മുഗൾ ഭരാണാധികാരികളുടെ സാംസ്കാരിക സംഭാവനകള്‍

ഇസ്‍ലാമിക ചരിത്രത്തില്‍ വിജ്ഞാനത്തെ അതിയായി പ്രണയിക്കുകയും അതിന്റെ ഉന്നമനത്തിനായി ആവുന്നതെല്ലാം ചെയ്യുകയും ചെയ്ത ഒരു പിടി ഭരണാധികാരികളെ കാണാം. രണ്ടാം ഖലീഫ ഉമർ ഇബ്നുൽഖത്താബ്, അബൂ ജഅ്ഫര്‍ അല്‍മന്‍സൂര്‍, സ്വലാഹുദ്ധീൻ അയ്യൂബി തുടങ്ങിയ ഭരണാധികാരികൾ സാധ്യമാക്കിയ വൈജ്ഞാനിക വിസരണമാണ് നൂറ്റാണ്ടുകളോളം ഇസ്‍ലാമിക ലോകത്ത് വിഹരിച്ചത്. സ്പെയ്നും കൊര്‍ഡോവയുമെല്ലാം സാധ്യമാക്കിയതും അത്തരം ഭരണാധികാരികളായിരുന്നു. ഇന്ത്യയിലെ മുസ്‍ലിം ഭരണകൂടമായ മുഗളരും ഈ രംഗത്ത് ഏറെ മുന്നിലായിരുന്നുവെന്ന് കാണാം. ആഗ്രയിലെയും ലാഹോറിലെയും കോടതികളിൽ മാത്രമായിരുന്നില്ല, കൊട്ടാരത്തില്‍ പോലും അനേകം പണ്ഡിതരെ കൂടെ നിര്‍ത്തിയിരുന്ന അവരില്‍ പലരും വിജ്ഞാന കുതുകികളും അന്വേഷികളുമായിരുന്നു. ചരിത്രത്തിന്റെ ആ സുവര്‍ണ്ണ താളുകള്‍ പരിചയപ്പെടാം.

ബാബർ

മുഗൾ രാജവംശത്തിന്റെ സ്ഥാപകനായി അറിയപ്പെടുന്ന സഹീറുദ്ധീൻ മുഹമ്മദ് ബാബർ (1483-1530), അറബിക്, പേർഷ്യൻ, ടർക്കിഷ്, ഉസ്ബെക്ക് ഭാഷകളിൽ നിപുണനും ഒരു സാഹിത്യ നിരൂപകനും കവിയുമായിരുന്നു. ഇസ്‍ലാമിക നിയമങ്ങളെക്കുറിച്ച് വിശദമായി രചന നടത്തിയ അദ്ദേഹത്തിന്റെ കൃതിയുടെ ചില ഭാഗങ്ങൾ കവിതയിലാണ്. അദ്ദേഹത്തിന്റെ ഏറ്റവും വലിയ സാഹിത്യകൃതിയാണ് ബാബര്‍നാമ. ആധുനിക പണ്ഡിതനായ സ്റ്റാൻലി ലെയ്ൻ പുളിന്റെ അഭിപ്രായത്തിൽ സെന്റ് അഗസ്റ്റിൻ, റൂസോ, ഗിബ്ബൺ, ന്യൂട്ടൺ എന്നിവരുടെ ആത്മകഥകളുടെ സ്ഥാനത്ത് കണക്കാക്കാവുന്ന രചനയാണിത്. കലയെ ജീവന് തുല്യം സ്നേഹിച്ച ബാബർ സ്വന്തം കൈപ്പടയിൽ ഖുർആൻ പകർത്തിയെഴുതി മക്കയിലേക്ക് അയക്കുമായിരുന്നു. പണ്ഡിതനും അധ്യാപകനുമായ അദ്ദേഹം സ്വന്തമായി നിരവധി മദ്റസകൾ സ്ഥാപിക്കുകയും ഓരോ മദ്റസകളിലും അനുയോജ്യമായ ലൈബ്രറി സജ്ജീകരിക്കുകയും ചെയ്തു.

ബാബറിന്റെ മകൾ ഗുൽബദൻ ബീഗത്തിനും എഴുത്തിനോട് അഭിനിവേശമുണ്ടായിരുന്നു. പേർഷ്യൻ, തുർക്കി, ഉസ്‌ബെക്ക് ഭാഷകളിൽ അനവധി കവിതകൾ രചിച്ച ഒരു കവയത്രിയായിരുന്നു അവർ.  പിതാവിന്റെയും സഹോദരൻ ഹുമയൂണിന്റെയും ഭരണത്തിന് നേർസാക്ഷിയായതിനാൽ ഹുമയൂണിന്റെ മകനും അനന്തരവനുമായ അക്ബർ, ഹുമയൂണിന്റെ ജീവചരിത്രം എഴുതാൻ അവരെയാണ് നിയോഗിച്ചത്. അക്കാലത്ത് ഇന്ത്യയിൽ നടന്ന സാമൂഹികവും രാഷ്ട്രീയവുമായ സംഭവവികാസങ്ങളെ കുറിച്ച് ഹുമയൂൺ നൽകിയ വളരെ വിലപ്പെട്ട വിവരണത്തിന്റെ ഫലമായാണ് അവരുടെ ജീവചരിത്രം രേഖപ്പെടുത്താൻ അക്ബർ തീരുമാനിക്കുന്നത്. പുസ്തകങ്ങൾ ധാരാളമായി വായിക്കുന്ന അവർക്ക് വലിയൊരു ഗ്രന്ഥശേഖരം തന്നെയുണ്ടായിരുന്നു. ആ പുസ്തകങ്ങളെല്ലാം സൂക്ഷിച്ച് വെക്കാൻ സ്വന്തമായി ഒരു ലൈബ്രറിയും സംവിധാനിച്ചിരുന്നു.

ഹുമയൂൺ

ബാബറിന്റെ മകനും പിൻഗാമിയുമായ നാസിറുദ്ദീൻ മുഹമ്മദ് ഹുമയൂൺ (1508-1556) തന്റെ പിതാവിനെ പോലെ പഠനത്തോട് ചെറുപ്പം മുതൽ അഭിനിവേശം വെച്ച് പുലർത്തിയ ആളായിരുന്നു. ചെറുപ്പത്തിൽ ഒരിക്കൽ തന്റെ ചില പുസ്തകങ്ങൾ നഷ്ടപ്പെട്ട അദ്ദേഹം അങ്ങേയറ്റം വിഷണ്ണനായി കഴിയുന്ന അവസരത്തിലാണ് അദ്ദേഹത്തിന് ആ പുസ്തകം തിരികെ ലഭിക്കുന്നത്. കിട്ടിയ ഉടനെ അല്ലാഹുവിന് നന്ദി പ്രകടിപ്പിച്ച അദ്ദേഹം പിന്നീട് പുസ്തകങ്ങളെല്ലാം കൃത്യമായി സൂക്ഷിച്ച് പോന്നു. പുസ്തകങ്ങളെ അമിതമായി സ്നേഹിച്ച അദ്ദേഹം പതിവായി വായിക്കുമായിരുന്നു. സൈനിക പര്യവേഷണങ്ങൾക്ക് പോകുമ്പോൾ പോലും വായന മുടങ്ങാതിരിക്കാൻ ചില പുസ്തകങ്ങളും ഒരു ലൈബ്രേറിയനെയും അദ്ദേഹം കൊണ്ടുപോകുമായിരുന്നു. 

ഗണിതം, ഭൂമിശാസ്ത്രം, ജ്യോതിശാസ്ത്രം എന്നിവയില്‍ അദ്ദേഹത്തിന് പ്രത്യേക താൽപ്പര്യമായിരുന്നു. പിതാവിനെപ്പോലെ ഗസലുകളും മസ്നവികളും രചിച്ച കവിയായിരുന്നു അദ്ദേഹം. കവികൾ അവരുടെ കവിതകൾ അദ്ദേഹത്തെ  കേൾപ്പിക്കാനായി വിദൂര ദിക്കിൽ നിന്ന് യാത്ര ചെയ്ത് വരുമായിരുന്നു. അതിന് അവർക്ക് പലപ്പോഴും ഉദാരമായി പ്രതിഫലം നല്കുകയും ചെയ്തിരുന്നു. ഹുമയൂൺ ആഗ്രയിൽ ഒരു ലൈബ്രറിയും അനേകം സ്കൂളുകളും നിർമ്മിച്ചു. കൂടാതെ ഡൽഹിയിലെ ഷേർഷാ സൂരിയുടെ പഴയ കോട്ടയുടെ ഒരു പ്രധാന ഭാഗം ഒരു ലൈബ്രറിയാക്കി മാറ്റി. ഇവിടെ വച്ചാണ് ഹുമയൂൺ തന്റെ കൈകളിൽ പുസ്തകങ്ങളുമേന്തി കോണിപ്പടിയിൽ നിന്ന് വീണു മരണമടഞ്ഞത്. അദ്ദേഹത്തെ ഡൽഹിയിലാണ് മറമാടിയത്. മരണശേഷം അദ്ദേഹത്തിന്റെ അന്ത്യവിശ്രമ സ്ഥലത്തിന്റെ ഒരു ഭാഗം പോലും വളരെക്കാലം ഒരു സ്കൂളായി ഉപയോഗിച്ചിരുന്നു.

അക്ബർ

ഹുമയൂണിന്റെ മകനും പിൻഗാമിയുമായ ജലാലുദ്ദീൻ മുഹമ്മദ് അക്ബറിന്റെ (1542-1605) ഭരണകാലത്താണ് ഒരു മുഗൾ ചക്രവർത്തി യഥാർത്ഥത്തിൽ പഠനത്തോടുള്ള അഭിനിവേശം കാണിക്കുന്നത് പ്രകടമായി തുടങ്ങുന്നത്. അക്ബറിന്റെ കൊട്ടാരത്തിലെ ഉദ്യോഗസ്ഥനായിരുന്ന അബുൽ ഫസൽ അക്ബറിന്റെ ദിനചര്യ കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്. രചയിതാക്കൾ അവരുടെ പുസ്തകങ്ങൾ ദിവസവും കൊണ്ടുവരുകയും തുടക്കം മുതൽ അവസാനം വരെ വായിച്ച് കേൾപ്പിക്കുകയും ചെയ്യുമായിരുന്നു എന്ന് അതില്‍ പറയുന്നു. വായനക്കാർ വായിച്ച് നിറുത്തുന്ന സ്ഥലത്ത് അദ്ദേഹം സ്വന്തം പേനകൊണ്ട് വരച്ച് അടയാളം വെക്കുമായിരുന്നു. വായനക്കാർക്ക് അവർ വായിച്ച പേജുകളുടെ എണ്ണമനുസരിച്ച് സ്വർണ്ണ നാണയങ്ങളും വെള്ളി നാണയങ്ങളും സമ്മാനമായി നൽകുകയും ചെയ്യും.  അദ്ദേഹത്തിന്റെ സദസ്സിൽ വെച്ച് വായിക്കപ്പെടാത്ത ഗ്രന്ഥങ്ങൾ ചുരുക്കമാണ്. ചരിത്ര ഗ്രന്ഥങ്ങളും ശാസ്ത്ര വിജ്ഞാനങ്ങളും തത്വചിന്ത വീക്ഷണങ്ങളും അദ്ദേഹത്തിന് ഒരേ പോലെ താത്പര്യ വിഷയങ്ങളായിരുന്നു. ഒരു തവണ കേട്ട പുസ്തകങ്ങൾ വീണ്ടും കേൾക്കുന്നതിൽ ഒരിക്കല്‍ പോലും അദ്ദേഹം വിരക്തി പ്രകടിപ്പിച്ചിരുന്നില്ല. 

പേർഷ്യൻ കാലിഗ്രാഫിയോട് അമിത അഭിനിവേശമുള്ളത് കാരണം ആ മേഖലയിലെ കലാകാലൻമാരോട് വലിയ ആദരവ് പ്രകടിപ്പിച്ചിരുന്നു. കശ്മീരിലെ മുഹമ്മദ് ഹുസൈൻ എന്ന വ്യക്തിയ്ക്ക് സർവ്വ സംരക്ഷണവും ആവശ്യമായ സജ്ജീകരണങ്ങളും അദ്ദേഹം  ചെയ്തു കൊടുത്തു. പുരാതന സംസ്‌കൃതത്തിലും ഹിന്ദു സാഹിത്യത്തിലും അദ്ദേഹം അതീവ തല്പരനായിരുന്നു. മഹാഭാരതവും രാമായണവും സംസ്‌കൃതത്തിൽ നിന്ന് പേർഷ്യൻ ഭാഷയിലേക്ക് വിവർത്തനം ചെയ്‌തത് അദ്ദേഹത്തിന്റെ ഭരണകാലത്താണ്. മഹാഭാരതത്തിലെ ചില ഭാഗങ്ങൾ അദ്ദേഹം തന്നെയാണ് വിവർത്തനം ചെയ്തതെന്ന് പല പണ്ഡിതരും അഭിപ്രായപ്പെട്ടിട്ടുണ്ട്. അക്ബർ തന്റെ ജീവചരിത്രമായ അക്ബർനാമ എഴുതാൻ തന്റെ ചീഫ് വിസിയർ അബുൽ ഫസലിനെയാണ് ചുമതലപ്പെടുത്തിയത്.

ഗ്രന്ഥശാലകളുടെ സ്ഥാപനവും പരിപാലനവും അക്ബർ സ്വയം ഏറ്റെടുക്കുകയായിരുന്നു. പുസ്തകങ്ങളുടെ നടത്തിപ്പ്, വർഗ്ഗീകരണം, സംഭരണം എന്നിവയിൽ അദ്ദേഹം പരിഷ്കാരങ്ങൾ ചർച്ച ചെയ്ത് നടപ്പിലാക്കിയിരുന്നു. പുസ്തകങ്ങളെ കൃത്യമായി സൂക്ഷിക്കാൻ അദ്ദേഹം രാജകീയ ഗ്രന്ഥശാല തന്നെ നിർമ്മിച്ചു. 1605 ൽ അദ്ദേഹത്തിന്റെ മരണസമയത്ത് അതിൽ 24,000 ലധികം പുസ്തകങ്ങളുണ്ടായിരുന്നു. അദ്ദേഹത്തിൻ നിന്ന് പ്രചോദനം ഉൾകൊണ്ട് പലരും സ്വന്തമായി ലൈബ്രറി സ്ഥാപിച്ചിരുന്നു. തൊണ്ണൂറ്റി അഞ്ച് സ്റ്റാഫുകൾ കൈകാര്യം ചെയ്യുന്ന ഒരു ലൈബ്രറി അബ്ദുൽ റഹീം ഖാനുണ്ടായിരുന്നു. ഷെയ്ഖ് ഫൈസിയുടെ ലൈബ്രറിയിൽ 4,600 കൈയെഴുത്തുപ്രതികൾ അടങ്ങിയ ഒരു ശേഖരം ഉണ്ടായിരുന്നു.

അക്ബർ തന്റെ ഭരണകാലത്ത് ജനങ്ങളുടെ വിദ്യാഭ്യാസം ഉറപ്പുവരുത്താൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആരംഭിച്ചു. സ്വന്തം കുടുംബത്തിലെ സ്ത്രീകളുടെ വിദ്യാഭ്യാസത്തിൽ അമിത ശ്രദ്ധ കേന്ദ്രീകരിച്ച അദ്ദേഹം അവരെ വീട്ടിലിരുന്ന് പഠിപ്പിക്കാൻ പണ്ഡിതരായ സ്ത്രീകൾക്ക് സൗകര്യം ചെയ്ത് കൊടുക്കുകയും പേർഷ്യൻ, അറബിക്, ഇസ്‍ലാമിക ദൈവശാസ്ത്രം, ചരിത്രം എന്നിവ പഠിപ്പിക്കുകയും ചെയ്തു. അവരെ ഖുർആൻ പാരായണം ചെയ്യാനും പഠിപ്പിച്ചു. അക്ബറിനെ ചെറുപ്പം മുതലേ വളർത്തിയ നഴ്‌സ് മഹം അംഗയുടെ പേരിൽ 1561ൽ ഡൽഹിയിൽ ഒരു മദ്രസ തന്നെ പണിതു. താമസിയാതെ അവർ മരിക്കുകയും മദ്റസക്ക് സമീപം സംസ്‌കരിക്കപ്പെടുകയും ചെയ്തു.

ജഹാംഗീർ

അക്ബറിന്റെ മകൻ നൂറുദ്ധീൻ മുഹമ്മദ് സലീം ജഹാംഗീർ (1569-1627) അദ്ദേഹത്തിന്റെ പൂർവ്വികരില്‍ നിന്ന് തികച്ചും വ്യത്യസ്തത പുലർത്തിയ വ്യക്തിയായിരുന്നു. സാഹിത്യത്തിലും കവിതയിലുമായി അവർ ശ്രദ്ധ കേന്ദ്രീകരിച്ചപ്പോൾ അദ്ദേഹം മതം, പെയിന്റിംഗ്, ഭൂമിശാസ്ത്രം, മൃഗങ്ങൾ എന്നീ വിഷയങ്ങൾക്കാണ് കൂടുതൽ പ്രാധാന്യം നൽകിയത്.  സുന്നീ, ഷിയ, ഹിന്ദു, ക്രിസ്ത്യൻ തുടങ്ങിയ മതവിഭാഗക്കാരിലെ വിഷയങ്ങളും മറ്റ് പ്രശ്നങ്ങളും ചർച്ച ചെയ്യാൻ എല്ലാ മത പണ്ഡിതന്മാരും അദ്ദേഹത്തിന്റെ കോടതിയെ സമീപിക്കുമായിരുന്നു. അവരുടെ ദൈവശാസ്ത്രപരവും ദാർശനികവുമായ ചർച്ചകളിൽ അദ്ദേഹം ഏറെ ശ്രദ്ധയോടെ പങ്കെടുക്കുകയും ചെയ്തിരുന്നു.

ജഹാംഗീർ ആദ്യകാലത്ത് തന്നെ പഠനത്തിൽ അതീവ താത്പര്യം കാണിച്ചിരുന്നു. അദ്ദേഹത്തിന്റെ ജീവിതകാലത്താണ് ആത്മകഥയായ തുസുകേ ജഹാംഗീരി എഴുതുന്നത്. ഈ ഗ്രന്ഥം ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്ത പത്തൊൻപതാം നൂറ്റാണ്ടിലെ ബ്രിട്ടീഷ് പണ്ഡിതൻ ഹെൻറി ബെവറിഡ്ജ് അഭിപ്രായപ്പെടുന്നു, “പൗരസ്ത്യ രാജ്യങ്ങളിലെ രാജാക്കന്മാരുടെ ജീവചരിതം രക്തക്കറ പുരണ്ടതായിരുന്നു. അവരുടെ കീഴടക്കലിന്റെയും യുദ്ധത്തിന്റെയും നാടകീയ രംഗങ്ങൾ ചിത്രീകരിക്കുന്ന ഗ്രന്ഥങ്ങൾക്ക് രക്തത്തിന്റെ മണമായിരുന്നു. അവർക്ക് സമാനമായി യൂറോപ്യൻ ചരിത്രത്തിൽ നമുക്ക് വായിക്കാൻ കഴിയുന്ന വ്യക്തിയാണ് ജൂലിയസ് സീസർ. എന്നാൽ ബാബറിന്റെയും ജഹാംഗീറിന്റെയും ഓർമ്മക്കുറിപ്പുകൾ ഗാലിക് യുദ്ധങ്ങളുടെ കഥയേക്കാൾ വളരെ മാനുഷികവും മാനവികതയും നിറഞ്ഞതാണ്."

ജഹാംഗീറിന്റെ ഭരണകാലത്ത് വരച്ച പെയിന്റിംഗുകൾ കൂടുതലും പരമ്പരാഗത മദ്ധ്യേഷ്യൻ ജീവിത ശൈലി അടിസ്ഥാനമാക്കി നിർമ്മിച്ചവയാണ്. എന്നാൽ ചില നിർമ്മിതികളിൽ യൂറോപ്യൻ ശൈലികൾ ദർശിക്കാവുന്നതാണ്. ജഹാംഗീർ സ്വയം ചില മാസ്റ്റർപീസുകൾ വരച്ചിട്ടുണ്ട്. തന്റെ ജീവിതത്തിന്റെ അവസാന കാലത്ത് അദ്ദേഹം ജ്യോതിശാസ്ത്രജ്ഞനായ മുഹമ്മദ് സാലിഹ് തഹ്താവിയെ ഒരു രഹസ്യ മെഴുക് കാസ്റ്റിംഗ് രീതി ഉപയോഗിച്ച് ആകാശഗോളം നിർമ്മിക്കാൻ നിയോഗിച്ചു. പിന്നീട് ഭൂഗോളത്തിൽ ഭൂമിശാസ്ത്രപരമായ വിവരങ്ങൾ അറബിയിലും പേർഷ്യൻ ഭാഷയിലും ആലേഖനം ചെയ്യപ്പെട്ടു. പിന്നീട് ഒരുപാട് കാലം സസ്യങ്ങളെയും മൃഗങ്ങളെയും നിരീക്ഷിച്ചു. ആനകളുടെ ഗർഭകാലം കണക്കാക്കിയതാണ് ഈ മേഖലയിലെ അദ്ദേഹത്തിന്റെ വ്യക്തിപരമായ നേട്ടങ്ങളിലൊന്ന്. അത് ഇരുനൂറ് വർഷങ്ങൾക്ക് ശേഷം ആശ്ചര്യകരമാംവിധം കൃത്യമാണെന്ന് സ്ഥിരീകരിക്കപ്പെടുകയും ചെയ്തു.

ജഹാംഗീറിന് കാലിഗ്രാഫിയിലും രാജകീയ പുസ്തകശാലയിലും വലിയ താൽപ്പര്യമുണ്ടായിരുന്നു. അദ്ദേഹം സൈനിക പര്യവേഷണത്തിന് പോകുമ്പോൾ പോലും തന്റെ ലൈബ്രറിയിൽ നിന്ന് ചില പുസ്തകങ്ങൾ കൂടെ കൊണ്ടുപോകുകയും അവയിൽ ചിലത് വഴിയിൽ കണ്ടുമുട്ടിയ പണ്ഡിതന്മാർക്ക് സമ്മാനിക്കുകയും ചെയ്തിരുന്നു. അദ്ദേഹം വളരെ നിയന്ത്രണാധികാരമുള്ള ഭരണാധികാരിയായിരുന്നു. കൂടാതെ അനന്തരാവകാശികളില്ലാതെ മരണമടഞ്ഞ ധനികരെ നിരീക്ഷിക്കുകയും അവരുടെ സ്വത്ത് കണ്ടുകെട്ടുകയും മദ്രസകളും ലൈബ്രറികളും നിർമ്മിക്കാനും നന്നാക്കാനും അവ ഉപയോഗിക്കുകയും ചെയ്തിരുന്നു. അദ്ദേഹത്തിന്റെ ഭാര്യ നൂർജഹാൻ വളരെ വിദ്യാസമ്പന്നയും പ്രതിഭാധനയായ മുഗൾ കവയത്രിയും ആയിരുന്നു. മുഗൾ സാമ്രാജ്യത്തിന്റെ ഭരണത്തിലും അവര്‍ പങ്കാളിയായിരുന്നു. കൂടാതെ അവരുടെ പേരിലുള്ള നാണയങ്ങളും അവരുടെ ഉത്തരവുകൾ പുറപ്പെടുവിച്ച ഒരു ഔദ്യോഗിക മുദ്രയും അക്കാലത്ത് പ്രചാരത്തിലുണ്ടായിരുന്നു.

ഷാജഹാൻ

ജഹാംഗീറിന്റെ മകൻ ഷിഹാബുദ്ധീൻ മുഹമ്മദ് ഷാജഹാൻ (1592-1666) തന്റെ പിതാവിനെ പോലെ പഠനത്തിൽ അഭിനിവേശമുള്ള ആളായിരുന്നു.  കാലിഗ്രഫി, സാഹിത്യം, ദൈവശാസ്ത്രം, പള്ളികൾ, കോട്ടകൾ, മഖ്ബറകള്‍ എന്നിവയുടെ നിർമ്മാണം ഉൾപ്പെടെയുള്ള പരമ്പരാഗത ഇസ്‍ലാമിക പഠനങ്ങളിലും കലകളിലും അദ്ദേഹം ശ്രദ്ധ കേന്ദ്രീകരിച്ചു. അദ്ദേഹത്തിന്റെ പ്രയത്നഫലമായി അക്കാലത്ത് ഇൻഡോ പേർഷ്യൻ സാഹിത്യം അഭിവൃദ്ധി പ്രാപിക്കുകയും ഡൽഹി, ലാഹോർ, അഹമ്മദാബാദ്, ജൗൻപൂർ, കാശ്മീർ എന്നിവയെല്ലാം ഉന്നത പഠന കേന്ദ്രങ്ങളായി മാറുകയും ചെയ്തു. അദ്ദേഹം വായിക്കാനായി ദിവസവും ഒരു നിശ്ചിത സമയം മാറ്റിവെച്ചിരുന്നു.  ടമെർലെയ്ൻ, ബാബർ എന്നിവരുടെ ഓർമ്മക്കുറിപ്പുകൾ അദ്ദേഹത്തിന്റെ ഇഷ്ട ഗ്രന്ഥങ്ങളായിരുന്നു.

ഷാജഹാന്റെ ഭാര്യ മുംതാസ് മഹലും അവരുടെ മൂത്ത മകൾ ജഹാനാരയും  നല്ല വിദ്യാഭ്യാസം നേടിയവരായിരുന്നു. സംസ്‌കൃത കവി വാണിസാധര മിശ്ര ഉൾപ്പെടെയുള്ള കവികളോടായിരുന്നു അദ്ദേഹത്തിന്റെ ഭാര്യയ്ക്ക് കൂടുതൽ പ്രിയം. പൊതുവായതും സ്വകാര്യമായതുമായ വിഷയങ്ങളെക്കുറിച്ച് അദ്ദേഹം പലപ്പോഴും അവരുമായി കൂടിയാലോചിച്ചു. അവര്‍ പ്രസിദ്ധീകരിച്ച ലഘുലേഖകളിൽ മിസ്റ്റിസിസത്തെക്കുറിച്ചായിരുന്നു പലപ്പോഴും എഴുതിയിരുന്നത്. പേർഷ്യൻ ഭാഷയിൽ അവര്‍ എഴുതിയ ഒരു വാക്യം ശിലാശാസനമായി വരെ മാറി: "ആരും എന്റെ ശവകുടീരം മണ്ണും പുല്ലും അല്ലാതെ മറ്റൊന്നും കൊണ്ട് മൂടരുത്. കാരണം അവയാണ് പാവപ്പെട്ടവരുടെ ശവക്കുഴിക്ക് ഏറ്റവും അനുയോജ്യം."

അതേസമയം, ഷാജഹാന്റെ താല്പര്യം വാസ്തുവിദ്യയിലായിരുന്നു. ആധുനിക ഇന്ത്യയിലും പാക്കിസ്ഥാനിലും ഉടനീളം അദ്ദേഹം നിർമ്മിച്ച അവിശ്വസനീയമാംവിധം മനോഹരമായ കെട്ടിടങ്ങൾ കാണാം. ഡൽഹിയിലെ ചെങ്കോട്ടയും ജുമാ മസ്ജിദും  ആഗ്ര കോട്ട, ഷാജഹാൻ മസ്ജിദ്, സിന്ധിലിെ വസീർ ഖാൻ മസ്ജിദ്, ഷാലിമാർ ഗാർഡൻസ്, മോത്തി മസ്ജിദ്, ലാഹോർ കോട്ടയുടെ ചില ഭാഗങ്ങൾ, ജഹാംഗീറിന്റെ കല്ലറ എല്ലാം ഇന്നും അല്‍ഭുതകരമാണ്. ഈ കെട്ടിടങ്ങളിൽ പലതിലും അദ്ദേഹം ഖുർആനിന്റെ ഭാഗങ്ങൾ ആലേഖനം ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന്റെ ഭാര്യ മുംതാസ് മഹലിന്റെ കല്ലറയായ ആഗ്രയിലെ താജ്മഹലാണ് ഈ നിർമിതികളിൽ പ്രസിദ്ധി ആർജിച്ചത്. 

ഔറംഗസേബ്

ഷാജഹാന്റെ മകൻ മുഹിയുദ്ദീൻ മുഹമ്മദ് ഔറംഗസേബ് (1618-1707) ഏറ്റവും ശക്തനായ മുഗൾ ചക്രവർത്തിയായിരുന്നു. നീണ്ട 49 വർഷക്കാലം ഇന്ത്യയെ അടക്കി ഭരിച്ച ഭരണാധികാരിയാണ് അദ്ദേഹം. അദ്ദേഹത്തിന്റെ ഭരണകാലത്ത് നിരവധി യുദ്ധങ്ങൾ നടന്നിട്ടുണ്ട്. അതിലൂടെ ഇന്ത്യയുടെ ഭൂരിഭാഗ പ്രദേശങ്ങളും കീഴടക്കാന്‍ അദ്ദേഹത്തിന് സാധിച്ചു. അതിനാൽ പഠനത്തിലും കലയിലും മുഴുകാൻ അദ്ദേഹത്തിന് സമയം ലഭിച്ചില്ലെന്ന് പറയാം. അതേസമയം, വളരെ മിടുക്കനും താരതമ്യേന കർക്കശക്കാരനായ ഒരു മുസ്‍ലിമും ആയിരുന്നു അദ്ദേഹം. ഇസ്‍ലാമിക നിയമത്തെക്കുറിച്ചുള്ള ഗ്രന്ഥങ്ങൾ ആവേശത്തോടെ വായിക്കുകയും ഉപഭൂഖണ്ഡത്തിലുടനീളമുള്ള മികച്ച മുസ്‍ലിം നിയമജ്ഞരെ ഒരുമിച്ച് കൊണ്ടുവരികയും ചെയ്തു അദ്ദേഹം. ഖുർആനിലെ തഫ്സീറുകളും ഹദീസുകളുടെ വ്യാഖ്യാനങ്ങളും അദ്ദേഹം ശേഖരിക്കുകയും വായിക്കുകയും ചെയ്തിരുന്നു. ഇവയെല്ലാം അദ്ദേഹത്തിന്റെ രാജകീയ ലൈബ്രറിയിലാണ് സൂക്ഷിച്ചിരുന്നത്. ഒരു മികച്ച എഴുത്തുകാരനായിരുന്ന അദ്ദേഹം ഖുർആനിന്റെ പകർപ്പുകൾ പതിവായി എഴുതിയിരുന്നു. അതിനായി അദ്ദേഹം തന്റെ സ്വകാര്യ സ്വത്തിന്റെ വലിയൊരു ഭാഗം തന്നെ മാറ്റിവെക്കുകയും ചെയ്തു. 

മഖ്ഫി എന്ന തൂലികാനാമത്തിൽ എഴുതിയിരുന്ന ഔറംഗസേബിന്റെ മൂത്ത മകൾ സേബ് അൻ-നിസ വിദ്യാസമ്പന്നയും പ്രഗത്ഭ കവയത്രിയുമാണ്. ഔറംഗസേബ് നിയമിച്ച അധ്യാപിക ഹാഫിസ മറിയമാണ് അവരെ ഇതെല്ലാം പഠിപ്പിച്ചത്. നാലാം വയസ്സിൽ ഖുർആൻ മനഃപാഠമാക്കാൻ തുടങ്ങിയ സേബ് അന്നിസ ഏഴാം വയസ്സിൽ ഖുർആൻ മുഴുവൻ മനഃപാഠമാക്കി. അക്കാലത്തെ പ്രമുഖ പണ്ഡിതനായ മുഹമ്മദ് സഈദ് അഷ്‌റഫ് മസന്ദറാണിയുടെ കീഴിൽ അവർ തത്ത്വശാസ്ത്രം, ഗണിതം, ജ്യോതിശാസ്ത്രം, സാഹിത്യം എന്നിവയും അറബി, പേർഷ്യൻ, ഉറുദു എന്നീ ഭാഷകളും അഭ്യസിച്ചു. 14 വയസ്സായപ്പോഴേക്കും അവര്‍ പേർഷ്യൻ ഭാഷയിൽ കവിതകൾ രചിച്ചിരുന്നു. അറബിക് കാലിഗ്രഫിയിൽ ചുരുങ്ങിയ കാലയളവ് കൊണ്ട് തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കാനും അവർക്ക് കഴിഞ്ഞു. വളരെ വലിയ ശമ്പളം നല്കി, താൽപ്പര്യമുള്ള വിഷയങ്ങളിൽ ഗ്രന്ഥങ്ങൾ രചിക്കാന്‍ അവര്‍ പണ്ഡിതന്മാരെ ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു.

ചുരുക്കത്തില്‍, മുഗള്‍ ഭരണകര്‍ത്താക്കളും അവരുടെ ബന്ധുക്കളും കേവലം അധികാര സ്ഥലങ്ങളില്‍ ഇരിക്കുകയായിരുന്നില്ല, മറിച്ച് വൈജ്ഞാനിക രംഗത്ത് തങ്ങളുടേതായ സംഭാവനകളര്‍പ്പിക്കുകയും അതിനായി സമൂഹത്തെ പ്രോല്‍സാഹിപ്പിക്കുകയും ചെയ്യുക കൂടി ചെയ്തിരുന്നു എന്നര്‍ത്ഥം.

വിവർത്തനം: നിയാസ് അലി

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter