''എ.ഡി. 1001 ഇന്ത്യയില്‍ ആദ്യത്തെ ഇസ്‌ലാമിക ആക്രമണം ഉണ്ടായത്. മഹ്മൂദ് ഹസ്‌നിയും അതിനുശേഷം അഫ്ഘാന്‍കാരും, തുര്‍ക്കികളും, മംഗോളികളുമായി മുസ്‌ലിംകള്‍ ഇന്ത്യ ആക്രമിച്ചു കൊണ്ടിരുന്നു.'' (വേട്ടക്കാരനും വിരുന്നുകാരനും -ആനന്ദ്, പുറം- 329). രാഷ്ട്രീയാധികാരത്തിനു വേണ്ടിയുള്ള ഇത്തരം രാഷ്ട്രീയ അധിനിവേശങ്ങളെ 'ഇസ്‌ലാമിക' ആക്രമണമായി തന്നെ പറഞ്ഞു പ്രചരിപ്പിക്കുന്നതില്‍ ചിലര്‍ക്കുള്ള ആനന്ദം എന്തുകൊണ്ടാണെന്ന് പുസ്തക രചയിതാവായ ആനന്ദിനോട് തന്നെ ചോദിക്കണം. ആ പുസ്തകത്തില്‍തന്നെ അതേ പുറത്തില്‍ പറയുന്ന മറ്റൊരു ഭാഗം ശ്രദ്ധിച്ചുനോക്കുക:
''മതപ്രചാരണത്തിനോ ജിഹാദിനോ മാത്രം വന്നവരായിരുന്നില്ല അവരാരും.....'' പിന്നെന്തിനാണ് ഇവര്‍ ഇസ്‌ലാമിക ആക്രമണം എന്നു പറയുന്നത്. അലക്‌സാണ്ടറുടെ ആക്രമണത്തെ ക്രിസ്ത്രീയാക്രമണം എന്നു പറയാത്തവര്‍ പേരു നോക്കി ജാതിയും, മതവും പ്രതിക്കൂട്ടിലാക്കണമെന്ന് വാശിപിടിക്കുന്നത് നന്മയാകാനിടയില്ല. മനുഷ്യനുണ്ടായ കാലം മുതലുള്ള രാഷ്ട്രീയ സംഘട്ടനങ്ങളെ മതത്തിന്റെ കണ്ണാടി വെച്ചു കാണാനുള്ള ശ്രമങ്ങളാണ് പ്രശ്‌നങ്ങള്‍ ശരിയായ വിധം വിശദീകരിക്കപ്പെടാതെ പോയത്. ''ഇസ്‌ലാമിക ചരിത്രത്തിലുടനീളം തീവ്രവാദവും മൗലികവാദവും നിലനിന്നു.'' (വേട്ടക്കാരനും വിരുന്നുകാരനും -ആനന്ദ്, പുറം-224). ഒറ്റവാക്കിലുള്ള ഒരഭിപ്രായമല്ലാതെ എവിടെ, എപ്പോള്‍, എന്തുകൊണ്ട് എന്ന വിവരണമില്ല. 'ഉടനീളം തീവ്രവാദവും മൗലികവാദവും നില നിന്നു' എന്നു പറയാന്‍ എളുപ്പമാണ്. എന്നാല്‍ കാര്യകാരണ സഹിതം ആയിരുന്നോ എന്നു പരിശോധിക്കുമ്പോഴാണ് വിഷയദാരിദ്ര്യത്തിന്റെ സൃഷടിയാണ് ഇതെന്നു ബോധ്യപ്പെടുക. മതത്തിന്റെ മനുഷ്യമുഖങ്ങള്‍ പറയാതെ, പഠിക്കാതെ മതത്തെയോ, മതവിശ്വാസികളെയോ കുറ്റപ്പെടുത്തുന്നത് പരിഷ്‌കൃതമല്ല. ഏതെങ്കിലും ഭരണാധികാരി എന്തെങ്കിലും പ്രവര്‍ത്തിച്ചു എന്നത് മതത്തിന്റെ നിറമാക്കി അവതരിപ്പിക്കുന്നതും സത്യസന്ധമല്ല. സെക്യുലറിസത്തോടു മുസ്‌ലിംകള്‍ യുദ്ധം പ്രഖ്യാപിക്കാതെ തരമില്ല. വ്യക്തിപരമായും, ഒറ്റക്കും, കൂട്ടായും, നിരായുധരായും ആയുധമെടുത്തും സെക്യുലറിസ്റ്റുകളോടു പോരാടേണ്ട സ്ഥിതിയാണ് ഇന്നുള്ളത്. അവസാനത്തെ സെക്യൂലറിസ്റ്റും മരിച്ചുവീഴുന്നതുവരെ ഇസ്‌ലാമിസ്റ്റുകള്‍ ജിഹാദിനൊരുങ്ങുകയാണ്.'' (മുസ്‌ലിം റിവ്യൂവില്‍നിന്ന് 'വേട്ടക്കാരനും വിരുന്നുകാരനും' പുറം-267)
''അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ജിഹാദ് ഉപേക്ഷിച്ച ഒരു ജനതയും അപമാനിതരാകാതെ കടന്നുപോവുകയില്ല.'' ('വിവേകം' മാസിക). ഇങ്ങനെയുള്ള മൂര്‍ച്ചകൂടിയ വാക്കുകള്‍ കൊണ്ട് ഇസ്‌ലാമിനെ ഇകഴ്ത്താനാണ് ഇസ്‌ലാമിസ്റ്റുകളെന്നവകാശപ്പെട്ടവര്‍ ശ്രമിച്ചത്. മതം തെറ്റിദ്ധരിക്കാന്‍ ഇവരും കാരണക്കാരായി. വാസ്തവത്തില്‍ മേല്‍ പറഞ്ഞ രണ്ടും ഇസ്‌ലാമിന്റെ തനതു കാഴ്ചപ്പാടല്ല. തീവ്രവാദത്തിലേക്കുള്ള റിക്രൂട്ട്‌മെന്റിനുള്ള വാചക ക്കസര്‍ത്തുകള്‍ മാത്രമാണ്. ഏതെങ്കിലും ഘട്ടത്തില്‍ മതേതര വാദികളോടു പൊരുതാന്‍ ഇസ്‌ലാം പറയുന്നില്ല. എന്നും ജിഹാദിലായി കാലം കഴിക്കുന്ന ഒരുതരം മിലിട്ടറിസവുമല്ല ഇസ്‌ലാം. തീവ്രവാദത്തിന്റെ അര്‍ത്ഥങ്ങള്‍ എന്തുതന്നെയായാലും എതെത്ര ലാഘവവല്‍ക്കരിക്കാന്‍ ശ്രമിച്ചാലും അതിന്റെ അനര്‍ത്ഥം വലുതാണ്. അതും പിടികൂടുക തീവ്രവാദികളെ മാത്രമാവില്ല. ഇസ്‌ലാമിന്റെ പേരിലോ, ചെലവിലോ, മറവിലോ തീവ്രവാദം പ്രചരിപ്പിക്കാന്‍ പാടില്ലെന്നത് പ്രമാണങ്ങള്‍ കൊണ്ടുതന്നെ ബോധ്യപ്പെട്ടതാണ്. മതത്തിലേക്കു ആളെ ചേര്‍ക്കാനല്ല, ചിന്താവിഹായസ്സിലേക്കു ജനങ്ങളെ ക്ഷണിക്കാനാണ് ഖുര്‍ആന്‍ ആവര്‍ത്തിച്ചാവശ്യപ്പെടുന്നത്. "താങ്കളുടെ രക്ഷിതാവ് ഉദ്ദേശിക്കുന്ന പക്ഷം ഭൂമിയിലുള്ളവരെല്ലാം തന്നെ ഒന്നടങ്കം സത്യവിശ്വാസം സ്വീകരിക്കുമായിരുന്നു. ജനങ്ങള്‍ സത്യവിശ്വാസം കൈക്കൊള്ളുന്നവരാകാന്‍ താങ്കള്‍ അവരെ നിര്‍ബന്ധിക്കുകയാണോ"(വി.ഖു: 11:99).
നിര്‍ഭാഗ്യവശാല്‍ ഇസ്‌ലാമിക പ്രവര്‍ത്തനത്തിന്റെ പേരിലോ, മറവിലോ മതത്തിന്റെ മൗലിക വീക്ഷണവുമായി യോജിക്കാത്ത വിധം ഒറ്റപ്പെട്ട പ്രവര്‍ത്തനങ്ങള്‍ നടന്നതായി രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. എന്നാല്‍ 'ദീനി ദഅ്‌വത്ത്' അഥവാ 'അല്ലാഹുവിനെ കുറിച്ചുള്ള സുവിശേഷം' അറിയിക്കുന്നത് 'മതപരിവര്‍ത്തനമാ'ണെന്ന കടുത്ത ആരോപണം ചില എഴുത്തുകാര്‍ നിരന്തരം ഇസ്‌ലാമിനെതിരില്‍ ഉന്നയിക്കാറുണ്ട്. പണ്ഡിതന്‍മാരില്‍നിന്നു ഇങ്ങനെയൊരു പ്രവര്‍ത്തന പ്രചാരണം നടന്നിരുന്നില്ല. പക്ഷെ, പലപ്പോഴും തെറ്റായ വ്യാഖ്യാനങ്ങളുണ്ടായി എന്നതു നിഷേധിച്ചു കൂടാ. ശ്രീ. ആനന്ദ് എഴുതിയ 'വേട്ടക്കാരനും വിരുന്നുകാരനും' എന്ന പുസ്തകത്തില്‍ പേജ് 335-340 കളില്‍ എഴുതിയ പരാമര്‍ശങ്ങള്‍ അറിഞ്ഞുകൊണ്ടുള്ള വളച്ചൊടിക്കല്‍ മാത്രമാണ്. ഏതെങ്കിലും മതവിഭാഗങ്ങളോടോ, മതനിഷേധ വിഭാഗങ്ങളോടോ ശത്രുതാപരമായ സമീപനം വെച്ചുപുലര്‍ത്താന്‍ ഇസ്‌ലാം ആരെയും അനുവദിക്കുന്നില്ല. പിന്നെ എങ്ങനെയാണവരെ ഓടിച്ചു അവിടെ ഇസ്‌ലാമീകരിക്കാന്‍ ശ്രമിക്കുക. ഇതു തികച്ചും വിവേചനപരമായ കുറ്റാരോപണം മാത്രമാണ്. ഗോത്ര, വിഭാഗീയ, വര്‍ഗീയ പക്ഷത്തിലേക്കുള്ള ക്ഷണം ഇസ്‌ലാമിന്റെ അജണ്ടയിലേ ഇല്ലെന്നു പ്രവാചകന്‍ മുഹമ്മദ്(സ) ശക്തമായി തന്നെ പ്രസ്താവിച്ചിട്ടുണ്ട്. പിന്നെ എങ്ങനെയാണ് വര്‍ഗീയവും, വിഭാഗീയവുമായ അതിരുണ്ടാക്കി സംഘബലം കൂട്ടുക. ''നിങ്ങള്‍ക്ക് നിങ്ങളുടെ മതം, എനിക്ക് എന്റെ മതം'' (വി.ഖു: 109:06).
ഈ സൂക്തം നല്‍കുന്ന ഗുണപാഠം ശരിയറിഞ്ഞു പ്രവര്‍ത്തിച്ചാല്‍ അതിന്റെ പ്രതിഫലവും, തെറ്റാണെങ്കില്‍ അതിന്റെ പ്രതിഫലവും കാണാതിരിക്കില്ല. എന്നാല്‍ പരസ്പരം നിര്‍ബന്ധിക്കാനോ, സന്ധിയാവാനോ, പങ്കാളിയാവാനോ അതിലൂടെ മതവിശ്വാസത്തിന്റെ മൗലികത ഭംഗപ്പെടുത്താനോ പാടില്ലെന്നാണ്. സമൂഹത്തിന്റെ ഉയര്‍ന്ന പ്രതിഫലമാണ് ഇസ്‌ലാമിന്റെ ലക്ഷ്യം അരാജകത്വങ്ങള്‍ വരാതെ സൂക്ഷിക്കാന്‍ അതു വിശ്വാസികളെ ഓര്‍മിപ്പിക്കുന്നു. ജനകീയമാണതിന്റെ അടിത്തറ. ഏതെങ്കിലും വിധേനയുള്ള അപസ്വരങ്ങള്‍ ഇസ്‌ലാം അംഗീകരിക്കുന്നില്ല. മറ്റേതെങ്കിലും വിശ്വാസപ്രമാണങ്ങളെ അധിക്ഷേപിക്കുകയോ, നിന്ദിക്കുകയോ പാടില്ലെന്നു ഇസ്‌ലാം ബോധനം നല്‍കുന്നു. അതോടൊപ്പം സമവായവും, സഹവര്‍ത്തിത്വവും വളര്‍ത്തുകയും ചെയ്യുന്നു. മനുഷ്യര്‍ ദുഷിക്കാനിടയുള്ള എല്ലാ ദുശ്ശീലങ്ങളും മതം എതിര്‍ക്കുന്നു. മുസ്‌ലിമിന്റെ ജീവിത ചിട്ടകളും, ചിന്തകളും, രീതികളും, ആരാധനകളും, ആചാരങ്ങളും സമൂഹവല്‍ക്കരണവുമായി അടുത്താണ് നിലകൊള്ളുന്നത്. ഇസ്‌ലാം അനീതിക്കെതിരില്‍ ശബ്ദിക്കാനാവശ്യപ്പെട്ട മതമാണ്. എന്നാല്‍ ഏതു പ്രതികരണവും പ്രതിഷേധവും നീതി പൂര്‍വ്വമാകണം എന്നു ഇസ്‌ലാമിനു നിര്‍ബന്ധമുണ്ട്. ഒരിക്കല്‍ പോലും അതിരു വിടാന്‍ മതം അനുവദിക്കില്ല. മത നേതൃത്വമോ, പണ്ഡിതരോ, മതഗ്രന്ഥങ്ങളോ അധര്‍മത്തിനെതിരല്ലാതെ രാഷ്ട്രീയ സാമ്പത്തിക കാര്യങ്ങള്‍ക്കായി പ്രതിഷേധ സ്വരങ്ങളുമായി രംഗത്തുവന്നതിനു രേഖയില്ല. 'ജിഹാദ്' പലപ്പോഴും തെറ്റിദ്ധരിപ്പിച്ചാണ് പ്രചരണം നടത്താറുള്ളത്. ഇസ്‌ലാമിലെ ജിഹാദ് അനിവാര്യ ഘട്ടത്തിലാണ്. പ്രത്യേകിച്ചും സ്വശരീരത്തിന്റെ സംസ്‌കരണമാണ് പ്രധാന ജിഹാദ്. ജിഹാദ് മതത്തിന്റെയും, മനുഷ്യത്വത്തിന്റെയും നിലനില്‍പിനേയും വളര്‍ച്ചയേയുമാണ് ലക്ഷ്യമാക്കുന്നത്. സത്യം നിലനില്‍ക്കേണ്ടതിനാണ് അതൊഴിച്ചുകൂടാതായി വരുന്നത്. അതിനാല്‍ അതാവശ്യമായി വരുന്ന ഘട്ടത്തില്‍ സത്യവിശ്വാസത്തിനു (ഈമാന്‍) ശേഷം അതിനു തന്നെയാണ് പ്രഥമ സ്ഥാനം. എല്ലാ ആരാധനകളുടെയും, അനുഷ്ഠാനങ്ങളുടെയും മൗലികമായ ചൈതന്യം അതില്‍ ഒത്തുചേരുന്നുണ്ട്. ദേഹേഛയും ലൗകികമായ ആസക്തിയും വെടിയലും, ദേഹവും ധനവും നാടും വീടും മറ്റും ത്യജിച്ചു അല്ലാഹുവിലേക്കു പ്രയാണംചെയ്യലുമാണത്. (തുഹ്ഫതുല്‍ മുജാഹിദീന്‍ -ശൈഖ് സൈനുദ്ദീന്‍ മഖ്ദൂം: പരിഭാഷ -സി.ഹംസ, പുറം-107)
മുസ്‌ലിംകള്‍ യുദ്ധപ്രഭുക്കളല്ല. ഇസ്‌ലാം യുദ്ധത്തിന്റെ കാഹളം ഉയര്‍ത്തുന്നുമില്ല. എന്നാല്‍ അധര്‍മ്മവും അരാജകത്വവും വഴി ജനജീവിതം താറുമാറാവുകയും, സത്യം തകര്‍ക്കപ്പെടുകയും ചെയ്യുമ്പോള്‍ സ്വാഭാവികമായി അതില്‍ ഇടപെടല്‍ മനുഷ്യരുടെ ബാധ്യതയായി മതം അനുശാസിക്കുന്നു. 10% വരുന്ന ഉപരിവിഭാഗത്തിന്റെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിനായുള്ള കുതന്ത്രങ്ങളാണ് ലോകത്തിന്റെ ധനകാര്യസ്ഥാപനങ്ങള്‍ അഥവാ ബാങ്കുകള്‍ സംരക്ഷിക്കുന്നത്. 90 ശതമാനത്തെ പിഴിഞ്ഞൂറ്റി 10 ശതമാനത്തെ സുഖിപ്പിക്കുന്ന സാമ്പത്തിക ക്രമം ആരുടേതാണ്? ഈ മുതലാളിത്ത സംസ്‌കാരം ഇസ്‌ലാം തള്ളിക്കളയുന്നു. ഇസ്‌ലാമില്‍ സാമ്പത്തിക സ്വാതന്ത്ര്യമുണ്ട്. എന്നാലത് നിയന്ത്രണവിധേയമാണ്. അതുപോലെ സാമ്പത്തിക ചൂഷണങ്ങള്‍ ഇസ്‌ലാം ഒരുനിലക്കും അനുവദിക്കുന്നുമില്ല. ലണ്ടനിലെ മലഞ്ചരക്കു വ്യാപാരം നിയന്ത്രിച്ചിരുന്ന ഡച്ചുകാരായ കച്ചവടക്കാര്‍ ഒരു റാത്തല്‍ കുരുമുളകിനു 5 ഷില്ലിംഗ് (പഴയ കാല നാണയം) വര്‍ദ്ധിപ്പിച്ചു. മറ്റു കച്ചവടക്കാരായ ബ്രിട്ടീഷുകാര്‍ക്കത് സഹിച്ചില്ല. ലണ്ടന്‍ നഗരത്തിലെ 24 കച്ചവടക്കാര്‍ 1599 ഡിസംബര്‍ 31നു ഒരു കമ്പനി രൂപീകരിച്ചു. ഈ കമ്പനിക്കു ഔദ്യോഗികാനുമതി ലഭിച്ചു. 1600 ആഗസ്ത് മാസം 24നു കുരുമുളകു തേടി 500 കേവു ഭാരമുള്ള 'ഹെക്ടര്‍' എന്ന പടക്കപ്പല്‍ ഇന്ത്യയിലെ സൂറത്ത് തുറമുഖത്ത് നങ്കൂരമിട്ടു. വില്യം ഹോക്കിന്‍സായിരുന്നു കപ്പിത്താന്‍. ഈ വരവാണ് ഇന്ത്യാമഹാരാജ്യത്തിന്റെ ഭാഗധേയംപോലും മാറ്റിമറിച്ച ബ്രിട്ടീഷ് ആധിപത്യത്തിന്റെ തുടക്കം. വളരെ ചെറുതെന്നു തോന്നിപ്പിക്കുന്ന ഈ തുടക്കം ഒരു രാഷ്ട്രത്തിന്റെ, ഒരു ജനതയുടെ മുഴുവന്‍ ധനവും കട്ടു കടത്താനും, കൊള്ളചെയ്യാനും അവരുടെ അവകാശങ്ങളൊക്കെ ചവിട്ടിയരക്കാനും കാരണമായി.
'സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍' പുറം 20-21 ല്‍ രേഖപ്പെടുത്തിയിട്ടുള്ള ഈ കച്ചവടക്കമ്പനിയാണ് (ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി) ഇന്ത്യയിലെ നരനായാട്ടുകള്‍ക്കും, രക്തപ്പുഴ ഒഴുക്കുന്നതിനും കാരണമായത്. അടിസ്ഥാന വിഷയം പണം നേടാനുള്ള കുതന്ത്രമായിരുന്നു ബ്രിട്ടന്റെ ലക്ഷ്യം. ധനം വാരാനുള്ള പല വഴികളാണ് ധന മോഹികള്‍ സ്വീകരിക്കുന്നത്. ചരിത്രത്തിലുടനീളം അതുണ്ടായിട്ടുണ്ട്. തീവ്രവാദവും ഭീകരവാദവും ആധുനിക വിശകലനത്തില്‍ മുതലാളിത്ത സൃഷ്ടിയാണ്. തീവ്രവാദികള്‍ക്കും പ്രതിരോധിക്കുന്നവര്‍ക്കും ഒരേസമയം ആയുധം വിറ്റു കാശാക്കാന്‍ ഇതുവഴി മുതലാളിമാര്‍ക്ക് കഴിയുന്നു. തീവ്രവാദത്തിന്റെ വേരുകള്‍ മതത്തിലല്ല തപ്പേണ്ടത് മുതലാളിമാരുടെ തലച്ചോറുകളിലാണ്.
Leave A Comment