മുസ്‌ലിം സ്‌പെയ്ന്‍: വായനയുടെ വസന്തം
ഇസ്‌ലാമിക ചരിത്രത്തിലെ പ്രശോഭിക്കുന്ന അദ്ധ്യായമാണ് മുസ്‌ലിം സ്‌പെയ്ന്‍. ഉമവി ഖലീഫ ഹകം രണ്ടാമനാണ് ഇവിടത്തെ വായനാ വിപ്ലവത്തിന്റെ പ്രോദ്ഘാടകന്‍. പുസ്തകങ്ങളോട് പ്രത്യേകം അഭിനിവേശം മനസ്സില്‍ സൂക്ഷിച്ച ഹകം ഒരുകാലത്ത് യൂറോപ്പിലെ ഏറ്റവും വലിയ പുസ്തക പ്രേമിയായിരുന്നു. വായിക്കാനാവശ്യമായ പുസ്തകങ്ങള്‍ പൂര്‍വദേശത്തു നിന്നും അദ്ദേഹം ഇറക്കുമതി ചെയ്തു. വിജ്ഞാന സേവകരായ മന്‍സൂര്‍, ഹാറൂന്‍, മഅ്മൂന്‍ തുടങ്ങിയ അബ്ബാസി ഖലീഫമാരുടെ ഭരണത്തിനു കീഴില്‍ ബാഗ്ദാദ് പുരോഗതിയുടെ പടവുകള്‍ താണ്ടി പ്രശസ്തിയുടെ പാരമ്യതയില്‍ വിരാജിക്കുന്ന കാലമായിരുന്നു അന്ന്. അരിസ്റ്റോട്ടില്‍, ഹിപ്പോക്രൈറ്റ്‌സ്, ഡിസോറൈഡ്‌സ്, ടോമളി, യുക്ലിഡ് തുടങ്ങിയ ഉന്നത ധിഷണാശാലികള്‍ ഗ്രീക്ക്, ലാറ്റിന്‍ ഭാഷകളില്‍ വിരചിതമായ ഗ്രന്ഥങ്ങള്‍ അറബിയിലേക്ക് ഭാഷാന്തരം ചെയ്യാന്‍ ഈ ഭരണാധികാരികള്‍ മുസ്‌ലിം പണ്ഡിതന്‍മാര്‍ക്ക് പ്രചോദനം നല്‍കി. ഗ്രീക്ക്, ലാറ്റിന്‍ കൃതികള്‍ കൂടാതെ നിരവധി സംസ്‌കൃത, പേര്‍ഷ്യന്‍ കൃതികളും അറബിയിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ടു.
തങ്ങളുടെ വൈജ്ഞാനിക കൊതികള്‍ കേവലം വിവര്‍ത്തനങ്ങളില്‍ ഒതുക്കി നിര്‍ത്താന്‍ പൂര്‍വദേശ പണ്ഡിതന്‍മാര്‍ ഒരുക്കമായിരുന്നില്ല. വിവര്‍ത്തനങ്ങളെ തുടര്‍ന്ന് പതിനായിരക്കണക്കിന് സ്വതന്ത്ര കൃതികള്‍ മുസ്‌ലിം പണ്ഡിതന്‍മാരുടെ കഠിനയജ്ഞത്താല്‍ വിരചിതമായിട്ടുണ്ട്. ചരിത്രം, സാഹിത്യം, തത്ത്വമീമാംസ, രാഷ്ട്രതന്ത്രം, സസ്യശാസ്ത്രം, കൃഷി, നേത്രരോഗ നിദാനശാസ്ത്രം, ഗണിതശാസ്ത്രം, ജ്യാമിതി, ഊര്‍ജ്ജതന്ത്രം, രസതന്ത്രം, ഔഷധഗുണവീര്യവിപാക ശാസ്ത്രം, ഭാഷാശാസ്ത്രം, വ്യാകരണം, സംഗീതം തുടങ്ങിയ വൈവിധ്യമാര്‍ന്ന വിജ്ഞാന ശാഖകള്‍ ഈ ഗ്രന്ഥങ്ങളില്‍ ചര്‍ച്ചയ്ക്ക് വിധേയമാവുകയും പല ഗ്രന്ഥങ്ങളും പില്‍ക്കാലത്ത് എന്‍സൈക്ലോപീഡിയകളായി രൂപാന്തരം പ്രാപിക്കുകയും ചെയ്തു.
അമേരിക്കന്‍ ശാസ്ത്ര ചരിത്രകാരന്‍ പ്രൊഫസര്‍ ജോര്‍ജ് സാര്‍ട്ടന്‍ ഈ കാലഘട്ടത്തിലെ വൈജ്ഞാനിക വിസ്‌ഫോടനം അതിമനോഹരമായി ചിത്രീകരിക്കുന്നുണ്ട്:
”എട്ടാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ധം മുതല്‍ പതിനൊന്നാം നൂറ്റാണ്ടിന്റെ അവസാനം വരെ മനുഷ്യരാശിയുടെ പുരോഗമനോന്മുഖ വൈജ്ഞാനിക ഭാഷ അറബിയിലായിരുന്നു. ഈ കാലഘട്ടത്തില്‍ ഏതു വിഷയത്തിലും നവീന ജ്ഞാനം തേടുന്ന വ്യക്തിക്ക് അറബി ഭാഷാ പഠനം കൂടാതെ കഴിയില്ലായെന്നായി. മുസ്‌ലിംകള്‍ തങ്ങളുടെ ജ്ഞാനവര്‍ധനവിനായി ഇന്നു പാശ്ചാത്യ ഭാഷയെ ആശ്രയിക്കുന്നതു പോലെ അന്ന് ക്രൈസ്തവര്‍ തങ്ങളുടെ വിജ്ഞാന പോഷണത്തിനായി ആശ്രയിച്ചിരുന്നത് അറബി ഭാഷയെയാണ്.”
ബാഗ്ദാദിന്റെ പുരോഗതി ലോകബൗദ്ധിക ഭൂപടത്തില്‍ കൊര്‍ദോവയുടെ സസ്ഥാപനത്തിനായി ഹകമിനെ പ്രേരിപ്പിച്ചു. ഹകമിന്റെ പുസ്തക ശേഖരണത്തിനായി അലക്‌സാണ്ട്രിയ, ബഗ്ദാദ്, ബസറ, ഡമസ്‌കസ്, മ്യൂസല്‍ തുടങ്ങി ഇസ്‌ലാമിക ലോകത്തിന്റെ നാനാ ദിക്കുകളില്‍ ചുറ്റിക്കറങ്ങുകയും എവിടെയെങ്കിലും ഒരു പണ്ഡിതന്‍ പുസ്തക രചന നിര്‍വഹിച്ചതായറിഞ്ഞാല്‍ ഉടന്‍ തന്നെ വന്‍വില നല്‍കി അത് സ്വന്തമാക്കുകയും കൊര്‍ദോവയിലെ രാജകീയ ഗ്രന്ഥാലയത്തിലേക്ക് അയക്കുകയും ചെയ്തു. അല്‍ ഇസ്ഫഹാനി എന്ന ഗ്രന്ഥകാരന്‍ തന്റെ പ്രശസ്തമായ ‘അഗ്നി’ എന്ന ഗ്രന്ഥത്തിന്റെ രചന ആരംഭിച്ചപ്പോള്‍ തന്നെ അതിന്റെ ആദ്യപ്രതി തനിക്ക് നല്‍കുവാന്‍ അഭ്യര്‍ത്ഥിച്ചുകൊണ്ട് ഹകം അദ്ദേഹത്തിന് ആയിരം ദീനാര്‍ അയച്ചുകൊടുത്ത സംഭവം ചരിത്രത്തില്‍ സുവിദിതമാണ്. ഹകമിന്റെ ലൈബ്രറിയില്‍ 40 ലക്ഷത്തില്‍പരം പുസ്തകങ്ങളുണ്ടായിരുന്നു.
മധ്യകാല യൂറോപ്പിലെ അജ്ഞതയുടെയും അന്ധവിശ്വാസങ്ങളുടെയും ഘനാന്ധകാരത്തിലേക്ക് വെളിച്ചം പകരുവാനും അതുവഴി നവോത്ഥാനത്തിന്റെ വിത്തുകള്‍ പാകുവാനുമുള്ള സുദീര്‍ഘമായ പ്രക്രിയയില്‍ ഈ പുസ്തകങ്ങളുടെ സ്ഥാനം അദ്വിദീയമാണ്. ഹകമിന്റെ ലൈബ്രറിയിലെ കാറ്റ്‌ലോഗ് പോലും 40 വാള്യങ്ങളില്‍ പരന്നു കിടന്നപ്പോള്‍ യൂറോപ്പിലെ ക്രിസ്ത്യാനികളുടെ ഏറ്റവും വലിയ ലൈബ്രറിയില്‍ അന്നുണ്ടായിരുന്നത് കേവലം 600 പുസ്തകങ്ങള്‍ മാത്രം. 18ാം നൂറ്റാണ്ടിനു ശേഷം മാത്രമേ മാഡ്രിഡില്‍ ഒരു പൊതുഗ്രന്ഥാലയം സ്ഥാപിക്കാന്‍ അവക്ക് കഴിഞ്ഞുള്ളൂവെന്ന ചരിത്രകാരന്‍ സ്റ്റെയ്ന്‍ലി ലെയ്ന്‍ പൂളിന്റെ നിരീക്ഷണവും ശ്രദ്ധേയമാണ്.
ഹകമിന്റെ വായനാ കൊതിയും പുസ്തക പ്രേമവും കൊര്‍ദോവക്കാര്‍ക്കിടയില്‍ പടര്‍ന്നുപിടിക്കാന്‍ ഏറെ സമയമെടുത്തില്ല. മുസ്‌ലിം സ്‌പെയിന്‍ മുഴുവന്‍ അദ്ദേഹത്തിന്റെ ഹൃദയസ്പന്ദനം ഏറ്റെടുത്തു. ഇതിന്റെ സദ്ഫലം ‘സ്‌പെയിനിലെ മുസ്‌ലിം ശോഭ’ എന്ന ഗ്രന്ഥത്തില്‍ ജോസഫ് മാര്‍ക് കെപ് രേഖപ്പെടുത്തുന്നു: ”മുസ്‌ലിം സ്‌പെയിനില്‍ സമൂഹത്തിന്റെ താഴേക്കിടയിലുള്ളവര്‍ പോലും വായനയില്‍ അതീവ തല്‍പ്പരരും തങ്ങളുടെ തുച്ഛമായ വരുമാനത്തിന്റെ നല്ലൊരു ഭാഗം പുസ്തക ശേഖരണത്തിനായി മാറ്റിവയ്ക്കുകയും ചെയ്യുന്നവരായിരുന്നു.”
ഹകമിന്റെ ആഗ്രഹം സഫലമാവുകയും ലോകം ബാഗ്ദാദിനോടൊപ്പം കൊര്‍ദോവയെയും സാകൂതം വീക്ഷിക്കാനാരംഭിക്കുകയും ചെയ്തു. യൂറോപ്പില്‍ പുരോഹിത വര്‍ഗത്തിനൊഴികെ അക്ഷരജ്ഞാനം അപ്രാപ്യമായിരുന്ന അക്കാലത്ത് സ്‌പെയിനിലെ മുസ്‌ലിംകള്‍ മുഴുവന്‍ സാക്ഷരരായിരുന്നു. കാറ്റിലോണിയയിലെ ക്രിസ്ത്യന്‍ ലൈബ്രറിയിലെ ഗ്രന്ഥശേഖരം കേവലം 192ലൊതുങ്ങിയപ്പോള്‍ ആയിരക്കണക്കിനു പുസ്തകങ്ങള്‍ സ്വന്തമായുള്ള ലൈബ്രറികള്‍ മുസ്‌ലിം സ്‌പെയിനിലെ നിരവധി വ്യക്തികള്‍ക്കുണ്ടായിരുന്നു. ഈ ലൈബ്രറികള്‍ അതിന്റെ ഉടമകള്‍ മുസ്‌ലിം പണ്ഡിതന്മാര്‍ക്കായി തുറന്നുകൊടുത്തു.
കൊര്‍ദോവയിലെ ഏറ്റവും വലിയ ലൈബ്രറികളിലൊന്നിനുടമയായ അബ്ദുല്‍ മുത്‌രിവിന് ആറു മുഴുസമയ പകര്‍ത്തിയെഴുത്തുകാരുണ്ടായിരുന്നുവെന്നും സ്‌പെയിനിലെ പണ്ഡിതന്‍മാര്‍ക്ക് അദ്ദേഹത്തിന്റെ ലൈബ്രറിയിലെ ഏതെങ്കിലും പുസ്തകം ആവശ്യമായിവന്നാല്‍ തികച്ചും സൗജന്യമായി ഈ എഴുത്തുകാര്‍ അതിന്റെ പകര്‍പ്പ് നല്‍കുമായിരുന്നെന്നും ചരിത്രത്തില്‍ കാണാം. വീട്ടില്‍ സ്വകാര്യ ലൈബ്രറി സ്ഥാപിക്കുന്നതും പുസ്തകങ്ങള്‍ ശേഖരിക്കുന്നതുമായിരുന്നു മുസ്‌ലിം സ്‌പെയിനിലെ ഫാഷന്‍. ധനികര്‍ പുസ്തകങ്ങള്‍ വായിച്ചു ഗ്രഹിക്കാന്‍ കഴിയുന്നവരല്ലെങ്കില്‍ പോലും തങ്ങളുടെ വീടുകളില്‍ ലൈബ്രറികള്‍ സ്ഥാപിക്കുകയും മറ്റുള്ളവരുടെ അടുത്തില്ലാത്ത പുസ്തകങ്ങള്‍ സ്വന്തം ശേഖരത്തിലുണ്ടാവുന്നത് വലിയ അഭിമാനമായി കാണുകയും ചെയ്തു. കൊര്‍ദോവയിലെ പണ്ഡിതനായ ഹദ്‌റമിയും പുസ്തക പ്രേമിയായ മറ്റൊരു ധനാഢ്യനും ഒരു പുസ്തകം സ്വന്തമാക്കാനായി മത്സരിച്ച സംഭവം ചരിത്രകാരനായ അല്‍മഖാരി രേഖപ്പെടുത്തുന്നത് കാണുക:
”കൊര്‍ദോവയില്‍ താമസിക്കുന്ന കാലം അവിടുത്ത പുസ്തക മാര്‍ക്കറ്റില്‍ ഞാന്‍ സാദാ പോകുമായിരുന്നു. ഒരിക്കല്‍ അതിമനോഹര എഴുത്തുള്ള പുസ്തകം അവിടെ വില്‍പനയ്‌ക്കെത്തി. പുസ്തകം എനിക്കേറെ ഇഷ്ടപ്പെട്ടു. പുസ്തകത്തിനു ഞാന്‍ വില പറഞ്ഞു. മറ്റൊരാള്‍ വില കൂട്ടിപ്പറഞ്ഞു. ഞാന്‍ വീണ്ടും വില കൂട്ടി. അദ്ദേഹം വില കേറ്റിപ്പറഞ്ഞു. അങ്ങനെ ഞാന്‍ കച്ചവടക്കാരനോട് വില കൂട്ടിപ്പറയുന്നയാളെ കാണിച്ചുതരാന്‍ പറയുകയും അങ്ങനെ അദ്ദേഹത്തെ കാണുകയും അദ്ദേഹത്തോട് ഞാന്‍ പറഞ്ഞു: ”നേതാവേ, ഈ ഗ്രന്ഥം താങ്കള്‍ക്ക് ആവശ്യമുണ്ടെങ്കില്‍ ഞാന്‍ വിട്ടുതരാം. കാരണം, അതിന്റെ വില പരിധിവിട്ടിരിക്കുന്നു.” അയാള്‍ പറഞ്ഞു: ”ഞാനൊരു പണ്ഡിതനൊന്നുമല്ല. ആ ഗ്രന്ഥത്തിലുള്ളത് എന്താണെന്നും എനിക്കറിയില്ല. ഞാന്‍ വീട്ടില്‍ ഒരു ലൈബ്രറി സ്ഥാപിച്ചിട്ടുണ്ട്.
അതില്‍ ധാരാളം ഗ്രന്ഥങ്ങള്‍ ശേഖരിച്ചിരിക്കുന്നു. ജനങ്ങള്‍ക്കിടയില്‍ അതൊരു അലങ്കാരമാണ്. അലമാരയില്‍ ഈ കിതാബിനു മാത്രം പാകത്തില്‍ സ്ഥലം ബാക്കിയുണ്ട്. സുന്ദരമായ അക്ഷരങ്ങളും മനോഹരമായ ബൈന്‍ഡിങ്ങുമുള്ള ഈ ഗ്രന്ഥം എനിക്കു ധാരാളം ഇഷ്ടപ്പെട്ടു. വില എനിക്കു പ്രശ്‌നമല്ല. അല്ലാഹു എനിക്കു ധാരാളം സമ്പത്ത് നല്‍കിയിട്ടുണ്ട്.” ഞാന്‍ അയാളോടു പറഞ്ഞു: ”താങ്കളെപ്പോലുള്ളവര്‍ക്കാണ് അല്ലാഹു സമ്പത്ത് നല്‍കിയത്. പല്ലില്ലാത്തവന് അക്രോട്ടണ്ടി ലഭിച്ചവനെപ്പോലെയാണ് താങ്കള്‍ ആ സമ്പത്ത് ഉപയോഗിച്ചത്. പക്ഷേ, ആ ഗ്രന്ഥത്തിലുള്ളത് എനിക്കറിയും. പക്ഷേ, സമ്പത്ത് എന്റെ കൈവശം കുറവാണ്. അതാണ് ആ കിതാബ് വാങ്ങുന്നതിന് എനിക്കു തടസ്സമായത്.” (അല്‍ മക്തബതു ഫില്‍ ഇസ്‌ലാം 98-99)
‘ഇസ്‌ലാമിക സാംസ്‌കാരിക ചരിത്രം’ എന്ന ഗ്രന്ഥത്തില്‍ ഗുസ്താവ് ലെന്‍ ബോണ്‍ രേഖപ്പെടുത്തിയത് ഇതിന്റെ കൂടെ ചേര്‍ത്തുവായിക്കാവുന്നതാണ്. പുസ്തകങ്ങളും ലൈബ്രറികളും എന്താണെന്നു പോലും യുറോപ്യര്‍ക്ക് അറിയാതിരുന്ന കാലത്ത് മുസ്‌ലിം രാഷ്ട്രങ്ങളില്‍ ഇവ സുലഭമായിരുന്നു. ബഗ്ദാദിലെ ബൈത്തുല്‍ ഹിക്മയില്‍ നാലുലക്ഷം പുസ്തകങ്ങളും കൈറോവയിലെ ലൈബ്രറിയില്‍ ഒരു ലക്ഷം പുസ്തകങ്ങളും ട്രിപ്പോളിയിലെ ലൈബ്രറിയില്‍ മൂന്നു ലക്ഷം പുസ്തകങ്ങളുമുണ്ടായിരുന്നു. ഒപ്പം മുസ്‌ലിം സ്‌പെയിനില്‍ വര്‍ഷംതോറും എണ്‍പതിനായിരത്തിലധികം പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കപ്പെട്ടു. സ്‌പെയിനില്‍ എഴുപതിലധികം പൊതുഗ്രന്ഥാലയങ്ങളുണ്ടായിരുന്നു.”
സ്‌പെയിനില്‍ മാത്രം വര്‍ഷംതോറും എണ്‍പതിനായിരത്തിലധികം പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കപ്പെട്ടുവെന്നത് ലോകചരിത്രത്തിലെത്തന്നെ അത്ഭുതകരമായ ഒരു വസ്തുതയാണ്. പ്രിന്റിംഗ് ടെക്‌നോളജി നിലവിലില്ലാത്ത ഒരു കാലത്താണ് ഇതെന്നത് ഓര്‍ക്കണം. പ്രിന്റിംഗ് ടെക്‌നോളജിയില്‍ അസാമാന്യ പുരോഗതി ഇന്ന് കൈവരിച്ചിട്ടുപോലും 2012 ഫെബ്രുവരി 11 ശനിയാഴ്ചയിലെ ടൈംസ് ഓഫ് ഇന്ത്യയുടെ മുഖപ്രസംഗ പ്രകാരം പുസ്തകപ്രേമികളുടെ നാടായ ഇന്ത്യയില്‍ പ്രതിവര്‍ഷം പ്രസിദ്ധീകരിക്കപ്പെടുന്നത് തൊണ്ണൂറായിരം പുസ്തകങ്ങള്‍ മാത്രമാണ്. മുസ്‌ലിം സ്‌പെയിനില്‍ കൈക്കൊണ്ടു പകര്‍ത്തിയെഴുതപ്പെട്ട് വര്‍ഷംതോറും പ്രസിദ്ധീകരിക്കപ്പെട്ടിരുന്ന എണ്‍പതിനായിരം പുസ്തകങ്ങള്‍ക്ക് മുന്നില്‍ ഈ തൊണ്ണൂറായിരം നിഷ്പ്രഭമാണ്. ഇന്ത്യയിലെ തൊണ്ണൂറായിരത്തില്‍ ഭൂരിഭാഗവും ചവറുസാഹിത്യങ്ങളാണെന്നതു വേറെ കാര്യം. എന്നാല്‍, എല്ലാം കൊണ്ടും സര്‍ഗാത്മകമായിരുന്നു മുസ്‌ലിം സ്‌പെയിനിലെ കൃതികള്‍. മൗലികവും നവീനവുമായ ആശയങ്ങളും സങ്കല്‍പ്പങ്ങളുമാണ് അവ ലോകത്തിനു സമര്‍പ്പിച്ചത്.
അതുകൊണ്ടു തന്നെ അവ ക്ലാസിക്കുകളായി ഗണിക്കപ്പെട്ടുപോന്നു. പില്‍ക്കാലങ്ങളില്‍ വിരചിതമായ പല ഗ്രന്ഥങ്ങള്‍ക്കും അവ അവലംബങ്ങളായി. വിജ്ഞാനത്തോടുള്ള അതിരില്ലാത്ത താല്‍പര്യം മൂലം പകര്‍ത്തിയെഴുത്ത് സ്‌പെയിനിലെ മുസ്‌ലിംകളെ സംബന്ധിച്ചിടത്തോളം പ്രയാസജനകമായ കാര്യമായിരുന്നില്ല. ആയിരക്കണക്കിനാളുകളുടെ ജീവിത വൃത്തിയായിരുന്നു സ്‌പെയിനില്‍ പുസ്തകക്കച്ചവടം. കൊര്‍ദോവയില്‍ മാത്രം ഇരുപതിനായിരം പേര്‍ പുസ്തക വ്യാപാരത്തിലേര്‍പ്പെട്ടിരുന്നുവത്രെ! പുസ്തക വ്യാപാരം മാത്രമല്ല, കടലാസ് നിര്‍മാണവും യൂറോപ്പിനു പരിചയപ്പെടുത്തിയത് മുസ്‌ലിം സ്‌പെയിനാണ്. സ്‌പെയിനില്‍ റോമന്‍ ഉള്‍ക്കടലിന്റെ തീരത്ത് വലന്‍സിയ തുറമുഖത്തിനടുത്തുള്ള ശാന്തിബ നഗരം കടലാസ് നിര്‍മാണത്തിന്റെ വലിയ കേന്ദ്രമായിരുന്നു. ശാന്തിബയില്‍ നിന്നാണ് പില്‍ക്കാലത്തു യൂറോപ്യര്‍ കടലാസ് നിര്‍മാണം പഠിച്ചത്.
ഇസ്‌ലാമിക സംസ്‌കാരത്തിന്റെയും നാഗരികതയുടെയും കേന്ദ്രമായിരുന്ന സ്‌പെയിനിലെ നേട്ടങ്ങള്‍ മുഴുവന്‍ സ്വന്തമാക്കിയ യൂറോപ്യര്‍ 1492ല്‍ ആ രാഷ്ട്രത്തെ അധീനമാക്കി. നൂറ്റാണ്ടുകള്‍ കൊണ്ട് സമാഹരിച്ച അറിവിന്റെ ശേഖരങ്ങള്‍ തുടച്ചുനീക്കപ്പെടുകയും വിജ്ഞാനത്തിന്റെയും സംസ്‌കാരത്തിന്റെയും അടയാളങ്ങള്‍ തകര്‍ക്കപ്പെടുകയും ചെയ്യുമ്പോള്‍, ആ ദുരന്തത്തിനിരയായ ജനപദത്തിന്റെ അധഃപതനം തീര്‍ച്ചയാണെന്ന് മനസ്സിലാക്കിയ യൂറോപ്യര്‍ 1511ല്‍ സ്‌പെയിനിലെ അറബി ഗ്രന്ഥങ്ങള്‍ അഗ്നിക്കിരയാക്കാന്‍ ഉത്തരവിട്ടു. ലക്ഷക്കണക്കിനു ഗ്രന്ഥങ്ങളാണ് അങ്ങനെ നശിപ്പിക്കപ്പെട്ടത്. അര നൂറ്റാണ്ട് പിന്നിട്ടപ്പോഴേക്കും ഒരൊറ്റ മുസ്‌ലിമും അവിടെ അവശേഷിക്കാത്തവിധം എല്ലാവരെയും നിര്‍ബന്ധിച്ച് മതപരിവര്‍ത്തനത്തിനു വിധേയരാക്കുകയും വഴങ്ങാത്തവരെ നിര്‍ഭയം, നിഷ്‌കരുണം വധിക്കുകയും ചെയ്തു. അതോടെയാണ് മുസ്‌ലിം നാടുകളുടെ പിന്നാക്കാവസ്ഥയും തകര്‍ച്ചയും സംഭവിച്ചത്. ഈ വസ്തുത ‘മുസ്‌ലിംകള്‍ സ്‌പെയിനില്‍’ എന്ന പുസ്തകത്തിന്റെ അവസാന ഭാഗത്ത് പ്രശസ്ത ചരിത്രകാരന്‍ സ്റ്റെയ്ന്‍ലി ലെയ്ന്‍ പൂള്‍ വ്യക്തമാക്കുന്നുണ്ട്:
”നൂറ്റാണ്ടുകളോളം സ്‌പെയിന്‍ നാഗരികതയുടെ കേന്ദ്രവും കലാവിദ്യയുടെയും ഭൗതിക ശാസ്ത്രത്തിന്റെയും എന്നുവേണ്ട വിശിഷ്ടമായ എല്ലാതരം വിജ്ഞാനത്തിന്റെയും ഇരിപ്പിടവുമായിരുന്നു. യൂറോപ്പിലെ മറ്റൊരു രാജ്യവും അന്നുവരെ അറബികളുടെ പരിഷ്‌കൃത രാജ്യത്തിന്റെ അടുത്തെങ്ങുമെത്തിയിരുന്നില്ല. ഫെര്‍ഡിനാന്റിന്റെയും ഇസബെല്ലയുടെയും ചാള്‍സിന്റെയും സാമ്രാജ്യങ്ങള്‍ക്ക് ഇത്തരം ശാശ്വതമായ യാതൊരു ഔന്നത്യവും ലഭിച്ചില്ല. മുസ്‌ലിംകളെ അവര്‍ പുറത്താക്കി. തെല്ലിട ക്രൈസ്ത സ്‌പെയിന്‍ ചന്ദ്രനെപ്പോലെ കടം വാങ്ങിയ വെളിച്ചം കൊണ്ട് പ്രകാശിച്ചു, ക്ഷണത്തില്‍ ഗ്രഹണം വന്നു. പിന്നീട് ഇന്നോളം സ്‌പെയിന്‍ അന്ധകാരത്തില്‍ തപ്പിത്തടയുകയാണ്.”
Leave A Comment