ബഗ്ദാദിന്റെ പതനം: മംഗോളിയർ സാധ്യമാക്കിയ വിധം

ക്രിസ്താബ്ദം 1277, മരണശയ്യയിൽ അവസാന ശ്വാസത്തിനായി കാത്തിരിക്കുന്ന ചെങ്കിസ് ഖാൻ തന്റെ പുത്രന്മാരെ ഒരുമിച്ചു കൂട്ടി പറഞ്ഞു: "ജീവിതം നൈമിഷികമാണ്, എനിക്ക് ലോകമൊന്നടങ്കം കീഴടക്കാനായില്ല. ഞാൻ അവസാനിപ്പിച്ചിടത്തു നിന്ന് ഇനി നിങ്ങൾ തുടരണം." 

ചെങ്കിസ് ഖാന്റെ മരണശേഷം നാല് പുത്രന്മാർ ആ സാമ്രാജ്യത്തെ നാലായി ഭാഗിച്ചു. കൂട്ടത്തിൽ ടൊലോയ്  ഖാനാണ് അബ്ബാസി ഖിലാഫത്തിന് നേരെയുള്ള കിഴക്ക് ഭാഗത്തേക്കുള്ള പടയോട്ടങ്ങൾ നയിക്കാർ നിയോഗിക്കപ്പെട്ടത്. പക്ഷ, ഈ രക്തപങ്കിലമായ ദൗത്യം നിർവഹിക്കാൻ ആയുസ് അദ്ദേഹത്തെ അനുവദിച്ചില്ല. അദ്ദേഹത്തിന് ശേഷം അധികാരമേറ്റെടുത്ത പുത്രൻ മൊൻകെ  ഖാനാണ് പിന്നീട് ഈ ഉദ്യമം ഏറ്റെടുത്തത്. 

1251 ൽ അധികാരമേറ്റെടുത്ത മൊൻകെ ഖാൻ ഇസ്‍ലാമിക രാഷ്ട്രധ്വംസനമെന്ന പിതാവിന്റെ സ്വപ്ന സാക്ഷാത്കാരത്തിനായി ഇളയ സഹോദരനെ ഏൽപിച്ചു. ഒരു യുദ്ധത്തിൽ പോലും പരാജയം രുചിക്കാത്ത ഈ ഇളയ സഹോദരൻ തന്റെ പിതാമഹന് തുല്യനാണെന്ന് തെളിയിച്ചു. അബ്ബാസി ഖിലാഫതിന് അന്ത്യം കുറിച്ച് ഇസ്‍ലാമിക സുവർണകാലഘട്ടത്തിന് ചരമഗീതം രചിക്കുകയും മദ്ധേഷ്യയിൽ ഇൽഖാനി ഭരണകൂടം സ്ഥാപിക്കുകയും ചെയ്ത ഹുലാഗു ഖാൻ എന്ന അപരാജിത ജേതാവായിരുന്നു അദ്ദേഹം.

 തുടക്കം 

മത വൈജ്ഞാനിക മേഖലകളിൽ കൈവരിച്ച നേട്ടങ്ങൾ കാരണം അബ്ബാസി ഖിലാഫത്ത് അക്ഷരാർഥത്തിൽ ശക്തവും സമ്പന്നവുമായിരുന്നു.  പക്ഷെ അവസാന ഘട്ടങ്ങളിലെത്തിയപ്പോൾ ഖിലാഫത് പാടെ പരിക്ഷീണയായിരുന്നു. ഘട്ടംഘട്ടമായി ബുവൈഹികളും സൽജൂഖികളും ഫാഥിമികളും പല പ്രദേശങ്ങൾ കീഴടക്കിയിരുന്നതിനാൽ തന്നെ അബ്ബാസി ഖിലാഫത്തിന്റെ സർവാധിപത്യം ആദ്യമേ നിലച്ചിരുന്നു.  

തുർക്കി, പേർഷ്യൻ, ജോർജിയൻ വംശജരായ ദൗലതിന്റെ സൈനികർ അപരിഷ്കൃതരും പുത്തൻ ആയുധാഭ്യാസങ്ങൾക്ക് മിതമായ പരിശീലനങ്ങൾ ലഭിക്കാത്തവരുമായിരുന്നു. അബ്ബാസികളുടെ അധീനതയിലായിരുന്ന പാകിസ്താന്റെയും അഫ്ഗാനിസ്ഥാനിന്റെയും ഇറാനിന്റെയും പല ഭാഗങ്ങൾ സൽജൂഖികളും ഖവാരിസ്മികളും കീഴടക്കിയിരുന്നു. ഈജിപ്തിൽ ഫാഥിമികളും അയ്യൂബികളും അധികാരത്തിലേറി. പതിയെ ആഫ്രിക്കൻ ഭൂഖണ്ഡം പൂർണമായും അബ്ബാസികൾക്ക് നഷ്ടമായിക്കഴിഞ്ഞിരുന്നു. 

ക്രി. 1258 ന് മുമ്പ് തന്നെ മംഗോളിയർ ബഗ്ദാദിനെ ലക്ഷ്യമിടുന്നുണ്ട്. ചെങ്കിസ്  ഖാന്റെ പുത്രനായ ഒഗദായിയുടെ കൽപന പ്രകാരം ജനറൽ കുർമാഖാന്റെ നേതൃത്വത്തിൽ മംഗോൾ സൈന്യം അബ്ബാസി അധീന പ്രദേശമായ വടക്കൻ ഇറാഖിലെ എർബിലിൽ പടയോട്ടങ്ങൾ നടത്തിയിരുന്നു. ബഗ്ദാദിലെത്തി അബ്ബാസി ഖലീഫയായ അൽ മുസ്തൻസ്വിർ ബില്ലാഹിയെ മംഗോളിയർക്ക് വാർഷിക നികുതി നൽകാൻ നിർബന്ധിതരാക്കാൻ വരെ മംഗോളിയർക്കായിട്ടുണ്ട്. 16 വർഷത്തോളം ഖിലാഫത്തിനെ തകർച്ചയിൽ നിന്ന് സംരക്ഷിച്ചത് ഖലീഫയുടെ ഈ തീരുമാനമായിരുന്നു. 

എന്നാൽ മൊൻകെ ഖാന് വാർഷികനികുതി കൊണ്ട് മാത്രം തൃപ്തിയായില്ല. ഖലീഫ പൂർണമായും തനിക്ക് വഴങ്ങണം എന്നായിരുന്നു അദ്ദേഹത്തിന്റെ വാശി. എന്നാൽ മുസ്തൻസ്വിർ ബില്ലാഹിക്ക് ശേഷം ഖലീഫയായി അവരോധിതനായ പുത്രൻ മുസ്തഅസിം ബില്ലാഹി അതിന് തയ്യാറായതുമില്ല. ഇതാണ് അബ്ബാസി ഖിലാഫത്തിന്റെ അവസാന നാളുകൾ കുറിച്ചത്.

വസീറും മംഗോളിയരും: ആവർത്തിക്കപ്പെടുന്ന തെറ്റിദ്ധാരണകൾ 

ക്രി.1257, അവസാന അബ്ബാസി ഖലീഫയായ അബ്ദുല്ലാഹിബ്നു മുസ്തഅസിം ബില്ലാഹിക്ക് ഹുലാഗു ഖാനിൽ നിന്നുള്ള ഒരു കത്ത് വന്നു. പൂർണമായും മംഗോളിയർക്ക് വിധേയപ്പെടണമെന്നായിരുന്നു കത്തിന്റെ ഇതിവൃത്തം.  കത്തിന് മറുപടി അയക്കുന്നതിന് മുമ്പ് മന്ത്രിയായ ഇബ്നുൽ അൽഖമിയോട് കൂടിയാലോചന നടത്തി. ഈ മന്ത്രിയുമായി ബന്ധപ്പെട്ട് ചരിത്രത്തിൽ അനവധി ചർച്ചകളുണ്ട്. അദ്ദേഹത്തിന്റെ ഉദ്ദേശ്യ ശുദ്ധി പലരും ചോദ്യം ചെയ്യാറുണ്ട്. ശിയാ വിശ്വാസിയായതിനാൽ തന്നെ ഖിലാഫതിനെ തകർക്കലായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യമെന്ന് പലരും അഭിപ്രായപ്പെട്ടിട്ടുണ്ട്. ഇറാഖിലെ ശിയാ വിശ്വാസികളാണ് അബ്ബാസി ഖിലാഫതിന്റെ തകർച്ചക്ക് ചുക്കാൻ പിടിച്ചതെന്ന ആരോപണവും ഇതിന്റെ ബാക്കിയാണ്. 

എന്നാൽ ഈ ആരോപണങ്ങൾ പരിഗണനീയമല്ല. ഇനി മന്ത്രി ഖലീഫയെ വഞ്ചിക്കാൻ തീരുമാനിച്ചിരുന്നു എന്ന് തന്നെ വെച്ചാലും, ഹുലാഗു ഖാൻ ബാഗ്ദാദ് കീഴടക്കിയത്  മംഗോളിയൻ സാമ്രാജ്യത്തിന്റെ ആജ്ഞപ്രകാരമാണ്. അതിന് വഴിവെച്ചത് മംഗോളിയർക്ക് വഴങ്ങാതിരുന്ന ഖലീഫയുടെ ഉറച്ച തീരുമാനവുമാണ്. യുദ്ധത്തിലെ മുസ്‍ലിംകളുടെ പരാജയത്തിനും ബഗ്ദാദിന്റെ തകർച്ചക്കും മന്ത്രിയുടെ നിലപാടുമായി വലിയ ബന്ധമില്ല എന്നതാണ് വസ്തുത.

തന്റെ പ്രതിയോഗിയുടെ ശക്തി യഥായോഗ്യം  മനസ്സിലാക്കാതിരുന്നിടത്താണ് ഖലീഫക്ക് പിഴച്ചത്. മംഗോളിയർ മുമ്പത്തെ പോലെ അത്ര പ്രാചീനരായിരുന്നില്ല. മുന്നിട്ടിറങ്ങുന്ന യുദ്ധങ്ങൾക്ക് കൃത്യമായ പ്ലാനുകളോടെയാണ് അവർ പുറപ്പെട്ടിരുന്നത്.  അതാവശ്യമായി വരുമ്പോൾ മാത്രമേ അവർ യുദ്ധത്തിനിറങ്ങിയിരുന്നുള്ളൂ. ബഗ്ദാദിലേക്ക് വരുന്നതിന് മുമ്പ് തന്നെ അവിടുത്തെ സൈന്യത്തെക്കുറിച്ചും യുദ്ധസന്നാഹങ്ങളെക്കുറിച്ചും നഗരമതിലുകളെക്കുറിച്ചും ബഗ്ദാദിലെ ക്രിസ്ത്യാനികളുടെ സഹായത്താൽ കൃത്യമായ ധാരണ ഹലാഗുവിന് ഉണ്ടായിരുന്നു.

മംഗോളിയർ തികഞ്ഞ പ്രാചീനരും ബർബറികളുമാണെന്നത് വ്യാപകമായ ഒരു തെറ്റിദ്ധാരണയാണ്. അവരുടെ യുദ്ധങ്ങളിൽ പ്രതിയോഗികളെ ഭയപ്പെടുത്താനായി അവർ ക്രൂരമായ മാർഗങ്ങൾ ഉപയോഗിച്ചിരുന്നു എന്ന് മാത്രം. ജനങ്ങളെ  ഭീതിപ്പെടുത്താൻ അവർ വളരെ മോശമായ പല കാര്യങ്ങളും ചെയ്തിട്ടുണ്ടെന്നത് അനിഷേധ്യമാണ്.  എന്നാൽ അതൊക്കെയും അന്ന് നിലവിലുണ്ടായിരുന്ന അധിക സാമ്രാജ്യങ്ങളും ചെയ്തുപോരുന്നവയായിരുന്നു.

മംഗോളിയർ അത്ര അപരിഷ്കൃതരായിരുന്നില്ല എന്ന് അവരുടെ ചില നിയമങ്ങൾ സാക്ഷ്യപ്പെടുത്തുണ്ട്. അനാവശ്യമായി മൃഗങ്ങളെ പീഢിപ്പിക്കുന്നതും കുതിരകളെ മുറിപ്പെടുത്തുന്നതും പ്രായമാകാത്ത പക്ഷികളെ വേട്ടയാടുന്നതും ഒഴുകുന്ന വെള്ളത്തിൽ മൂത്രമൊഴിക്കുന്നതും മംഗോളിയൻ നിയമപ്രകാരം നിരോധിക്കപ്പെട്ടവയായിരുന്നു. ഭക്ഷണം നിലത്ത് തുപ്പുന്നത് അവരുടെയടുത്ത് നിന്ദിക്കുന്നതിന് തുല്യമായിരുന്നു. ഇത്തരം നിയമങ്ങളെല്ലാം മംഗോളിയർ പരിഷ്കൃതരും ജീവിതമൂല്യങ്ങളുള്ളവരുമായിരുന്നു എന്നതിലേക്ക് സൂചിപ്പിക്കുന്നു. 

ഖലീഫ ചെയ്യേണ്ടിയിരുന്നത് 

മംഗോളിയരുടെ സന്നാഹങ്ങൾ കണ്ട് നിർന്നിമേഷനാവുന്നതിന് പകരം അവർക്ക് സമാനമായ ആയുധങ്ങളും സന്നാഹങ്ങളും ഒരുക്കാനായിരുന്നു ഖലീഫ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടിയിരുന്നത്. ചരിത്രത്തിൽ അത്തരം ഉദാഹരണങ്ങൾ നമുക്ക് ലഭ്യമാണ്. യുദ്ധതന്ത്രങ്ങളിലും അധിനിവേശാഭിനിവേശത്തിലും മംഗോളിയർക്ക് സമാനമായിരുന്ന ദുഷ്ചെയ്തികൾക്ക് പേര് കേട്ട ഒരു സാമ്രാജ്യമായിരുന്നു ചൈനയിലെ സിനോഗു (Xiongnu) സാമ്രാജ്യം. മാഗോളിയരെ പോലെ അവർ മദ്ധ്യേഷ്യയിൽ സാമ്രാജ്യം സ്ഥാപിക്കുകയും പ്രതിയോഗികളെ വെല്ലുന്ന യുദ്ധസന്നാഹങ്ങൾ കൈമുതലാക്കുകയും ചെയ്തിരുന്നു. പക്ഷെ, അവർക്ക് ചൈന പൂർണമായി അധീനപ്പെടുത്താൻ കഴിയും മുമ്പ് അവരുടെ യുദ്ധ തന്ത്രങ്ങൾ മനസ്സിലാക്കി അവരുടെ ആയുധങ്ങൾ ഉപയോഗിച്ച് അവരുടെ വേഷം ധരിച്ച് ചൈനയിലെ ഹാൻ ഭരണകൂടം അവരെ പരാജയപ്പെടുത്തി.

മംഗോളിയരെപോലെ വേഗത്തിൽ കുതിരകൾ ഓടിക്കാൻ കഴിയുന്ന സൈന്യത്തെ തയ്യാറാക്കാനും കാലാൾപ്പട കുതിരപ്പടയാക്കി മാറ്റാനും മറ്റെല്ലാ അമ്പുകളെയും വെല്ലുന്ന മംഗോളിയൻ അമ്പുകൾക്ക് സമാനമായി ഒന്ന് നിർമിക്കാനും മറ്റു നഗരങ്ങൾ കീഴടക്കാൻ അവർ ഉപയോഗിച്ച തന്ത്രങ്ങൾ മനസ്സിലാക്കാനും ഖലീഫയും മാന്ത്രിമാരും തയ്യാറാകണമായിരുന്നു. 

മുപ്പത് വർഷങ്ങൾക്കു മുമ്പ് ഇസ്‍ലാമിക ലോകത്തെ ഏറ്റവും വലിയ നഗരമായിരുന്ന ബുഖാറ മംഗോളിയർക്ക് കീഴടക്കാൻ കഴിഞ്ഞിരുന്നു എന്ന് ഖലീഫ മനസ്സിലാക്കേണ്ടിയിരുന്നു. ബുഖാറ കീഴടക്കാൻ മംഗോളിയർ ഉപയോഗിച്ച അതേ തന്ത്രം തന്നെയാണ് ബാഗ്ദാദ് കീഴടക്കാനും അവർ പ്രയോഗിച്ചത്. ചെറിയൊരു ഉപരോധത്തിൽ നിന്ന് തുടങ്ങി പിന്നീട് കൂട്ടക്കൊലയും കൊള്ളയും നടത്തി പ്രദേശം പൂർണമായും കീഴടക്കിയ ശേഷം  പ്രദേശക്കാർക്ക് തീർത്തും അപരിചിതനായ ഒരാളെ ഭരണാധികാരിയായി നിയമിക്കുകയും ചെയ്യുക എന്നതായിരുന്നു മംഗോളിയൻ രീതി. 

ബഗ്ദാദിനെ സംരക്ഷിക്കാനായി ഖലീഫ ഒന്നും തന്നെ ചെയ്തില്ല എന്നതാണ് യാഥാർഥ്യം. ഇറാഖിലെ മുഴുവൻ സൈന്യത്തെയും ഒരുമിച്ചു കൂട്ടാൻ അദ്ദേഹത്തിനായില്ല. സിറിയയിലെ ഭരണാധികാരികളോടും ഈജിപ്തിലെ ഫാഥിമികളോടും ബഗ്ദാദ് തകർന്നാൽ അടുത്തത് നിങ്ങളുടെ ഊഴം ആയിരിക്കുമെന്ന് മുന്നറിയിപ്പു നൽകി കൂടെ നിർത്താൻ അദ്ദേഹത്തിന് കഴിഞ്ഞില്ല. ടൈഗ്രീസ് നദിയും കടന്നു ബഗ്ദാദിന്റെ സമീപത്ത് ഹുലാഗുവിന്റെ സൈന്യം തമ്പടിക്കുന്നത് വരെ അവരെ എതിർക്കാനുള്ള ഒരു ചെറിയ ശ്രമം പോലും ഖലീഫയുടെ ഭാഗത്ത് നിന്നുണ്ടായില്ല. 

മംഗോളിയർ ബഗ്ദാദ് കീഴടക്കിയ വിധം 

ഹുലാഗുവിന്റെ സൈന്യത്തെ നേരിടുവാനായി ഖലീഫ 20,000 പേരടങ്ങുന്ന ഒരു സൈന്യത്തെ പറഞ്ഞയച്ചു. പക്ഷെ, ഹുലാഗുവിന്റെ ശക്തമായ പടക്കു മുന്നിൽ ഇരുപതിനായിരം പേർക്കും അന്ത്യശ്വാസം വലിക്കേണ്ടി വന്നു. പിന്നീട് അമ്പതിനായിരം പേരടങ്ങുന്ന മറ്റൊരു സൈന്യത്തെ കൂടി പറഞ്ഞയക്കാൻ ഉദ്ദേശിച്ചെങ്കിലും അപ്പോഴേക്കും ബഗ്ദാദിന്റെ പതനം ആരംഭിച്ചു കഴിഞ്ഞിരുന്നു. ഒരു ലക്ഷത്തി അമ്പതിനായിരം പരിചയസമ്പന്നരായ സൈനികര്‍ ടങ്ങുന്നതായിരുന്നു ഹുലാഗുവിന്റെ പട. അതിനുപുറമേ അബ്ബാസി ഖലീഫയോട് പ്രതികാരം ചെയ്യാൻ ഒരുങ്ങിയിറങ്ങിയ ജോർജിയൻ, അർമീനിയൻ സൈനികരും അവരുടെ പക്ഷം ചേർന്നിരുന്നു. ചൈനയിൽ നിന്ന് കൊണ്ടുവന്ന പുത്തൻ ആയുധങ്ങളും പീരങ്കികളും കൈകാര്യം ചെയ്യുന്ന ആയിരം പേരും അക്കൂട്ടത്തിലുണ്ടായിരുന്നു. ചൈനയിലെ ജിൻ ഭരണകൂടം നിർമിച്ച ശക്തമായ പ്രഹരശേഷിയുള്ള പീരങ്കികളുപയോഗിച്ചാണ് അവർ നഗരമതിലുകൾ തകർത്തത്.

മൃഗങ്ങളെ വേടയാടുമ്പോൾ പ്രയോഗിച്ചിരുന്നത് പോലെ വൃത്താകൃതിയിൽ സൈന്യം നഗരത്തിന് ചുറ്റും കൂടി നിന്ന് ആർക്കും പുറത്ത്പോകാനാവാത്ത വിധം വലയം ചെയ്ത ശേഷമാണ് ആക്രമണങ്ങൾ തുടങ്ങിയത്. 1258 ജനുവരി 29 നായിരുന്നു അത്.

ഏതാനും ദിവസത്തെ ഉപരോധത്തിന് ശേഷം ഫെബ്രുവരി 10ന് ഹുലാഗുവും സൈന്യവും നഗരത്തിലേക്ക് പ്രവേശിച്ചു. ഒരാഴ്ചക്കാലം കൊള്ളയും കൊലയുമായി മംഗോളിയൻ സൈന്യം ബഗ്ദാദിൽ ചിതറിക്കിടക്കുന്ന മനുഷ്യക്കബന്ധങ്ങൾക്കു മുകളിൽ ആനന്ദനൃത്തമാടി. അടിച്ചു വീശുന്ന ശവങ്ങളുടെ ഗന്ധം കാരണമായി ഹുലാഗുവിന് കാറ്റിന്റെ എതിർ ദിശയിൽ കൂടാരം സ്ഥാപിക്കേണ്ടി വന്നു. പള്ളികളും കൊട്ടാരങ്ങളും അഗ്നിക്കിരയായി. ബൈത്തുൽ ഹിക്മയിൽ നിന്ന് അനവധി കിതാബുകൾ പുറത്തേക്ക് വലിച്ചെറിഞ്ഞ് അവർ തീ കൊളുത്തി. ചില കിതാബുകളുടെ തോലില്‍തീര്‍ത്ത ചട്ടകൾ ഉപയോഗിച്ച് ചിലർ ചെരുപ്പുകൾ വരെ നിർമിച്ചു.

ഏകദേശം ഒരു ലക്ഷത്തോളം പേർ അന്ന് കൊല്ലപ്പെട്ടു.   ഖലീഫയെ ഒരു വിരിപ്പിൽ കിടത്തിക്കെട്ടിയ ശേഷം കുതിരകളെ കൊണ്ട് ദേഹത്ത് ചവിട്ടിച്ച് കൊലപ്പെടുത്തി. രാജാക്കന്മാരുടെ രക്തം ഭൂമിയിൽ വീഴുന്നത് അവർക്ക് പിന്നീട് ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുമെന്ന വിശ്വാസമായിരുന്നു ഇതിന് കാരണം. (മുസ്‍ലിംകളുടെ ഖലീഫയുടെ രക്തം നിലത്ത് വീഴാതിരിക്കാൻ വേണ്ടി ഹുലാഗുവിന്റെ സഹായിയായിരുന്ന നാസ്വിറുദ്ദീൻ ത്വൂസി ആവശ്യപ്പെട്ടത് പ്രകാരമാണ് ഇത് എന്നും അഭിപ്രായമുണ്ട്).

ബഗ്ദാദിന് ശേഷം ഡമസ്കസും പിന്നീട് ഈജിപ്തും കീഴടക്കാൻ ഹുലാഗു പുറപ്പെട്ടു. ഈജിപ്ത് കീഴടക്കാൻ ഒരുങ്ങുമ്പോൾ മൊൻകെ ഖാൻ മരണപ്പെട്ട വിവരമറിഞ്ഞ ഹുലാഗു ദൗത്യം സൈന്യത്തെ ഏൽപിച്ച് മംഗോളിയയിലേക്ക് മടങ്ങി. കുറഞ്ഞ കാലം ഇറാഖ് ഭരിച്ച മംഗോളിയർ അവരിൽ ഉൽഭവിച്ച ആന്തരിക തർക്കങ്ങൾ കാരണമായി പല ചേരിയായി തിരിഞ്ഞു. മംഗോളിയർക്കിടയിൽ ആഭ്യന്തര കലഹങ്ങൾ ഉൽഭവിച്ചില്ലായിരുന്നുവെങ്കിൽ യൂറോപ്പും ഒന്നടങ്കം അവർ കീഴടക്കിയിരുന്നേനെ.

 മംഗോളിയരുടെ വിജയത്തിന് പിന്നിൽ 

ഏഷ്യയിൽ നിന്ന് പിറവികൊണ്ട മംഗോളിയർക്ക് ലോകത്തിന്റെ പകുതി ഭാഗം കീഴടക്കാൻ എങ്ങനെ സാധിച്ചു?. മുസ്‍ലിം ലോകത്തിന് ഇനി ഒരിക്കലും തിരിച്ചെടുക്കാൻ ആവാത്ത വിധം നഷ്ടങ്ങൾ സമ്മാനിച്ച മംഗോളിയൻ പടയോട്ടങ്ങളിൽ അവരുടെ വിജയത്തിൻറെ രഹസ്യം എന്തായിരിരുന്നു?. 

ശക്തവും കഠിനവുമായ സൈനിക പരിശീലനം കഴിഞ്ഞാണ് മംഗോളിയർ സൈന്യത്തിൽ എത്തുന്നത്. ഒരു യുദ്ധത്തിന് പോയി ഭൂരിഭാഗം പേരും വധിക്കപ്പെട്ടാൽ ശേഷം തിരിച്ചു വരുന്നവരെയും ഭരണാധികാരി നിഷ്ക്കരുണം വധിക്കും. മുസ്‍ലിംകളേക്കാൾ വേഗത്തിൽ കുതിരകളെ ഓടിക്കാനും പ്രഹര ശേഷിയുള്ള ആയുധങ്ങൾ ഉപയോഗിക്കാനും അവർക്ക് പരിശീലനം ലഭിച്ചു എന്നാണ് അവരുടെ മേൽക്കോയ്മക്ക് കാരണം.

സാമ്രാജ്യത്തിന്റെ അന്ത്യം 
മറ്റുള്ളവരുടെ മാംസം ഭുജിക്കാൻ ലഭിക്കാതിരുന്നാൽ സാമ്രാജ്യം സ്വന്തം മാംസം ഭുജിച്ചു തുടങ്ങുമെന്ന് മനസ്സിലാക്കിയ ചെങ്കിസ്ഖാനും പുത്രന്മാരും സൈന്യത്തെ നിരന്തരം പുറത്ത് പടയോട്ടങ്ങൾക്ക് വേണ്ടി പറഞ്ഞയച്ചിരുന്നു. ആഭ്യന്തര കലഹങ്ങളെ കുറിച്ച് ചിന്തിക്കാൻ പോലും അവർ അവസരം നൽകിയിരുന്നില്ല.

യുദ്ധങ്ങൾ മാത്രമായിരുന്നു തകർച്ചയിൽ നിന്ന് മംഗോളിയൻ സാമ്രാജ്യത്തെ തടഞ്ഞു നിർത്തിയിരുന്നത്. പിന്നീട്  അബ്ബാസി ഖിലാഫത്തിനെ പോലെ അധീന പ്രദേശങ്ങൾ വർധിക്കുകയും പൂർണമായി കൈകാര്യം ചെയ്യാൻ സാധിക്കാതെ വരികയും ചെയ്തപ്പോൾ, ചരിത്രത്തിന്റെ തനിയാവര്‍ത്തനം പോലെ ആ മഹാ സാമ്രാജ്യവും പതിയെ അസ്തമിച്ചു തുടങ്ങി.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter