മുആവിയ(റ):  വ്യക്തിയും നിലപാടുകളും

ഹിജ്‌റ നാല്‍പത്തിയൊന്നിലെ ഒരു ദിവസം. അമ്പാറിലെ ഒരു വീട്ടില്‍ ഹസന്‍ ബിന്‍ അലി (റ) വും മുആവിയ (റ) വും ഒത്തു ചേര്‍ന്നു. ഹസന്‍ തന്റെ അധികാരം മുആവിയയെ ഏല്‍പിച്ചു. ഈ വര്‍ഷമാണ് ചരിത്രത്തില്‍ ആമുല്‍ ജമാഅ: (ഏകോപന വര്‍ഷം) എന്ന പേരില്‍ അറിയപ്പെടുന്നത്.
ഹസന്‍ (റ) ഹിജ്‌റ 49 ന് മദീനയില്‍ വഫാത്തായി. അന്ന് അദ്ദേഹത്തിന് 46 വയസ് പ്രായമായിരുന്നു. തന്റെ പിതാമഹനായ പ്രവാചകരുടെ കൂടെ ആയിശാ ബീവിയുടെ വീട്ടില്‍ മറവ് ചെയ്യണമെന്ന് അദ്ദേഹം വസ്വിയ്യത്ത് ചെയ്തിരുന്നു. എന്നാല്‍, മര്‍വാനു ബ്‌നുല്‍ ഹകം അതിനു വിട്ടില്ല. അനന്തരം ബഖീഅ് ശ്മശാനത്തിലാണ് അദ്ദേഹത്തെ മറമാടിയത്.

പിതാവും മാതാവും
മുആവിയ (റ) വിന്റെ പിതാവ് അബൂ സുഫ്‌യാന്‍. അദ്ദേഹത്തിന്റെ പിതാവ് ഹര്‍ബു ബ്‌നു ഉമയ്യ. മാതാവ് ഉത്ബയുടെ മകള്‍ ഹിന്ദ്.

വേര്‍പാട്
മുആവിയ (റ) ഹിജ്‌റ വര്‍ഷം 60 റജബ് മാസം 22 വ്യായാഴ്ച ഡമസ്‌കസില്‍ മരണപ്പെട്ടു. അന്ന് അദ്ദേഹത്തിന് 73 വയസ് പ്രായമുണ്ടായിരുന്നു.

ഭരണാധികാരമോഹം
മുആവിയ (റ) പറഞ്ഞു: ‘ഒരിക്കല്‍ പ്രവാചകന്‍ എന്നോടു പറഞ്ഞു: ‘നിങ്ങള്‍ക്കു ഭരണാധികാരം കൈവന്നാല്‍ നിങ്ങള്‍ നന്മ ചെയ്യണം.’ അന്നു മുതല്‍ ഭരണാധികാരത്തിനു ഞാന്‍ ആശിച്ചു തുടങ്ങി.

പരുഷവും മാര്‍ദവവും
ഒരിക്കല്‍ മുആവിയ (റ) മകന്‍ യസീദിന് ഇപ്രകാരം എഴുതി: ‘നാം ഇരുവരും ഭരണ കാര്യത്തില്‍ പ്രജകളോട് ഒരേപോലെയുള്ള തന്ത്രങ്ങള്‍ പ്രവര്‍ത്തിച്ചുകൂടാ. ഇരുവരും മാര്‍ദവം അവലംബിച്ചുകൂടാ. കാരണം, അങ്ങനെ വരുമ്പോള്‍ നാം അതിരു കടന്നു കുറ്റം ചെയ്തുകളയും. അതുപോലെ നാം ഇരുവരും ഒരേപോലെ പാരുഷ്യം കൈയാളുകയും ചെയ്തുകൂടാ. കാരണം, തന്നിമിത്തം ജനങ്ങളെ നാം കഠിനമായ കഷ്ടതകളില്‍ പെടുത്തലായിരിക്കും. അതിനാല്‍, നീ കാഠിന്യവും പാരുഷ്യവും സ്വീകരിച്ച് പ്രവര്‍ത്തിക്കുക. ഞാന്‍ കാരുണ്യവും കൃപയും ചെയ്യുന്നവനാകാം.’

ഖവാരിജിയുടെ വീക്ഷണം
ഖവാരിജുകളുടെ ഒരു നേതാവാണ് ഇബ്‌നുല്‍ ഖവാഅ്. അദ്ദേഹത്തോട് ഒരിക്കല്‍ മുആവിയ (റ) ചോദിച്ചു: ‘എന്നെ കുറിച്ച് നിങ്ങളുടെ അഭിപ്രായമെന്താണ്?’. വിശാലമായ ഇഹലോകത്തിന്റെയും കുടുസ്സായ പരലോകത്തിന്റെയും ഉടമയാണ് താങ്കള്‍ എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

തെരഞ്ഞെടുപ്പ്
മുആവിയ തനിക്കു ശേഷം മകന്‍ യസീദിനെ ഖലീഫയാക്കാന്‍ ആഗ്രഹിച്ചു. അതിനായി ജനങ്ങളില്‍നിന്ന് ബൈഅത്ത് സ്വീകരിക്കാനും തുടങ്ങി. ശാമിലെയും ഇറാഖിലെയും കാര്യം പൂര്‍ത്തിയായ ശേഷം മദീനാ വാസികളോടും യസീദിനു വേണ്ടി ബൈഅത്തു ചെയ്യാന്‍ ആവശ്യപ്പെട്ടു.
എന്നാല്‍, മദീനയിലെ ഖുറൈശീ നേതാക്കളായ ഹുസൈനു ബ്‌നു അലി, അബ്ദുര്‍റഹ്മാനു ബ്‌നു അബീബക്ര്‍ (റ), അബ്ദുല്ലാഹിബ്‌നു ഉമര്‍ (റ) തുടങ്ങിയവര്‍ യസീദിനെ മുആവിയയുടെ പിന്‍ഗാമിയാക്കുന്നത് ഇഷ്ടപ്പെട്ടില്ല. അനന്തരം മുആവിയ നേരിട്ടു മദീനയില്‍ വരികയും മേല്‍പറഞ്ഞ നേതാക്കന്മാരെയെല്ലാം കണ്ടു അവരെ ബഹുമാനിക്കുകയും എല്ലാ സഹായ സഹകരണങ്ങളും ചെയ്തുകൊടുത്തുകൊണ്ട്  മക്കത്തേക്കു ഹജ്ജിനുവേണ്ടി കൂട്ടിക്കൊണ്ടുപോവുകയും ചെയ്തു. ഹജ്ജ് കഴിഞ്ഞതിനു ശേഷം ഇവരോട് യസീദിനു വേണ്ടി ബൈഅത്തു ചെയ്യാന്‍ വീണ്ടും ആവശ്യപ്പെട്ടു. എന്നാല്‍, അപ്പോഴും അവരില്‍നിന്നു അനുകൂലമായ യാതൊരു പ്രതികരണവും ഉണ്ടായിരുന്നില്ല. അപ്പോള്‍ മുആവിയ ദൃഢസ്വരത്തില്‍ ഇങ്ങനെ പറഞ്ഞു: ”ഞാനിതാ നിങ്ങള്‍ക്കു മുന്നറിയിപ്പ് നല്‍കുന്നു; ഞാന്‍ സത്യം ചെയ്തു പറയുകയാണ്: ഈ സ്ഥലത്തു വെച്ചു ഞാന്‍ സംസാരിക്കുമ്പോള്‍ ആരെങ്കിലും എതിരായ ഒരക്ഷരം ഉരിയാടിയാല്‍ അവന്‍ സംസാരിച്ചുതീരുന്നതിനു മുമ്പു അവന്റെ ശിരസ്സ് കൊയ്‌തെടുത്തുകഴിഞ്ഞിരിക്കും. അതിനാല്‍, എല്ലാവരും സ്വന്തം ശരീരം കാത്തുകൊളളട്ടെ.’ ഇങ്ങനെ പറഞ്ഞ ശേഷം നേതാക്കളുടെ ഇരു ഭാഗങ്ങളിലും വാള്‍ പിടിച്ച ഈരണ്ടു പട്ടാളക്കാരെ നിര്‍ത്തി. മുആവിയയുടെ സംസാരത്തിന് വിരുദ്ധമായി അവരില്‍നിന്ന് ആരെങ്കിലും വല്ലതും പറഞ്ഞാല്‍ അയാളെ തല്‍ക്ഷണം കൊന്നു കളയണമെന്ന് നിര്‍ദ്ദേശം നല്‍കുകയും ചെയ്തു. ശേഷം, മിമ്പറില്‍ കയറി മുആവിയ ഇങ്ങനെ പ്രസ്താവിച്ചു:

‘ഹുസൈന്‍, ഇബ്‌നു അബീബക്ര്‍, ഇബ്‌നു ഉമര്‍, ഇബ്‌നു സുബൈര്‍ തുടങ്ങിയവരൊന്നും യസീദിനുവേണ്ടി ബൈഅത്ത് ചെയ്തിട്ടില്ലെന്നാണ് പറയുന്നത്. പൊള്ളയാണ് ആളുകളുടെ വാക്കുകള്‍. ഈ മഹാന്മാര്‍ മുസ്‌ലിംകളില്‍ ശ്രേഷ്ഠരും അവരുടെ നേതാക്കന്മാരുമാണ്. അവരോട് ആലോചിച്ച ശേഷമല്ലാതെ യാതൊരു കാര്യവും നാം തീരുമാനിക്കാറില്ല. അവരെ വിട്ടുകൊണ്ട് യാതൊന്നും നാം ചെയ്യാറുമില്ല. ഞാന്‍ അവരെ ക്ഷണിക്കുകയുണ്ടായി. ശ്രദ്ധാലുക്കളും അനുസരണയുള്ളവരുമായിട്ടാണ് ഞാന്‍ അവരെ കണ്ടത്. അവര്‍ യാതൊരു എതിര്‍പുമില്ലാതെ ബൈഅത്ത് ചെയ്യുകയും ചെയ്തു.’
ഇത്രയും പറഞ്ഞ ശേഷം മുആവിയ ജനത്തോട് പൊതുവായി ബൈഅത്തു ചെയ്യാന്‍ കല്‍പിച്ചു. എല്ലാവരും ബൈഅത്തു ചെയ്തു. അനന്തരം വാഹനത്തില്‍ കയറി അദ്ദേഹം ശാമിലേക്കു പോയി. ഇതിനു ശേഷം ജനങ്ങള്‍ ഹുസൈന്‍ ബിന്‍ അലി (റ) വിനോടും കൂട്ടുകാരോടും ഇപ്രകാരം ചോദിച്ചു:
”നിങ്ങളല്ലെ പറഞ്ഞത്; ഞങ്ങള്‍ ബൈഅത്ത് ചെയ്യുകയില്ലെന്ന്. നിങ്ങളെ ക്ഷണിക്കുകയും സന്തോഷിപ്പിക്കുയും ചെയ്തപ്പോള്‍ നിങ്ങളെന്തേ ബൈഅത്തു ചെയ്തുകളഞ്ഞു?”
അവര്‍ പറഞ്ഞു: ”ഇല്ല, അങ്ങനെ ഞങ്ങള്‍ ചെയ്തിട്ടില്ല. കൊല ചെയ്യപ്പെടുമെന്ന് ഞങ്ങള്‍ ഭയന്നതാണ്.”

ഭാഗ്യവതി
യസീദു ബ്‌നു മുആവിയയുടെ മകള്‍ ആത്തിക്ക ഖിലാഫത്തിന്റെ കാര്യത്തില്‍ വലിയ ഭാഗ്യവതിയായിരുന്നു. അവരുടെ പിതാവ് യസീദു ബ്‌നു മുആവിയ ഖലീഫയാണ്. പിതാമഹന്‍ മുആവിയയും ഖലീഫ. സഹോദരന്‍ മുആവിയതുബ്‌നു യസീദും ഖലീഫ തന്നെ. ഭര്‍ത്താവ് അബ്ദുല്‍ മലികു ബ്ന്‍ മര്‍വാനും ഖലീഫ. പോറ്റു മക്കള്‍ വലീദ്, സുലൈമാന്‍, ഹിശാം എന്നിവരും ഖലീഫമാര്‍.

സഹോദരന്മാര്‍ തമ്മില്‍
അംറു ബ്‌നു സഈദ് മദീനയില്‍ യസീദിന്റെ ഗവര്‍ണറായിരുന്ന കാലം. അയാള്‍ അംറു ബ്‌നു സുബൈറിന്റെ  നേതൃത്വത്തില്‍ (അബ്ദുല്ലാഹിബ്‌നു സുബൈറിന്റെ സഹോദരന്‍) മക്കയില്‍ വിഘടിച്ചുനില്‍ക്കുകയായിരുന്ന അബ്ദുല്ലാഹിബ്‌നു സുബൈറിനോട് യുദ്ധം ചെയ്യുവാന്‍ ഒരു സംഘം സൈനികരെ അയച്ചു. സഹോദരന്മാര്‍ ഏറ്റുമുട്ടി. ഒടുവില്‍ അംറ് പരാജയപ്പെട്ടു. സഹോദരനായ അബ്ദുല്ലാഹിബ്‌നു സുബൈര്‍ അയാളെ പിടിച്ചുകൊണ്ടുപോയി ജയിലിലാക്കി.

കൂഫാനിവാസികള്‍
ഹുസൈന്‍ ബിന്‍ അലി തനിക്കു വേണ്ടി ബൈഅത്തു സ്വീകരിക്കുവാന്‍ മുസ്‌ലിം ബിന്‍ അഖീലിനെ കൂഫായിലേക്കയച്ചു. കൂഫയില്‍വെച്ചു മുപ്പതിനായിരം പേര്‍ മുസ്‌ലിമിനോടൊപ്പം ചേര്‍ന്നു. അനന്തരം അവരെയും കൂട്ടി ഇബ്‌നു സിയാദിനെ (അന്നത്തെ കൂഫാ ഗവര്‍ണര്‍) നേരിടുവാന്‍ വേണ്ടി മുസ്‌ലിം പുറപ്പെടുകയുണ്ടായി. എന്നാല്‍, ഓരോ തെരുവിലുമെത്തുമ്പോഴും ആളുകള്‍ കൂട്ടം കൂട്ടമായി ഒഴിഞ്ഞുപോകാന്‍ തുടങ്ങി. ഒടുവില്‍ വളരെ ചുരുക്കം പേര്‍ മാത്രമേ അദ്ദേഹത്തോടൊപ്പം അവശേഷിച്ചുള്ളൂ. വീടുകളുടെ മുകളില്‍നിന്ന് ആളുകള്‍ ഇഷ്ടികക്കഷ്ണങ്ങള്‍ അദ്ദേഹത്തിനുനേരെ എറിയാനും തുടങ്ങി. ഇത്രയും ആയപ്പോള്‍ അദ്ദേഹം ഹാനിഉ ബ്‌നു ഉര്‍വത്തില്‍ മുറാദിയുടെ വീട്ടില്‍ അഭയം പ്രാപിച്ചു.

കൈപും മധുരവും
തന്റെ പുത്രന്‍ യസീദിനുവേണ്ടി മുആവിയ ജനങ്ങളില്‍നിന്നു ബൈഅത്തു സ്വീകരിച്ചുകൊണ്ടിരിക്കുന്നതിനിടക്കു ഒരാള്‍ പറഞ്ഞു:
”അല്ലാഹുവെ, മുആവിയയുടെ ദ്രോഹം തടയാന്‍ നിന്നോടു ഞാന്‍ കാവല്‍ ചോദിക്കുന്നു.”
ഇതുകേട്ട മുആവിയ ഇങ്ങനെ പ്രതികരിച്ചു:

”നിന്റെ ആത്മാവിന്റെ സ്വന്തം ദ്രോഹം തടയാനാണ് നീ കാവല്‍ തേടേണ്ടത്. കാരണം, അതാണ് നിനക്ക് കൂടുതല്‍ ദ്രോഹം വരുത്തിവെക്കാറുള്ളത്. ഉടനെ നീയും ബൈഅത്തു ചെയ്യുക”
”തീരെ ഇഷ്ടമില്ലാത്ത അവസ്ഥയില്‍ ഞാന്‍ ബൈഅത്തു ചെയ്യുന്നു.”
”മനുഷ്യാ, താങ്കള്‍ ബൈഅത്തു ചെയ്യുക. അല്ലാഹു പറഞ്ഞിട്ടില്ലെ; ‘നിങ്ങള്‍ ഒരു കാര്യം വെറുക്കുകയാണെങ്കിലും അല്ലാഹു അതുവഴി ധാരാളം നന്മകള്‍ ഉണ്ടാക്കിത്തന്നുവെന്നുവരും.”

യസീദ് ഖലീഫയായി
മുആവിയയുടെ മകന്‍ യസീദ് ഹിജ്‌റ അറുപത് റജബ് മാസത്തില്‍ അധികാരമേറ്റു. നാലു വര്‍ഷവും ഏതാനും ദിവസങ്ങളും അദ്ദേഹം ഭരണം നടത്തി.
മുആവിയ മരണപ്പെടുകയും യസീദ് ഭരണമേറ്റെടുക്കുകയും ചെയ്തുവെന്ന വാര്‍ത്ത മദീനയിലെത്തി. തല്‍ക്ഷണം, ഹുസൈനു ബ്‌നു അലി, അബ്ദുല്ലാഹിബ്‌നു സുബൈര്‍ എന്നിവരെ വിളിച്ചുവരുത്തി യസീദിനെ ബൈഅത്തു ചെയ്യണമെന്നു അന്നത്തെ മദീനാ ഗവര്‍ണര്‍ വലീദുബ്‌നു ഉത്ബ ആവശ്യപ്പെട്ടു. പക്ഷെ, ഇരുവരും അതു സ്വീകരിക്കാന്‍ തയ്യാറായില്ല. അനന്തരം ഇരുവരും മദീന വിട്ടു. മക്കയില്‍ പോയി താമസമാക്കി.

മൂക്കില്‍നിന്നും രക്തം
യസീദ് ഖലീഫയായി അല്‍പം കഴിഞ്ഞപ്പോള്‍ മദീനയിലെ ഗവര്‍ണറായിരുന്ന വലീദിനെ മാറ്റി തല്‍സ്ഥാനത്ത് അംറുബ്‌നു സഈദിനെ നിയോഗിച്ചു. അംറ് മദീനയില്‍ എത്തിയയുടനെ പ്രസംഗത്തിനായി മിമ്പറില്‍ കയറി. അന്നേരമതാ അയാളുടെ മൂക്കില്‍നിന്നും രക്തം പൊട്ടിവരുന്നു. ഇതു കണ്ടപ്പോള്‍ ഒരു അഅ്‌റാബി പറഞ്ഞു:
”ഇതാ, ഇയാള്‍ രക്തവുമായിട്ടാണ് ഇവിടെ വന്നിരിക്കുന്നത്. ”
പിന്നീട് ഹജ്ജിന് നേതൃത്വം നല്‍കാനായി അംറ് മക്കയിലേക്കു പോയി.

ജമാഅത്തു നിസ്‌കാരം
അംറ് മക്കയിലെത്തിയപ്പോള്‍ ജനങ്ങളെല്ലാം ഹുസൈന്‍ ബിന്‍ അലി (റ) വിനടുത്തു തടിച്ചുകൂടി. അദ്ദേഹത്തോട് നിസ്‌കാരത്തിന് നേതൃത്വം വഹിക്കണമെന്നു അപേക്ഷിക്കുകയും ചെയ്തു.  അപ്പോഴേക്കും മുഅദ്ദിന്‍ വന്നു ഇഖാമത്തു കൊടുത്തു കഴിഞ്ഞു. തല്‍ക്ഷണം അംറ് മുന്നോട്ടുവന്നു. ഇമാമായി നിന്നുകൊണ്ട് അല്ലാഹു അക്ബര്‍ എന്നു പറഞ്ഞു. ഇതു കണ്ടപ്പോള്‍ ആളുകള്‍ ഹുസൈന്‍ (റ) വിനോട് അങ്ങു നിസ്‌കാരത്തിനായി മുന്നോട്ടുവരാത്ത സ്ഥിതിക്കു ഇനി അതില്‍ പങ്കെടുക്കാതെ പുറപ്പെട്ടുപോവുകയാണ് വേണ്ടതെന്നു അഭിപ്രായപ്പെട്ടു. അപ്പോള്‍ ഹുസൈന്‍ (റ) പറഞ്ഞു:
”കൂട്ടമായി നിസ്‌കരിക്കലാണ് ഏറ്റവും ശ്രേഷ്ഠമായിട്ടുള്ളത്.”
അനന്തരം അദ്ദേഹം നിസ്‌കാരത്തില്‍ പങ്കെടുക്കുകയും ശേഷം നാടുവിട്ടു പോവുകയും ചെയ്തു. കൂഫയായിരുന്നു യാത്രാലക്ഷ്യം.

ഇബ്‌നു സിയാദ്
ഹുസൈന്‍ (റ) കൂഫയിലെത്തുന്നതിനു മുമ്പുതന്നെ യസീദിന്റെ വക കൂഫാ ഗവര്‍ണറായി ഉബൈദുല്ലാഹ് ബിന്‍ സിയാദ് നിശ്ചയിക്കപ്പെട്ടുകഴിഞ്ഞിരുന്നു. ഇബ്‌നു സിയാദ് കൂഫയിലെത്തി അധികാരം ഏറ്റെടുത്തു. ഹുസൈന്‍ (റ) സ്ത്രീകളും പുരുഷന്മാരുമുള്‍പെടെ 90 പേരടങ്ങുന്ന ഒരു സംഘത്തോടൊപ്പം കൂഫ ലക്ഷ്യമാക്കി വന്നുകൊണ്ടിരിക്കുന്നുണ്ടെന്ന വിവരം അയാള്‍ക്കു കിട്ടി. അവരുടെ യാത്രോദ്ദേശ്യം കൂഫയുടെ ഭരണം പിടിച്ചെടുക്കലാണെന്നും അയാള്‍ അറിഞ്ഞു.

കുറേകാലങ്ങളായി കൂഫാ നിവാസികള്‍ ഹുസൈന്‍ (റ) വിനെ ക്ഷണിച്ച് കത്തുകള്‍ അയച്ചുകൊണ്ടിരിക്കുകയായിരുന്നു. കൂഫയില്‍ വന്നു ഭരണം ഏറ്റെടുക്കണമെന്നാണ് അവര്‍ ആവശ്യപ്പെട്ടിരുന്നത്. കത്തുകളുടെ കെട്ടുകള്‍ ഹുസൈന്‍ (റ) വിന്റെ അടുത്തു കൂന കൂടി കിടക്കുകയായിരുന്നു. ഇതാണ് ഹുസൈന്‍ (റ) വിനെ കൂഫയിലേക്കു യാത്ര ചെയ്യാന്‍ പ്രേരിപ്പിച്ചിരുന്നത്. നേരത്തെ തനിക്കു വേണ്ടി ബൈഅത്തു സ്വീകരിക്കുവാന്‍ മുസ്‌ലിം ബിന്‍ അഖീലിനെ നിയോഗിക്കുകുയും ചെയ്തിരുന്നു. മുപ്പതിനായിരം പേര്‍ ബൈഅത്തു ചെയ്തുവെങ്കിലും പിന്നീട് അവര്‍ മുഴുവനും മുസ്‌ലിമിനെ കൈയൊഴിച്ചു കളഞ്ഞു. അനന്തരം ഇബ്‌നു സിയാദ് മുസ്‌ലിമിനെ ദാരുണമായി വധിക്കുകയും ചെയ്തു. ഈ സംഭവങ്ങളെല്ലാം നടക്കുമ്പോള്‍ ഹുസൈന്‍ (റ) യാത്രയിലായിരുന്നു.

കര്‍ബല
ഹുസൈന്‍ (റ) വും സംഘവും കര്‍ബല എന്ന സ്ഥലത്തു തമ്പടിച്ചു. അപ്പോഴേക്കും ഇബ്‌നു സിയാദദിന്റെ അശ്വസേന അവിടെയെത്തി. ആ കൊച്ചു സംഘത്തെ വളഞ്ഞു. അവര്‍ തമ്മില്‍ പോരാട്ടം നടന്നു. ഹുസൈന്‍ (റ) ശഹീദായി. ഹിജ്‌റ വര്‍ഷം അറുപത്തിയൊന്നിലെ ആശൂറാഅ് ദിവസമായിരുന്നു അത്. ഫുറാത്ത് നദിയുടെ ഓരത്തു സ്ഥിതിചെയ്യുന്ന കര്‍ബല എന്ന സ്ഥലത്ത്. അദ്ദേഹത്തിനന്നു 56 വയസ്സ് പ്രായമായിരുന്നു. സിനാന്‍ ബിന്‍ അബീ അനസ് എന്ന ദുഷ്ടനാണ് അദ്ദേഹത്തെ വാളുകൊണ്ടു വെട്ടി അവശനാക്കിയത്. ഹിംയര്‍ ഗോത്രക്കാരനായ ഖൗല ബിന്‍ യസീദ് കൊല പൂര്‍ത്തയാക്കി. അദ്ദേഹത്തിന്റെ ശിരസ്സ് വെട്ടിയെടുത്തു ഇബ്‌നു സിയാദിന് കാഴ്ച വെച്ചു. അന്നേരം അദ്ദേഹം ഇങ്ങനെ പറയുന്നുണ്ടായിരുന്നു:

”എന്റെ ചുമലുകള്‍ക്കു ഭാരം തൂങ്ങുന്ന വിധം എനിക്ക് സ്വര്‍ണ്ണവും വെള്ളിയും തരിക. സംരക്ഷണ വലയത്തിലിരിക്കുന്ന മഹാരാജാവിനെ ഞാന്‍ വധിച്ചിരിക്കുന്നു. അല്ലാഹുവിന്റെ അടിയാറുകളില്‍ ഏറ്റവും ഉത്തമരായ മാതാപിതാക്കളുടെ പുത്രനെ!!”

ഇതു കേട്ടപ്പോള്‍ ഇബ്‌നു സിയാദിന് കലികയറി. ‘എടാ, ഇയാള്‍ അല്ലാഹുവിന്റെ അടിമകളില്‍ ഉത്തമനാണെങ്കില്‍ നീ എന്തിനു അയാളെ വധിച്ചു?’ അദ്ദേഹം ചോദിച്ചു. ‘അതിനാല്‍, ഉടനെ കൊണ്ടുവരൂ അവനെ, അവന്റെ കഥ കഴിക്കക്കൂ.’ താമസിയാതെ ഖൗലായുടെ കഴുത്തും വെട്ടി മാറ്റി.

താന്‍ ഒന്നുമറിഞ്ഞില്ല!
ഹുസൈന്‍ (റ) കര്‍ബലയില്‍വെച്ചു രക്തസാക്ഷിയായ ശേഷം ആ പോരാട്ടത്തില്‍ അവശേഷിച്ച പന്ത്രണ്ടു ചെറുപ്പക്കാരെ യസീദിന്റെ മുമ്പില്‍ ഹാജറാക്കി. എല്ലാവരുടെയും കൈകള്‍ കഴുത്തിലേക്കു ചേര്‍ത്തുകെട്ടിക്കൊണ്ടാണ് ഹാജറാക്കിയത്. അവരെ കണ്ടമാത്രയില്‍ യസീദ് ഇങ്ങനെ പറഞ്ഞു:

”ഇറാഖുകാരായ അടിമകളാണ് നിങ്ങളെ പിടികൂടിയത്. ഹുസൈന്‍ (റ) പുറപ്പെട്ടതോ അദ്ദേഹം കൊല ചെയ്യപ്പെട്ടതോ ഞാന്‍ അറിഞ്ഞിട്ടില്ല.”

ഇബ്‌റാഹീമുന്നഖ്ഈ
ഇബ്‌റാഹീമുന്നഖ്ഈ ഇങ്ങനെ പറഞ്ഞു:
”ഞാന്‍ ഹുസൈന്‍ (റ) വിന്റെ ഘാതകന്മാരുടെ കൂട്ടത്തില്‍ ഉള്‍പെടുകയും സ്വര്‍ഗത്തില്‍ കടക്കുകയും ചെയ്താല്‍ അവിടെവെച്ചു പ്രവാചകരുടെ മുഖം നോക്കാന്‍ എനിക്കു ലജ്ജ തോന്നുന്നു.”

സന്താനങ്ങള്‍ കുറഞ്ഞു
ഹുസൈന്‍ (റ) വിന്റെ പുത്രനായ അലി (റ) വിനോട് ഇങ്ങനെ ചോദിക്കപ്പെട്ടു: ‘നിങ്ങളുടെ പിതാവിന് എന്തുകൊണ്ടാണ് സന്താനങ്ങള്‍ കുറഞ്ഞുപോയത്?’ അലി (റ) പറഞ്ഞു: ‘അല്‍ഭുതം! ഞാന്‍ തന്നെ എങ്ങനെ ജനിച്ചുവെന്നത് അല്‍ഭുതമാണ്. എന്റെ പിതാവ് ദിവസേന ആയിരം റകഅത്ത് നിസ്‌കരിക്കാറുണ്ടായിരുന്നു. അതിനാല്‍, എപ്പോഴാണ് അദ്ദേഹത്തിന് സ്ത്രീകളുമായി ഒന്നിച്ചുകഴിയാന്‍ അവസരം കിട്ടിയത്!

ഫറസ്ദഖ്
മഹാകവി ഫറസ്ദഖ് മക്കയെ ലക്ഷ്യമാക്കി യാത്ര ചെയ്തുകൊണ്ടിരിക്കുമ്പോള്‍ വഴിയില്‍ ഒരിടത്തു കുറേ തമ്പുകളും കൂടാരങ്ങളും കണ്ടു. ഇതാരുടെതാണെന്നന്വേഷിച്ചപ്പോള്‍ ഹുസൈന്‍ (റ) വിന്റെതാണെന്ന് വിവരം ലഭിച്ചു. ഉടനെ അദ്ദേഹം അങ്ങോട്ടു ചെന്ന് ഹുസൈന്‍ (റ) വിനോട് സലാം പറഞ്ഞു. ഹുസൈന്‍ (റ) ചോദിച്ചു: ‘നിങ്ങള്‍ എവിടെനിന്നാണ് വരുന്നത്?’
”ഞാന്‍ ഇറാഖില്‍നിന്നു വരുന്നു” അദ്ദേഹം പറഞ്ഞു.
”എങ്ങനെയുണ്ട് അവരുടെ അവസ്ഥകള്‍?”
”ഹൃദയങ്ങള്‍ അങ്ങയുടെ കൂടെ; വാളുകള്‍ അങ്ങയ്ക്കു എതിരെ; വിജയം ആകാശത്തുനിന്നും!”

വധിക്കപ്പെട്ടവരും തടവിലാക്കപ്പെട്ടവരും

കര്‍ബലയില്‍ ഹുസൈന്‍ (റ) വിനോടൊപ്പം വധിക്കപ്പെട്ട അദ്ദേഹത്തിന്റെ ബന്ധു ജനങ്ങള്‍ 16 പേരുണ്ട്. ആകെ 17 പേര്‍ ആ കുടുംബത്തില്‍നിന്നും ശഹീദായി. (1)ഉസ്മാന്‍ ബിന്‍ അലി (2) അബൂ ബക്ര്‍ ബിന്‍ അലി (3) ജഅഫര്‍ ബിന്‍ അലി (4)അബ്ബാസ് ബിന്‍ അലി (ഇവരുടെയെല്ലാം മാതാവ് ഉമ്മുല്‍ ബനീന്‍ ബിന്‍തു ഹറാമില്‍ കിലാബിയ്യ) (5) ഇബ്‌റാഹീമുബ്‌നു അലി (മാതാവ് ഒരു ഉമ്മു വലദാണ്) (6) അബ്ദുല്ലാഹി ബിന്‍ ഹസന്‍ (7-11) അഖീലു ബിന്‍ അബീഥാലിബിന്റെ അഞ്ചു പുത്രന്മാര്‍ (12-14) ബനൂ ഹാശിം കുടുംബത്തിലെ മൂന്നു പേര്‍ (15-16) അബ്ദുല്ലാഹിബ്‌നു ജഅഫര്‍ (റ) വിന്റെ പുത്രന്മാരായ ഔന്‍, മുഹമ്മദ് എന്നിവര്‍.

ഹാശിം കുടുംബക്കാരായ 12 പേര്‍ തടവിലാക്കപ്പെട്ടു. അക്കൂട്ടത്തില്‍ മുഹമ്മദ് ബിന്‍ ഹുസൈന്‍, അലി ബിന്‍  ഹുസൈന്‍, ഫാഥിമ ബിന്‍തു ഹുസൈന്‍ എന്നിവര്‍ ഉള്‍പെടുന്നു. എല്ലാവരും ചെറുപ്പക്കാരായിരുന്നു.
 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter