എന്തുകൊണ്ട് ബഹുഭാര്യത്വം? ബഹുഭര്‍തൃത്വമില്ല?

സമകാലിക സാഹചര്യത്തില്‍ ഏറെ ചര്‍ച്ചക്ക്‌ വിധേയമായിക്കൊണ്ടിരിക്കുന്ന വിഷയമാണ്‌ ഇസ്‌ലാമിലെ ബഹുഭാര്യത്വം. ബഹുഭാര്യത്വത്തെ കുറിച്ചുളള വാദങ്ങളും പ്രതിവാദങ്ങളും പലയിടത്തായി നടന്നു കൊണ്ടിരിക്കുന്നു. ഒടുവില്‍ ബഹുഭാര്യത്വം നിയന്ത്രിക്കാനുളള നിയമപരിഷ്‌കാരങ്ങണങ്ങള്‍ വരെ ഗവണ്‍മെന്റ്‌ തലത്തില്‍ നടന്നു കൊണ്ടിരിക്കുകയാണ്‌. ഈയൊരവസ്ഥയില്‍ ഈ വിഷയത്തെ കൂടുതല്‍ അടുത്തറിയാനുളള ശ്രമമാണ്‌ നാമിവിടെ നടത്തുന്നത്‌. ഒരേ സമയം ഒന്നിലധികം ഭാര്യമാരെ സ്വീകരിക്കുന്ന രീതിയാണ്‌ ബഹുഭാര്യത്വം. ബഹുഭാര്യത്വമെന്നത്‌ ഇസ്‌ലാം മതത്തിന്റെ കണ്ടുപിടിത്തമല്ല. ലോകാരംഭം മുതല്‍ കഴിഞ്ഞു പോയ ഒട്ടനവധി നാഗരികതകളും മതസമൂഹങ്ങളും യാതൊരു വിധ പരിധികളോ നിബന്ധനകളോ ഇല്ലാതെ ബഹുഭാര്യത്വം സ്വീകരിച്ചിരുന്നതായി ചരിത്രത്തില്‍ കാണാന്‍ കഴിയും. കുറച്ച്‌ നൂറ്റാണ്ടുകള്‍ക്ക്‌ മുമ്പ്‌ മാത്രമാണ്‌ അതത്‌ മതങ്ങളിലെ പുരോഹിതന്‍മാരും മേലധികാരികളും ചേര്‍ന്ന്‌ ഈ സമ്പ്രദായത്തിന്‌ നിയന്ത്രണമേര്‍പ്പെടുത്തിയത്‌.

നിശ്ചിത പരിധിയോ വ്യക്തമായ നിബന്ധകളോ ഇല്ലാതിരുന്ന രീതിക്ക്‌ ഇസ്‌ലാം നാലു വരെ മാത്രം എന്ന പരിധി നിശ്ചയിക്കുകയും അതില്‍ തന്നെ നീതി പുലര്‍ത്താന്‍ സാധിക്കാത്തവര്‍ ഒന്ന്‌ മാത്രം സ്വീകരിച്ചാല്‍ മതിയെന്ന്‌ നിഷ്‌കര്‍ശിക്കുകയും ചെയ്യുന്നു. വിശുദ്ധ ഖുര്‍ആന്‍ 4ാം അധ്യായം 3ാം സൂക്തത്തിന്റെ അടിസ്ഥാനത്തിലാണത്‌. അതിങ്ങനെയാണ്‌  ‘അനാഥകളുടെ കാര്യത്തില്‍ നിങ്ങള്‍ക്കു നീതി പാലിക്കാനാവില്ലെന്ന്‌ നിങ്ങള്‍ ഭയപ്പെടുകയാണെങ്കില്‍ (മറ്റു) സ്‌ത്രീകളില്‍ നിന്ന്‌ നിങ്ങള്‍ ഇഷ്‌ടപ്പെടുന്ന രണേ്‌ടാ, മൂന്നോ, നാലോ പേരെ വിവാഹം ചെയ്‌തുകൊള്ളുക. എന്നാല്‍ (അവര്‍ക്കിടയില്‍) നീതിപുലര്‍ത്താനാവില്ലെന്ന്‌ നിങ്ങള്‍ഭയപ്പെടുകയാണെങ്കില്‍ ഒരുവളെ മാത്രം (വിവാഹം കഴിക്കുക)’. അനാഥകളുടെ കാര്യങ്ങള്‍ വിശദീകരിക്കുന്നിടത്താണ്‌ വിശുദ്ധ ഖുര്‍ആനില്‍ ഈ സൂക്തം പ്രതിപാദിക്കപ്പെട്ടിരിക്കുന്നത.്‌ അനാഥകളുടെ മുതല്‍ സൂക്ഷമതയോടെ കൈകാര്യം ചെയ്യണമെന്നും അവരില്‍ കാര്യബോധം കാണുന്ന പക്ഷം അവരുടെ സ്വത്തുക്കള്‍ അവര്‍ക്ക്‌ തന്നെ വിട്ടുകൊടുക്കണമെന്നുമാണ്‌ ഇസ്‌ലാമിന്റെ നിലപാട്‌. യുദ്ധത്തിലും മറ്റുമായി പിതാക്കന്‍മാര്‍ നഷ്‌ടപ്പെട്ട മക്കളുടെ (അനാഥകളുടെ) സംരക്ഷണ ചുമതല ഏറ്റെടുത്തിരുന്ന ഒരുപാട്‌ ആളുകള്‍ അക്കാലത്തുണ്ടായിരുന്നു. അവരില്‍ ചിലര്‍ അനാഥ പെണ്‍കുട്ടികള്‍ മുതിര്‍ന്ന്‌ വന്നപ്പോള്‍ അവരുടെ സമ്പത്തില്‍ നോട്ടമിട്ടും മാന്യമായ വിവാഹമൂല്യം നല്‍കാതെയും അവരെ വിവാഹം കഴിക്കാന്‍ മുതിര്‍ന്നു. ഇത്‌ ഖുര്‍ആന്‍ തടഞ്ഞു.

അനാഥകളെ വിവാഹം ചെയ്യുകയാണെങ്കില്‍ അത്‌ നീതിപൂര്‍വമാവണമെന്നും അതിന്‌ ഒരുക്കമല്ലെങ്കില്‍ അനാഥകളല്ലാത്ത മറ്റു സ്‌ത്രീകളിവിടയുണ്ടല്ലോ അവരെ രണ്ടോ മൂന്നോ നാലോ ആയി വിവാഹം ചെയ്യാമെന്നും എന്നാല്‍ നിങ്ങള്‍ അവര്‍ക്കിടയില്‍ നീതി പാലിക്കണമെന്നും അതിനാവില്ലെന്ന്‌ നിങ്ങള്‍ ഭയപ്പെടുകയാണെങ്കില്‍ ഒരുവളെ മാത്രം വിവാഹം കഴിക്കണമെന്നും കല്‍പ്പിക്കുന്ന മേല്‍പ്പറഞ്ഞ സൂക്തം അവതരിക്കുകയുണ്ടായി. അനാഥകളുമായി ബന്ധപ്പെട്ട അല്ലെങ്കില്‍ യുദ്ധവുമായി ബന്ധപ്പെട്ട ഒരു പ്രത്യേക സാഹചര്യത്തിലാണ്‌ ഈ സൂക്തത്തിന്റെ അവതരണം എന്നത്‌ കൊണ്ട്‌ ഇസ്‌ലാമിക രീതി ശാസ്‌ത്രമനുസരിച്ച്‌ ഈ നിയമം ആ ഒരു സാഹചര്യത്തിന്റെ മാത്രം നിയമമല്ല. മറിച്ച്‌ പൊതുവായ നിയമമാണ്‌. മാത്രമല്ല പ്രവാചകന്റെയും അവിടത്തെ അനുചരന്‍മാരുടെയും പ്രായോഗിക ജീവിതമനുസരിച്ചാണ്‌ ഈ സൂക്തത്തെ വിശദീകരിക്കേണ്ടത്‌. അങ്ങനെ നോക്കുമ്പോള്‍ ഈ സൂക്തമിറങ്ങിയതിന്‌ ശേഷം നാലിലധികം ഭാര്യമാരുണ്ടായിരുന്ന ആളുകളോട്‌ നാലില്‍ പരിമിതപ്പെടുത്തുവാന്‍ റസൂല്‍ നിഷ്‌കര്‍ഷിച്ചതായി കാണാന്‍ സാധിക്കും. എന്നാല്‍ ഏതെങ്കിലും ഒരു സാഹചര്യത്തില്‍ ഒന്നിലധികം ഭാര്യമാരെ സ്വീകരിക്കുന്നത്‌ പ്രവാചകന്‍(സ) നിരോധിച്ചതായോ എതിര്‍ത്തതായോ കാണാന്‍ സാധിക്കുന്നില്ല. മാത്രമല്ല അവിടത്തെ അനുചരന്‍മാരില്‍ പലരും യുദ്ധസാഹചര്യത്തിലും അല്ലാതെയും ഒന്നിലധികം ഭാര്യമാരെ സ്വീകരിച്ചിട്ടുമുണ്ട്‌.

അതുകൊണ്ട്‌ തന്നെ ഖുര്‍ആന്‍ പറഞ്ഞ ബഹുഭാര്യത്വത്തിനുള്ള അനുവാദം ഏതെങ്കിലും സാഹചര്യത്തില്‍ മാത്രമല്ലയെന്ന്‌ വ്യക്തമാണ്‌. ഇനി, ബഹുഭാര്യത്വമനുവദിച്ചത്‌ യുദ്ധം പോലുളള ഏതെങ്കിലും സാഹചര്യത്തില്‍ മാത്രമാണെന്ന്‌ വിചാരിച്ചാല്‍ തന്നെ, ഈ നിയമം അപ്രസക്തമാവുന്നില്ല. യുദ്ധം പോലുളള സാഹചര്യം ഏത്‌ സമൂഹത്തിലും എപ്പോഴും ഉണ്ടാവാന്‍ സാധ്യതയുണ്ട്‌. ദൈവ വിശ്വാസികളെ സംബന്ധിച്ചെടുത്തോളം ഏതൊരു നിയമങ്ങളേയും പോലെ ബഹുഭാര്യത്വം അനുവദിച്ചതിന്‌ പിന്നിലെ യുക്തിയും അറിയണമെന്ന്‌ നിര്‍ബന്ധം പിടിക്കേണ്ടതില്ല. അത്‌ അംഗീകരിക്കുകയും യുക്തി അറിയാന്‍ ശ്രമിക്കുകയുമാണ്‌ ചെയ്യേണ്ടത്‌. കാരണം എല്ലാം സൃഷ്‌ടിച്ച ദൈവത്തിന്‌ മാത്രമേ അത്‌ പൂര്‍ണമായി അറിയാന്‍ സാധിക്കുകയുളളു. ബഹുഭാര്യത്വം അനുവദിച്ചതിന്‌ പിന്നില്‍ വൈയക്തികവും സാമൂഹികവുമായ ഒരുപാട്‌ കാരണങ്ങള്‍ ഉണ്ടാവാം. മനുഷ്യന്റെ അടിസ്ഥാനചോദനയായ ലൈംഗികതയുടെ പൂര്‍ത്തീകരണമാണ്‌ വിവാഹത്തിന്റെ ഒരു മുഖ്യ ലക്ഷ്യം. പുരുഷന്റെയും സ്‌ത്രീയുടെയും ലൈംഗീക തലങ്ങള്‍ വ്യത്യസ്ഥമാണ്‌. ഉദാഹരണത്തിന്‌ സ്‌ത്രീക്ക്‌ ലൈംഗികമായ ഉണര്‍വുണ്ടാവാന്‍് സാഹചര്യവും സ്‌പര്‍ശനവുമൊക്കെ ആവശ്യമാണ്‌. നേരെ മറിച്ച്‌ പുരുഷന്റെ പ്രധാന ഉത്തേജനത്തിന്റെ കേന്ദ്രം കണ്ണാണ്‌.

കാഴ്‌ച മൂലം പ്രലോഭിതനാകാം, ആസക്തനാകാം. അത്‌ പോലെ ഏത്‌ അവസരങ്ങളിലും ലൈംഗീക ബന്ധത്തിന്‌ പുരുഷന്‍ സന്നദ്ധനായിരിക്കും എന്നാല്‍ സത്രീയെ സംബന്ധിച്ചിടത്തോളം എല്ലാ സമയങ്ങളും അതിന്‌ യോജിച്ചതായിരിക്കണമെന്നില്ല. ഇങ്ങനെ പ്രകൃതിപരമായ കാരണങ്ങളാല്‍ ഒരു ഭാര്യയിലൂടെ മാത്രം ലൈംഗീക പൂര്‍ത്തീകരണം സാധ്യമായില്ലെങ്കില്‍ പുരുഷന്മാരില്‍ ചിലര്‍ക്കെങ്കിലും ബഹുഭാര്യത്വം അനിവാര്യമായി വന്നേക്കുമെന്നാണ്‌ പഠനങ്ങള്‍ തെളിയിക്കുന്നത്‌. അത്‌ നിയമപരമായി അനുവദിക്കപ്പെടുന്നില്ലെങ്കില്‍ നിയമപരമല്ലാത്ത വിധത്തില്‍ അവ നേടിയെടുക്കാന്‍ അവര്‍ ശ്രമിച്ചു കൊണ്ടിരിക്കും. ലോകത്തുടനീളം നിലനില്‍ക്കുന്ന വ്യഭിചാരത്തിന്റെ വ്യാപനം അതാണ്‌ സൂചിപ്പിക്കുന്നത്‌. അത്തരം പ്രവൃത്തികളില്‍ ഏര്‍പ്പെടുന്നത്‌ ബഹുഭൂരിപക്ഷവും വിവാഹിതരാണ്‌ എന്നതാണ്‌ വസ്‌തുത. എന്നാല്‍ ലൈംഗികതയുടെ പൂര്‍ത്തീകരണം വിവാഹബന്ധത്തിലൂടെ മാത്രമേ ആകാന്‍ പാടുള്ളുവെന്ന്‌ നിഷ്‌കര്‍ഷിക്കുന്ന മതമാണ്‌ ഇസ്‌ലാം.

അത്‌ കൊണ്ട്‌തന്നെ അത്‌ പ്രയയോഗവല്‍ക്കരിക്കാന്‍ ആവശ്യമായ നിയമങ്ങളും ഇസ്‌ലാം ആവിഷ്‌കരിച്ചിട്ടുണ്ടാവുമെന്നാണ്‌ മനസ്സിലാക്കേണ്ടത്‌. ഇവിടെ സ്‌ത്രീയുടെ ഒരവകാശവും നിഷേധിക്കപ്പെടുന്നില്ല. അതേസമയം ബഹുഭാര്യത്വം നിരോധിക്കുകയും ഒപ്പം തന്നെ ധാര്‍മികജീവിതം നിര്‍ബന്ധിക്കുകയും ചെയ്യുന്നത്‌ പുരുഷന്റെ പ്രകൃതിപരമായ ചില ആവശ്യങ്ങള്‍ അടിച്ചമര്‍ത്തേണ്ട സാഹചര്യമുണ്ടാകുന്നു. അത്‌ പോലെ ഭാര്യയുടെ ലൈംഗിക ശേഷിക്കുറവ്‌, വന്ധ്യത, മാറാവ്യാധി തുടങ്ങിയവയും ഒന്നിലധികം ഭാര്യമാരെ സ്വീകരിക്കല്‍ അനിവാര്യമാക്കിത്തീര്‍ക്കുന്ന വൈയക്തിക കാരണങ്ങളാണ്‌. ഇത്തരം അവസ്ഥകളുണ്ടാവുമ്പോള്‍ വിവാഹ മോചനത്തിലൂടെ പ്രശ്‌നത്തിന്‌ പരിഹാരം കാണുന്നതിന്‌ പകരം അവരെ നിലനിര്‍ത്തി പ്രശനത്തിന്‌ ഉചിതമായ പരിഹാരം കാണാന്‍ ബഹുഭാര്യത്വത്തിലൂടെ സാധിക്കുന്നു.

ബഹുഭാര്യത്വം അനിവാര്യമാക്കിത്തീര്‍ക്കുന്ന സാമൂഹിക കാരണങ്ങളിലൊന്ന്‌ സ്‌ത്രീ-പുരുഷ അനുപാതത്തില്‍ സമൂഹത്തിലുണ്ടാവുന്ന വ്യത്യാസമാണ്‌്‌. സ്വാഭാവികപ്രസവം നടക്കുന്ന സമൂഹങ്ങളില്‍ ആയിരം പുരുഷന്മാര്‍ക്ക്‌ ഏകദേശം ആയിരത്തിപ്പത്ത്‌ സ്‌ത്രീകളുണ്‌ടാകുമെന്നാണ്‌ കണക്ക്‌. ഇതില്‍ തന്നെ ശൈശവ മരണം കൂടുതല്‍ സംഭവിക്കുക ആണ്‍ കുഞ്ഞുങ്ങളിലായിരിക്കുമെന്ന്‌ തെളിയിക്കപ്പെട്ടിട്ടുണ്ട്‌. ഇനി രണ്ട്‌ കൂട്ടരുടെയും അനുപാതം തുല്യമാണെന്ന്‌ കരുതിയാല്‍ തന്നെ സാധാരണയായി സ്‌ത്രീകളുടെ വിവാഹ പ്രായം പുരുഷന്റേതിനേക്കാള്‍ മുമ്പാണ്‌ സംഭവിക്കുന്നത്‌. ഒരു സ്ഥലത്ത്‌ വിവാഹ പ്രായമെത്തിയ പെണ്‍കുട്ടികള്‍ക്ക്‌ സമാനമായി വിവാഹ പ്രായമെത്തിയ പുരുഷന്‍മാര്‍ കുറഞ്ഞ അളവിലായിരിക്കും കാണപ്പെടുക. യുദ്ധങ്ങള്‍ പോലുളള സാഹചര്യങ്ങളില്‍ ഈ അനുപാതത്തില്‍ ഭീമമായ വ്യത്യാസമുണ്ടാകുന്നു. അങ്ങനെ വിവാഹം നിഷേധിക്കപ്പെടുന്ന അല്ലെങ്കില്‍ വിധവകളായിത്തീരുന്ന ഒരു പാട്‌ സ്‌ത്രീകള്‍ സമൂഹത്തിലുണ്ടാവുകയും അത്‌ സമൂഹത്തിന്റെ ധാര്‍മികമായ നിലനില്‍പിന്‌ ഭീഷണിയായിത്തീരുകയും ചെയ്യുന്നു. ഈയൊരു പ്രശ്‌നത്തിന്‌ പരിഹാരം കാണാന്‍ ബഹുഭാര്യത്വത്തിന്‌ സാധിക്കും.

ബഹുഭാര്യത്വം സ്വീകരിക്കണമെങ്കില്‍ ഭാര്യമാര്‍ക്കിടയില്‍ പൂര്‍ണമായ നീതി ഉറപ്പ്‌ വരുത്തണമെന്ന ഇസ്‌ലാമിന്റെ ശക്തമായ നിര്‍ദേശം, തന്റെ ഭര്‍ത്താവ്‌ മറ്റൊരു സ്‌ത്രീയെ വിവാഹം ചെയ്യുമ്പോള്‍ ആദ്യ ഭാര്യക്കുണ്ടാവുന്ന വൈകാരിക പ്രയാസങ്ങള്‍ തുടങ്ങിയ കാര്യങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ പുരുഷനെ സംബന്ധിച്ചിടത്തോളം ബഹുഭാര്യത്വം സ്വീകരിക്കുക അത്ര എളുപ്പമുളള കാര്യമല്ല. അത്‌ കൊണ്ട്‌ തന്നെ ബഹുഭാര്യത്വം വ്യാപകമായി ഇസ്‌ലാമിക സമൂഹത്തില്‍ കാണപ്പെടുന്നില്ല. മാത്രമല്ല ഈ നിയമം പരോക്ഷമായി ധാര്‍മിക ജീവിതത്തിന്‌ വഴിയൊരുക്കുകയും ചെയ്യുന്നു. അതായത്‌ ഇസ്‌ലാമിക സമൂഹത്തിലെ ഒരു പുരുഷന്‍ നിലവിലുളള ഭാര്യക്കതീതമായ ഒരു ബന്ധത്തെക്കുറിച്ച്‌ ആലോചിക്കുമ്പോള്‍ അവന്റെ മനസ്സിലേക്ക്‌ ആദ്യം കടന്ന്‌ വരിക ബഹുഭാര്യത്വത്തിനുളള ഇസ്‌ലാമിന്റെ അനുവാദമായിരിക്കും.

അതിന്‌ സാധ്യമാണെങ്കില്‍ അവനത്‌ സ്വീകരിക്കുന്നു. സാധ്യമല്ലെന്ന്‌ തോന്നുന്നുവെങ്കില്‍ അധാര്‍മിക വഴികളെ കുറിച്ച്‌ ചിന്തിക്കുന്നതിന്‌ പകരം അവനത്‌ വേണ്ടന്ന്‌ വെക്കുന്നു. എന്നാല്‍ ഇസ്‌ലാമിക സമൂഹത്തില്‍ പെടാത്ത പുരുഷനെ സംബന്ധിച്ചിടത്തോളം അവന്റെ മുമ്പില്‍ ബഹുഭാര്യത്വത്തിനുളള സാധ്യതയില്ലാത്തതിനാല്‍ അധാര്‍മിക വഴികളിലേക്ക്‌ ചെന്ന്‌ ചാടാനുളള സാധ്യത വളരെ കൂടുതലാണ്‌. ഇസ്‌ലാമിക ലോകത്തിന്റെയും പാശ്ചാത്യ ലോകത്തിന്റെ ചിത്രങ്ങള്‍ ഇതാണ്‌ പറഞ്ഞ്‌ തരുന്നത്‌. ഇസ്‌ലാമിക ലോകത്ത്‌ നിയമപരമായ ബഹൂഭാര്യത്വം വളരെ കുറഞ്ഞ അളവില്‍ മാത്രം കാണപ്പെടുമ്പോള്‍ പാശ്ചാത്യ ലോകത്ത്‌ നിയമപരമല്ലാത്ത പരസ്‌ത്രീബന്ധം വളരെ വ്യാപകമായി കാണപ്പെടുന്നു. ആദ്യ ഭാര്യയുടെ അറിവോടെയും അവളുടെ അവകാശങ്ങള്‍ വകവെച്ചുകൊണ്ടുമുളള നിയമപരമായ വിവാഹം പ്രാകൃതമായി കാണുകയും സ്വന്തം ഭാര്യയെ വഞ്ചിച്ചും ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കാതെയുമുളള പരസ്‌ത്രീബന്ധം സാധ്യമാക്കുകയും ചെയ്യുന്ന വിരോധാഭാസമാണ്‌ അവിടങ്ങളില്‍ കാണപ്പെടുന്നത്‌. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ ഇസ്‌ലാമിക സമൂഹത്തിലെ പുരുഷന്‍മാര്‍ പാശ്ചാത്യ ലോകത്തേക്കാള്‍ വളരെ കണിശമായി ഏകഭാര്യത്വം സ്വീകരിക്കുന്നവരാണെന്ന്‌ പറയേണ്ടി വരും.

 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter